മലയാള സാഹിത്യം

Arun Mohan
0

മലയാളത്തിലെ പ്രധാന സാഹിത്യ പ്രസ്ഥാനങ്ങൾ

പാട്ടു പ്രസ്ഥാനം

മലയാളത്തിലെ ആദ്യ സാഹിത്യപ്രസ്ഥാനമായി കണക്കാക്കുന്നത് പാട്ടുകളെയാണ്. അങ്ങനെ നോക്കുമ്പോൾ പാട്ടുപ്രസ്ഥാനത്തിലുണ്ടായ ആദ്യകൃതിക്ക് ഭാഷയിൽ പ്രാധാന്യമേറെയുണ്ട്. മലയാള ഭാഷയുടെ ആധുനിക രൂപത്തിനുമുൻപ് നിലവിലുണ്ടായിരുന്ന രണ്ടു സാഹിത്യശാഖകളാണ് പാട്ടുപ്രസ്ഥാനവും മണിപ്രവാളപ്രസ്ഥാനവും. ഇന്നുവരെ കണ്ടുകിട്ടിയതിൽ ഏറ്റവും പ്രാചീനമായ പാട്ടുകൃതി രാമചരിതമാണ്. പാട്ടുഭാഷാ സാഹിത്യത്തിന്റെ എല്ലാ ലക്ഷണങ്ങളും ഉൾക്കൊള്ളുന്ന ഈ കാവ്യത്തെ മലയാളത്തിലെ ആദ്യ സാഹിത്യകൃതിയായും കണക്കാക്കുന്നു. രാമചരിതം രചിച്ചത് ചീരാമകവിയാണെന്ന് ഗ്രന്ഥാവസാനത്തിൽ സൂചനയുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഈ കൃതി രചിച്ചതെന്നും കരുതപ്പെടുന്നു. 

മണിപ്രവാള പ്രസ്ഥാനം

പന്ത്രണ്ട്, പതിമൂന്ന് നൂറ്റാണ്ടുകളിൽ ശക്തിപ്രാപിച്ച മിശ്രഭാഷയിൽ മികച്ച സാഹിത്യ കൃതികൾ ഉണ്ടാകാൻ തുടങ്ങിയപ്പോൾ മണിപ്രവാള പ്രസ്ഥാനം ആവിർഭവിച്ചു. പദ്യസാഹിത്യം മണിപ്രവാളമായിത്തീർന്നു. പാഠകത്തിനും കൂടിയാട്ടത്തിനും വേണ്ടി എഴുതപ്പെട്ട കൃതികൾ പ്രധാനമാണ്. പ്രാചീന മണിപ്രവാളം, മധ്യകാല മണിപ്രവാളം, ആധുനിക മണിപ്രവാളം എന്നിങ്ങനെ ഈ ഘട്ടത്തെ വിഭജിക്കാം. വൈശികതന്ത്രം, ഉണ്ണിയച്ചീചരിതം, ഉണ്ണിയാടീ ചരിതം, ഉണ്ണിച്ചിരുതേവീ ചരിതം തുടങ്ങിയ കൃതികൾ പ്രാചീന മണിപ്രവാളഘട്ടത്തെ പ്രതിനിധീകരിക്കുന്നു. കോകസന്ദേശം, ഉണ്ണുനീലി സന്ദേശം തുടങ്ങിയ സന്ദേശ കാവ്യങ്ങളാണ് മധ്യകാല മണിപ്രവാളത്തിൽ ഉൾപ്പെടുന്നത്. നൈഷധംചമ്പു, ഭാഷാരാമായണം ചമ്പു തുടങ്ങിയ ചമ്പുക്കളും ചന്ദ്രോത്സവം തുടങ്ങിയ കാവ്യങ്ങളുമാണ് മൂന്നാം ഘട്ട മണിപ്രവാളത്തിലുൾപ്പെടുന്നത്. തോലൻ (അതുലൻ) ആണ് ആദ്യം ശ്രദ്ധയിൽ വരുന്ന മണിപ്രവാള കവി. 'തോഴ'നാണ് തോലനായി മാറിയതെന്നാണ് ഒരു വാദം. ഹാസ്യകൃതികളുടെ പേരിലറിയപ്പെടുന്ന തോലൻ 'മഹോദയപുരേശചരിതം' എന്ന പേരിൽ ഒരു ചരിത്രകാവ്യം രചിച്ചിട്ടുണ്ട്.

ചമ്പു പ്രസ്ഥാനം

പാട്ടുസാഹിത്യത്തിനുശേഷം മലയാളഭാഷയെ സ്വാധീനിച്ച സാഹിത്യപ്രസ്ഥാനമാണ് മണിപ്രവാളം. മണിയും (മാണിക്യം) പ്രവാളവും (പവിഴം) ഒരു ചരടിൽ കോർത്തതുപോലുള്ള സാഹിത്യം എന്നാണ് മണിപ്രവാളത്തിന്റെ അർഥം. മാണിക്യം മലയാളത്തെയും പവിഴം സംസ്കൃതത്തെയും സൂചിപ്പിക്കുന്നു. മണിപ്രവാളത്തിന്റെ വരവോടെ, തമിഴും മലയാളവും ഇടകലർന്ന പാട്ടുസാഹിത്യത്തിന്റെ പ്രസക്‌തി നഷ്ട‌മായി. ഗദ്യവും പദ്യവും ചേർന്ന കാവ്യരൂപമാണ് ചമ്പു. സംസ്കൃതഭാഷയിൽ ആവിർഭവിച്ച ഈ പ്രസ്ഥാനം പന്ത്രണ്ടാം നൂറ്റാണ്ടിനുശേഷം മലയാളത്തിലുമെത്തി. പ്രാചീന മണിപ്രവാളകൃതികളിൽ ഏറെ പ്രശസ്‌തമായ മൂന്നെണ്ണം ചമ്പുക്കളാണ്. 'ഉണ്ണിയച്ചീചരിതം, ഉണ്ണിയാടീചരിതം, ഉണ്ണിച്ചിരുതേവീചരിതം' എന്നിവയാണവ. പതിനാറാം നൂറ്റാണ്ടിലുണ്ടായ ചമ്പുക്കളാണ് മലയാളചമ്പുക്കളുടെ രണ്ടാംഘട്ടം എന്നു പറയാം. പ്രധാനമായും പുരാണകഥകളെ അവലംബിച്ചു രചിച്ച മധ്യകാല ചമ്പുക്കളിലെ സുപ്രധാനകൃതിയായി 'രാമായണം ചമ്പു'വിനെ കണക്കാക്കാം. രാമാവതാരം, രാവണവധം എന്നിങ്ങനെ 20 ഭാഗങ്ങളുള്ള ഇതു രചിച്ചത് പുനം നമ്പൂതിരിയാണ്.

