ചാലൂക്യ രാജവംശം (ചാലൂക്യര്‍)

Arun Mohan
0

ചാലൂക്യ രാജവംശം (AD 543 – AD 753)

ശതവാഹനന്മാരുടെ പതനത്തിനുശേഷം ഡക്കാനിൽ ഉയര്‍ന്നുവന്ന ഒരു പ്രമുഖ രാഷ്ട്രീയശക്തിയാണ് ചാലൂക്യന്മാർ. എ.ഡി. ആറാം നൂറ്റാണ്ടിലാണ്‌ അവർ ഒരു പ്രബലശക്തിയായി മാറിയത്‌. ചാലൂക്യന്മാരുടെ ഉത്ഭവം വ്യക്തമല്ല. അവര്‍ക്കിടയിൽ മൂന്നു ശാഖകൾ ഉണ്ടായിരുന്നു;

(1) പശ്ചിമ ചാലൂക്യന്മാർ അഥവാ വാതാപിയിലെ ചാലൂക്യന്മാർ

(2) പില്‍ക്കാല പശ്ചിമ ചാലൂക്യന്മാർ അഥവാ കല്യാണിയിലെ ചാലൂക്യന്മാർ

(3) കിഴക്കൻ ചാലൂക്യന്മാർ അഥവാ വെംഗിയിലെ ചാലൂക്യന്മാർ

വാതാപിയിലെ ചാലൂക്യന്മാർ

വാതാപിയിൽ (ബദാമി) ചാലൂക്യന്മാരുടെ ആധിപത്യത്തിനു തുടക്കമിട്ടത്‌ ജയസിംഹനാണ്‌. അദ്ദേഹം സ്ഥാപിച്ച രാജവംശം 'പശ്ചിമ ചാലൂക്യര്‍' എന്നറിയപ്പെട്ടു. ഈ രാജവംശത്തിലെ ആദ്യത്തെ പ്രബലനായ രാജാവ്‌ പുലകേശി ഒന്നാമനാണ്‌. അദ്ദേഹം വാതാപിയെ തന്റെ തലസ്ഥാനമാക്കുകയും അവിടെ ഒരു കോട്ട പണികഴിപ്പിക്കുകയും ചെയ്തു.

പശ്ചിമ ചാലൂക്യന്മാരിൽ ഏറ്റവും പ്രസിദ്ധനായ ഭരണാധികാരി പുലകേശി രണ്ടാമനാണ്. അദ്ദേഹം ഹര്‍ഷന്റെ സമകാലികനായിരുന്നു. പുലകേശിയുടെ കൊട്ടാര കവിയായ രവികീര്‍ത്തി രചിച്ച 'ഐഹോൾ പ്രശസ്തി' അദ്ദേഹത്തിന്റെ ആക്രമണങ്ങളെക്കുറിച്ച്‌ വിവരിക്കുന്നുണ്ട്‌. പുലകേശി ഹര്‍ഷനെതിരെ ഉഗ്രമായി പോരാടുകയും അദ്ദേഹത്തെ പരാജയപ്പെടുത്തുകയും ചെയ്തു. ഇത്‌ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നായിരുന്നു.

ചേര-ചോള-പാണ്ഡ്യ രാജാക്കന്മാർ പുലകേശിയുടെ പരമാധികാരം അംഗീകരിച്ചിരുന്നു. എന്നാൽ പല്ലവന്മാരുമായുള്ള ഏറ്റുമുട്ടലിൽ അദ്ദേഹം പരാജയത്തിന്റെ രുചിയറിഞ്ഞു. പല്ലവ രാജാവായ നരസിംഹവര്‍മ്മൻ ഒന്നാമൻ ചാലൂക്യന്മാരെ തുടര്‍ച്ചയായി ആക്രമിച്ചു തോല്‍പ്പിക്കുകയും അവരുടെ തലസ്ഥാനമായ വാതാപിപോലും പിടിച്ചെടുക്കുകയും ചെയ്തു. പല്ലവന്മാരുമായുള്ള ഏറ്റുമുട്ടലിൽ പുലകേശി കൊല്ലപ്പെട്ടു. അവസാനത്തെ ചാലൂക്യ രാജാവായ കീര്‍ത്തിവര്‍മ്മൻ രണ്ടാമനെ രാഷ്ട്രകൂട രാജാവായ ദന്തിദുര്‍ഗൻ പരാജയപ്പെടുത്തിയതോടെ പശ്ചിമ ചാലൂക്യരുടെ മേധാവിത്വം അവസാനിച്ചു (എ.ഡി. 750).

കല്യാണിയിലെ ചാലൂക്യന്മാർ

വാതാപിയിലെ ചാലൂക്യർ അധികാരഭ്രഷ്ടരായതിനുശേഷം രണ്ടുനൂറ്റാണ്ടുകാലം രാഷ്ട്രകൂടന്മാരുടെ സാമന്തരായി കഴിഞ്ഞു. എന്നാൽ പത്താം നൂറ്റാണ്ടിൽ ഒരു പ്രബല രാഷ്ട്രീയശക്തിയായി വീണ്ടും അവർ ഉയിര്‍ത്തെഴുന്നേറ്റു. എ.ഡി. 973-ൽ തൈലപൻ രാഷ്ട്രകൂട രാജാവിനെ പരാജയപ്പെടുത്തി അധികാരം പിടിച്ചെടുത്തു. ഇതോടെ ചാലൂക്യരുടെ ഭരണം പുനഃസ്ഥാപിക്കപ്പെട്ടു. മഹാരാഷ്ട്രയിലെ കല്യാണിയായിരുന്നു പുതിയ ചാലൂക്യ രാജ്യത്തിന്റെ തലസ്ഥാനം. തൈലപൻ സ്ഥാപിച്ച രാജവംശം കല്യാണിയിലെ ചാലൂക്യർ" എന്നറിയപ്പെട്ടു.

