കേരളത്തിലെ ദൃശ്യ കലാരൂപങ്ങൾ

ചരിത്രാതീത കാലം മുതൽക്കേയുള്ള കലയുടെ ചരിത്രം പറയാനാവുന്ന നാടാണ് കേരളം. കേരളത്തിലെ ശാസ്ത്രീയ കലകൾ ഉദയം കൊണ്ടതും വളർന്നതും ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ്. ക്ഷേത്രാചാരങ്ങൾ, ഉത്സവങ്ങൾ, അനുഷ്ഠാനങ്ങൾ എന്നിവയുടെ നിർവ്വഹണത്തിന് കലാരൂപങ്ങൾ അനിവാര്യമായിരുന്നു. ദർശനത്തിലൂടെ മനസ്സിനെ സന്തോഷിപ്പിക്കുന്ന കലകളാണ് ദൃശ്യകലകൾ. ചിത്രകല, ശിൽപകല, കരകൗശല വിദ്യ, വാസ്തു വിദ്യ എന്നിവ ദൃശ്യകലകൾക്ക് ഉദാഹരണങ്ങളാണ്. 

■ ചിത്രകല

കളമെഴുത്തുപോലുള്ള അനുഷ്ഠാന കലകളിലെ ചിത്രങ്ങൾ മുതൽ ആധുനിക ചിത്രകലാ സമ്പ്രദായങ്ങൾ വരെ നീളുന്ന ചിത്രകലാ പാരമ്പര്യം കേരളത്തിനുണ്ട്. ഗുഹാ ചിത്രങ്ങൾ, ചുവർ ചിത്രകല, കളമെഴുത്ത്, കോലമെഴുത്ത്, മുഖത്തെഴുത്ത്, മുഖാവരണങ്ങൾ എന്നിങ്ങനെ ചിത്രകലയെ പലരീതിയിൽ തിരിക്കാം.

1. ഗുഹാ ചിത്രങ്ങൾ

കേരളത്തിലെ ഏറ്റവും പഴക്കമുള്ള രേഖാചിത്രങ്ങൾ വയനാട്ടിലെ സുൽത്താൻ ബത്തേരിക്കടുത്തുള്ള എടയ്ക്കൽ ഗുഹയിലാണുള്ളത്. എടയ്ക്കലിലെ ഗുഹാ ചിത്രങ്ങൾ ശിലായുഗ കാലഘട്ടത്തിലേതെന്ന് കരുതപ്പെടുന്നു. ബി.സി 7000-ത്തിലേതാണ് ഈ ഗുഹാ ചിത്രങ്ങളെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. മനുഷ്യന്റെയും മൃഗങ്ങളുടെയും കല്ലിൽ കൊത്തിയ രേഖാ ചിത്രങ്ങളും പ്രാചീന ബ്രഹ്മി ലിപിയും എടയ്ക്കൽ ഗുഹയിലുണ്ട്. 1901ൽ ഫ്രെഡ് ഫോസെറ്റ് എന്ന ബ്രിട്ടീഷ് പോലീസുദ്യോഗസ്ഥനാണ് ഈ ചിത്രങ്ങൾ കണ്ടെത്തിയത്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ പെരുങ്കടവിള ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നതാണ് പാണ്ഡവൻപാറ. വയനാട്ടിലെ എടക്കൽ ഗുഹകളിലെ കൊത്തുപണികളിലെന്നപോലെ മൂർച്ചയുള്ള കൽഉപകരണങ്ങൾ ഉപയോഗിച്ചാണ് പാണ്ഡവൻപാറയിലെയും പെട്രോഗ്ലിഫുകൾ നിർമിച്ചിരിക്കുന്നത്. കൊല്ലം ജില്ലയിലെ ഷെന്തുരുണി വനങ്ങളിലെ ഗുഹാചിത്രങ്ങൾ മധ്യശിലായുഗം കാലഘട്ടത്തിലുള്ളതാണെന്ന് കരുതപ്പെടുന്നു. ചരിത്രാതീതകാലത്തെ  ചിത്രങ്ങൾ കാണപ്പെടുന്ന കേരളത്തിലെ മറ്റൊരു സ്ഥലമാണ് ഇടുക്കി ജില്ലയിലെ മറയൂരിലെ കൂടക്കാട് ചന്ദന സംരക്ഷണവനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാനൈറ്റ് പാറയായ എഴുത്തുപുരഗുഹ. സർപ്പക്കുടംപോലെ കാണപ്പെടുന്ന എഴുത്തുപുര ഗുഹ 'ചിത്രങ്ങളുടെ ഗുഹ' എന്നറിയപ്പെടുന്നു. 

