ചരിത്രാതീതകാലം
ശിലായുഗം
പുരാവസ്തുശാസ്ത്രജ്ഞന്മാരും
പണ്ഡിതന്മാരും ഇന്ത്യയുടെ ചരിത്രത്തെ വളരെയധികം പുറകോട്ടുകൊണ്ടുപോയി. പ്രാക്ചരിത്ര
കാലഘട്ടം അഥവാ ചരിത്രാതീതകാലം മുതലുള്ള ഇന്ത്യയുടെ ചരിത്രപരമായ പരിണാമത്തെ അവർ
പുനർനിർമ്മിക്കാൻ ശ്രമിച്ചു. ശിലാ-ലോഹ യുഗങ്ങളോടുകൂടിയ ഒരു ചരിത്രാതീതകാലം ഇന്ത്യക്കുണ്ടായിരുന്നു.
ശിലായുഗത്തെ പൊതുവെ മൂന്നുഘട്ടങ്ങളായി തരംതിരിച്ചിട്ടുണ്ട്. പ്രാചീന ശിലായുഗം, മധ്യ ശിലായുഗം, നവീന ശിലായുഗം. ഓരോ കാലഘട്ടത്തിലെയും
ജനങ്ങൾ ഉപയോഗിച്ചിരുന്ന ശിലായുധങ്ങൾ, അവരുടെ
ജീവിതോപായ മാർഗ്ഗങ്ങൾ എന്നിവയെ ആധാരമാക്കിയാണ് ഈ വിഭജനം നടത്തിയിട്ടുള്ളത്.
പ്രാചീന
ശിലായുഗം
ശിലായുഗത്തിന്റെ
പ്രഥമ ഘട്ടത്തെ പ്രാചീന ശിലായുഗം എന്നു വിളിക്കുന്നു. 'പാലിയോ', 'ലിത്തിക്' എന്നീ പദങ്ങളിൽ നിന്നാണ് ഈ വാക്കിന്റെ
ഉത്ഭവം. 'പാലിയോ' എന്നാൽ പ്രാചീനം എന്നും 'ലിത്തിക്' എന്നാൽ ശില എന്നുമാണ് അർത്ഥം.
പ്രാചീനശിലായുഗം വളർച്ച പ്രാപിച്ചത് ഹിമയുഗത്തിലാണ്. പ്രാചീന ശിലായുഗത്തിലെ
മനുഷ്യർ മിനുസപ്പെടുത്താത്ത പരുക്കൻ ശിലായുധങ്ങളാണ് ഉപയോഗിച്ചിരുന്നത്. കൈകോടാലി, വെട്ടുളി, പിളർപ്പുളി, കൽപ്പാളികൾ എന്നിവയാണ് അവരുടെ പ്രധാന
ശിലായുധങ്ങൾ. ഇന്ത്യയിലെ പ്രാചീന ശിലായുഗമനുഷ്യർ ആയുധങ്ങൾ നിർമ്മിച്ചിരുന്നത്
വെള്ളാരൻ കല്ലുകൊണ്ടാണ്. പ്രാചീന ശിലായുഗ മനുഷ്യർ ഇര തേടുന്നവരും
വേട്ടക്കാരുമായിരുന്നു. അവർ ഭക്ഷണം ഉല്പാദിപ്പിച്ചിരുന്നില്ല. തീയുണ്ടാക്കാനോ
മൺപാത്രങ്ങൾ നിർമ്മിക്കാനോ അവർക്ക് അറിയില്ലായിരുന്നു. അവർ ഭക്ഷണം തേടി
ഒരിടത്തുനിന്ന് മറ്റിടങ്ങളിലേക്കു പോകുമായിരുന്നു. പ്രകൃത്യാലുള്ള ഗുഹകളിലും
വൃക്ഷശിഖിരങ്ങൾക്കിടയിൽ കെട്ടിയുണ്ടാക്കിയ ചെറിയ സങ്കേതങ്ങളിലുമാണ് അവർ
താമസിച്ചിരുന്നത്. ഇന്ത്യയിലെ നർമ്മദ താഴ്വര, നിംഖേര, അതിരംപക്കം എന്നിവിടങ്ങളിൽ പ്രാചീന
ശിലായുഗ സൈറ്റുകൾ കണ്ടെത്തിയിട്ടുണ്ട്.
