ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യം
ഇന്ത്യയിൽ
ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധമായിരുന്നു 1757ലെ പ്ലാസി യുദ്ധം. റോബർട്ട്
ക്ലൈവായിരുന്നു പ്ലാസി യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തെ നയിച്ചത്. ഇന്ത്യയിൽ
ബ്രിട്ടീഷുകാർ ആദ്യമായി ഭരണം പിടിച്ച പ്രദേശം ബംഗാളാണ്. പേരിനൊരു നവാബ്
ഉണ്ടായിരുന്നെങ്കിലും അധികാരം മുഴുവൻ ബ്രിട്ടീഷുകാർക്കായിരുന്നു. ബംഗാളിലെ ആദ്യ
ഗവർണറായി നിയമിതനായ റോബർട്ട് ക്ലൈവിനു കീഴിൽ ഈസ്റ്റ് ഇന്ത്യ കമ്പനി നികുതി പിരിവും
മറ്റും നിയന്ത്രിച്ചു. 1765ൽ റോബർട്ട് ക്ലൈവ് ബംഗാളിൽ ദ്വിഭരണം ഏർപ്പെടുത്തി.
റോബർട്ട് ക്ലൈവിനുശേഷം ബംഗാൾ ഗവർണറായി നിയമിതനായ ഹെൻറി വാൻസിറ്റാർട്ടിന്റെ
കാലത്തായിരുന്നു ബക്സാർ യുദ്ധം. ബ്രിട്ടീഷുകാരുടെ ഇന്ത്യയിലെ ആധിപത്യം ഉറപ്പിച്ച
യുദ്ധമായിരുന്നു ബക്സാർ യുദ്ധം. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ അവധിലെ നവാബിൽ
നിന്ന് 50 ലക്ഷം രൂപ അവർ ഈടാക്കി. 1766 നും 1768 നുമിടയിൽ 50 കോടിയോളം രൂപയാണ് ബംഗാളിനെ ചൂഷണം ചെയ്‌ത്
ബ്രിട്ടീഷുകാർ ഉണ്ടാക്കിയത്. ഇതിന്റെയെല്ലാം ഫലമായി 1770ൽ ബംഗാൾ കടുത്ത ക്ഷാമത്തിന്റെ
പിടിയിലായി.
ദ്വിഭരണം
ബക്‌സാർ യുദ്ധാനന്തരം 1765ൽ മിർജാഫറിന്റെ രണ്ടാമത്തെ പുത്രനായ നൈസാം ഉദ്-ദൗളയെ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ബംഗാളിലെ നവാബാക്കി. തുടർന്ന് കമ്പനി നവാബിനെക്കൊണ്ട് ഒരു കരാർ ഒപ്പിടുവിച്ചു. ഇതുപ്രകാരം നവാബിന്റെ സൈന്യത്തിന്റെ ഭൂരിഭാഗവും പിരിച്ചുവിട്ടു. കൂടാതെ കമ്പനി നിർദേശിക്കുന്ന ഒരു ഡെപ്യൂട്ടി സുബേദാറിൽകൂടി ഭരണം നടത്താമെന്നുമേറ്റു. മുഗൾ ഭരണാധികാരിയായിരുന്ന ഷാ ആലം രണ്ടാമനിൽ നിന്ന് ബംഗാൾ, ബിഹാർ, ഒറീസ പ്രദേശങ്ങളിലെ നികുതി പിരിക്കാനുള്ള അധികാരം (ദിവാനി) കമ്പനി കരസ്ഥമാക്കി. കമ്പനി നേരിട്ട് നികുതി പിരിക്കുകയും ഡെപ്യൂട്ടി സുബേദാർ വഴി പോലീസ്, നീതിന്യായ അധികാരങ്ങൾ നിയന്ത്രണത്തിലാക്കുകയും ചെയ്‌തു. ഇതാണ് 'ദ്വിഭരണം' എന്നറിയപ്പെട്ടത്.