ഗാഥ പ്രസ്ഥാനം

'ബൃഹത്' എന്നാൽ വലുത് എന്നാണ് അർഥം. ശുദ്ധമലയാളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ ബൃഹത്കാവ്യമായി കണക്കാക്കുന്നത് ചെറുശ്ശേരി രചിച്ച 'കൃഷ്ണഗാഥ'യെയാണ്. മലയാളഭാഷയുടെ ശക്തിയും സൗന്ദര്യവും ലാളിത്യവും കാണാനാവുന്ന ആദ്യ കൃതിയായും കൃഷ്ണ‌ഗാഥയെ കണക്കാക്കാം. 'ഗാഥ' എന്നാൽ പാട്ട് എന്നാണർത്ഥം. അതിനാൽ കൃഷ്‌ണഗാഥയെ 'കൃഷ്ണപ്പാട്ടെ'ന്നും പറയുന്നു. 'ചെറുശ്ശേരിഗാഥ' എന്നും ഇത് അറിയപ്പെടുന്നു. പുരാതനകാലത്ത് യാഗങ്ങൾ പോലുള്ള വൈദിക കർമങ്ങൾക്ക് ഉപയോഗിച്ചിരുന്ന ഗാനങ്ങളെയാണ് ഗാഥ എന്നു വിളിച്ചിരുന്നത്. ശ്രീകൃഷ്‌ണന്റെ അവതാരം മുതൽ സ്വർഗാരോഹണം വരെയുള്ള കഥകളാണ് കൃഷ്ണഗാഥയിലുള്ളത്. 

കിളിപ്പാട്ട് പ്രസ്ഥാനം

"ശാരികപ്പൈതലേ ചാരുശീലേ, വരികാരോമലേ' എന്ന് ഏറെ വാൽസല്യത്തോടെ കിളിയെ വിളിച്ചുകൊണ്ട് കാവ്യരചന തുടങ്ങിയ കവി! മലയാളഭാഷയുടെ പിതാവായി വാഴ്ത്തപ്പെടുന്ന തുഞ്ചത്ത് രാമാനുജൻ എഴുത്തച്‌ഛനാണ് ആ മഹാകവി കിളിയെക്കൊണ്ട് കഥ പറയിപ്പിക്കുന്ന പുത്തൻ കവിതാരീതി മലയാളത്തിൽ കൊണ്ടുവന്നതിലൂടെ അദ്ദേഹം കിളിപ്പാട്ടു പ്രസ്‌ഥാനത്തിന്റെ ഉപജ്ഞാതാവു കൂടിയായി. അധ്യാത്മരാമായണം കിളിപ്പാട്ടും മഹാഭാരതം കിളിപ്പാട്ടുമാണ് എഴുത്തച്ഛന്റെ പ്രധാന കൃതികൾ. വാല്മീകിയുടെ രാമായണകഥ മലയാളികൾക്ക് സുപരിചിതമായത് എഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ടിലൂടെയാണ്. എഴുത്തച്‌ഛനു മുൻപുതന്നെ കിളിപ്പാട്ടിനു സമാനമായ ചില കൃതികൾ മലയാളത്തിലുണ്ടായിരുന്നതായി കരുതുന്നു. എന്നാൽ, കിളിപ്പാട്ടു പ്രസ്‌ഥാനം എന്നൊരു സ്വതന്ത്രസമ്പ്രദായം മലയാളത്തിൽ കൊണ്ടുവന്നത് അദ്ദേഹമാണ്. 

തുള്ളൽ പ്രസ്ഥാനം

ഏറ്റവും ജനകീയമായ കലാരൂപങ്ങളിൽ ഒന്നായി പേരെടുത്ത സാഹിത്യശാഖയാണ് തുള്ളൽ. ഹാസ്യ രൂപത്തിൽ സാമൂഹ്യവിമർശനം നടത്തുന്ന ഈ കലാരൂപത്തിന്റെ ഉപജ്‌ഞാതാവാണ് പ്രാചീന കവിത്രയത്തിൽപെട്ട കുഞ്ചൻ നമ്പ്യാർ. നമ്പ്യാരുടെ 'കല്ല്യാണസൗഗന്ധികം' എന്ന കൃതിയാണ് തുള്ളൽ കൃതികളിൽ ആദ്യത്തേതായി കണക്കാക്കുന്നത്. ഓട്ടൻ തുള്ളൽ, ശീതങ്കൻ തുള്ളൽ, പറയൻ തുള്ളൽ എന്നിങ്ങനെ മൂന്നു തരം തുള്ളലുകൾ ഉണ്ട്. 

ആട്ടക്കഥ പ്രസ്ഥാനം

കേരളത്തിന്റെ തനതു കലാരൂപങ്ങളിൽ പ്രൗഢി കൊണ്ടും പാരമ്പര്യം കൊണ്ടും തലയെടുപ്പേറെയുണ്ട് കഥകളിക്ക്. കഥകളി എന്ന ദൃശ്യകലയ്ക്കായി പിറവിയെടുത്ത സാഹിത്യരൂപമാണ് ആട്ടക്കഥ. അതിനാൽ ആട്ടക്കഥകൾക്ക് മലയാളസാഹിത്യചരിത്രത്തിൽ സുപ്രധാന സ്ഥാനമുണ്ട്. പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കൊട്ടാരക്കരത്തമ്പുരാൻ ആട്ടക്കഥയുടെ ഉപജ്ഞാതാവായി കരുതപ്പെടുന്നു. കൊട്ടാരക്കര രാജകുടുംബത്തിലെ വീരകേരളവർമയാണ് കൊട്ടാരക്കരത്തമ്പുരാൻ എന്ന പേരിൽ പ്രസിദ്ധനായത്. ഇദ്ദേഹം ആവിഷ്‌കരിച്ച രാമനാട്ടം പിൽക്കാലത്ത് കഥകളിയായി വികസിച്ചു. ജയദേവന്റെ 'ഗീതഗോവിന്ദ'വും മാനവേദ സാമൂതിരിയുടെ 'കൃഷ്ണഗീതി'യുമാണ് (കൃഷ്ണനാട്ടം) ആട്ടക്കഥയുടെ രൂപസംവിധാനത്തിനു മാതൃകയായി കരുതുന്നത്. സാഹിത്യം, സംഗീതം, അഭിനയം എന്നിവയ്ക്കെല്ലാം പ്രാധാന്യമുള്ളവയാണ് ആട്ടക്കഥകൾ. 

