മലയാളത്തിലെ പ്രധാന സാഹിത്യ പ്രസ്ഥാനങ്ങൾ - Part 2

■ പഴഞ്ചൊൽ സമാഹാരം

പറഞ്ഞു പഴകിയ ചൊല്ലുകളാണ് പഴഞ്ചൊല്ലുകൾ. ഇവ ഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ചയുടെ പ്രധാനപ്പെട്ട ഭാഗമാണ്. മലയാളത്തിലെ പഴഞ്ചൊല്ലുകൾ ആദ്യമായി പുസ്‌തകമാക്കിയത് പൗലിനോസ് പാതിരി എന്ന വിദേശ മിഷനറിയാണ്. റോമിൽ അച്ചടിച്ച ഈ പുസ്‌തകം 1791-ൽ പുറത്തിറങ്ങി. പൗലിനോ ഡി സെൻ ബർത്ത ലോമിയോ എന്ന പൗലിനോസ് പാതിരി 1777-ലാണ് യൂറോപ്പിൽ നിന്ന് കേരളത്തിലെ വരാപ്പുഴയിലെത്തിയത്. മലയാളം, സംസ്കൃതം, തമിഴ് എന്നീ ഇന്ത്യൻ ഭാഷകളിൽ അറിവു നേടിയ ഇദ്ദേഹം നിരവധി പുസ്ത‌കങ്ങളും എഴുതി. അതിന്റെ തുടർച്ചയായാണ് മലയാളത്തിലെ പഴഞ്ചൊല്ലുകൾ ശേഖരിച്ച് പുസ്‌തകമാക്കിയത്. മലബാറിലെ ആപ്‌ത വചനങ്ങളുടെ ശേഖരം എന്നർത്ഥമുള്ള 'Centum Adagia Malabarica' എന്നായിരുന്നു ഈ പുസ്‌തകത്തിന്റെ പേര്. പഴഞ്ചൊൽ സമാഹാരങ്ങളിൽ പിന്നീടുണ്ടായ പ്രശസ്‌ത ക്യതിയാണ് 'പഴഞ്ചൊൽമാല'. 1845-ൽ ഹെർമൻ ഗുണ്ടർട്ടാണ് ഇത് പ്രസിദ്ധീകരിച്ചത്. 1850-ൽ അദ്ദേഹത്തിന്റെ  'ആയിരം പഴഞ്ചൊൽ' എന്ന ഗ്രന്ഥവും പുറത്തിറങ്ങി. കേരള ചരിത്രഗവേഷണ കൗൺസിൽ സമാഹരിച്ച് പുസ്‌തകമാക്കിയ 'കേരളത്തിലെ പഴഞ്ചൊല്ലുകൾ' ആണ് ഏറ്റവും വലിയ പഴഞ്ചൊൽ പുസ്‌തകം. പഴഞ്ചൊല്ലുകൾ പോലെ പ്രധാനപ്പെട്ടവയാണ് ശൈലികളും. ടി. രാമലിംഗം പിള്ളയുടെ 'മലയാള ശൈലി നിഘണ്ടു' മലയാളത്തിലെ ആദ്യകാല ശൈലീപുസ്‌തകങ്ങളിൽ ഒന്നാണ്. 3,520 മലയാള ശൈലികൾ ഉൾക്കൊള്ളിച്ച് 1995-ൽ എൻ. പി. രാമചന്ദ്രൻ നായർ ഇറക്കിയ 'ശൈലീപുരാണ'മാണ് ഇന്നുള്ളതിൽ മികച്ച ശൈലീപുസ്‌തകം. 

■ വ്യാകരണഗ്രന്ഥം

മലയാളത്തിലെ ആദ്യത്തെ ആധികാരികവ്യാകരണഗ്രന്ഥമായി കണക്കാക്കുന്ന കൃതിയാണ് എ.ആർ രാജരാജവർമ രചിച്ച 'കേരളപാണിനീയം'. 1816-ൽ പുറത്തിറങ്ങിയ ഈ ഗ്രന്ഥം ഇന്നും വ്യാകരണപഠനത്തിനായി മലയാളികൾ ആശ്രയിച്ചുവരുന്നു. 1917-ൽ ഇതിന്റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറങ്ങി. ഭാഷയുടെ വ്യാകരണനിയമങ്ങൾ ചിട്ടപ്പെടുത്തുന്നതിന് നൽകിയ സംഭാവനകളുടെ പേരിൽ 'കേരളപാണിനി' എന്ന വിശേഷണം എ.ആർ രാജരാജവർമയ്ക്കു ലഭിച്ചു. എ.ആർ രാജരാജവർമ മലയാളഭാഷയ്ക്കു നൽകിയ സംഭാവനകൾ അമൂല്യമാണ്. കവി, നിരൂപകൻ, ഉപന്യാസകാരൻ, അധ്യാപകൻ, വിദ്യാഭ്യാസപരിഷ്‌കർത്താവ് എന്നീ നിലകളിലും ശ്രദ്ധേയനായ അദ്ദേഹം 33 മലയാളം കൃതികൾ രചിച്ചു. ഇതിനുപുറമേ നിരവധി അവതാരികകളും 15 സംസ്‌കൃത രചനകളും നടത്തി. മലയാളത്തിലെ ആദ്യ വ്യാകരണഗ്രന്ഥമായി കണക്കാക്കുന്നത് ഹെർമൻ ഗുണ്ടർട്ട് രചിച്ച മലയാള ഭാഷാവ്യാകരണം' ആണ്. മൂന്നു ഭാഗങ്ങളിലായി തയാറാക്കിയ ഈ കൃതിയുടെ സമ്പൂർണരൂപം 1868-ൽ പുറത്തുവന്നു. ഇതേ പേരിൽ മറ്റൊരു ഗ്രന്ഥം 1799-ൽ റോബർട്ട് ഡ്രമണ്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാശ്‌ചാത്യർക്കുവേണ്ടി രചിച്ചതിനാൽ ഇതിനെ സമ്പൂർണ മലയാള വ്യാകരണഗ്രന്ഥമായി കണക്കാക്കുന്നില്ല.

