ഇന്ത്യയിലെ ലോക പൈതൃക കേന്ദ്രങ്ങൾ
ചരിത്രപരവും
സാംസ്കാരികവും ശാസ്ത്രീയവും പാരിസ്ഥിതികവുമായി പ്രാധാന്യമർഹിക്കുന്ന
ഇടങ്ങളിൽനിന്ന് മാനദണ്ഡങ്ങൾ അനുസരിച്ച് യുണൈറ്റഡ് നേഷൻസ് എജുക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ
(യുനെസ്കോ) തിരഞ്ഞെടുത്ത സ്ഥലങ്ങളാണ് ലോകപൈതൃക കേന്ദ്രങ്ങൾ. നഗരങ്ങളോ ഗ്രാമങ്ങളോ
മറ്റ് മനുഷ്യനിർമിതികളോ ഭൂപ്രകൃതിയോ അങ്ങനെയെന്തുമാകട്ടെ, അവയുടെ ചരിത്രവും കാലികപ്രാധാന്യവും
നിലനിർത്തുക, നാളേക്കായി സംരക്ഷിച്ചുനിർത്തുക
എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യയിൽ ഇത്തരം 44 ഇടങ്ങളാണുള്ളത്. ഇതിൽ 36 കേന്ദ്രങ്ങൾ സാംസ്‌കാരിക
പ്രാധാന്യമുള്ളതും 7 കേന്ദ്രങ്ങൾ പരിസ്ഥിതി
പ്രാധാന്യമുള്ളതുമാണ്. ഒരെണ്ണം സാംസ്‌കാരിക പ്രാധാന്യവും പരിസ്ഥിതി
പ്രാധാന്യമുള്ളതാണ്. മാനസ് വന്യജീവി സങ്കേതം, കേവൽദേവ് ദേശീയോദ്യാനം, കിയലാഡിയോ ദേശീയോദ്യാനം, സുന്ദർബൻസ്, നന്ദാദേവി & വാലി ഓഫ് ഫ്ലവേഴ്‌സ് ദേശീയോദ്യാനം, പശ്ചിമഘട്ടം, ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് എന്നിവ
പരിസ്ഥിതി പ്രാധാന്യമുള്ള കേന്ദ്രങ്ങളാണ്. പരിസ്ഥിതി പ്രാധാന്യവും സാംസ്‌കാരിക
പ്രാധാന്യവും ഉള്ളവയുമായ ഒരേയൊരു കേന്ദ്രം കാഞ്ചൻജംഗയാണ്. മറ്റുള്ളവ സാംസ്‌കാരിക
പ്രാധാന്യമുള്ള കേന്ദ്രങ്ങളാണ്.
കേരളത്തിൽനിന്ന്
പട്ടികയിൽ ഇടംപിടിച്ചത് പശ്ചിമഘട്ടമാണ്. മഹാരാഷ്ട്രയിലെ അജന്ത-എല്ലോറ ഗുഹകൾ, ആഗ്ര കോട്ട, താജ്‌മഹൽ എന്നിവിടങ്ങളാണ് ഇത്തരത്തിൽ
ഇന്ത്യയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യ സ്ഥലങ്ങൾ. 1983-ലായിരുന്നു ഇത്. ഉദാത്തമായ
പ്രാപഞ്ചികമൂല്യമുള്ളതും യുനെസ്‌കോ നിർദേശിക്കുന്ന പത്ത് മാനദണ്ഡങ്ങളിൽ ഏതിലെങ്കിലും
ഉൾപ്പെടുന്നതുമായ സ്ഥലങ്ങളാണ് ലോകപൈതൃകപട്ടികയിൽ ഇടംനേടുക. വേൾഡ് ഹെറിറ്റേജ്
കൺവെൻഷന്റെ നിർദേശങ്ങൾ നടപ്പിൽ വരുത്തുന്നതിനായി നിയുക്തമായിട്ടുള്ള പ്രധാന
സമിതിയാണ് വേൾഡ് ഹെറിറ്റേജ് കമ്മിറ്റി. ലോകപൈതൃകപട്ടികയിൽ സ്ഥലങ്ങളെ
അടയാളപ്പെടുത്തുന്നതിനായി കൃത്യമായ മാനദണ്ഡങ്ങൾ വികസിപ്പിച്ചിട്ടുള്ളതും വേൾഡ്
ഹെറിറ്റേജ് ഫണ്ടിന്റെ കീഴിൽ അന്താരാഷ്ട്രത്തലത്തിലുള്ള മേൽനോട്ടത്തിനായി
വ്യവസ്ഥകളുണ്ടാക്കിയിട്ടുള്ളതും ഈ കമ്മിറ്റിയാണ്. ഈ നിർദേശങ്ങൾ ഉൾപ്പെടുന്ന രേഖ
ലോകപൈതൃക ഉടമ്പടിയുടെ നടത്തിപ്പിനുള്ള മാർഗരേഖ എന്നറിയപ്പെടുന്നു.
മാനദണ്ഡങ്ങൾ
ഒരു
സ്ഥലത്തെ ലോകപൈതൃകകേന്ദ്രമായി പ്രഖ്യാപിക്കുന്നതിന് യുനെസ്‌കോ കണക്കിലെടുക്കുന്ന
മാനദണ്ഡങ്ങൾ ഇവയൊക്കെയാണ്.
1.
മനുഷ്യന്റെ
ഉത്കൃഷ്ടമായ സർഗാത്മക പ്രതിഭയുടെ മകുടോദാഹരണമായിരിക്കണം.
2.
ഭൂഭാഗങ്ങളെ
ക്രമീകരിച്ചെടുക്കുക,
നഗരാസൂത്രണം, ശാശ്വതമായ കലാവിഷ്കാരങ്ങൾ, സാങ്കേതികത, വാസ്തുവിദ്യ എന്നിവയുടെ
വികസനത്തിലൂന്നി ഒരു കാലഘട്ടത്തിൽ അല്ലെങ്കിൽ ലോകത്തിലെ ഒരു പ്രത്യേക
സാംസ്കാരികമേഖലയിൽ സംഭവിച്ചിട്ടുള്ള മാനവികമൂല്യങ്ങളുടെ അതിപ്രധാനമായ കൈമാറ്റത്തെ
പ്രതിനിധാനം ചെയ്യുന്നതായിരിക്കണം.
3.
ഇന്ന്
നിലനിൽക്കുന്നതോ മൺമറഞ്ഞതോ ആയ ഒരു സാംസ്കാരിക പാരമ്പര്യത്തിന്റെയോ ഒരു മാനവിക സംസ്കാരത്തിന്റെയോ
അനന്യമായ അല്ലെങ്കിൽ വേറിട്ടുനിൽക്കുന്നതെങ്കിലുമായ അടയാളമായിരിക്കണം.
4.
മനുഷ്യചരിത്രത്തിലെ
പ്രധാനപ്പെട്ട ഘട്ടങ്ങളെ വരച്ചുകാട്ടുന്ന ഒരു ഭൂപ്രകൃതിയുടെയോ വാസ്തുവിദ്യയുടെ
അല്ലെങ്കിൽ സാങ്കേതിക സമഗ്രതയുടെയോ പ്രത്യേകതയുള്ള കെട്ടിടങ്ങളുടെയോ
വേറിട്ടുനിൽക്കുന്ന ഉദാഹരണമായിരിക്കണം.
5.
പരമ്പരാഗതമായ
മനുഷ്യാധിവാസം,
ഒരു
സംസ്കാരത്തെയോ ഒന്നിലധികം സംസ്കാരങ്ങളെയോ പ്രതിനിധാനംചെയ്യുന്ന ഭൂവിനിയോഗം, സമുദ്രവിനിയോഗം, നിയതമായ ഒരു മാറ്റത്തിന്റെ ഫലമായി
നിലനില്പിനായി മനുഷ്യർ പ്രകൃതിയുമായി നടത്തിയ ഇടപെടലുകൾ എന്നിവയുടെ വ്യത്യസ്തമായ
ഉദാഹരണമായിരിക്കണം.
6.
സാർവത്രികമായി
പ്രാധാന്യമുള്ള കലാസാഹിത്യ രചനകൾകൊണ്ടോ വിശ്വാസങ്ങൾകൊണ്ടോ ആശയങ്ങൾകൊണ്ടോ ഇന്നും
നിലനിൽക്കുന്ന ആചാരങ്ങളുമായോ സംഭവങ്ങളുമായോ നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടതായിരിക്കണം.
7.
അനിർവചനീയമായ
പ്രകൃതിഭംഗി ഉൾക്കൊള്ളുന്നതോ വിസ്മയകരമായ പ്രകൃതി പ്രതിഭാസങ്ങൾ അരങ്ങേറുന്നതോ ആയ
ഇടങ്ങൾ.