ഭാഷാശാസ്ത്രഗ്രന്ഥം

കൃത്യമായ നിയമങ്ങളോ വ്യവസ്കളോ ഒന്നുമില്ലാതെ ചിതറിക്കിടന്നിരുന്ന മലയാള ഭാഷയെ അടുക്കും ചിട്ടയോടുംകൂടി ക്രമീകരിക്കാൻ സഹായിച്ച ആദ്യത്തെ അലങ്കാരശാസ്ത്ര ഗ്രന്ഥമാണ് 'ലീലാതിലകം'. രചിച്ചത് ആരാണെന്ന് കൃത്യമായി അറിയാത്ത ഈ കൃതി പതിനാലോ പതിനഞ്ചോ നൂറ്റാണ്ടുകളിലാണ് എഴുതപ്പെട്ടതെന്ന് കരുതുന്നു. വിഷയങ്ങളെ എട്ടു ശിൽപങ്ങളായി ക്രമീകരിച്ചിട്ടുള്ള ലീലാതിലകം സംസ്കൃതത്തിലാണ് രചിച്ചിരിക്കുന്നത്. എന്നാൽ, ഉദാഹരണങ്ങൾ മണിപ്രവാളശ്ലോകങ്ങളാണ്; ചിലവ പാട്ടുകളും. സാഹിത്യത്തെ സംബന്ധിച്ച പല കാര്യങ്ങളും ഈ ഗ്രന്ഥത്തിൽ വ്യക്തമായി പറയുന്നു. ശ്ലേഷം, മാധുര്യം, പ്രസാദം, സമത എന്നീ നാല് കാവ്യഗുണങ്ങളെക്കുറിച്ച് വിശദമായി വിശദീകരിക്കുന്നുണ്ട്. 

സന്ദേശകാവ്യം

മഹാനായ കാളിദാസനാണ് സന്ദേശകാവ്യമെന്ന സാഹിത്യശാഖയ്ക്ക് തുടക്കം കുറിച്ചതെന്നു പറയാം. സംസ്കൃത കവിയായ അദ്ദേഹത്തിന്റെ 'മേഘദൂത'മാണ് ആദ്യത്തെ സന്ദേശകാവ്യമായി കണക്കാക്കുന്നത്. പതിനാലാം നൂറ്റാണ്ടിൽ ലക്ഷ്മീദാസൻ രചിച്ച 'ശുകസന്ദേശ'വും ഈ രംഗത്തെ ആദ്യ കൃതികളിൽ ഒന്നാണ്. എന്നാൽ, മലയാളത്തിലുണ്ടായ ആദ്യത്തെ സന്ദേശകാവ്യമാണ് 'ഉണ്ണുനീലീസന്ദേശം'. ഇത് ആരാണ് രചിച്ചതെന്ന് വ്യക്ത‌മല്ല. ഇത് എഴുതിയ ആളും കഥാനായകനും ഒരാൾ തന്നെയാണെന്നും അഭിപ്രായമുണ്ട്. പതിനാലാം നൂറ്റാണ്ടിനു ശേഷം മയൂരദൂതം, കോകിലസന്ദേശം എന്നിങ്ങനെ പല സന്ദേശകാവ്യങ്ങളും കേരളത്തിൽ സംസ്കൃതഭാഷയിലുണ്ടായി.

വഞ്ചിപ്പാട്ട് പ്രസ്ഥാനം

വഞ്ചിപ്പാട്ട് എന്നു കേട്ടാൽ രാമപുരത്തു വാര്യരുടെ പേരാണ് ഓർമയിലെത്തുക. അദ്ദേഹം രചിച്ച 'കുചേലവൃത്തം വഞ്ചിപ്പാട്ട്' അത്രയേറെ പ്രശസ്‌തമാണ്. മലയാളത്തിലെ ആദ്യ വഞ്ചിപ്പാട്ടും ഇതുതന്നെ. വഞ്ചിപ്പാട്ടിന് ഇന്നുള്ള പ്രശസ്തിക്ക് കാരണം അദ്ദേഹത്തിന്റെ ഈ കൃതിയാണ്. കൊല്ലവർഷം 878-928 (1703-1763) കാലഘട്ടത്തിലാണ് രാമപുരത്തു വാര്യർ ജീവിച്ചിരുന്നത് എന്ന് ഉള്ളൂർ രേഖപ്പെടുത്തിയിട്ടുണ്ട്. പുരാണകഥ ഇതിവൃത്തമാക്കി ഭക്തിരസത്തിന് പ്രാധാന്യം നൽകിയാണ് വാര്യർ സ്യഷ്ടി നടത്തിയത്. പുരാണത്തിലെ കുചേലന്റെ കഥയായതുകൊണ്ട് ഈ വഞ്ചിപ്പാട്ടിന് കുചേലവൃത്തം എന്നു പേരുവന്നു. വ്യാസോൽപ്പത്തി, നളചരിതം, കിരാതം എന്നിങ്ങനെ വേറെയും വഞ്ചിപ്പാട്ടുകൾ ഉണ്ടെങ്കിലും കുചേവലവൃത്തത്തോളം മികച്ചൊരു വഞ്ചിപ്പാട്ട് പിന്നീട് മലയാളത്തിൽ ഉണ്ടായിട്ടില്ല.

പച്ചമലയാള പ്രസ്ഥാനം

സംസ്കൃത ഭാഷയുടെ സ്വാധീനത്തിൽനിന്ന് മലയാള ഭാഷയെ രക്ഷിക്കണം എന്നുറച്ച് ആരംഭിച്ച സമ്പ്രദായമാണ് 'പച്ചമലയാളം'. തനി മലയാള ഭാഷ മാത്രം ഉപയോഗിച്ച് കവിതയെഴുതുക എന്നതായിരുന്നു ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. സംസ്കൃതവും മലയാളവും ചേർന്ന മണിപ്രവാളം ശക്ത‌മായി നിലനിന്ന കാലത്താണ് പച്ചമലയാളമെന്ന ആശയം കടന്നുവന്നത്. പച്ചമലയാളത്തിൽ ആദ്യമായി രചന നടത്തിയ ആളാണ് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ. 'നല്ല ഭാഷ' എന്നായിരുന്നു ഇതിന്റെ പേര്. 1891-'വിദ്യാവിനോദിനി' എന്ന പ്രസിദ്ധീകരണത്തിൽ നല്ലഭാഷ അച്ചടിച്ചുവന്നു.

മഹാകാവ്യം

മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ 'മഹാകാവ്യ'മായി കണക്കാക്കുന്ന കൃതിയാണ് 'രാമചന്ദ്രവിലാസം'. രാമായണകഥ വിവരിക്കുന്ന ഈ കാവ്യത്തിന്റെ രചയിതാവിന്റെ പേര് അഴകത്ത് പത്മനാഭക്കുറുപ്പ്. കൊല്ലത്തുനിന്ന് ഇറങ്ങിയിരുന്ന 'മലയാളി' മാസികയിൽ 1899-ലാണ് ഈ കാവ്യം പ്രസിദ്ധീകരിച്ചുതുടങ്ങിയത്. അതുവരെ സംസ്കൃത ഭാഷയിൽ മാത്രമേമഹാകാവ്യങ്ങൾ ഇറങ്ങിയിരുന്നുള്ളൂ. ശ്രേഷ്ഠമായൊരു ജീവിതമോ മഹത്തായൊരു വംശത്തിന്റെ ചരിത്രമോ ആയിരിക്കും മഹാകാവ്യത്തിന്റെ ഉള്ളടക്കം. ചുരുങ്ങിയത് ഏഴു സർഗ്ഗങ്ങളും വൃത്തം, അലങ്കാരം തുടങ്ങിയ ഭാഷാഗുണങ്ങളും അതിനുണ്ടായിരിക്കണം. ഉള്ളൂരിന്റെ 'ഉമാകേരളം', പന്തളം കേരളവർമ്മയുടെ 'രുഗ്‌മാംഗദചരിതം', വള്ളത്തോൾ നാരായണമേനോന്റെ 'ചിത്രയോഗം', കെ.സി കേശവപിള്ളയുടെ 'കേശവീയം', കട്ടക്കയത്തിൽ ചെറിയാൻ മാപ്പിളയുടെ 'ശ്രീയേശുവിജയം' തുടങ്ങിയവ മലയാളത്തിലെ ശ്രദ്ധേയമായ ചില മഹാകാവ്യങ്ങളാണ്.