2. ചുവർച്ചിത്രങ്ങൾ

ആരാധനാലയങ്ങളിലെയും കൊട്ടാരങ്ങളിലെയും ഭിത്തികളിൽ പ്രകൃതിദത്ത ചായങ്ങളുപയോഗിച്ച് വരച്ചിട്ടുള്ളച്ചിത്രങ്ങളാണ് ചുവർച്ചിത്രങ്ങൾ. കുമ്മായം തേച്ച പ്രതലത്തിൽ മനയോല, കോലരക്ക്, ചായില്യം, അമരിനീലം, കടുക്ക, വിവിധതരം ഇലകൾ, ധാതുമണൽ എന്നിവയുപയോഗിച്ച് സവിശേഷ ശൈലിയിൽ വരച്ചചിത്രങ്ങളാണിവ. ദേവീദേവന്മാരുടെ ചിത്രങ്ങളും പുരാണകഥാരംഗങ്ങളുടെ ആഖ്യാനവുമാണ് ചുവർചിത്രങ്ങളിലുള്ളത്.

കേരളത്തിലെ ചുവർചിത്രങ്ങളെ കാലഗണനാക്രമത്തിൽ നാലായി തരംതിരിക്കാം - പ്രാഥമികഘട്ടം, പ്രാഥമികാനന്തരഘട്ടം, മധ്യകാലഘട്ടം, മധ്യകാലാനന്തരഘട്ടം. തിരുനന്ദികര, കാന്തളൂർ, ത്രിവിക്രമമംഗലം, പാർഥിവപുരം എന്നീ ക്ഷേത്രങ്ങളിലെ ചുവർചിത്രങ്ങൾ പ്രാഥമികഘട്ടത്തിൽ വരച്ചതെന്ന് കരുതപ്പെടുന്നു. മട്ടാഞ്ചേരിയിലെ രാമായണചിത്രങ്ങൾ, തൃശ്ശൂർ വടക്കുന്നാഥൻ, തിരുവഞ്ചിക്കുളം എന്നീ ക്ഷേത്രങ്ങളിലെ ചുവർചിത്രങ്ങൾ പ്രാഥമികാനന്തര ഘട്ടത്തിൽ വരച്ചതെന്ന് കരുതപ്പെടുന്നു. തൃപ്രയാർ, തിരുവനന്തപുരത്തെ പദ്‌മനാഭസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലും പദ്‌മനാഭപുരം, കൃഷ്ണപുരം (ഗജേന്ദ്രമോക്ഷം ചുവർചിത്രം) എന്നീ കൊട്ടാരങ്ങളിലെയും ചുവർചിത്രങ്ങൾ മധ്യകാലഘട്ടത്തിൽ വരച്ചതെന്ന് കരുതപ്പെടുന്നു. കേരളത്തിന്റെ സ്വന്തം ശൈലിയിലുള്ള ചുവർചിത്രങ്ങളിൽ ഏറ്റവും പഴക്കംചെന്ന ചുവർചിത്രം എന്ന് വിശ്വസിക്കപ്പെടുന്നത് തിരുനന്ദിക്കര ഗുഹാക്ഷേത്രത്തിലെ ചുവർചിത്രമാണ് (കന്യാകുമാരി).

