ജി.എസ്.ടി

Arun Mohan
0

ജി.എസ്.ടി (ചരക്ക് സേവന നികുതി)

ഇന്ത്യയിൽ നടപ്പാക്കിയ ഏറ്റവും വലിയ നികുതി പരിഷ്‌കാരമാണ് ജി.എസ്.ടി. ഉപയോക്താക്കൾക്കിടയിലെ നികുതിവ്യവസ്ഥ സുതാര്യമല്ലാത്തതിനാൽ കുറച്ചുപേർ നികുതിവ്യവസ്ഥയ്ക്കു പുറത്തു നിൽക്കുവാനും സാധനങ്ങളുടെ വിലവർധിക്കുവാനും കാരണമാകുന്നു. ഇതിനെല്ലാമുള്ള പരിഹാരം എന്നനിലയിലാണ് ജി.എസ്.ടി വന്നത്. ദേശീയ, സംസ്ഥാന തലങ്ങളിലായി രണ്ടായിരത്തോളം പരോക്ഷനികുതികളാണ് നിലവിലുള്ളത്. ഇവയ്‌ക്കെല്ലാം പകരമായി ഏർപ്പെടുത്തുന്ന ഏകീകൃതവും സംയോജിതവുമായ നികുതിയാണ് ജി.എസ്.ടി. ഉത്പന്നത്തിന്റെ അടിസ്ഥാന വിലയ്‌ക്കൊപ്പം എക്സൈസ് തീരുവയും, കേന്ദ്ര വില്പനനികുതിയും, സംസ്ഥാന മൂല്യ വർദ്ധിത നികുതിയുമുണ്ട്. ഈ കൂട്ടനികുതികൾക്കെല്ലാം പകരമായാണ് ജി.എസ്.ടി എന്ന ഒറ്റ നികുതി നിലവിൽ വന്നത്. CGST, IGST, UTGST, SGST എന്നിവയാണ് ജി.എസ്.ടിയിലെ നാല് ഉപവിഭാഗങ്ങൾ. CGSTയും SGSTയും ഉപഭോക്താക്കളിൽ നിന്നും ഒരുമിച്ച് പിരിച്ചെടുത്ത് കേന്ദ്രവും സംസ്ഥാനവും തുല്യമായി വീതിച്ചെടുക്കുന്നു.

2017 ജൂലൈ ഒന്നുമുതൽ ഇന്ത്യയിൽ നിലവിൽവന്ന ഏകീകൃത പരോക്ഷ നികുതി സമ്പ്രദായമാണ് ജി.എസ്.ടി. ഭരണഘടനയുടെ 101 ആം ഭേദഗതിയിലൂടെയാണ് ജി.എസ്.ടി പ്രാവർത്തികമാക്കിയത്. ഭരണഘടനയിൽ അനുഛേദം 246 എ ആയി അവതരിപ്പിച്ച ഭേദഗതിയാണിത്. ചരക്കുകളുടെയും സേവനങ്ങളുടെയും നിർമാണം മുതൽ ഉപഭോഗംവരെയുള്ള എല്ലാ ഘട്ടങ്ങളിലും നികുതി ചുമത്തപ്പെടുന്നു. ഓരോ ഘട്ടത്തിലും മൂല്യവർധനയുണ്ടാവുകയും അത് ഈടാക്കുകയും ചെയ്യുന്നു. ഇപ്രകാരം ഓരോ ഘട്ടത്തിലുമുണ്ടാകുന്ന മൂല്യവർധനയ്ക്കുമാത്രമേ നികുതി ചുമത്തപ്പെടുന്നുള്ളു. അന്തിമോപഭോക്താവ്‌ ആദ്യമടച്ച നികുതികൾ പിന്നീട് നൽകേണ്ടതില്ല. ഒരു സാമ്പത്തികവർഷത്തിലെ മൊത്തം വിറ്റുവരവ് 20 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ വ്യാപാരികൾ ജി.എസ്.ടി രജിസ്ട്രേഷൻ നിർബന്ധമായും എടുക്കണം. ജി.എസ്.ടി യിൽ 0 ശതമാനം, 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നീ നിരക്കുകളിലാണ് രാജ്യത്താകമാനം പ്രദാനം ചെയ്യുന്ന എല്ലാ ചരക്കുകളിൻമേലും അല്ലെങ്കിൽ സേവനങ്ങളിൻമേലും ചുമത്തുന്നത്.