8.
ജീവനെ
സാക്ഷ്യപ്പെടുത്തുന്ന,
ഭൂഭാഗങ്ങളുടെ
രൂപവത്കരണത്തിൽ ഭൗമശാസ്ത്രപരമായി പരിണാമപ്രക്രിയകൾ സംഭവിച്ചുകൊണ്ടിരിക്കുന്ന, ഭൂമിയുടെ ഉപരിതലരൂപവത്‌കരണസംബന്ധമായതും
ഭൂപ്രകൃതി ശാസ്ത്രപരമായതുമായ സവിശേഷതകൾ ഉൾക്കൊള്ളുകയും ചെയ്യുന്ന ഭൂമിയുടെ
ചരിത്രത്തിലെ മഹത്തായ ഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്നതായിരിക്കണം.
9. കര, ശുദ്ധജലം, തീരം, സമുദ്രം എന്നിവിടങ്ങളിലെ ആവാസവ്യവസ്ഥയുടെയും വിവിധ സസ്യജന്തുജാലങ്ങളുടെ വർഗങ്ങളുടെയും രൂപവത്കരണത്തിനും വികസനത്തിനും കാരണമാകുന്ന പാരിസ്ഥിതികവും ജൈവികവുമായ പ്രക്രിയകളെ പ്രതിനിധാനം ചെയ്യുന്നതായിരിക്കണം.
10.
ശാസ്ത്രത്തിന്റെയും
പരിപാലനപ്രാധാന്യത്തിന്റെയും കാഴ്ചപ്പാടിൽനിന്ന് നോക്കുമ്പോൾ സാർവത്രികമൂല്യമുള്ള, വംശനാശഭീഷണി നേരിടുന്ന സ്പീഷിസുകൾ
അടക്കമുള്ള ജൈവവൈവിധ്യത്തെ നിലവിലെ അവസ്ഥയിൽ സംരക്ഷിക്കുന്ന അതിപ്രധാനമായ
സ്വാഭാവിക പ്രകൃതിയിലെ ആവാസസ്ഥലം.
ഇന്ത്യയിലെ
ലോകപൈതൃകകേന്ദ്രങ്ങൾ
1.
അജന്ത, മഹാരാഷ്ട്ര (1983)
200 ബി.സി.ക്കും 650 എ.ഡി.ക്കും ഇടയിൽ
നിർമിക്കപ്പെട്ടിട്ടുള്ള അജന്താഗുഹകൾ ബുദ്ധസന്ന്യാസിമാരുടെ പ്രധാന
കേന്ദ്രമായിരുന്നു. പാറതുരന്ന് നിർമിച്ച പുരാതനബുദ്ധവിഹാരങ്ങളും ചൈത്യ എന്നറിയപ്പെടുന്ന
ആരാധനാഹാളും കൊത്തുപണികളുമൊക്കെ ഇവിടെ കാണാം. 1819-ൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന
ക്യാപ്റ്റൻ ജോൺ സ്മിത്ത് ആകസ്മികമായി ഇവിടെ എത്തിപ്പെട്ടതോടെയാണ് നൂറ്റാണ്ടുകളോളം
കാടുമൂടിക്കിടന്ന അജന്താ ഗുഹകൾ വീണ്ടും ജനശ്രദ്ധയിലെത്തുന്നത്. മഹാരാഷ്ട്രയിലെ
ഔറംഗാബാദ് ജില്ലയിലാണ് അജന്ത സ്ഥിതിചെയ്യുന്നത്.
2.
എല്ലോറ, മഹാരാഷ്ട്ര (1983)
ഔറംഗാബാദിൽനിന്ന്
അധികം അകലെയല്ലാതെ രണ്ടുകിലോമീറ്ററിലേറെ ദൂരത്തിൽ പരന്നുകിടക്കുന്ന 34 സന്ന്യാസാശ്രമങ്ങളുടെയും
ക്ഷേത്രങ്ങളുടെയും സമന്വയമാണ് എല്ലോറ. ചെങ്കുത്തായ ബസാൾട്ട് കുന്നിന്റെ
വശങ്ങളിൽനിന്ന് തുരന്നെടുത്ത് നിർമിച്ചതാണ് ഇവയൊക്കെ എന്നതാണ് ഏറെ അദ്ഭുതകരമായ
വസ്തുത. പുരാതന ഇന്ത്യയുടെ ചരിത്രത്തിലേക്കും സംസ്ക്കാരത്തിലേക്കും വെളിച്ചം
വീശുന്ന, ശിലയിൽ കൊത്തിയെടുത്ത ഈ
വാസ്തുവിദ്യാവിസ്മയം ബുദ്ധിസത്തിന്റെയും ജൈനിസത്തിന്റെയും ബ്രാഹ്മണിസത്തിന്റെയും
സ്വാധീനം പ്രതിഫലിപ്പിക്കുന്നു.
3.
ആഗ്ര
കോട്ട,
ഉത്തർപ്രദേശ് (1983)
പതിനാറാം
നൂറ്റാണ്ടിൽ നിർമിച്ച ഈ മുഗൾ കോട്ട ആഗ്രയുടെ ചെങ്കോട്ട എന്നറിയപ്പെടുന്നു. താജ്‌മഹലിലെ
ഉദ്യാനങ്ങൾക്കു സമീപമാണിത് നിലകൊള്ളുന്നത്. ജഹാംഗീർ പാലസ്, ഖാസ് മഹൽ, ദിവാൻ ഇ ഖാസ് പോലുള്ള സദസ്സുകൾ, രണ്ട് മനോഹരമായ പള്ളികൾ എന്നിവയൊക്കെ
കോട്ടയ്ക്കുള്ളിൽ കാണാം.
4.
താജ് മഹൽ, ഉത്തർപ്രദേശ് (1983)
ലോകപ്രശസ്തമായ
പ്രണയകുടീരം. ഷാജഹാൻ ചക്രവർത്തി തന്റെ പ്രിയപത്നി മുംതാസിനായി പണിത സ്മാരകമാണിത്. 1613 മുതൽ 1648 വരെയുള്ള കാലയളവിലാണ് യമുനാതീരത്ത്
വെണ്ണക്കല്ലിൽ താജ് മഹൽ പണിതീർത്തത്. ഇന്തോ-ഇസ്‌ലാമിക് വാസ്തുവൈദഗ്‌ധ്യത്തിന്റെ
മകുടോദാഹരണമായാണ് താജ് മഹൽ കണക്കാക്കപ്പെടുന്നത്. ഉസ്താദ് അഹ്‌മദ് ലഹോരിയായിരുന്നു
താജ്‌മഹലിന്റെ പ്രധാന ആർക്കിടെക്ട്.
5.
സൂര്യക്ഷേത്രം, ഒഡിഷ (1984)
കൊണാർക്കിൽ
ബംഗാൾ ഉൾക്കടലിന്റെ തീരത്തോടുചേർന്ന് സ്ഥിതിചെയ്യുന്ന മനോഹരക്ഷേത്രം. പതിമൂന്നാം
നൂറ്റാണ്ടിൽ കിഴക്കൻ ഗംഗാ രാജവംശത്തിലെ നരസിംഹദേവ ഒന്നാമൻ നിർമിച്ചതെന്നു
കരുതപ്പെടുന്ന സൂര്യക്ഷേത്രം കലിംഗൻ ക്ഷേത്രവാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ്.
കല്ലിൽ കൊത്തിയെടുത്ത രഥത്തിന്റെ മാതൃകയിലാണ് ക്ഷേത്രനിർമാണം. ക്ഷയിച്ച അവസ്ഥയിലായ
ക്ഷേത്രസമുച്ചയത്തെ താങ്ങിനിർത്തുന്നതിനുള്ള പരിശ്രമങ്ങൾ നടന്നുവരുന്നു.
6.
മഹാബലിപുരം, തമിഴ്‌നാട് (1984)
ഇന്ത്യൻ
ഉപഭൂഖണ്ഡത്തിന്റെ കിഴക്കേ തീരമായ കോറമാൻഡൽ തീരത്ത് ഏഴ്, എട്ട് നൂറ്റാണ്ടുകളിൽ പല്ലവരാജവംശം
നിർമിച്ച ശിലാശില്പങ്ങളാണ് മഹാബലിപുരത്തിന്റെ പ്രത്യേകത. അതിപുരാതനമായ ഒരു
തുറമുഖനഗരം കൂടിയാണിവിടം. ഗുഹാക്ഷേത്രങ്ങളും ഒറ്റക്കൽ മണ്ഡപങ്ങളും ക്ഷേത്രങ്ങളും
മഹാബലിപുരത്ത് തലയുയർത്തിനിൽക്കുന്നു. തിരുക്കടൽ മല്ലൈ എന്ന വിഷ്ണുക്ഷേത്രം, ശിലാശില്പങ്ങളായ 'ഗംഗയുടെ പതനം', അർജുനന്റെ തപസ്സ്, വരാഹഗുഹാക്ഷേത്രം, പഞ്ചരഥങ്ങൾ തുടങ്ങിയവയാണ് ഏറ്റവും
പ്രശസ്തം.