പത്മനാഭപുരം കൊട്ടാരത്തിലെ മഹാവിഷ്ണു, പൂതനാമോക്ഷം, ബകവധം, കാളിയമർദ്ദനം, ശ്രീരാമപട്ടാഭിഷേകം എന്നിങ്ങനെയുള്ള ചിത്രങ്ങൾ പ്രസിദ്ധങ്ങളാണ്. പനയനാർകാവ് ക്ഷേത്രം, മലപ്പുറം കോട്ടയ്ക്കൽ ശിവക്ഷേത്രം, ഏറ്റുമാനൂർ ക്ഷേത്രം, കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് പുണ്ഡരീകപുരം ക്ഷേത്രം എന്നിവിടങ്ങളിലെ ചിത്രങ്ങളും മട്ടാഞ്ചേരി കൊട്ടാരത്തിലെ ചിത്രങ്ങളും പ്രസിദ്ധമാണ്. ക്രൈസ്തവ ദേവാലയങ്ങളിലും ചുവർച്ചിത്രങ്ങളുണ്ട്. കണ്ണൂർ, കൊരട്ടി, എറണാകുളം ജില്ലയിലെ അകപ്പറമ്പ്, ആലപ്പുഴ ജില്ലയിലെ ചേപ്പാട് എന്നീ പള്ളികളിലെ ക്രിസ്തീയ ചുവർച്ചിത്രങ്ങളും പ്രസിദ്ധങ്ങളാണ്. കോട്ടയം പള്ളിയിൽ ക്രിസ്തുവിന്റെ തിരുവത്താഴം പ്രമേയമായ ചുവർച്ചിത്രമുണ്ട്. കാഞ്ഞൂർ പള്ളിയിലെ ചുവർച്ചിത്രത്തിൽ ടിപ്പുവിന്റെ പടയോട്ടം ചിത്രീകരിച്ചിട്ടുണ്ട്. ഗുരുവായൂരിലും ആറന്മുള വാസ്തു വിദ്യാഗുരുകുലത്തിലും ചുവർച്ചിത്രരചനയ്ക്കു പരിശീലനം നൽകുന്നു.

കേരളത്തിലെ ചിത്രകാരന്മാർ 

കേരളീയ ചിത്രകലയ്ക്ക് ആഗോളപ്രശസ്തി നേടിക്കൊടുത്ത ചിത്രകാരനാണ് രാജാരവിവർമ. യൂറോപ്യൻ ചിത്രകലാശൈലിയും ഭാരതീയ ചിത്ര കലാസമ്പ്രദായവും സമന്വയിപ്പിച്ച ചിത്രകലാശൈലിയാണ് രവിവർമയുടേത്. ചോഴമണ്ഡലം എന്ന ചിത്രകലാകേന്ദ്രത്തിന്റെ സ്ഥാപകനായ കെ.സി.എസ്.പണിക്കർ പ്രസിദ്ധനായ ചിത്രകാരനാണ്. വാക്കുകളും പ്രതീകങ്ങളും എന്ന അദ്ദേഹത്തിന്റെ ചിത്രപരമ്പര വളരെ ശ്രദ്ധിക്കപ്പെട്ടു. എ.എസ്.നമ്പൂതിരി, എം.വി.ദേവൻ തുടങ്ങിയവർ ഇദ്ദേഹത്തിന്റെ ശിഷ്യരാണ്. ചോഴമണ്ഡലത്തിന്റെ മാതൃകയിൽ എം.വി.ദേവൻ സ്ഥാപിച്ച കലാകേന്ദ്രമാണ് മാഹിയിലെ കേരളകലാഗ്രാമം. സി.എൻ.കരുണാകരൻ, ടി.കെ.പത്മിനി തുടങ്ങിയവർ ചിത്രകലയിൽ സ്വന്തം ശൈലി രൂപപ്പെടുത്തിയ ചിത്രരചയിതാക്കളാണ്.