കേന്ദ്ര - സംസ്ഥാന ജി.എസ്.ടി.കൾ 

സംസ്ഥാനത്തിനകത്ത് ക്രയവിക്രയം ചെയ്യപ്പെടുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും മേൽ കേന്ദ്ര ഗവൺമെന്റും സംസ്ഥാന ഗവൺമെന്റും ജി.എസ്.ടി ചുമത്തുന്നുണ്ട്. കേന്ദ്ര ഗവൺമെന്റ് ചുമത്തുന്നത് സെൻട്രൽ ജി.എസ്.ടി (CGST) എന്നും, സംസ്ഥാന ഗവൺമെന്റ് ചുമത്തുന്നത് സ്റ്റേറ്റ് ജി.എസ്.ടി (SGST) എന്നും അറിയപ്പെടുന്നു. ഈ നികുതികൾ ഉപഭോക്താക്കളിൽ നിന്ന് ഒരുമിച്ച് പിരിച്ചെടുത്ത് കേന്ദ്രവും സംസ്ഥാനവും തുല്യമായി വീതിച്ചെടുക്കുന്നു. കേന്ദ്ര ജി.എസ്.ടി, സംസ്ഥാന ജി.എസ്.ടി നിരക്കുകൾ ഒരുപോലെയാണ്.

ഇന്റഗ്രേറ്റഡ് ജി.എസ്.ടി (IGST)

ഒരു സംസ്ഥാനത്തുനിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് ക്രയവിക്രയം ചെയ്യപ്പെടുന്ന ചരക്കുകൾക്കും സേവനങ്ങൾക്കും ചുമത്തപ്പെടുന്നതാണ് ഇന്റഗ്രേറ്റഡ് ജി.എസ്.ടി. അന്തസ്സംസ്ഥാന ക്രയവിക്രയങ്ങളുടെ മേൽ ജി.എസ്.ടി ചുമത്തുന്നതും പിരിക്കുന്നതും കേന്ദ്ര ഗവൺമെന്റാണ്. ഇതിലെ സംസ്ഥാനവിഹിതം നൽകുന്നത് കേന്ദ്രഗവൺമെന്റാണ്.

കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ജി.എസ്.ടി (UTGST) 

കേന്ദ്ര ഭരണ പ്രദേശങ്ങൾക്കകത്ത്  ക്രയവിക്രയം ചെയ്യപ്പെടുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും മേൽ കേന്ദ്ര ഗവൺമെന്റ് ചുമത്തുന്ന നികുതിയാണ് യു.ടി.ജി.എസ്.ടി.

ജി.എസ്.ടിയിൽ ലയിപ്പിക്കപ്പെട്ട പ്രധാന നികുതികൾ

കേന്ദ്ര എക്സൈസ് ഡ്യൂട്ടി

സേവന നികുതി

കേന്ദ്ര വിൽപ്പന നികുതി

സംസ്ഥാന മൂല്യവർദ്ധിത നികുതി

ആഡംബര നികുതി

പരസ്യ നികുതി

പ്രവേശന നികുതി

വിനോദ നികുതി

ജി.എസ്.ടി കൗൺസിൽ (GST Council)

ജി.എസ്.ടിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും അന്തിമ തീർപ്പിനുള്ള അധികാരി ഇന്ത്യൻ ഭരണഘടനയുടെ 279 ആം വകുപ്പുപ്രകാരം രൂപീകരിക്കപ്പെട്ട ജി.എസ്.ടി കൗൺസിലിനാണ്. ജി.എസ്.ടി കൗൺസിലിലെ തീരുമാനങ്ങൾ മൂന്നിൽ രണ്ടു വോട്ടുകളുടെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ എടുക്കപ്പെടുന്നവയാണ്. മൊത്തം വോട്ടിന്റെ മൂന്നിൽ ഒന്ന് കേന്ദ്രസർക്കാരിനും മൂന്നിൽ രണ്ടും സംസ്ഥാനസർക്കാരിനുമാണ്. ജനസംഖ്യ - വലുപ്പഭേദമില്ലാതെ എല്ലാ സംസ്ഥാനങ്ങൾക്കും ഓരോ വോട്ടാണ് കൗൺസിലിൽ ഉള്ളത്. കേന്ദ്ര ധനകാര്യ മന്ത്രി, കേന്ദ്ര റവന്യൂ/ഫിനാൻസ് സഹമന്ത്രി, സംസ്ഥാന ധനകാര്യ മന്ത്രിമാർ അല്ലെങ്കിൽ സംസ്ഥാനം തിരഞ്ഞെടുക്കുന്ന ഒരു മന്ത്രി എന്നിവരാണ് ജി.എസ്.ടി കൗൺസിലിലെ അംഗങ്ങൾ. കേന്ദ്ര ധനകാര്യ മന്ത്രിയാണ് ജി.എസ്.ടി കൗൺസിലിന്റെ ചെയർമാൻ. ജി.എസ്.ടി കൗൺസിൽ നൽകുന്ന ശിപാർശകൾ ഇവയാണ് -