7.
കാസിരംഗ
ദേശീയോദ്യാനം,
അസം (1985)
അസമിന്റെ
ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വനവിസ്മയം ലോകത്തിൽ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ
ഏറ്റവും അധികം കാണപ്പെടുന്ന ഇടമാണ്. കൂടാതെ കടുവ, പുള്ളിപ്പുലി, കരടി, ഹൂലോക്ക് ഗിബ്ബൺ, സംഭാർ തുടങ്ങിയ അനവധി
വന്യമൃഗങ്ങളുടെയും അപൂർവ പക്ഷിവർഗങ്ങളുടെയും ആവാസസ്ഥാനമാണ് കാസിരംഗ.
ബ്രഹ്മപുത്രാനദിക്കരയിലാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്.
8.
കിയലാഡിയോ
ദേശീയോദ്യാനം,
രാജസ്ഥാൻ (1985)
മഹാരാജാക്കന്മാർ
താറാവുവേട്ടയ്ക്കിറങ്ങിയിരുന്നത് ദേശാടനക്കിളികളുടെ പറുദീസയായ ഈ വനഭൂമിയിലാണ്.
സൈബീരിയൻ കൊക്കുകളുൾപ്പെടെ 364 സ്പീഷിസുകളിൽപ്പെട്ട
പക്ഷികളാണ് ഇവിടെ ദേശാടനത്തിനെത്തുന്നത്. 2873 ഹെക്ടർ സ്ഥലത്ത് പരന്നുകിടക്കുന്ന, പുൽമേടുകളും മരക്കൂട്ടങ്ങളും
ചതുപ്പുനിലങ്ങളും അടങ്ങുന്ന വൈവിധ്യമാർന്ന ഭൂപ്രകൃതിയാണിത്.
9.
മാനസ്
വന്യജീവിസങ്കേതം,
അസം (1985)
ഹിമാലയത്തിന്റെ
താഴ്‌വാരത്തിലെ ചെറുചെരിവുകളിൽ വ്യാപിച്ചുകിടക്കുന്ന വന്യജീവിസങ്കേതം. അസം റൂഫ്‌ഡ്
ആമ, ഹിസ്പിഡ് ഹെയർ, ഗോൾഡൻ ലങ്കൂർ, പിഗ്മി ഹോഗ് തുടങ്ങി അപൂർവജീവികളുടെ
സാന്നിധ്യമുണ്ടിവിടെ. 39,100 ഹെക്ടറിലുള്ള ഈ വനഭൂമി മാനസ്
നദിക്കരയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. വടക്ക് ഭൂട്ടാന്റെ അധീനതയിലുള്ള
വനപ്രദേശവുമായി അതിർത്തി പങ്കിടുന്നു.
10.
ഗോവൻ
പള്ളികളും കോൺവെന്റുകളും,
ഗോവ (1986)
പോർച്ചുഗീസ്
ഇന്ത്യയുടെ തലസ്ഥാനമായിരുന്ന ഗോവയിലെ പുരാതന പള്ളികളും കോൺവെന്റുകളും ഏഷ്യയിലെ
സുവിശേഷപ്രവർത്തങ്ങളെ വരച്ചുകാട്ടുന്നവയാണ്. ബോം ജീസസ് ബസിലിക്ക, സെന്റ് ഫ്രാൻസിസിന്റെ ശവകുടീരം. സെന്റ്
കാതറീൻ ചാപ്പൽ,
ചർച്ച് ഓഫ് അവർ
ലേഡി ഓഫ് റോസറി തുടങ്ങിയവ മാനുവെലൈൻ, മാന്നെറിസ്റ്റ്, ബറോക്ക് ശൈലികളിലുള്ള കലയുടെയും
വാസ്തുവിദ്യയുടെയും ഉത്തമോദാഹരണങ്ങളായ നിർമിതികളാണ്.
11.
ഖജൂരാഹോ, മധ്യപ്രദേശ് (1986)
ചന്ദേലാ
രാജവംശത്തിന്റെ ഭരണകാലത്ത് നിർമിച്ച ക്ഷേത്രങ്ങളാണ് ഖജുരാഹോയിലേത്. ഹിന്ദുമതവും
ജൈനമതവുമായി ബന്ധപ്പെട്ട ഇരുപതോളം ക്ഷേത്രങ്ങളുടെ ശേഷിപ്പുകളാണ് ഇവിടെയുള്ളത്.
ഭാരതീയ ശില്പകലയുടെ മകുടോദാഹരണങ്ങളാണ് ഖജുരാഹോയിലെ ശില്പങ്ങൾ.
12.
ഹംപി, കർണാടക (1986)
വിജയനഗരസാമ്രാജ്യത്തിന്റെ
അവസാനത്തെ തലസ്ഥാനമായിരുന്ന ഹംപിയിലെ നിർമിതികൾ ദ്രവീഡിയൻ വാസ്തുശില്പകലയുടെ
സമാനതകളില്ലാത്ത ഉദാഹരണമാണ്. എ.ഡി. 14
മുതൽ പതിനാറാം നൂറ്റാണ്ടുവരെയാണ് വിജയനഗരസാമ്രാജ്യത്തിന്റെ ഭരണകാലം. കർണാടകയിലെ
ബല്ലാരി ജില്ലയിൽ തുംഗഭദ്രാനദിക്കരയിലാണ് ഹംപി സ്ഥിതിചെയ്യുന്നത്. കോട്ടകൾ, ക്ഷേത്രങ്ങൾ, ഉദ്യാനങ്ങൾ, മണ്ഡപങ്ങൾ, കവാടങ്ങൾ, വിഗ്രഹങ്ങൾ തുടങ്ങി 1600-ലേറെ പുരാവസ്തുശേഷിപ്പുകൾ ഹംപിയിൽ
കാണാം. ദ്രാവിഡവാസ്തുവിദ്യയുടെ സുവർണകാലമായിരുന്നു വിജയനഗരസാമ്രാജ്യത്തിന്റേത്.
മികച്ച വാണിജ്യകേന്ദ്രമെന്നനിലയിലും അഭിവൃദ്ധി പ്രാപിച്ചിരുന്ന ഇവിടത്തെ ക്യൂൻസ്
ബാത്തും ആനക്കൊട്ടിലുകളുമൊക്കെ ഇന്തോ-ഇസ്‌ലാമിക് വാസ്തുവിദ്യ തുളുമ്പുന്ന
മനോഹരനിർമിതികളാണ്.
13.
ഫത്തേപുർ
സിക്രി,
ഉത്തർപ്രദേശ് (1986)
പതിനാറാം
നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ അക്‌ബർ ചക്രവർത്തിയാണ് ഫത്തേപൂർ സിക്രി
പണിതീർത്തത്. വിജയത്തിന്റെ നഗരം എന്നാണ് ഫത്തേപൂർ സിക്രി എന്ന പേരിന്റെ അർഥം.
പത്തുവർഷത്തോളം മുഗൾ ചക്രവർത്തിയുടെ തലസ്ഥാനമായിരുന്നു ഇവിടം. ഒരേ വാസ്തുവിദ്യാരീതിയിൽ
നിർമിച്ച ഈ നഗരത്തിൽ നിരവധി ക്ഷേത്രങ്ങളും സ്മാരകങ്ങളും കാണാം. ഇന്ത്യയിലെ ഏറ്റവും
വലിയ മുസ്‌ലിം പള്ളികളിലൊന്നായ ജമാ മസ്‌ജിദ് ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.
14.
എലിഫെന്റാ
കേവ്സ്,
മഹാരാഷ്ട്ര (1987)
ഇന്ത്യയുടെ
പടിഞ്ഞാറൻ തീരത്ത് മുംബൈ നഗരത്തോടുചേർന്ന് അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപാണ്
എലിഫെന്റാ. ഘാരാപുരി എന്നാണ് ഇതിന്റെ പ്രാദേശികനാമം. ബി.സി. രണ്ടാം
നൂറ്റാണ്ടുമുതലുള്ള പുരാവസ്തുശേഷിപ്പുകൾ ദ്വീപിൽ കാണാം. പാറയിൽ കൊത്തിയെടുത്ത
എലിഫെന്റാ ഗുഹകൾ എ.ഡി.അഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തിലും ആറാം നൂറ്റാണ്ടിലുമായാണ്
നിർമിച്ചതെന്നു കരുതപ്പെടുന്നു. ഗ്രേറ്റ് കേവ് എന്നറിയപ്പെടുന്ന പ്രധാന ഗുഹയ്ക്ക് 39 മീറ്റർ നീളമുണ്ട്.