■ ചരിത്രഗ്രന്ഥം

1843-ൽ ഹെർമൻ ഗുണ്ടർട്ട് പ്രസിദ്ധീകരിച്ച 'കേരളോൽപത്തി'യാണ് അച്ചടിച്ച ആദ്യ കേരള ചരിത്രഗ്രന്ഥം. ആരാണ് ഇതെഴുതിയത് എന്നകാര്യം വ്യക്‌തമല്ല. പരശുരാമന്റെ കാലം, പെരുമാക്കന്മാരുടെ കാലം, തമ്പുരാക്കന്മാരുടെ കാലം എന്നീ വിഭാഗങ്ങളിലായി കേരളചരിത്രം പറയുന്ന ഈ കൃതിയിൽ ഐതിഹ്യങ്ങൾ കാര്യമായുണ്ട്. അതുകൊണ്ടുതന്നെ ഇതിനെ ആധികാരിക ചരിത്രമായി കരുതാനാവില്ല. ഈ കൃതിയുടെ തുടർച്ചയായി 1868-ൽ ഗുണ്ടർട്ട് 'കേരളപഴമ അഥവാ മലബാറിന്റെ ചരിത്രം' എന്നൊരു പുസ്‌തകം പ്രസിദ്ധീകരിച്ചു. പോർച്ചുഗീസുകാരുടെയും മറ്റും രേഖകളെ അടിസ്‌ഥാനമാക്കിയാണ് അദ്ദേഹം ഇതു രചിച്ചത്. സാഹിത്യത്തിലും ചരിത്രത്തിലും ആയുർവേദത്തിലും പ്രഗത്ഭനായിരുന്ന വൈക്കത്ത് പാച്ചു മൂത്തത് എഴുതിയ ചരിത്രഗ്രന്ഥമാണ് 'തിരുവിതാംകൂർ ചരിത്രം': പ്രധാനമായും വിദ്യാർഥികളെ ഉദ്ദേശിച്ചാണ് അദ്ദേഹം ഈ കൃതി രചിച്ചത്. പൊന്നാനിയിൽ ജീവിച്ചിരുന്ന ഷെയ്ഖ് സൈനുദ്ദീൻ മഖ്‌ദൂം 1583-ൽ രചിച്ച 'തുഹ്ഫത് ഉൽ മുജാഹിദ്ദീൻ' എന്ന അറബിഭാഷയിലുള്ള ഗ്രന്ഥത്തെ ഒരു മലയാളിയെഴുതിയ ആദ്യത്തെ കേരളചരിത്രഗ്രന്ഥമായി കണക്കാക്കാറുണ്ട്.

■ സഞ്ചാര സാഹിത്യം

1786-ൽ രചിച്ച 'വർത്തമാനപ്പുസ്‌തക'മാണ് മലയാളത്തിലെ ആദ്യത്തെ സഞ്ചാര സാഹിത്യകൃതി. എന്നാൽ, പരുമല തിരുമേനി രചിച്ച 'ഊർശ്ലേം യാത്രാവിവരണ'മാണ് (1895) മലയാളത്തിലെ അച്ചടിച്ച ആദ്യത്തെ യാത്രാവിവരണഗ്രന്ഥം. പാറേമ്മാക്കൽ തോമ്മാക്കത്തനാരാണ് 'വർത്തമാനപ്പുസ്‌തകം' രചിച്ചത്. പാറേമ്മാക്കൽ ഗോവർണദോർ എന്നും അദ്ദേഹം അറിയപ്പെടുന്നു. കരിയാറ്റിൽ ഔസേപ്പ് കത്തനാർക്കൊപ്പം 1778-ൽ അദ്ദേഹം നടത്തിയ സംഭവബഹുലമായ റോമായാത്രയുടെ വിവരണമാണിത്. ഗോവയിൽനിന്നായിരുന്നു യാത്ര പുറപ്പെട്ടത്. മാർപാപ്പയെ സന്ദർശിക്കുകയായിരുന്നു ലക്ഷ്യം. റോമിനൊപ്പം പോർച്ചുഗലും ഇവർ സന്ദർശിച്ചു. 'റോമായാത്ര' എന്നും ഈ കൃതിയെ വിളിക്കുന്നു. ഒരു ഇന്ത്യൻ ഭാഷയിലുണ്ടായ ആദ്യ യാത്രാവിവരണമാണ് ഇതെന്നും പറയപ്പെടുന്നു. പിന്നെയും എൺപത് വർഷത്തിൽ അധികം വേണ്ടിവന്നു മലയാളത്തിൽ മറ്റൊരു യാത്രാവിവരണകൃതി ഉണ്ടാവാൻ! 1872-ൽ കട്ടയാട്ടു ഗോവിന്ദമേനോൻ രചിച്ച 'കാശിയാത്ര റിപ്പോട്ട്' ആയിരുന്നു ഇത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യാത്രാവിവരണം പദ്യരൂപത്തിൽ എഴുതുന്ന രീതി ആരംഭിച്ചു.

