ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയിമാർ

Arun Mohan
0

ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയിമാർ

കാനിംഗ്‌ പ്രഭു (1856-1862)

1856ൽ ഡൽഹൗസി പ്രഭു മാറിയ ഒഴിവിലേയ്ക്ക് നിയമിതനായ കാനിംഗ്‌ പ്രഭു 1858 വരെ രണ്ടു വർഷം ഇന്ത്യയുടെ ഗവർണർ ജനറലായും അതിനുശേഷം 1862 വരെ ഇന്ത്യയുടെ വൈസ്രോയിയും സേവനം അനുഷ്ഠിച്ചു. 1858ലെ ബ്രിട്ടീഷ് രാജ്ഞിയുടെ വിളംബരത്തെ തുടർന്ന് ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യ വൈസ്രോയി ആയി നിയമിതനായി. വിക്ടോറിയ രാജ്ഞിയുടെ വിളംബരം 1858 നവംബറിൽ അലഹബാദ് ദർബാറിൽ വച്ച് വായിച്ചത് കാനിംഗ്‌ പ്രഭുവായിരുന്നു. അദ്ദേഹം ബംഗാൾ റെന്റ് ആക്ട് (1859) കൊണ്ടുവന്നു. 'ഇന്ത്യൻ പീനൽ കോഡ്' (1860) പാസ്സാക്കി. അതുപ്രകാരം 1862 ജനുവരി ഒന്നിന് ഇന്ത്യൻ ശിക്ഷാ നിയമം നിലവിൽ വന്നു. തോമസ് ബാബിംഗ്ടൺ മെക്കാളെയായിരുന്നു ഇന്ത്യൻ പീനൽ കോഡിന്റെ ശില്പി. ഇന്ത്യയിലെ ബ്രിട്ടീഷ് പട്ടാളക്കാർക്കിടയിൽ വൈറ്റ് മ്യൂട്ടിണി നടന്നു (1859). ഇൻഡിഗോ (നീലം) കലാപം (ബംഗാൾ) നടന്നു. ദത്തവകാശനിരോധന നിയമം പിൻവലിച്ചു (1859). ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ചു (1860). ജെയിംസ് വിൽസന്നാണ് ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ചത്. 1861ൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നിലവിൽ വന്നു. ആദായ നികുതി ആരംഭിച്ചു. ഇന്ത്യയിൽ വകുപ്പുവിഭജന സമ്പ്രദായം (പോർട്ട് ഫോളിയോ സമ്പ്രദായം) (1861) നിലവിൽ വന്നു. ഇന്ത്യൻ സിവിൽ സർവീസ് നിയമം (1861) പാസാക്കി. ഇന്ത്യൻ കൗൺസിൽ ആക്ട് (1861) പാസായി. ഇന്ത്യൻ ഹൈക്കോർട്ട് നിയമം (1861) പാസായി.

എൽജിൻ I (1862 - 1863)

വഹാബി ലഹള അടിച്ചമർത്തി. 1862ൽ ഇന്ത്യയിലെ ആദ്യ ഹൈക്കോടതി നിലവിൽ വന്നു. ഇന്ത്യയുടെ ആദ്യ ഹൈക്കോടതി സ്ഥാപിക്കപ്പെട്ടത് കൽക്കട്ടയിലാണ്. 1862ൽ തന്നെ ബോംബെ, മദ്രാസ് എന്നിവിടങ്ങളിൽ മറ്റ് ഹൈക്കോടതികൾ സ്ഥാപിക്കപ്പെട്ടു.

സർ ജോൺ ലോറൻസ് (1864 - 1869)

'പഞ്ചാബിന്റെ രക്ഷകൻ', 'ഇന്ത്യയുടെ രക്ഷകൻ', 'വിജയത്തിന്റെ സംഘാടകൻ' എന്നിങ്ങനെ അറിയപ്പെട്ടു. സമർത്ഥമായ നിഷ്ക്രിയത്വ നയം (Policy of Masterly Inactivity) നടപ്പിലാക്കി. ഇന്ത്യയിൽ വനം വകുപ്പ് (ഇംപീരിയൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്) ആരംഭിച്ചു. ഒറീസ്സയിലും ബുന്ദേൽഘണ്ട് - രജപുത്താന മേഖലകളിലും ക്ഷാമം പടർന്നു പിടിച്ചപ്പോൾ സർ ജോൺ ലോറൻസായിരുന്നു വൈസ്രോയി. ക്ഷാമത്തിന്റെ കാരണത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയമിച്ച കമ്മീഷന്റെ തലവനായിരുന്നു ജോർജ് കാംപ്ബെൽ.

മേയോ പ്രഭു (1869-1872)

സ്റ്റാറ്റിസ്റ്റിക്കൽ സർവേ ഓഫ് ഇന്ത്യക്ക് ആരംഭം കുറിച്ചു. പ്രവിശ്യകൾക്ക് സാമ്പത്തിക അധികാരങ്ങൾ നൽകിക്കൊണ്ട് സാമ്പത്തിക വികേന്ദ്രീകരണം നടപ്പിലാക്കി. ഇന്ത്യൻ ധന വികേന്ദ്രീകരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു. ഇന്ത്യയിൽ കാർഷിക, വാണിജ്യ വകുപ്പുകൾ ആരംഭിച്ചു. കത്തിയവാറിൽ രാജ്കോട്ട് കോളേജും അജ്മീറിൽ മേയോ കോളേജും സ്ഥാപിച്ചു. ഇന്ത്യൻ എവിഡൻസ് ആക്ട് (1872) നടപ്പിലാക്കി. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സെൻസസിന് (1872) നേതൃത്വം നൽകി. ആൻഡമാനിൽവെച്ച് ഷേർ അലി എന്ന തടവുകാരനാൽ വധിക്കപ്പെട്ടു. ഇന്ത്യയിൽ വച്ച് കൊല്ലപ്പെട്ട ഏക വൈസ്രോയിയാണ് മേയോ പ്രഭു.

നോർത്ത്ബ്രൂക്ക് (1872 - 1876)

പഞ്ചാബിലെ കുക കലാപം ഔന്നിത്യത്തിലെത്തിയപ്പോൾ വൈസ്രോയിയായിരുന്നത് നോർത്ത്ബ്രൂക്കാണ്. ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ വകുപ്പ് സ്ഥാപിച്ചു. ആദായ നികുതി അവസാനിപ്പിച്ചു. 1875ൽ വെയ്ൽസ് രാജകുമാരന്റെ ഇന്ത്യാ സന്ദർശന സമയത്ത് അദ്ദേഹമായിരുന്നു വൈസ്രോയി. അഫ്ഗാൻ പ്രശ്നത്തിൽ സാലിസ്ബറി പ്രഭുവിന്റെ നടപടികളിൽ പ്രതിഷേധിച്ച് രാജിവെച്ചു.

ലിട്ടൺ പ്രഭു (1876-1880)

'വൈസ്രോയി ഓഫ് റിവേഴ്‌സ് ക്യാരക്ടർ' എന്നറിയപ്പെടുന്നത് ലിട്ടൺ പ്രഭുവാണ്. അദ്ദേഹം 'ഓവൻ മേരിടിത്ത്' എന്ന തൂലികാ നാമത്തിൽ സാഹിത്യരചന നടത്തിയിരുന്നു. ഇന്ത്യയിൽ ആയുധ നിയമം (1878) (ഇന്ത്യാക്കാർക്ക് ആയുധം കൈവശം വയ്ക്കാൻ ലൈസൻസ് വേണമെന്ന നിയമം) നടപ്പിലാക്കി. ഡൽഹിയിൽ ആദ്യമായി രാജകീയ ദർബാർ (ഡൽഹി ദർബാർ) സംഘടിപ്പിച്ചു. 1877ലെ ഡൽഹി ദർബാറിൽ വച്ച് വിക്ടോറിയ രാജ്ഞിയെ ഇന്ത്യയുടെ ചക്രവർത്തിനിയായി പ്രഖ്യാപിച്ചു. ലിട്ടൺ പ്രഭുവിന്റെ കാലത്താണ് ഡൽഹി ദർബാറിൽ വച്ച് വിക്ടോറിയ രാജ്ഞി 'കൈസർ - ഇ - ഹിന്ദ്' എന്ന പദവി സ്വീകരിച്ചത്. അദ്ദേഹം സിവിൽ സർവ്വീസ് പരീക്ഷ എഴുതുവാനുള്ള പ്രായപരിധി 21 വയസ്സിൽ നിന്ന് 19 വയസ്സായി കുറച്ചു. ഏകീകൃത ഉപ്പു നികുതി ഏർപ്പെടുത്തി. അദ്ദേഹത്തിന്റെ കാലത്താണ് അലിഗഡ് മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് ആരംഭിച്ചത് (1875). 1876 - 78 ലെ മഹാക്ഷാമത്തെക്കുറിച്ച് പഠിക്കാൻ ഒന്നാം ഇന്ത്യൻ ക്ഷാമ കമ്മിഷനെ നിയമിച്ചു. 1878ൽ റിച്ചാർഡ് സ്ട്രാച്ചിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ക്ഷാമ കമ്മീഷൻ നിലവിൽ വന്നു. ഒന്നാം ഇന്ത്യൻ ക്ഷാമ കമ്മീഷൻ എന്നറിയപ്പെടുന്നത് റിച്ചാർഡ് സ്ട്രാച്ചി കമ്മീഷനാണ്. 1878ൽ അദ്ദേഹം പ്രാദേശികഭാഷാ പത്ര നിയമം കൊണ്ടുവന്നു.

റിപ്പണ്‍ പ്രഭു (1880-1884)

'ജനകീയനായ വൈസ്രോയി' (റിപ്പൺ ദി പോപ്പുലർ) എന്നറിയപ്പെട്ടിരുന്നു. 'എന്നെ എന്റെ വാക്കുകൾ കൊണ്ടല്ല പ്രവൃത്തികൊണ്ട് വിലയിരുത്തു' എന്ന് അഭിപ്രായപ്പെട്ടു. 1881ൽ ഇന്ത്യയിൽ ആദ്യ ഔദ്യോഗിക സെൻസസ് നടപ്പിലാക്കി. 1881ൽ ആദ്യ ഫാക്ടറി ആക്ട് പാസാക്കി. ബ്രിട്ടീഷ് ഇന്ത്യയിൽ ബാലവേല നിരോധിച്ച നിയമമായിരുന്നു 1881ലെ ഫാക്ടറി ആക്ട്. ഈ ആക്ട് പ്രകാരം ഏഴു വയസ്സിൽ താഴെയുള്ള കുട്ടികളെ ഫാക്ടറികളിൽ തൊഴിലെടുപ്പിക്കുന്നത് നിരോധിച്ചു. റിപ്പൺ പ്രഭു ഇന്ത്യൻ 'തദ്ദേശ സ്വയം ഭരണത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നു. അദ്ദേഹം 1882ൽ ലോക്കൽ സെൽഫ് ഗവൺമെന്റ് ആക്ട് പാസാക്കി. അദ്ദേഹത്തിന്റെ കാലത്താണ് ഇൽബർട്ട് ബിൽ (1883-84) വിവാദം നടന്നത്. ബ്രിട്ടീഷുകാരെ വിചാരണ ചെയ്യാൻ ഇന്ത്യൻ ജഡ്ജിമാരെ അനുവദിച്ചുകൊണ്ടുള്ള നിയമമാണ് ഇൽബർട്ട് ബിൽ. സിവിൽ സർവീസ് പരീക്ഷ എഴുതാനുള്ള പ്രായപരിധി 19 വയസ്സിൽ നിന്നും 21 ലേയ്ക്ക് പുനഃസ്ഥാപിച്ചു.

ഡഫറിൻ പ്രഭു (1884-1888)

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണ സമയത്തെ വൈസ്രോയി. ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ 'മൈക്രോസ്കോപ്പിക് മൈനോറിറ്റി' എന്നു വിളിച്ചു. മൂന്നാം ആംഗ്ലോ ബർമ്മീസ് യുദ്ധം നടന്നു. പബ്ലിക് സർവ്വീസ് കമ്മീഷൻ (1886) നിലവിൽ വന്നു. പബ്ലിക് സർവ്വീസ് കമ്മീഷന്റെ മറ്റൊരു പേരാണ് ഐച്ചിസൺ കമ്മീഷൻ. ആദ്യമായി ഉയർന്ന സർക്കാർ ഉദ്യോഗങ്ങൾ ഇന്ത്യക്കാർക്കുകൂടി നൽകുന്നതിനെക്കുറിച്ച് പഠിച്ച കമ്മീഷനാണ് ഐച്ചിസൺ കമ്മീഷൻ.