15.
ഗ്രേറ്റ്
ലിവിങ് ചോള ക്ഷേത്രങ്ങൾ,
തമിഴ്‌നാട് (1987)
സി.ഇ.
ഒമ്പതാം നൂറ്റാണ്ടുമുതൽ തഞ്ചാവൂരിലും പരിസരപ്രദേശങ്ങളിലും ആധിപത്യമുറപ്പിച്ച ചോളരാജാക്കന്മാർ
തെന്നിന്ത്യയിലും സമീപദ്വീപുകളിലുമായി പണിതീർത്ത ക്ഷേത്രങ്ങളാണിവ. പതിനൊന്നാം
നൂറ്റാണ്ടിലും പന്ത്രണ്ടാം നൂറ്റാണ്ടിലും നിർമിച്ച മൂന്ന് മഹാക്ഷേത്രങ്ങളാണ്
ഇവയിലുൾപ്പെടുന്നത്. തഞ്ചാവൂരിലെ ബൃഹദീശ്വരക്ഷേത്രം, ഗംഗൈകൊണ്ടചോളപുരത്തെ ബൃഹദീശ്വരക്ഷേത്രം, ദാരാസുരത്തെ ഐരാവതേശ്വരക്ഷേത്രം
എന്നിവയാണവ.
16.
പട്ടടക്കൽ, കർണാടക (1987)
ഏഴ്-എട്ട്
നൂറ്റാണ്ടുകളിൽ ചാലൂക്യ രാജവംശം നിർമിച്ച ഹിന്ദു, ജൈനക്ഷേത്രങ്ങളുടെ സമന്വയമാണ്
പട്ടടക്കൽ കാണാനാവുക. വടക്കേഇന്ത്യയുടെയും തെന്നിന്ത്യയുടെയും
കലാപാരമ്പര്യത്തിന്റെ സമ്മേളനംകൂടിയാണ് ഈ നിർമിതികൾ. കർണാടകയിലെ ബാഗൽകോട്ട്
ജില്ലയിലാണ് ഈ പുരാതനഗ്രാമം സ്ഥിതിചെയ്യുന്നത്. മറ്റൊരു ചരിത്രനഗരമായ ഐഹോളെയിൽ
നിന്നും പത്ത് കി.മീ.ദൂരത്തിലാണ് ഇവിടം. ചാലൂക്യ രാജാക്കന്മാരുടെ
തലസ്ഥാനനഗരിയായിരുന്നു പട്ടടക്കൽ. രാജാക്കന്മാരുടെ യുദ്ധവിജയത്തിന്റെ
സ്മരണയ്ക്കായാണ് ഇവിടെ ക്ഷേത്രങ്ങൾ നിർമിച്ചത്. പട്ടടക്കലിലെ ഏറ്റവും പ്രസിദ്ധമായ
വിരൂപാക്ഷ ക്ഷേത്രമാണ് ഇന്നവിടെ പൂജനടക്കുന്ന ഏക ക്ഷേത്രം. ചാലൂക്യ രാജാവായിരുന്ന
വിക്രമാദിത്യൻ പല്ലവരാജാക്കന്മാരുടെ മേൽ നേടിയ യുദ്ധവിജയത്തിന്റെ സ്മരണയ്ക്കായി
രാജ്ഞി ലോകമഹാദേവിയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്.
17.
സുന്ദർബൻസ്, പശ്ചിമ ബംഗാൾ (1987)
പതിനായിരം
ചതുരശ്ര കിലോമീറ്ററിൽ കരയിലും ജലത്തിലുമായി പരന്നുകിടക്കുന്ന സുന്ദർബൻസിന്റെ പകുതിയിലേറെ
ഇന്ത്യയിലും ബാക്കി ഭാഗം ബംഗ്ലാദേശിലുമായാണ് നിലകൊള്ളുന്നത്. ലോകത്തിലെ ഏറ്റവും വലിയ
കണ്ടൽക്കാടുള്ളതും ഇവിടെത്തന്നെ. ബംഗാൾ കടുവകളുടെ ആവാസകേന്ദ്രമാണിവിടം.
അപൂർവങ്ങളായ ജലജീവികളും പക്ഷികളും ഉരഗങ്ങളുമൊക്കെ ഈ ദേശീയോദ്യാനത്തിലുണ്ട്.
18.
നന്ദാദേവി
& വാലി ഓഫ് ഫ്ലവേഴ്‌സ്
ദേശീയോദ്യാനം,
ഉത്തരാഖണ്ഡ് (1988)
പടിഞ്ഞാറൻ
ഹിമാലയത്തിലാണ് പ്രശസ്തമായ വാലി ഓഫ് ഫ്ലവേഴ്‌സ് ദേശീയോദ്യാനം. പർവതപ്രദേശങ്ങളിൽ
മാത്രം കാണപ്പെടുന്ന പൂക്കളും സ്വച്ഛമായ പുൽത്തകിടികളും ചേർന്ന അവർണനീയമായ
പ്രകൃതിഭംഗിയാണ് 'പൂക്കളുടെ താഴ്വര'യുടെ പ്രത്യേകത. ഏഷ്യാറ്റിക് ബ്ലാക്ക്
കരടി, മഞ്ഞുപുലി, ഭരൽ എന്നയിനം ആടുകൾ തുടങ്ങി
വംശനാശഭീഷണിനേരിടുന്ന അനവധി മൃഗങ്ങളുടെയും പക്ഷികളുടെയും ആവാസകേന്ദ്രം
കൂടിയാണിവിടം. ഗ്രേറ്റ് ഹിമാലയം,
സൻസ്കാർ എന്നീ
പ്രദേശങ്ങൾക്കിടയിൽ നന്ദാദേവി ദേശീയോദ്യാനവും വാലി ഓഫ് ഫ്ലവേഴ്‌സും ചേരുന്ന
ഭൂപ്രദേശം പർവതാരോഹകരുടെയും സസ്യശാസ്ത്രജ്ഞരുടെയും ഇഷ്ടപ്പെട്ട ലക്ഷ്യസ്ഥാനമാണ്.
19.
സാഞ്ചി, മധ്യപ്രദേശ് (1989)
ബി.സി.
മൂന്നാംനൂറ്റാണ്ടു മുതൽ എ.ഡി. പന്ത്രണ്ടാം നൂറ്റാണ്ടുവരെയുള്ള നീണ്ട ചരിത്രമാണ്
സാഞ്ചിയുടേത്. ലോകത്തിലെ ഏറ്റവും പ്രാചീനമായ ബുദ്ധമത സ്മാരകങ്ങളാണ് ഇവിടുത്തേത്.
ഭോപ്പാലിൽനിന്ന് 40 കി.മീ.ദൂരെയാണ് ഇവിടം.
സാഞ്ചിയിലെ ബുദ്ധസ്തൂപം ലോകപ്രശസ്തമാണ്. കൊട്ടാരങ്ങളുടെയും ക്ഷേത്രങ്ങളുടെയും
ബുദ്ധവിഹാരങ്ങളുടെയും അവശിഷ്ടങ്ങളും ഒറ്റക്കൽത്തൂണുകളുമൊക്കെ ഇവിടെക്കാണാം.
20.
ഹുമയൂണിന്റെ
ശവകുടീരം,
ഡൽഹി (1993)
ഇന്ത്യൻ
ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ ഉദ്യാന ശവകുടീരമാണ് മുഗൾ ചക്രവർത്തിയായിരുന്ന
ഹുമയൂണിന്റേത്. താജ്‌മഹൽ ഉൾപ്പെടെയുള്ള മുഗൾ നിർമിതികളുടെ നിർമാണത്തിൽ ഈ ശവകുടീരം
മാതൃകയായിട്ടുണ്ട്. 1570-ലാണ് ഇത് പണികഴിപ്പിച്ചത്.
21.