■ ശാസ്ത്രഗ്രന്ഥം 

1864-ൽ സെഞ്ചി പഴനി ആണ്ടി എഴുതിയ 'ഗോവസൂരി പ്രയോഗം അഥവാ വസൂരി നിയന്ത്രണം' എന്ന പുസ്‌തകത്തെ മലയാളത്തിലെ ആദ്യത്തെ ശാസ്ത്രഗ്രന്ഥമായി കണക്കാക്കുന്നു. എന്നാൽ, ഇതിനു മുൻപു ഹെർമൻ ഗുണ്ടർട്ടിന്റെ പശ്ചിമോദയം മാസികയിൽ ശാസ്ത്ര വിഷയങ്ങളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അപ്പാവുപിള്ളയാണ് പഴനി ആണ്ടിയുടെ ഗ്രന്ഥം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. 'ലഘുശാസ്ത്ര പാഠാവലി' എന്ന പേരിൽ ഒരു ശാസ്ത്രപുസ്തക പരമ്പരയും മലയാളത്തിൽ ഉണ്ടായിരുന്നു. എം രാജരാജവർമത്തമ്പുരാന്റെ  'നവീനശാസ്ത്രപീഠിക'യായിരുന്നു ഈ പരമ്പരയിലെ ആദ്യ കൃതി. ഡച്ച് ഗവർണറായിരുന്ന ഹെൻറിക് വാൻ റീഡിന്റെ നേതൃത്വത്തിൽ തയാറാക്കി ആംസ്‌റ്റർഡാമിൽനിന്ന് പ്രസിദ്ധീകരിച്ച "ഹോർത്തുസ് മലബാറിക്കൂസ്' എന്ന ലാറ്റിൻ സസ്യശാസ്ത്രഗ്രന്ഥത്തിൽ സസ്യങ്ങളുടെ പേരുകൾ മലയാളത്തിൽ നൽകിയിട്ടുണ്ട്. മലയാളം ലിപി അച്ചടിച്ച ആദ്യ പുസ്‌തകമാണിത്. 12 ഭാഗങ്ങളുള്ള ഈ ഗ്രന്ഥസമാഹാരം 1678-1693 കാലത്താണ് പ്രസിദ്ധീകരിച്ചത്. നാട്ടുവൈദ്യനായിരുന്ന ഇട്ടി അച്ചുതനും മറ്റ് ചില പണ്ഡിതരും ചേർന്നാണ് ഇതിലേക്ക് ആവശ്യമായ വിവരങ്ങൾ സമാഹരിച്ചത്. ആദ്യം മലയാളത്തിൽ തയാറാക്കിയ പുസ്‌തകം പിന്നീട് ലാറ്റിനിലേക്ക് മൊഴിമാറ്റിയാണ് അച്ചടിച്ചത്.

■ ചെറുകഥ

കേരളത്തിലെ ആദ്യകാല പത്രപ്രവർത്തകരിൽ ഒരാളായ വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ രചിച്ച 'വാസനാവികൃതി'യാണ് മലയാളത്തിലെ ആദ്യത്തെ ചെറുകഥ. 1891-ൽ 'വിദ്യാവിനോദിനി'യിലാണ് ഇത് പ്രസിദ്ധീകരിച്ചത്. ഹാസ്യത്തിന്റെ മേമ്പൊടിയുള്ള ഭാഷയിലാണ് അദ്ദേഹം ഈ കഥ രചിച്ചിരിക്കുന്നത്. മദ്രാസ് നിയമസഭയിൽ അംഗമായിരുന്ന ഇദ്ദേഹത്തിന്റേതായി ധാരാളം ഹാസ്യരചനകളും പുറത്തുവന്നിട്ടുണ്ട്. ദ്വാരക, പരമാർത്ഥം എന്നീ കഥകൾ പ്രശസ്തമാണ്. വാസനാവികൃതിക്കു മുമ്പ് വേറെയും ചെറുകഥകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും സ്വതന്ത്ര രചനകളായിരുന്നില്ല. മൂർക്കോത്തു കുമാരൻ, സി.എസ് ഗോപാലപ്പണിക്കർ, അമ്പാടി നാരായണപ്പൊതുവാൾ, അപ്പൻ തമ്പുരാൻ, സി.വി കുഞ്ഞിരാമൻ, ഇ.വി കൃഷ്ണപിള്ള തുടങ്ങിയവർ ആദ്യകാലത്തെ ചില പ്രമുഖ കഥാകാരന്മാരാണ്.

