ജഡത്വം

Arun Mohan
0

ജഡത്വം (Inertia)

നിശ്ചലമായി ഇരിക്കുകയോ ചലിക്കുകയോ ചെയ്യുന്ന വസ്തുവിന് ആ അവസ്ഥയിൽനിന്ന് സ്വയം മാറാൻ കഴിയുകയില്ല. ഒരു ബാഹ്യശക്തി പ്രയോഗിക്കപ്പെട്ടാൽ മാത്രമേ ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാവുകയുള്ളു. ഇതിനെയാണ് ജഡത്വം അഥവാ ഇനേർഷ്യ എന്ന് പറയുന്നത്. ജഡത്വത്തിന് ധാരാളം ഉദാഹരണങ്ങൾ നമുക്കു ചുറ്റും കാണാം. വേഗത്തിൽ പോകുന്ന ബസ്സിൽ നിന്നുകൊണ്ട് യാത്ര ചെയ്യുന്ന ഒരാളെ സങ്കല്പിക്കുക. ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്താൽ അയാൾ മുന്നോട്ടു വീഴാൻ പോകുന്നത്. അത്രനേരവും ബസ്സിന്റെ വേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്ന അയാളുടെ ശരീരം ആ അവസ്ഥയിൽ തുടരാൻ ശ്രമിക്കുന്നതാണ് വീഴ്ചയ്ക്കു കാരണം. ഇനി നിർത്തിയ ബസ് മുന്നോട്ടെടുക്കുംബോഴോ? അയാൾ പിന്നോട്ടു വീഴാൻ തുടങ്ങും. നിശ്ചലമായ ശരീരം അതേ അവസ്ഥയിൽ തുടരാൻ ശ്രമിക്കുന്നതു മൂലമാണിത്. ഈ രണ്ട് അവസ്ഥയിലും നമ്മൾ ബലം പ്രയോഗിച്ചാലേ ശരീരം നേരെ നിർത്താനാകൂ.

1. ജഡത്വ നിയമം ആവിഷ്കരിച്ചത് ആര് - ഗലീലിയോ

2. ജഡത്വ നിയമം എന്നറിയപ്പെടുന്നത് - ന്യൂട്ടന്റെ ഒന്നാം ചലന നിയമം

3. ഒരു വസ്തുവിന് സ്വയം അതിന്റെ നിശ്ചലാവസ്ഥയ്‌ക്കോ നേർരേഖാ സമചലനത്തിനോ മാറ്റം വരുത്താനുള്ള കഴിവില്ലായ്മയാണ് - ജഡത്വം

4. മാസ് കൂടുതലുള്ള വസ്തുക്കൾക്ക് ജഡത്വം - കൂടുതലാണ്

ചലന ജഡത്വം (Inertia of Motion)

ഒരു വസ്തുവിന് സ്വയം അതിന്റെ ചലനാവസ്ഥയ്ക്ക് മാറ്റം വരുത്താനുള്ള കഴിവില്ലായ്മയെ വിശേഷിപ്പിക്കുന്നത് ചലന ജഡത്വം.

ചലന ജഡത്വം ഉദാഹരണങ്ങൾ

സ്വിച്ച് ഓഫ് ചെയ്താലും അല്പനേരത്തേക്ക് ഫാൻ കറങ്ങുന്നത്.

ലോങ്ങ് ജംപ് ചാടുന്ന സ്പോർട്സ് താരങ്ങൾ ചാടുന്നതിനു മുമ്പ് അൽപദൂരം ഓടുന്നത്.

ഓടിവരുന്ന അത്‍ലറ്റിന് ഫിനിഷിങ് ലൈനിൽ എത്തിയാലുടൻ ഓട്ടം അവസാനിപ്പിക്കാൻ കഴിയാത്തത്.

വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്താൽ നിൽക്കുന്ന ആൾ മുന്നോട്ടു വീഴാൻ പോകുന്നത്.

നിശ്ചല ജഡത്വം (Inertia of Rest)

ഒരു വസ്തുവിന് സ്വയം അതിന്റെ നിശ്ചലാവസ്ഥയ്ക്ക് മാറ്റം വരുത്താനുള്ള കഴിവില്ലായ്മയെ വിശേഷിപ്പിക്കുന്നത് നിശ്ചല ജഡത്വം

നിശ്ചലജഡത്വത്തിന് ഉദാഹരണങ്ങൾ

കാരംസ് ബോർഡിൽ അട്ടിയായി അടുക്കിയ കാരംസ് കോയിനുകളുടെ അട്ടി തെറ്റിക്കാതെ ഏറ്റവും താഴത്തെ കോയിൻ തെറിപ്പിക്കാൻ കഴിയുന്നത്.

മാവിൻകൊമ്പ് പെട്ടെന്നു കുലുക്കുമ്പോൾ മാങ്ങ ഞെട്ടറ്റ് വീഴുന്നത്.

നിർത്തിയിട്ടിരുന്ന ബസ് പെട്ടെന്ന് മുന്നോട്ടെടുക്കുമ്പോൾ ബസിലെ യാത്രക്കാർ പുറകോട്ട് ചായുന്നത്.

Post a Comment

0 Comments
Post a Comment (0)