ഇന്ത്യൻ ഗതാഗതം

Arun Mohan
0

ഇന്ത്യൻ ഗതാഗതം

ബുള്ളറ്റ് ട്രെയിൻ (Bullet Train in India)

ബുള്ളറ്റ് ട്രെയിനിന്റെ വഴിയിൽ 27 കിലോമീറ്റർ തുരങ്കപാതയും 13 കിലോമീറ്റർ ഭൂഗർഭ പാതയുമാണ്. ഏഴ് കിലോമീറ്റർ സമുദ്രത്തിനടിയിലൂടെയുള്ള തുരങ്ക പാതയിലൂടെയും ബുള്ളറ്റ് ട്രെയിൻ കടന്നു പോവും. മണിക്കൂറിൽ ശരാശരി 250 കിലോമീറ്ററാണ് ബുള്ളറ്റ് ട്രെയിനിന്റെ വേഗം. അഹമ്മദാബാദിലെ സബർമതി സ്റ്റേഷൻ മുതൽ മുംബൈയിലെ ബാന്ദ്രാ കുർള കോംപ്ലക്സ് വരെയുള്ള 508 കിലോമീറ്റർ ദൂരം മൂന്ന് മണിക്കൂർ കൊണ്ട് മറികടക്കാം.

മോണോ റെയില്‍ (Monorail in India)

ഒരു പാളത്തിലൂടെ മാത്രമുള്ള റെയിൽ ഗതാഗത രീതിയാണ് മോണോ റെയിൽ. ടണലുകൾ സ്ഥാപിച്ചോ, അല്ലെങ്കിൽ ഉയർന്ന പ്രതലങ്ങളിലൂടെയോ ആണ് സാധാരണ മോണോ റെയിലുകൾ സ്ഥാപിക്കപ്പെടുന്നത്. വൻനഗരങ്ങളിലെ യാത്രാക്ലേശം പരിഹരിക്കാനാരംഭിച്ച മോണോ റെയിൽ തീവണ്ടികൾ ഇപ്പോൾ ഇന്ത്യയിലുമുണ്ട്. ഇന്ത്യയിലെ ആദ്യ മോണോ റെയിൽ നിലവിൽ വന്നത് മുംബൈയിലാണ്. 2014 ഫെബ്രുവരി 1നാണ് മുംബൈ മോണോ റെയിൽ നിലവിൽ വന്നത്. വഡാല മുതൽ ചെമ്പൂർ വരെ 8.26 കിലോമീറ്ററാണ് ദൂരം. മുംബൈ മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്മെന്റ് അതോറിറ്റിയാണ് (MMRDA) മുംബൈ മോണോറെയിൽ പദ്ധതി നടപ്പിലാക്കിയത്. കേരളത്തിലെ മോണോറെയിൽ പദ്ധതികൾ ആലോചനയിൽ ഉണ്ടായിരുന്നത് തിരുവനന്തപുരം, കോഴിക്കോട് എന്നീ ജില്ലകളിലാണ്.

മെട്രോ റെയിൽ‌വേ (Metro Rail Projects in India)

ഇന്ത്യയിൽ ആദ്യത്തെ മെട്രോ റെയിൽ ആരംഭിച്ചത് 1984 ഒക്ടോബർ 24ന് കൊൽക്കത്തയിലാണ്. ഇന്ത്യയിലെ ആദ്യത്തെ ഭൂഗർഭ തീവണ്ടിപ്പാതയാണിത്. 22.3 കി.മീറ്ററാണ് നീളം. ഡൽഹി, ബംഗളൂരു, ഗുരുഗ്രാം, മുംബൈ, ജയ്‌പുർ, ചെന്നൈ, കൊച്ചി, ലഖ്‌നൗ, ഹൈദരാബാദ്, നോയിഡ, അഹമ്മദാബാദ്, നാഗ്പുർ, കാൺപൂർ എന്നിവയാണ് മറ്റു പ്രധാന മെട്രോ റെയിലുകൾ.