■ ജീവചരിത്രം

ഒരാൾ മറ്റൊരാളുടെ ജീവിതകഥ എഴുതുന്നതാണ് ജീവചരിത്രം. 1886-ൽ മർസിനോസ് പുരോഹിതൻ ഇറ്റാലിയൻ ഭാഷയിൽനിന്ന് വിവർത്തനം ചെയ്ത 'വിശുദ്ധ ത്രേസ്യായുടെ ചരിത്രസംക്ഷേപം' ആണ് മലയാളത്തിലെ ആദ്യത്തെ ജീവചരിത്രം. 1895-ൽ കേരളവർമ വലിയകോയിത്തമ്പുരാൻ 'മഹച്ചരിത സംഗ്രഹം' എന്ന ജീവിതകഥാ സമാഹാരം പ്രസിദ്ധീകരിച്ചു. സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയുടെ 'കാറൽ മാർക്സിനെപ്പറ്റി' (1912) ആണ് മാർക്സിനെക്കുറിച്ച് മലയാളത്തിലുണ്ടായ ആദ്യ കൃതി. ഗാന്ധിജിയുടെ ജീവിതകഥയും മലയാളത്തിൽ ആദ്യം എഴുതിയത് സ്വദേശാഭിമാനിയാണ്. ഒരു മലയാളി മറ്റൊരു മലയാളിയെക്കുറിച്ച് മലയാളത്തിലെഴുതിയ ആദ്യ ജീവചരിത്രമാണ് 1913-ൽ പി.എൻ നാരായണപിള്ള, രാജാ രവിവർമയെക്കുറിച്ച് എഴുതിയ 'ചിത്രമെഴുത്തു കോയിത്തമ്പുരാൻ'.

■ നാടകം

കാളിദാസന്റെ 'അഭിജ്‌ഞാന ശാകുന്തളം' കേരളവർമ വലിയകോയിത്തമ്പുരാൻ 1882-ൽ വിവർത്തനം ചെയ്ത പ്രസിദ്ധീകരിച്ചതോടെയാണ് മലയാളനാടകങ്ങളുടെ യുഗം ആരംഭിച്ചത്. 'കേരളീയ ഭാഷാശാകുന്തളം' എന്ന പേരിൽ വിവർത്തനം ചെയ്ത ഈ നാടകം 'മണിപ്രവാള ശാകുന്തളം' എന്ന പേരിലാണ് പ്രസിദ്ധീകരിച്ചത്. എന്നാൽ, വെളുത്തേരി കേശവൻ വൈദ്യർ ഇതിനു മുൻപുതന്നെ ഈ കൃതി വിവർത്തനം ചെയ്ത് അവതരിപ്പിച്ചു എന്നും പറയപ്പെടുന്നു. ശാകുന്തളത്തിന്റെ വിവർത്തനത്തെ തുടർന്ന് ധാരാളം സംസ്കൃത നാടകങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റപ്പെട്ടു. അക്കാലത്തെ മലയാള നാടകങ്ങളെ കളിയാക്കിക്കൊണ്ട് 1894-ൽ മുൻഷി രാമക്കുറുപ്പെഴുതിയ നാടകമാണ് 'ചക്കീചങ്കരം', പി.കെ.കൊച്ചീപ്പൻ തരകന്റെ 'മറിയാമ്മ'യാണ് മലയാളത്തിലെ ആദ്യത്തെ സാമൂഹിക നാടകം. 1897-ലെ ഈ നാടകം അമ്മായിയമ്മപ്പോര്, സ്ത്രീധനം തുടങ്ങിയ കുടുംബപ്രശ്നങ്ങളെ കണക്കിന് വിമർശിക്കുന്നു. ഇംഗ്ലിഷ് നാടകരീതി അനുസരിച്ച് മലയാളത്തിലുണ്ടായ ആദ്യ നാടകമാണ് 'എബ്രായകുട്ടി.' 1893-ൽ കണ്ടത്തിൽ വറുഗീസ് മാപ്പിള രചിച്ച ഈ നാടകത്തിന്റെ കഥ ബൈബിളിൽ നിന്നാണെടുത്തിട്ടുള്ളത്. മലയാള മനോരമ പത്രത്തിന്റെ തുടക്കവും വളർച്ചയും അടിസ്ഥാനമാക്കി വയസ്‌കര മൂസ്സ് 1891-ൽ എഴുതിയ നാടകമാണ് 'മനോരമ വിജയം'. 1892-ൽ ടി.സി അച്യുതമേനോൻ എഴുതിയ 'സംഗീത നൈഷധം' ആണ് മലയാളത്തിലെ ആദ്യത്തെ സംഗീതനാടകം. 1903-ൽ കെ.സി കേശവപിള്ള എഴുതിയ 'സദാരാമ'യും ഇക്കൂട്ടത്തിലെ പ്രശസ്ത കൃതിയാണ്. ഇംഗ്ലിഷ് ഗദ്യനാടകങ്ങളിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് മലയാളത്തിൽ ഗദ്യനാടകങ്ങൾ ഉണ്ടായത്. അവ 'പ്രഹസനങ്ങൾ' എന്നാണ് അറിയപ്പെടുന്നത്. പരിഹാസമാണ് പ്രഹസനങ്ങളുടെ പ്രധാന സവിശേഷത. സി.വി രാമൻപിള്ളയുടെ 'ചന്ദ്രമുഖീവിലാസം' (1885) ആണ് ഇക്കൂട്ടത്തിലെ ആദ്യ നാടകം. 

