നികുതികൾ

Arun Mohan
0

നികുതികൾ

സർക്കാരിന്റെ പ്രധാന വരുമാനസ്രോതസ്സാണ് നികുതികൾ. ക്ഷേമപ്രവർത്തനങ്ങൾ,  വികസനപ്രവർത്തനങ്ങൾ എന്നിങ്ങനെ പൊതുതാത്പര്യത്തിനുവേണ്ടിയുള്ള ചെലവുകൾ വഹിക്കാനായി ജനങ്ങൾ സർക്കാരിന് നിർബന്ധമായും നൽകേണ്ട പണമാണ് നികുതി. നികുതി നൽകുന്ന വ്യക്തി 'നികുതിദായകൻ'. നിയമത്തിന്റെ പിൻബലത്തോടെയല്ലാതെ ഒരുവിധത്തിലുള്ള നികുതിയും ചുമത്താനോ പിരിക്കാനോ പാടില്ലെന്ന് ഭരണഘടനയുടെ 'അനുഛേദം 265' നിഷ്‌കർഷിക്കുന്നു. ഇതിനർഥം എല്ലാ നികുതികളും ഏർപ്പെടുത്തുന്നത് നിയമപിൻബലത്തോടെ ആവണമെന്നാണ്. നിയമ നിർമാണസഭകളായ പാർലമെന്റ്, സംസ്ഥാന നിയമസഭകൾ എന്നിവയ്ക്കുമാത്രമാണ് നിയമം നിർമിക്കാൻ അധികാരമുള്ളത്. ടാക്‌സേഷനുമായി ബന്ധപ്പെട്ട ഭരണഘടനാ അനുഛേദങ്ങൾ 265 മുതൽ 289 വരെയാണ്. നികുതികൾ രണ്ടുവിധമുണ്ട്. പ്രത്യക്ഷ നികുതി, പരോക്ഷ നികുതി എന്നിവ.

പ്രത്യക്ഷ നികുതി

നികുതി ചുമത്തപ്പെടുന്നതും നികുതിമൂലമുള്ള സാമ്പത്തിക ഭാരം അനുഭവിക്കുന്നതും ഒരാൾതന്നെയാണെങ്കിൽ, അത്തരം നികുതിയെ 'പ്രത്യക്ഷ നികുതി' എന്ന് വിളിക്കുന്നു. നികുതിഭാരം നികുതിദായകൻ തന്നെ വഹിക്കുന്നുവെന്നതാണ് പ്രത്യക്ഷ നികുതിയുടെ പ്രത്യേകത. ഭൂനികുതി, കെട്ടിടനികുതി, തൊഴിൽനികുതി, വ്യക്തിഗത ആദായനികുതി, കോർപ്പറേറ്റ് നികുതി, ഗിഫ്റ്റ് ടാക്സ് എന്നിവ പ്രത്യക്ഷ നികുതിക്ക് ഉദാഹരണങ്ങളാണ്.

1. വസ്തു നികുതി

പ്രത്യക്ഷ നികുതിയായ വസ്തുനികുതി ഈടാക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. കെട്ടിടങ്ങളുടെ തറവിസ്തീർണത്തെ അടിസ്ഥാനപ്പെടുത്തിയാണ് വസ്തുനികുതി നിശ്ചയിക്കുന്നത്. എല്ലാ വർഷവും അടയ്‌ക്കേണ്ട നികുതിയിനമാണ് വസ്തുനികുതി. വിമുക്ത ഭടന്മാരുടെ ഭവനങ്ങളെ വസ്തുനികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഖാദി, നെയ്ത്ത്, നൂൽ യൂണിറ്റുകളെയും വസ്തു നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