ഇന്ത്യയിലെ റെയിൽവേ സോണുകൾ (Railway Zones in India)

ഇന്ത്യൻ റെയിൽവേയിൽ കൊൽക്കത്ത മെട്രോ റെയിൽവേ ഉൾപ്പെടെ 18 സോണുകളാണുള്ളത്. ഏറ്റവും കൂടുതൽ റൂട്ട് ദൈർഘ്യമുള്ളത് നോർത്ത് സോണിനാണ്. കേരളം, റെയിൽവേയുടെ തെക്കൻ സോണിലാണ് പെടുന്നത്. ചെന്നൈ, മധുര, പാലക്കാട്, തിരുച്ചിറപ്പള്ളി, തിരുവനന്തപുരം, സേലം എന്നിവയാണ് ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള ഡിവിഷനുകൾ.

കൊങ്കൺ റെയിൽവേ (Konkan Railways)

മഹാരാഷ്ട്രയിലെ റോഹ മുതൽ കർണാടകയിലെ മംഗളൂരു വരെ 760 കിലോമീറ്റർ ദൂരമാണ് കൊങ്കൺ റെയിൽവേ. 1990 ജൂലായ് 19ന് പബ്ലിക് ലിമിറ്റഡ് കമ്പനിയായി കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് (KRCL) രൂപംകൊണ്ടു. ഇ.ശ്രീധരനായിരുന്നു ചെയർമാനും മാനേജിങ് ഡയറക്ടറും. കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ കൊങ്കൺ റെയിൽവേ പദ്ധതിയിൽ പങ്കാളികളാണ്. നവി മുംബൈയിലെ ബേലാപ്പൂർ ഭവനാണ് ആസ്ഥാനം. 59 സ്റ്റേഷനുകളാണ് കൊങ്കൺ റെയിൽപ്പാതയിലുള്ളത്. 92 തുരങ്കങ്ങളും 1998 റെയിൽപ്പാലങ്ങളുമാണ് കൊങ്കൺ റെയിൽപ്പാതയിലുള്ളത്.

റെയിൽവേ പാതകൾ (Railway Lines in India)

1853ൽ താനെയ്ക്കും ബോംബെയ്ക്കും ഇടയിലാണ് ഇന്ത്യയുടെ ആദ്യ റെയിൽപ്പാത ഉണ്ടായത്. ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലർ ആക്റ്റിനെ തുടർന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായുണ്ടാക്കിയ ധാരണ പ്രകാരമാണ് ഈ റെയിൽപ്പാത നിലവിൽ വന്നത്. 33.79 കിലോമീറ്റർ നീളമുള്ള താനെ-ബോംബെ റെയിൽപ്പാത 1853 ഏപ്രിൽ 16ന് ഉദ്‌ഘാടനം ചെയ്തു. ദ് ഗ്രേറ്റ് ഇന്ത്യ പെനിൻസുലർ റെയിൽവേയും ബോംബെ ബറോഡ ആൻഡ് സെൻട്രൽ റെയിൽവേ ഇന്ത്യയും 1860ൽ സ്ഥാപിതമായി. 1869 മുതൽ പടിഞ്ഞാറൻ തീരങ്ങളിൽ സ്ഥിരം റെയിൽവേ എന്ന ആശയം ഇന്ത്യയിൽ നടപ്പാക്കുകയും ചെയ്തു.  2020 മാർച്ചിലെ കണക്കനുസരിച്ച്, ലോകത്തിലെ നാലാമത്തെ വലിയ റെയിൽശൃംഖലയാണ് ഇന്ത്യൻ റെയിൽവേ. ഏകദേശം 1,26,366 കി.മീ ദൈർഘ്യം വരുന്ന പാതകളും 7,325 സ്റ്റേഷനുകളും ഇതിൽ ഉൾപ്പെടുന്നു. ആകെ വൈദ്യുതീകരിച്ച പാതയുടെ നീളം 39,329 കി.മീ ആണ്.

റെയിൽവേ ഗേജ് (Railway Gauges in India)

റെയിൽവേ ലൈനിൽ രണ്ടു പാളങ്ങൾ തമ്മിലുള്ള അകലമാണ് ഗേജ്. പ്രധാനമായും മൂന്നുതരം ഗേജുകളാണുള്ളത് - ബ്രോഡ് ഗേജ്, മീറ്റർ ഗേജ്, നാരോ ഗേജ്.

ബ്രോഡ് ഗേജ്: 1.676 മീറ്റർ അഥവാ 1676 മില്ലിമീറ്റർ ആണ് ബ്രോഡ്‍ഗേജിൽ രണ്ടു പാളങ്ങൾ തമ്മിലുള്ള അകലം. ഇന്ത്യൻ റെയിൽവേയുടെ റൂട്ട് ദൈർഘ്യത്തിൽ ബഹുഭൂരിപക്ഷവും ബ്രോഡ് ഗേജ് പാതകളാണ്.