വൃത്തശാസ്ത്രം

കവിതയുടെ താളവും ഭംഗിയുമൊക്കെ നിർണയിക്കുന്ന ഘടകമാണ് അതിന്റെ വൃത്തം. വൃത്തശാസ്ത്രത്തെക്കുറിച്ച് പറയുന്ന ആദ്യ മലയാള കൃതിയാണ് 'കേരളകൗമുദി'. 380-ലധികം ശ്ലോകങ്ങളുള്ള ഈ കൃതി കോവുണ്ണി നെടുങ്ങാടിയാണ് രചിച്ചത്. 1878-ൽ പ്രസിദ്ധീകരിച്ച കേരളകൗമുദിയിൽ മലയാള ഭാഷയുടെ പിറവി, വിഖ്യാത കവികൾ, വ്യാകരണ ഗ്രന്ഥത്തിന്റെ പ്രസക്‌തി, സംസ്‌കൃത വൃത്തങ്ങൾ, ദ്രാവിഡ വൃത്തങ്ങൾ എന്നിവയെക്കുറിച്ചൊക്കെ വിവരിച്ചിരിക്കുന്നു. അലങ്കാരങ്ങളെക്കുറിച്ചും ഇതിൽ വിവരിക്കുന്നുണ്ട്. എ.ആർ രാജരാജവർമയുടെ 'വൃത്തമഞ്ജരി' കേരളകൗമുദിയേക്കാൾ മികച്ച വൃത്തശാസ്ത്ര ഗ്രന്ഥമാണ്. അപ്പൻ തമ്പുരാൻ, കുട്ടികൃഷ്ണമാരാർ, എൻ.വി കൃഷ്ണവാര്യർ എന്നിവരും വൃത്തശാസ്ത്ര ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

ഭാഷാചരിത്രം

ഏതു ഭാഷയ്ക്കും ഒരു ചരിത്രമുണ്ട്. അതിനെക്കുറിച്ച് വിവരിക്കുന്ന കൃതികൾ ആ ഭാഷയിൽ പ്രധാനപ്പെട്ടവയുമാണ്. മലയാളഭാഷയുടെ ചരിത്രവും വളർച്ചയും പ്രതിപാദിക്കുന്ന ആദ്യ ഗ്രന്ഥം 1881-ൽ തിരുവനന്തപുരത്തെ കേരളവിലാസം പ്രസിൽനിന്ന് പുറത്തിറങ്ങി. തിരുവിതാംകൂറിലെ പി. ഗോവിന്ദപ്പിള്ളയാണ് ഇത് രചിച്ചത്. 'മലയാളഭാഷാ ഗ്രന്ഥസമുച്ചയം' എന്നായിരുന്നു ഈ പുസ്‌തകത്തിന്റെ ആദ്യ പേര്. പിന്നീടിത് പരിഷ്കരിച്ച് രണ്ട് വോള്യങ്ങളായി പ്രസിദ്ധീകരിച്ചപ്പോൾ "മലയാളഭാഷാചരിത്രം' എന്ന് പേരുമാറ്റി. 1922-ൽ പി. ശങ്കരൻ നമ്പ്യാരെഴുതിയ "മലയാളസാഹിത്യ ചരിത്രസംഗ്രഹ'മാണ് ഈ രംഗത്തുവന്ന രണ്ടാമത്തെ കൃതി. ഉള്ളൂരിന്റെ കേരള സാഹിത്യചരിത്രവും ഈ വിഭാഗത്തിലെ പ്രമുഖ കൃതിയാണ്.

നിഘണ്ടു

ഒരു ഭാഷയിലെ പദങ്ങളെ അക്ഷരമാലാക്രമത്തിൽ അടുക്കി, അവയുടെ അർത്ഥം, ഉച്ചാരണം എന്നിങ്ങനെയുള്ളവ വ്യക്തമാക്കുന്ന ഗ്രന്ഥത്തെയാണ് നിഘണ്ടു എന്നു പറയുന്നത്. ബെഞ്ചമിൻ ബെയ്ലി തയ്യാറാക്കിയ 'A Dictionary of High and Colloquial Malayalim and English' ആണ് മലയാളത്തിലെ ആദ്യത്തെ നിഘണ്ടു. മലയാളപദങ്ങളുടെ അർത്ഥം ഇംഗ്ലിഷിൽ രേഖപ്പെടുത്തിയ ഈ മലയാളം-ഇംഗ്ലിഷ് നിഘണ്ടു 1846-ൽ പുറത്തുവന്നു. മലയാള വാക്കുകളുടെ അർത്ഥം മലയാളത്തിൽത്തന്നെ നൽകുന്ന ആദ്യത്തെ മലയാളം-മലയാളം നിഘണ്ടു പിന്നെയും പത്തു വർഷങ്ങൾക്കു ശേഷമാണ് വന്നത്. കോട്ടയം സി.എം.എസ് കോളജ് പ്രിൻസിപ്പലായിരുന്ന റിച്ചാഡ് കോളിൻസ് 1856-ൽ ഇത് തയ്യാറാക്കി. എന്നാൽ, സമഗ്രവും ആധികാരവുമായ മലയാളം-മലയാളം നിഘണ്ടുവായി അറിയപ്പെടുന്നത് ശ്രീകണ്ഠേശ്വരം പത്മനാഭ പിള്ള തയ്യാറാക്കിയ 'ശബ്ദതാരാവലി' ആണ്. 1923-ലാണ് ഇത് പുറത്തുവന്നത്.

നിരൂപണം

ഒരു കൃതിയെ കൃത്യമായി പഠിച്ച് നിഷ്പക്ഷമായി വിലയിരുത്തി അതിന്റെ മേന്മകളും പോരായ്മകളും കണ്ടെത്തുന്നതിനെയാണ് സാഹിത്യവിമർശനം അഥവാ നിരൂപണം എന്ന് വിളിക്കുന്നത്. 1890-1895 കാലഘട്ടത്തിൽ സി.പി അച്ചുതമേനോൻ എഴുതിയ സാഹിത്യ നിരൂപണങ്ങളാണ് മലയാളത്തിലെ ആദ്യത്തെ സാഹിത്യ വിമർശനങ്ങൾ. തന്റെതന്നെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന 'വിദ്യാവിനോദിനി' മാസികയിലാണ് 'പുസ്‌തക പരിശോധന' എന്ന പേരിൽ അച്ചുത മേനോൻ നിക്ഷ്‌പക്ഷമായ സാഹിത്യ വിമർശനത്തിന് തുടക്കമിട്ടത്. എ.ആർ രാജരാജവർമ, പി. കെ നാരായണപിള്ള, സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ള, കേസരി ബാലകൃഷ്ണപിള്ള തുടങ്ങിയവരും വിമർശന സാഹിത്യത്തിലെ ആദ്യകാല പ്രതിഭകളാണ്.

