പഞ്ചവത്സര പദ്ധതികൾ
മുൻ
സോവിയറ്റ് യൂണിയനെയാണ് പഞ്ചവത്സര പദ്ധതികൾക്ക് ഇന്ത്യ മാതൃകയാക്കിയിരിക്കുന്നത്.
ഇന്ത്യയിലെ ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് 1951 - 1956 ആയിരുന്നു. കാർഷികമേഖലയ്ക്കാണ് പദ്ധതി
ഊന്നൽ നൽകിയത്. ഒന്നാം പദ്ധതിക്കാലത്ത്, 1952
ലാണ് ഇന്ത്യയിൽ കുടുംബാസൂത്രണ പദ്ധതി തുടങ്ങിയത്. നാഷണൽ എക്സ്റ്റൻഷൻ സർവീസ്, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം
എന്നിവയും തുടങ്ങിയത് ഒന്നാം പദ്ധതിക്കാലത്താണ്. 1956 - 61ലെ വ്യവസായ മേഖലയ്ക്കാണ് രണ്ടാം
പഞ്ചവത്സരപദ്ധതി ഊന്നൽ നൽകിയത്. 1961
- 66ലെ മൂന്നാം
പദ്ധതി ഊന്നൽ നൽകിയത് ഗതാഗതം,
വാർത്താവിനിമയം, ഭക്ഷ്യ സ്വയംപര്യാപ്തത, സമ്പദ്ഘടനയുടെ സ്വയംപര്യാപ്തത
എന്നിവയ്ക്കാണ്. ഇന്ത്യയിൽ ഹരിതവിപ്ലവം ആരംഭിച്ചത് 1965ലാണ്. സി. സുബ്രഹ്മണ്യമായിരുന്നു
കേന്ദ്ര കൃഷിമന്ത്രി. ഇന്ത്യയിൽ 1966
- 69 കാലയളവിൽ 'പ്ലാൻ ഹോളിഡേ' നടപ്പിലാക്കി. 1969 - 74ലെ നാലാം പഞ്ചവത്സര പദ്ധതി
സ്ഥിരതയോടുകൂടിയ വളർച്ച,
സ്വാശ്രയത്വം
എന്നിവയ്ക്കാണ് ഊന്നൽ നൽകിയത്. 1974
- 79ലെ അഞ്ചാം
പഞ്ചവത്സര പദ്ധതി ദാരിദ്ര്യനിർമാർജനത്തിന് ഊന്നൽ നൽകി. ജനതാ ഗവൺമെന്റിന്റെ
ഭരണകാലത്ത്,
1978 - 80
കാലയളവിലാണ് 'റോളിങ് പദ്ധതികൾ' നടപ്പിലാക്കിയത്. 1980 - 85 ലെ ആറാം പദ്ധതി, കാർഷിക - വ്യാവസായിക മേഖലകളുടെ
അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ ലക്ഷ്യമായി പ്രഖ്യാപിച്ചു. 1985 - 1990ലെ ഏഴാം പഞ്ചവത്സര പദ്ധതി
ഊർജമേഖല, ആധുനികവത്കരണം -
തൊഴിലവസരങ്ങളുടെ വർധനവ് എന്നിവയ്ക്ക് ഊന്നൽ നൽകി. ഇന്ത്യയിൽ 1990 - 92 കാലയളവിൽ 'വാർഷികപദ്ധതികൾ' നടപ്പിലാക്കി. 1992 - 1997ലെ എട്ടാം പഞ്ചവത്സര പദ്ധതി
മാനവശേഷി വികസനം ലക്ഷ്യമായി പ്രഖ്യാപിച്ചു. ഒമ്പതാം പദ്ധതി ഗ്രാമീണവികസനവും
വികേന്ദ്രീകൃതാസൂത്രണവും സാമൂഹികനീതിക്കും തുല്യതയ്ക്കുമൊപ്പമുള്ള വളർച്ചയും