മീറ്റർ ഗേജ്: 1 മീറ്റർ (1000 മി.മീ) ആണ് പാളങ്ങൾ തമ്മിലുള്ള അകലം. ഇന്ത്യൻ റെയിൽവേയുടെ ആകെ റൂട്ട് ദൈർഘ്യത്തിൽ രണ്ടാം സ്ഥാനം മീറ്റർ ഗേജ് പാതകൾക്കാണ്.

നാരോ ഗേജ്: 762 മി.മീ, 610 മി.മീ എന്നിങ്ങനെ രണ്ടുതരത്തിൽ പാളങ്ങൾക്കിടയിൽ അകലമുള്ള പാതകൾ ആണ് നാരോ ഗേജിൽ ഉള്ളത്.

റെയിൽവേ നിർമ്മാണ യൂണിറ്റുകൾ

ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്‌സ് (പശ്ചിമ ബംഗാൾ)

ഡീസൽ ലോക്കോമോട്ടീവ് വർക്ക്‌സ് (വാരണാസി, ഉത്തർപ്രദേശ്)

ഡീസൽ - ലോക്കോ മോഡേണൈസേഷൻ വർക്ക്‌സ് (പട്യാല)

ഇന്റഗ്രൽ കോച്ച് ഫാക്ടറി (പേരാമ്പൂർ, ചെന്നൈ)

റെയിൽ കോച്ച് ഫാക്ടറി (കപൂർത്തല, പഞ്ചാബ്)

റെയിൽ വീൽ ഫാക്ടറി (യെലഹങ്ക, ബംഗളൂരു)

ഇന്ത്യയിലെ റെയിൽവേ സ്ഥാപനങ്ങൾ

ഇന്ത്യൻ റെയിൽവേയ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ എഞ്ചിനീയറിംഗ് (പൂനെ (മഹാരാഷ്ട്ര))

ഇന്ത്യൻ റെയിൽവേയ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്നൽ എഞ്ചിനീയറിംഗ് ആൻഡ് ടെലി കമ്യൂണിക്കേഷൻ (സെക്കന്തരാബാദ്)

ഇന്ത്യൻ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെക്കാനിക്കൽ ആൻഡ് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് (ജമാൽപൂർ)

ഇന്ത്യൻ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് (നാസിക്)

ഇന്ത്യൻ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാൻസ്‌പോർട്ട് മാനേജ്‌മെന്റ് (ലഖ്‌നൗ)

ഇന്ത്യൻ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻഷ്യൽ മാനേജ്‌മെന്റ് (സെക്കന്തരാബാദ്)

റെയിൽ ഇന്ത്യ ടെക്‌നിക്കൽ ആൻഡ് ഇക്കണോമിക് സർവീസസ് ലിമിറ്റഡ് (RITES)(ഗുരുഗ്രാം, ഹരിയാന)

ഇന്ത്യൻ റെയിൽവേ കൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ് (IRCON)(ന്യൂഡൽഹി)

കണ്ടെയ്‌നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (CONCOR)(ന്യൂഡൽഹി)

സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റം (CRIS)(ചാണക്യപുരി, ന്യൂഡൽഹി)

ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് (IRCTC)(ന്യൂഡൽഹി)

റെയിൽ ടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (ന്യൂഡൽഹി)

ടൂറിസ്റ്റ് ട്രെയിനുകൾ (Tourist Trains in India)

തീർത്ഥാടന - വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ സർവീസ് നടത്തുന്ന നിരവധി ടൂറിസ്റ്റ് ട്രെയിനുകൾ ഇന്ത്യയിലുണ്ട്. ഇവയിലെ മിക്ക ട്രെയിനുകളുടെ പ്രവർത്തനം നടത്തുന്നത് സംസ്ഥാന ടൂറിസം വകുപ്പും ഇന്ത്യൻ റെയിൽവേയും ചേർന്നാണ്. ഫെയറി ക്വീൻ, മഹാരാജാസ് എക്‌സ്‌പ്രസ്, പാലസ് ഓൺ വീൽസ്, ഡെക്കാൻ ഒഡീസി, ഗോൾഡൻ ചാരിയറ്റ്, റോയൽ ഓറിയന്റ് ട്രെയിൻ, ഹെറിറ്റേജ് ഓൺ വീൽസ്, മഹാ പരിനിർവാൺ സ്പെഷ്യൽ ട്രെയിൻ, ജനം ഭൂമി ഗൗരവ് എക്‌സ്പ്രസ്, ബുദ്ധപരിക്രമ എന്നിവയാണ് ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് ട്രെയിനുകൾ.