ലാൻസ്ഡൗൺ പ്രഭു (1888 – 1894)

1892ലെ ഇന്ത്യൻ കൗൺസിൽ ആക്ട് പാസാകുമ്പോൾ ഇന്ത്യൻ വൈസ്രോയി. ഇന്ത്യൻ സിവിൽ സർവ്വീസിനെ ഇംപീരിയൽ, പ്രൊവിൻഷ്യൽ, സബോഡിനേറ്റ് എന്നിങ്ങനെ മൂന്നായി തിരിച്ചു. 1891ൽ രണ്ടാം ഫാക്ടറി ആക്ട് പാസ്സാക്കി. പെൺകുട്ടികളുടെ വിവാഹ പ്രായം നിയമം മൂലം 12 വയസ്സായി നിജപ്പെടുത്തിയ ഏജ് ഓഫ് കൺസന്റ് ബിൽ അവതരിപ്പിച്ചു. ബ്രിട്ടീഷ് ഇന്ത്യയേയും അഫ്ഗാനിസ്ഥാനേയും വേർതിരിക്കാൻ ഡ്യൂറന്റ് കമ്മീഷനെ നിയമിച്ചു (നിലവിൽ ഡ്യൂറന്റ് ലൈൻ വേർതിരിക്കുന്നത് പാകിസ്ഥാനേയും അഫ്ഗാനിസ്ഥാനേയും ആണ്).

എൽജിൻ II (1894 – 1899)

1896ൽ ബോംബെയിൽ ആയിരക്കണക്കിനു പേരുടെ മരണത്തിനു കാരണമായ പ്ലേഗ് രോഗബാധയുടെ സമയത്ത് വൈസ്രോയി. 1896 - 97 കാലത്ത് ഉത്തരേന്ത്യയിലുണ്ടായ ക്ഷാമത്തെക്കുറിച്ച് പഠിക്കാൻ എൽജിൻ II ല്യാൾ ക്ഷാമ കമ്മീഷനെ (തലവൻ - ജെയിംസ് ല്യാൾ) നിയമിച്ചു. എൽജിൻ II ന്റെ കാലത്ത് വധിക്കപ്പെട്ട പൂനെയിലെ പ്ലേഗ് കമ്മീഷന്റെ കമ്മീഷണറായിരുന്നു ഡബ്ള്യു.സി.റാന്റ്.

കഴ്‌സൺ പ്രഭു (1899-1905)

1899ൽ എൽജിൻ പ്രഭു രണ്ടാമൻ മാറിയ ഒഴിവിലേയ്ക്ക് നിയമിതനായ കഴ്‌സൺ പ്രഭു 1905 വരെ ഇന്ത്യയുടെ വൈസ്രോയിയായി തുടർന്നു. അദ്ദേഹത്തിന്റെ ഭരണക്കാലത്ത് ക്ഷാമ കമ്മീഷൻ (സർ അന്തോണി മക്ഡോണലിന്റെ നേതൃത്വത്തിൽ), ജലസേചന കമ്മീഷൻ (കോളിൻ സ്കോട്ടിന്റെ നേതൃത്വത്തിൽ), പോലീസ് കമ്മീഷൻ (ആൻഡ്രൂ ഫ്രേസറിന്റെ നേതൃത്വത്തിൽ), വിദ്യാഭ്യാസ കമ്മീഷൻ, സർവ്വകലാശാല കമ്മീഷൻ (1899), ഇന്ത്യൻ കോയിനേജ് ആൻഡ് പേപ്പർ കറൻസി ആക്ട് (1899), കൽക്കട്ട കോർപറേഷൻ ആക്ട് (1899), ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ് ആക്ട് (1904), അഗ്രികൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, വ്യവസായ വാണിജ്യ വകുപ്പ്,  പുരാതന സ്മാരക സംരക്ഷണ നിയമം (1904), ബംഗാള്‍ വിഭജനം (1905) എന്നിവ നടപ്പിലാക്കി.

മിന്റോ രണ്ടാമൻ പ്രഭു (1905-1910)

1905ൽ കഴ്‌സൺ പ്രഭു മാറിയ ഒഴിവിലേയ്ക്ക് നിയമിതനായ മിന്റോ രണ്ടാമൻ പ്രഭു 1910 വരെ ഇന്ത്യയുടെ വൈസ്രോയിയായി തുടർന്നു. അദ്ദേഹത്തിന്റെ കാലത്താണ് ഇന്ത്യൻ മുസ്ലിംലീഗിന്റെ രൂപീകരണം (1906), സൂററ്റ് സമ്മേളനം (1907), ബാലഗംഗാധരതിലകനെ ആറുവര്‍ഷത്തെ ജയില്‍വാസത്തിനുവേണ്ടി ബര്‍മയിലെ മണ്ടലേ ജയിലേയ്ക്കയച്ചതും (1908) തുടങ്ങിയ സംഭവങ്ങൾ നടന്നത്. പത്ര നിയമം (1908), സ്ഫോടക വസ്തു നിയമം (1908), 1909ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്, 1909ലെ ഇന്ത്യന്‍ കൗണ്‍സില്‍സ്‌ ആക്ട്‌ എന്നീ നിയമങ്ങൾ നിലവിൽ വന്നത് മിന്റോ രണ്ടാമൻ പ്രഭുവിന്റെ കാലത്തായിരുന്നു.

ഹാർഡിഞ്ച് രണ്ടാമൻ പ്രഭു (1910-1916)

1910ൽ മിന്റോ രണ്ടാമൻ പ്രഭു മാറിയ ഒഴിവിലേയ്ക്ക് നിയമിതനായ ഹാർഡിഞ്ച് രണ്ടാമൻ പ്രഭു 1916 വരെ ഇന്ത്യയുടെ വൈസ്രോയിയായി തുടർന്നു. 1911 ഡിസംബർ 12ന് ജോർജ് അഞ്ചാമൻ രാജാവും മേരി രാജ്ഞിയും ഇന്ത്യ സന്ദർശിച്ചപ്പോൾ ജോർജ് അഞ്ചാമൻ രാജാവിന് വേണ്ടി അദ്ദേഹം ഡൽഹിയിൽ ദർബാർ സംഘടിപ്പിച്ചു. ഈ ദർബാറിൽ വച്ച് ജോർജ് അഞ്ചാമൻ ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റിയതായി പ്രഖ്യാപിച്ചു. കൂടാതെ ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ അധിപതിയായി ജോര്‍ജ്‌ അഞ്ചാമൻ രാജാവിന്റെ കിരീടധാരണവും ഡൽഹിയിൽ നടന്നു. ബംഗാൾ വിഭജനം റദ്ദു ചെയ്യൽ (1911), ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റൽ (1911), ഡൽഹി ഗൂഢാലോചന (1912), ഗദ്ദാർ പാർട്ടി രൂപംകൊണ്ടു (1913), ഒന്നാം ലോക മഹായുദ്ധത്തിന്റെ ആരംഭം (1914), പ്രവാസ ജീവിതത്തിന്‌ തിരശീലയിട്ട്‌ ദക്ഷിണാഫ്രിക്കയിൽ നിന്ന്‌ ഗാന്ധിജി ഇന്ത്യയിലേക്ക് മടങ്ങിയെത്തി (1915), ഹിന്ദുമഹാസഭ രൂപംകൊണ്ടു (1915), ഹോം റൂൾ ലീഗ് രൂപംകൊണ്ടു (1916), ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി നിർമിക്കാൻ തറക്കല്ലിട്ടു (1916) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ കാലത്ത് നടന്ന പ്രധാന സംഭവങ്ങൾ.

ചെംസ്‌ ഫോര്‍ഡ്‌ പ്രഭു (1916-1921)

1916ൽ ഹാർഡിഞ്ച് രണ്ടാമൻ പ്രഭു മാറിയ ഒഴിവിലേയ്ക്ക് നിയമിതനായ ചെംസ്‌ ഫോര്‍ഡ്‌ പ്രഭു 1921 വരെ ഇന്ത്യയുടെ വൈസ്രോയിയായി തുടർന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ വൈസ്രോയിയായിരുന്ന ചെംസ്‌ ഫോർഡ് പ്രഭുവിന്റെയും സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന മൊണ്ടേഗു പ്രഭുവിന്റെയും നേതൃത്വത്തിൽ ഇന്ത്യയിൽ മൊണ്ടേഗു - ചെംസ്‌ ഫോർഡ് ഭരണ പരിഷ്‌കാരം നടപ്പാക്കി. ഇത് ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1919 എന്നറിയപ്പെട്ടു. ഈ നിയമത്താൽ ബ്രിട്ടീഷ് ഇന്ത്യൻ പ്രൊവിൻസുകളിൽ ദ്വിഭരണം സമ്പ്രദായം നടപ്പിലായി. ലഖ്‌നൗ സമ്മേളനം (1916), ഗാന്ധിജിയുടെ ഇന്ത്യൻ രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശനം (1917), ചമ്പാരൻ സത്യാഗ്രഹം (1917), ആഗസ്റ്റ് പ്രഖ്യാപനം (1917), അഹമ്മദാബാദ് മിൽ സമരം (1918), ഖേദ സത്യാഗ്രഹം (1918), ഒന്നാം ലോക മഹായുദ്ധം അവസാനിക്കൽ (1918), റൗലറ്റ് നിയമം (1919), ജാലിയൻ വാലാബാഗ് കൂട്ടക്കൊല (1919), ഖിലാഫത്ത് പ്രസ്ഥാനം (1919-1920), നിസ്സഹകരണ പ്രസ്ഥാനം (1920) എന്നിവയാണ് ചെംസ്‌ ഫോര്‍ഡ്‌ പ്രഭുവിന്റെ കാലത്ത് നടന്ന പ്രധാന സംഭവങ്ങൾ.

റീഡിംഗ് പ്രഭു (1921-1926)

1921ൽ ചെംസ്‌ ഫോര്‍ഡ്‌ പ്രഭു മാറിയ ഒഴിവിലേയ്ക്ക് നിയമിതനായ റീഡിംഗ് പ്രഭു 1926 വരെ ഇന്ത്യയുടെ വൈസ്രോയിയായി തുടർന്നു. ഖിലാഫത്ത് പ്രസ്ഥാനവും നിസ്സഹകരണ പ്രസ്ഥാനവും അതിന്റെ തീവ്രതയിലെത്തുകയും അവസാനിക്കുകയും ചെയ്‌തത്‌ റീഡിംഗ് പ്രഭുവിന്റെ കാലത്തായിരുന്നു. 1924ൽ റെയിൽവേ ബഡ്‌ജറ്റും, പൊതു ബഡ്‌ജറ്റും വേർതിരിക്കപ്പെടുമ്പോൾ റീഡിംഗ് പ്രഭുവായിരുന്നു വൈസ്രോയി. വെയ്‌ൽസ്‌ രാജകുമാരന്റെ ഇന്ത്യാ സന്ദർശനം (1921), മാപ്പിള കലാപം (1921), വാഗണ്‍ ട്രാജഡി (1921), വിശ്വഭാരതി സർവകലാശാല (1922), ഇന്ത്യന്‍ സിവിൽ സര്‍വീസിലേക്കുള്ള പ്രവേശനത്തിനായി ഡൽഹിയിലും ഇംഗ്ലണ്ടിലും ഒരേസമയം പരീക്ഷ നടത്തുന്ന സമ്പ്രദായം (1923), സ്വരാജ് പാർട്ടിയുടെ ആവിർഭാവം (1923), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ്‌ ഇന്ത്യയുടെ രൂപീകരണം (1925), രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ രൂപീകരണം (1925), കക്കോരി ട്രെയിൻ കൊള്ള (1925) എന്നിവ നടന്നത് റീഡിംഗ് പ്രഭുവിന്റെ കാലത്തായിരുന്നു.