ജി.എസ്.ടിയിൽ ലയിപ്പിക്കേണ്ട നികുതികൾ, സെസ്സുകൾ, സർചാർജുകൾ

ജി.എസ്.ടി പരിധിയിൽ വരുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ ചരക്കുകളും സേവനങ്ങളും

നികുതിനിരക്കുകൾ നിശ്ചയിക്കൽ

ഒഴിവാക്കപ്പെട്ടിരിക്കുന്ന ചരക്കുകളും സേവനങ്ങളും ജി.എസ്.ടിയിൽ ഉൾപ്പെടുത്തേണ്ട സമയം 

■ മൊത്തം വിറ്റുവരവിന്റെ അടിസ്ഥാനത്തിലുള്ള നികുതി ഒഴിവിന്റെ പരിധി നിശ്ചയിക്കൽ

ജി.എസ്.ടി യിൽ ഉൾപ്പെടാത്ത ഇനങ്ങൾ 

നിലവിൽ ജി.എസ്.ടി.യുടെ പരിധിയിൽപ്പെടാത്ത ഇനങ്ങൾ ഇനിപ്പറയുന്നു.

■ പെട്രോളിയം ഉത്പന്നങ്ങൾ (അസംസ്കൃത പെട്രോളിയം, ഡീസൽ, പെട്രോൾ, പ്രകൃതി വാതകം, വിമാന ഇന്ധനം)

■ വൈദ്യുതി 

■ മനുഷ്യ ഉപഭോഗത്തിനുള്ള മദ്യം

ജി.എസ്.ടി നമ്പർ 

ജി.എസ്.ടി രജിസ്ട്രേഷൻ നടത്തുമ്പോൾ ലഭിക്കുന്നതാണ് ജി.എസ്.ടി നമ്പർ (GSTIN - Goods & Services Tax Identification Number). അപേക്ഷകന്റെ പാൻ കാർഡ് നമ്പർ, ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ കോഡ് എന്നിവ ചേരുന്നതാണ് GSTIN. ജി.എസ്.ടി നമ്പറിന്റെ തുടക്കത്തിലെ രണ്ടക്കങ്ങൾ സംസ്ഥാനത്തിന്റെ ജി.എസ്.ടി കോഡാണ്. തുടർന്ന് വരുന്നവ പാൻ കാർഡ് നമ്പറും.

വിവിധ സംസ്ഥാനങ്ങളുടെ/പ്രദേശങ്ങളുടെ ജി.എസ്.ടി കോഡുകൾ

കേരളം - 32, തമിഴ്നാട് - 33, കർണാടകം - 29, പുതുച്ചേരി - 34, ലക്ഷദ്വീപ് - 31, ആന്ധ്രാപ്രദേശ് - 37, തെലങ്കാന - 36, ഗോവ - 30, ജമ്മു കാശ്മീർ - 01, ഹിമാചൽപ്രദേശ് - 02, ഡൽഹി - 07, മഹാരാഷ്ട്ര - 27.

റിവേഴ്‌സ് ചാർജ് 

സാധാരണഗതിയിൽ സർക്കാരിലേക്ക് നികുതി അടയ്ക്കാനുള്ള ഉത്തരവാദിത്തം വിതരണക്കാരനാണ്. ഇതിനു വിപരീതമായി ജി.എസ്.ടി കൗൺസിലിന്റെ ശുപാർശപ്രകാരം സർക്കാർ പ്രഖ്യാപിക്കുന്ന എല്ലാ ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണത്തിന്മേലുള്ള നികുതിബാധ്യത വിതരണത്തിന്റെ സ്വീകർത്താക്കൾക്ക് ആകുന്നതിനെ റിവേഴ്‌സ് ചാർജ് എന്നു വിളിക്കുന്നു.