എക്‌സ്പ്രസ് ട്രെയിനുകൾ (Express Trains in India)

എക്‌സ്പ്രസ് ട്രെയിനുകളെ പാസഞ്ചർ ട്രെയിനുകളുമായി താരതമ്യം ചെയ്യുമ്പോൾ സർവീസ് തുടങ്ങുന്ന സ്റ്റേഷൻ മുതൽ അന്തിമ സ്റ്റേഷനുമിടയിൽ വളരെ പ്രധാനപ്പെട്ട സ്റ്റോപ്പുകളിൽ മാത്രം നിർത്തുന്നു. അതിനാൽ എക്‌സ്പ്രസ് ട്രെയിനുകൾക്ക് ലോക്കൽ ട്രെയിനുകളേക്കാൾ വേഗത്തിൽ സർവീസ് നടത്താൻ സാധിക്കുന്നു. എക്‌സ്പ്രസ് ട്രെയിനുകൾക്ക് പാസഞ്ചർ സർവീസുകളെക്കാൾ വേഗത കൂടുതൽ ഉള്ളതിനാൽ അവയെ സൂപ്പർഫാസ്റ്റ് ട്രെയിനുകൾ എന്നും വിളിക്കുന്നു.

റെയിൽ ഗതാഗതം (Rail Transport in India)

ലോകത്തിലെ ഏറ്റവും വലിയ റെയിൽ ഗതാഗത ശൃംഖലകളിൽ നാലാമതാണ് ഇന്ത്യൻ റെയിൽവേ.  അമേരിക്ക, റഷ്യ, ചൈന എന്നിവയാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. ഏകദേശം 1,26,366 കി.മി ദൈർഘ്യം വരുന്ന പാതകളും 7325 സ്റ്റേഷനുകളും ഇതിൽ ഉൾപ്പെടുന്നു. വരുമാനത്തിന്റെ 67 ശതമാനവും ചരക്ക് ഗതാഗതത്തിലൂടെയാണ് റെയിൽവേ നേടുന്നത്. ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾക്ക് തൊഴിൽ കൊടുക്കുന്ന സ്ഥാപനമാണ് ഇന്ത്യൻ റെയിൽവേ. ഏകദേശം 12 ലക്ഷത്തോളം ആളുകൾ ഇന്ത്യൻ റെയിൽവേയിൽ ജോലിചെയ്യുന്നുണ്ട്.

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI)

ഇന്ത്യയിൽ വിമാനത്താവളങ്ങളുടെ മേൽനോട്ടം വഹിക്കുന്നത് എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ) ആണ്. 1995 ഏപ്രിൽ ഒന്നിനാണ് എയർപോർട്ട് അതോറിറ്റി രൂപംകൊണ്ടത്. ന്യൂഡൽഹിയിലെ രാജീവ് ഗാന്ധി ഭവൻ ആണ് ആസ്ഥാനം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ 2019 - 2020 ലെ വാർഷിക റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 137 വിമാനത്താവളങ്ങളാണ് ആകെയുള്ളത്. ഇതിൽ 23 എണ്ണം അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ്. 10 എണ്ണം കസ്റ്റംസ് വിമാനത്താവളങ്ങളും 81 എണ്ണം ആഭ്യന്തര സർവീസിനായുള്ള വിമാനത്താവളങ്ങളുമാണ്. അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ 21 എണ്ണമാണ് യാത്രാ ആവശ്യത്തിനായി ഉപയോഗിക്കുന്നത്. മൂന്നെണ്ണം സൈനിക ആവശ്യങ്ങൾക്കായുള്ളതാണ്.

