മലയാളത്തിലെ പ്രധാന സാഹിത്യ പ്രസ്ഥാനങ്ങൾ - Part 1

■ പാട്ടു പ്രസ്ഥാനം

മലയാളത്തിലെ ആദ്യ സാഹിത്യപ്രസ്ഥാനമായി കണക്കാക്കുന്നത് പാട്ടുകളെയാണ്. അങ്ങനെ നോക്കുമ്പോൾ പാട്ടുപ്രസ്ഥാനത്തിലുണ്ടായ ആദ്യകൃതിക്ക് ഭാഷയിൽ പ്രാധാന്യമേറെയുണ്ട്. മലയാള ഭാഷയുടെ ആധുനിക രൂപത്തിനുമുൻപ് നിലവിലുണ്ടായിരുന്ന രണ്ടു സാഹിത്യശാഖകളാണ് പാട്ടുപ്രസ്ഥാനവും മണിപ്രവാളപ്രസ്ഥാനവും. ഇന്നുവരെ കണ്ടുകിട്ടിയതിൽ ഏറ്റവും പ്രാചീനമായ പാട്ടുകൃതി രാമചരിതമാണ്. പാട്ടുഭാഷാ സാഹിത്യത്തിന്റെ എല്ലാ ലക്ഷണങ്ങളും ഉൾക്കൊള്ളുന്ന ഈ കാവ്യത്തെ മലയാളത്തിലെ ആദ്യ സാഹിത്യകൃതിയായും കണക്കാക്കുന്നു. രാമചരിതം രചിച്ചത് ചീരാമകവിയാണെന്ന് ഗ്രന്ഥാവസാനത്തിൽ സൂചനയുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഈ കൃതി രചിച്ചതെന്നും കരുതപ്പെടുന്നു. രാമചരിതത്തിന്റെ കർത്താവ്, രചനാകാലം എന്നിവയെക്കുറിച്ച് വ്യത്യസ്‌താഭിപ്രായങ്ങളാണുള്ളത്. തിരുവിതാംകൂർ ഭരിച്ചിരുന്ന ഒരു ഭരണാധികാരിയാണിതിന്റെ കർത്താവെന്ന് പ്രശസ്‌ത ഭാഷാപണ്ഡിതനായ കോവുണ്ണി നെടുങ്ങാടി അഭിപ്രായപ്പെട്ടിട്ടുണ്ട്. വേണാട് വാണിരുന്ന ശ്രീവീരരാമവർമ മഹാരാജാവാകാം 'ചീരാമൻ' എന്ന് 'സാഹിത്യചരിത്ര'ത്തിൽ ഉള്ളൂർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഇവയൊന്നും അംഗീകരിക്കാത്തവരും, ഉത്തരകേരളത്തിലാണ് ഈ കൃതിരൂപംകൊണ്ടതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. പാട്ടുസാഹിത്യത്തിന്റെ മികച്ച ഉദാഹരണമായ രാമചരിതത്തിൽ 1814 പാട്ടുകളുണ്ട്. മലയാളവും ദ്രാവിഡവും (തമിഴ്) ഇടകലർത്തി, ദ്രാവിഡവൃത്തത്തിലാണ് ഇതിന്റെ രചന. രാമചരിതത്തെ മലയാളത്തിലെ പ്രഥമകൃതിയായി ജർമൻ മിഷനറിയും ഭാഷാപണ്ഡിതനുമായ ഹെർമൻ ഗുണ്ടർട്ട് തന്റെ 'മലയാളം നിഘണ്ടു'വിൽ വിവരിക്കുന്നുണ്ട്.

പാട്ടുസാഹിത്യത്തിൽ രാമചരിതത്തിനുശേഷം ഉണ്ടായ പ്രശസ്ത കൃതികൾ കണ്ണശ്ശന്മാരുടേതാണ്. കണ്ണശ്ശന്മാർ നാല് പേരായിരുന്നു. നിരണം കവികൾ എന്നും ഇവർക്ക് പേരുണ്ട്. തിരുവല്ലാ താലൂക്കിൽ നിരണം എന്ന സ്ഥലത്തെ കണ്ണശ്ശൻ പറമ്പിലായിരുന്നത്രേ കണ്ണശ്ശന്മാരുടെ തറവാട്. കരുണേശൻ എന്ന കവിയുടെ മക്കളായ മാധവപ്പണിക്കരും ശങ്കരപ്പണിക്കരുമാണ് നിരണം കവികളിലെ രണ്ടുപേർ. കരുണേശന്റെ ഇളയ പുത്രിയുടെ മകനാണ് നിരണം കവികളിലെ പ്രധാനിയായ രാമപ്പണിക്കർ. തമിഴിന്റെ സ്വാധീനം കണ്ണശ്ശന്മാരുടെ കൃതികളിൽ കുറവാണ്. മലയാളത്തിൽ ഭക്തിപ്രസ്ഥാനം ആരംഭിക്കുന്നത് ഇവരിലൂടെയാണെന്ന് പറയാം. ഭഗവദ്ഗീതയ്ക്ക് മലയാളത്തിൽ ആദ്യമായുണ്ടായ വിവർത്തനം രചിച്ചത് മാധവപ്പണിക്കരാണ്. ശങ്കരപ്പണിക്കരുടെ പ്രധാന കൃതിയാണ് ഭാരതമാല. നിരണം കവികളിൽ ഏറ്റവും പ്രശസ്തനായ രാമപ്പണിക്കരുടെ പ്രധാന കൃതിയാണ് കണ്ണശ്ശരാമായണം. ശ്രീരാമന്റെ കഥപറഞ്ഞ് ജനങ്ങളെ നന്മയുടെ പാതയിൽ കൊണ്ടുവരികയായിരുന്നു രാമപ്പണിക്കാരുടെ ലക്ഷ്യം.

■ മണിപ്രവാള പ്രസ്ഥാനം 

പന്ത്രണ്ട്, പതിമൂന്ന് നൂറ്റാണ്ടുകളിൽ ശക്തിപ്രാപിച്ച മിശ്രഭാഷയിൽ മികച്ച സാഹിത്യ കൃതികൾ ഉണ്ടാകാൻ തുടങ്ങിയപ്പോൾ മണിപ്രവാള പ്രസ്ഥാനം ആവിർഭവിച്ചു. പദ്യസാഹിത്യം മണിപ്രവാളമായിത്തീർന്നു. പാഠകത്തിനും കൂടിയാട്ടത്തിനും വേണ്ടി എഴുതപ്പെട്ട കൃതികൾ പ്രധാനമാണ്. പ്രാചീന മണിപ്രവാളം, മധ്യകാല മണിപ്രവാളം, ആധുനിക മണിപ്രവാളം എന്നിങ്ങനെ ഈ ഘട്ടത്തെ വിഭജിക്കാം. വൈശികതന്ത്രം, ഉണ്ണിയച്ചീചരിതം, ഉണ്ണിയാടീ ചരിതം, ഉണ്ണിച്ചിരുതേവീ ചരിതം തുടങ്ങിയ കൃതികൾ പ്രാചീന മണിപ്രവാളഘട്ടത്തെ പ്രതിനിധീകരിക്കുന്നു. കോകസന്ദേശം, ഉണ്ണുനീലി സന്ദേശം തുടങ്ങിയ സന്ദേശ കാവ്യങ്ങളാണ് മധ്യകാല മണിപ്രവാളത്തിൽ ഉൾപ്പെടുന്നത്. നൈഷധംചമ്പു, ഭാഷാരാമായണം ചമ്പു തുടങ്ങിയ ചമ്പുക്കളും ചന്ദ്രോത്സവം തുടങ്ങിയ കാവ്യങ്ങളുമാണ് മൂന്നാം ഘട്ട മണിപ്രവാളത്തിലുൾപ്പെടുന്നത്. തോലൻ (അതുലൻ) ആണ് ആദ്യം ശ്രദ്ധയിൽ വരുന്ന മണിപ്രവാള കവി. 'തോഴ'നാണ് തോലനായി മാറിയതെന്നാണ് ഒരു വാദം. ഹാസ്യകൃതികളുടെ പേരിലറിയപ്പെടുന്ന തോലൻ 'മഹോദയപുരേശചരിതം' എന്ന പേരിൽ ഒരു ചരിത്രകാവ്യം രചിച്ചിട്ടുണ്ട്.