ലക്ഷ്യമായി പ്രഖ്യാപിച്ചു. 2002
- 2007ലെ പത്താം
പഞ്ചവത്സര പദ്ധതി മൂലധന നിക്ഷേപം വർധിപ്പിക്കുന്നതിൽ ഊന്നൽ നൽകി. പത്താം പഞ്ചവത്സര
പദ്ധതി ലക്ഷ്യമിട്ട വാർഷിക വളർച്ചാനിരക്ക് എട്ടുശതമാനമായിരുന്നു. 7.8 ശതമാനമായിരുന്നു ഇക്കാലത്തെ
സാമ്പത്തിക വളർച്ച. 2007
- 2012 ലെ
പതിനൊന്നാം പദ്ധതി,
മൊത്തം ആഭ്യന്തര
ഉത്പാദനത്തിൽ (ജി.ഡി.പി) 10 ശതമാനം വളർച്ച ലക്ഷ്യമിട്ടു. 2012 - 2017ലെ പന്ത്രണ്ടാം പഞ്ചവത്സര
പദ്ധതിയുടെ ലക്ഷ്യങ്ങൾ സുസ്ഥിര വികസനം, ത്വരിതഗതിയിലുള്ള
വളർച്ച, എല്ലാവരെയും ഉൾക്കൊള്ളുന്ന
വളർച്ച എന്നിവയായിരുന്നു. 2015 ജനുവരി 1ന് ആസൂത്രണ കമ്മീഷനു പകരം നീതി ആയോഗ്
നിലവിൽ വന്നതോടെ പഞ്ചവത്സര പദ്ധതി നിർത്തലാക്കി.
ഒന്നാം
പഞ്ചവത്സര പദ്ധതി (1951
- 56)
ഇന്ത്യയിലെ
ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് 1951 - 1956
ആയിരുന്നു. ജവഹർലാൽ നെഹ്രുവായിരുന്നു പദ്ധതി പാർലമെന്റിൽ അവതരിപ്പിച്ചത്. 1951 ഏപ്രിൽ ഒന്നിന് ആരംഭിച്ച പദ്ധതി കൃഷി, ജലസേചനം, വൈദ്യുതീകരണം, കുടുംബാസൂത്രണം എന്നിവയ്ക്കാണ്
പ്രാധാന്യം നൽകിയത്. ഒന്നാം പഞ്ചവത്സര പദ്ധതി 'കാർഷിക പദ്ധതി', 'ഹാരോഡ് - ഡോമർ മോഡൽ' എന്നീ പേരുകളിൽ അറിയപ്പെടുന്നു.
സാമൂഹിക വികസന പദ്ധതി 1952 ഒക്ടോബർ രണ്ടിനാണ്
ആരംഭിച്ചത്. ഗ്രാമങ്ങളിലെ ഭൗതികവും മാനുഷികവുമായ വിഭവങ്ങളുടെ പരിപൂർണ്ണമായ
വികസനമാണ് പദ്ധതിയുടെ ലക്ഷ്യം. യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC), അഞ്ച് ഐ.ഐ.ടികൾ, ഇന്ത്യയിൽ വൻകിട ജലസേചന പദ്ധതികൾ, കേരളത്തിലെ തോട്ടപ്പള്ളി സ്‌പിൽവേ (1955) എന്നിവ സ്ഥാപിതമായത് ഒന്നാം
പഞ്ചവത്സര പദ്ധതിക്കാലത്താണ്. ഭക്രാനംഗൽ, ഹിരാകുഡ്, ദാമോദർ വാലി എന്നീ വൻകിട ജലസേചന
പദ്ധതികൾ ആരംഭിച്ചത് ഒന്നാം പഞ്ചവത്സര പദ്ധതികാലത്താണ്. 2.1 ശതമാനമാണ് ഒന്നാം പദ്ധതി
ലക്ഷ്യമിട്ടത് എന്നാൽ 3.1 ശതമാനം വളർച്ചാനിരക്ക്
കൈവരിച്ചു.