അവരുടെ കാലഘട്ടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭവം ചോള-ചാലൂക്യയുദ്ധമാണ്‌. തൈലപന്റെ പിന്‍മുറക്കാരായ എല്ലാ രാജാക്കന്മാര്‍ക്കും ചോളന്മാരുമായി ഏറ്റുമുട്ടേണ്ടിവന്നു. കല്യാണിയിലെ ചാലൂക്യരിൽ ഏറ്റവും പ്രമുഖനായ രാജാവ്‌ വിക്രമാദിത്യൻ ആറാമനാണ്‌ (1076-1126). അദ്ദേഹം ചോളരുമായുള്ള യുദ്ധം തുടരുകയും കുലോത്തുംഗ ചോളനില്‍നിന്ന്‌ വെംഗി പിടിച്ചെടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ രാജ്യം വടക്ക്‌ നര്‍മ്മദ മുതൽ തെക്ക്‌ തുങ്കഭദ്ര വരെ വ്യാപിച്ചിരുന്നു.

വിക്രമാദിത്യൻ കലയെയും സാഹിത്യത്തെയും പ്രോത്സാഹിപ്പിച്ചിരുന്നു. 'വിക്രമാങ്കദേവചരിത'ത്തിന്റെ കര്‍ത്താവായ ബില്‍ഹണൻ അദ്ദേഹത്തിന്റെ ആസ്ഥാന കവിയായിരുന്നു. 'മിതാക്ഷര'ത്തിന്റെ കര്‍ത്താവായ വിജ്ഞാനേശ്വരൻ വിക്രമാദിത്യന്റെ രാജസദസ്സിലാണ്‌ താമസിച്ചിരുന്നത്‌. 1190-ൽ അവസാനത്തെ ചാലൂക്യ രാജാവായ സോമേശ്വരൻ നാലാമനെ യാദവന്മാർ സ്ഥാനഭ്രഷ്ടനാക്കി. ഇതോടെ ഒന്നര നൂറ്റാണ്ടോളം നീണ്ടുനിന്ന കല്യാണിയിലെ ചാലൂക്യ ഭരണത്തിന് തിരശ്ശീല വീണു.

വെംഗിയിലെ ചാലൂക്യന്മാര്‍

വിശാഖപട്ടണം മുതൽ നെല്ലൂര്‍വരെയുള്ള പ്രദേശത്ത്‌ ചാലൂക്യന്മാരിലെ ഒരു ശാഖ ഭരണം നടത്തിയിരുന്നു. ഇവർ കിഴക്കൻ ചാലൂക്യർ" അഥവാ വെംഗിയിലെ ചാലൂക്യര്‍" എന്നറിയപ്പെട്ടു. പുലകേശി രണ്ടാമന്റെ സഹോദരനായ വിഷ്ണു വര്‍ദ്ധനനാണ് ഈ രാജകുടുംബത്തിന്റെ സ്ഥാപകന്‍. പുലകേശിയുടെ രാജ്യത്തിലെ പിഷ്ടപുരം എന്ന പ്രദേശത്തെ വൈസ്രോയിയായിരുന്ന വിഷ്ണുവര്‍ദ്ധനൻ സഹോദരനുമായുള്ള ബന്ധം വിഛേദിച്ച്‌ ഒരു സ്വതന്ത്രരാജ്യം സ്ഥാപിക്കുകയായിരുന്നു.

കിഴക്കൻ ചാലൂക്യരുടെ ആദ്യ തലസ്ഥാനം പിഷ്ടപുരമായിരുന്നു. പിന്നീട്‌ പുരാതന നഗരമായ വെംഗിയിലേക്കും ഒടുവിൽ രാജമഹേന്ദ്രിയിലേക്കും തലസ്ഥാനം മാറ്റുകയുണ്ടായി. വിഷ്ണുവര്‍ദ്ധനനുശേഷം അധികാരത്തിൽ വന്ന രാജാക്കന്മാരെല്ലാം ചാലൂക്യന്മാരുടെ പ്രാബല്യം നിലനിര്‍ത്താൻ ശ്രമിച്ചവരായിരുന്നു. ശക്തിവര്‍മ്മനായിരുന്നു ഈ രാജവംശത്തിലെ അവസാനത്തെ പ്രമുഖനായ രാജാവ്‌. പതിനൊന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ചാലൂക്യന്മാര്‍ക്ക്‌ അവരുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുകയും അവർ ചോളന്മാരുടെ സാമന്തന്മാരായിത്തീരുകയും ചെയ്തു.

PSC ചോദ്യങ്ങൾ

1. ചാലൂക്യന്മാരുടെ തലസ്ഥാനം - വാതാപി

2. ചാലൂക്യവംശത്തിലെ ഏറ്റവും പ്രതാപശാലിയായ ഭരണാധികാരി - പുലികേശി II

3. ഹർഷനെ പരാജയപ്പെടുത്തിയ ചാലൂക്യ രാജാവ് - പുലികേശി II

4. ഏത് നദീതീരത്ത് വെച്ചാണ് ഹർഷനെ പുലികേശി II പരാജയപ്പെടുത്തിയത് - നർമ്മദ

Post a Comment

0 Comments
Post a Comment (0)