■ ചമ്പു പ്രസ്ഥാനം

പാട്ടുസാഹിത്യത്തിനുശേഷം മലയാളഭാഷയെ സ്വാധീനിച്ച സാഹിത്യപ്രസ്ഥാനമാണ് മണിപ്രവാളം. മണിയും (മാണിക്യം) പ്രവാളവും (പവിഴം) ഒരു ചരടിൽ കോർത്തതുപോലുള്ള സാഹിത്യം എന്നാണ് മണിപ്രവാളത്തിന്റെ അർഥം. മാണിക്യം മലയാളത്തെയും പവിഴം സംസ്കൃതത്തെയും സൂചിപ്പിക്കുന്നു. മണിപ്രവാളത്തിന്റെ വരവോടെ, തമിഴും മലയാളവും ഇടകലർന്ന പാട്ടുസാഹിത്യത്തിന്റെ പ്രസക്‌തി നഷ്ട‌മായി. ഗദ്യവും പദ്യവും ചേർന്ന കാവ്യരൂപമാണ് ചമ്പു. സംസ്കൃതഭാഷയിൽ ആവിർഭവിച്ച ഈ പ്രസ്ഥാനം പന്ത്രണ്ടാം നൂറ്റാണ്ടിനുശേഷം മലയാളത്തിലുമെത്തി. മലയാളത്തിലെ ആദ്യത്തെ ചമ്പുകാവ്യമായി കണക്കാക്കുന്നത് 'ഉണ്ണിയച്ചീചരിത'ത്തെയാണ്. പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടതായി കരുതുന്ന ഇതിന്റെ രചയിതാവാരെന്ന് കൃത്യമായി കണ്ടെത്താനായിട്ടില്ല. കാവ്യത്തിന്റെ അവസാനത്തിലുള്ള 'തേവൻ ചിരികുമാരൻ ചൊന്ന ചമ്പു' എന്നൊരു പരാമർശം മാത്രമാണ് രചയിതാവിനെക്കുറിച്ച് സൂചന നൽകുന്നത്. അതിനാൽ 'ദേവൻ ശ്രീകുമാരൻ' എന്നയാളാകാം ഉണ്ണിയച്ചീചരിതം രചിച്ചതെന്ന് ചിലർ അനുമാനിക്കുന്നു. തിരുനെല്ലി ക്ഷേത്രത്തിനടുത്തുള്ള തിരുമരുതൂരിലെ ഉണ്ണിയച്ചിയും സ്വർഗത്തിൽനിന്ന് ഭൂമിയിൽ സഞ്ചാരിയായെത്തിയ ഒരു ഗന്ധർവനുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. മണിപ്രവാളചമ്പു ആയതിനാൽ ഉണ്ണിയച്ചീചരിതത്തിൽ സംസ്കൃതഭാഷയുടെ സ്വാധീനം പ്രകടമാണ്. 1346-നു മുമ്പായിരിക്കണം ഇത് രചിച്ചതെന്ന് മഹാകവി ഉള്ളൂരും, 1275-നു തൊട്ടുമുമ്പാകാം ഇതിന്റെ രചനാകാലമെന്ന് പ്രമുഖ ചരിത്രകാരനായ ഇളംകുളം കുഞ്ഞൻപിള്ളയും അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രാചീന മണിപ്രവാളകൃതികളിൽ ഏറെ പ്രശസ്‌തമായ മൂന്നെണ്ണം ചമ്പുക്കളാണ്. 'ഉണ്ണിയച്ചീചരിതം, ഉണ്ണിയാടീചരിതം, ഉണ്ണിച്ചിരുതേവീചരിതം' എന്നിവയാണവ. ആദ്യകാല ചമ്പുക്കൾ പൊതുവേ സ്ത്രീസൗന്ദര്യത്തെ പ്രശംസിക്കുന്ന രീതിയിൽ എഴുതപ്പെട്ടവയായിരുന്നു. പതിമൂന്നാം നൂറ്റാണ്ടു മുതൽ പതിനാറാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടം മലയാളചമ്പുക്കളുടെ ശുക്രദശയായി കണക്കാക്കപ്പെടുന്നു. പതിനാറാം നൂറ്റാണ്ടിലുണ്ടായ ചമ്പുക്കളാണ് മലയാളചമ്പുക്കളുടെ രണ്ടാംഘട്ടം എന്നു പറയാം. പ്രധാനമായും പുരാണകഥകളെ അവലംബിച്ചു രചിച്ച മധ്യകാല ചമ്പുക്കളിലെ സുപ്രധാനകൃതിയായി 'രാമായണം ചമ്പു'വിനെ കണക്കാക്കാം. രാമാവതാരം, രാവണവധം എന്നിങ്ങനെ 20 ഭാഗങ്ങളുള്ള ഇതു രചിച്ചത് പുനം നമ്പൂതിരിയാണ്.

ഗാഥ പ്രസ്ഥാനം

'ബൃഹത്' എന്നാൽ വലുത് എന്നാണ് അർഥം. ശുദ്ധമലയാളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ ബൃഹത്കാവ്യമായി കണക്കാക്കുന്നത് ചെറുശ്ശേരി രചിച്ച 'കൃഷ്ണഗാഥ'യെയാണ്. ശ്രീകൃഷ്‌ണചരിതത്തെ ആസ്പദമാക്കി മലയാളത്തിലുണ്ടായ ആദ്യ കാവ്യവും ഇതുതന്നെ. തമിഴിന്റെയും സംസ്കൃതത്തിന്റെയും സ്വാധീനത്തിൽനിന്ന് പൂർണമായും മോചിതമായ രചനയായിരുന്നു ചെറുശ്ശേരിയുടേത്. മലയാളഭാഷയുടെ ശക്തിയും സൗന്ദര്യവും ലാളിത്യവും കാണാനാവുന്ന ആദ്യ കൃതിയായും കൃഷ്ണ‌ഗാഥയെ കണക്കാക്കാം. 'ഗാഥ' എന്നാൽ പാട്ട് എന്നാണർത്ഥം. അതിനാൽ കൃഷ്‌ണഗാഥയെ 'കൃഷ്ണപ്പാട്ടെ'ന്നും പറയുന്നു. 'ചെറുശ്ശേരിഗാഥ' എന്നും ഇത് അറിയപ്പെടുന്നു. പുരാതനകാലത്ത് യാഗങ്ങൾ പോലുള്ള വൈദിക കർമങ്ങൾക്ക് ഉപയോഗിച്ചിരുന്ന ഗാനങ്ങളെയാണ് ഗാഥ എന്നു വിളിച്ചിരുന്നത്. ശ്രീകൃഷ്‌ണന്റെ അവതാരം മുതൽ സ്വർഗാരോഹണം വരെയുള്ള കഥകളാണ് കൃഷ്ണഗാഥയിലുള്ളത്. ഇതിന് ഭാഗവതത്തിന്റെ ദശമസ്കന്ധത്തിലെ ശ്രീകൃഷ്ണചരിതത്തെയാണ് കവി അടിസ്ഥാനമാക്കിയത്. ആകെ 47 അധ്യായങ്ങളും 2400-ഓളം ഈരടികളുമുള്ള കൃഷ്ണഗാഥയിൽ ലളിതമായ സംസ്കൃത പദങ്ങളും ഉൽപ്രേക്ഷ, ഉപമ, രൂപകം എന്നീ അലങ്കാരങ്ങളും ഉപയോഗിച്ചിരിക്കുന്നു. മഞ്ജരി വൃത്തത്തിലാണ് കൃഷ്ണഗാഥ ഒരുക്കിയിരിക്കുന്നത്.