1926-ൽ പ്രസിദ്ധീകരിച്ച, ഇ.വി കൃഷ്ണ‌പിള്ളയുടെ 'സീതാലക്ഷ്‌മി'യാണ് മലയാളത്തിലെ ചരിത്രനാടകങ്ങൾക്ക് തുടക്കം കുറിച്ചത്. കെ. ദാമോദരൻ 1937-ൽ രചിച്ച 'പാട്ടബാക്കി'യാണ് മലയാളഭാഷയിലെ ആദ്യത്തെ രാഷ്ട്രീയ നാടകം. 1940-ൽ ഇടശ്ശേരി ഗോവിന്ദൻനായർ രചിച്ച 'കൂട്ടുകൃഷി'യും ഈ ശ്രേണിയിൽപെടുന്നു. നമ്പൂതിരി സമുദായത്തിൽ നിലനിന്ന ദുരാചാരങ്ങൾക്കെതിരേ കൊടുങ്കാറ്റുയർത്തിയ ആദ്യ നാടകമായിരുന്നു 1930-ൽ വി.ടി ഭട്ടതിരിപ്പാട് രചിച്ച 'അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്'. മലയാളത്തിലെ ആദ്യത്തെ എക്സ്‌പ്രഷനിസ്‌റ്റ് നാടകം എന്ന് അറിയപ്പെടുന്ന നാടകമാണ് 1944-ൽ പുളിമാന പരമേശ്വരൻപിള്ള രചിച്ച 'സമത്വവാദി'. അപ്പൻ തമ്പുരാൻ രചിച്ച 'മുന്നോട്ടുവീര'നാണ് മലയാളത്തിലെ ആദ്യത്തെ ഏകാംഗ നാടകം.

■ നോവൽ

അപ്പു നെടുങ്ങാടിയുടെ 'കുന്ദലത'യാണ് മലയാളത്തിലെ ആദ്യത്തെ നോവൽ. 1887-ലാണ് ഇത് പ്രസിദ്ധീകരിച്ചത്. എന്നാൽ, 1882-ൽ ആർച്ചു ഡീക്കൻ കോശി എഴുതിയ 'പുല്ലേരിക്കുഞ്ചു' ആണ് ആദ്യ നോവൽ എന്നു കരുതുന്നവരുണ്ട്. പൂർണ അർത്ഥത്തിൽ നോവൽ എന്നു വിളിക്കാൻ സാധിക്കാത്ത കൃതിയാണിത്. ഷേക്‌സ്‌പിയറിന്റെ 'കോമഡി ഓഫ് എറേഴ്‌സ്' എന്ന നാടകത്തെ അടിസ്‌ഥാനമാക്കി 'ആൾമാറാട്ടം അഥവാ ഒരു നല്ല കേളിസല്ലാപം' എന്നൊരു കൃതി 1866-ൽ പ്രസിദ്ധീകരിച്ചിരുന്നു. കല്ലൂർ ഉമ്മൻ ഫിലിപ്പോസ് വിവർത്തനം ചെയ്ത ഈ കൃതിയെ മലയാളത്തിലെ ആദ്യ നോവലായി പരിഗണിക്കുന്നവരുണ്ട്. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവലാണ് ഒ ചന്തുമേനോന്റെ 'ഇന്ദുലേഖ' 1889-ൽ പുറത്തുവന്ന 'ഇന്ദുലേഖ' അന്നത്തെ കേരളീയ സമൂഹത്തിലെ യാഥാസ്‌ഥിതിക നിലപാടുകളെ പരിഹാസരൂപത്തിൽ അവതരിപ്പിക്കുന്നു. രണ്ടാമത്തെ നോവലായ 'ശാരദ' പൂർത്തിയാക്കും മുമ്പ് ചന്തുമേനോൻ അന്തരിച്ചു. സി.വി രാമൻപിള്ളയുടെ 'മാർത്താണ്ഡവർമ'യാണ് മലയാളത്തിലെ ആദ്യത്തെ ചരിത്രനോവൽ. കഥാപാത്രങ്ങളുടെ വികാരവിചാരങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന രീതിയായ സമ്പ്രദായത്തിലുള്ള മലയാളത്തിലെ ആദ്യത്തെ നോവൽ പോഞ്ഞിക്കര റാഫി എഴുതിയ 'സ്വർഗദൂതനാ'ണ്. മലയാളത്തിൽ കുറ്റാന്വേഷണ നോവലുകൾക്ക് തുടക്കം കുറിച്ച കൃതിയാണ് അപ്പൻ തമ്പുരാന്റെ 'ഭാസ്ക്‌കരമേനോൻ.' ജെ. പാറുക്കുട്ടിയമ്മയാണ് മലയാളത്തിലെ ആദ്യത്തെ വനിതാ നോവലിസ്‌റ്റ്. 1914-ൽ അവർ 'ശ്രീശക്‌തിമയി അഥവാ ആപൽക്കരമായ മാല' എന്ന നോവൽ പ്രസിദ്ധീകരിച്ചു.

