കേരളത്തിലെ ക്ഷേത്രങ്ങൾ

Arun Mohan
0

കേരളത്തിലെ ക്ഷേത്രങ്ങൾ

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം

തിരുവനന്തപുരം ജില്ലയിലെ കിഴക്കേകോട്ടയിൽ സ്ഥിതിചെയ്യുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ക്ഷേത്രം ലോകത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിൽ ഒന്നാണ്. അനന്തപത്മനാഭൻ പ്രധാന മൂർത്തിയായിട്ടുള്ള ഈ ക്ഷേത്രത്തിന്റെ നിർമ്മിതി കേരള-ദ്രാവിഡ ശൈലികളുടെ സംയോജനമാണ്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രം 'മ്യൂറൽ പഗോഡ' എന്നറിയപ്പെടുന്നു. മുറജപം, ഭദ്രദീപം, അൽപശി ഉത്സവം, പൈങ്കുനി ഉത്സവം, സ്വർഗവാതിൽ ഏകാദശി എന്നിവയാണ് പ്രധാന ഉത്സവങ്ങൾ.

ശബരിമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം

രാജ്യത്തെ തീർത്ഥാടന കേന്ദ്രങ്ങളിൽ മുൻനിരയിലുള്ള ക്ഷേത്രം. അയ്യപ്പനാണ് പ്രധാന പ്രതിഷ്ഠ. എല്ലാ ജാതി-മത-സമുദായത്തിലുള്ളവർക്കും പ്രവേശനമുള്ള ഈ ക്ഷേത്രം പത്തനംതിട്ട ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. ഇന്ത്യയിൽ ഒരു സീസണിൽ ഏറ്റവുമധികം വരുമാനമുള്ള ക്ഷേത്രം. മണ്ഡലപൂജ, മകരവിളക്ക് എന്നിവ പ്രധാന ആഘോഷമായിട്ടുള്ള ഈ ക്ഷേത്രത്തിൽ നവംബർ മുതൽ ജനുവരി പകുതി വരെയാണ് തീർത്ഥാടന സമയം.

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം

"ദക്ഷിണേന്ത്യയിലെ ദ്വാരക" എന്നറിയപ്പെടുന്ന ഗുരുവായൂർ ക്ഷേത്രം തൃശ്ശൂർ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. ഏകദേശം 5000 വർഷത്തോളം പഴക്കം കണക്കാക്കുന്ന ക്ഷേത്രവും അകത്തുള്ള അലങ്കാര നിർമ്മിതികളും കേരളീയ വാസ്‌തുശൈലിയുടെ സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ്. ഗുരുവായൂർ ഏകാദശി, ഗുരുവായൂർ ആറാട്ട് എന്നിവയാണ് പ്രധാന ഉത്സവങ്ങൾ.

ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം

ആലപ്പുഴയിൽ നീരേറ്റുപുറം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് 3000 വർഷത്തെ ചരിത്രമുണ്ടെന്ന് കരുതുന്നു. അഷ്ടബാഹുക്കളോടു കൂടിയ വനദുർഗ്ഗ പ്രധാന പ്രതിഷ്ഠയായിട്ടുള്ള ക്ഷേത്രത്തിന്റെ രണ്ടു വശങ്ങളിൽ കൂടി പമ്പയും മണിമലയാറും ഒഴുകുന്നു. വൃശ്ചികമാസത്തിലാണ് (നവംബർ - ഡിസംബർ) വിഖ്യാതമായ ചക്കുളത്തുകാവ് പൊങ്കാല നടക്കുക. മധ്യതിരുവിതാംകൂറിലെ 'സ്ത്രീകളുടെ ശബരിമല' എന്നറിയപ്പെടുന്നു.

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം

ആലപ്പുഴ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ നിത്യനൈവേദ്യമായ പാൽപ്പായസം ലോകപ്രശസ്തമാണ്. ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്ന ക്ഷേത്രം. പാർത്ഥസാരഥി സങ്കല്പത്തിൽ വലതുകൈയിൽ ചമ്മട്ടിയും ഇടതുകൈയിൽ പാഞ്ചജന്യവുമായി നിൽക്കുന്ന ശ്രീകൃഷ്ണ രൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ. 12 വർഷത്തിലൊരിക്കൽ അവതരിപ്പിക്കുന്ന ക്ഷേത്രത്തിലെ പള്ളിപ്പാന പ്രസിദ്ധമാണ്. കുഞ്ചൻ നമ്പ്യാർ ഓട്ടൻ തുള്ളൽ അവതരിപ്പിച്ചത് ഇവിടെയാണെന്നാണ് വിശ്വാസം.

പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം

പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം എന്നും അറിയപ്പെടുന്നു. ശ്രീ മുത്തപ്പൻ എന്ന ശൈവ സങ്കൽപ്പത്തിലധിഷ്ഠിതമായ ദൈവരൂപമാണ് പ്രധാന മൂർത്തി. നിത്യവും തെയ്യം അരങ്ങേറുന്ന ഈ ക്ഷേത്രം കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിൽ വളപ്പട്ടണം പുഴയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. വെള്ളച്ചാട്ടം, തിരുവപ്പന എന്നിങ്ങനെ രണ്ട് പ്രധാന അനുഷ്ഠാനങ്ങൾ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്.

അനന്തപുരം തടാക ക്ഷേത്രം

കേരളത്തിലെ ഏക തടാക ക്ഷേത്രമാണ് അനന്തപുരം തടാക ക്ഷേത്രം. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പത്മനാഭസ്വാമിയുടെ മൂലസ്ഥാനം അനന്തപുരം തടാക ക്ഷേത്രമാണെന്നാണ് വിശ്വാസം. കാസർഗോഡ് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം ഒമ്പതാം നൂറ്റാണ്ടിൽ നിർമിതമായതാണ്. ബബിയ എന്ന സസ്യാഹാരിയായ മുതല ഈ ക്ഷേത്രത്തിലെ തടാകത്തിലെ നിറസാന്നിദ്ധ്യമാണ്.

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം

ചുവർ ചിത്രങ്ങൾക്ക് പേരുകേട്ട ഏറ്റുമാനൂർ ക്ഷേത്രം കോട്ടയം ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവമാണ് ഏഴരപൊന്നാന എഴുന്നള്ളത്ത്. കുംഭമാസത്തിൽ (ഫെബ്രുവരി-മാർച്ച്) നടക്കുന്ന ഈ എഴുന്നള്ളത്തിൽ പ്ലാവിൻ തടിയിൽ നിർമ്മിച്ച് സ്വർണപാളികളാൽ പൊതിഞ്ഞ ഏഴ് ആനകളും (2 അടി ഉയരം), ഒരടി ഉയരത്തിലുള്ള ഒരു ആനയുമാണ് ഉള്ളത്. ധനുമാസത്തിലെ (ഡിസംബർ-ജനുവരി) തിരുവാതിര, മഹാശിവരാത്രി എന്നിവയാണ് മറ്റ് പ്രധാന ഉത്സവങ്ങൾ.

ശ്രീ വടക്കുംനാഥ ക്ഷേത്രം

കേരളത്തിൽ പരശുരാമൻ നിർമിച്ച 108 ശിവാലയങ്ങളിൽ ഒന്നാണിത്. തൃശ്ശൂർ ജില്ലയിൽ സ്ഥിതിചെയ്യുന്നു. 2015ൽ പൈതൃക സംരക്ഷണ മികവിന് യുനെസ്‌കോ നൽകുന്ന 'യുനെസ്കോ ഏഷ്യ-പസിഫിക് ഹെറിറ്റേജ് അവാർഡ് ഈ ക്ഷേത്രത്തിന് ലഭിച്ചു.

മംഗളാദേവി ക്ഷേത്രം

ഇടുക്കി ജില്ലയിലെ കുമളിയിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏക കണ്ണകി ക്ഷേത്രം. പെരിയാർ ടൈഗർ റിസർവിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീ ഭദ്രകാളി (കണ്ണകി) ആണ്. 108 ദുർഗ്ഗാലയങ്ങളിൽ ഉൾപ്പെടുന്ന ഈ ക്ഷേത്രം വർഷത്തിൽ ഒരിക്കൽ (ചൈത്രമാസത്തിലെ പൗർണ്ണമി) മാത്രമാണ് പൂജ നടക്കുന്നത്.

തിരുവേഗപ്പുറ ശിവ-ശങ്കരനാരായണ-മഹാവിഷ്ണു ക്ഷേത്രം

പാലക്കാട് ജില്ലയിൽ തൂതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്നു. പരമശിവൻ, പാർവതീദേവി, മഹാവിഷ്ണു, ശങ്കരനാരായണൻ എന്നിവരാണ് പ്രധാന മൂർത്തികൾ.

