ചാവറ കുര്യാക്കോസ് ഏലിയാസ്

കുര്യാക്കോസ് ഏലിയാസ് ചാവറ എന്നാണു മുഴുവൻ പേര്. 1805 ഫെബ്രുവരി പത്തിന് ആലപ്പുഴ കൈനകരിയിൽ ജനിച്ച ചാവറയച്ചൻ അർത്തുങ്കൽ പള്ളിയിൽ വച്ച് വൈദികപട്ടം സ്വീകരിച്ചു. പുരോഹിതവൃത്തിയിലൂടെ അടിസ്ഥാന സമൂഹത്തിനു മാറ്റമുണ്ടാക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. എല്ലാ പള്ളികളോടും ചേർന്ന് സ്കൂളുകൾ ആരംഭിക്കണമെന്ന ആശയം വ്യാപകമാക്കിയത് ചാവറയച്ചനാണ്. കുരിശിന്റെ വഴി, ജപമാല, ദിവ്യകാരുണ്യഭക്തി, 40 മണി ആരാധന തുടങ്ങിയ പ്രാർത്ഥനാരീതികൾക്ക് തുടക്കമിട്ടതും അദ്ദേഹം തന്നെ. സി.എ.സി. എന്ന സന്ന്യാസിനിസഭയുടെ തുടക്കവും ചാവറയച്ചന്റെ തീരുമാനപ്രകാരമായിരുന്നു. മലയാളത്തിലെ ആദ്യ ഖണ്ഡകാവ്യങ്ങളിലൊന്നായ 'അനസ്താസ്യയുടെ രക്തസാക്ഷ്യം' എഴുതിയത് ചാവറയച്ചനാണ്. 1831 മെയ് 11-ന് അദ്ദേഹം സി.എം.ഐ സഭയ്ക്ക് തുടക്കമിട്ടു. ദളിത് കുട്ടികളെ സൗജന്യമായി പഠിപ്പിക്കുന്നതിനുള്ള പദ്ധതികളും അദ്ദേഹം ആരംഭിച്ചു. കേരളത്തിലെ മൂന്നാമത്തെ അച്ചുകൂടം (പ്രിന്റിംഗ് പ്രസ്) സ്ഥാപിച്ചത് ചാവറയച്ചൻ സ്ഥാപിച്ച സി.എം.ഐ സഭയാണ്. 'നസ്രാണി ദീപിക' പത്രം തുടങ്ങിയത് ഈ അച്ചുകൂടത്തിലായിരുന്നു. മത-സാമൂഹികരംഗത്ത് അനവധി സംഭാവനകൾ നൽകിയ ചാവറയച്ചൻ 1871 ജനുവരി മൂന്നാം തീയതി അന്തരിച്ചു. 

1984 ഏപ്രിൽ ഏഴിന് പോപ്പ് ജോൺ പോൾ രണ്ടാമൻ ചാവറയച്ചനെ 'ദൈവദാസനാക്കി' ഉയർത്തി. 1986 ൽ വാഴ്ത്തപ്പെട്ടവനായി സഭ പ്രഖ്യാപിച്ചു. 2014 നവംബർ 23 ന് ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചു. കുര്യാക്കോസ് ഏലിയാസ് ചാവറയുടെ സേവനങ്ങൾ മാനിച്ച് 1987 ഡിസംബർ 20-ന് ഭാരതം അദ്ദേഹത്തിന്റെ പേരിൽ തപാൽ സ്റ്റാമ്പിറക്കി. ഇന്ന് 400-ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അദ്ദേഹം തുടക്കമിട്ട സി.എം.ഐ സഭയുടേതായുണ്ട്. തൃശ്ശൂരിലെ അമല മെഡിക്കൽ കോളേജ്, കളമശ്ശേരി രാജഗിരി എഞ്ചിനീയറിംഗ് കോളേജ് എന്നിവ ഇതിൽ പ്രമുഖമാണ്. 

PSC ചോദ്യങ്ങൾ

1. ചാവറയച്ചന്റെ ഭൗതികാവശിഷ്ടം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് - മാന്നാനം

2. കുര്യാക്കോസ് ഏലിയാസ് ചാവറ ജനിച്ച വർഷം - 1805

3. ഓരോ പള്ളിക്കൊപ്പവും ഒരു പള്ളിക്കൂടം എന്ന ആശയം മുന്നോട്ടുവെച്ച നവോത്ഥാന  നായകൻ - ചാവറയച്ചൻ

4. വൈദേശികസഹായം കൂടാതെ അച്ചുകൂടം സ്ഥാപിച്ച ആദ്യ മലയാളി - ചാവറയച്ചൻ

5. സാക്ഷരതയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ട കേരളത്തിലെ സാമൂഹിക പരിഷ്‌കർത്താവ് - ചാവറ കുര്യാക്കോസ് ഏലിയാസ്

6. വിദേശീയരുടെ സഹായമില്ലാതെ കേരളത്തിൽ ആദ്യമായി അച്ചടിശാല സ്ഥാപിച്ചത് ആരുടെ നേതൃത്വത്തിൽ - കുര്യാക്കോസ് ഏലിയാസ് ചാവറ

7. സെന്റ് ജോസഫ് പ്രസ്സിൽ അച്ചടിച്ച ആദ്യ പുസ്തകം - ജ്ഞാനപീയുഷം

8. നസ്രാണി ദീപിക ആദ്യമായി അച്ചടിച്ച പ്രസ്സ് - സെന്റ് ജോസഫ് പ്രസ്സ്

9. കേരളത്തിലെ ആദ്യ കത്തോലിക്കാ സംസ്കൃത സ്കൂൾ ആരംഭിച്ചതെവിടെ - മാന്നാനം (കോട്ടയം), കൂനമ്മാവ് (എറണാകുളം)

10. 'അമലോത്ഭവദാസ സംഘം' സ്ഥാപിച്ചത് - ചാവറയച്ചൻ

11. ഇന്ത്യയിലെ ആദ്യ ക്രിസ്തീയ സന്ന്യാസി സഭ - CMI

12. CMI സഭയുടെ ആദ്യ സുപ്പീരിയർ ജനറൽ - ചാവറയച്ചൻ