■ ആത്മകഥ

ഒരാളുടെ ജീവിതകഥ അയാൾ തന്നെ പറയുന്നതാണ് ആത്മകഥ. വൈക്കത്ത് പാച്ചു മൂത്തതിന്റെ 'ആത്മകഥാ സംക്ഷേപ'മാണ് ആത്മകഥയുടെ ഗണത്തിൽ പെടുത്താവുന്ന ആദ്യ മലയാള കൃതി എന്നാണ് ഉള്ളൂരിന്റെ അഭിപ്രായം. ഇക്കാര്യത്തിൽ സാഹിത്യ ചരിത്രകാരന്മാർക്കിടയിൽ വ്യത്യസ്‌ത അഭിപ്രായങ്ങളുണ്ട്. സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ളയുടെ 'എന്റെ നാടുകടത്തൽ' (1911) ആണ് മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ആത്മകഥ എന്നറിയപ്പെടുന്നത്. മലയാളികൾ ഏറെ ഉദ്വേഗത്തോടെ വായിച്ച ആത്മകഥകൂടിയാണിത്. ആദ്യത്തെ 'രാഷ്ട്രീയ ആത്മകഥ' എന്നും ഇതിനെ വിശേഷിപ്പിക്കാം. തിരുവിതാംകൂറിൽനിന്ന് തന്നെ നാടുകടത്തിയതിനെക്കുറിച്ചാണ് അദ്ദേഹം ആത്മകഥയിൽ പറയുന്നത്. രാമകൃഷ്‌ണപിള്ളയുടെ ഭാര്യ ബി.കല്യാണിയമ്മ എഴുതിയ 'വ്യാഴവട്ടസ്‌മരണകൾ', സാഹിത്യപഞ്ചാനനൻ പി.കെ നാരായണപിള്ളയുടെ 'സ്‌മരണമണ്ഡലം', ഇ.വി കൃഷ്ണ‌പിള്ളയുടെ 'ജീവിതസ്‌മരണകൾ', കെ.പി കേശവമേനോന്റെ 'കഴിഞ്ഞ കാലം', വി.ടി ഭട്ടതിരിപ്പാടിന്റെ 'കണ്ണീരും കിനാവും', വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഓർമകളുടെ അറകൾ', മാധവിക്കുട്ടിയുടെ 'എന്റെ കഥ', തിക്കോടിയന്റെ 'അരങ്ങു കാണാത്ത നടൻ', ചങ്ങമ്പുഴയുടെ 'തുടിക്കുന്ന താളുകൾ' തുടങ്ങിയവ മലയാളത്തിലെ പ്രശസ്തമായ ചില ആത്മകഥകളാണ്.

■ കത്തുസാഹിത്യം

മലയാളത്തിൽ കാര്യമായ വളർച്ചനേടാതെപോയ മേഖലയാണ് കത്തെഴുത്തുസാഹിത്യം. പ്രമുഖരുടെ കത്തുകൾ സമാഹരിച്ച് പുസ്‌തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്ന പതിവ് ഇവിടെ വളരെ കുറവാണ്. കത്തെഴുത്തുതന്നെ ഇല്ലാതാകുന്ന ഇക്കാലത്ത് ഈ സാഹിത്യശാഖയ്ക്ക് വളരാനുള്ള സാധ്യതയുമില്ല. കവിത പോലുള്ള കത്തുകളായിരുന്നു ആദ്യകാലത്ത് നമ്മുടെ എഴുത്തുകാർ എഴുതിയിരുന്നത്. വെൺമണി അച്ഛ‌ൻ നമ്പൂതിരിയാണ് ഇതിന് തുടക്കം കുറിച്ചത്. പുത്രനായ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന് അദ്ദേഹം അയച്ച കത്തുകൾ പിന്നീട് മലയാള മനോരമ, രസികരഞ്ജിനി, ഭാഷാപോഷിണി എന്നിവയിൽ പ്രസിദ്ധീകരിച്ചു. കുഞ്ഞിക്കുട്ടൻ തമ്പുരാൻ നടുവത്തച്ഛ‌നയച്ച ചില കത്തുകൾ പിന്നീട് പ്രസിദ്ധീകരിക്കുകയുണ്ടായി. വള്ളത്തോൾ, സർദാർ കെ.എം പണിക്കർക്കയച്ച കത്തുകൾ 1978-ൽ 'വള്ളത്തോൾ കത്തുകൾ' എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ഇതാണ് മലയാളത്തിലെ ആദ്യ കത്തുസമാഹാരം.