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം

എറണാകുളം ജില്ലയിൽ ആലുവയിൽ സ്ഥിതിചെയ്യുന്നു. പെരിയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ ശിവനും പാർവ്വതിയുമാണ്. ഈ ക്ഷേത്രത്തിലെ ശ്രീ പാർവ്വതി ദേവിയുടെ നടതുറപ്പ് മഹോത്സവം ചരിത്രപ്രസിദ്ധമാണ്. എല്ലാ വർഷവും ധനുമാസത്തിലെ (ഡിസംബർ - ജനുവരി) തിരുവാതിര നാൾ മുതൽ 12 ദിവസം മാത്രമേ ശ്രീ പാർവ്വതി ദേവിയുടെ നട തുറന്നിരിക്കുകയുള്ളൂ.

തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രം

കോട്ടയം ജില്ലയിലെ തിരുവാർപ്പ് എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്നു. ഇന്ത്യയിൽ ഏറ്റവും ആദ്യം നട തുറന്ന് പൂജ നടക്കുന്ന ക്ഷേത്രം. കംസ വധത്തിന് ശേഷം വിശന്നിരിക്കുന്ന ഭഗവാൻ ശ്രീകൃഷ്ണനാണ് പ്രധാന മൂർത്തി. കേരളത്തിൽ ഗ്രഹണസമയത്ത് നട അടയ്ക്കാത്ത ഏക ക്ഷേത്രം.

ചോറ്റാനിക്കര ഭഗവതി ക്ഷേത്രം

എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിൽ സ്ഥിതിചെയ്യുന്നു. ആദിപരാശക്തി മഹാവിഷ്ണുവിനൊപ്പം പ്രതിഷ്‌ഠിതമായിരിക്കുന്ന ഈ ക്ഷേത്രത്തിൽ ദേവിയെ മൂന്ന് ഭാവങ്ങളിൽ ആരാധിക്കുന്നു. ഈ ക്ഷേത്രത്തിലെ അതിവിശേഷമായ ചടങ്ങാണ് മകം തൊഴൽ. കുംഭമാസത്തിൽ (ഫെബ്രുവരി - മാർച്ച്) രോഹിണി നാളിൽ കൊടി കയറി ഉത്രം നാളിൽ ആറാട്ടോടുകൂടി അവസാനിക്കുന്ന ഒമ്പത് ദിവസത്തെ ഉത്സവം പ്രസിദ്ധമാണ്.

കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ സ്ഥിതിചെയ്യുന്നു. ഈ ക്ഷേത്രത്തിലെ പ്രസിദ്ധമായ കൊടുങ്ങല്ലൂർ ഭരണി എന്ന വാർഷിക ആഘോഷ ചടങ്ങ് മീനമാസത്തിലാണ് (മാർച്ച്-ഏപ്രിൽ) നടക്കുന്നത്. ഉത്സവത്തിലെ പ്രധാന ചടങ്ങ് ഭരണി നാളിന് തലേന്നു അശ്വതി നാളിൽ നടക്കുന്ന കാവു തീണ്ടലാണ്. കേരളത്തിൽ ആദ്യമായി 'ആദിപരാശക്തിയെ' കാളീരൂപത്തിൽ പ്രതിഷ്ഠിച്ചത് ഈ ക്ഷേത്രത്തിലാണ്.

ആറ്റുകാൽ ഭഗവതി ക്ഷേത്രം

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്നു. തിരുവനന്തപുരം ജില്ലയിലെ മണക്കാട്, ആറ്റുകാൽ പ്രദേശത്ത് സ്ഥിതിചെയ്യുന്നു. കിള്ളിയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ പൊങ്കാല ലോക പ്രസിദ്ധമാണ്. ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ (2.5 ദശലക്ഷം) ഒത്തുകൂടുന്ന ഉത്സവം എന്ന പേരിൽ ഗിന്നസ് ബുക്കിൽ ആറ്റുകാൽ പൊങ്കാല സ്ഥാനം പിടിച്ചു. കുംഭ മാസത്തിൽ (ഫെബ്രുവരി-മാർച്ച്) പൂരം നക്ഷത്രം വരുന്ന ദിവസമാണ് ആറ്റുകാൽ പൊങ്കാല നടക്കുന്നത്. പൊങ്കാലയോടനുബന്ധിച്ച് നടക്കുന്ന താലപ്പൊലിയും കുത്തിയോട്ടവും വളരെ പ്രസിദ്ധമാണ്.

Post a Comment

0 Comments
Post a Comment (0)