കുത്തബ്
മിനാർ,
ഡൽഹി (1993)
ഡൽഹിയിൽനിന്നും
ഏതാനും കിലോമീറ്റർ തെക്കുമാറി സ്ഥിതിചെയ്യുന്ന കുത്തബ് മിനാർ പതിമൂന്നാം
നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് നിർമിച്ചിട്ടുള്ളത്. ചുവന്ന മണൽക്കല്ലിൽ നിർമിച്ച ഈ
ഗോപുരത്തിന് 72.5 മീ. ഉയരമുണ്ട്. അടിഭാഗത്തിന് 14.32 മീറ്ററാണ് വ്യാസം. ഏറ്റവും മുകളിൽ 2.75 മീറ്ററും. ഇതിനുചുറ്റുമായി
പുരാവസ്തുപ്രാധാന്യമുള്ള ശവകുടിരങ്ങളും ഇന്തോ-മുസ്‌ലിം കലയുടെ ഉദാത്തരൂപമായ ആലയ്
ദർവാസ ഗേറ്റും (1311)
രണ്ട് പള്ളികളും
കാണാം.
22.
ഡാർജിലിങ്, കൽക്ക-ഷിംല, നീലഗിരി എന്നിവിടങ്ങളിലെ
മൗണ്ടൻ റെയിൽവേ
(1999)
1881-ൽ ആണ് ഡാർജിലിങ് ഹിമാലയൻ
റെയിൽവേ പ്രവർത്തനം ആരംഭിച്ചത്. ഹിമാലൻപർവതനിരകളുടെ അതുല്യഭംഗിയിൽ മലനിരകളെ
ബന്ധിപ്പിച്ചുകൊണ്ടാണിതിന്റെ നിർമാണം. തമിഴ്‌നാട്ടിലാണ് നീലഗിരി മൗണ്ടൻ റെയിൽവേ
സ്ഥിതിചെയ്യുന്നത്. 46 കി.മീ. ദൂരത്തിലുള്ള മീറ്റർ
-ഗേജ് സിംഗിൾ ട്രാക്ക് റെയിൽ പാതയുടെ ആശയം 1854ൽ ത്തന്നെ ഉയർന്നുവന്നിരുന്നു.
എങ്കിലും നിർമാണത്തിനുള്ള പ്രതിസന്ധികൾ മൂലം 1891-ലാണ് ഇതിന്റെ പണിതുടങ്ങിയത്. 1908-ൽ പൂർത്തിയായ റെയിൽപ്പാത
സമുദ്രനിരപ്പിൽനിന്ന് 326 മീറ്റർ മുതൽ 2023 മീറ്റർവരെ ഉയരത്തിലൂടെ
കടന്നുപോകുന്നു. 96 കി.മീ.ദൂരത്തിലാണ് കൽക്ക-ഷിംല
റെയിൽപ്പാത കടന്നുപോകുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ഈ സിംഗിൾ
-ട്രാക്ക് തീവണ്ടിപ്പാതയുടെ നിർമാണം. ഈ മൂന്ന് റെയിൽവേകളും ഇന്നും
പ്രവർത്തനക്ഷമമാണ്.
23.
മഹാബോധി
ക്ഷേത്രം,
ബിഹാർ (2002)
ശ്രീബുദ്ധന്റെ
ജീവിതവുമായി ബന്ധപ്പെട്ട നാല് വിശുദ്ധഭൂമികളിൽ ഒന്നാണ് ബുദ്ധഗയയിലെ
മഹാബോധിക്ഷേത്രസമുച്ചയം. ബിഹാറിന്റെ തലസ്ഥാനമായ പട്‌നയിൽനിന്ന് 115 കി.മീ.ദൂരമുണ്ട് ഇവിടേയ്ക്ക്, ഗയയിൽനിന്ന് 16 കിലോമീറ്ററും. ബി.സി.മൂന്നാം
നൂറ്റാണ്ടിൽ മഹാനായ അശോകചക്രവർത്തിയാണ് മഹാബോധി ക്ഷേത്രസമുച്ചയം നിർമിച്ചത്. എ.ഡി.
അഞ്ച്- ആറ് നൂറ്റാണ്ടുകളിലാണ് മറ്റ് ക്ഷേത്രങ്ങളുടെ നിർമാണം. പൂർണമായും ഇഷ്ടികയിൽ
നിർമിച്ച, ഗുപ്തസാമ്രാജ്യത്തിന്റെ
ഒടുക്കം മുതൽ ഇന്നും നിലനിൽക്കുന്ന ഏറ്റവും പുരാതനമായ ബുദ്ധമത ക്ഷേത്രങ്ങളിൽ
ഒന്നാണ് മഹാബോധിക്ഷേത്രം. പിന്നീട് നൂറ്റാണ്ടുകളോളം നിലനിന്ന, ഇഷ്ടികയിലുള്ള വാസ്തുനിർമാണശൈലിയിൽ
വലിയ സ്വാധീനംചെലുത്താൻ ഈ ക്ഷേത്രത്തിന് കഴിഞ്ഞിട്ടുണ്ടെന്ന്
വിലയിരുത്തപ്പെടുന്നു.
24.
ഭീംബെട്‌ക, മധ്യപ്രദേശ് (2003)
മധ്യ
ഇന്ത്യൻ പീഠഭൂമിയുടെ തെക്കേ അറ്റത്തായി വിന്ധ്യപർവതത്തിന്റെ താഴ്‌വരയിലാണ് ഭീംബെട്‌ക
ശിലാഗൃഹങ്ങൾ ഉള്ളത്. ഒൻപതിനായിരത്തിൽ അധികം വർഷങ്ങൾ പഴക്കമുള്ള ഗുഹാചിത്രങ്ങളാണ്
ഇവിടുത്തെ പ്രത്യേകത. ആദിമ മനുഷ്യർ പല പരിണാമഘട്ടങ്ങളിലായി വരച്ച ചിത്രങ്ങളാണിവ.
ആമയുടെ രൂപത്തിലും മനുഷ്യമുഖത്തിന്റെ ആകൃതിയിലുമൊക്കെയുള്ള പാറകൾ ഇവിടെക്കാണാം.
ഭോപ്പാലിൽനിന്ന്
45 കി.മീ.
ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഇവിടം വർഷങ്ങൾക്ക് മുൻപുവരെ കൊടുംകാടിനുള്ളിൽ മറഞ്ഞ
അവസ്ഥയിലായിരുന്നു. ഇന്ന് ഏകദേശം പത്ത് കി.മീ ചുറ്റളവിലുള്ള സംരക്ഷിതമേഖലയാണിവിടം.
25.
ഛത്രപതി
ശിവജി ടെർമിനസ്
(2004)
മുംബൈ
നഗരത്തിലെ പ്രധാന റെയിൽവേസ്റ്റേഷനായ വിക്ടോറിയ ടെർമിനസിന്റെ പുതിയ പേരാണ് ഛത്രപതി
ശിവജി ടെർമിനസ്. വിക്ടോറിയൻ ഗോഥിക് റിവൈവൽ വാസ്തുവിദ്യയുടെ മികച്ച ഉദാഹരണമാണ് ഇത്.
ഇന്ത്യൻ പരമ്പരാഗത വാസ്തുവിദ്യയുടെ സ്വാധീനവും ഈ നിർമിതിയിൽ കാണാം. ബ്രിട്ടീഷ്
ആർക്കിടെക്ട് എഫ്.ഡബ്ല്യൂ.സ്റ്റീവൻസ് ആണ് ഈ കെട്ടിടം രൂപകൽപന ചെയ്തത്. 1878 ൽ നിർമാണം തുടങ്ങിയ ടെർമിനലിന്റെ പണി
പൂർത്തീകരിച്ചത് ഏതാണ്ട് പത്തുവർഷം എടുത്താണ്. ലോകത്തിലെതന്നെ പ്രവർത്തനക്ഷമമായ
ഏറ്റവും മികച്ച റെയിൽവേസ്റ്റേഷനുകളിലൊന്നാണ് ഇത്.
26.
ചമ്പാനിർ
പാവഗഡ് ആർക്കിയോളജിക്കൽ പാർക്ക്, ഗുജറാത്ത് (2004)
ഗുജറാത്തിലെ
പഞ്ച്‌മഹൽ ജില്ലയിലാണ് ഈ പുരാവസ്തു ഉദ്യാനം സ്ഥിതിചെയ്യുന്നത്. സുൽത്താൻ മഹ്‌മൂദ്
ബെഗഡെയാണ് ചരിത്രനഗരമായ ചമ്പാനീറിന്റെ സ്ഥാപകൻ. പാവ്ഗഡ് മലയുടെ മുകളിലും
ചെരിവുകളിലുമായി കൊട്ടാരങ്ങളും പ്രവേശനകവാടങ്ങളും കമാനങ്ങളും മസ്‌ജിദുകളും
ക്ഷേത്രങ്ങളും കോട്ടകളും കിണറുകളും ജലസംഭരണികളുമൊക്കെ ഇന്നും കാര്യമായ
കേടുപാടുകളില്ലാതെ നിലനിൽക്കുന്നു. പ്രശസ്ത തീർഥാടനകേന്ദ്രമായ കാലികമാതാ
ക്ഷേത്രവും ഇവിടെയുണ്ട്.