ഇർവിൻ പ്രഭു (1926-1931)

1926ൽ റീഡിംഗ് പ്രഭു മാറിയ ഒഴിവിലേയ്ക്ക് നിയമിതനായ ഇർവിൻ പ്രഭു 1931 വരെ ഇന്ത്യയുടെ വൈസ്രോയിയായി തുടർന്നു. സൈമൺ കമ്മീഷന്റെ സന്ദർശനം (1928), ബർദോളി സമരം (1928), നെഹ്‌റു റിപ്പോർട്ട് (1928), ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ (1928), സൂപ്രണ്ട്‌ സാന്‍ഡേഴ്‌സിന്റെ വധം (1929), ഡൽഹി അസ്സംബ്ലി ഹാളിൽ ഭഗത് സിംഗിന്റെ ബോംബ് സ്ഫോടനം, ലാലാ ലജ്പത് റായുടെ മരണം, ഭഗത് സിംഗ്, സുഖ്‌ദേവ്, രാജ്‌ഗുരു എന്നിവരെ തൂക്കിലേറ്റൽ, ലാഹോറിലെ കോണ്‍ഗ്രസ്‌ സമ്മേളനം, ചിറ്റഗോങിലെ ബ്രിട്ടീഷ്‌ ആയുധപ്പുര സൂര്യസൈന്നിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ റിപ്പബ്ലിക്കൻ ആര്‍മി കൈയേറൽ (1930), സിവിൽ നിയമലംഘന പ്രസ്ഥാനം (1930), ദണ്ഡി മാർച്ച് (1930), ലണ്ടനിൽ ഒന്നാം വട്ടമേശ സമ്മേളനം (1930), ഗാന്ധി ഇർവിൻ ഉടമ്പടി (1931) തുടങ്ങിയവയാണ് ഇർവിൻ പ്രഭുവിന്റെ ഭരണക്കാലത്ത് നടന്ന പ്രധാന സംഭവങ്ങൾ.

വെല്ലിംഗ്ടണ്‍ പ്രഭു (1931-1936)

1931ൽ ഇർവിൻ പ്രഭു മാറിയ ഒഴിവിലേയ്ക്ക് നിയമിതനായ വെല്ലിംഗ്ടണ്‍ പ്രഭു 1936 വരെ ഇന്ത്യയുടെ വൈസ്രോയിയായി തുടർന്നു. രണ്ടും (1931) മൂന്നും (1932) വട്ടമേശ സമ്മേളനങ്ങൾ ലണ്ടനിൽ നടക്കുമ്പോൾ വെല്ലിംഗ്ടണ്‍ പ്രഭുവായിരുന്നു ഇന്ത്യയുടെ വൈസ്രോയി. കോണ്‍ഗ്രസ്സ്‌ രണ്ടാം നിയമലംഘന പ്രസ്ഥാനം ആരംഭിച്ചു (1932), റാംസെ മക്ഡൊണാൾഡ് കമ്മ്യൂണൽ അവാര്‍ഡ്‌ പ്രഖ്യാപിച്ചു (1932), പൂനെ ഉടമ്പടി (1932), കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകൃതമായി (1934), 1935ലെ ഇന്ത്യ ഗവണ്‍മെന്റ്‌ ആക്ട്, ബർമ്മയെ ഇന്ത്യയിൽ നിന്ന് വേർപ്പെടുത്തി എന്നിവ നടന്നത് വെല്ലിംഗ്ടണ്‍ പ്രഭുവിന്റെ ഭരണകാലത്തായിരുന്നു.

ലിൻലിത്ഗോ പ്രഭു (1936-1943)

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം വൈസ്രോയി ആയി സേവനമനുഷ്ഠിച്ച വ്യക്തിയാണ് ലിൻലിത്ഗോ പ്രഭു. ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് (1935) നിലവിൽ വന്നു. 1940ൽ മുസ്ലിം ലീഗ്, പാകിസ്ഥാൻ രൂപീകരണത്തിനായി ലാഹോർ പ്രമേയം പാസാക്കിയപ്പോൾ അദ്ദേഹമായിരുന്നു വൈസ്രോയി. ഗാന്ധിജി വ്യക്തി സത്യാഗ്രഹം ആരംഭിച്ചതും അദ്ദേഹത്തിന്റെ കാലത്തായിരുന്നു. 1940ൽ ഓഗസ്റ്റ് ഓഫർ മുന്നോട്ടുവെച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യ ബ്രിട്ടനോടൊപ്പം നിന്ന് ജർമനിക്കെതിരെ യുദ്ധം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. 'ക്വിറ്റ് ഇന്ത്യാ' സമരകാലത്തും 'ക്രിപ്സ് മിഷൻ' ഇന്ത്യയിൽ വന്നപ്പോഴും വൈസ്രോയിയായിരുന്നു.

വേവൽ പ്രഭു (1943-1947)

രണ്ടാം ലോകമഹായുദ്ധം അവസാനിച്ച സമയത്തെ ഇന്ത്യൻ വൈസ്രോയി. 1945ൽ സിംല കോൺഫറൻസ് വിളിച്ചുകൂട്ടി. 1946 സെപ്റ്റംബർ രണ്ടിന് നെഹ്രുവിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ഇടക്കാല ഗവൺമെന്റ് നിലവിൽ വന്നപ്പോൾ വൈസ്രോയി. 1946ൽ അദ്ദേഹത്തിന്റെ കാലത്താണ് നാവിക കലാപം നടന്നത്. ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ചു. ഭരണഘടനാ നിർമ്മാണ സമിതി പ്രവർത്തനം ആരംഭിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്ലി ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി.

മൗണ്ട് ബാറ്റൺ (1947-1948)

ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ വൈസ്രോയിയും സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഗവർണർ ജനറലുമാണ് മൗണ്ട് ബാറ്റൺ പ്രഭു. ഇന്ത്യയെ വിഭജിക്കാൻ തീരുമാനിച്ച പദ്ധതിയാണ് മൗണ്ട് ബാറ്റൺ പദ്ധതി. 1947 ജൂൺ മൂന്നിന് ഡൽഹിയിലെ കോൺഗ്രസ്-മുസ്ലിം ലീഗ് സംയുക്ത സമ്മേളനത്തിൽവച്ചാണ് മൗണ്ട് ബാറ്റൺ പദ്ധതി അവതരിപ്പിച്ചത്. 'ബ്രിട്ടീഷ് ഇന്ത്യയെ വിഭജിക്കുക. സ്വതന്ത്ര ഇന്ത്യയോടൊപ്പം പുതിയ ഒരു രാജ്യമായി പാകിസ്ഥാൻ രൂപീകരിക്കുക' എന്ന് പ്രഖ്യാപിച്ചു. ബാൾക്കൺ പദ്ധതി, ജൂൺ തേഡ് പദ്ധതി, ഡിക്കി ബേർഡ് പദ്ധതി എന്നിങ്ങനെ മൗണ്ട് ബാറ്റൺ പദ്ധതി അറിയപ്പെട്ടു. 1947ലെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ടിലൂടെയാണ് മൗണ്ട് ബാറ്റൺ പദ്ധതി നിയമവിധേയമാക്കിയത്. ബ്രിട്ടീഷ് രാജാവിന്റെ അംഗീകാരത്തോടെ നിയമം നിലവിൽ വരികയും അതിൻപ്രകാരം 1947 ഓഗസ്റ്റ് 15ന് ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമായി മാറുകയും ചെയ്തു. 1947 ലെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ടിലൂടെയാണ് വൈസ്രോയി പദവി നിർത്തലാക്കിയതും ബ്രിട്ടീഷ് രാജാവ് നിയമിച്ച ഗവർണർ ജനറൽ പദവി നിലവിൽ വന്നതും. തുടർന്ന് മൗണ്ട് ബാറ്റൺ ഇന്ത്യയുടെ ആദ്യ ഗവർണർ ജനറലായി.

സി.രാജഗോപാലാചാരി (1948-1950)

സ്വതന്ത്ര ഇന്ത്യയിലെ രണ്ടാമത്തെയും അവസാനത്തെയും ഗവർണർ ജനറലാണ് സി.രാജഗോപാലാചാരി. ഇന്ത്യയുടെ ഗവർണർ ജനറലായ ഒരേയൊരു ഇന്ത്യക്കാരനാണ് സി.രാജഗോപാലാചാരി.

PSC ചോദ്യങ്ങൾ

കാനിംഗ്‌ പ്രഭു (1856-1862)

1. 1858-ലെ ബ്രിട്ടീഷ് രാജ്ഞിയുടെ വിളംബരത്തെ തുടർന്ന് ഇന്ത്യയുടെ ആദ്യ വൈസ്രോയിയായി നിയമിതനായത്

2. ഇന്ത്യയിൽ വെള്ളക്കാരുടെ സമരം (വൈറ്റ് മ്യൂട്ടിനി, 1859) നടന്ന സമയത്തെ വൈസ്രോയി

3. ഇന്ത്യൻ പീനൽകോഡ് (1860) പാസ്സാക്കിയ വൈസ്രോയി

4. ഇന്ത്യൻ ഹൈക്കോർട്ട് നിയമം (1861) പാസ്സാക്കിയ വൈസ്രോയി

5. വൈസ്രോയിയുടെ ഭരണ സമിതിയിൽ ഒരു സാമ്പത്തിക കാര്യാംഗത്തെ ഉൾപ്പെടുത്തിയത് ആരുടെ കാലത്താണ്‌

6. ക്രിമിനൽ പ്രൊസിജിയർ കോഡ്‌ നിലവിൽ വരുമ്പോൾ വൈസ്രോയി

7. 1858-ലെ വിക്ടോറിയ മഹാറാണിയുടെ വിളംബര സമയത്തെ വൈസ്രോയി

8. ബ്രിട്ടീഷിന്ത്യയുടെ നിയന്ത്രണം ഈസ്റ്റ് ഇന്ത്യാക്കമ്പനിയിൽ നിന്ന്‌ ബ്രിട്ടീഷ്‌ മൊണാർക്ക്‌ ഏറ്റെടുത്ത് ഏത്‌ ഭരണാധികാരിയുടെ കാലത്താണ്

9. കൊൽക്കത്ത, ബോംബെ, മദ്രാസ്‌ സർവകലാശാലകൾ നിലവിൽ വന്ന സമയത്തെ വൈസ്രോയി

10. ഡൽഹൗസി നടപ്പിലാക്കിയ ദത്താവകാശ നിരോധനനിയമം പിൻവലിച്ച വൈസ്രോയി

11. മെക്കാളെ പ്രഭു രൂപപ്പെടുത്തിയിരുന്ന ശിക്ഷാ നടപടികൾ നിയമമാക്കപ്പെട്ടത്‌ ഏത്‌ വൈസ്രോയിയുടെ കാലത്താണ്

12. ഇന്ത്യൻ കൗൺസിൽ ആക്ട്‌ (1861) നിലവിൽ വന്നപ്പോൾ വൈസ്രോയി

13. ബംഗാൾ പാട്ട വ്യവസ്ഥ നടപ്പിലാക്കിയ വൈസ്രോയി

14. കൊൽക്കത്ത, ബോംബെ, മദ്രാസ്‌ എന്നിവിടങ്ങളിൽ ഓരോ ഹൈക്കോടതി വീതം സ്ഥാപിച്ച വൈസ്രോയി

15. ഇന്ത്യയിൽ വകുപ്പു സമ്പ്രദായവും ബജറ്റ് സമ്പ്രദായവും നടപ്പാക്കിയത്‌ ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌

16. ബ്രിട്ടീഷിന്ത്യയിലെ ആദ്യത്തെ വൈസ്രോയി (1858)

17. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരകാലത്തെ (ശിപായി ലഹള) ഗവർണർ ജനറല്‍

18. ഗവർണർ ജനറൽ പദവി വഹിച്ചശേഷം വൈസ്രോയിയായ ഏക വ്യക്തി

19. ഇന്ത്യയുടെ ഭരണം വിക്ടോറിയ മഹാറാണി ഏറ്റെടുക്കുന്നതിനോടനുബന്ധിച്ച്‌ അലഹബാദിൽ ദർബാർ പ്രഖ്യാപിച്ച ഗവർണർ ജനറല്‍

എൽജിൻ I (1862 - 1863)