വൈജ്ഞാനിക സാഹിത്യം

മലയാള ഭാഷയിലെ ആദ്യത്തെ വിജ്ഞാനകോശം എന്ന ബഹുമതിയുള്ള ഗ്രന്ഥമാണ് ആർ, ഈശ്വരപിള്ള തയ്യാറാക്കിയ 'സമസ്‌ത വിജ്‌ഞാനഗ്രന്ഥാവലി'. 1937-ലാണ് ഇത് പുറത്തുവന്നത്. എന്നാൽ, ഓരോ വിഷയത്തെ അടിസ്ഥാനമാക്കിയ വിജ്ഞാനകോശം എന്ന നിലയിൽ പരിഗണിക്കാവുന്ന ആദ്യ കൃതി മറ്റൊന്നാണ്. 1933-ൽ ഇറങ്ങിയ 'സാഹിത്യാഭരണം നിഘണ്ടു'വാണിത്. ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയാണ് ഇതിന്റെ രചയിതാവ്. വർഷങ്ങൾക്കു ശേഷം 1968-ലാണ് സമഗ്രവും വിപുലവുമായ ഒരു വിജ്ഞാനകോശം മലയാളത്തിൽ വന്നത്. 'വിശ്വവിജ്‌ഞാനകോശം' എന്ന പേരിൽ എൻബിഎസ് അത് പുറത്തിറക്കി.

പഴഞ്ചൊൽ സമാഹാരം

പറഞ്ഞു പഴകിയ ചൊല്ലുകളാണ് പഴഞ്ചൊല്ലുകൾ. ഇവ ഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ചയുടെ പ്രധാനപ്പെട്ട ഭാഗമാണ്. മലയാളത്തിലെ പഴഞ്ചൊല്ലുകൾ ആദ്യമായി പുസ്‌തകമാക്കിയത് പൗലിനോസ് പാതിരി എന്ന വിദേശ മിഷനറിയാണ്. റോമിൽ അച്ചടിച്ച ഈ പുസ്‌തകം 1791-ൽ പുറത്തിറങ്ങി. മലയാളം, സംസ്കൃതം, തമിഴ് എന്നീ ഇന്ത്യൻ ഭാഷകളിൽ അറിവു നേടിയ ഇദ്ദേഹം നിരവധി പുസ്ത‌കങ്ങളും എഴുതി. അതിന്റെ തുടർച്ചയായാണ് മലയാളത്തിലെ പഴഞ്ചൊല്ലുകൾ ശേഖരിച്ച് പുസ്‌തകമാക്കിയത്. മലബാറിലെ ആപ്‌ത വചനങ്ങളുടെ ശേഖരം എന്നർത്ഥമുള്ള 'Centum Adagia Malabarica' എന്നായിരുന്നു ഈ പുസ്‌തകത്തിന്റെ പേര്. കേരള ചരിത്രഗവേഷണ കൗൺസിൽ സമാഹരിച്ച് പുസ്‌തകമാക്കിയ 'കേരളത്തിലെ പഴഞ്ചൊല്ലുകൾ' ആണ് ഏറ്റവും വലിയ പഴഞ്ചൊൽ പുസ്‌തകം. പഴഞ്ചൊല്ലുകൾ പോലെ പ്രധാനപ്പെട്ടവയാണ് ശൈലികളും. ടി. രാമലിംഗം പിള്ളയുടെ 'മലയാള ശൈലി നിഘണ്ടു' മലയാളത്തിലെ ആദ്യകാല ശൈലീപുസ്‌തകങ്ങളിൽ ഒന്നാണ്.

വ്യാകരണഗ്രന്ഥം

മലയാളത്തിലെ ആദ്യത്തെ ആധികാരികവ്യാകരണഗ്രന്ഥമായി കണക്കാക്കുന്ന കൃതിയാണ് എ.ആർ രാജരാജവർമ രചിച്ച 'കേരളപാണിനീയം'. 1916-ൽ പുറത്തിറങ്ങിയ ഈ ഗ്രന്ഥം ഇന്നും വ്യാകരണപഠനത്തിനായി മലയാളികൾ ആശ്രയിച്ചുവരുന്നു. 1917-ൽ ഇതിന്റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറങ്ങി. മലയാളത്തിലെ ആദ്യ വ്യാകരണഗ്രന്ഥമായി കണക്കാക്കുന്നത് ഹെർമൻ ഗുണ്ടർട്ട് രചിച്ച മലയാള ഭാഷാവ്യാകരണം' ആണ്. മൂന്നു ഭാഗങ്ങളിലായി തയാറാക്കിയ ഈ കൃതിയുടെ സമ്പൂർണരൂപം 1868-ൽ പുറത്തുവന്നു. ഇതേ പേരിൽ മറ്റൊരു ഗ്രന്ഥം 1799-ൽ റോബർട്ട് ഡ്രമണ്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാശ്‌ചാത്യർക്കുവേണ്ടി രചിച്ചതിനാൽ ഇതിനെ സമ്പൂർണ മലയാള വ്യാകരണഗ്രന്ഥമായി കണക്കാക്കുന്നില്ല.

ചരിത്രഗ്രന്ഥം

1843-ൽ ഹെർമൻ ഗുണ്ടർട്ട് പ്രസിദ്ധീകരിച്ച 'കേരളോൽപത്തി'യാണ് അച്ചടിച്ച ആദ്യ കേരള ചരിത്രഗ്രന്ഥം. ആരാണ് ഇതെഴുതിയത് എന്നകാര്യം വ്യക്‌തമല്ല. പരശുരാമന്റെ കാലം, പെരുമാക്കന്മാരുടെ കാലം, തമ്പുരാക്കന്മാരുടെ കാലം എന്നീ വിഭാഗങ്ങളിലായി കേരളചരിത്രം പറയുന്ന ഈ കൃതിയിൽ ഐതിഹ്യങ്ങൾ കാര്യമായുണ്ട്. അതുകൊണ്ടുതന്നെ ഇതിനെ ആധികാരിക ചരിത്രമായി കരുതാനാവില്ല. ഈ കൃതിയുടെ തുടർച്ചയായി 1868-ൽ ഗുണ്ടർട്ട് 'കേരളപഴമ അഥവാ മലബാറിന്റെ ചരിത്രം' എന്നൊരു പുസ്‌തകം പ്രസിദ്ധീകരിച്ചു.