2. തൊഴിൽ നികുതി

പ്രത്യക്ഷ നികുതിക്ക് ഉദാഹരണമാണ് തൊഴിൽ നികുതി അഥവാ പ്രൊഫഷണൽ ടാക്സ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഈ നികുതി ഈടാക്കുന്നത്. ഇന്ത്യയിൽ ഒരു വർഷം ഒരാളിൽനിന്നും ഈടാക്കാനാവുന്ന പരമാവധി തൊഴിൽ നികുതി 2500 രൂപയാണ്. ഒരാൾ ജോലി ചെയ്യുന്ന സ്ഥാപനം സ്ഥിതിചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലാണ് തൊഴിൽ നികുതി ഒടുക്കേണ്ടത്. ഒരു പഞ്ചായത്ത് പ്രദേശത്ത് ആറുമാസത്തിനുള്ളിൽ മൊത്തം 60 ദിവസത്തിൽ കുറയാതെ ഇടപാട് നടത്തുന്ന ഓരോ കമ്പനിയുടെയും പഞ്ചായത്ത് പ്രദേശത്തിനുള്ളിലോ പഞ്ചായത്ത് പ്രദേശത്ത് താമസിച്ചുകൊണ്ട് അതിനുവെളിയിലോ ഒരു തൊഴിലിലോ കലയിലോ ജോലിയിലോ ഏർപ്പെട്ടിരിക്കുന്നതോ അല്ലെങ്കിൽ ബിസിനസ് നടത്തുകയോ പൊതുവോ സ്വകാര്യമോ ആയ ഉദ്യോഗം വഹിക്കുന്നതും ആയ ഏതൊരാളുടെയും മേൽ തൊഴിൽ നികുതി ചുമത്താവുന്നതാണ്. സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ, തൊഴിലെടുക്കുന്ന അന്ധന്മാർ, ഭിന്നശേഷിക്കാർ എന്നിവരെ തൊഴിൽ നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

3. വ്യക്തിഗത ആദായനികുതി

വ്യക്തികളുടെ വരുമാനത്തിന്മേൽ ചുമത്തുന്ന നികുതിയാണ് വ്യക്തിഗത ആദായനികുതി. 1961ലെ ആദായ നികുതി നിയമപ്രകാരം കേന്ദ്രസർക്കാരാണ് 'വ്യക്തിഗത ആദായനികുതി' അഥവാ 'ഇൻകം ടാക്സ്' പിരിക്കുന്നത്. വ്യക്തികളുടെ വരുമാനം കൂടുന്നതിനനുസരിച്ച് നികുതി നിരക്കും കൂടുന്നു. നിശ്ചിത വരുമാനപരിധിക്ക് മുകളിൽ വരുന്ന തുകയ്ക്കാണ് നികുതി ബാധകമാക്കിയിട്ടുള്ളത്.

പാൻ കാർഡ് - ഇന്ത്യയിൽ ആദായനികുതി വകുപ്പ് നൽകുന്ന പത്തക്കനമ്പരാണ് പാൻ കാർഡ് നമ്പർ. 'പെർമനന്റ് അക്കൗണ്ട് നമ്പർ' എന്നതാണ് 'PAN' എന്നതിന്റെ മുഴുവൻ രൂപം. 1961ലെ 'ഇന്ത്യൻ ഇൻകം ടാക്സ് ആക്ടിന്റെ' വ്യവസ്ഥകൾ പ്രകാരമാണ് പാൻ കാർഡ് അനുവദിക്കുന്നത്. ആദായ നികുതി വിവരങ്ങൾ സമർപ്പിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് പാൻ കാർഡ്. പ്രധാനപ്പെട്ട ഒരു തിരിച്ചറിയൽ രേഖയായും ഇതുപയോഗിക്കുന്നു.

4. കോർപ്പറേറ്റ് നികുതി

കമ്പനികളുടെ അറ്റവരുമാനത്തിന്മേൽ അഥവാ ലാഭത്തിന്മേൽ ചുമത്തുന്ന നികുതിയാണ് 'കോർപ്പറേറ്റ് ടാക്സ്'. ആഭ്യന്തര/വിദേശ ബിസിനസുകളിൽ ഒരു കമ്പനി നേടുന്ന ലാഭങ്ങളെല്ലാം തന്നെ കോർപ്പറേറ്റ് നികുതിക്ക് പരിഗണിക്കും. കോർപ്പറേറ്റ് നികുതികൾ വഴി ലഭിക്കുന്ന പണം രാജ്യത്തിന്റെ ഒരു പ്രധാന വരുമാന മാർഗ്ഗമാണ്.