ഇൻപുട്ട് ടാക്സ്

രജിസ്റ്റർ ചെയ്ത ഒരാൾക്ക് നൽകുന്ന സാധനങ്ങളുടെയോ സേവനങ്ങളുടെയോ വിതരണത്തിന്മേൽ ചുമത്തുന്ന കേന്ദ്ര നികുതി, സംസ്ഥാന നികുതി, ഇന്റഗ്രേറ്റഡ് ടാക്സ് എന്നിവയാണ് ഇൻപുട്ട് ടാക്സ്. റിവേഴ്‌സ് ചാർജ് അടിസ്ഥാനത്തിൽ അടയ്ക്കുന്ന നികുതിയും, സാധനങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ ചുമത്തുന്ന ഇന്റഗ്രേറ്റഡ് നികുതിയും ഇതിൽ ഉൾപ്പെടുന്നു. കോമ്പസിഷൻ രീതിയിൽ അടയ്ക്കുന്ന നികുതി ഇതിൽ ഉൾപ്പെടുന്നില്ല. നഷ്ടപെട്ടതോ, മോഷണം പോയതോ, നശിച്ചതോ എഴുതിത്തള്ളിയതോ ആയ ചരക്കുകളുടെ മേൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കാനാവില്ല. സമ്മാനമായോ സൗജന്യ സാമ്പിൾ ആയോ നൽകിയ ചരക്കുകളുടെ മേലും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് അനുവദനീയമല്ല.

PSC ചോദ്യങ്ങൾ

1. ദേശീയ, സംസ്ഥാന തലങ്ങളിലായി നിലയിലുള്ള വിവിധതരം പരോക്ഷ നികുതികൾക്കു പകരം ദേശീയ തലത്തിൽ ഏർപ്പെടുത്തിയ ഏകീകൃതവും സംയോജിതവുമായ മൂല്യ വർദ്ധിത നികുതി - ജി.എസ്.ടി

2. ജി.എസ്.ടിയുടെ പൂർണരൂപം - ഗുഡ്‌സ് ആൻഡ് സർവീസ് ടാക്‌സ്

3. ജി.എസ്.ടി ബില്ലിൽ പ്രസിഡന്റ് ഒപ്പുവച്ചത് - 2016 സെപ്റ്റംബർ 8

4. ഇന്ത്യയില്‍ ചരക്കു സേവന നികുതി (GST) നിലവില്‍ വന്നത്‌ - 2017 ജൂലൈ 1

5. ജി.എസ്.ടിയുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി നിയമം - 101-ാം ഭേദഗതി (2016)

6. ജി.എസ്.ടിയുമായി ബന്ധപ്പെട്ട ഭേദഗതി ബിൽ - 122-ാം ഭരണഘടന ഭേദഗതി ബിൽ

7. ഭരണഘടനയിൽ GSTയെക്കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം - ആർട്ടിക്കിൾ 246A

8. ഐ.ജി.എസ്.ടി ചുമത്താനും നികുതിപിരിക്കാനും കേന്ദ്ര സർക്കാരിന് അനുമതി നൽകുന്ന അനുഛേദം - ആർട്ടിക്കിൾ 269A

9. ജി.എസ്.ടി ഉദ്‌ഘാടനം ചെയ്‌തത്‌ - പ്രണബ് മുഖർജി & നരേന്ദ്രമോദി (2017 ജൂൺ 30)

10. ജി.എസ്.ടി ഉദ്‌ഘാടനം ചെയ്‌ത വേദി - സെൻട്രൽ ഹാൾ, പാർലമെന്റ്

11. ജി.എസ്.ടിയുടെ ആപ്തവാക്യം - വൺ നേഷൻ, വൺ ടാക്‌സ്, വൺ മാർക്കറ്റ്

12. ജി.എസ്.ടി ആരംഭിച്ച ആദ്യ രാജ്യം - ഫ്രാൻസ് (1954)

13. കേന്ദ്രവും സംസ്ഥാനവും ഒരുപോലെ ജി.എസ്.ടി ചുമത്തുന്നതിനെ പറയുന്നത് - ഇരട്ട ജി.എസ്.ടി

14. ഇന്ത്യയിൽ നിലവിലുള്ളത് ഏത് ജി.എസ്.ടി മാതൃകയാണ് - ഇരട്ട ജി.എസ്.ടി

15. ഇന്ത്യയെ കൂടാതെ ഇരട്ട ജി.എസ്.ടി നിലനിൽക്കുന്ന രാജ്യങ്ങൾ - കാനഡ, ബ്രസീൽ

16. ഇന്ത്യയിൽ ജി.എസ്.ടി ബിൽ പാസാക്കിയ ആദ്യ സംസ്ഥാനം - അസം

17. ഇന്ത്യയിൽ ജി.എസ്.ടി ബിൽ പാസാക്കിയ രണ്ടാമത്തെ സംസ്ഥാനം - ബീഹാർ

18. ഇന്ത്യയിൽ ജി.എസ്.ടി ബിൽ പാസാക്കിയ പതിനാറാമത്തെ സംസ്ഥാനം - ഒഡീഷ

19. ലോകത്തിലെ ആദ്യ ജി.എസ്.ടി കാൽക്കുലേറ്റർ പുറത്തിറക്കിയ കമ്പനി - CASIO India

20. ജി.എസ്.ടിയിലെ നാല് ഉപവിഭാഗങ്ങൾ - സി.ജി.എസ്.ടി, ഐ.ജി.എസ്.ടി, യു.ടി.ജി.എസ്.ടി, എസ്.ജി.എസ്.ടി