■ കിളിപ്പാട്ട് പ്രസ്ഥാനം

"ശാരികപ്പൈതലേ ചാരുശീലേ, വരികാരോമലേ' എന്ന് ഏറെ വാൽസല്യത്തോടെ കിളിയെ വിളിച്ചുകൊണ്ട് കാവ്യരചന തുടങ്ങിയ കവി! മലയാളഭാഷയുടെ പിതാവായി വാഴ്ത്തപ്പെടുന്ന തുഞ്ചത്ത് രാമാനുജൻ എഴുത്തച്‌ഛനാണ് ആ മഹാകവി കിളിയെക്കൊണ്ട് കഥ പറയിപ്പിക്കുന്ന പുത്തൻ കവിതാരീതി മലയാളത്തിൽ കൊണ്ടുവന്നതിലൂടെ അദ്ദേഹം കിളിപ്പാട്ടു പ്രസ്‌ഥാനത്തിന്റെ ഉപജ്ഞാതാവു കൂടിയായി. അധ്യാത്മരാമായണം കിളിപ്പാട്ടും മഹാഭാരതം കിളിപ്പാട്ടുമാണ് എഴുത്തച്ഛന്റെ പ്രധാന കൃതികൾ. വാല്മീകിയുടെ രാമായണകഥ മലയാളികൾക്ക് സുപരിചിതമായത് എഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ടിലൂടെയാണ്. എഴുത്തച്‌ഛനു മുൻപുതന്നെ കിളിപ്പാട്ടിനു സമാനമായ ചില കൃതികൾ മലയാളത്തിലുണ്ടായിരുന്നതായി കരുതുന്നു. എന്നാൽ, കിളിപ്പാട്ടു പ്രസ്‌ഥാനം എന്നൊരു സ്വതന്ത്രസമ്പ്രദായം മലയാളത്തിൽ കൊണ്ടുവന്നത് അദ്ദേഹമാണ്. ഭക്തിക്ക് പ്രാധാന്യം നൽകി രചിച്ച അധ്യാത്മരാമായണം കിളിപ്പാട്ടിന്റെ തുടക്കത്തിൽ 'ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ, ശ്രീരാമചരിതം നീ ചൊല്ലീടുമടിയാതെ' എന്നാണ് എഴുത്തച്ഛഛൻ കിളിയോടു പറയുന്നത്.

പതിനഞ്ചാം നൂറ്റാണ്ടിൽ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ലിപിസമ്പ്രദായമായിരുന്നു വട്ടെഴുത്ത്. അതിൽ നിന്ന് രൂപപ്പെട്ട മറ്റൊരു ലിപിരീതിയാണ് കോലെഴുത്ത്. താളിയോലയിൽ നാരായം അഥവാ കോലുകൊണ്ട് എഴുതിയതിനാലാണ് കോലെഴുത്ത് എന്ന പേരുവന്നത്. പതിനാറാം നൂറ്റാണ്ടിൽ എഴുത്തച്ഛന്റെ ശ്രമഫലമായാണ് ആ പഴയ ലിപികളെല്ലാം പരിഷ്കരിച്ച് ഇന്നു പ്രചാരത്തിലുള്ള മലയാള അക്ഷരങ്ങൾക്ക് രൂപം നൽകുന്നത്. മലയാളഭാഷയെ തമിഴിന്റെ സ്വാധീനവലയത്തിൽനിന്ന് മോചിപ്പിച്ച് സാധാരണക്കാർക്കുപോലും മനസ്സിലാകുന്ന രീതിയിൽ പരിഷ്കരിച്ചതിനാലാണ് അദ്ദേഹം ആധുനിക മലയാള ഭാഷയുടെ പിതാവായി അറിയപ്പെടുന്നത്. മലയാളഭാഷയ്ക്ക് എഴുത്തച‌ഛൻ സമൃദ്ധമായ പദസമ്പത്ത് പ്രദാനം ചെയ്തിട്ടുമുണ്ട്. ഭാഷയിലെ സവിശേഷമായ ഒരു കാവ്യപ്രസ്‌ഥാനമായി കിളിപ്പാട്ടിനെ കണക്കാക്കുന്നു. കവി തന്റെ സൃഷ്‌ടി നേരിട്ട് അവതരിപ്പിക്കാതെ കിളിയെക്കൊണ്ട് പറയിക്കുന്നത് സരസ്വതീ ദേവിയുടെ കൈകളിലെ കിളിയെ അനുസ്മ‌രിച്ചാണെന്നും മറ്റുമുള്ള വ്യത്യസ്‌ത അഭിപ്രായങ്ങൾ പണ്ഡിതർക്കിടയിലുണ്ട്.

■ തുള്ളൽ പ്രസ്ഥാനം

ഏറ്റവും ജനകീയമായ കലാരൂപങ്ങളിൽ ഒന്നായി പേരെടുത്ത സാഹിത്യശാഖയാണ് തുള്ളൽ. ഹാസ്യ രൂപത്തിൽ സാമൂഹ്യവിമർശനം നടത്തുന്ന ഈ കലാരൂപത്തിന്റെ ഉപജ്‌ഞാതാവാണ് പ്രാചീന കവിത്രയത്തിൽപെട്ട കുഞ്ചൻ നമ്പ്യാർ. നമ്പ്യാരുടെ 'കല്ല്യാണസൗഗന്ധികം' എന്ന കൃതിയാണ് തുള്ളൽ കൃതികളിൽ ആദ്യത്തേതായി കണക്കാക്കുന്നത്. ഓട്ടൻ തുള്ളൽ, ശീതങ്കൻ തുള്ളൽ, പറയൻ തുള്ളൽ എന്നിങ്ങനെ മൂന്നു തരം തുള്ളലുകൾ ഉണ്ട്. കല്ല്യാണ സൗഗന്ധികം ശീതങ്കൻ തുള്ളൽ വിഭാഗത്തിൽ പെടുന്നു. 1705 മേയ് അഞ്ചിന് പാലക്കാട് ജില്ലയിലെ കിള്ളിക്കുറിശ്ശിമംഗലത്തുള്ള കലക്കത്ത് ഭവനത്തിലാണ് കുഞ്ചൻ നമ്പ്യാരുടെ ജനനം. ഇദ്ദേഹത്തിന്റെ പിതാവ് ചെമ്പകശ്ശേരിരാജാവിന്റെ ദാസനായിരുന്നു. അങ്ങനെയാണ് നമ്പ്യാർ അമ്പലപ്പുഴയിലെത്തിയത്. പലരിൽ നിന്നായി വിവിധ കലകൾ അഭ്യസിച്ച നമ്പ്യാർ തർക്കം, വ്യാകരണം, ജ്യോതിഷം, പാഠകം മുതലായവയിലെല്ലാം മികച്ചുനിന്നു. പിന്നീട് തുള്ളൽ എന്ന കലാരൂപത്തിന് സ്വന്തമായി രൂപം നൽകി. 64 തുള്ളലുകൾ നമ്പ്യാർ ഉണ്ടാക്കി എന്ന് പറയുന്നുണ്ട്. എന്നാൽ പല പണ്ഡിതരും ഇത് അംഗീകരിക്കുന്നില്ല. സ്യമന്തകം, ഘോഷയാത്ര, കിരാതം, നളചരിതം, പാത്രചരിതം എന്നിങ്ങനെ 21 ഓട്ടൻ തുള്ളലുകളും ഗണപതി പ്രാതൽ, ധ്രുവചരിതം എന്നിവയടക്കം 11 ശീതങ്കൻ തുള്ളലുകളും പാഞ്ചാലീ സ്വയംവരം, സഭാപ്രവേശം, എന്നിവയുൾപ്പെടെ ഒൻപത് പറയൻ തുള്ളലുകളുമാണ് കുഞ്ചൻ നമ്പ്യാർ രചിച്ചതെന്നാണ് പൊതുവേ പറയുന്നത്. പുരാണകഥാപാത്രങ്ങളാണ് തുള്ളൽ കൃതികളിൽ കൂടുതലും ഉള്ളത്.