27.
ചെങ്കോട്ട, ഡൽഹി (2007)
അഞ്ചാം
മുഗൾഭരണാധികാരിയായിരുന്നു ഷാജഹാന്റെ ഭരണതലസ്ഥാനമായിരുന്നു ചെങ്കോട്ട. പുരാനി
ദില്ലി അഥവാ ഷാജഹാനാബാദ് നഗരത്തിന്റെ കേന്ദ്രം ഭാഗമാണ് ചെങ്കോട്ട. 1546-ൽ ഇസ്ലാം ഷാ സൂരി നിർമിച്ച സലിംഗഡ്
കോട്ടയോട് ചേർന്നാണ് ചുവന്ന മണൽക്കല്ലിൽ ചെങ്കോട്ട പണിതീർത്തത്. ഷാജഹാൻ ചക്രവർത്തി
ഇതിന് കില ഇ മുഅല്ല എന്നാണ് പേരിട്ടത്. 1857-ൽ
അന്നത്തെ മുഗൾ ഭരണാധികാരിയായിരുന്ന ബഹദൂർഷാ സഫറിൽ നിന്ന് ബ്രിട്ടീഷുകാർ
പിടിച്ചെടുക്കുന്നതുവരെ ഈ കോട്ടയായിരുന്നു മുഗൾ രാജവംശത്തിന്റെ തലസ്ഥാനം.
28.
ജന്തർ
മന്തർ,
രാജസ്ഥാൻ (2010)
പതിനെട്ടാം
നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ജയ്‌പുരിൽ ജന്തർ മന്തർ നിർമിക്കപ്പെട്ടത്. പുരാതന
ജ്യോതിശാസ്ത്ര നിരീക്ഷണകേന്ദ്രമാണിത്. ഉറപ്പിച്ചുനിർത്തിയ പത്തൊൻപത് ഉപാധികളുടെ
കൂട്ടമാണിത്. രജപുത്രഭരണത്തിന്റെ വാസ്തുവിദ്യാമികവിന്റെയും ജ്യോതിശാസ്ത്രപരമായ
കണ്ടുപിടിത്തങ്ങളുടെയും സാക്ഷ്യപ്പെടുത്തലാണ് ഈ വിസ്മയനിർമിതി. ജയപുർ നഗരം
സ്ഥാപിച്ച രജപുത്ര രാജാവായിരുന്ന സവായ് ജയ് സിങ് രണ്ടാമനാണ് 1734-ൽ ജന്തർ മന്തറിന്റെ നിർമാണം
പൂർത്തിയാക്കിയത്. വലിയ പണ്ഡിതനായിരുന്ന ജയ് സിങ് ജ്യോതിശാസ്ത്രത്തിൽ ഏറെ
തത്പരനുമായിരുന്നു. 'യന്ത്രം' എന്ന സംസ്കൃതവാക്കിൽനിന്നാണ് 'ജന്തർ' എന്ന പദത്തിന്റെ ഉദ്ഭവം. 1948-ൽ ഇവിടം ദേശീയസ്മാരകമായി
പ്രഖ്യാപിക്കപ്പെട്ടു. 18,700 ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന
ജന്തർ മന്തർ നിർമിച്ചിരിക്കുന്നത് പ്രാദേശികമായി ലഭ്യമായിട്ടുള്ള കല്ലിലും
മാർബിളിലുമാണ്.
29.
പശ്ചിമഘട്ടം
- കേരളം,
കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര (2012)
ഹിമാലയപർവതനിരകളെക്കാൾ
പ്രായമുണ്ട് നമ്മുടെ പശ്ചിമഘട്ടത്തിന്. ഇന്ത്യയിൽ മറ്റെവിടെയും കാണാത്ത തനതായ
ഭൂപ്രകൃതിയും പാരിസ്ഥിതികവികാസവും സസ്യജന്തുജാലങ്ങളുമാണ് പശ്ചിമഘട്ടത്തിന്റെ പ്രത്യേകത.
ഭൂമിയിലെ മൺസൂൺ കാലചക്രത്തിന്റെ ഏറ്റവും നല്ല ഉദാഹരണംകൂടിയാണ് ഇവിടം. ഇന്ത്യയിൽ
മൺസൂണിനെ സ്വാധീനിക്കുന്നത് പശ്ചിമഘട്ടത്തിലെ വനപരിസ്ഥിതിയും ആവാസവ്യവസ്ഥയുമാണ്.
ജൈവ വൈവിധ്യംകൊണ്ട് ലോകത്തിലെ എട്ട് 'ഹോട്ടസ്റ്റ്
ഹോട്ട്സ്പോട്ടു'
(അതിലോല
പരിസ്ഥിതിപ്രദേശം) കളിൽ ഒന്നാണിത്. ഇന്ത്യയുടെ പടിഞ്ഞാറൻതീരത്തിന് സമാന്തരമായി
കേരളം, തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായി
നീണ്ടുകിടക്കുന്ന പശ്ചിമഘട്ടം ഭൂമിയുടെ ഉപരിതലരൂപവത്കരണത്തെപ്പറ്റിയുള്ള പഠനങ്ങളിൽ
ആഗോള പ്രാധാന്യമർഹിക്കുന്നതാണ്.
30.
ഹിൽ
ഫോർട്ട്,
രാജസ്ഥാൻ (2013)
രാജസ്ഥാനിലെ
ആറ് മഹത്തായ കോട്ടകളടങ്ങുന്നതാണിത്. ചിത്തോർഗഢ്, കുംഭൽഗഢ്, സവായ് മാധോപുർ, ഝാലാവാർ, ജയ്‌പുർ, ജയ്‌സാൽമേർ എന്നിവയാണിവ.
എട്ടാംനൂറ്റാണ്ടുമുതൽ പതിനെട്ടാംനൂറ്റാണ്ടുവരെ ഈ പ്രദേശങ്ങൾ ഭരിച്ചിരുന്ന
രജപുത്രരാജാക്കന്മാരുടെ അധികാരത്തിന്റെയും സമ്പന്നതയുടെയും അടയാളങ്ങളാണ് ഈ കോട്ടകൾ.
പ്രകൃതിദത്തമായ പ്രതിരോധസംവിധാനമാണ് ഈ കോട്ടകളുടെ പ്രത്യേകത. മലമ്പ്രദേശങ്ങളും
രൺഥംഭോറിലെ കൊടുംവന പ്രദേശങ്ങളും ഗാറോൺ നദിയും മരുഭൂമിയുമൊക്കെ ഈ കോട്ടകളുടെ
ഭാഗമായിമാറുന്നത് കാണാം. ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടയാണ് ചിത്തോർഗഢ്.
31.
റാണി കി
വാവ്, ഗുജറാത്ത് (2014)
ഗുജറാത്തിലെ
പഠാനിൽ പതിനൊന്നാം നൂറ്റാണ്ടിൽ നിർമിച്ച പടിക്കിണറാണ് റാണി കി വാവ്.
സരസ്വതീനദിയുടെ കരയിൽ മാരു-ഗുർജര വാസ്തുശൈലിയിൽ പല നിലകളിലായാണ് ഈ സൗധം
നിർമിച്ചിട്ടുള്ളത്. 1063-ൽ ചാലൂക്യരാജവംശത്തിലെ റാണി
ഉദയമതിയാണ് തന്റെ ഭർത്താവായ ഭീംദേവ് ഒന്നാമന്റെ ഓർമ്മയ്ക്കായി ഇത്
പണികഴിപ്പിച്ചത്. ഇരുപതുവർഷത്തോളമെടുത്താണ് പടിക്കിണർ പൂർത്തിയായത്. മണ്ണുമൂടി
മറഞ്ഞുപോയിരുന്ന ഈ പുരാതനനിർമിതി വീണ്ടെടുക്കപ്പെട്ടത് 1940-കളിലാണ്.
32.
ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക്, ഹിമാചൽപ്രദേശ് (2014)
ഹിമാലയൻ
പർവതനിരകളുടെ പടിഞ്ഞാറുഭാഗത്തായാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. ഉയർന്ന
പർവതങ്ങളും പുൽമേടുകളും നദിക്കരയിലെ വനപ്രദേശങ്ങളുമൊക്കെയായി പ്രകൃതിഭംഗിയുടെ
കേദാരമാണിവിടം. മഞ്ഞുമലകളിൽ നിന്നുദ്ഭവിക്കുന്ന ഒട്ടനവധി നദികളും ഇരുപത്തിയഞ്ച്
വ്യത്യസ്ത വനവിഭാഗങ്ങളും അത്യപൂർവമായ സസ്യങ്ങളുമൊക്കെയുള്ള ഇവിടം ഹിമാലയ ബയോഡൈവേഴ്‌സിറ്റി
ഹോട്ട്സ്പോട്ടിന്റെ ഭാഗമാണ്.