1. വഹാബി ലഹള അടിച്ചമർത്തിയ വൈസ്രോയി

2. 1862ൽ ഇന്ത്യയിലെ ആദ്യ ഹൈക്കോടതി നിലവിൽ വന്നപ്പോൾ വൈസ്രോയി

3. ഇന്ത്യയുടെ ആദ്യ ഹൈക്കോടതി സ്ഥാപിക്കപ്പെട്ടത് - കൽക്കട്ടയിൽ

4. 1862ൽ നിലവിൽ വന്ന മറ്റ് ഹൈക്കോടതികൾ - ബോംബെ, മദ്രാസ്

സർ ജോൺ ലോറൻസ് (1864 - 1869)

1. 'പഞ്ചാബിന്റെ രക്ഷകൻ', 'ഇന്ത്യയുടെ രക്ഷകൻ', 'വിജയത്തിന്റെ സംഘാടകൻ' എന്നിങ്ങനെ അറിയപ്പെട്ടിരുന്ന വൈസ്രോയി

2. സമർത്ഥമായ നിഷ്ക്രിയത്വ നയം നടപ്പിലാക്കിയ വൈസ്രോയി

3. ഇന്ത്യയിൽ വനം വകുപ്പ് (ഇംപീരിയൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്) ആരംഭിച്ച വൈസ്രോയി

4. ഒറീസ്സയിലും ബുന്ദേൽഘണ്ട് - രജപുത്താന മേഖലകളിലും ക്ഷാമം പടർന്നു പിടിച്ചപ്പോൾ വൈസ്രോയി

5. ക്ഷാമത്തിന്റെ കാരണത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയമിച്ച കമ്മീഷന്റെ തലവൻ - ജോർജ് കാംപ്ബെൽ

മേയോ പ്രഭു (1869-1872)

1. ഗാന്ധിജി ജനിച്ച സമയത്ത്‌ (1869 ഒക്ടോബർ 2) വൈസ്രോയിയായിരുന്നത്‌

2. ഇന്ത്യയിൽ ആദ്യമായി കാനേഷുമാരി (സെൻസെസ്) കണക്കെടുത്തത്‌ (1872) ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌

3. റഷ്യന്‍, ബ്രിട്ടിഷ്‌ സ്വാധീനമേഖലകളുടെ അതിർത്തിയായി ഓക്‌സസ്‌ നദിയെ നിശ്ചയിച്ചത്‌ ഏത്‌ വൈസ്രോയിയുടെ കാലത്താണ്

4. ഇംപീരിയൽ ഗസറ്റിയർ ഓഫ്‌ ഇന്ത്യ തയ്യാറാക്കുന്നതിൻ ഡബ്ല്യൂ.ഡബ്ല്യൂ ഹണ്ടറെ നിയമിച്ച വൈസ്രോയി

5. 1872-ലെ ഇന്ത്യൻ എവിഡന്സ് ‌ ആക്ട്‌ പാസാക്കിയത്‌ ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌

6. കത്തിയവാറിൽ രാജ്കോട്ട്‌ കോളേജ്‌ ആരംഭിച്ചത്‌ ഏത്‌ വൈസ്രോയിയാണ്

7. രാജാക്കന്മാരുടെയും മറ്റും കുട്ടികൾക്കുവേണ്ടി അജ്മീറിൽ പ്രത്യേക കോളേജ്‌ ഏർപ്പെടുത്തിയ വൈസ്രോയി

8. കൃഷിക്കും വാണിജ്യത്തിനും ഒരു പ്രത്യേക വകുപ്പ്‌ ഏർപ്പെടുത്തിയത്‌ ഏത്‌ വൈസ്രോയിയാണ്‌

9. സാമ്പത്തിക വികേന്ദ്രീകരണതത്ത്വം ആവിഷ്ക്കരിച്ച വൈസ്രോയി

10. ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ സ്റ്റാറ്റിസ്റ്റിക്കൽ സർവേ ഓഫ്‌ ഇന്ത്യ സ്ഥാപിച്ചത്‌

11. ഇന്ത്യാ ചരിത്രത്തിൽ പദവിയിലിരിക്കെ വധിക്കപ്പെട്ട ഏക വൈസ്രോയി

നോർത്ത്ബ്രൂക്ക് (1872 - 1876)

1. പഞ്ചാബിലെ കുക കലാപം ഔന്നിത്യത്തിലെത്തിയപ്പോൾ വൈസ്രോയി

2. ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ വകുപ്പ് സ്ഥാപിച്ച വൈസ്രോയി

3. 1875ൽ വെയ്ൽസ് രാജകുമാരന്റെ ഇന്ത്യാ സന്ദർശന സമയത്തെ വൈസ്രോയി

4. അഫ്ഗാൻ പ്രശ്നത്തിൽ സാലിസ്ബറി പ്രഭുവിന്റെ നടപടികളിൽ പ്രതിഷേധിച്ച് രാജിവെച്ച വൈസ്രോയി

ലിട്ടൺ പ്രഭു (1876-1880)

1. 1876-78 കാലത്ത്‌ ദക്ഷിണേന്ത്യയിലും മധ്യേന്ത്യയിലും രജപുത്താനയിലും പടർന്നു പിടിച്ച ഭീകരമായ ക്ഷാമങ്ങൾക്ക് സാക്ഷ്യം വഹിച്ച വൈസ്രോയി

2. Owen Meredith എന്ന തൂലികാ നാമത്തിൽ കവിതയെഴുതിയിരുന്ന വൈസ്രോയി

3. വിപരീത സ്വഭാവങ്ങളുടെ (Reverse characters) വൈസ്രോയി എന്നറിയപ്പെട്ടതാര്‌

4. കവി, നോവലിസ്റ്റ്‌, ഉപന്യാസകാരൻ എന്നീ നിലകളിലും ശ്രദ്ധേയനായ വൈസ്രോയി

5. ഏത്‌ വൈസ്രോയിയുടെ കാലത്താണ് മക്ഡൊണൽ കമ്മീഷനെ നിയമിച്ചത്‌

6. പ്രാദേശി ഭാഷാപത്രനിയമം (വെർണാകുലാർ പ്രസ്‌ ആക്ട്) നടപ്പാക്കിയ വൈസ്രോയി

7. 1878 ലെ ആയുധ നിയമത്തിലൂടെ ഇന്ത്യക്കാർക്ക് ആയുധം കൈവശം വെയ്ക്കാൻ ലൈസൻസ് വേണമെന്ന നിബന്ധന നടപ്പാക്കിയ വൈസ്രോയി

8. ക്ഷാമകാരണങ്ങളെ കുറിച്ചും നിവാരണ മാർഗ്ഗങ്ങളെ കുറിച്ചും പഠനം നടത്തുന്നതിന് സർ റിച്ചാർഡ് സ്ട്രാച്ചിയുടെ നേതൃത്വത്തിൽ ഒരു കമ്മീഷനെ നിയോഗിച്ചത്‌ ഏത് വൈസ്രോയിയാണ്‌

9. അഫ്ഗാനിസ്ഥാനെതിരെ മുന്നേറ്റ നയം സ്വീകരിക്കുകയും അതുവഴി രണ്ടാം അഫ്ഗാൻ യുദ്ധത്തിന് ഇടവരുത്തുകയും ചെയ്ത വൈസ്രോയി

10. ഇന്ത്യൻ വംശജർക്ക് ‌ ഉയർന്ന ഉദ്യോഗങ്ങൾ നൽകണമെന്ന ആവശ്യത്തെ മുൻനിർത്തി 1879ൽ ഇന്ത്യക്കാർക്ക് ‌ പ്രത്യേകമായി ഒരു സിവിൽ സർവീസ് ഏർപ്പെടുത്തിയ വൈസ്രോയി

11. 1877ൽ ഡൽഹി ദർബാർ നടത്തി വിക്ടോറിയ മഹാറാണിയെ ഇന്ത്യയുടെ ചക്രവർത്തിനിയായി പ്രഖ്യാപിച്ചത്‌ ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌

റിപ്പണ്‍ പ്രഭു (1880-1884)

1. ചെന്നൈ മുനിസിപ്പൽ കോർപ്പറേഷന്റെ ആസ്ഥാനം ഏത്‌ വൈസ്രോയിയുടെ സ്മരണാർത്ഥം നാമകരണം ചെയ്തിരിക്കുന്നു

2. ഈജിപ്ത്‌ പ്രശ്നത്തിൽ രാജിവെച്ച വൈസ്രോയി

3. ഏത്‌ വൈസ്രോയിയുടെ കാലത്താണ് ഇന്ത്യയിലെ ആദ്യത്തെ റഗുലർ സെൻസെസ് നടന്നത്‌

4. ഇൽ ബർട്ട് ബിൽ (1883) വിവാദകാലത്തെ വൈസ്രോയി (ബ്രിട്ടീഷുകാരെ വിചാരണ ചെയ്യാൻ ഇന്ത്യൻ ജഡ്ജിമാരെ അനുവദിച്ചുകൊണ്ടുള്ള നിയമം)

5. വിദ്യാഭ്യാസ രംഗം കൂടുതൽ ഫലപ്രദമാക്കുന്നതിനുവേണ്ടി 1882 ൽ ഹണ്ടർ കമ്മീഷനെ ഏർപ്പെടുത്തിയ വൈസ്രോയി

6. 1881 ൽ പാസാക്കിയ ഫാക്ടറി നിയമത്തിലൂടെ ബാലവേലയ്ക്ക്‌ നിയന്ത്രണമേർപ്പെടുത്തിയ വൈസ്രോയി

7. ഇന്ത്യയിൽ ആദ്യമായി തൊഴിൽ നിയമങ്ങൾ ഉണ്ടായത്‌ ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌

8. പ്രാദേശിക പത്ര നിയമം റദ്ദ്‌ ചെയ്ത (1882) വൈസ്രോയി

9. അഫ്ഗാനിസ്ഥാനിൽ നിന്ന്‌ ഇംഗ്ലീഷ് സൈന്യത്തെ പിൻവലിച്ച് ആ രാജ്യവുമായി സൗഹൃദബന്ധം പുനഃസ്ഥാപിച്ച വൈസ്രോയി

10. ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സംവിധാനത്തിന്റെ പിതാവ്‌ എന്നറിയപ്പടുന്ന വൈസ്രോയി

ഡഫറിൻ പ്രഭു (1884-1888)

1. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണ സമയത്തെ വൈസ്രോയി

2. ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ 'മൈക്രോസ്കോപ്പിക് മൈനോറിറ്റി' എന്നു വിളിച്ചത്

3. മൂന്നാം ആംഗ്ലോ ബർമ്മീസ് യുദ്ധം നടന്ന സമയത്തെ വൈസ്രോയി

4. ആദ്യമായി ഉയർന്ന സർക്കാർ ഉദ്യോഗങ്ങൾ ഇന്ത്യക്കാർക്കുകൂടി നൽകുന്നതിനെക്കുറിച്ച് പഠിച്ച കമ്മീഷൻ - ഐച്ചിസൺ കമ്മീഷൻ (1886)

5. ഐച്ചിസൺ കമ്മീഷന്റെ മറ്റൊരു പേര് – പബ്ലിക് സർവ്വീസ് കമ്മീഷൻ

ലാൻസ്ഡൗൺ പ്രഭു (1888 – 1894)

1. 1892ലെ ഇന്ത്യൻ കൗൺസിൽ ആക്ട് പാസാകുമ്പോൾ ഇന്ത്യൻ വൈസ്രോയി

2. ഇന്ത്യൻ സിവിൽ സർവ്വീസിനെ ഇംപീരിയൽ, പ്രൊവിൻഷ്യൽ, സബോഡിനേറ്റ് എന്നിങ്ങനെ മൂന്നായി തിരിച്ചത്

3. 1891ൽ രണ്ടാം ഫാക്ടറി ആക്ട് പാസ്സാകുമ്പോൾ വൈസ്രോയി

4. പെൺകുട്ടികളുടെ വിവാഹ പ്രായം നിയമം മൂലം 12 വയസ്സായി നിജപ്പെടുത്തിയ ഏജ് ഓഫ് കൺസന്റ് ബിൽ അവതരിപ്പിച്ച വൈസ്രോയി

5. ബ്രിട്ടീഷ് ഇന്ത്യയേയും അഫ്ഗാനിസ്ഥാനേയും വേർതിരിക്കാൻ ഡ്യൂറന്റ് കമ്മീഷനെ നിയമിച്ചത് (നിലവിൽ ഡ്യൂറന്റ് ലൈൻ വേർതിരിക്കുന്നത് പാകിസ്ഥാനേയും അഫ്ഗാനിസ്ഥാനേയും ആണ്)