കാർട്ടൂൺ 

ചിരിയും ചിന്തയും സമന്വയിപ്പിച്ച രേഖാചിത്രകലയാണ് കാർട്ടൂൺ. കേരളത്തിലെ എല്ലാ പ്രമുഖ ദിനപത്രങ്ങളിലും കാർട്ടൂൺ പംക്തികളുണ്ട്. കാർട്ടുണിസ്റ്റ് ശങ്കർ, പി.കെ.മന്ത്രി, സാഹിത്യകാരനായ ഒ.വി വിജയൻ, ചലച്ചിത്രകാരനായ അരവിന്ദൻ, അബു എബ്രഹാം, ബി.എം.ഗഫൂർ തുടങ്ങിയവർ കഴിഞ്ഞതലമുറയിലെ ദേശീയതലത്തിൽ പ്രസിദ്ധരായ കേരളീയ കാർട്ടൂണിസ്റ്റുകളാണ്.

3. കളമെഴുത്ത്

കേരളത്തിലെ ചില സമുദായങ്ങളിൽ പണ്ടുമുതലേ നിലവിലിരുന്ന ഒരു അനുഷ്ഠാനമാണ് കളമെഴുത്തും പാട്ടും. പച്ച, മഞ്ഞ, ചുവപ്പ്, കറുപ്പ്, വെളുപ്പ് നിറങ്ങളിലുള്ള പൊടികളും (പഞ്ചവർണപ്പൊടി) അവയുടെ മിശ്രിതങ്ങളും ഉപയോഗിച്ചാണ് കളം വരയ്ക്കുക. കളം ഏതു ദേവതയുടേതാണോ ആ ദേവതയെ പാടി സ്തുതിക്കും. അയ്യപ്പൻ തീയാട്ട്, ഭദ്രകാളിത്തീയാട്ട് എന്നീ അനുഷ്ഠാന കലകളുടെ പ്രധാന ചടങ്ങാണ് കളമെഴുത്ത്.

4. കോലമെഴുത്ത്

കേരളത്തിലെ തമിഴ് ബ്രാഹ്മണർക്കിടയിൽ കോലമെഴുത്ത് പ്രചാരത്തിലുണ്ട്. കുടുംബത്തിലെ സ്ത്രീകൾ എല്ലാ ദിവസവും രാവിലെ വീടിന്റെ മുൻവശത്ത് കോലപ്പൊടി ഉപയോഗിച്ച് 'കോലം' വരയ്ക്കുന്നു. സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയെ സ്വാഗതം ചെയ്യുക എന്നതാണ് 'കോല'ത്തിന്റെ ലക്ഷ്യം.

5. മുഖത്തെഴുത്ത്

ആചാരപരമായ കലാരൂപങ്ങളിൽ കലാകാരന്മാരുടെ മുഖത്തുതേപ്പാണ് മുഖത്തെഴുത്ത്. മുടിയേറ്റ്, തെയ്യം, തിറ, തുള്ളൽ, കഥകളി, കൃഷ്ണനാട്ടം, കൂടിയാട്ടം, കൂത്ത് തുടങ്ങിയ കേരളത്തിലെ വിവിധ കലാരൂപങ്ങളിൽ മുഖത്തെഴുത്ത് അനിവാര്യമാണ്.

6. മുഖാവരണങ്ങൾ

പടയണിക്ക് ഉപയോഗിക്കുന്ന മുഖാവരണങ്ങൾ നാടൻ ചിത്രകലയുടെ മറ്റൊരു രൂപമാണ്. കവുങ്ങ് മരത്തിന്റെ പുൽച്ചാടിയിൽ വ്യത്യസ്ത നിറങ്ങളിലുള്ള പൊടികൾ ചേർത്താണ് വിവിധ നിറങ്ങളുള്ള മുഖാവരണങ്ങൾ നിർമ്മിക്കുന്നത്.