വ്യോമഗതാഗതം (Air Transport In India)

ലോക വ്യോമയാനഭൂപടത്തിൽ ഇന്ത്യ ആദ്യമായി ഇടംനേടിയത് 1927ലാണ്. മറ്റു ലോകരാഷ്ട്രങ്ങളുമായി ആകാശമാർഗം ഇന്ത്യയെ ബന്ധിപ്പിക്കുന്ന 'എയർ നെറ്റ്‌വർക്കിൽ' ആ വർഷം ഇന്ത്യയും അംഗമായി. ബ്രിട്ടന്റെ 'ഇംപീരിയൽ എയർവെയ്‌സ്' ആണ് ഇന്ത്യയിലേക്ക് സർവീസ് നടത്തിയ ആദ്യ വിമാനക്കമ്പനി. കെയ്‌റോ-ബസ്ര-കറാച്ചി-ജോധ്പൂർ-ഡൽഹി റൂട്ടിൽ ഈ വിമാനം സർവീസ് നടത്തി. ഇന്ത്യയിൽ സർവീസ് നടത്തിയ ആദ്യത്തെ യാത്രാവിമാനവും ഇതുതന്നെ.

1932 ഒക്ടോബർ 15. ഇന്ത്യയുടെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു ദിവസമാണിത്. ഇന്ത്യയിലെ ആദ്യ വിമാനം പറന്ന ദിവസം. പറത്തിയതാരെന്നോ? സാക്ഷാൽ ജെ.ആർ.ഡി. ടാറ്റ! കറാച്ചിയിലെ ഡ്രിഗ്‌ റോഡ് എയറോഡ്രോമിൽ നിന്ന് അഹമ്മദാബാദ് വഴി ബോംബയിലേക്കായിരുന്നു ചരിത്രം കുറിച്ച ഈ പറക്കൽ.

1932 ജൂലൈയായിരുന്നു ടാറ്റയുടെ ഏവിയേഷൻ കമ്പനി ആരംഭിച്ചത്. നെവിൽ വിൻസെന്റ് എന്ന വൈമാനികന്റെയും ജെ.ആർ.ഡി ടാറ്റയുടെയും ശ്രമഫലമായി തപാലുകൾ കൊണ്ടുപോകാനുള്ള ഒരു കരാർ അവർക്ക് ലഭിച്ചു. വിൻസെന്റിന്റെ ആശയമായിരുന്നു ഇത്. ഈ ആവശ്യത്തിന് വേണ്ടി ഒക്ടോബർ 15ന് ആദ്യമായി വിമാനം പറത്താൻ ടാറ്റ തീരുമാനിച്ചു. ഇംപീരിയൽ എയർവേയ്‌സിന്റെ തപാലുമായി ഒരു എൻജിൻ മാത്രമുള്ള കൊച്ചുവിമാനത്തിൽ അങ്ങനെ ടാറ്റയും വിൻസെന്റും പറന്നുയർന്നു!

ഇന്ത്യയിലെ വിമാന കമ്പനികൾ (Airlines Companies in India)

1953 ഓഗസ്റ്റ് ഒന്നിന് ഇന്ത്യൻ വ്യോമസേനരംഗം ദേശസാത്കരിച്ചു. ഇന്ത്യൻ എയർലൈൻസും, എയർ ഇന്ത്യയുമായിരുന്നു ആദ്യകാല ദേശീയ വിമാന കമ്പനികൾ. വിദേശ സർവീസുകൾക്കായി എയർ ഇന്ത്യ ഇന്റർനാഷണലിനെ ആ പേരിൽ നിലനിർത്തി. ആഭ്യന്തര സർവീസുകാർക്കായി 'ഇന്ത്യൻ എയർലൈൻസ്' രൂപവത്കരിച്ചു. അപ്പോൾ ഇന്ത്യയിൽ ആഭ്യന്തര വിമാനസർവീസ് നടത്തിയിരുന്ന എട്ട് കമ്പനികളാണുണ്ടായിരുന്നത്. ഡെക്കാൻ എയർവേസ്, എയർവേസ് ഇന്ത്യ, ഭാരത് എയർവേസ്, ഹിമാലയൻ ഏവിയേഷൻ, കലിംഗ എയർലൈൻസ്, ഇന്ത്യൻ നാഷണൽ എയർവേസ്, എയർ ഇന്ത്യ, എയർ സർവീസസ് ഓഫ് ഇന്ത്യ എന്നിവയാണവ. ഇവ കൂട്ടിച്ചേർത്താണ് ഇന്ത്യൻ എയർലൈൻസ് രൂപവത്കരിച്ചത്. 2007ൽ ഇന്ത്യൻ എയർലൈൻസ്, എയർ ഇന്ത്യയിൽ ലയിപ്പിച്ചു. പിന്നീട് നാഷണൽ ഏവിയേഷൻ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് (NACIL) എന്ന കമ്പനി രൂപവത്കരിച്ചു. NACILന്റെ പേര് 2010ൽ എയർ ഇന്ത്യ ലിമിറ്റഡ് എന്നാക്കി. 2021ൽ എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തു.