എൽജിൻ II (1894 – 1899)

1. 1896ൽ ബോംബെയിൽ ആയിരക്കണക്കിനു പേരുടെ മരണത്തിനു കാരണമായ പ്ലേഗ് രോഗബാധയുടെ സമയത്ത് വൈസ്രോയി

2. 1896 - 97 കാലത്ത് ഉത്തരേന്ത്യയിലുണ്ടായ ക്ഷാമത്തെക്കുറിച്ച് പഠിക്കാൻ എൽജിൻ II നിയമിച്ച ക്ഷാമ കമ്മീഷൻ - ല്യാൾ കമ്മീഷൻ (തലവൻ - ജെയിംസ് ല്യാൾ)

3. എൽജിൻ II ന്റെ കാലത്ത് വധിക്കപ്പെട്ട പൂനെയിലെ പ്ലേഗ് കമ്മീഷന്റെ കമ്മീഷണർ - ഡബ്ള്യു.സി.റാന്റ്

4. 1897 ജൂൺ 22 ന് കേണൽ അയേഴ്സ്റ്റിനേയും റാന്റിനെയും വധിച്ചത് - ചപേക്കർ സഹോദരങ്ങൾ (ദാമോദർ ഹരി, ബാലകൃഷ്ണ ഹരി)

കഴ്‌സൺ പ്രഭു (1899-1905)

1. പ്രോബ്ലം ഓഫ് ദ ഫാർ ഈസ്റ്റ് - ജപ്പാൻ, കൊറിയ, ചൈന എന്ന പുസ്‌കതം രചിച്ച വൈസ്രോയി - കഴ്‌സൺ പ്രഭു

2. എന്റെ പൂര്‍വ്വികരെ പോലെ തന്നെ ഞാനും തോക്കു കൊണ്ടും വാള്‍ കൊണ്ടും ഇന്ത്യയെ ഭരിക്കും എന്നു പറഞ്ഞ വൈസ്രോയി - കഴ്‌സൺ പ്രഭു

3. സ്വദേശി പ്രസ്ഥാനത്തിന്റെ ഉദയം ഏത് വൈസ്രോയിയുടെ കാലത്തായിരുന്നു - കഴ്‌സൺ പ്രഭു

4. "കല്‍ക്കട്ടയിലെ ചീത്ത സ്വാധീനത്തില്‍ നിന്ന്‌ ഇന്ത്യയിലെ മുസ്ലിങ്ങളെ രക്ഷിക്കാന്‍" ബംഗാള്‍ വിഭജനത്തെ ഇപ്രകാരം ന്യായീകരിച്ച വൈസ്രോയി - കഴ്‌സൺ പ്രഭു

5. റെയില്‍വെയുടെ പ്രവര്‍ത്തനം സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ തോമസ്‌ റോബര്‍ട്ട്സണ്‍ കമ്മീഷനെ നിയോഗിച്ച വൈസ്രോയി - കഴ്‌സൺ പ്രഭു

6. റെയില്‍വെ ബോര്‍ഡ്‌ രൂപവല്‍ക്കരിച്ചത്‌ ഏത് വൈസ്രോയിയുടെ കാലത്താണ്‌ - കഴ്‌സൺ പ്രഭു

7. കോണ്‍ഗ്രസിനെ സമാധാനപരമായ മരണത്തിന്‌ സഹായിക്കുമെന്ന്‌ പ്രഖ്യാപിച്ച വൈസ്രോയി - കഴ്‌സൺ പ്രഭു

8. എഡ്വേര്‍ഡ്‌ ഏഴാമന്‍ ഇന്ത്യയുടെ ചക്രവര്‍ത്തിയായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ വൈസ്രോയിയായിരുന്നത്‌ - കഴ്‌സൺ പ്രഭു

9. വിക്ടോറിയ മഹാറാണി അന്തരിച്ചപ്പോള്‍ (1901) വൈസ്രോയിയായിരുന്നത് - കഴ്‌സൺ പ്രഭു

10. താജ്മഹലിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ നടപടിയെടുത്ത വൈസ്രോയി - കഴ്‌സൺ പ്രഭു

11. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യ സ്ഥാപിക്കപ്പെട്ടപ്പോള്‍ വൈസ്രോയിയായിരുന്നത്‌ - കഴ്‌സൺ പ്രഭു

12. നോര്‍ത്ത്‌ വെസ്റ്റ്‌ ഫ്രോണ്ടിയർ പ്രോവിൻസ് (വടക്കു പടിഞ്ഞാറൻ അതിർത്തി പ്രവിശ്യ, NWFP) രൂപവല്‍ക്കരിച്ച സമയത്തെ വൈസ്രോയി - കഴ്‌സൺ പ്രഭു

13. കഴ്‌സൺ പ്രഭുവിനെ ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസീബെന്ന് വിശേഷിപ്പിച്ചത് - ഗോപാല കൃഷ്ണ ഗോഖലെ

14. കിച്ച്നർ പ്രഭുവുമായുള്ള അഭിപ്രായ വ്യത്യാസതെത്തുടര്‍ന്ന്‌ രാജിവെച്ച വൈസ്രോയി - കഴ്‌സൺ പ്രഭു

15. പോലീസ് സംവിധാനത്തെപ്പറ്റി പഠിക്കാൻ 1902-ല്‍ ആന്‍ഡ്രു ഫേസർ ചെയര്‍മാനായി ഇന്ത്യൻ പോലീസ്‌ കമ്മീഷനെ നിയമിച്ച വൈസ്രോയി - കഴ്‌സൺ പ്രഭു

16. കോൺഗ്രസ് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള നിവേദക സംഘത്തിന്‌ സന്ദര്‍ശനാനുമതി നിഷേധിച്ച വൈസ്രോയി - കഴ്‌സൺ പ്രഭു

17. ബംഗാള്‍ വിഭജിച്ച (1905) വൈസ്രോയി - കഴ്‌സൺ പ്രഭു

18. തിരുവിതാംകൂർ സന്ദര്‍ശിച്ച ആദ്യത്തെ വൈസ്രോയി - കഴ്‌സൺ പ്രഭു

19. ആലപ്പുഴയെ കിഴക്കിന്റെ വെനീസ്‌ എന്നു വിശേഷിപ്പിച്ച വൈസ്രോയി - കഴ്‌സൺ പ്രഭു

20. ഏതു വൈസ്രോയിക്കാണ്‌ 1900 ലെ ഈഴവ മെമ്മോറിയല്‍ സമര്‍പ്പിച്ചത്‌ - കഴ്‌സൺ പ്രഭു

21. ഏതു വൈസ്രോയിക്കാണ്‌ രണ്ടാം ഈഴവ മെമ്മോറിയല്‍ സമര്‍പ്പിച്ചത്‌ - കഴ്‌സൺ പ്രഭു

22. ബ്രിട്ടീഷിന്ത്യയിലെ ഔറംഗസീബ്‌ എന്നറിയപ്പെട്ടത് - കഴ്‌സൺ പ്രഭു

23. പുരാതന സ്മാരക സംരക്ഷണ നിയമം (1904) നിലവിൽ വന്നപ്പോൾ വൈസ്രോയിയായിരുന്നത് - കഴ്‌സൺ പ്രഭു

24. 1901-ൽ പഞ്ചാബിൽ നിന്ന് നോർത്ത് വെസ്റ്റ് ഫ്രോണ്ടിയർ പ്രൊവിൻസ് രൂപവത്കരിച്ച വൈസ്രോയി - കഴ്‌സൺ പ്രഭു

25. 1902-ൽ കഴ്‌സൺ പ്രഭു നിയമിച്ച ഇന്ത്യൻ പോലീസ് കമ്മീഷന്റെ ചെയർമാനായിരുന്നത് - ആൻഡ്രൂ ഫ്രേസർ

26. 1904-ൽ കഴ്‌സൺ ഏത് ചിത്രകാരനാണ് കൈസർ ഇ ഹിന്ദ് സ്വർണ്ണമെഡൽ സമ്മാനിച്ചത് - രാജാ രവിവർമ്മ

27. സർവ്വകലാശാല കമ്മീഷനെ (1902) നിയമിച്ച വൈസ്രോയി - കഴ്‌സൺ പ്രഭു

28. 1902ൽ നിലവിൽ വന്ന സർവ്വകലാശാല കമ്മീഷന്റെ തലവൻ - തോമസ് റാലെയ്

29. ഡൽഹിയിലെ 'പുസ'യിൽ കൃഷി ഗവേഷണ കേന്ദ്രം ആരംഭിച്ചത് - കഴ്‌സൺ പ്രഭു

30. പൊതുമരാമത്ത് വകുപ്പിൽ നിന്ന് റെയിൽവെയെ വേർതിരിച്ച വൈസ്രോയി - കഴ്‌സൺ പ്രഭു

31. ഇന്ത്യൻ കോയിനേജ് ആൻഡ് പേപ്പർ കറൻസി ആക്ട് (1899) പാസ്സാക്കിയ വൈസ്രോയി - കഴ്‌സൺ പ്രഭു

32. ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ് ആക്ട് (1904) പാസ്സാക്കിയ വൈസ്രോയി - കഴ്‌സൺ പ്രഭു

33. കഴ്‌സൺ പ്രഭു ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറലായി 1902ൽ നിയമിച്ചത് - ജോൺ മാർഷൽ

34. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് സ്ഥാപിച്ചത് - കഴ്‌സൺ പ്രഭു

35. 'ദി ലൈഫ് ഓഫ് ലോർഡ് കഴ്‌സൺ' എന്ന പുസ്തകം എഴുതിയത് - റൊണാൾഡ്‌ ഷെ

36. അഗ്രികൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, വ്യവസായ വാണിജ്യ വകുപ്പ് എന്നിവ സ്ഥാപിച്ച വൈസ്രോയി - കഴ്‌സൺ പ്രഭു

മിന്റോ II (1905-1910)

1. ബംഗാൾ വിഭജനം നിലവിൽ വന്നപ്പോൾ ഇന്ത്യയിലെ വൈസ്രോയി - മിന്റോ രണ്ടാമൻ പ്രഭു (1905 ഒക്ടോബർ 16)

2. 'മിന്റോ - മോർലി ഭരണപരിഷ്കാരം' (1909) നടപ്പിലാക്കിയ വൈസ്രോയി - മിന്റോ രണ്ടാമൻ പ്രഭു

3. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സാമുദായിക സംവരണം ഏർപ്പെടുത്തിയ ഭരണപരിഷ്കാരം - മിന്റോ - മോർലി ഭരണപരിഷ്കാരം

4. മിന്റോ - മോർലി ഭരണപരിഷ്കാരങ്ങൾ അറിയപ്പെടുന്ന പേര് - ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് 1909

5. സ്വദേശി പ്രസ്ഥാനം രൂപം കൊണ്ട വർഷം - 1905

6. സ്വദേശി പ്രസ്ഥാനം ശക്തിപ്രാപിച്ച സമയത്ത്‌ വൈസ്രോയിയായിരുന്നത്‌ - മിന്റോ രണ്ടാമൻ പ്രഭു

7. ധാക്കയിൽ മുസ്ലിംലീഗ്‌ രൂപംകൊണ്ടസമയത്ത്‌ (1906) ആരായിരുന്നു വൈസ്രോയി - മിന്റോ രണ്ടാമൻ പ്രഭു

8. സൂററ്റിലെ സമ്മേളനത്തില്‍ (1907) കോണ്‍ഗ്രസ്‌ മിതവാദികളെന്നും തീവ്രവാദികളെന്നും രണ്ടു വിഭാഗമായി പിളര്‍ന്നപ്പോള്‍ ആരായിരുന്നു വൈസ്രോയി - മിന്റോ രണ്ടാമൻ പ്രഭു

9. ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ ഇന്ത്യയില്‍ ആദ്യമായി സാമുദായിക സംവരണം ഏര്‍പ്പെടുത്തിയത്‌ - മിന്റോ രണ്ടാമൻ പ്രഭു