■ ശില്പകല 

കല്ല്, തടി, ലോഹം, കളിമണ്ണ് എന്നിവകൊണ്ട് വാർത്തെടുത്തോ, കൊത്തിയെടുത്തോ ഉണ്ടാക്കുന്നവയാണ് ശില്പങ്ങൾ. മഠത്തിൽ വാസുദേവൻ (എം.വി. ദേവൻ), കാനായി കുഞ്ഞിരാമൻ എന്നിവർ കേരളത്തിലെ പ്രമുഖ ശില്പികളാണ്. കാഞ്ഞങ്ങാട് പി. സ്മാരക മന്ദിരം രൂപകല്പനചെയ്തതും കൊല്ലം നെഹ്റുപാർക്കിലെ 'അമ്മയും കുഞ്ഞും' എന്ന പൂർണകായശില്പം നിർമിച്ചതും എം.വി. ദേവനാണ്. ന്യൂമാഹിയിൽ മയ്യഴിപ്പുഴയുടെ തീരത്ത് കലാപഠനത്തിനും സാംസ്ക്കാരിക സംവാദങ്ങൾക്കുമുള്ള വേദിയായ മലയാളകലാഗ്രാമം സ്ഥാപിക്കുന്നതിൽ എം.വി. ദേവൻ മുഖ്യപങ്കുവഹിച്ചു. യക്ഷി (മലമ്പുഴഡാം), ശംഖ് (വേളികടപ്പുറം), ജലകന്യക (ശംഖുംമുഖം), അമ്മയും കുഞ്ഞും (പയ്യാമ്പലം) എന്നിവ കാനായി കുഞ്ഞിരാമന്റെ പ്രശസ്തമായ ശില്പങ്ങളാണ്.

■ കരകൗശല വിദ്യ

കൈകൾ കൊണ്ട് രൂപ കൽപനചെയ്ത് നിർമ്മിച്ചെടുക്കുന്ന വിദ്യക്കാണ് കരകൗശലം എന്ന് വിളിക്കുന്നത്. ഇവ മിക്കവാറും കുടിൽ വ്യവസായങ്ങളായിരിക്കും. ചെറിയ മൺപാത്രങ്ങൾ മുതൽ പതിനായിരങ്ങൾ വിലമതിക്കുന്ന പരവതാനികൾ വരെ കരകൗശല വിദ്യകൊണ്ട് ഉത്പാദിപ്പിക്കുന്നുണ്ട്. യന്ത്രങ്ങളുടെ ഉപയോഗം വളരെ പരിമിതമായിരിക്കും. മിക്കവാറും കൈകൊണ്ടുണ്ടാക്കുന്ന, വ്യത്യസ്തമായ ഉല്പന്നങ്ങളായിരിക്കും ഇവ.

■ വാസ്തു വിദ്യ

കെട്ടിടങ്ങളുടെയും മറ്റു ഭൗതിക നിർമ്മിതികളുടെയും രൂപപ്പെടുത്തുന്നതിലെ കലയും ശാസ്ത്രവും കൂടിച്ചേർന്നതാണ് വാസ്തുവിദ്യ. ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജിച്ചാണ് വാസ്തു വിദ്യ തയ്യാറാക്കുന്നത്.

PSC ചോദ്യങ്ങൾ

1. ദർശനത്തിലൂടെ മനസ്സിനെ സന്തോഷിപ്പിക്കുന്ന കലകളാണ് - ദൃശ്യകലകൾ 

2. ദൃശ്യകലകൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാം? - ചിത്രരചന, ശിൽപ്പകല, കരകൗശലവിദ്യ, വാസ്തുവിദ്യ 

3. ചിത്രകലയെ പ്രധാനമായും ആറായി തരംതിരിക്കാം. അവ ഏതെല്ലാം? - ഗുഹാചിത്രങ്ങൾ, ചുവർചിത്രകല, കളമെഴുത്ത്, കോലെഴുത്ത്, മുഖത്തെഴുത്ത്, മുഖാവരണങ്ങൾ

4. വയനാട് ജില്ലയിലെ സുൽത്താൻബത്തേരിക്കടുത്തുള്ള പശ്ചിമഘട്ടവും പൂർവഘട്ടവും കൂടിച്ചേരുന്ന ഭാഗമായ അമ്പുകുത്തിമലയിൽ കാണപ്പെടുന്നതാണ് - എടക്കൽ ഗുഹകൾ 

5. ശിലായുഗസംസ്കാര കാലഘട്ടത്തിലെന്ന് കരുതപ്പെടുന്ന ശിലാലിഖിതങ്ങൾ കാണപ്പെടുന്നത് - എടക്കൽ ഗുഹ