■ ആട്ടക്കഥ പ്രസ്ഥാനം

കേരളത്തിന്റെ തനതു കലാരൂപങ്ങളിൽ പ്രൗഢി കൊണ്ടും പാരമ്പര്യം കൊണ്ടും തലയെടുപ്പേറെയുണ്ട് കഥകളിക്ക്. കഥകളി എന്ന ദൃശ്യകലയ്ക്കായി പിറവിയെടുത്ത സാഹിത്യരൂപമാണ് ആട്ടക്കഥ. അതിനാൽ ആട്ടക്കഥകൾക്ക് മലയാളസാഹിത്യചരിത്രത്തിൽ സുപ്രധാന സ്ഥാനമുണ്ട്. പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കൊട്ടാരക്കരത്തമ്പുരാൻ ആട്ടക്കഥയുടെ ഉപജ്ഞാതാവായി കരുതപ്പെടുന്നു. കൊട്ടാരക്കര രാജകുടുംബത്തിലെ വീരകേരളവർമയാണ് കൊട്ടാരക്കരത്തമ്പുരാൻ എന്ന പേരിൽ പ്രസിദ്ധനായത്. ഇദ്ദേഹം ആവിഷ്‌കരിച്ച രാമനാട്ടം പിൽക്കാലത്ത് കഥകളിയായി വികസിച്ചു. ജയദേവന്റെ 'ഗീതഗോവിന്ദ'വും മാനവേദ സാമൂതിരിയുടെ 'കൃഷ്ണഗീതി'യുമാണ് (കൃഷ്ണനാട്ടം) ആട്ടക്കഥയുടെ രൂപസംവിധാനത്തിനു മാതൃകയായി കരുതുന്നത്. സാഹിത്യം, സംഗീതം, അഭിനയം എന്നിവയ്ക്കെല്ലാം പ്രാധാന്യമുള്ളവയാണ് ആട്ടക്കഥകൾ. രാമായണകഥയെ എട്ടു ദിവസത്തെ ആട്ടത്തിനുവേണ്ടി രംഗത്ത് അവതരിപ്പിക്കാൻ പാകത്തിൽ എട്ടുഖണ്ഡങ്ങളായി തിരിച്ച് കൊട്ടാരക്കരത്തമ്പുരാൻ ചിട്ടപ്പെടുത്തിയതാണ് രാമനാട്ടം. ഈ എട്ടു ഖണ്ഡങ്ങളെയും ചേർത്ത് രാമായണം ആട്ടക്കഥ എന്നും പറയാറുണ്ട്. രാമനാട്ടത്തിനാധാരമായ എട്ടു കഥകളിൽ 'രാമനാട്ടകഥ' നിന്നാണ് മലയാളത്തിൽ ആട്ടക്കഥാസാഹിത്യത്തിന്റെ ആരംഭം. ഇവയിൽ സീതാസ്വയംവരം, ബാലിവധം, തോരണയുദ്ധം എന്നിവ ഇപ്പോഴും കഥകളിയരങ്ങത്ത് ആടാറുണ്ട്. കോട്ടയത്തു തമ്പുരാന്റെ 'ബകവധം, കല്യാണസൗഗന്ധികം, കിർമീരവധം, കാലകേയവധം' ആട്ടക്കഥകൾ, ഉണ്ണായിവാര്യരുടെ 'നളചരിതം', ഇരയിമ്മൻ തമ്പിയുടെ 'കീചകവധം ഉത്തരാസ്വയംവരം' തുടങ്ങിയവ അതിപ്രശസ്‌തങ്ങളായ ആട്ടക്കഥകളാണ്.

■ ഭാഷാശാസ്ത്രഗ്രന്ഥം 

കൃത്യമായ നിയമങ്ങളോ വ്യവസ്കളോ ഒന്നുമില്ലാതെ ചിതറിക്കിടന്നിരുന്ന മലയാള ഭാഷയെ അടുക്കും ചിട്ടയോടുംകൂടി ക്രമീകരിക്കാൻ സഹായിച്ച ആദ്യത്തെ അലങ്കാരശാസ്ത്ര ഗ്രന്ഥമാണ് 'ലീലാതിലകം'. രചിച്ചത് ആരാണെന്ന് കൃത്യമായി അറിയാത്ത ഈ കൃതി പതിനാലോ പതിനഞ്ചോ നൂറ്റാണ്ടുകളിലാണ് എഴുതപ്പെട്ടതെന്ന് കരുതുന്നു. വിഷയങ്ങളെ എട്ടു ശിൽപങ്ങളായി ക്രമീകരിച്ചിട്ടുള്ള ലീലാതിലകം സംസ്കൃതത്തിലാണ് രചിച്ചിരിക്കുന്നത്. എന്നാൽ, ഉദാഹരണങ്ങൾ മണിപ്രവാളശ്ലോകങ്ങളാണ്; ചിലവ പാട്ടുകളും. സാഹിത്യത്തെ സംബന്ധിച്ച പല കാര്യങ്ങളും ഈ ഗ്രന്ഥത്തിൽ വ്യക്തമായി പറയുന്നു. ശ്ലേഷം, മാധുര്യം, പ്രസാദം, സമത എന്നീ നാല് കാവ്യഗുണങ്ങളെക്കുറിച്ച് വിശദമായി വിശദീകരിക്കുന്നുണ്ട്. ലീലാതിലകം സംസ്കൃതത്തിൽ നിന്ന് ആദ്യമായി പരിഭാഷപ്പെടുത്തിയത് അപ്പൻ തമ്പുരാനാണ്. ഒന്നാം ശിൽപം പരിഭാഷപ്പെടുത്തിയ അദ്ദേഹം അത് 'മംഗളോദയം' മാസികയിൽ പ്രസിദ്ധീകരിച്ചു. എന്നാൽ, ആറ്റൂർ കൃഷ്ണപ്പിഷാരടിയാണ് ഇത് പൂർണമായും പരിഭാഷപ്പെടുത്തിയത്. 1917-ലായിരുന്നു ഇത്. പിന്നീട് കെ. വാസുദേവൻ മൂസത്, ശൂരനാട് കുഞ്ഞൻപിള്ള, ഇളംകുളം കുഞ്ഞൻപിള്ള തുടങ്ങിയ ഭാഷാപണ്ഡിതരും ലീലാതിലകത്തിന്റെ വ്യാഖ്യാനങ്ങളും പരിഭാഷകളും നടത്തി. ലീലാതിലകത്തിന്റെ രചയിതാവിനെച്ചൊല്ലി പലവിധ അഭിപ്രായങ്ങളും നിലനിൽക്കുന്നുണ്ട്. തിരുവല്ല മാമ്പുഴ ഭട്ടതിരി, കൊല്ലം രാജവംശവുമായി ബന്ധപ്പെട്ട ഒരാൾ എന്നിങ്ങനെ പല പേരുകളും ഗ്രന്ഥകാരനെക്കുറിച്ച് പലരും പറയുന്നുണ്ട്. ആരാണെങ്കിലും തർക്കം, വൃത്തം, അലങ്കാരം, വ്യാകരണം എന്നിവയിൽ അഗാധപാണ്ഡിത്യമുള്ളയാളാണ് ഇത് എഴുതിയതെന്ന് ഉറപ്പാണ്. ഒപ്പം തമിഴ്, കന്നഡ, സംസ്കൃതം, പ്രാകൃത ഭാഷകൾ എന്നിവയിലും ഏറെ അറിവുള്ള ആളായിരുന്നു എന്ന് വ്യക്തം. ലീലാതിലകത്തിനുശേഷം ഒരു ഭാഷാശാസ്ത്രഗ്രന്ഥം മലയാളത്തിന് ലഭിക്കാൻ ഏറെക്കാലത്തെ കാത്തിരിപ്പ് വേണ്ടിവന്നു. 1863-ൽ പുറത്തുവന്ന ജോർജ് മാത്തന്റെ "മലയാഴ്മയുടെ വ്യാകരണം' എന്ന കൃതിയാണിത്. ഒരു മലയാളി എഴുതിയ ആദ്യത്തെ ഭാഷാശാസ്ത്രഗ്രന്ഥം എന്ന നിലയിൽ ഇതിനെ വിലയിരുത്താറുണ്ട്. 1851-ൽ തന്നെ ജോർജ് മാത്തൻ ഈ കൃതി തയാറാക്കിയിരുന്നു. പക്ഷേ, പ്രസിദ്ധീകരിക്കാൻ വൈകി. ഒടുവിൽ 12 വർഷത്തിനുശേഷം ഇത് പുറത്തുവന്നു. ഭാഷാശാസ്ത്രത്തിലെ ആദ്യകാല സംഭാവനകളിലൊന്നാണ് 1922-ൽ എടമരത്ത് സെബാസ്‌റ്റ്യൻ എഴുതിയ 'ഭാഷാശാസ്ത്രം'. ചിലർ ഇതിനെ ഈ വിഭാഗത്തിലെ ആദ്യകൃതിയായി വിശേഷിപ്പിക്കുന്നു. ഡോ.കെ സുകുമാര പിള്ളയുടെ 'കൈരളീ ശബ്ദദാനുശാസനം' മലയാളത്തിലെ വലിയ ഭാഷാശാസ്ത്ര ഗ്രന്ഥങ്ങളിലൊന്നാണ്.