10. ബാലഗംഗാധരതിലകനെ ആറുവര്‍ഷത്തെ ജയില്‍വാസത്തിനുവേണ്ടി ബര്‍മയിലെ മണ്ടലേ ജയിലേയ്ക്കയച്ചപ്പോള്‍ വൈസ്രോയിയായിരുന്നത്‌ - മിന്റോ രണ്ടാമൻ പ്രഭു

11. വിപ്ലവകാരിയായ ഖുദിറാം ബോസിനെ തൂക്കിക്കൊന്നത്‌ (1908) ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ - മിന്റോ രണ്ടാമൻ പ്രഭു

12. വൈസ്രോയിയുടെ എക്സിക്യൂട്ടീവ്‌ കൗണ്‍സിലില്‍ അംഗമായ ആദ്യ ഇന്ത്യക്കാരനാണ്‌ എസ്‌.പി സിന്‍ഹ. ആ സമയത്ത്‌ ആരായിരുന്നു വൈസ്രോയി - മിന്റോ രണ്ടാമൻ പ്രഭു

13. അലിപ്പൂർ ഗൂഡാലോചനാ കേസില്‍ കുറ്റവിമുക്തനായ അരവിന്ദഘോഷ്‌ സജീവ രാഷ്ട്രീയമുപേഷിച്ച്‌ പോണ്ടിച്ചേരിയിലേക്ക്‌ പോയി സന്യാസവൃത്തി സ്വീകരിച്ചത്‌ ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ - മിന്റോ രണ്ടാമൻ പ്രഭു

14. മുസ്ലിങ്ങള്‍ക്ക്‌ സാമുദായിക സംവരണം ഏര്‍പ്പെടുത്തിയ വൈസ്രോയി - മിന്റോ രണ്ടാമൻ പ്രഭു

15. ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ 1909ലെ ഇന്ത്യന്‍ കൗണ്‍സില്‍സ്‌ ആക്ട്‌ പാസാക്കിയത്‌ - മിന്റോ രണ്ടാമൻ പ്രഭു

16. ഇന്ത്യൻ കൗണ്‍സില്‍സ്‌ ആക്ട്‌ 1909 അറിയപ്പെടുന്ന മറ്റൊരുപേര് - മിന്റോ - മോർലി ഭരണപരിഷ്കാരം

ഹാർഡിഞ്ച് II (1910-1916)

1. 1911-ൽ ബംഗാൾ വിഭജനം റദ്ദു ചെയ്ത വൈസ്രോയി - ഹാർഡിഞ്ച് രണ്ടാമൻ പ്രഭു

2. ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റാൻ തീരുമാനിച്ചത് - 1911 ഡിസംബർ 12

3. ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയ വർഷം - 1911

4. ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റിയ വൈസ്രോയി - ഹാർഡിഞ്ച് രണ്ടാമൻ പ്രഭു

5. ഇന്ത്യയുടെ തലസ്ഥാനമായി ഡൽഹി ഉദ്‌ഘാടനം ചെയ്യപ്പെട്ട വർഷം - 1931 ഫെബ്രുവരി 13

6. ജോർജ് അഞ്ചാമൻ രാജാവും മേരി രാജ്ഞിയും ഇന്ത്യ സന്ദർശിച്ചപ്പോൾ വൈസ്രോയി - ഹാർഡിഞ്ച് രണ്ടാമൻ പ്രഭു

7. ഇന്ത്യ സന്ദർശിച്ച ആദ്യ ബ്രിട്ടീഷ് രാജാവ് - ജോർജ് അഞ്ചാമൻ

8. ജോർജ് അഞ്ചാമൻ രാജാവിന് വേണ്ടി ഡൽഹിയിൽ ദർബാർ സംഘടിപ്പിച്ച വർഷം - 1911

9. ജോർജ് അഞ്ചാമൻ രാജാവിന് വേണ്ടി ഡൽഹിയിൽ ദർബാർ സംഘടിപ്പിച്ച വൈസ്രോയി - ഹാർഡിഞ്ച് രണ്ടാമൻ പ്രഭു

10. ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ അധിപതിയായി ജോര്‍ജ്‌ അഞ്ചാമന്‍ രാജാവിന്റെ കിരീടധാരണം 1911ല്‍ ഡല്‍ഹിയില്‍നടന്നത്‌ ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ - ഹാർഡിഞ്ച് രണ്ടാമൻ പ്രഭു

11. ഇന്ത്യയുടെ തലസ്ഥാനം കല്‍ക്കട്ടയില്‍നിന്ന്‌ ഡല്‍ഹിയിലേക്ക്‌ മാറ്റുന്നതുസംബന്ധിച്ച പ്രഖ്യാപനം നടന്നത്‌ (1911) ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ - ഹാർഡിഞ്ച് രണ്ടാമൻ പ്രഭു

12. ബീഹാറും ഒറീസയും ബംഗാളില്‍നിന്ന്‌ വേര്‍പ്പെടുത്തി പ്രത്യേക സംസ്ഥാനമാക്കിയ വൈസ്രോയി - ഹാർഡിഞ്ച് രണ്ടാമൻ പ്രഭു

13. 1912ല്‍ ഡല്‍ഹിയിലെ ചാന്ദ്നി ചൗക്കില്‍വച്ച്‌ നടന്ന വധശ്രമം അതിജീവിച്ച വൈസ്രോയി - ഹാർഡിഞ്ച് രണ്ടാമൻ പ്രഭു

14. ഒന്നാം ലോക മഹായുദ്ധം (1914-18) തുടങ്ങിയപ്പോള്‍ വൈസ്രോയി - ഹാർഡിഞ്ച് രണ്ടാമൻ പ്രഭു

15. 1915ല്‍ ഡിഫന്‍സ്‌ ഓഫ്‌ ഇന്ത്യ ആക്ട്‌ (ഇന്ത്യൻ പ്രതിരോധ നിയമം) പാസാക്കിയത്‌ ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ - ഹാർഡിഞ്ച് രണ്ടാമൻ പ്രഭു

16. പ്രവാസ ജീവിതത്തിന്‌ തിരശീലയിട്ട്‌ ദക്ഷിണാഫ്രിക്കയില്‍നിന്ന്‌ ഗാന്ധിജി ഇന്ത്യയില്‍ മടങ്ങിയെത്തിയത്‌ (1915 ജനുവരി 9) ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ - ഹാർഡിഞ്ച് രണ്ടാമൻ പ്രഭു

17. ഹിന്ദുമഹാസഭ രൂപംകൊണ്ട (1915) സമയത്ത്‌ വൈസ്രോയിയായിരുന്നതാര് - ഹാർഡിഞ്ച് രണ്ടാമൻ പ്രഭു

18. മൈ ഇന്ത്യൻ ഇയേഴ്‌സ് 1910 - 16 എന്ന കൃതിയുടെ രചയിതാവ് - ഹാർഡിഞ്ച് രണ്ടാമൻ പ്രഭു

19. ഹാർഡിഞ്ച് രണ്ടാമനെ വധിക്കാൻ ശ്രമിച്ച ഇന്ത്യൻ ദേശീയ നേതാവ് - റാഷ് ബിഹാരി ബോസ് (ഡൽഹി ഗൂഢാലോചന 1912)

20. സിവിൽ സർവ്വീസിൽ ഇന്ത്യക്കാരെ കൂടുതലായി ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മീഷൻ - ഇസ്ലിംഗ്ടൺ കമ്മീഷൻ (1912)

ചെംസ്‌ ഫോർഡ് പ്രഭു (1916-1921)

1. ഇന്ത്യയിലെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ആദ്യത്തെ സംഘടനയായ അഖിലേന്ത്യാ ട്രേഡ്‌ യൂണിയന്‍ കോണ്‍ഗ്രസ്‌ (എഐടിയുസി) 1920 ഒക്ടോബർ 31 ന്‌ ബോംബെയില്‍ രൂപംകൊണ്ടപ്പോള്‍ വൈസ്രോയി ആരായിരുന്നു - ചെംസ്‌ ഫോര്‍ഡ്‌ പ്രഭു

2. ഗാന്ധിജി നിസഹകരണ പ്രസ്ഥാനം (1920-22) ആരംഭിച്ചത്‌ ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ - ചെംസ്‌ ഫോര്‍ഡ്‌ പ്രഭു

3. പ്രവിശ്യകളില്‍ ദ്വിഭരണ സംവിധാനം നിലവില്‍ വന്നപ്പോള്‍ വൈസ്രോയിയായിരുന്നത്‌ - ചെംസ്‌ ഫോര്‍ഡ്‌ പ്രഭു

4. റൗലറ്റ്‌ നിയമം പാസാക്കിയപ്പോള്‍ വൈസ്രോയിയായിരുന്നത്‌ - ചെംസ്‌ ഫോര്‍ഡ്‌ പ്രഭു

5. ഖിലാഫത്ത്‌ പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ ആരായിരുന്നു വൈസ്രോയി - ചെംസ്‌ ഫോര്‍ഡ്‌ പ്രഭു

6. ഒന്നാം ലോക മഹായുദ്ധത്തിന്‌ തിരശ്ശീല വീണത്‌ (1918) ഏത്‌ വൈസ്രോയിയുടെ സമയത്താണ്‌ - ചെംസ്‌ ഫോര്‍ഡ്‌ പ്രഭു

7. ജാലിയന്‍വാലാബാഗ്‌ കൂട്ടക്കൊലയെക്കുറിച്ചന്വേഷിക്കാന്‍ ഹണ്ടർ കമ്മീഷനെ നിയമിച്ചപ്പോള്‍ വൈസ്രോയി ആരായിരുന്നു - ചെംസ്‌ ഫോര്‍ഡ്‌ പ്രഭു

8. പഞ്ചാബിലെ അമൃത്‌സറിലെ ജാലിയന്‍വാലാബാഗില്‍ കൂട്ടക്കൊല നടന്നപ്പോള്‍ വൈസ്രോയി - ചെംസ്‌ ഫോര്‍ഡ്‌ പ്രഭു

9. 1919 ലെ ഗവ ഓഫ്‌ ഇന്ത്യ ആക്ട്‌ പാസാക്കിയപ്പോള്‍ വൈസ്രോയി - ചെംസ്‌ ഫോര്‍ഡ്‌ പ്രഭു

10. ഏത്‌ വൈസ്രോയിയുടെ സമയത്താണ്‌ 1921 ല്‍ സെന്‍ട്രല്‍ ലജിസ്ലേറ്റീവ്‌ അസംബ്ലി നിലവില്‍ വന്നത്‌ - ചെംസ്‌ ഫോര്‍ഡ്‌ പ്രഭു

11. വിദ്യാഭ്യാസത്തെക്കുറിച്ച്‌ പഠിക്കാന്‍ സാഡ്‌ലർ കമ്മീഷനെ (1917) നിയമിച്ച വൈസ്രോയി - ചെംസ്‌ ഫോര്‍ഡ്‌ പ്രഭു

12. ഏത്‌ വൈസ്രോയിയുടെ സമയത്താണ്‌ സർ സയ്യിദ്‌ അഹമ്മദ്‌ ഖാന്‍ അലിഗഡ്‌ മുസ്ലിം യൂണിവേഴ്‌സിറ്റി (1917) സ്ഥാപിച്ചത്‌ - ചെംസ്‌ ഫോര്‍ഡ്‌ പ്രഭു

13. ഏത്‌ വൈസ്രോയിയുടെ സമയത്താണ് മദന്‍ മോഹന്‍ മാളവ്യ ബനാറസ്‌ ഹിന്ദു സര്‍വകലാശാല (1919ൽ)‌ സ്ഥാപിച്ചത് - ചെംസ്‌ ഫോര്‍ഡ്‌ പ്രഭു

14. ഗാന്ധിജി ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം ബീഹാറിലെ ചമ്പാരനില്‍ നടത്തി (1917) യപ്പോള്‍ വൈസ്രോയി - ചെംസ്‌ ഫോര്‍ഡ്‌ പ്രഭു

15. ഇന്ത്യയിലെ ആദ്യത്തെ വനിതാ സര്‍വകലാശാല (ശ്രീമതി നാതിഭായ് ദാമോദർ താക്കറേ സർവ്വകലാശാല) പൂനെയിൽ രൂപംകൊണ്ടപ്പോള്‍ (1916) വൈസ്രോയി - ചെംസ്‌ ഫോര്‍ഡ്‌ പ്രഭു