21. കേന്ദ്ര ഗവൺമെന്റ് ചുമത്തുന്ന ജി.എസ്.ടി അറിയപ്പെടുന്നത് - സെൻട്രൽ ജി.എസ്.ടി (CGST)

22. അന്തർസംസ്ഥാന ക്രയവിക്രയങ്ങളുടെ മേൽ ജി.എസ്.ടി ചുമത്തുന്നതും പിരിക്കുന്നതും - കേന്ദ്ര സർക്കാർ

23. സംസ്ഥാന ഗവൺമെന്റ് ചുമത്തുന്ന ജി.എസ്.ടി അറിയപ്പെടുന്നത് - സ്റ്റേറ്റ് ജി.എസ്.ടി (SGST)

24. കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏർപ്പെടുത്തുന്ന ജി.എസ്.ടി അറിയപ്പെടുന്നത് - യൂണിയൻ ടെറിട്ടറി ജി.എസ്.ടി (UTGST)

25. ഒരു സംസ്ഥാനത്ത് നിന്ന് മറ്റ് സംസ്ഥാനങ്ങളിലേയ്ക്കു ക്രയവിക്രയം ചെയ്യപ്പെടുന്ന ചരക്കുകൾക്കും സേവനങ്ങൾക്കും മേൽ ചുമത്തുന്ന നികുതി - ഇന്റഗ്രേറ്റഡ് ജി.എസ്.ടി (IGST)

26. SGST ബിൽ പാസ്സാക്കിയ ആദ്യ സംസ്ഥാനം - തെലങ്കാന

27. SGST ബിൽ കേരള നിയമസഭ പാസ്സാക്കിയത് - 2017 ഓഗസ്റ്റ് 17

28. ഇന്ത്യയിൽ പ്രഥമ ജി.എസ്.ടി ദിവസമായി ആചരിച്ചത് - 2018 ജൂലൈ 1

29. ജി.എസ്.ടിയുടെ പ്രചാരണത്തിനായി കേന്ദ്ര സർക്കാർ നിയോഗിച്ച ബോളിവുഡ് നടൻ - അമിതാഭ് ബച്ചൻ

30. കേരളത്തിലെ ജി.എസ്.ടി ഭവൻ സ്ഥിതിചെയ്യുന്നത് - തിരുവനന്തപുരം

31. ഇന്ത്യയിൽ ജി.എസ്.ടി, മറ്റ് നികുതി സേവനങ്ങൾ നടപ്പിലാക്കാൻ Central Board of Excise and Customs ആരംഭിച്ച പദ്ധതി - പ്രൊജക്റ്റ് സാക്ഷാം

32. നിലവിൽ ജി.എസ്.ടിയുടെ പരിധിയിൽപ്പെടാത്ത ഇനങ്ങൾ - പെട്രോളിയം ഉൽപ്പന്നങ്ങൾ, വൈദ്യുതി, മനുഷ്യ ഉപഭോഗത്തിനുള്ള മദ്യം

33. ഏതിനം നികുതിക്ക് ഉദാഹരണമാണ് ജി.എസ്.ടി - പരോക്ഷ നികുതി

34. ജി.എസ്.ടിയിലെ നികുതി നിരക്ക് - 0%, 5%, 12%, 18%, 28%

35. ജി.എസ്.ടിയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് നൽകുന്നതിനായി സ്ഥാപിതമായ കൗൺസിൽ - ജി.എസ്.ടി കൗൺസിൽ

36. ഭരണഘടനയുടെ 279-ാം വകുപ്പുപ്രകാരം രൂപീകരിക്കപ്പെട്ട സ്ഥാപനം - ജി.എസ്.ടി കൗൺസിൽ

37. ജി.എസ്.ടി കൗൺസിൽ സ്ഥാപിതമായത് - 2016 സെപ്റ്റംബർ 15

38. ജി.എസ്.ടി കൗൺസിൽ ചെയർമാൻ - കേന്ദ്ര ധനകാര്യ മന്ത്രി

Post a Comment

0 Comments
Post a Comment (0)