ശകന്മാർ

Arun Mohan
0

ശകന്മാർ (BC 200  – AD 400)

ഇന്തോ - ഗ്രീക്കുകാർക്കുശേഷം ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ ആധിപത്യമുറപ്പിച്ചത് ശകന്മാരാണ്. മധ്യേഷ്യയിലെ ഗോത്രവർഗ്ഗക്കാരായിരുന്ന സിഥിയന്മാരെയാണ് ഇന്ത്യയിലെ രേഖകൾ ശകന്മാർ എന്നു വിളിക്കുന്നത്. ശകന്മാർ നാടോടികളും ഇടയന്മാരുമായിരുന്നു. പിന്നീട് അവർ കാര്‍ഷികവൃത്തിയിലേക്കു തിരിഞ്ഞു. ഗതാഗതത്തിനായി മൃഗങ്ങളെ ഉപയോഗിക്കാൻ അസാധാരണ വൈദഗ്ദ്ധ്യമുണ്ടായിരുന്ന ശകന്മാർ വ്യാപാരമാര്‍ഗ്ഗങ്ങളുടെ അധിപന്മാരായിത്തീര്‍ന്നു. മധ്യേഷ്യയിലെ മേച്ചില്‍പ്പുറങ്ങൾ വരണ്ടു തുടങ്ങിയപ്പോൾ അവർ കിഴക്കോട്ടു നീങ്ങി. എന്നാൽ ചൈനയിലെ ചക്രവര്‍ത്തിയായിരുന്ന ഷി ഹുവാങ്ടി വന്‍മതിൽ പണിതുയര്‍ത്തി ശകന്മാരുടെ മുന്നേറ്റത്തെ തടഞ്ഞു. ഇതോടെ ശകന്മാർ ബാക്ട്രിയക്കുനേരെ തിരിഞ്ഞു. അവരിൽ ഒരു വിഭാഗം അഫ്ഗാനിസ്ഥാനിൽ താമസമാക്കുകയും മറ്റു ശാഖകൾ ഇന്ത്യയിലേക്ക്‌ കടന്നാക്രമണങ്ങൾ നടത്തുകയും ചെയ്തു.

ബി.സി. ഒന്നാം നൂറ്റാണ്ടിലാണ്‌ ശകന്മാർ ഇന്ത്യ ആക്രമിച്ചത്‌. ഇന്‍ഡോ-ഗ്രീക്കുകാരെക്കാൾ കൂടുതൽ പ്രദേശങ്ങൾ ഇന്ത്യയിൽ അവർ കൈവശപ്പെടുത്തുകയും ചെയ്തു. പഞ്ചാബ്‌, ഗാന്ധാരം, മഥുര, പശ്ചിമേന്ത്യ, ഡക്കാന്റെ ഉയര്‍ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ്‌ ശകന്മാർ ആധിപത്യം സ്ഥാപിച്ചത്. ഇന്ത്യയിലെ ആദ്യത്തെ ശകരാജാവായിരുന്ന മാവുസ്‌ ഗാന്ധാരയിലാണ്‌ ആധിപത്യം സ്ഥാപിച്ചത് (ബി.സി. 80). മാവൂസിന്റെ പിന്‍ഗാമിയായിരുന്ന അസെസ്‌ ഇന്‍ഡോ ഗ്രീക്കുകാരുടെ പ്രദേശങ്ങൾ കൈവശപ്പെടുത്തുകയുണ്ടായി. ബി.സി. 58 ലെ വിക്രമവര്‍ഷവുമായി അദ്ദേഹം ബന്ധപെട്ടിരിക്കുന്നു. ഇന്ത്യയിലെത്തിയ ശകന്മാരിൽ പ്രാമുഖ്യം നേടിയതും നീണ്ടകാലം ഭരണം നടത്തിയതും പശ്ചിമേന്ത്യയിലെ ശകശാഖയാണ്‌. നാല് നൂറ്റാണ്ടുകാലം ഇവിടെ ശകഭരണം നീണ്ടുനിന്നു. പശ്ചിമേന്ത്യയിലെ ശകരാജാക്കന്മാരിൽ ഏറ്റവും പ്രസിദ്ധൻ രുദ്രദാമനാണ്‌ (എ.ഡി. 130-150). സുദര്‍ശന തടാകം പുതുക്കിപ്പണിതതിന്റെ പേരിലാണ്‌ അദ്ദേഹം ചരിത്രത്തിൽ അറിയപ്പെടുന്നത്‌. വരള്‍ച്ചകൊണ്ട്‌ പൊറുതിമുട്ടിയിരുന്ന കത്തിയവാറിലെ കര്‍ഷകര്‍ക്ക്‌ ഇത്‌ വലിയ ആശ്വാസമേകി. വിദേശിയായിരുന്നുവെങ്കിലും ശുദ്ധമായ സംസ്കൃതത്തിൽ ഒരു നീണ്ട ലിഖിതം (ഗിര്‍നാർ ലിഖിതം) ആദ്യമായി തയ്യാറാക്കിയത്‌ രുദ്രദാമനാണ്‌.