രണ്ടാം
പഞ്ചവത്സര പദ്ധതി (1956
- 1961)
ഇന്ത്യയിലെ
രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് 1956 - 1961
ആയിരുന്നു. വ്യവസായവൽക്കരണം,
ഗതാഗത വികസനം
എന്നിവയ്ക്കാണ് പദ്ധതി കൂടുതൽ പ്രാധാന്യം നൽകിയത്. വ്യാവസായിക പദ്ധതി, മഹലനോബിസ് മാതൃക എന്നീ പേരുകളിൽ ഈ
പദ്ധതി അറിയപ്പെടുന്നു. മിശ്ര സമ്പദ്‌വ്യവസ്ഥയാണ് പദ്ധതി ഊന്നൽ നൽകിയത്. 1955ലെ കോൺഗ്രസിന്റെ ആവഡി സമ്മേളനത്തിൽ
അംഗീകരിച്ച "സോഷ്യലിസ്റ്റ് സമൂഹത്തെ വാർത്തെടുക്കുക' എന്ന ഉദ്ദേശവും രണ്ടാം
പദ്ധതിക്കുണ്ടായിരുന്നു. തൊഴിലില്ലായ്‌മ കുറയ്ക്കുക, ദേശീയ വരുമാനം ഉയർത്തുക എന്നിവ രണ്ടാം
പദ്ധതിയുടെ ഉപലക്ഷ്യങ്ങളായിരുന്നു. ദുര്‍ഗാപ്പൂര്‍ (പശ്ചിമബംഗാള്‍ - ബ്രിട്ടീഷ്
സഹായം), ഭിലായ് (ഛത്തീസ്ഗഡ് - റഷ്യന്‍
സഹായം), റൂർക്കേല (ഒഡീഷ - ജര്‍മ്മന്‍
സഹായം) എന്നീ ഇരുമ്പുരുക്ക് ശാലകൾ രണ്ടാം പദ്ധതിക്കാലത്ത് നിർമ്മിച്ചു. 4.5% വളർച്ചാ നിരക്ക് ലക്ഷ്യം വച്ച രണ്ടാം
പദ്ധതി 4.3% വളർച്ച കൈവരിച്ചു.
മൂന്നാം
പഞ്ചവത്സര പദ്ധതി (1961
- 1966)
ഇന്ത്യയിലെ
മൂന്നാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് 1961 - 1966
ആയിരുന്നു. സമ്പദ്ഘടനയുടെ സ്വയം പര്യാപ്തതയാണ് മൂന്നാം പഞ്ചവത്സര പദ്ധതി
പ്രാധാന്യം നൽകിയത്. 1965ൽ മൂന്നാം പഞ്ചവത്സര
പദ്ധതിയുടെ കാലത്താണ് നാഷണൽ ഡെയറി ഡെവലപ്മെന്റ് ബോർഡ് സ്ഥാപിതമായത്. മൂന്നാം
പദ്ധതി ഊന്നൽ നൽകിയത് ഗതാഗതം,
വാർത്താവിനിമയം, ഭക്ഷ്യ സ്വയംപര്യാപ്തത എന്നിവയ്ക്കാണ്.
1965ൽ ഇന്ത്യയിൽ ഹരിത വിപ്ലവത്തിന്
തുടക്കം കുറിച്ചു. 1962ലെ ഇന്ത്യ-ചൈന യുദ്ധവും 1965ലെ ഇന്ത്യ - പാക് യുദ്ധവും, കടുത്ത വരൾച്ചയും കാരണം 5.6% വളർച്ച ലക്ഷ്യമിട്ടിരുന്ന പദ്ധതിക്ക് 2.8% വളർച്ച നേടാനേ കഴിഞ്ഞുള്ളു.