16. കോണ്‍ഗ്രസിലെ വിഭാഗങ്ങളായ മിതവാദികളും തീവ്രവാദികളും ഒരുമിച്ച 1916 ലെ ലക്‌നൗ സമ്മേളന സമയത്തെ വൈസ്രോയി - ചെംസ്‌ ഫോര്‍ഡ്‌ പ്രഭു

17. 1916ൽ ആനി ബസന്റും ബാലഗംഗാധര തിലകനും ഹോംറൂള്‍ പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ വൈസ്രോയി - ചെംസ്‌ ഫോര്‍ഡ്‌ പ്രഭു

18. കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ 1916ലെ ലഖ്‌നൗ സന്ധി ഒപ്പിട്ടപ്പോഴത്തെ വൈസ്രോയി - ചെംസ്‌ ഫോര്‍ഡ്‌ പ്രഭു

19. 1919ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ടിന്റെ മറ്റൊരു പേര് - മൊണ്ടേഗു - ചെംസ്‌ഫോർഡ് ഭരണപരിഷ്‌കാരം

20. 'കരിനിയമം' എന്ന് വിശേഷിപ്പിക്കപ്പെട്ട റൗലറ്റ് ആക്ട് (1919) പാസ്സാക്കിയ വൈസ്രോയി - ചെംസ്‌ ഫോര്‍ഡ്‌ പ്രഭു

21. എഡ്വിൻ മൊണ്ടേഗു 'ആഗസ്റ്റ് പ്രഖ്യാപനം' (1917) നടത്തുമ്പോൾ വൈസ്രോയി - ചെംസ്‌ ഫോര്‍ഡ്‌ പ്രഭു

22. ഇന്ത്യക്കാർക്ക് ഒരു ഉത്തരവാദഭരണ വ്യവസ്ഥ ഉറപ്പ് നൽകിയ പ്രഖ്യാപനം - ആഗസ്റ്റ് പ്രഖ്യാപനം

23. ആഗസ്റ്റ് പ്രഖ്യാപനം നടത്തിയത് - എഡ്‌വിൻ സാമുവൽ മൊണ്ടേഗ്

24. ആഗസ്റ്റ് പ്രഖ്യാപനം പ്രകാരം നിലവിൽ വന്ന ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് അറിയപ്പെടുന്നത് - മൊണ്ടേഗു-ചെംസ്‌ഫോർഡ് പരിഷ്‌കാരങ്ങൾ

25. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ പറ്റി പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ തലവൻ - ലോർഡ് ഹണ്ടർ

റീഡിംഗ് പ്രഭു (1921-1926)

1. റൗലറ്റ് നിയമം പിൻവലിച്ച വൈസ്രോയി - റീഡിംഗ് പ്രഭു

2. ദേവദാസി സമ്പ്രദായം നിയമം (1925) മൂലം നിർത്തലാക്കിയ വൈസ്രോയി - റീഡിംഗ് പ്രഭു

3. ജൂത വൈസ്രോയി എന്നറിയപ്പെടുന്നത് - റീഡിംഗ് പ്രഭു

4. ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം പിന്‍വലിച്ചത്‌ ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ - റീഡിംഗ് പ്രഭു

5. വാഗണ്‍ ട്രാജഡിയുടെ (1921) സമയത്ത്‌ വൈസ്രോയി - റീഡിംഗ് പ്രഭു

6. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ്‌ ഇന്ത്യ സ്ഥാപിതമായത്‌ (1925) ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ - റീഡിംഗ് പ്രഭു

7. ഇന്ത്യന്‍ സിവില്‍ സര്‍വീസിലേക്ക്‌ തിരഞ്ഞെടുപ്പ്‌ നടത്തുന്നതിന് ഇന്ത്യയിലും ഇംഗ്ലണ്ടിലും ഒരേസമയം പരീക്ഷ നടത്തുന്ന സമ്പ്രദായം നടപ്പാക്കിയ (1923) വൈസ്രോയി - റീഡിംഗ് പ്രഭു

8. ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ സ്വരാജ് പാർട്ടി സ്ഥാപിതമായത്‌ - റീഡിംഗ് പ്രഭു

9. ഇന്ത്യന്‍ കരസേന നിലവില്‍ വന്നപ്പോള്‍ ആരായിരുന്നു വൈസ്രോയി - റീഡിംഗ് പ്രഭു

10. മാപ്പിള കലാപ സമയത്തെ (1921) വൈസ്രോയി - റീഡിംഗ് പ്രഭു

11. ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ രാഷ്ട്രീയ സ്വയം സേവക് സംഘം (1925) സ്ഥാപിതമായത്‌ - റീഡിംഗ് പ്രഭു

12. ചൗരി-ചൗര സംഭവം (1922) നടക്കുമ്പോള്‍ വൈസ്രോയി - റീഡിംഗ് പ്രഭു

13. 1921-ല്‍ വെയ്‌ൽസ്‌ രാജകുമാരന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ വൈസ്രോയിയായിരുന്നത്‌ - റീഡിംഗ് പ്രഭു

14. കക്കോരി ട്രെയിൻ കൊള്ള നടക്കുമ്പോൾ വൈസ്രോയി - റീഡിംഗ് പ്രഭു

15. കക്കോരി ട്രെയിൻ കവർച്ച നടന്ന വർഷം - 1925

16. റെയിൽവേ ബഡ്‌ജറ്റും, പൊതു ബഡ്‌ജറ്റും വേർതിരിക്കപ്പെട്ടത് (1924) ഏത് വൈസ്രോയിയുടെ കാലത്താണ് - റീഡിംഗ് പ്രഭു (നിലവിൽ പൊതുബജറ്റും റെയിൽവേ ബജറ്റും ഒരുമിച്ചാണ് അവതരിപ്പിക്കുന്നത്)

17. ഹിൽട്ടൺ യംഗ് കമ്മീഷനെ (1926) നിയമിച്ച വൈസ്രോയി - റീഡിംഗ് പ്രഭു

18. ഖിലാഫത്ത് പ്രസ്ഥാനവും നിസ്സഹകരണ പ്രസ്ഥാനവും അതിന്റെ തീവ്രതയിലെത്തുകയും അവസാനിക്കുകയും ചെയ്‌ത സമയത്തെ വൈസ്രോയി - റീഡിംഗ് പ്രഭു

19. 1919ൽ മൊണ്ടേഗു - ചെംസ്‌ഫോർഡ് നടപ്പിലാക്കിയ ദ്വിഭരണത്തിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ റീഡിംഗ് പ്രഭു നിയമിച്ച കമ്മീഷൻ - മുഡിമാൻ കമ്മിറ്റി (1924)

20. റിസർവ്വ് ബാങ്കിന്റെ പിറവിക്കു കാരണമായ ഹിൽട്ടൺ - യംഗ് കമ്മീഷനെ നിയമിച്ച വൈസ്രോയി - റീഡിംഗ് പ്രഭു (1926)

21. സൈന്യത്തിൽ കൂടുതൽ ഇന്ത്യാക്കാരെ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ച് പഠിച്ച കമ്മീഷൻ - സ്‌കീൻ കമ്മീഷൻ (1925)

ഇർവിൻ പ്രഭു (1926-1931)

1. ക്രിസ്ത്യൻ വൈസ്രോയി എന്നറിയപ്പെടുന്നത് - ഇർവിൻ പ്രഭു

2. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിവാഹപ്രായം യഥാക്രമം 18 ഉം 14 ഉം ആക്കി നിജപ്പെടുത്തിയ ശാരദ നിയമം പാസ്സാക്കിയത് - ഇർവിൻ പ്രഭു

3. ശാരദ നിയമം നടപ്പിലാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച വ്യക്തി - ഹർബിലാസ് ശാർദ

4. ശാരദ നിയമം കേന്ദ്ര നിയമനിർമ്മാണ സഭയിൽ അവതരിപ്പിച്ചത് - ഹർബിലാസ് ശാർദ

5. ഭഗത് സിംഗ്, സുഖ്‌ദേവ്, രാജ്‌ഗുരു എന്നിവരെ തൂക്കിലേറ്റിയ സമയത്തെ ഇന്ത്യൻ വൈസ്രോയി - ഇർവിൻ പ്രഭു

6. മൊണ്ടേഗു - ചെംസ്ഫോർഡ്‌ ഭരണപരിഷ്‌കാരങ്ങളെക്കുറിച്ച് പഠിച്ച് നിർദേശങ്ങൾ സമർപ്പിക്കാനായി ബ്രിട്ടീഷ് സര്‍ക്കാർ സൈമണ്‍ കമ്മിഷനെ നിയോഗിച്ചപ്പോള്‍ വൈസ്രോയിയായിരുന്നത്‌ - ഇർവിൻ പ്രഭു

7. സൈമൺ കമ്മീഷൻ ഇന്ത്യയിൽ എത്തിയ വർഷം - 1928

8. ഗുജറാത്തിലെ ബർദോളി ജില്ലയില്‍ വല്ലഭ്‌ ഭായി പട്ടേലിന്റെ നേതൃത്വത്തില്‍ കര്‍ഷകസമരം (1928) നടന്നപ്പോള്‍ വൈസ്രോയി ആരായിരുന്നു - ഇർവിൻ പ്രഭു

9. ലാലാ ലജ്പത്റായിയുടെ മരണത്തിനിടയാക്കിയ ലാത്തിചാര്‍ജിന്‌ നേതൃത്വം നല്‍കിയ അസിസ്റ്റന്റ് പൊലീസ്‌ സൂപ്രണ്ട്‌ സാന്‍ഡേഴ്‌സിനെ ലാഹോറിലെ പൊലീസ്‌ ഹെഡ്ക്വാര്‍ട്ടേഴ്സിനു മുന്നില്‍വച്ച്‌ ഭഗത്സിങ്ങും കൂട്ടരും വെടിവെച്ചുകൊന്നത്‌ ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ - ഇർവിൻ പ്രഭു

10. പൊലീസ്‌ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന്‌ ലാലാലജ്പത്റായി അന്തരിച്ചത്‌ ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ - ഇർവിൻ പ്രഭു

11. ചിറ്റഗോങിലെ ബ്രിട്ടീഷ്‌ ആയുധപ്പുര സൂര്യസൈന്നിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ റിപ്പബ്ലിക്കന്‍ ആര്‍മി കൈയേറിയത്‌ ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ - ഇർവിൻ പ്രഭു

12. കോണ്‍ഗ്രസിന്റെ ലക്ഷ്യം പൂര്‍ണ സ്വാതന്ത്ര്യമാണെന്ന്‌ പ്രഖ്യാപിക്കുന്ന പ്രമേയം അവതരിപ്പിച്ചത് - 1929 ഡിസംബർ 31ന്‌

13. ലാഹോറില്‍ ജവാഹര്‍ലാല്‍ നെഹ്റുവിന്റെ അധ്യക്ഷതയില്‍ചേര്‍ന്ന കോണ്‍ഗ്രസ്‌ സമ്മേളനം പാസാക്കിപ്പോള്‍ വൈസ്രോയി ആരായിരുന്നു - ഇർവിൻ പ്രഭു

14. സിവില്‍ നിയമലംഘനം ആരംഭിക്കുന്നതിനുമുമ്പ്‌ സമാധാനത്തിന്റെ ഒരു മാര്‍ഗം തുറന്നുകിട്ടും എന്ന ആഗ്രഹത്തോടെ ഗാന്ധിജി ഏത്‌ വൈസ്രോയിക്കാണ്‌ പതിനൊന്ന്‌ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കത്തെഴുതിയത്‌ - ഇർവിൻ പ്രഭു

15. “ഞാന്‍ മുട്ടുകുത്തിനിന്നുകൊണ്ട്‌ അങ്ങയോട്‌ അപ്പം ചോദിച്ചു. എന്നാല്‍ കല്ലാണ്‌ അങ്ങ്‌ എറിഞ്ഞുതന്നത്‌" - ഏത്‌ വൈസ്രോയിയെ ഉദ്ദേശിച്ചാണ്‌ ഗാന്ധിജി ഇതു പറഞ്ഞത്‌ - ഇർവിൻ പ്രഭു