മധ്യശിലായുഗം
പ്രാചീന
ശിലായുഗത്തിൽനിന്ന് നവീന ശിലായുഗത്തിലേക്കുള്ള പരിവർത്തനഘട്ടത്തെയാണ് മധ്യശിലായുഗം
എന്നു വിളിക്കുന്നത്. പ്രാചീന - നവീന ശിലായുഗങ്ങൾക്കിടയിലുള്ള ഈ ഘട്ടം ബി.സി.9000 ഓടെയാണ് ഇന്ത്യയിലാരംഭിച്ചതെന്ന്
കരുതപ്പെടുന്നു. മധ്യശിലായുഗത്തിലെ മനുഷ്യർ 'മൈക്രോലിത്തുകൾ' എന്നറിയപ്പെട്ട ചെറു ശിലായുധങ്ങളാണ്
ഉപയോഗിച്ചിരുന്നത്. മൂർച്ചയുള്ള കത്തി, ഏറുകുന്തം, അമ്പ് എന്നിവയായിരുന്നു അവരുടെ പ്രധാന
ആയുധങ്ങൾ. സ്ഫടികശിലകളുടെ പരന്ന പാളികളിൽനിന്നാണ് 'മൈക്രോലിത്തുകൾ' നിർമ്മിച്ചത്. മധ്യശിലായുഗക്കാർ
വേട്ടക്കാരും ഇടയന്മാരും ആയിരുന്നു. വേട്ടയാടിയും മീൻപിടിച്ചും ഭക്ഷണം ശേഖരിച്ചും
അവർ ജീവിച്ചു. പിൽക്കാലത്ത് അവർ മൃഗങ്ങളെ ഇണക്കി വളർത്താനും തുടങ്ങി.
മധ്യയുഗത്തിന്റെ അവസാനഘട്ടത്തിൽ അവരിൽ ചിലർ തീയുണ്ടാക്കാനും പഠിച്ചു. മധ്യേന്ത്യ, ഛോട്ടാ നാഗ്പൂർ, പശ്ചിമ ബംഗാൾ, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ്
മധ്യശിലായുഗ സംസ്കാരത്തിന്റെ സൈറ്റുകൾ കാണപ്പെടുന്നത്.
നവീനശിലായുഗം
ഇന്ത്യയിൽ
നവീനശിലായുഗം ആരംഭിച്ചത് ബി.സി 6000 ലാണെന്ന് കരുതപ്പെടുന്നു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പല കാലങ്ങളിലാണ് നവീന ശിലായുഗത്തിലേക്കുള്ള
പരിവർത്തനമുണ്ടായത്. നവീനശിലായുഗം മനുഷ്യന്റെ ജീവിതത്തിലെ ഒരു
വഴിത്തിരിവായിരുന്നു. മനുഷ്യൻ കൃഷി ആരംഭിച്ചത് ഈ കാലഘട്ടത്തിലാണ്. അവർ മൃഗങ്ങളെ
ഇണക്കി വളർത്താനും തുടങ്ങി. നാടോടി ജീവിതം ഉപേക്ഷിച്ച് അവർ ഒരിടത്ത്
താമസമാരംഭിച്ചു. ഇതോടെ കാർഷിക ഗ്രാമങ്ങൾ ഉയർന്നുവന്നു. ഈ കാർഷിക സമൂഹങ്ങൾക്ക്
മിചോല്പാദനം നടത്താൻ കഴിഞ്ഞു. മിച്ചം വരുന്ന ധാന്യങ്ങളും മറ്റും
സംഭരിച്ചുവെക്കുന്നതിനായി അവർ മൺപാത്രങ്ങൾ നിർമ്മിച്ചു. പയ്യാംപള്ളി, പുതുക്കോട്ട, കശ്മീർ താഴ്വര, ബേളാൻ താഴ്വര, ചിരാന്ദ്, മസ്കി, ബ്രഹ്മഗിരി, ഹല്ലൂർ, പിക്‌ലിഹൽ, തക്കലക്കോട്ട, ഉത്നൂർ തുടങ്ങിയവ ഇന്ത്യയിലെ
നവീനശിലായുഗ സൈറ്റുകളാണ്.