5. കടലാസ് നികുതികൾ 

സർക്കാരിൽനിന്ന് തിരിച്ചൊന്നും അവകാശപ്പെടാൻ കഴിയാതെ സർക്കാരിലേക്ക് ഒടുക്കുന്ന (ലഭിക്കുന്ന) വരുമാനമാണ് റവന്യൂ വരവുകൾ. അതുകൊണ്ട് ഇവയെ തിരിച്ചെടുക്കാൻ കഴിയാത്തവ എന്ന് വിളിക്കുന്നു. റവന്യൂ വരുമാനത്തിലെ പ്രധാന ഘടകം നികുതി വരുമാനമാണ്. സ്വത്ത് നികുതി, പാരിതോഷിക നികുതി, സ്ഥാവരവസ്തു നികുതി തുടങ്ങിയ പ്രത്യക്ഷ നികുതികൾ ഇപ്പോൾ നിലവിലില്ല. ഇവയിൽ നിന്നുള്ള വരുമാനം പരിഗണനീയമല്ലാത്തതിനാൽ അവയെ കടലാസ് നികുതികൾ അഥവാ പേപ്പർ ടാക്സ് എന്ന് വിളിക്കുന്നു.

പരോക്ഷ നികുതി

ഒരാളിൽ ചുമത്തപ്പെടുന്ന നികുതിയുടെ ഭാരം മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതാണ് 'പരോക്ഷ നികുതി'യുടെ പ്രത്യേകത. ഉദാഹരണത്തിന്, വിൽപ്പന നികുതിയുടെ ഭാരം ആദ്യം വരുന്നത് വ്യാപാരിയുടെമേലാണ്. എന്നാൽ, വ്യാപാരി ഉത്പന്നം വാങ്ങുന്ന ഉപഭോക്താവിലേക്ക് വിലയോടൊപ്പം നികുതിഭാരവും കൈമാറുന്നു. അപ്പോൾ ഉപഭോക്താവ് നൽകുന്ന വിലയിൽ നികുതിയുമുൾപ്പെടുന്നു. ഇത് പരോക്ഷ നികുതിയുടെ പ്രധാന പ്രത്യേകതയാണ്. നിലവിലുള്ള പരോക്ഷ നികുതി സമ്പ്രദായം ലളിതമാക്കാനും 'ഒരു രാജ്യത്ത് ഒറ്റ നികുതി' എന്ന തത്ത്വം നടപ്പാക്കുന്നതിനും ലക്ഷ്യമിട്ട് ഇന്ത്യയിൽ നിലവിലുള്ള പരോക്ഷ നികുതികളുടെ നല്ലൊരു വിഭാഗം ഉൾപ്പെടുത്തിയാണ് ജി.എസ്.ടി നടപ്പാക്കിയത്. ജി.എസ്.ടി പരോക്ഷ നികുതിക്ക് ഉദാഹരണമാണ്. ജി.എസ്.ടി.യിൽ ഉൾപ്പെടാത്ത ഇനങ്ങളുടെ പരോക്ഷ നികുതി നിരക്ക് നിലവിലെ രീതിയിൽത്തന്നെ തുടരുന്നു. എക്സൈസ് തീരുവ, കസ്റ്റംസ് തീരുവ, സർവീസ് ടാക്സ്, മൂല്യ വർധിത നികുതി എന്നിവ മറ്റ് പരോക്ഷ നികുതികൾക്ക് ഉദാഹരണങ്ങളാണ്.

വിവിധ സർക്കാരുകൾ ചുമത്തുന്ന നികുതികൾ

കേന്ദ്ര - സംസ്ഥാന - തദ്ദേശസ്വയംഭരണ സർക്കാരുകൾ ചുമത്തുന്ന ഏതാനും നികുതികൾ ചുവടെ നൽകുന്നു:

1. കേന്ദ്ര സർക്കാർ - കോർപ്പറേറ്റ് നികുതി, വ്യക്തിഗത ആദായനികുതി, കേന്ദ്ര ജി.എസ്.ടി, സംയോജിത ജി.എസ്.ടി