■ ഗദ്യസാഹിത്യം

ചേരരാജാക്കന്മാരുടെ കാലത്തെ ചില ചെപ്പേടുകളെ ഗദ്യകൃതികളുടെ മുൻഗാമികളായി കണക്കാക്കാം. വാഴപ്പള്ളി ശാസനമാണ് ഇതിൽ ഏറ്റവും പഴയത്. ഒൻപതാം നൂറ്റാണ്ടിലാണ് ഇത് എഴുതപ്പെട്ടത്. ഭാഷാകൗടലീയമാണ് മലയാളഭാഷയിലെ ആദ്യത്തെ ഗദ്യസമാഹാരം. ചാണക്യന്റെ അർത്ഥശാസ്ത്രത്തിന്റെ പരിഭാഷയാണിത്. ഇത് തയാറാക്കിയത് ആരാണെന്നോ എന്നാണെന്നോ കണ്ടെത്താനായിട്ടില്ല. കേരളവർമ വലിയകോയിത്തമ്പുരാനാണ് മലയാള ഗദ്യസാഹിത്യത്തിന് അടിത്തറയിട്ടത്. ഇദ്ദേഹത്തെ 'ആധുനിക ഗദ്യത്തിന്റെ പിതാവ്' എന്ന് വിശേഷിപ്പിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്‌കൂൾ പാഠപുസ്‌തകങ്ങൾ തയാറാക്കാൻ രൂപീകരിച്ച കമ്മിറ്റിയുടെ അധ്യക്ഷനായി ചുമതലയേറ്റ അദ്ദേഹം വിവിധ വിഷയങ്ങളിൽ പാഠപുസ്‌തകങ്ങൾ രചിച്ചു. മലയാളത്തിന് ഇതിലൂടെ ഒരു പുത്തൻ ഗദ്യശൈലി തന്നെ തമ്പുരാൻ സംഭാവന ചെയ്തു.

■ വിലാപകാവ്യം

'വ്യക്‌തിപരമായ നഷ്ട‌ങ്ങളുടെ വിലാപം' എന്ന് പാശ്‌ചാത്യർ വർണിക്കുന്ന കാവ്യങ്ങളാണ് വിലാപകാവ്യങ്ങൾ. ഇംഗ്ലിഷിൽ ഇവ Elegy എന്നറിയപ്പെടുന്നു. മലയാള ഭാഷയിലെ ഖണ്ഡകാവ്യശാഖയിൽ വിലാപകാവ്യപ്രസ്‌ഥാനവും ഇടം നേടിയിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ വിലാപകാവ്യമായി കണക്കാക്കുന്നത് സി.എസ് സുബ്രഹ്മണ്യൻ പോറ്റി രചിച്ച 'ഒരു വിലാപം' ആണ്. മകളുടെ വിയോഗത്തിൽ വേദനിക്കുന്ന ഒരച്‌ഛന്റെ വിലാപമാണ് ഈ കവിതയുടെ പ്രമേയം. 1902-ൽ 'കവനകൗമുദി' മാസികയിലാണ് ഇത് പ്രസിദ്ധീകരിച്ചത്. അധ്യാപകനും മികച്ച വിവർത്തകനുമായിരുന്ന സുബ്രഹ്‌മണ്യൻ പോറ്റി പ്രശസ്‌തമായ പല ഇംഗ്ലിഷ് കവിതകളും ശാസ്ത്രലേഖനങ്ങളും മലയാളത്തിലേക്ക് വിവർത്തനം ചെയ്‌തിട്ടുണ്ട്. 1909-ൽ വി.സി ബാലകൃഷ്ണപണിക്കർ അതേ പേരിൽ (ഒരു വിലാപം) മറ്റൊരു വിലാപകാവ്യം രചിച്ചതോടെ മലയാളത്തിൽ വിലാപകാവ്യപ്രസ്‌ഥാനത്തിന് ശക്‌തമായ അടിത്തറ ലഭിച്ചു.

■ മുക്തകം

ഒരൊറ്റ ശ്ലോകമാണ് മുക്‌തകം. ഒരു വാക്യത്തിൽ മുഴുവൻ അർത്ഥവും സൂചിപ്പിക്കുന്നതാണ് മുക്‌തകത്തിന്റെ രീതി. മലയാളത്തിലും മുക്‌തകങ്ങൾ ധാരാളം ഉണ്ടെങ്കിലും സംസ്‌കൃതത്തിലാണ് മുക്‌തകങ്ങൾക്ക് പ്രാധാന്യം. 'ലീലാതിലക'ത്തിൽ ഇവ ധാരാളം കാണാം. ഭാഷയിൽ മുക്‌തകങ്ങളെ പരിചയപ്പെടാനും ഇവയുടെ സ്വാധീനം അറിയാനും സഹായിച്ച ആദ്യ കൃതിയായി ലീലാതിലകത്തെ കണക്കാക്കാം. ലീലാതിലകത്തിന്റെ പിറവി എഡി 1385-നും 1400-നും ഇടയ്ക്കാണെന്ന് കരുതുന്നു.