എയർ ഇന്ത്യയുടെ അനുബന്ധ കമ്പനികൾ

എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട്ട് സർവീസസ് ലിമിറ്റഡ് (AIATSL)

എയർ ഇന്ത്യ എക്‌സ്‌പ്രസ് ലിമിറ്റഡ് (AIXL)

എയർ ഇന്ത്യ എൻജിനീയറിങ് സർവീസസ് ലിമിറ്റഡ് (AIESL)

എയർലൈൻ അലൈഡ് സർവീസസ് ലിമിറ്റഡ് (AASL)

പ്രധാന എയർലൈൻസ് കമ്പനികളും പരസ്യവാചകങ്ങളും

എയർ ഇന്ത്യ - യുവർ പാലസ് ഇൻ ദ സ്കൈ

ജെറ്റ് എയർവേയ്‌സ് - ദി ജോയ് ഓഫ് ഫ്‌ളൈയിങ്

എയർ ഡെക്കാൻ - സിംപ്ലി ഫ്‌ളൈ

എയർ ഏഷ്യ - നൗ എവരിവൺ കാൻ ഫ്‌ളൈ

എയർ ഇന്ത്യ എക്‌സ്പ്രസ് - സിംപ്ലി പ്രൈസ്‌ലെസ്

സ്‌പൈസ് ജെറ്റ് - ഫ്‌ളൈയിങ് ഫോർ എവരിവൺ

ജെറ്റ് വിമാനം (Jet Planes in India)

ഇന്ധനവും വായുവും ചേർന്ന മിശ്രിതം കത്തിയാണ് സാധാരണ ജെറ്റ് എൻജിനുകൾ പ്രവർത്തിക്കുന്നത്. ശബ്ദത്തേക്കാൾ വേഗത്തിൽ കുതിക്കുന്ന വിമാനങ്ങളാണ് സൂപ്പർസോണിക് ജെറ്റ് വിമാനങ്ങൾ. ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ജെറ്റ് വിമാന സർവീസ് എയർ ഇന്ത്യ തുടങ്ങിയത് 1960ലാണ്. അമേരിക്കയിലേക്കായിരുന്നു ഇത്. ബോയിങ് 707 - 437 വിമാനമാണ് സർവീസിനുപയോഗിച്ചത്. 'നന്ദാദേവി' എന്നാണ് വിമാനത്തിന് നൽകിയ പേര്. ഏതെങ്കിലും ഇന്ത്യൻ കമ്പനി അമേരിക്കയിലേക്ക് നടത്തുന്ന ആദ്യത്തെ വിമാനസർവീസായിരുന്നു ഇത്. ലണ്ടൻ വഴി ന്യൂയോർക്കിലേക്കായിരുന്നു ഈ സർവീസ്.

ഗ്രീൻഫീൽഡ് എയർപോർട്ട് (Greenfield Airport)

നിലവിലുള്ള ഒരു വിമാനത്താവളത്തിന് വർധിച്ചുവരുന്ന ഗതാഗത ആവശ്യങ്ങൾ കൈകാര്യം ചെയ്യാനാവാതെ വരുമ്പോൾ അതിനുപകരം സ്ഥാപിക്കപ്പെടുന്നതാണ് ഗ്രീൻഫീൽഡ് എയർപോർട്ട്. കേന്ദ്ര സർക്കാരാണ് അനുമതി നൽകുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെയാണ് നിർമാണം. 2008 മാർച്ച് 14ന് ഉദ്‌ഘാടനം ചെയ്‌ത ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ് പ്രവർത്തനക്ഷമമായ രാജ്യത്തെ ആദ്യത്തെ ഗ്രീൻഫീൽഡ് എയർപോർട്ട്. ബെംഗളൂരുവിലെ അന്താരാഷ്ട്ര വിമാനത്താവളവും ഈ ഗണത്തിൽപെട്ടതാണ്.

Post a Comment

0 Comments
Post a Comment (0)