പ്ലാൻ
ഹോളിഡേ (1966
- 1969)
പ്ലാൻ
ഹോളിഡേ എന്നറിയപ്പെടുന്നത് 1966 മുതൽ 1969 വരെയുള്ള മൂന്ന് വർഷക്കാലമാണ്. 1966 മുതൽ 1969 വരെ മൂന്നു വാർഷിക പദ്ധതികളാണ്
നിലനിന്നത്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് പ്ലാൻ ഹോളിഡേ
പ്രഖ്യാപിച്ചത്. ഇന്ത്യയിൽ ഹരിത വിപ്ലവം ആരംഭിച്ചത് 1966-69ലെ വാർഷിക പദ്ധതികളുടെ കാലത്താണ്.
സി.സുബ്രഹ്മണ്യമായിരുന്നു കേന്ദ്ര കൃഷിമന്ത്രി. 1960കളിലുണ്ടായ ഭക്ഷ്യ പ്രതിസന്ധിയെ
നേരിടുന്നതിനു വേണ്ടി ഗവൺമെന്റ് ആവിഷ്കരിച്ച കാർഷിക തന്ത്രമാണ് ഹരിത വിപ്ലവത്തിന്
വഴിയൊരുക്കിയത്.
നാലാം
പഞ്ചവത്സര പദ്ധതി (1969
- 1974)
ഇന്ത്യയിലെ
നാലാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് 1969 - 1974
ആയിരുന്നു. സ്ഥിരതയോടുകൂടിയ വളർച്ച, സ്വാശ്രയത്വം
നേടിയെടുക്കുക,
ദുർബല
വിഭാഗങ്ങളുടെ ഉന്നമനം എന്നിവയ്ക്കാണ് പദ്ധതി ഊന്നൽ നൽകിയത്. നാലാം പഞ്ചവത്സര
പദ്ധതി കാലത്താണ് 'ഗാഡ്‌ഗിൽ മോഡൽ' നടപ്പിലാക്കിയത്. 1969ൽ ഇന്ത്യയിലെ പ്രഥമ ബാങ്ക് ദേശസാത്കരണം
നടന്നതും നാലാം പഞ്ചവത്സര പദ്ധതി കാലത്താണ്. 1970ൽ നാഷണൽ ഡെയറി ഡെവലപ്മെന്റ് ബോർഡ് 'ഓപ്പറേഷൻ ഫ്ളഡ്' നടപ്പിലാക്കി. 1971ലെ ഇൻഡോ-പാക്ക് യുദ്ധവും ബംഗ്ലാദേശിൽ
നിന്നുള്ള അഭയാർത്ഥി പ്രവാഹവും പദ്ധതി പരാജയപ്പെടാൻ കാരണമായി. 5.7% ലക്ഷ്യമിട്ട പദ്ധതിക്ക് 3.3% വളർച്ച കൈവരിക്കാനേ സാധിച്ചുള്ളൂ.
അഞ്ചാം
പഞ്ചവത്സര പദ്ധതി (1974
- 1979)
ഇന്ത്യയിലെ
അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് 1974 - 1979
ആയിരുന്നു. ദാരിദ്ര്യ നിർമ്മാർജ്ജനം, സ്വയം
പര്യാപ്തത എന്നിവയ്‌ക്കാണ് പദ്ധതി പ്രാമുഖ്യം നൽകിയത്. 1974 - 75കളിൽ കാർഷികോത്പാദനം ലക്ഷ്യമാക്കി
കമാന്റ് ഏരിയ വികസന പദ്ധതി ആരംഭിച്ചു. ദാരിദ്ര്യം ഇല്ലാതാക്കുക, സാധാരണക്കാരന്റെ ജീവിത നിലവാരം
മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ 1975ൽ
ആരംഭിച്ച പദ്ധതിയാണ് ഇരുപതിന പരിപാടി. ഇന്ദിര ഗാന്ധിയുടെ 'ഗരീബി ഹഠാവോ' എന്ന മുദ്രാവാക്യം അഞ്ചാം പഞ്ചവത്സര
പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപനവും തുടർന്നുണ്ടായ
രാഷ്ട്രീയ മാറ്റവും അഞ്ചാം പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് തടസ്സമായി. മൊറാർജി
ദേശായി ഗവൺമെന്റ് 1978ൽ ഒരു വർഷം മുൻപേ അഞ്ചാം
പദ്ധതി അവസാനിപ്പിച്ചു. 4.4% വളർച്ചാ നിരക്ക് ലക്ഷ്യംവച്ച
പദ്ധതിക്ക് 4.8% വളർച്ചാ നിരക്ക്
കൈവരിക്കാനായി.