6. കേരളത്തിൽ ലഭിച്ചിട്ടുള്ളതിൽ ഏറ്റവും പഴക്കംചെന്ന ലിഖിതങ്ങൾ കണ്ടെത്തിയത് എവിടെയാണ്? - എടക്കൽ ഗുഹയിൽ

7. 1890-കളിൽ എടക്കൽ ഗുഹകൾ കണ്ടെത്തിയ മലബാറിലെ പോലീസ് സൂപ്രണ്ട് - എഫ്. ഫോസെറ്റ്

8.എടക്കൽ ഗുഹകളിൽനിന്ന് ബിസി 6000 കാലഘട്ടത്തിലേതെന്ന് കരുതപ്പെടുന്ന ചിത്രങ്ങൾ കണ്ടത്തിയിട്ടുണ്ട്. ഈ പ്രസ്താവന ശരിയോതെറ്റോ? - ശരി

9. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ പെരുങ്കടവിള ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നതാണ് - പാണ്ഡവൻപാറ

10. വയനാട്ടിലെ എടക്കൽ ഗുഹകളിലെ കൊത്തുപണികളിലെന്നപോലെ മൂർച്ചയുള്ള കൽഉപകരണങ്ങൾ ഉപയോഗിച്ചാണ് പാണ്ഡവൻപാറയിലെയും പെട്രോഗ്ലിഫുകൾ നിർമിച്ചിരിക്കുന്നത്. ഈ പ്രസ്താവന ശരിയോ തെറ്റോ? - ശരി

11. കൊല്ലം ജില്ലയിലെ ഷെന്തുരുണി വനങ്ങളിലെ ഗുഹാചിത്രങ്ങൾ ഏത് കാലഘട്ടത്തിലുള്ളതാണ്? - മധ്യശിലായുഗം (mesolithic or middle stone age)

12. എഴുത്തുപുര ഗുഹ സ്ഥിതിചെയ്യുന്ന ജില്ല - ഇടുക്കി

13. ചിത്രങ്ങളുടെ ഗുഹ എന്നറിയപ്പെടുന്നത് - എഴുത്തുപുര ഗുഹ

14. ഇടുക്കിജില്ലയിലെ മറയൂരിലെ കൂടക്കാട് ചന്ദന സംരക്ഷണവനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാനൈറ്റ് പാറയാണ് - എഴുത്തുപുരഗുഹ (എഴുത്തല)

15. ചരിത്രാതീതകാലത്തെ (Prehistoric) ചിത്രങ്ങൾ കാണപ്പെടുന്നത് - എഴുത്തുപുരഗുഹ

16. സർപ്പക്കുടംപോലെ കാണപ്പെടുന്ന കേരളത്തിലെ ഗുഹ - എഴുത്തുപുര ഗുഹ

17. ക്ഷേത്രങ്ങളിലെയും കൊട്ടാരങ്ങളിലെയും ചുവരുകളിൽ കാണപ്പെടുന്നതാണ് - ചുവർചിത്രങ്ങൾ (Mural painting)

18. കേരളത്തിലെ ചുവർചിത്രങ്ങളെ കാലഗണനാക്രമത്തിൽ നാലായി തരംതിരിക്കാം. അവ ഏതെല്ലാം? - പ്രാഥമികഘട്ടം, പ്രാഥമികാനന്തരഘട്ടം, മധ്യകാലഘട്ടം, മധ്യകാലാനന്തരഘട്ടം

19. പ്രാഥമികഘട്ടത്തിൽ വരച്ചെന്ന് കരുതപ്പെടുന്ന ചുവർചിത്രങ്ങൾ ഏതെല്ലാം? - തിരുനന്ദികര, കാന്തളൂർ, ത്രിവിക്രമമംഗലം, പാർഥിവപുരം എന്നീ ക്ഷേത്രങ്ങളിലെ ചുവർചിത്രങ്ങൾ

