ഇന്ത്യയിലെ മതങ്ങൾ
ഇന്ത്യ
ഒരു മതേതര രാജ്യമാണ്. ഔദ്യോഗികമായി ഒരു മതത്തെയും പിന്തുണയ്ക്കാത്തവയാണ് മതേതര
രാജ്യം. ലോകത്തിലെ പ്രധാനപ്പെട്ട നാലുമതങ്ങളായ ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിഖ് മതം എന്നിവ ഉത്ഭവിച്ചത്
ഇന്ത്യയിലാണ്. ഇസ്ലാം മതം,
ക്രിസ്തുമതം, സൊറോസ്ട്രിയനിസം, ജൂതമതം എന്നിവയാണ് ഇന്ത്യയിലുള്ള മറ്റ്
മതങ്ങൾ.
ഹിന്ദുമതം
വിശ്വാസികൾ
കൂടുതലുള്ള ലോകത്തിലെ മൂന്നാമത്തെ മതം ഹിന്ദുമതമാണ്. ബി.സി 1500 കാലഘട്ടം മുതൽ ഇന്ത്യയിൽ ഹിന്ദുമതം
പ്രചരിച്ചിരുന്നു. ഹിന്ദുമതത്തിന്റെ കേന്ദ്രബിന്ദുവായ ഗ്രന്ഥങ്ങളടങ്ങിയ
വേദസാഹിത്യത്തിൽ നാലുവേദങ്ങളും ഉപനിഷത്തുകളും ആരണ്യകങ്ങളും ബ്രാഹ്മണങ്ങളും
ഉൾപ്പെടുന്നു. കൂടാതെ ക്ലാസിക് കൃതികളിൽ പുരാണങ്ങൾ, ഉപവേദം, തന്ത്രങ്ങൾ, ഇതിഹാസങ്ങൾ മുതലായവ ഉൾപ്പെടുന്നു.
ബുദ്ധമതം
ബുദ്ധമതത്തിന്റെ
സ്ഥാപകനായി അറിയപ്പെടുന്നത് ഗൗതമബുദ്ധനാണ്. ഏകദേശം 2500 വർഷം മുമ്പ് ഇന്ത്യയിലാണ്
ബുദ്ധമതത്തിന്റെ ഉത്ഭവം. നേപ്പാളിലെ ലുംബിനിവനത്തിൽ (കപിലവസ്തു) ബി.സി 563ൽ ബുദ്ധൻ ജനിച്ചു. ശാക്യ വംശത്തിൽ ജനിച്ചതിനാൽ ശാക്യമുനി
എന്നും അറിയപ്പെടുന്നു. ബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയത് സാരനാഥിലെ (യു.പി)
ഡീർപാർക്കിൽ വച്ചാണ്. അഷ്ടാംഗമാർഗത്തിൽ അധിഷ്ഠിതമായ തത്ത്വമാണ് ബുദ്ധമതത്തിന്റേത്.
സാധാരണക്കാരുടെ ഭാഷയായ 'അർധമഗധി'യായിരുന്നു ബുദ്ധന്റെ ഭാഷ. നാലാമത്തെ
ബുദ്ധമത സമ്മേളനത്തിലാണ് ബുദ്ധമതം, 'ഹീനയാനം', 'മഹായാനം' എന്ന രണ്ടുവിഭാഗങ്ങളായി മാറിയത്.
ബുദ്ധമതത്തിലെ ത്രിരത്നങ്ങൾ എന്നറിയപ്പെടുന്നത് ബുദ്ധം, ധർമ്മം, സംഘം. ബുദ്ധമത സന്ന്യാസിമാരുടെ വാസസ്ഥലം
വിഹാരങ്ങൾ എന്നറിയപ്പെടുന്നു. ബുദ്ധമതക്കാരുടെ ആരാധനാലയങ്ങൾ 'പഗോഡകൾ' എന്നറിയപ്പെടുന്നു.