റോളിംഗ്
പ്ലാൻ (Rolling
Plan)
മൊറാർജി
ദേശായിയുടെ ജനതാ ഗവൺമെന്റിന്റെ ഭരണകാലത്ത്, 1978 - 80 കാലയളവിലാണ് 'റോളിങ് പദ്ധതികൾ' നടപ്പിലാക്കിയത്. "സാമൂഹ്യ
നീതിയോടൊപ്പം വളർച്ച" എന്നതിനുപകരം "സാമൂഹ്യ നീതിക്കുവേണ്ടിയുള്ള
വളർച്ച" എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. കാലയളവില്‍
വ്യത്യാസമുണ്ടാകുന്ന പദ്ധതിയെന്നാണ് റോളിംഗ് പ്ലാന്‍ എന്ന് പറയുന്നത്. 'റോളിംഗ് പ്ലാന്‍' എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്
സാമ്പത്തിക ശാസ്ത്രജ്ഞനായ ഗുണ്ണാർ മിർഡാലാണ്. അദ്ദേഹത്തിന്റെ പ്രശസ്ത കൃതിയാണ്
ഏഷ്യൻ ഡ്രാമ.
ഹിന്ദു
വളർച്ച നിരക്ക് (Hindu
Rate of Growth)
1950-1980 കാലത്ത് ഇന്ത്യന്‍ സമ്പദ്
വ്യവസ്ഥയ്ക്കുണ്ടായിരുന്ന വളരെ താഴ്‌ന്ന വളര്‍ച്ചനിരക്കിനെ സൂചിപ്പിക്കാന്‍
ഉപയോഗിച്ച പദമാണ് ഹിന്ദു വളര്‍ച്ചാ നിരക്ക്. 1950 മുതൽ 1980 വരെയുള്ള കാലയളവിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ
ശരാശരി വളർച്ചാ നിരക്ക് 3.5 ശതമാനമായിരുന്നു. സാമ്പത്തിക
ശാസ്ത്രജ്ഞനായ രാജ് കൃഷ്ണയായിരുന്നു ഈ പദത്തിന്റെ ഉപജ്ഞാതാവ്.
ആറാം
പഞ്ചവത്സര പദ്ധതി (1980-1985)
ഇന്ത്യയിലെ
ആറാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് 1980-1985
ആയിരുന്നു. ദേശീയ വരുമാനം വർദ്ധിപ്പിക്കുക നിലവിലെ സാങ്കേതിക വിദ്യയുടെ
ആധുനികവത്കരണം,
ദാരിദ്ര്യ
നിർമ്മാർജ്ജനം എന്നിവയായിരുന്നു ആറാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ആറാം പഞ്ചവത്സര പദ്ധതിക്കാലത്താണ് ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും
വികസനം ലക്ഷ്യമാക്കിയുള്ള DWCRA
പദ്ധതി
ആരംഭിച്ചത്. 5.2% വളർച്ചാ നിരക്ക് ലക്ഷ്യംവച്ച
പദ്ധതിക്ക് 5.7% വളർച്ചാ നിരക്ക്
കൈവരിക്കാനായി.