20. പ്രാഥമികാനന്തര ഘട്ടത്തിൽ വരച്ചെന്ന് കരുതപ്പെടുന്ന ചുവർചിത്രങ്ങൾ ഏതെല്ലാം? - മട്ടാഞ്ചേരിയിലെ രാമായണചിത്രങ്ങൾ, തൃശ്ശൂർ വടക്കുന്നാഥൻ, തിരുവഞ്ചിക്കുളം എന്നീ ക്ഷേത്രങ്ങളിലെ ചുവർചിത്രങ്ങൾ

21. മധ്യകാലഘട്ടത്തിൽ വരച്ചെന്ന് കരുതപ്പെടുന്ന ചുവർചിത്രങ്ങൾ - തൃപ്രയാർ, തിരുവനന്തപുരത്തെ പദ്‌മനാഭസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലും പദ്‌മനാഭപുരം, കൃഷ്ണപുരം എന്നീ കൊട്ടാരങ്ങളിലും

22. കേരളത്തിന്റെ സ്വന്തം ശൈലിയിലുള്ള ചുവർചിത്രങ്ങളിൽ ഏറ്റവും പഴക്കംചെന്ന ചുവർചിത്രം എന്ന് വിശ്വസിക്കപ്പെടുന്നത് - തിരുനന്ദിക്കര ഗുഹാക്ഷേത്രത്തിലെ ചുവർചിത്രം (കന്യാകുമാരി)

23. ഗജേന്ദ്രമോക്ഷം ചുവർചിത്രം കാണപ്പെടുന്നത് എവിടെയാണ്? – കൃഷ്ണപുരം കൊട്ടാരം (കായംകുളം)

24. ചിത്രമെഴുത്ത് കോയിത്തമ്പുരാൻ എന്നറിയപ്പെടുന്നത് - രാജാരവിവർമ

25. രാജാക്കന്മാർക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാർക്കിടയിലെ രാജാവും എന്നറിയപ്പെടുന്നത് - രാജാരവിവർമ

26. രാജാരവിവർമയുടെ പ്രസിദ്ധമായ ചിത്രങ്ങൾ - ഏതെല്ലാം? - നളദമയന്തി, നായർസ്ത്രീ, ദർഭമുനകൊണ്ട ശകുന്തള, മലബാർ സുന്ദരി, രാധാമാധവം, അർജുനനും സുഭദ്രയും, ശ്രീകൃഷ്ണനും യശോദയും, ദമയന്തി ഹംസവാദം

27. 1904-ൽ രാജാരവിവർമയ്ക്ക് കൈസർ-ഇ-ഹിന്ദ് എന്ന പദവി നൽകിയ വൈസ്രോയി - കഴ്‌സൺപ്രഭു

28. രാജാരവിവർമ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഓഫ് ആർട്സ് ആൻഡ് കൾച്ചർ സ്ഥിതിചെയ്യുന്നത് - കിളിമാനൂർ

29. രാജാരവിവർമ കോളേജ് ഓഫ് ഫൈൻ ആർട്സ് സ്ഥാപിതമായത് - മാവേലിക്കര

30. ചിത്രകലാരംഗത്ത് മികവ് പുലർത്തുന്നവർക്ക് 2001 മുതൽ കേരള ഗവൺമെന്റ് ഏർപ്പെടുത്തിയ പുരസ്കാരം - രാജാരവിവർമ പുരസ്ക്കാരം

31. 2001-ലെ ആദ്യ രാജാരവിവർമ പുരസ്ക്കാരം ലഭിച്ചത് - കെ.ജി. സുബ്രഹ്മണ്യൻ

32. 2022-ലെ രാജാരവിവർമ പുരസ്കാരം ലഭിച്ചത് - സുരേന്ദ്രൻ നായർ, ജയന്ത് പരീഖ്

33. കേരളത്തിലെ പ്രശസ്തനായ ചിത്രകാരനായ കെ.സി. എസ്. പണിക്കരുടെ പൂർണനാമം - കോവലെഴി ചീരമ്പത്തൂർ ശങ്കരൻപണിക്കർ