ശിലാ
- താമ്രയുഗം
നവീന
ശിലായുഗത്തിന്റെ അവസാനത്തോടെ ലോഹങ്ങൾ കണ്ടുപിടിക്കുകയും 'ലോഹയുഗം' ആരംഭിക്കുകയും ചെയ്തു. ആദ്യമായി
കണ്ടുപിടിച്ച ലോഹം ചെമ്പ് ആയിരുന്നു. ചെമ്പിന്റെ ഉപയോഗം മനുഷ്യർ
ആരംഭിച്ചുവെങ്കിലും ശിലകൾകൊണ്ടുള്ള ആയുധങ്ങളും ഉപകരണങ്ങളും
ഉപേക്ഷിക്കപ്പെട്ടിരുന്നില്ല. അതിനാൽ, ശിലകൾകൊണ്ടും
ചെമ്പുകൊണ്ടുമുള്ള ആയുധങ്ങൾ ഉപയോഗിച്ചിരുന്ന കാലഘട്ടത്തെ ശിലാ - താമ്രയുഗം
എന്നുവിളിക്കുന്നു. രാജസ്ഥാൻ,
മഹാരാഷ്ട്ര, മധ്യപ്രദേശ്, ബീഹാർ, ബംഗാൾ എന്നിവിടങ്ങളിൽനിന്ന് ഇതിന്റെ
അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലാദ്യമായി വൻ ഗ്രാമങ്ങൾ സ്ഥാപിച്ചത് ഈ
യുഗത്തിലെ മനുഷ്യരാണ്. ശിലാ - താമ്രയുഗത്തിൽ സാങ്കേതികവിദ്യ ഏറെ പുരോഗതി
പ്രാപിച്ചിരുന്നു. ലോഹവിദ്യ അവർക്കു സുപരിചിതമായിരുന്നു. സാങ്കേതികവിദ്യയിലെ
മുന്നേറ്റം പ്രത്യേക തൊഴിലുകളിൽ ഏർപ്പെടാൻ ജനങ്ങളെ സഹായിച്ചു. ശിലാ -
താമ്രയുഗത്തിലെ മനുഷ്യർക്ക് എഴുത്തുവിദ്യ വശമില്ലായിരുന്നു.
വെങ്കല
യുഗം
ചെമ്പിനോടുകൂടി ഈയമോ നാകമോ ചേർത്ത് കാഠിന്യമുള്ള വെങ്കലം ഉണ്ടാക്കാനുള്ള വിദ്യ കണ്ടെത്തി. ക്രമേണ മനുഷ്യർ വെങ്കലം ഉണ്ടാക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു. വെങ്കലത്തിന്റെ ഉപയോഗം വർദ്ധിച്ചപ്പോൾ ആ കാലഘട്ടം വെങ്കലയുഗം എന്നറിയപ്പെടാൻ തുടങ്ങി.
PSC ചോദ്യങ്ങൾ
1.
ഇന്ത്യയിലെ
പുരാതന ശിലായുഗ മനുഷ്യവർഗ്ഗം - നെഗ്രിറ്റോ വർഗ്ഗക്കാർ
2.
പ്രാചീന
ഇന്ത്യയിൽ ഏറ്റവും പുരാതന മനുഷ്യ സാന്നിദ്ധ്യം കണ്ടെത്തിയത് - സോഹൻ താഴ്വര
3.
ഇന്ത്യാ
ചരിത്രത്തിൽ പ്രാചീന ശിലായുഗ കാലഘട്ടം - BC 12,000 - 8000 BC
4.
മനുഷ്യൻ സ്ഥിരതാമസം
ആരംഭിച്ച കാലഘട്ടം - നവീന ശിലായുഗം
5.
തീയുടെ ഉപയോഗം
കണ്ടെത്തിയ കാലഘട്ടം - നവീന ശിലായുഗം
6.
ഇന്ത്യയിൽ
ഏറ്റവും കൂടുതൽ ശിലായുഗകേന്ദ്രങ്ങൾ ഉദ്ഖനനം ചെയ്യപ്പെട്ടത് - മധ്യപ്രദേശ്
(മധ്യപ്രദേശിലെ ഭിംബേട്‌കയാണ് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ശിലായുഗ കേന്ദ്രം)
7.
നവീനശിലായുഗത്തിന്റെയും, ചെമ്പ് യുഗത്തിന്റെയും. ഇരുമ്പ്
യുഗത്തിന്റെയും,
അവശിഷ്ടങ്ങൾ
ലഭിച്ചിട്ടുളള ഒരേയൊരു ഇന്ത്യൻ പ്രദേശം - കോൾഡിവ (Koldiva)
8.
നവീന ശിലായുഗ
മനുഷ്യരെ പ്രതിനിധീകരിക്കുന്ന ഇന്ത്യയിലെ ഇന്നത്തെ മനുഷ്യവർഗ്ഗങ്ങൾ - ഗോണ്ട്സ്, ഭീൽസ്, സന്താൾ
9.
ലോകത്തിലാദ്യമായി
പരുത്തികൃഷി ആരംഭിച്ചത് - ഇന്ത്യയിൽ
10.
മനുഷ്യൻ ആദ്യമായി
ഉപയോഗിച്ച ലോഹം - ചെമ്പ്
11.
മനുഷ്യൻ ആദ്യമായി
ഉപയോഗിച്ച സങ്കര ലോഹം - വെങ്കലം
12.
ഇന്ത്യൻ
ചരിത്രാതീതകാലത്തിന്റെ പിതാവ് - റോബർട്ട് ബ്രൂസ്‌ഫുട്ട്
13. ഇന്ത്യൻ പുരാവസ്‌തുശാസ്ത്രത്തിന്റെ പിതാവ് - അലക്സാണ്ടർ കണ്ണിംഗ്ഹാം