■ സന്ദേശകാവ്യം

മഹാനായ കാളിദാസനാണ് സന്ദേശകാവ്യമെന്ന സാഹിത്യശാഖയ്ക്ക് തുടക്കം കുറിച്ചതെന്നു പറയാം. സംസ്കൃത കവിയായ അദ്ദേഹത്തിന്റെ 'മേഘദൂത'മാണ് ആദ്യത്തെ സന്ദേശകാവ്യമായി കണക്കാക്കുന്നത്. പതിനാലാം നൂറ്റാണ്ടിൽ ലക്ഷ്മീദാസൻ രചിച്ച 'ശുകസന്ദേശ'വും ഈ രംഗത്തെ ആദ്യ കൃതികളിൽ ഒന്നാണ്. എന്നാൽ, മലയാളത്തിലുണ്ടായ ആദ്യത്തെ സന്ദേശകാവ്യമാണ് 'ഉണ്ണുനീലീസന്ദേശം'. ഇത് ആരാണ് രചിച്ചതെന്ന് വ്യക്ത‌മല്ല. ഇത് എഴുതിയ ആളും കഥാനായകനും ഒരാൾ തന്നെയാണെന്നും അഭിപ്രായമുണ്ട്. പതിനാലാം നൂറ്റാണ്ടിനു ശേഷം മയൂരദൂതം, കോകിലസന്ദേശം എന്നിങ്ങനെ പല സന്ദേശകാവ്യങ്ങളും കേരളത്തിൽ സംസ്കൃതഭാഷയിലുണ്ടായി. എന്നാൽ, മലയാള ഭാഷയിൽ സന്ദേശകാവ്യം എന്ന ശാഖയ്ക്ക് വളർച്ച ഉണ്ടായില്ല. മണിപ്രവാളകൃതികളിൽ പ്രമുഖ സ്ഥാനമുള്ള കൃതിയാണ് ഉണ്ണുനീലീസന്ദേശം. 1906-ൽ 'രസികരഞ്ജിനി' മാസികയിലാണ് ഇത് ആദ്യമായി അച്ചടിച്ചുവന്നത്. എ.ഡി 1350-നും 1365-നും ഇടയിലാണ് ഉണ്ണുനീലീസന്ദേശം രചിക്കപ്പെട്ടതെന്ന് ഇളംകുളം കുഞ്ഞൻപിള്ള അഭിപ്രായപ്പെടുന്നു. എ.ഡി 1374-ലാകാം ഉണ്ണുനീലിസന്ദേശത്തിന്റെ രചനാകാലം എന്നാണ് മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ പറയുന്നത്. നായകനും നായികയും സന്ദേശവാഹകനുമാണ് പ്രധാനമായും സന്ദേശകാവ്യങ്ങളിലുള്ളത്. കടയ്ക്കൽ മുണ്ടയ്ക്കൽ വീട്ടിലെ ഉണ്ണിനീലിക്ക് അവരുടെ ഭർത്താവ് തിരുവനന്തപുരത്തുനിന്ന് അയയ്ക്കുന്ന സന്ദേശമായാണ് ഉണ്ണുനീലീസന്ദേശം അവതരിപ്പിച്ചിരിക്കുന്നത്. മേഘസന്ദേശം, ശുകസന്ദേശം എന്നിവയുടെ സ്വാധീനം ഉണ്ണുനീലിസന്ദേശത്തിലുണ്ട്. പ്രകൃതിവർണനകളും മറ്റ് സുന്ദര വിവരണങ്ങളും സന്ദേശകാവ്യങ്ങളുടെ പ്രത്യേകതകളാണ്. ഉണ്ണുനീലീസന്ദേശത്തിലും ഇത് വ്യക്തമായി കാണാം. തിരുവനന്തപുരം മുതൽ കടുത്തുരുത്തി വരെയുള്ള ഭൂപ്രദേശങ്ങളുടെ അതിസുന്ദരമായ വർണനകൾ ഇതിലുണ്ട്.

■ വഞ്ചിപ്പാട്ട് പ്രസ്ഥാനം

വഞ്ചിപ്പാട്ട് എന്നു കേട്ടാൽ രാമപുരത്തു വാര്യരുടെ പേരാണ് ഓർമയിലെത്തുക. അദ്ദേഹം രചിച്ച 'കുചേലവൃത്തം വഞ്ചിപ്പാട്ട്' അത്രയേറെ പ്രശസ്‌തമാണ്. മലയാളത്തിലെ ആദ്യ വഞ്ചിപ്പാട്ടും ഇതുതന്നെ. വഞ്ചിപ്പാട്ടിന് ഇന്നുള്ള പ്രശസ്തിക്ക് കാരണം അദ്ദേഹത്തിന്റെ ഈ കൃതിയാണ്. കൊല്ലവർഷം 878-928 (1703-1763) കാലഘട്ടത്തിലാണ് രാമപുരത്തു വാര്യർ ജീവിച്ചിരുന്നത് എന്ന് ഉള്ളൂർ രേഖപ്പെടുത്തിയിട്ടുണ്ട്. പുരാണകഥ ഇതിവൃത്തമാക്കി ഭക്തിരസത്തിന് പ്രാധാന്യം നൽകിയാണ് വാര്യർ സ്യഷ്ടി നടത്തിയത്. പുരാണത്തിലെ കുചേലന്റെ കഥയായതുകൊണ്ട് ഈ വഞ്ചിപ്പാട്ടിന് കുചേലവൃത്തം എന്നു പേരുവന്നു. ദരിദ്രനായ കുചേലന്റെയും സുഹൃത്തായ ശ്രീകൃഷ്‌ണന്റെയും കഥ പറയുന്ന ഈ കൃതിയിൽ ശ്രീകൃഷ്ണ‌ൻ കുചേലനോട് കാണിക്കുന്ന സ്നേഹവും സൗഹൃദവുമെല്ലാം ഭംഗിയായി വിവരിച്ചിട്ടുണ്ട്. 'നതോന്നത' എന്ന വൃത്തത്തിലാണ് രാമപുരത്തു വാര്യർ ഈ കൃതി രചിച്ചത്. ഈ കൃതിയ്ക്കു ശേഷം ഈ വൃത്തത്തെ വഞ്ചിപ്പാട്ട് വൃത്തം എന്നു പോലും വിശേഷിപ്പിക്കാറുണ്ട്. വള്ളംകളിയുടെ താളത്തിൽ രൂപ്പെടുത്തിയതിനാൽ വഞ്ചിപ്പാട്ടിനെ 'വള്ളപ്പാട്ടെ'ന്നും പറയുന്നു. പുരാണകഥയെ നമ്മുടെ ജീവിതാവസ്‌ഥകളോട് ചേർത്തുവായിക്കാൻ തക്കവണ്ണം അവതരിപ്പിക്കാൻ കഴിഞ്ഞതാണ് ഈ കൃതിയുടെ മഹത്വം. പുരാണമാണെങ്കിലും മനുഷ്യന്റെ ദാരിദ്ര്യത്തെ മനസ്സിൽത്തട്ടുന്ന രീതിയിൽ അദ്ദേഹം ഈ കൃതിയിൽ വിവരിച്ചിരിക്കുന്നു. പ്രഥമ വഞ്ചിപ്പാട്ട് കൃതിയാണെങ്കിലും ഇത് വേറിട്ടു നിൽക്കുന്നത് ഈ പ്രത്യേകതകൾ കൊണ്ടാണ്. ഗീതാഗോവിന്ദത്തിന്റെ തർജ്ജമയായ 'ഭാഷാഷ്ടപദി'യാണ് രാമപുരത്തു വാര്യരുടെ മറ്റൊരു കൃതി. വ്യാസോൽപ്പത്തി, നളചരിതം, കിരാതം എന്നിങ്ങനെ വേറെയും വഞ്ചിപ്പാട്ടുകൾ ഉണ്ടെങ്കിലും കുചേവലവൃത്തത്തോളം മികച്ചൊരു വഞ്ചിപ്പാട്ട് പിന്നീട് മലയാളത്തിൽ ഉണ്ടായിട്ടില്ല.