16. ഗാന്ധിജിയുടെ ദണ്ഡിയാത്ര സമയത്ത്‌ ആരായിരുന്നു വൈസ്രോയി - ഇർവിൻ പ്രഭു

17. ദണ്ഡിയാത്ര നടന്ന വർഷം - 1930

18. ഉപ്പുസത്യാഗ്രഹ സമരം അവസാനിപ്പിക്കാന്‍ ഗാന്ധിജിയും ഏത്‌ വൈസ്രോയിയുമാണ്‌ കരാറിലേര്‍പ്പെട്ടത്‌ - ഇർവിൻ പ്രഭു

19. ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിൽ നിന്നും ന്യൂഡൽഹിയിലേയ്ക്ക് മാറ്റുമ്പോൾ (1931 ഫെബ്രുവരി 10) വൈസ്രോയി - ഇർവിൻ പ്രഭു

20. ഇന്ത്യയുടെ തലസ്ഥാനമായി ന്യൂഡൽഹി ഉദ്‌ഘാടനം ചെയ്യപ്പെട്ടത് - 1931 ഫെബ്രുവരി 13

21. ന്യൂഡല്‍ഹി നഗരം ഉദ്ഘാടനം ചെയ്ത വൈസ്രോയി - ഇർവിൻ പ്രഭു

22. വൈസ്രോയ്സ് പാലസിലെ (ഇപ്പോള്‍ രാഷ്ട്രപതി ഭവന്‍) താമസക്കാരനായ ആദ്യ വൈസ്രോയി - ഇർവിൻ പ്രഭു

23. ഒന്നാം വട്ടമേശ സമ്മേളനം (1930) ലണ്ടനില്‍ നടന്നപ്പോള്‍ വൈസ്രോയിയായിരുന്നത്‌ - ഇർവിൻ പ്രഭു

24. ഗാന്ധിജി സിവില്‍ ആജ്ഞാലംഘന പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ വൈസ്രോയിയായിരുന്നത്‌ - ഇർവിൻ പ്രഭു

25. 1930ൽ സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കുമ്പോൾ വൈസ്രോയി - ഇർവിൻ പ്രഭു

26. ദീപാവലി പ്രഖ്യാപനവുമായി ബന്ധപ്പെട്ട വൈസ്രോയി - ഇർവിൻ പ്രഭു

27. ഉപ്പുനികുതിയ്‌ക്കെതിരെ പ്രക്ഷോഭമാരംഭിക്കാനുള്ള ഗാന്ധിജിയുടെ തീരുമാനത്തെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്നു വിശേഷിപ്പിച്ച വൈസ്രോയി - ഇർവിൻ പ്രഭു

28. ഗാന്ധി ഇർവിൻ ഉടമ്പടി ഒപ്പുവെച്ച വർഷം - 1931

വെല്ലിംഗ്ടണ്‍ പ്രഭു (1931-1936)

1. സിന്ധു നദിയിൽ ലോയ്ഡ്‌ ബാരേജ് (ഇപ്പോൾ പാക്കിസ്ഥാനില്‍) ഉദ്ഘാടനം ചെയ്ത വൈസ്രോയി

2. ഏത്‌ വൈസ്രോയിയാണ്‌ തിരുവനന്തപുരം നഗരത്തിൽ ജലവിതരണത്തിനുള്ള വാട്ടർ വര്‍ക്സ്‌ ഉദ്ഘാടനം ചെയ്തത്‌

3. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമായ ഹെയ്‌ ലി നാഷണൽ പാര്‍ക്ക്‌ ആരംഭിച്ചത്‌ (1936 ഏത്‌ വൈസ്രോയിയുടെ കാലത്താണ്)‌

4. ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ 1935 ഏപ്രിൽ ഒന്നിന് റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ രൂപം കൊണ്ടത്‌

5. 1931 ഒക്ടോബർ ഒമ്പതിന് ഇന്ത്യൻ വ്യോമസേന നിലവിൽ വന്നപ്പോൾ വൈസ്രോയി

6. 1935 ലെ ഇന്ത്യ ഗവണ്‍മെന്റ്‌ നിയമം പാസാക്കിയത്‌ ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌

7. പൂനെ കരാറിന്റെ സമയത്തെ വൈസ്രോയി

8. കമ്യൂണ്‍ അവാര്‍ഡ്‌ എന്ന പേരിലറിയപ്പെട്ട പ്രഖ്യാപനം നടത്തിയത്‌ ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌

9. കോണ്‍ഗ്രസ്സ്‌ രണ്ടാം നിയമലംഘന പ്രസ്ഥാനം ആരംഭിച്ചപ്പോൾ (1932) വൈസ്രോയിയായിരുന്നത്

10. രണ്ടാമത്തെയും മൂന്നാമത്തെയും വട്ടമേശ സമ്മേളനസമയത്ത്‌ വൈസ്രോയി

ലിന്‍ലിത്ഗോ പ്രഭു (1936-1943)

1. കോണ്‍ഗ്രസ്‌ നേതൃത്വത്തോട്‌ ആലോചിക്കാതെ രണ്ടാം ലോക മഹാ യുദ്ധത്തിൽ ഇന്ത്യയെയും സഖ്യകക്ഷിയായി പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച്‌ പ്രവിശ്യ മന്ത്രി സഭകൾ രാജിവെച്ചപ്പോൾ വൈസ്രോയിയായിരുന്നത്‌

2. 1940 മാര്‍ച്ച്‌ 23 ന് ലാഹോറിൽ ചേര്‍ന്ന മുസ്ലിം രാഷ്ട്രം ഉന്നയിച്ച്‌ പ്രമേയം പാസ്സാക്കിയത്‌ ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌

3. 1942 ആഗസ്റ്റ്‌ എട്ടിന് മുംബൈയിൽ കോണ്‍ഗ്രസ്‌ ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയപ്പോൾ വൈസ്രോയിയായിരുന്നത്‌

4. 1935 ലെ ഗവ. ഓഫ്‌ ഇന്ത്യ നിയമപ്രകാരം 1937 ൽ ബര്‍മ്മയെ ഇന്ത്യയിൽ നിന്ന്‌ വേര്‍പെടുത്തിയപ്പോൾ ഏത്‌ വൈസ്രോയിയാണ്‌ ഭരിച്ചിരുന്നത്‌

5. ക്രിപ്സ്‌ മിഷൻ ഇന്ത്യയിൽ വന്നപ്പോൾ (1942) വൈസ്രോയി

6. രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചപ്പോൾ (1939) ഇന്ത്യയിലെ വൈസ്രോയിയായിരുന്നത്‌

7. ഏറ്റവും കൂടുതൽ കാലം ബ്രിട്ടീഷിന്ത്യ ഭരിച്ച വൈസ്രോയി

8. ഓഗസ്റ്റ്‌ ഓഫർ മുന്നോട്ടു വെച്ച വൈസ്രോയി

9. ക്വിറ്റിന്ത്യാ സമരം (1942 ഓഗസ്റ്റ്‌ 9) ആരംഭിച്ചപ്പോൾ വൈസ്രോയിയായിരുന്നത്‌

10. സംസ്ഥാന സ്വയംഭരണം നിലവിൽ വരുത്തുന്നതിന് 1937 ജനുവരി -ഫെബ്രുവരി മാസങ്ങളിൽ തിരഞ്ഞെടുപ്പു നടന്നപ്പോൾ ആരായിരുന്നു വൈസ്രോയി

11. ഏത്‌ വൈസ്രോയിയുടെ കാലത്താണ്‌ 1937 ഒക്ടോബർ ഒന്നിന് ഇന്ത്യയിൽ ഫെഡറൽ കോടതി നിലവിൽ വന്നത്‌

12. 1935 ലെ ഗവ. ഓഫ്‌ ഇന്ത്യ നിയമം നിലവിൽ വന്നപ്പോൾ ആരായിരുന്നു വൈസ്രോയി

വേവൽ പ്രഭു (1943-1947)

1. ഭരണഘടനാ നിര്‍മ്മാണ സഭ രൂപംകൊണ്ടപ്പോൾ (1946 ഡിസംബർ 6) വൈസ്രോയിയായിരുന്നത്‌

2. 1946 സെപ്റ്റംബർ രണ്ടിന് അധികാരത്തിൽ വന്ന ഇടക്കാല സര്‍ക്കാരിന്റെ അധ്യക്ഷനായിരുന്നത്‌

3. ജവഹര്‍ലാൽ നെഹ്റു ഉപാധ്യക്ഷനായി (വൈസ്‌ പ്രസിഡന്റ്) 1946 സെപ്റ്റംബർ രണ്ടിന് ഇടക്കാല സര്‍ക്കാർ അധികാരത്തിൽ വന്ന സമയത്തെ വൈസ്രോയി

4. ബോംബെയിലെ നാവിക കലാപം (1946) നടന്നപ്പോൾ വൈസ്രോയി

5. ഡല്‍ഹിയിൽ ചെങ്കോട്ടയിലെ ഐ.എന്‍.എ ട്രയൽ (1945) നടന്നപ്പോൾ വൈസ്രോയി

6. മുസ്ലിം ലീഗ്‌ ഡയറക്ട്‌ ആക്ഷൻ (1946 ആഗസ്റ്റ് 16) നടത്തിയ സമയത്ത്‌ വൈസ്രോയി ആരായിരുന്നു

7. ചെത്തിക്‌ ലോറന്‍സിന്റെ നേതൃത്വത്തിൽ ക്യാബിനറ്റ്‌ മിഷൻ 1946 -ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ വൈസ്രോയി

8. ബ്രിട്ടണിൽ കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടി നേതാവ് ചര്‍ച്ചിലിന്റെ ഭരണം അവസാനിക്കുകയും തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി ലേബർ പാര്‍ട്ടി നേതാവ്‌ ക്ലമന്റ്‌ ആറ്റ്ലി പ്രധാനമന്ത്രിയാകുകയും ചെയ്തപ്പോൾ ഇന്ത്യയിൽ വൈസ്രോയിയായിരുന്നത്‌

9. രണ്ടാം ലോക മഹായുദ്ധത്തിന് തിരശ്ശീല വീണപ്പോൾ വൈസ്രോയി ആരായിരുന്നു

10. 1943-ലെ ബംഗാൾ ക്ഷാമകാലത്തെ വൈസ്രോയി

11. ഇന്ത്യയുടെ രാഷ്ട്രീയഭാവി സംബന്ധിച്ച് കോണ്‍ഗ്രസ്‌ നേതാക്കന്മാരുമായി 1945-ൽ ഷിംലയിൽ ചര്‍ച്ച നടത്തിയ വൈസ്രോയി

12. ഒന്നാം ലോക മഹായുദ്ധത്തിൽ ഒരു കണ്ണു നഷ്ടപ്പെട്ട ശേഷം ഇന്ത്യയുടെ വൈസ്രോയിയായത്‌

13. ഇന്ത്യയ്ക്ക്‌ 1948 ജൂണ്‍ 30 നകം സ്വാതന്ത്ര്യം നല്‍കാനുള്ള ബ്രിട്ടീഷ്‌ സര്‍ക്കാരിന്റെ തീരുമാനം 1947 ഫിബ്രവരി 20 ന് ക്ലമന്റ്‌ ആറ്റ്ലി ബ്രിട്ടീഷ്‌ പാര്‍ലമെന്റിൽ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യൻ വൈസ്രോയി ആരായിരുന്നു

മൗണ്ട് ബാറ്റൺ (1947-1948)

1. ഇന്ത്യൻ സ്വാതന്ത്ര്യ നിയമം തയ്യാറാക്കിയ വൈസ്രോയി

2. ഇന്ത്യയെ രണ്ടായി വിഭജിക്കാൻ തീരുമാനിച്ച പദ്ധതി - മൗണ്ട് ബാറ്റൺ പദ്ധതി

3. മൗണ്ട് ബാറ്റൺ പദ്ധതി നിയമവിധേയമാക്കപ്പെട്ട ആക്ട് - 1947-ലെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്

4. 'ബാൾക്കൺ പദ്ധതി', 'ജൂൺ തേർഡ് പദ്ധതി' എന്നറിയപ്പെടുന്നത് - മൗണ്ട് ബാറ്റൺ പദ്ധതി

സി.രാജഗോപാലാചാരി (1948-1950)

1. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യക്കാരനായ ഗവർണർ ജനറൽ

2. സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ

3. ഇന്ത്യക്കാരനായ ഒരേയൊരു ഗവർണർ ജനറൽ

Post a Comment

0 Comments
Post a Comment (0)