സഞ്ചാര സാഹിത്യം

1786-ൽ രചിച്ച 'വർത്തമാനപ്പുസ്‌തക'മാണ് മലയാളത്തിലെ ആദ്യത്തെ സഞ്ചാര സാഹിത്യകൃതി. എന്നാൽ, പരുമല തിരുമേനി രചിച്ച 'ഊർശ്ലേം യാത്രാവിവരണ'മാണ് (1895) മലയാളത്തിലെ അച്ചടിച്ച ആദ്യത്തെ യാത്രാവിവരണഗ്രന്ഥം. പാറേമ്മാക്കൽ തോമ്മാക്കത്തനാരാണ് 'വർത്തമാനപ്പുസ്‌തകം' രചിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യാത്രാവിവരണം പദ്യരൂപത്തിൽ എഴുതുന്ന രീതി ആരംഭിച്ചു.

ശാസ്ത്രഗ്രന്ഥം

1864-ൽ സെഞ്ചി പഴനി ആണ്ടി എഴുതിയ 'ഗോവസൂരി പ്രയോഗം അഥവാ വസൂരി നിയന്ത്രണം' എന്ന പുസ്‌തകത്തെ മലയാളത്തിലെ ആദ്യത്തെ ശാസ്ത്രഗ്രന്ഥമായി കണക്കാക്കുന്നു. 'ലഘുശാസ്ത്ര പാഠാവലി' എന്ന പേരിൽ ഒരു ശാസ്ത്രപുസ്തക പരമ്പരയും മലയാളത്തിൽ ഉണ്ടായിരുന്നു. ഡച്ച് ഗവർണറായിരുന്ന ഹെൻറിക് വാൻ റീഡിന്റെ നേതൃത്വത്തിൽ തയാറാക്കി ആംസ്‌റ്റർഡാമിൽനിന്ന് പ്രസിദ്ധീകരിച്ച "ഹോർത്തുസ് മലബാറിക്കൂസ്' എന്ന ലാറ്റിൻ സസ്യശാസ്ത്രഗ്രന്ഥത്തിൽ സസ്യങ്ങളുടെ പേരുകൾ മലയാളത്തിൽ നൽകിയിട്ടുണ്ട്. മലയാളം ലിപി അച്ചടിച്ച ആദ്യ പുസ്‌തകമാണിത്.

ചെറുകഥ

കേരളത്തിലെ ആദ്യകാല പത്രപ്രവർത്തകരിൽ ഒരാളായ വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ രചിച്ച 'വാസനാവികൃതി'യാണ് മലയാളത്തിലെ ആദ്യത്തെ ചെറുകഥ 1891-'വിദ്യാവിനോദിനി'യിലാണ് ഇത് പ്രസിദ്ധീകരിച്ചത്. ഹാസ്യത്തിന്റെ മേമ്പൊടിയുള്ള ഭാഷയിലാണ് അദ്ദേഹം ഈ കഥ രചിച്ചിരിക്കുന്നത്. മൂർക്കോത്തു കുമാരൻ, സി.എസ് ഗോപാലപ്പണിക്കർ, അമ്പാടി നാരായണപ്പൊതുവാൾ, അപ്പൻ തമ്പുരാൻ, സി.വി കുഞ്ഞിരാമൻ, ഇ.വി കൃഷ്ണപിള്ള തുടങ്ങിയവർ ആദ്യകാലത്തെ ചില പ്രമുഖ കഥാകാരന്മാരാണ്.

ജീവചരിത്രം

ഒരാൾ മറ്റൊരാളുടെ ജീവിതകഥ എഴുതുന്നതാണ് ജീവചരിത്രം. 1886-ൽ മർസിനോസ് പുരോഹിതൻ ഇറ്റാലിയൻ ഭാഷയിൽനിന്ന് വിവർത്തനം ചെയ്ത 'വിശുദ്ധ ത്രേസ്യായുടെ ചരിത്രസംക്ഷേപം' ആണ് മലയാളത്തിലെ ആദ്യത്തെ ജീവചരിത്രം. 1895-ൽ കേരളവർമ വലിയകോയിത്തമ്പുരാൻ 'മഹച്ചരിത സംഗ്രഹം' എന്ന ജീവിതകഥാ സമാഹാരം പ്രസിദ്ധീകരിച്ചു. സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയുടെ 'കാറൽ മാർക്സിനെപ്പറ്റി' (1912) ആണ് മാർക്സിനെക്കുറിച്ച് മലയാളത്തിലുണ്ടായ ആദ്യ കൃതി. ഗാന്ധിജിയുടെ ജീവിതകഥയും മലയാളത്തിൽ ആദ്യം എഴുതിയത് സ്വദേശാഭിമാനിയാണ്. 

നാടകം

കാളിദാസന്റെ 'അഭിജ്‌ഞാന ശാകുന്തളം' കേരളവർമ വലിയകോയിത്തമ്പുരാൻ 1882-ൽ വിവർത്തനം ചെയ്ത പ്രസിദ്ധീകരിച്ചതോടെയാണ് മലയാളനാടകങ്ങളുടെ യുഗം ആരംഭിച്ചത്. 'കേരളീയ ഭാഷാശാകുന്തളം' എന്ന പേരിൽ വിവർത്തനം ചെയ്ത ഈ നാടകം 'മണിപ്രവാള ശാകുന്തളം' എന്ന പേരിലാണ് പ്രസിദ്ധീകരിച്ചത്. അക്കാലത്തെ മലയാള നാടകങ്ങളെ കളിയാക്കിക്കൊണ്ട് 1894-ൽ മുൻഷി രാമക്കുറുപ്പെഴുതിയ നാടകമാണ് 'ചക്കീചങ്കരം', പി.കെ.കൊച്ചീപ്പൻ തരകന്റെ 'മറിയാമ്മ'യാണ് മലയാളത്തിലെ ആദ്യത്തെ സാമൂഹിക നാടകം.

നോവൽ

അപ്പു നെടുങ്ങാടിയുടെ 'കുന്ദലത'യാണ് മലയാളത്തിലെ ആദ്യത്തെ നോവൽ. 1887-ലാണ് ഇത് പ്രസിദ്ധീകരിച്ചത്. എന്നാൽ, 1882-ൽ ആർച്ചു ഡീക്കൻ കോശി എഴുതിയ 'പുല്ലേരിക്കുഞ്ചു' ആണ് ആദ്യ നോവൽ എന്നു കരുതുന്നവരുണ്ട്. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവലാണ് ഒ ചന്തുമേനോന്റെ 'ഇന്ദുലേഖ' 1889-ൽ പുറത്തുവന്ന 'ഇന്ദുലേഖ' അന്നത്തെ കേരളീയ സമൂഹത്തിലെ യാഥാസ്‌ഥിതിക നിലപാടുകളെ പരിഹാസരൂപത്തിൽ അവതരിപ്പിക്കുന്നു. രണ്ടാമത്തെ നോവലായ 'ശാരദ' പൂർത്തിയാക്കും മുമ്പ് ചന്തുമേനോൻ അന്തരിച്ചു. സി.വി രാമൻപിള്ളയുടെ 'മാർത്താണ്ഡവർമ'യാണ് മലയാളത്തിലെ ആദ്യത്തെ ചരിത്രനോവൽ.