ഏഴാം
പഞ്ചവത്സര പദ്ധതി (1985
- 1990)
ഇന്ത്യയിലെ
ഏഴാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് 1985-1990
ആയിരുന്നു. തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കൽ, ഭക്ഷ്യധാന്യ
ഉത്പാദനവർദ്ധന,
ആധുനികവത്കരണം, സ്വയം പര്യാപ്‌ത, സാമൂഹിക നീതി തുടങ്ങിയവയ്ക്ക്
പ്രാധാന്യം നൽകിക്കൊണ്ടാണ് പദ്ധതി ആരംഭിച്ചത്. ഇന്ത്യയ്ക്ക് വാർത്താവിനിമയ - ഗതാഗത
മേഖലകളിൽ വൻ പുരോഗതി കൈവരിക്കാൻ ഈ പദ്ധതിയ്ക്ക് സാധിച്ചു. 5.0% ലക്ഷ്യംവെച്ച ഈ പദ്ധതി 6.0% വളർച്ചാ നിരക്ക് കൈവരിച്ചു.
വാർഷിക
പദ്ധതികൾ (1990
- 1992)
ഇന്ത്യയിൽ
1990 - 92 കാലയളവിൽ 'വാർഷിക പദ്ധതികൾ' നടപ്പിലാക്കി. കേന്ദ്രത്തിലെ രാഷ്ട്രീയ
അനിശ്ചിതത്വം കാരണം 1990 മുതൽ 1992 മാർച്ച് 31 വരെയാണ് പദ്ധതി നടപ്പാക്കിയത്. 1991ൽ പുത്തന്‍ സാമ്പത്തിക നയം നടപ്പിലാക്കുന്നത്
വാർഷിക പദ്ധതിയുടെ കാലത്താണ്. പുത്തന്‍ സാമ്പത്തിക നയം ഇന്ത്യയുടെ സാമ്പത്തിക
നയത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ കൊണ്ടുവന്നു.
എട്ടാം
പഞ്ചവത്സര പദ്ധതി (1992
- 1997)
ഇന്ത്യയിലെ
എട്ടാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് 1992 - 1997
ആയിരുന്നു. മാനവ വികസനം,
വ്യവസായങ്ങളുടെ
ആധുനികവൽക്കരണം എന്നിവയാണ് എട്ടാം പഞ്ചവത്സര പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യങ്ങൾ.
പ്രാഥമിക വിദ്യാഭ്യാസം,
ശുദ്ധജലവിതരണം, കൂടുതൽ തൊഴിലവസരങ്ങൾ, ജനസംഖ്യാ നിയന്ത്രണം എന്നിവയുടെ
വികാസമായിരുന്നു മാനവ വികസന പദ്ധതിയുടെ പ്രധാന ഘടകങ്ങൾ. എട്ടാം പഞ്ചവത്സര പദ്ധതിക്കാലത്താണ്
നാഷണൽ സ്റ്റോക്ക് എക്‌സ്ചേഞ്ച് (1992),
പഞ്ചായത്തീരാജ്
സംവിധാനം (1993 ഏപ്രിൽ 24) എന്നിവ നിലവിൽ വന്നത്. എട്ടാം
പഞ്ചവത്സരപദ്ധതി ലക്ഷ്യം വച്ചത് 5.6% വളർച്ചാ നിരക്കാണ്. എന്നാൽ 6.8% വളർച്ച കൈവരിക്കാൻ സാധിച്ചു.