ബുദ്ധമതഗ്രന്ഥങ്ങളാണ് 'ത്രിപീഠിക'. ബുദ്ധന്റെ മരണം 'പരിനിർവ്വാണം' എന്നാണ് അറിയപ്പെടുന്നത്. ബുദ്ധൻ
എല്ലാം ത്യജിച്ച് കൊട്ടാരം വിട്ടിറങ്ങുകയും, സന്ന്യാസം സ്വീകരിക്കുകയും ചെയ്ത
സംഭവത്തിനെ 'മഹാപരിത്യാഗം' എന്നു പറയുന്നു.
ജൈനമതം
ഇന്ത്യയിൽ
ഉത്ഭവിച്ച മതമാണ് ജൈനമതം. ജൈനമതത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്നത് വർദ്ധമാന
മഹാവീരൻ. മഹാവീരൻ ബി.സി.540ൽ വൈശാലിയിൽ ജനിച്ചു.
ജൈനമതത്തിലെ പ്രബോധകൻമാർ തീർത്ഥങ്കരൻമാർ എന്നറിയപ്പെടുന്നു. 'കൈവല്യം ലഭിച്ച മഹത്തുക്കൾ' എന്നാണ് 'തീർത്ഥങ്കരൻമാർ' എന്ന വാക്കിനർഥം. ജൈനമതത്തിലെ 24 ആം തീർത്ഥങ്കരനാണ് മഹാവീരൻ.
റിഷഭദേവനാണ് ജൈനമതത്തിലെ ആദ്യ തീർത്ഥങ്കരൻ. ദിഗംബരൻമാർ, ശ്വേതാംബരൻമാർ എന്നിവയാണ് ജൈനമതത്തിലെ
രണ്ടു വിഭാഗങ്ങൾ. ഇന്ത്യയിലെ കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് കൂടുതൽ
അനുയായികളുള്ളത്.
സിഖ്
മതം
ഗുരു
നാനാക്കാണ് സിഖ്‌മത സ്ഥാപകൻ. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനകാലത്താണ് സിഖ്‌മതം
രൂപപ്പെടുന്നത്. മതരൂപത്തിൽ ചിട്ടപ്പെടുത്തിയത് ഗുരു ഗോബിന്ദ് സിങ്ങാണ്. സിഖ്
മതത്തിൽ 10 ഗുരുക്കൻമാരാണുള്ളത്. ഗുരുഗോബിന്ദ്
സിംഗാണ് പത്തമൻ. സിഖുകാരുടെ വിശുദ്ധഗ്രന്ഥമാണ് ഗ്രന്ഥ് സാഹിബ്. സിഖുകാരുടെ
ആരാധനാലയമാണ് ഗുരുദ്വാര. പഞ്ചാബി ഭാഷയുടെ ലിപിയായ 'ഗുരുമുഖി'യുടെ ഉപജ്ഞാതാവാണ് ഗുരു അംഗദ്.
അമൃത്സറിന്റെ വളർച്ചയ്ക്ക് അടിത്തറയിട്ടത് ഗുരു രാംദാസാണ്. ഗുരു അർജൻദേവ്
നഗരത്തിന്റെ പണി പൂർത്തിയാക്കി. സുവർണക്ഷേത്രം നിർമ്മിച്ച സിഖ് ഗുരു അർജൻദേവാണ്. 'ഹർമന്തിർ സാഹിബ്' എന്നും ഇതറിയപ്പെടുന്നു. സിഖുകാരുടെ
പുണ്യഗ്രന്ഥമായ 'ആദിഗ്രന്ഥം' ക്രോഡീകരിച്ചത് ഗുരു അർജൻദേവാണ്. 'ഗുരുഗ്രന്ഥസാഹിബ്' എന്നും ഇതറിയപ്പെടുന്നു.