ആത്മകഥ

ഒരാളുടെ ജീവിതകഥ അയാൾ തന്നെ പറയുന്നതാണ് ആത്മകഥ. വൈക്കത്ത് പാച്ചു മൂത്തതിന്റെ 'ആത്മകഥാ സംക്ഷേപ'മാണ് ആത്മകഥയുടെ ഗണത്തിൽ പെടുത്താവുന്ന ആദ്യ മലയാള കൃതി എന്നാണ് ഉള്ളൂരിന്റെ അഭിപ്രായം. ഇക്കാര്യത്തിൽ സാഹിത്യ ചരിത്രകാരന്മാർക്കിടയിൽ വ്യത്യസ്‌ത അഭിപ്രായങ്ങളുണ്ട്. സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ളയുടെ 'എന്റെ നാടുകടത്തൽ' (1911) ആണ് മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ആത്മകഥ എന്നറിയപ്പെടുന്നത്. ആദ്യത്തെ 'രാഷ്ട്രീയ ആത്മകഥ' എന്നും ഇതിനെ വിശേഷിപ്പിക്കാം. രാമകൃഷ്‌ണപിള്ളയുടെ ഭാര്യ ബി.കല്യാണിയമ്മ എഴുതിയ 'വ്യാഴവട്ടസ്‌മരണകൾ', സാഹിത്യപഞ്ചാനനൻ പി.കെ നാരായണപിള്ളയുടെ 'സ്‌മരണമണ്ഡലം', ഇ.വി കൃഷ്ണ‌പിള്ളയുടെ 'ജീവിതസ്‌മരണകൾ', കെ.പി കേശവമേനോന്റെ 'കഴിഞ്ഞ കാലം', വി.ടി ഭട്ടതിരിപ്പാടിന്റെ 'കണ്ണീരും കിനാവും', വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഓർമകളുടെ അറകൾ', മാധവിക്കുട്ടിയുടെ 'എന്റെ കഥ', തിക്കോടിയന്റെ 'അരങ്ങു കാണാത്ത നടൻ', ചങ്ങമ്പുഴയുടെ 'തുടിക്കുന്ന താളുകൾ' തുടങ്ങിയവ മലയാളത്തിലെ പ്രശസ്തമായ ചില ആത്മകഥകളാണ്.

കത്തുസാഹിത്യം

മലയാളത്തിൽ കാര്യമായ വളർച്ചനേടാതെപോയ മേഖലയാണ് കത്തെഴുത്തുസാഹിത്യം. പ്രമുഖരുടെ കത്തുകൾ സമാഹരിച്ച് പുസ്‌തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്ന പതിവ് ഇവിടെ വളരെ കുറവാണ്. കത്തെഴുത്തുതന്നെ ഇല്ലാതാകുന്ന ഇക്കാലത്ത് ഈ സാഹിത്യശാഖയ്ക്ക് വളരാനുള്ള സാധ്യതയുമില്ല. കവിത പോലുള്ള കത്തുകളായിരുന്നു ആദ്യകാലത്ത് നമ്മുടെ എഴുത്തുകാർ എഴുതിയിരുന്നത്. വെൺമണി അച്ഛ‌ൻ നമ്പൂതിരിയാണ് ഇതിന് തുടക്കം കുറിച്ചത്. പുത്രനായ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന് അദ്ദേഹം അയച്ച കത്തുകൾ പിന്നീട് മലയാള മനോരമ, രസികരഞ്ജിനി, ഭാഷാപോഷിണി എന്നിവയിൽ പ്രസിദ്ധീകരിച്ചു. കുഞ്ഞിക്കുട്ടൻ തമ്പുരാൻ നടുവത്തച്ഛ‌നയച്ച ചില കത്തുകൾ പിന്നീട് പ്രസിദ്ധീകരിക്കുകയുണ്ടായി. വള്ളത്തോൾ, സർദാർ കെ.എം പണിക്കർക്കയച്ച കത്തുകൾ 1978-'വള്ളത്തോൾ കത്തുകൾ' എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ഇതാണ് മലയാളത്തിലെ ആദ്യ കത്തുസമാഹാരം.

ഗദ്യസാഹിത്യം

ചേരരാജാക്കന്മാരുടെ കാലത്തെ ചില ചെപ്പേടുകളെ ഗദ്യകൃതികളുടെ മുൻഗാമികളായി കണക്കാക്കാം. വാഴപ്പള്ളി ശാസനമാണ് ഇതിൽ ഏറ്റവും പഴയത്. ഒൻപതാം നൂറ്റാണ്ടിലാണ് ഇത് എഴുതപ്പെട്ടത്. ഭാഷാകൗടലീയമാണ് മലയാളഭാഷയിലെ ആദ്യത്തെ ഗദ്യസമാഹാരം. ചാണക്യന്റെ അർത്ഥശാസ്ത്രത്തിന്റെ പരിഭാഷയാണിത്. ഇത് തയാറാക്കിയത് ആരാണെന്നോ എന്നാണെന്നോ കണ്ടെത്താനായിട്ടില്ല. കേരളവർമ വലിയകോയിത്തമ്പുരാനാണ് മലയാള ഗദ്യസാഹിത്യത്തിന് അടിത്തറയിട്ടത്. ഇദ്ദേഹത്തെ 'ആധുനിക ഗദ്യത്തിന്റെ പിതാവ്' എന്ന് വിശേഷിപ്പിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്‌കൂൾ പാഠപുസ്‌തകങ്ങൾ തയാറാക്കാൻ രൂപീകരിച്ച കമ്മിറ്റിയുടെ അധ്യക്ഷനായി ചുമതലയേറ്റ അദ്ദേഹം വിവിധ വിഷയങ്ങളിൽ പാഠപുസ്‌തകങ്ങൾ രചിച്ചു. മലയാളത്തിന് ഇതിലൂടെ ഒരു പുത്തൻ ഗദ്യശൈലി തന്നെ തമ്പുരാൻ സംഭാവന ചെയ്തു.