34. കെ.സി.എസ്. പണിക്കരുടെ പ്രശസ്ത ചിത്രരചനകൾ - ക്രിസ്തുവും ലാസറും, മലബാർ കർഷകർ, ലുംബിനി, സമാധാനമുണ്ടാക്കുന്നവർ, റിവർ, ഡോഗ്

35. തമിഴ്‌നാട്ടിലെ ചെന്നൈയ്ക്കു സമീപം ചോളമണ്ഡലം കലാഗ്രാമം സ്ഥാപിച്ചത് - കെ.സി.എസ്. പണിക്കർ

36. കേരളത്തിലെ ആദ്യ സ്വകാര്യ അർട്ട് ഗ്യാലറിയായ ചിത്രകൂടം സ്ഥാപിച്ചത് - സി.എൻ. കരുണാകരൻ

37. കേരളത്തിലെ പ്രശസ്തനായ ചിത്രകാരനും ശില്പിയും ആയിരുന്ന വ്യക്തി - കെ.എം. വാസുദേവൻ നമ്പൂതിരി (ആർട്ടിസ്റ്റ് നമ്പൂതിരി)

38. ആർട്ടിസ്റ്റ് നമ്പൂതിരിക്ക് രാജാരവിവർമ പുരസ്കാരം ലഭിച്ച വർഷം – 2003

39. ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ആത്മകഥാംശമുള്ള പുസ്തകം - രേഖകൾ

40. തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ജനിച്ച ചിത്രകാരൻ - കെ. മാധവമേനോൻ

41. ജലച്ചായം (Water colour) ഉപയോഗിച്ച് ചിത്രങ്ങൾ വരച്ചിരുന്ന പ്രസിദ്ധ ചിത്രകാരൻ - കെ. മാധവമേനോൻ

42. കെ. മാധവമേനോന്റെ ചിത്രങ്ങൾ പ്രകൃതിദത്ത ഘടകങ്ങൾക്ക് പ്രത്യേകിച്ച് പേരുകേട്ടവയായിരുന്നു. ഈ പ്രസ്താവന ശരിയോ തെറ്റോ? - ശരി

43. നന്ദലാൽ ബോസ്, അബനീന്ദ്രനാഥ ടാഗോർ എന്നിവരുടെ കീഴിൽ ശാന്തിനികേതനിൽ പരിശീലനം ലഭിച്ചിരുന്ന വ്യക്തി - കെ. മാധവമേനോൻ

44. കേരളത്തിലെ മറ്റു ചിത്രകലാകാരന്മാർ ആരെല്ലാം? – കെ.വി. ഹരിദാസ്, പി.ജെ. ചെറിയാൻ, ലതാദേവി എൻ.ബി.

45. കേരളത്തിലെ പ്രമുഖ ചിത്രകാരനും ശില്പിയുമാണ് - മഠത്തിൽ വാസുദേവൻ (എം.വി. ദേവൻ)

46. കാഞ്ഞങ്ങാട് പി. സ്മാരക മന്ദിരം രൂപകല്പനചെയ്തതും കൊല്ലം നെഹ്റുപാർക്കിലെ 'അമ്മയും കുഞ്ഞും' എന്ന പൂർണകായശില്പം നിർമിച്ചതും ആരാണ്? - എം.വി. ദേവൻ

47. ന്യൂമാഹിയിൽ മയ്യഴിപ്പുഴയുടെ തീരത്ത് കലാപഠനത്തിനും സാംസ്ക്കാരിക സംവാദങ്ങൾക്കുമുള്ള വേദിയാണ് - മലയാളകലാഗ്രാമം

48. മലയാള കലാഗ്രാമം സ്ഥാപിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ചിത്രകാരൻ - എം.വി. ദേവൻ

49. കാനായി കുഞ്ഞിരാമന്റെ പ്രശസ്തമായ ശില്പങ്ങൾ ഏതെല്ലാം? - യക്ഷി (മലമ്പുഴഡാം), ശംഖ് (വേളികടപ്പുറം), ജലകന്യക (ശംഖുംമുഖം), അമ്മയും കുഞ്ഞും (പയ്യാമ്പലം)