ഇസ്ലാം
മതം
വിശ്വാസികളുടെ
എണ്ണത്തിൽ ലോകത്തിലെ രണ്ടാമത്തെ വലിയ മതമായി ഇസ്ലാം മതത്തെ കണക്കാക്കുന്നു. ഏഴാം
നൂറ്റാണ്ടിലാണ് ഉദ്ഭവം. പ്രവാചകൻ മുഹമ്മദ് നബിയാണ് മതം പ്രചരിപ്പിച്ചത്. അള്ളാഹ്
എന്ന ഏകദൈവത്തിലാണ് ഇസ്ലാം മതക്കാർ വിശ്വസിക്കുന്നത്. ഖുറാനാണ് പരിശുദ്ധഗ്രന്ഥം.
ക്രിസ്തുമതം
ലോകത്തിൽ
ഏറ്റവും കൂടുതൽ അനുയായികളുള്ളത് ക്രിസ്തുമതത്തിനാണ്. യേശുക്രിസ്തുവിന്റെ ജീവിതവും
അനുശാസനങ്ങളുമാണ് ക്രിസ്തുമതവിശ്വാസികൾ പിന്തുടരുന്നത്. ബൈബിളാണ് വിശുദ്ധപുസ്തകം.
റോമൻ കത്തോലിക്കർ,
ഈസ്റ്റേൺ
ഓർത്തഡോക്‌സ്,
പ്രൊട്ടസ്റ്റന്റ്
തുടങ്ങി പലവിധ വിഭാഗങ്ങൾ ക്രിസ്തുമതത്തിലുണ്ട്.
സൊറോസ്ട്രിയനിസം
ഏകദൈവാരാധനയിൽ
അധിഷ്ഠിതമായി ബി.സി 1400 നും 1000 നും മധ്യേ പേർഷ്യയിൽ രൂപം കൊണ്ട
മതമാണ് സൊറാസ്ട്രിയൻ മതം. സൊറാസ്റ്ററാണ് ഈ മതത്തിന്റെ സ്ഥാപകൻ. സൊറാസ്ട്രിയൻ
മതത്തിലെ ദൈവമാണ് അഹുരമസ്ദാ. തീയാണ് അഹുരമസ്ദായുടെ പ്രതീകം. സൊറാസ്ട്രിയൻ മതത്തിലെ
പുണ്യഗ്രന്ഥമാണ് അവെസ്ത. ശ്ലോകങ്ങളായാണ് ഇത് രചിച്ചിരിക്കുന്നത്. പേർഷ്യയിൽ
നിന്നും പലായനം ചെയ്ത സൊറാസ്ട്രിയൻ മതക്കാരുടെ പിൻതുടർച്ചക്കാരാണ് ഇന്ത്യയിലെ പാഴ്‌സികൾ.
ഫയർ ടെമ്പിൾ എന്നാണ് ഇവരുടെ ആരാധനാലയം അറിയപ്പെടുന്നത്. സൊറാസ്ട്രിയൻ മതത്തിൽ
നിന്നും ഉരുത്തിരിഞ്ഞ് ഉണ്ടായതാണ് മിത്രമതം.
ജൂതമതം
ലോകത്തിലെ
പുരാതന മതങ്ങളിലൊന്നാണ് യഹൂദമതം (ജൂതമതം). ഏകദൈവവിശ്വാസികളാണ് യഹൂദർ. മധ്യകിഴക്കൻ
മേഖലയിൽ എട്ടാം നൂറ്റാണ്ട് ബി.സി.ഇ യിൽ ഉത്ഭവിച്ചു. യഹൂദരുടെ വിശുദ്ധഗ്രന്ഥമാണ്
തോറ. യഹൂദരുടെ ആരാധനാസ്ഥലമാണ് സിനഗോഗ്.
ബഹായി
മതം
പത്തൊൻപതാം
നൂറ്റാണ്ടിൽ പേർഷ്യയിലാണ് ബഹായി മതം സ്ഥാപിക്കപ്പെട്ടത്. സ്ഥാപകൻ ബഹാവുള്ള.
ഏകദൈവവിശ്വാസികളാണിവർ. മനോഹരമായ വാസ്തുശില്പഭംഗിയുള്ള ന്യൂഡൽഹിയിലെ ലോട്ടസ്
ടെമ്പിൾ ബഹായികളുടെ പ്രധാന ദേവാലയങ്ങളിലൊന്നാണ്.