33.
നളന്ദ,
ബിഹാർ (2016)
അഞ്ചാംനൂറ്റാണ്ടിൽ
ഗുപ്തരാജവംശത്തിലെ കുമാരഗുപ്തൻ ഒന്നാമൻ സ്ഥാപിച്ച പുരാതന ഇന്ത്യയിലെ സർവകലാശാലയാണ്
നളന്ദ. ഒരു ബുദ്ധവിഹാരമായിരുന്ന നളന്ദ പിൽക്കാലത്ത് ഉന്നതവിദ്യാപീഠമായി
ഉയർന്നുവന്നു. രത്നസാഗർ,
രത്നധാടി, രത്നരാജക് എന്നിങ്ങനെ മൂന്ന് വലിയ
ഗ്രന്ഥാലയങ്ങളും വിദ്യാർഥികൾക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യവും
ഇവിടെയുണ്ടായിരുന്നു. ചൈന,
മംഗോളിയ, കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള
വിദ്യാർഥികളും ഇവിടെ പഠനം നടത്തിയിരുന്നു. ചൈനീസ് ബുദ്ധസന്ന്യാസിയും
സഞ്ചാരിയുമായിരുന്ന ഹ്യുയാൻസാങ്ങിന്റെ വിവരണങ്ങളിൽനിന്ന് നളന്ദയെക്കുറിച്ചുള്ള
അമൂല്യ അറിവുകൾ ലഭ്യമാണ്. ഇവിടെ അധ്യാപകരിൽ ഒരാളുമായിരുന്നു അദ്ദേഹം.
ലോകത്തിലെത്തന്നെ ആദ്യത്തെ സർവകലാശാലയാണിത്.
34.
കാഞ്ചൻജംഗ ദേശീയോദ്യാനം,
സിക്കിം (2016)
ഹിമാലയപർവതനിരകളുടെ
ഹൃദയത്തിലാണ് കാഞ്ചൻജംഗയുടെ സ്ഥാനം. സമതലങ്ങളും താഴ്വരകളും തടാകങ്ങളും
ഹിമാനികളുമൊക്കെ ഇടകലർന്ന മനോഹരഭൂപ്രകൃതിയാണ് ഇവിടത്തെത്. മഞ്ഞുമൂടിയ പർവതങ്ങളും
പുരാതനമായ വനങ്ങളും ഇവിടെ കാണാം. ലോകത്തിലെ ഏറ്റവും ഉയരമുള്ള മൂന്നാമത്തെ പർവതമായ
കാഞ്ചൻജംഗയും ഇവിടെയാണുള്ളത്. സിക്കിമിലെ ആദിജനതയുടെ വിശ്വാസങ്ങൾ, സംസ്കാരം എന്നിവയുമായി ഏറെ ബന്ധമുണ്ട്
ഈ പർവതത്തിന്.
35.
ലെ കോർബസിയറുടെ വാസ്‌തുവിദ്യാസൃഷ്‌ടികൾ, ചണ്ഡീഗഢ് (2016)
ഏഴിലേറെ
രാജ്യങ്ങളിലായി പരന്നുകിടക്കുന്ന പതിനേഴ് കേന്ദ്രങ്ങൾ അടങ്ങുന്ന പുതു
വാസ്തുവിദ്യാസമന്വയമാണിത്. സ്വിസ്- ഫ്രഞ്ച് വാസ്തുവിദ്യാവിദഗ്‌ധനും ചിത്രകാരനും
നഗരാസൂത്രകനുമായിരുന്ന ലെ കോർബസിയറാണ് ഇതിന് നേതൃത്വം നൽകിയത്. ആധുനിക
വാസ്തുവിദ്യയുടെ പതാകാവാഹകരിൽ പ്രധാനിയാണ് അദ്ദേഹം. അരനൂറ്റാണ്ടിലേറെ സമയമെടുത്ത്
പൂർത്തിയാക്കിയ ഈ നിർമിതി ആധുനിക വാസ്തുവിദ്യാഭാഷയുടെ അടയാളമാണ്. ചണ്ഡീഗഢിലെ ദ
കോംപ്ലക്‌സ് ഡു ക്യാപിറ്റോൾ,
ജപ്പാനിലെ
ടോക്കിയോയിൽ സ്ഥിതിചെയ്യുന്ന ദ നാഷണൽ മ്യൂസിയം ഓഫ് വെസ്റ്റേൺ ആർട്ട്, അർജന്റീനയിലെ ലാ പ്ലാറ്റയിലുള്ള ദ ഹൗസ്
ഓഫ് ഡോ. കുറുഷെറ്റ്,
ഫ്രാൻസിലെ
മാർസെലിയിലുള്ള യുണൈറ്റ് ഡി ഹാബിലിറ്റേഷൻ എന്നിവയാണ് ഇത്തരത്തിലുള്ള നിർമിതികൾ.
36.
അഹമ്മദാബാദ് നഗരം,
ഗുജറാത്ത് (2017)
ഇന്ത്യയിലെ
ആദ്യ പൈതൃകനഗരമാണ് അഹമ്മദാബാദ്. ദ വാൾഡ് സിറ്റി എന്നറിയപ്പെടുന്ന പഴയ അഹമ്മദാബാദ്
നഗരം നൂറ്റാണ്ടുകൾക്കിപ്പുറവും ചരിത്രപ്രാധാന്യത്തോടെ നിലകൊള്ളുന്നു. പതിനഞ്ചാം
നൂറ്റാണ്ടിൽ സബർമതി നദിയുടെ കിഴക്കേക്കരയിൽ ഗുജറാത്ത് സുൽത്താനായിരുന്ന അഹമ്മദ് ഷാ
നിർമിച്ചതാണ് അഹമ്മദാബാദ് നഗരം. പുരാവസ്തു ഗവേഷണ വകുപ്പിന്റെ കീഴിൽ
സംരക്ഷിക്കപ്പെടുന്ന വീടുകളും മറ്റു കെട്ടിടങ്ങളും തെരുവുകളുമൊക്കെ ഇവിടെ കാണാം.
37.
വിക്ടോറിയൻ ഗോഥിക് ആൻഡ് ആർട്ട് ഡെക്കോ എൻസെമ്പിൾസ്, മഹാരാഷ്ട്ര (2018)
പത്തൊൻപതാം
നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിൽ ആഗോള വ്യാപാരകേന്ദ്രമായി ഉയർന്നുവന്ന മുംബൈയിൽ
നടപ്പിൽവരുത്തിയ നഗരാസൂത്രണ പദ്ധതികളുടെ ഭാഗമായി, നിരവധി പുതിയ നിർമിതികൾ ഉണ്ടായി.
സൗത്ത് മുംബൈയിൽ ഓവൽ മൈതാനത്തിന് ചുറ്റും ആദ്യം വിക്ടോറിയൻ നിയോ-ഗോഥിക് രീതിയിലും
പിന്നീട് ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിൽ ആർട്ട് ഡെക്കോ ശൈലിയിലും
പൊതുകെട്ടിടങ്ങൾ നിർമിച്ചു. ഇന്ത്യൻ കാലാവസ്ഥയ്ക്ക് ചേരുന്ന രീതിയിൽ മട്ടുപ്പാവും
വരാന്തകളും ഉൾക്കൊള്ളിച്ചതാണ് വിക്ടോറിയൻ കെട്ടിടങ്ങൾ. തിയേറ്ററുകളും സിനിമാ
തിയേറ്ററുകളും അടങ്ങുന്ന ആർട്ട് ഡെക്കോ നിർമിതികളാകട്ടെ ഇന്ത്യൻ മാതൃകയുടെയും
ആർട്ട് ഡെക്കോ ഭാവനയുടെയും സമന്വയമാണ്. ഈ തനതുശൈലി ഇൻഡോ-ഡെക്കോ എന്നറിയപ്പെടുന്നു.
38.