2. സംസ്ഥാന സർക്കാർ - ഭൂനികുതി, സ്റ്റാമ്പ് ഡ്യൂട്ടി, സംസ്ഥാന ജി.എസ്.ടി

3. തദ്ദേശസ്വയംഭരണ സർക്കാർ - വസ്തുനികുതി, തൊഴിൽനികുതി

വർധിത ആനുപാതിക നികുതി നിരക്കുകൾ

വരുമാനത്തിന്റെ പുനർവിതരണം എന്ന ലക്ഷ്യം കൈവരിക്കാനുള്ള ഒരു മാർഗമാണ് വർധിത ആനുപാതിക നികുതി നിരക്കുകൾ അഥവാ പ്രോഗ്രസ്സീവ് ഇൻകം ടാക്സ്. ഇതനുസരിച്ച് വരുമാനത്തിലെ വർധനയോടൊപ്പം നികുതിനിരക്കും കൂടിക്കൊണ്ടിരിക്കുന്നു. കമ്പനികളിൻമേൽ നികുതി ചുമത്തുന്നത് ആനുപാതിക രീതിയിലാണ്. ഇവിടെ നികുതിനിരക്ക് അവയുടെ ലാഭത്തിന്റെ ഒരു നിശ്ചിത അനുപാതത്തിലായിരിക്കും. എക്സൈസ് തീരുവയുടെ കാര്യത്തിൽ നിത്യജീവിതത്തിലെ ആവശ്യവസ്തുക്കൾ നികുതിയിൽനിന്ന് ഒഴിവാക്കപ്പെടുകയോ അല്ലെങ്കിൽ അവയ്ക്കുമേൽ കുറഞ്ഞ നിരക്ക് ബാധകമാക്കുകയോ ചെയ്യുന്നു. സുഖസൗകര്യങ്ങൾക്കുള്ള വസ്തുക്കൾ, അർധാഢംബര വസ്തുക്കൾ എന്നിവയുടെ മേൽ മിതമായ നിരക്കിൽ നികുതി ചുമത്തുന്നു. എന്നാൽ ആഡംബരവസ്തുക്കൾ, പുകയില, പെട്രോളിയം ഉത്പന്നങ്ങൾ തുടങ്ങിയവയിൻമേൽ ഉയർന്ന നിരക്കിൽ നികുതി ചുമത്തുന്നു.

ബജറ്റും നികുതിയും

ഭാരണഘടനയുടെ അനുഛേദം 112 പ്രകാരം ഓരോ സാമ്പത്തിക വർഷവും ഗവൺമെന്റിന്റെ വരവു - ചെലവുകൾ കണക്കാക്കി, ഒരു പ്രസ്താവന തയ്യാറാക്കി പാർലമെന്റിൽ അവതരിപ്പിക്കേണ്ടത് സർക്കാരുകളുടെ ഭരണഘടനാപരമായ ബാധ്യതയാണ്. ഏപ്രിൽ 1 മുതൽ അടുത്ത മാർച്ച് 31 വരെയാണ് സാമ്പത്തിക വർഷമായി കണക്കാക്കുന്നത്. പാർലമെന്റ്/നിയമസഭയിൽ അവതരിപ്പിക്കുന്ന വാർഷിക ധനകാര്യ പ്രസ്താവനയാണ് ബജറ്റ് രേഖകളിൽ പ്രധാനപ്പെട്ടത്. ബജറ്റിന് രണ്ട് അക്കൗണ്ടുകളുണ്ട് - റവന്യൂ അക്കൗണ്ട്, മൂലധന അക്കൗണ്ട് എന്നിവ. നടപ്പ് ധനകാര്യ വർഷവുമായി ബന്ധപ്പെട്ടവയാണ് റവന്യൂ അക്കൗണ്ട്. ഇതിനെ റവന്യൂ ബജറ്റ് എന്നും വിളിക്കുന്നു. ഗവൺമെന്റിന്റെ ആസ്തി-ബാധ്യത എന്നിവയുമായി ബന്ധപ്പെട്ട മൂലധന അക്കൗണ്ടിനെ മൂലധന ബജറ്റ് എന്നും വിളിക്കുന്നു. ബജറ്റിലാണ് നികുതി ചുമത്തലുമായി ബന്ധപ്പെട്ട പ്രധാന നിർദേശങ്ങൾ ഉൾക്കൊള്ളിക്കുന്നത്. നികുതി ചുമത്തൽ, നികുതി റദ്ദാക്കൽ, നികുതി കുറയ്ക്കൽ, നികുതി ഭേദഗതി അഥവാ ക്രമീകരണം എന്നിവ സംബന്ധിച്ച ബജറ്റ് നിർദേശങ്ങൾ ഉൾക്കൊള്ളുന്ന ഒരു ധനകാര്യ ബില്ല് കൂടി വാർഷിക ധനകാര്യ പ്രസ്താവനയ്‌ക്കൊപ്പം സമർപ്പിക്കുന്നു.

Post a Comment

0 Comments
Post a Comment (0)