■ ഖണ്ഡകാവ്യം

പാശ്ചാത്യലോകവുമായുള്ള കാവ്യബന്ധം മൂലം ഉണ്ടായതാണ് ഖണ്ഡകാവ്യപ്രസ്ഥാനം. മഹാകാവ്യങ്ങളോളം ആഴവും വ്യാപ്‌തിയുമില്ലെങ്കിലും സ്രഷ്ടാവിന്റെ ചിന്തയിലുള്ള ആഴമാണ് ഖണ്ഡകാവ്യത്തിന്റെ പ്രത്യേകത. എ.ആർ രാജരാജവർമയുടെ 'മലയവിലാസ'മാണ് മലയാളത്തിലെ ആദ്യഖണ്ഡകാവ്യം. 1895-ലാണ് ഇത് രചിച്ചത്. മദ്രാസിൽനിന്നുള്ള യാത്രയിൽ കവി കണ്ട സഹ്യപർവത നിരകളുടെ ഭംഗിയെ വളരെ കാവ്യാത്മകമായി ഇതിൽ അവതരിപ്പിച്ചിരിക്കുന്നു. കുമാരനാശാൻ രചിച്ച് 1907-ൽ പുറത്തുവന്ന 'വീണപൂവാ'ണ് മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ ഖണ്ഡകാവ്യം.

■ ബാലസാഹിത്യം

കേരളത്തിൽ അച്ചടിച്ച ആദ്യ മലയാള പുസ്‌തകമായ 'ചെറുപൈതങ്ങൾക്ക് ഉപകാരാർത്ഥം ഇംഗ്ലിഷിൽനിന്ന് പരിഭാഷപ്പെടുത്തിയ കഥകൾ' മലയാളത്തിലെ ആദ്യ കഥാസമാഹാരം കൂടിയാണ്. 1824-ൽ ബെഞ്ചമിൻ ബെയ്ലിയാണ് ഈ കൃതി പരിഭാഷപ്പെടുത്തിയത്. മലയാളത്തിലെ ആദ്യത്തെ ബാലസാഹിത്യകൃതിയും ഇതുതന്നെ. 1860-ൽ ഗുണ്ടർട്ടിന്റെ പാഠമാല, 1866-ൽ വൈക്കത്ത് പാച്ചു മൂത്തതിൻ്റെ 'ബാലഭൂഷണം' എന്നിവയും ബാലസാഹിത്യത്തിലെ ആദ്യകാല സംഭാവനകളാണ്.

■ ലേഖനങ്ങൾ

മാസികകളുടെ വരവോടെ മലയാളത്തിൽ ലേഖനങ്ങൾ അഥവാ ഉപന്യാസങ്ങൾ പിറവിയെടുത്തു. തലശ്ശേരിയിൽനിന്ന് ഗുണ്ടർട്ട് പ്രസിദ്ധീകരിച്ചിരുന്ന രാജ്യസമാചാരം, പശ്ചിമോദയം എന്നിവയിലൂടെ പല എഴുത്തുകാരുടെയും വിവിധ വിഷയങ്ങളിലുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. എം രാജരാജവർമ, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ തുടങ്ങിയ പണ്ഡിതരുടെ രചനകൾ മലയാളത്തിലെ ആദ്യകാല ലേഖനങ്ങളിൽപെടുന്നു. മലയാളത്തിലെ രണ്ടാമത്തെ സാഹിത്യമാസികയായ 'വിദ്യാവിനോദിനി'യിൽ വന്ന വിവിധ ലേഖനങ്ങൾ സമാഹരിച്ച് 'ഗദ്യമാലിക' എന്ന പേരിൽ ഒരു പുസ്തകം 1907-ൽ കൊച്ചി രാമവർമ അപ്പൻ തമ്പുരാൻ പ്രസിദ്ധീകരിച്ചു.

■ വിജ്ഞാനകോശം 

വിജ്‌ഞാനകോശങ്ങൾ മലയാളത്തിൽ ധാരാളമുണ്ട്. വെട്ടം മാണി തയാറാക്കിയ 'പുരാണിക് എൻസൈക്ലോപീഡിയ', പി.ടി ഭാസ്കര പണിക്കർ എഡിറ്റുചെയ്‌ത 'ജീവചരിത്രകോശം', ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ 'ബാലകൈരളി വിജ്‌ഞാനകോശം', അയ്മനം കൃഷ്ണക്കൈമളുടെ 'കഥകളി വിജ്‌ഞാനകോശം', ഡോ.എം.വി വിഷ്ണു‌നമ്പൂതിരിയുടെ 'നാടോടി വിജ്‌ഞാനീയം', സനിൽ പി തോമസിന്റെ 'ക്രിക്കറ്റ് എൻസൈക്ലോപീഡിയ' എന്നിവ ഉദാഹരണം.