ജയ്‌പുർ,
രാജസ്ഥാൻ (2019)
രാജസ്ഥാൻ
തലസ്ഥാനവും സംസ്ഥാനത്തെ ഏറ്റവും വലിയ നഗരവുമാണ് ജയ്‌പുർ. ഇവിടത്തെ കെട്ടിടങ്ങളുടെ
സമാനമായ വർണങ്ങൾ കാരണം ഈ നഗരം 'പിങ്ക് സിറ്റി' എന്നും അറിയപ്പെടുന്നു. 1727ൽ സവായ്
ജയ് സിങ് രണ്ടാമനാണ് കോട്ടനഗരമായ ജയ്‌പുർ സ്ഥാപിച്ചത്. പ്രദേശത്തെ മറ്റ് പട്ടണങ്ങൾ
മലമ്പ്രദേശത്താണ് സ്ഥാപിക്കപ്പെട്ടതെങ്കിൽ ജയ്‌പുർ പടുത്തുയർത്തിയത് വേദിക്
വാസ്തുവിദ്യയനുസരിച്ച് സമതലത്തിലാണ്. ചൗപാർ എന്നറിയപ്പെടുന്ന വലിയ പൊതുചത്വരങ്ങളും
വ്യാപാരശാലകളും ഉൾക്കൊള്ളുന്ന തെരുവുകളും വീടുകളും ക്ഷേത്രങ്ങളുമൊക്കെ ഇവിടെ
കാണാം.
39.
രാമപ്പ ക്ഷേത്രം,
തെലങ്കാന (2021)
തെലങ്കാനയിലെ
ഹൈദരാബാദ് നഗരത്തിൽനിന്ന് 200 കി.മീ. മാറി സ്ഥിതിചെയ്യുന്ന പാലംപേട്ട്
ഗ്രാമത്തിലാണ് രുദ്രേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നത്. രാമപ്പ ക്ഷേത്രം എന്നാണ്
ഇവിടം പൊതുവേ അറിയപ്പെടുന്നത്. എ.ഡി.1123-നും 1323-നും ഇടയിൽ കാകതീയ
രാജവംശത്തിന്റെ ഭരണകാലത്താണ് ഈ ശിവക്ഷേത്രം നിർമിക്കപ്പെട്ടത്. 1213 ൽ തുടങ്ങിയ
ക്ഷേത്രനിർമാണം നാല്പത് വർഷംകൊണ്ടാണ് പൂർത്തിയായത് എന്ന് കരുതപ്പെടുന്നു. കാകതീയ
രാജാക്കന്മാരായ രുദ്രദേവയും രേചർല രുദ്രയുമാണ് ക്ഷേത്രം പണികഴിപ്പിച്ചത്.
40.
ധൊലാവിര,
ഗുജറാത്ത് (2021)
ഹാരപ്പൻ
സംസ്ക്കാരത്തിന്റെ ദക്ഷിണകേന്ദ്രമായിരുന്നു പുരാതന നഗരമായ ധൊലാവിര. ഗുജറാത്തിലെ
വരണ്ട ഭൂപ്രദേശമായ ഖാദിർ ദ്വീപിലാണ് ഈ നഗരത്തിന്റെ ശേഷിപ്പ് കണ്ടെത്തിയത്. ബി.സി.
3000-ത്തിനും 1500-നും ഇടയിലാണ് ഈ നഗരം സജീവമായിരുന്നത്. കോട്ടമതിലിനാൽ
ചുറ്റപ്പെട്ട നഗരവും ശ്മശാനവും അടക്കം ആ കാലഘട്ടത്തിലേതായി തെക്കുകിഴക്കൻ ഏഷ്യയിൽ
ഇതുവരെ ലഭ്യമായതിൽവെച്ച് ഏറ്റവും നന്നായി സംരക്ഷിക്കപ്പെടുന്ന അവശേഷിപ്പുകൾ ഇവിടെ
കാണാം. കോപ്പർ,
കളിമൺ പാത്രങ്ങളും
ശില്പങ്ങളും അമൂല്യമായ കല്ലുകൾകൊണ്ടുണ്ടാക്കിയ ആഭരണങ്ങൾ, സ്വർണം തുടങ്ങിയവയൊക്കെ കണ്ടെത്തി.
41.
ശാന്തിനികേതൻ,
പശ്ചിമ
ബംഗാൾ
(2023)
1901-ൽ
പശ്ചിമബംഗാളിലെ ഗ്രാമപ്രദേശത്ത് മഹാകവി രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ചതാണ്
ശാന്തിനികേതൻ. പുരാതന ഇന്ത്യൻ സാംസ്കാരിക കലകളുടെ കേന്ദ്രം എന്ന നിലയിലും
മതത്തിന്റെയും സംസ്ക്കാരത്തിന്റെയും വേലിക്കെട്ടുകൾക്കപ്പുറം മാനവിക ഐക്യത്തിന്റെ
ദർശനം എന്ന നിലയിലും ശാന്തിനികേതൻ നിലകൊള്ളുന്നു. 1921-ൽ ഇവിടെ വിശ്വഭാരതി എന്ന
പേരിൽ ലോക സർവകലാശാല സ്ഥാപിക്കപ്പെട്ടു. പാൻ ഏഷ്യൻ ആധുനികതയാണ് ശാന്തിനികേതന്റെ
മുഖമുദ്ര.
42.
ഹൊയ്‌സാല ക്ഷേത്രങ്ങൾ,
കർണാടക (2023)
ദക്ഷിണേന്ത്യയിൽ
12-13 നൂറ്റാണ്ടുകളിലായി ഹൊയ്‌സാല രാജാക്കന്മാർ നിർമിച്ച ക്ഷേത്രങ്ങളാണിവ. ഹാസൻ
ജില്ലയിലെ ബേലൂർ ചെന്നകേശവക്ഷേത്രം, ഹാലേബീഡുവിലെ
ഹൊയ്സാലേശ്വരക്ഷേത്രം,
മൈസൂരു ജില്ലയിലെ
സോമനാഥപുര കേശവക്ഷേത്രം എന്നിങ്ങനെ ഹൊയ്‌സാല വാസ്തുവിദ്യയുടെ അഴകും പ്രൗഢിയും
ചേർന്ന ക്ഷേത്രങ്ങളാണ് പൈതൃകകേന്ദ്രങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. അപൂർവമായ
കൊത്തുപണികളും ശിലാലിഖിതങ്ങളുമുള്ള മൂന്ന് ക്ഷേത്രങ്ങളും ആർക്കിയോളജിക്കൽ സർവേ ഓഫ്
ഇന്ത്യയുടെ കീഴിലാണുള്ളത്.
43.
മയ്ദം, അസം (2024)
വടക്കുകിഴക്കന്‍
സംസ്ഥാനങ്ങളില്‍നിന്ന് സംസ്‌കാരിക വിഭാഗത്തില്‍ പട്ടികയില്‍പ്പെടുന്ന ആദ്യ
സ്ഥലമാണിത്. 600 വര്‍ഷത്തോളമായുള്ള അസം
രാജവംശത്തിന്റെ പ്രത്യേകതരം ശവകുടീരങ്ങളാണ് മയ്ദം. പ്രത്യേക വാസ്തുരൂപകല്പനയാണ്
ഇതിലുള്ളത്. അടക്കംചെയ്യപ്പെട്ട രാജാവ് ഉപയോഗിച്ചിരുന്ന വസ്തുക്കളും
ശവകുടീരത്തിലുള്ളതായി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
44.
മറാഠാ
മിലിറ്ററി ലാന്‍ഡ്‌സ്‌കേപ്‌സ് ഓഫ് ഇന്ത്യ (2025)
മറാഠ
ഭരണാധികാരികള്‍ 17 മുതല്‍ 19 വരെ നൂറ്റാണ്ടുകളിൽ നിര്‍മിക്കുകയും
വികസിപ്പിക്കുകയും ചെയ്ത തന്ത്രപ്രധാന കോട്ടകളാണ് ഇവ. മഹാരാഷ്ട്രയിലെ സല്‍ഹര്‍, ശിവ്‌നേരി, ലോഗഡ്, റൈഗഡ്, രാജ്ഗഡ്, പ്രതാപ്ഗഡ്, സുവര്‍ണദുര്‍ഗ്, പന്‍ഹാല, വിജയ്ദുര്‍ഗ്, സിന്ധുദുര്‍ഗ് എന്നിവയും തമിഴ്‌നാട്ടിലെ
ഗിന്‍ഗീ കോട്ടയുമാണ് പട്ടികയിലുള്ള പന്ത്രണ്ടു കോട്ടകള്‍. സഹ്യാദ്രി മലനിരകള്‍, കൊങ്കണ്‍ തീരം, ഡെക്കാണ്‍ പീഠഭൂമി, പശ്ചിമഘട്ടം എന്നീ മേഖലകളിലാണ് ഈ
കോട്ടകള്‍ സ്ഥിതിചെയ്യുന്നത്.