■ പച്ചമലയാള പ്രസ്ഥാനം

സംസ്കൃത ഭാഷയുടെ സ്വാധീനത്തിൽനിന്ന് മലയാള ഭാഷയെ രക്ഷിക്കണം എന്നുറച്ച് ആരംഭിച്ച സമ്പ്രദായമാണ് 'പച്ചമലയാളം'. തനി മലയാള ഭാഷ മാത്രം ഉപയോഗിച്ച് കവിതയെഴുതുക എന്നതായിരുന്നു ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. സംസ്കൃതവും മലയാളവും ചേർന്ന മണിപ്രവാളം ശക്ത‌മായി നിലനിന്ന കാലത്താണ് പച്ചമലയാളമെന്ന ആശയം കടന്നുവന്നത്. പച്ചമലയാളത്തിൽ ആദ്യമായി രചന നടത്തിയ ആളാണ് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ. 'നല്ല ഭാഷ' എന്നായിരുന്നു ഇതിന്റെ പേര്. 1891-ൽ 'വിദ്യാവിനോദിനി' എന്ന പ്രസിദ്ധീകരണത്തിൽ നല്ലഭാഷ അച്ചടിച്ചുവന്നു. സാമൂതിരിയുടെയും കൊച്ചി രാജാവിന്റെയും സമർത്ഥമായ ഇടപെടലിലൂടെ മോഷണം കണ്ടെത്താനുള്ള ശ്രമങ്ങളാണ് 51 ശ്ലോകങ്ങളുള്ള നല്ല ഭാഷയുടെ ഉള്ളടക്കം. 21 ശ്ലോകങ്ങളടങ്ങിയ 'ഒടി' എന്നൊരു കൃതിയും പിന്നീട് തമ്പുരാൻ പച്ചമലയാളത്തിൽ രചിച്ചു. പണ്ടുകാലത്ത് നാട്ടിൻ പുറങ്ങളിൽ നിലനിന്നിരുന്ന 'ഒടിവിദ്യ' ആയിരുന്നു ഒടിയുടെ പ്രമേയം. തമ്പുരാനു ശേഷം കുണ്ടൂർ നാരായണ മേനോൻ 'നാല് ഭാഷാകാവ്യങ്ങൾ' എന്ന പേരിൽ ഒരു പച്ചമലയാള കാവ്യസമാഹാരം രചിച്ചു. പച്ചമലയാളത്തിന്റെ വളർച്ചയ്ക്ക് ശ്രമിച്ച പ്രമുഖരെല്ലാം സംസ്കൃത പണ്ഡിതരായിരുന്നു. ശ്രീനാരായണഗുരു രചിച്ച പച്ചമലയാളം കൃതികളാണ് 'ജാതിലക്ഷണം', 'അറിവ്' എന്നിവ. 'തങ്കമ്മ' (രണ്ടാംഭാഗം), 'ഒരു നേർച്ച' എന്നിവ ഉള്ളൂരെഴുതിയ പച്ചമലയാളം കൃതികളാണ്. തങ്കമ്മ (ഒന്നാംഭാഗം) പന്തളം കേരളവർമയാണ് രചിച്ചത്. പച്ചമലയാള കൃതികൾ മിക്കതും ഫലിതത്തിന് പ്രാധാന്യമുള്ളവയായിരുന്നു. എന്തൊക്കെയാണെങ്കിലും പച്ചമലയാള പ്രസ്ഥാനത്തിന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. സവിശേഷമായ അന്യഭാഷാ പദങ്ങൾക്ക് പകരം വയ്ക്കാൻ പറ്റിയ പദങ്ങൾ മലയാളത്തിൽ ഉണ്ടാക്കുക എളുപ്പമായിരുന്നില്ല. മാത്രമല്ല, കാവ്യത്തിലെ ഭാഷാരീതികൾ വേണ്ടത്ര പാലിക്കാനും പച്ചമലയാളത്തിന് കഴിഞ്ഞില്ല. പച്ചമലയാളത്തെ 'ഉണക്കമലയാള'മെന്ന് ചില പണ്ഡിതന്മാർ ആക്ഷേപിക്കുകയും ചെയ്തു‌.

■ മഹാകാവ്യം പ്രസ്ഥാനം

മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ 'മഹാകാവ്യ'മായി കണക്കാക്കുന്ന കൃതിയാണ് 'രാമചന്ദ്രവിലാസം'. രാമായണകഥ വിവരിക്കുന്ന ഈ കാവ്യത്തിന്റെ രചയിതാവിന്റെ പേര് അഴകത്ത് പത്മനാഭക്കുറുപ്പ്. കൊല്ലത്തുനിന്ന് ഇറങ്ങിയിരുന്ന 'മലയാളി' മാസികയിൽ 1899-ലാണ് ഈ കാവ്യം പ്രസിദ്ധീകരിച്ചുതുടങ്ങിയത്. അതുവരെ സംസ്കൃത ഭാഷയിൽ മാത്രമേമഹാകാവ്യങ്ങൾ ഇറങ്ങിയിരുന്നുള്ളൂ. ശ്രേഷ്ഠമായൊരു ജീവിതമോ മഹത്തായൊരു വംശത്തിന്റെ ചരിത്രമോ ആയിരിക്കും മഹാകാവ്യത്തിന്റെ ഉള്ളടക്കം. ചുരുങ്ങിയത് ഏഴു സർഗ്ഗങ്ങളും വൃത്തം, അലങ്കാരം തുടങ്ങിയ ഭാഷാഗുണങ്ങളും അതിനുണ്ടായിരിക്കണം. ഇത്തരം ഗുണങ്ങളെല്ലാം ഒത്തിണങ്ങിയതിനാലാണ് രാമചന്ദ്രവിലാസത്തെ മലയാളത്തിലെ ആദ്യത്തെ മഹാകാവ്യമായി കണക്കാക്കുന്നത്. രാമാവതാരം മുതൽ പട്ടാഭിഷേകം വരെ 21 സർഗ്ഗങ്ങളും 1833 (1832 എന്നും കാണുന്നു) ശ്ലോകങ്ങളും ഉൾപ്പെടുന്നതാണ് ഈ മഹാകാവ്യം 1907-ൽ ഇത് പുസ്‌തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. 'മലയാളി'യിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കേ തന്റെ സൃഷ്‌ടിയുടെ സ്വീകാര്യതയെക്കുറിച്ച് സംശയമുണ്ടായിരുന്നതിനാൽ പത്മനാഭക്കുറുപ്പ് അതിൽ പേരുവച്ചിരുന്നില്ല. പിന്നീട് സാക്ഷാൽ കേരളവർമ വലിയ കോയിത്തമ്പുരാനാണ് പേരുവയ്ക്കാൻ അദ്ദേഹത്തിനു ധൈര്യം നൽകിയത്. പുസ്തകമാക്കിയപ്പോൾ അതിന് അവതാരിക എഴുതിയതാകട്ടെ, എ.ആർ രാജരാജവർമയും. ശബ്ദാലങ്കാരം, അർത്ഥാലങ്കാരം എന്നിവയും പ്രാസവുമെല്ലാം ഒപ്പിച്ചെഴുതിയ സൃഷ്ടിയാണ് രാമചന്ദ്രവിലാസം. ഇതിന്റെ രചനയ്ക്ക് രാമായണചമ്പു, വാല്മീകിരാമായണം, അധ്യാത്മരാമായണം, ഹനുവന്നാടകം, രഘുവംശം, നൈഷധം, ഭാരതചമ്പു, ആഗ്നേയപുരാണം തുടങ്ങിയ കൃതികൾ പത്മനാഭക്കുറുപ്പിന് സഹായകമായി. രാമചന്ദ്രവിലാസം എന്ന മഹാകാവ്യമടക്കം രാമകഥയെ അടിസ്ഥാനമാക്കി ഒട്ടനവധി പ്രാമാണികകൃതികൾ മലയാളത്തിലുണ്ടായിട്ടുണ്ട്.