ശകന്മാർ ഇന്ത്യയിൽ ക്ഷത്രപ' (സത്രപ) ഭരണരീതി നടപ്പിലാക്കി. ഇതുപ്രകാരം രാജ്യത്തെ പല പ്രവിശ്യകളായി വിഭജിച്ചു. പ്രവിശ്യാഭരണത്തിന്റെ ചുമതല മഹാക്ഷത്രപന്‍" എന്നറിയപ്പെട്ട ഒരു സൈനിക ഗവര്‍ണറെ ഏല്‍പ്പിച്ചു. പ്രവിശ്യകളെ ഉപവിഭാഗങ്ങളായി തിരിക്കുകയും അവയെ സത്രപന്മാരുടെ" നിയന്ത്രണത്തിലാക്കുകയും ചെയ്തു. ശകരാജാക്കന്മാർ നാണയങ്ങൾ പുറത്തിറക്കിയിരുന്നു. അവയിൽ ചിലതിൽ രണ്ടു രാജാക്കന്മാരുടെ പേരുകളുണ്ട്‌. ശകന്മാരുടെ വരവ്‌ പരോക്ഷമായിട്ടാണെങ്കിലും വിക്രമാബ്ദത്തിന്റെ ആരംഭത്തിന് പരിസരമൊരുക്കി. ബി.സി. 58-ൽ ഉജ്ജയിനിയിലെ വിക്രമാദിത്യൻ എന്ന രാജാവ്‌ ശകരാജാവിനെ (അസെസ്‌) തോല്‍പ്പിച്ചുവെന്നും അതിന്റെ വിജയം ആഘോഷിക്കാൻ വിക്രമാബ്ദം എന്ന പുതിയ സംവത്സരം തുടങ്ങി എന്നും കരുതപ്പെടുന്നു. കൃതവര്‍ഷം, മാളവവര്‍ഷം എന്നീ പേരുകളിലും അത്‌ അറിയപ്പെടുന്നു.

PSC ചോദ്യങ്ങൾ

1. ശക ഭരണകർത്താവ് രുദ്രദാമൻ ഒന്നാമൻ മകളെ വിവാഹം കഴിച്ചുകൊടുത്തത് ആർക്ക്? - വസിഷ്ടിപുത്രൻ

2. പുരാതന സംസ്കൃത ശിലാലിഖിതം ആരുടെ കാലത്തുള്ളതാണ്? - രുദ്രദാമൻ ഒന്നാമന്റെ

3. ക്രിസ്ത്യൻ യുഗത്തിന്റെ ആരംഭത്തിൽ ശകർ എവിടെ അടിത്തറ പാകി? - ശകസ്ഥാനിൽ

4. രുദ്രദാമൻ ഒന്നാമൻ സാമ്രാജ്യത്തിന്റെ തെക്കേ അതിർത്തി എവിടെ വരെ വികസിപ്പിച്ചു? - കൊങ്കൺ വരെ

5. രുദ്രദാമൻ ഒന്നാമൻ പ്രകാശനം ചെയ്ത ആദ്യത്തെ നീളം കൂടിയ ശിലാലിഖിതം ഏത് ഭാഷയിൽ ആയിരുന്നു? - സംസ്കൃതത്തിൽ

6. ഇന്ത്യയുടെ വടക്കു ഭാഗത്തുവച്ച് അവസാനത്തെ ഗ്രീക്ക് രാജാവിനെ വിജയകരമായി ആക്രമിച്ച ആദ്യത്തെ ശകരാജാവ് ആര്? – ഹിപ്പോസ്ട്രാറ്റോസ്

7. രാജപദവി മകനുപകരം സഹോദരന് കൈമാറിയിരുന്നത് ആര്? - ഉജ്ജയിനിയിലെ ശകസത്രപന്മാർ

Post a Comment

0 Comments
Post a Comment (0)