വിലാപകാവ്യം

'വ്യക്‌തിപരമായ നഷ്ട‌ങ്ങളുടെ വിലാപം' എന്ന് പാശ്‌ചാത്യർ വർണിക്കുന്ന കാവ്യങ്ങളാണ് വിലാപകാവ്യങ്ങൾ. ഇംഗ്ലിഷിൽ ഇവ Elegy എന്നറിയപ്പെടുന്നു. മലയാള ഭാഷയിലെ ഖണ്ഡകാവ്യശാഖയിൽ വിലാപകാവ്യപ്രസ്‌ഥാനവും ഇടം നേടിയിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ വിലാപകാവ്യമായി കണക്കാക്കുന്നത് സി.എസ് സുബ്രഹ്മണ്യൻ പോറ്റി രചിച്ച 'ഒരു വിലാപം' ആണ്. മകളുടെ വിയോഗത്തിൽ വേദനിക്കുന്ന ഒരച്‌ഛന്റെ വിലാപമാണ് ഈ കവിതയുടെ പ്രമേയം. 1902-'കവനകൗമുദി' മാസികയിലാണ് ഇത് പ്രസിദ്ധീകരിച്ചത്. അധ്യാപകനും മികച്ച വിവർത്തകനുമായിരുന്ന സുബ്രഹ്‌മണ്യൻ പോറ്റി പ്രശസ്‌തമായ പല ഇംഗ്ലിഷ് കവിതകളും ശാസ്ത്രലേഖനങ്ങളും മലയാളത്തിലേക്ക് വിവർത്തനം ചെയ്‌തിട്ടുണ്ട്. 1909-ൽ വി.സി ബാലകൃഷ്ണപണിക്കർ അതേ പേരിൽ (ഒരു വിലാപം) മറ്റൊരു വിലാപകാവ്യം രചിച്ചതോടെ മലയാളത്തിൽ വിലാപകാവ്യപ്രസ്‌ഥാനത്തിന് ശക്‌തമായ അടിത്തറ ലഭിച്ചു.

മുക്തകം

ഒരൊറ്റ ശ്ലോകമാണ് മുക്‌തകം. ഒരു വാക്യത്തിൽ മുഴുവൻ അർത്ഥവും സൂചിപ്പിക്കുന്നതാണ് മുക്‌തകത്തിന്റെ രീതി. മലയാളത്തിലും മുക്‌തകങ്ങൾ ധാരാളം ഉണ്ടെങ്കിലും സംസ്‌കൃതത്തിലാണ് മുക്‌തകങ്ങൾക്ക് പ്രാധാന്യം. 'ലീലാതിലക'ത്തിൽ ഇവ ധാരാളം കാണാം. ഭാഷയിൽ മുക്‌തകങ്ങളെ പരിചയപ്പെടാനും ഇവയുടെ സ്വാധീനം അറിയാനും സഹായിച്ച ആദ്യ കൃതിയായി ലീലാതിലകത്തെ കണക്കാക്കാം. ലീലാതിലകത്തിന്റെ പിറവി എഡി 1385-നും 1400-നും ഇടയ്ക്കാണെന്ന് കരുതുന്നു.

ഖണ്ഡകാവ്യം

പാശ്ചാത്യലോകവുമായുള്ള കാവ്യബന്ധം മൂലം ഉണ്ടായതാണ് ഖണ്ഡകാവ്യപ്രസ്ഥാനം. മഹാകാവ്യങ്ങളോളം ആഴവും വ്യാപ്‌തിയുമില്ലെങ്കിലും സ്രഷ്ടാവിന്റെ ചിന്തയിലുള്ള ആഴമാണ് ഖണ്ഡകാവ്യത്തിന്റെ പ്രത്യേകത. എ.ആർ രാജരാജവർമയുടെ 'മലയവിലാസ'മാണ് മലയാളത്തിലെ ആദ്യഖണ്ഡകാവ്യം. 1895-ലാണ് ഇത് രചിച്ചത്. മദ്രാസിൽനിന്നുള്ള യാത്രയിൽ കവി കണ്ട സഹ്യപർവത നിരകളുടെ ഭംഗിയെ വളരെ കാവ്യാത്മകമായി ഇതിൽ അവതരിപ്പിച്ചിരിക്കുന്നു. കുമാരനാശാൻ രചിച്ച് 1907-ൽ പുറത്തുവന്ന 'വീണപൂവാ'ണ് മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ ഖണ്ഡകാവ്യം.

ബാലസാഹിത്യം

കേരളത്തിൽ അച്ചടിച്ച ആദ്യ മലയാള പുസ്‌തകമായ 'ചെറുപൈതങ്ങൾക്ക് ഉപകാരാർത്ഥം ഇംഗ്ലിഷിൽനിന്ന് പരിഭാഷപ്പെടുത്തിയ കഥകൾ' മലയാളത്തിലെ ആദ്യ കഥാസമാഹാരം കൂടിയാണ്. 1824-ൽ ബെഞ്ചമിൻ ബെയ്ലിയാണ് ഈ കൃതി പരിഭാഷപ്പെടുത്തിയത്. മലയാളത്തിലെ ആദ്യത്തെ ബാലസാഹിത്യകൃതിയും ഇതുതന്നെ. 1860-ൽ ഗുണ്ടർട്ടിന്റെ പാഠമാല, 1866-ൽ വൈക്കത്ത് പാച്ചു മൂത്തതിന്റെ 'ബാലഭൂഷണം' എന്നിവയും ബാലസാഹിത്യത്തിലെ ആദ്യകാല സംഭാവനകളാണ്.

ലേഖനങ്ങൾ

മാസികകളുടെ വരവോടെ മലയാളത്തിൽ ലേഖനങ്ങൾ അഥവാ ഉപന്യാസങ്ങൾ പിറവിയെടുത്തു. തലശ്ശേരിയിൽനിന്ന് ഗുണ്ടർട്ട് പ്രസിദ്ധീകരിച്ചിരുന്ന രാജ്യസമാചാരം, പശ്ചിമോദയം എന്നിവയിലൂടെ പല എഴുത്തുകാരുടെയും വിവിധ വിഷയങ്ങളിലുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. എം രാജരാജവർമ, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ തുടങ്ങിയ പണ്ഡിതരുടെ രചനകൾ മലയാളത്തിലെ ആദ്യകാല ലേഖനങ്ങളിൽപെടുന്നു. മലയാളത്തിലെ രണ്ടാമത്തെ സാഹിത്യമാസികയായ 'വിദ്യാവിനോദിനി'യിൽ വന്ന വിവിധ ലേഖനങ്ങൾ സമാഹരിച്ച് 'ഗദ്യമാലിക' എന്ന പേരിൽ ഒരു പുസ്തകം 1907-ൽ കൊച്ചി രാമവർമ അപ്പൻ തമ്പുരാൻ പ്രസിദ്ധീകരിച്ചു.

വിജ്ഞാനകോശം

വിജ്‌ഞാനകോശങ്ങൾ മലയാളത്തിൽ ധാരാളമുണ്ട്. വെട്ടം മാണി തയാറാക്കിയ 'പുരാണിക് എൻസൈക്ലോപീഡിയ', പി.ടി ഭാസ്കര പണിക്കർ എഡിറ്റുചെയ്‌ത 'ജീവചരിത്രകോശം', ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ 'ബാലകൈരളി വിജ്‌ഞാനകോശം', അയ്മനം കൃഷ്ണക്കൈമളുടെ 'കഥകളി വിജ്‌ഞാനകോശം', ഡോ.എം.വി വിഷ്ണു‌നമ്പൂതിരിയുടെ 'നാടോടി വിജ്‌ഞാനീയം', സനിൽ പി തോമസിന്റെ 'ക്രിക്കറ്റ് എൻസൈക്ലോപീഡിയ' എന്നിവ ഉദാഹരണം.

Post a Comment

0 Comments
Post a Comment (0)