ഒമ്പതാം
പഞ്ചവത്സര പദ്ധതി (1997
- 2002)
ഇന്ത്യയിലെ
ഒമ്പതാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് 1997 - 2002
ആയിരുന്നു. ദരിദ്രർക്ക് ഭവനനിർമ്മാണ സഹായം, കുട്ടികൾക്ക് പോഷകാഹാരം ലഭ്യമാക്കൽ, പ്രാഥമിക ആരോഗ്യ സൗകര്യം വർധിപ്പിക്കൽ, പ്രൈമറി വിദ്യാഭ്യാസം സാർവത്രികമാക്കൽ, ഗ്രാമങ്ങളെ മുഖ്യധാരയുമായി ബന്ധിപ്പിക്കൽ
തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്ക് പ്രാധാന്യം നൽകിയ പദ്ധതിയാണ് ഒമ്പതാം പഞ്ചവത്സര
പദ്ധതി. ഗ്രാമീണ വികസനവും വികേന്ദ്രീകൃതാസൂത്രണവും പദ്ധതിയുടെ
ഉപലക്ഷ്യങ്ങളായിരുന്നു. ഭീകരവാദം തടയുന്നതിനായി ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ POTA നിലവിൽ വന്നത് ഒമ്പതാം പഞ്ചവത്സര പദ്ധതികാലത്താണ്.
പദ്ധതി ലക്ഷ്യമിട്ടത് 6.5% വളർച്ചാ നിരക്കാണ് എന്നാൽ
നേടിയത് 5.4% വളർച്ചയാണ്.
പത്താം
പഞ്ചവത്സര പദ്ധതി (2002
- 2007)
ഇന്ത്യയിലെ
പത്താം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് 2002 - 2007
ആയിരുന്നു. വിദ്യാഭ്യാസം-തൊഴിൽ വേതനം എന്നിവയിലെ ലിംഗ വിവേചനം കുറയ്ക്കുക, മാതൃ-ശിശു മരണ നിരക്ക് കുറയ്ക്കുക, സാക്ഷരതാ നിലവാരം ഉയർത്തുക, ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക, ജലസ്രോതസ്സുകൾ നവീകരിക്കുക
തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. ഓരോ വർഷത്തിലും 8% ജി.ഡി.പി വളർച്ചാ നിരക്ക് കൈവരിക്കുക, ഉയർന്ന നിലവാരത്തിലുള്ള തൊഴിലവസരങ്ങൾ
സൃഷ്ടിക്കുക എന്നിവയ്ക്കാണ് പദ്ധതി പ്രാമുഖ്യം നൽകിയത്. പത്താം പഞ്ചവത്സര പദ്ധതി
ലക്ഷ്യമിട്ടത് 8% വളർച്ചാ നിരക്കാണ് എന്നാൽ നേടിയത് 7.6% വളർച്ചാ നിരക്കാണ്.
പതിനൊന്നാം
പഞ്ചവത്സര പദ്ധതി (2007
- 2012)
ഇന്ത്യയിലെ
പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് 2007 - 2012 ആയിരുന്നു. എല്ലാവരെയും
ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വളർച്ച ലക്ഷ്യമാക്കി ആരംഭിച്ച പദ്ധതിയാണ് പതിനൊന്നാം
പഞ്ചവത്സര പദ്ധതി. ഭക്ഷ്യവസ്‌തുക്കളുടെ സുസ്ഥിരതയ്ക്കാണ് പദ്ധതി മുൻഗണന നൽകിയത്.
പന്ത്രണ്ടാം
പഞ്ചവത്സര പദ്ധതി (2012
- 2017)
ഇന്ത്യയിലെ
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് 2012 - 2017 ആയിരുന്നു. സുസ്ഥിര വികസനം, ത്വരിതഗതിയിലുള്ള വളർച്ച, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച
എന്നിവ ലക്ഷ്യമാക്കിക്കൊണ്ട് ആരംഭിച്ച പദ്ധതിയാണ് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി.
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കരട് രേഖയിൽ 9 ശതമാനം വളർച്ചാ നിരക്കാണ്
ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 2012 ഡിസംബറിൽ ചേർന്ന ദേശീയ വികസന
സമിതിയുടെ യോഗം 8 ശതമാനമായി കുറച്ചു.