1869-ൽ കൊല്ലം ജില്ലയിലെ ചവറയിലാണ് അഴകത്ത് പത്മനാഭക്കുറുപ്പ് ജനിച്ചത്. കാവ്യം, നാടകം, വിവർത്തനം എന്നിങ്ങനെ വ്യത്യസ്‌ത സാഹിത്യശാഖകളിലായി ഒരുപിടി കൃതികൾ അദ്ദേഹത്തിന്റേതായുണ്ട്. പ്രതാപരുദ്രകല്യാണം, മീനകേതചരിത്രം എന്നീ നാടകങ്ങൾ, ശ്രീഗണേശപുരാണം, മാർക്കണ്ഡേയപുരാണം എന്നീ കിളിപ്പാട്ടുകൾ, കുംഭനാസവധം, ഗന്ധർവ്വവിജയം എന്നീ ആട്ടക്കഥകൾ, പ്രഭുശക്തി എന്ന ഖണ്ഡകാവ്യം, ചാഞ്ചകശതകം, വ്യാഘ്രയേശസ്തവം, തുലാഭാരശതകം തുടങ്ങിയ കൃതികൾ ഉദാഹരണങ്ങളാണ്. മഹാകാവ്യത്തിന്റെ പൂർണലക്ഷണങ്ങളില്ലെങ്കിലും കുഞ്ചൻനമ്പ്യാരുടെ 'ശ്രീകൃഷ്‌ണചരിത'വും ഈ ഗണത്തിൽ പെടുത്താവുന്ന കൃതിയാണ്. 'രാമചന്ദ്രവിലാസം' എന്ന പേരിൽ പുതുക്കാട്ടുമഠത്തിൽ കൃഷ്ണനാശാനും ഒരു മഹാകാവ്യം രചിച്ചിട്ടുണ്ട്. ഉള്ളൂരിന്റെ 'ഉമാകേരളം', പന്തളം കേരളവർമ്മയുടെ 'രുഗ്‌മാംഗദചരിതം', വള്ളത്തോൾ നാരായണമേനോന്റെ 'ചിത്രയോഗം', കെ.സി കേശവപിള്ളയുടെ 'കേശവീയം', കട്ടക്കയത്തിൽ ചെറിയാൻ മാപ്പിളയുടെ 'ശ്രീയേശുവിജയം' തുടങ്ങിയവ മലയാളത്തിലെ ശ്രദ്ധേയമായ ചില മഹാകാവ്യങ്ങളാണ്.

■ വൃത്തശാസ്ത്രം

കവിതയുടെ താളവും ഭംഗിയുമൊക്കെ നിർണയിക്കുന്ന ഘടകമാണ് അതിന്റെ വൃത്തം. വൃത്തശാസ്ത്രത്തെക്കുറിച്ച് പറയുന്ന ആദ്യ മലയാള കൃതിയാണ് 'കേരളകൗമുദി'. 380-ലധികം ശ്ലോകങ്ങളുള്ള ഈ കൃതി കോവുണ്ണി നെടുങ്ങാടിയാണ് രചിച്ചത്. 1878-ൽ പ്രസിദ്ധീകരിച്ച കേരളകൗമുദിയിൽ മലയാള ഭാഷയുടെ പിറവി, വിഖ്യാത കവികൾ, വ്യാകരണ ഗ്രന്ഥത്തിന്റെ പ്രസക്‌തി, സംസ്‌കൃത വൃത്തങ്ങൾ, ദ്രാവിഡ വൃത്തങ്ങൾ എന്നിവയെക്കുറിച്ചൊക്കെ വിവരിച്ചിരിക്കുന്നു. അലങ്കാരങ്ങളെക്കുറിച്ചും ഇതിൽ വിവരിക്കുന്നുണ്ട്. തർക്കം, വേദാന്തം, ജ്യോതിഷം, മലയാളം, തമിഴ് മലയാളം എന്നിവയിലെല്ലാം അഗാധപണ്ഡിതനായിരുന്നു നെടുങ്ങാടി. അധ്യാപകനും അഭിഭാഷകനുമായി ജോലിനോക്കിയ ശേഷമാണ് അദ്ദേഹം മുഴുവൻ സമയ സാഹിത്യ പ്രവർത്തനത്തിലേക്കെത്തിയത്. 'കാവ്യരത്നാവലി (രണ്ട് ഭാഗങ്ങൾ)', 'അപൂർണമായ ആത്മകഥ' എന്നിങ്ങനെ രണ്ട് കൃതികളും ചില മുക്‌തകങ്ങളും നെടുങ്ങാടി രചിച്ചിട്ടുണ്ട്. എ.ആർ രാജരാജവർമയുടെ 'വൃത്തമഞ്ജരി' കേരളകൗമുദിയേക്കാൾ മികച്ച വൃത്തശാസ്ത്ര ഗ്രന്ഥമാണ്. അപ്പൻ തമ്പുരാൻ, കുട്ടികൃഷ്ണമാരാർ, എൻ.വി കൃഷ്ണവാര്യർ എന്നിവരും വൃത്തശാസ്ത്ര ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

■ ഭാഷാചരിത്രം 

ഏതു ഭാഷയ്ക്കും ഒരു ചരിത്രമുണ്ട്. അതിനെക്കുറിച്ച് വിവരിക്കുന്ന കൃതികൾ ആ ഭാഷയിൽ പ്രധാനപ്പെട്ടവയുമാണ്. മലയാളഭാഷയുടെ ചരിത്രവും വളർച്ചയും പ്രതിപാദിക്കുന്ന ആദ്യ ഗ്രന്ഥം 1881-ൽ തിരുവനന്തപുരത്തെ കേരളവിലാസം പ്രസിൽനിന്ന് പുറത്തിറങ്ങി. തിരുവിതാംകൂറിലെ പി. ഗോവിന്ദപ്പിള്ളയാണ് ഇത് രചിച്ചത്. 'മലയാളഭാഷാ ഗ്രന്ഥസമുച്ചയം' എന്നായിരുന്നു ഈ പുസ്‌തകത്തിന്റെ ആദ്യ പേര്. പിന്നീടിത് പരിഷ്കരിച്ച് രണ്ട് വോള്യങ്ങളായി പ്രസിദ്ധീകരിച്ചപ്പോൾ "മലയാളഭാഷാചരിത്രം' എന്ന് പേരുമാറ്റി. 1889-ലും 1890-ലുമായി ഇവ പുറത്തുവന്നു. അറിയപ്പെടാത്ത പല സൃഷ്‌ടികളും കണ്ടെത്തി തന്റെ ഗ്രന്ഥത്തിൽ അവതരിപ്പിക്കാൻ ഗോവിന്ദപ്പിള്ളയ്ക്ക് കഴിഞ്ഞു. അദ്ദേഹമാണ് തുഞ്ചത്തെഴുത്തച്ഛന്റെ പേര് ആദ്യമായി രാമാനുജൻ എഴുത്തച്ഛ‌ൻ എന്ന് പ്രസിദ്ധപ്പെടുത്തിയത്. പല തെറ്റുകളും ഈ ഗ്രന്ഥത്തിൽ കടന്നുകൂടിയെങ്കിലും ആദ്യശ്രമം എന്ന നിലയിൽ മലയാള ഭാഷാചരിത്രം ശ്രദ്ധിക്കപ്പെട്ടു. പിന്നീടുള്ള പല പുസ്‌തകങ്ങൾക്കും ഇത് വഴികാട്ടിയായി. 1896-ൽ എം.സി നാരായണപിള്ള മലയാള ഭാഷാചരിത്രം പരിശോധിച്ച് വേണ്ട മാറ്റങ്ങളോടെ പുറത്തിറക്കി. പിന്നീട് എ.ഡി ഹരിശർമ മുൻകൈയെടുത്ത് 1956-ൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം ഇത് പ്രസിദ്ധീകരിച്ചു. 1922-ൽ പി. ശങ്കരൻ നമ്പ്യാരെഴുതിയ "മലയാളസാഹിത്യ ചരിത്രസംഗ്രഹ'മാണ് ഈ രംഗത്തുവന്ന രണ്ടാമത്തെ കൃതി. ഉള്ളൂരിന്റെ കേരള സാഹിത്യചരിത്രവും ഈ വിഭാഗത്തിലെ പ്രമുഖ കൃതിയാണ്.

■ നിഘണ്ടു

ഒരു ഭാഷയിലെ പദങ്ങളെ അക്ഷരമാലാക്രമത്തിൽ അടുക്കി, അവയുടെ അർത്ഥം, ഉച്ചാരണം എന്നിങ്ങനെയുള്ളവ വ്യക്തമാക്കുന്ന ഗ്രന്ഥത്തെയാണ് നിഘണ്ടു എന്നു പറയുന്നത്. ബെഞ്ചമിൻ ബെയ്ലി തയ്യാറാക്കിയ 'A Dictionary of High and Colloquial Malayalim and English' ആണ് മലയാളത്തിലെ ആദ്യത്തെ നിഘണ്ടു. മലയാളപദങ്ങളുടെ അർത്ഥം ഇംഗ്ലിഷിൽ രേഖപ്പെടുത്തിയ ഈ മലയാളം-ഇംഗ്ലിഷ് നിഘണ്ടു 1846-ൽ പുറത്തുവന്നു. മലയാള വാക്കുകളുടെ അർത്ഥം മലയാളത്തിൽത്തന്നെ നൽകുന്ന ആദ്യത്തെ മലയാളം-മലയാളം നിഘണ്ടു പിന്നെയും പത്തു വർഷങ്ങൾക്കു ശേഷമാണ് വന്നത്. കോട്ടയം സി.എം.എസ് കോളജ് പ്രിൻസിപ്പലായിരുന്ന റിച്ചാഡ് കോളിൻസ് 1856-ൽ ഇത് തയ്യാറാക്കി. എന്നാൽ, സമഗ്രവും ആധികാരവുമായ മലയാളം-മലയാളം നിഘണ്ടുവായി അറിയപ്പെടുന്നത് ശ്രീകണ്ഠേശ്വരം പത്മനാഭ പിള്ള തയ്യാറാക്കിയ 'ശബ്ദതാരാവലി' ആണ്. 1923-ലാണ് ഇത് പുറത്തുവന്നത്. ഹെർമൻ ഗുണ്ടർട്ട് തയ്യാറാക്കിയ മലയാളം-ഇംഗ്ലിഷ് നിഘണ്ടുവും ഈ രംഗത്തെ ആദ്യകാല സംഭാവനയാണ്. വിഷയങ്ങളെ അടിസ്‌ഥാനമാക്കി തയാറാക്കുന്ന പലതരം നിഘണ്ടുക്കളുണ്ട്. ശൈലികളെക്കുറിച്ച് പറയുന്ന ശൈലീ നിഘണ്ടു, എതിർവാക്കുകൾ ഉൾക്കൊള്ളിച്ച എതിർലിംഗ നിഘണ്ടു, പര്യായപദങ്ങൾ ക്രമീകരിച്ച പര്യായ നിഘണ്ടു, രണ്ടു ഭാഷകളിൽ അർത്ഥം പറയുന്ന ദ്വിഭാഷാ നിഘണ്ടു, മൂന്നു ഭാഷകളുള്ള ത്രിഭാഷാ നിഘണ്ടു എന്നിവയൊക്കെ ഭാഷയിൽ പിന്നീടു വന്ന പലതരം നിഘണ്ടുക്കളാണ്. ഇതിൽപ്പെടാത്ത കേരള ചരിത്ര നിഘണ്ടു, പുരാണ നിഘണ്ടു, ഗണിതശാസ്ത്ര നിഘണ്ടു, സാഹിത്യവിജ്‌ഞാന നിഘണ്ടു, ഭരണഭാഷാനിഘണ്ടു, കാവ്യശാസ്ത്ര നിഘണ്ടു തുടങ്ങിയവയും ഭാഷയിലുണ്ട്.

■ നിരൂപണം

ഒരു കൃതിയെ കൃത്യമായി പഠിച്ച് നിഷ്പക്ഷമായി വിലയിരുത്തി അതിന്റെ മേന്മകളും പോരായ്മകളും കണ്ടെത്തുന്നതിനെയാണ് സാഹിത്യവിമർശനം അഥവാ നിരൂപണം എന്ന് വിളിക്കുന്നത്. 1890-1895 കാലഘട്ടത്തിൽ സി.പി അച്ചുതമേനോൻ എഴുതിയ സാഹിത്യ നിരൂപണങ്ങളാണ് മലയാളത്തിലെ ആദ്യത്തെ സാഹിത്യ വിമർശനങ്ങൾ. തന്റെതന്നെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന 'വിദ്യാവിനോദിനി' മാസികയിലാണ് 'പുസ്‌തക പരിശോധന' എന്ന പേരിൽ അച്ചുത മേനോൻ നിക്ഷ്‌പക്ഷമായ സാഹിത്യ വിമർശനത്തിന് തുടക്കമിട്ടത്. ചന്തുമേനോന്റെ ശാരദ, സി.വി രാമൻപിള്ളയുടെ മാർത്താണ്ഡവർമ, അപ്പു നെടുങ്ങാടിയുടെ കുന്ദലത എന്നീ നോവലുകളെക്കുറിച്ചെല്ലാം അദ്ദേഹം നിരൂപണം നടത്തി. 'സി.പി അച്ചുതമേനോന്റെ സാഹിത്യ വിമർശനങ്ങൾ' എന്ന പേരിൽ ഈ രചനകൾ പുസ്‌തകരൂപത്തിലും വന്നു. എ.ആർ രാജരാജവർമ, പി. കെ നാരായണപിള്ള, സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ള, കേസരി ബാലകൃഷ്ണപിള്ള തുടങ്ങിയവരും വിമർശന സാഹിത്യത്തിലെ ആദ്യകാല പ്രതിഭകളാണ്.

■ വൈജ്ഞാനിക സാഹിത്യം 

മലയാള ഭാഷയിലെ ആദ്യത്തെ വിജ്ഞാനകോശം എന്ന ബഹുമതിയുള്ള ഗ്രന്ഥമാണ് ആർ, ഈശ്വരപിള്ള തയ്യാറാക്കിയ 'സമസ്‌ത വിജ്‌ഞാനഗ്രന്ഥാവലി'. 1937-ലാണ് ഇത് പുറത്തുവന്നത്. എന്നാൽ, ഓരോ വിഷയത്തെ അടിസ്ഥാനമാക്കിയ വിജ്ഞാനകോശം എന്ന നിലയിൽ പരിഗണിക്കാവുന്ന ആദ്യ കൃതി മറ്റൊന്നാണ്. 1933-ൽ ഇറങ്ങിയ 'സാഹിത്യാഭരണം നിഘണ്ടു'വാണിത്. ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയാണ് ഇതിന്റെ രചയിതാവ്. വർഷങ്ങൾക്കു ശേഷം 1968-ലാണ് സമഗ്രവും വിപുലവുമായ ഒരു വിജ്ഞാനകോശം മലയാളത്തിൽ വന്നത്. 'വിശ്വവിജ്‌ഞാനകോശം' എന്ന പേരിൽ എൻബിഎസ് അത് പുറത്തിറക്കി. സംസ്‌ഥാന സർക്കാരിന്റെ സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് 'സർവവിജ്ഞാനകോശം' എന്ന പേരിൽ ഇരുപത് വോള്യങ്ങളിലൂടെ ഈ വൈജ്‌ഞാനിക പരമ്പര പുറത്തിറക്കുന്നുണ്ട്. നിലവിൽ 17 വോള്യങ്ങൾ വിപണിയിലെത്തി. വിശ്വസാഹിത്യ വിജ്ഞാനകോശം (10 വോള്യങ്ങൾ), പരിസ്‌ഥിതി വിജ്ഞാനകോശം, പരിണാമ വിജ്‌ഞാനകോശം, ജ്യോതിശാസ്ത്ര വിജ്ഞാനകോശം എന്നിങ്ങനെ വിഷയം തിരിച്ചാണ് ഇൻസ്‌റ്റിറ്റ്യൂട്ട് ഇവ പ്രസിദ്ധീകരിക്കാറ്. വിജ്ഞാനകോശങ്ങളിൽ വിഷയങ്ങളും പേരുകളും അക്ഷരമാലാക്രമത്തിലാണ് രേഖപ്പെടുത്തുക. ചിത്രങ്ങളും അതാത് വിഷയങ്ങൾക്കൊപ്പം നൽകുന്നു. അതാതു രംഗത്തെ വിദഗ്‌ധരുടെ നേതൃത്വത്തിലാണ് വിജ്‌ഞാനകോശം തയ്യാറാക്കുക.