കേരളത്തിലെ സാഹിത്യ പുരസ്‌കാരങ്ങൾ
എഴുത്തച്ഛൻ പുരസ്‌കാരം
സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ പുരസ്‌കാരമാണ് എഴുത്തച്ഛൻ പുരസ്‌കാരം. 'മലയാള ഭാഷയുടെ പിതാവ്' എന്നറിയപ്പെടുന്ന തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ സ്മരണാർഥം കേരള സർക്കാർ 1993ൽ ഏർപ്പെടുത്തിയ പുരസ്‌കാരമാണ് എഴുത്തച്ഛൻ പുരസ്‌കാരം. എല്ലാ വർഷവും കേരളം പിറവി ദിനമായ നവംബർ 1 നാണ് ഈ അവാർഡ് പ്രഖ്യാപിക്കുന്നത്. സാഹിത്യരംഗത്തെ സമഗ്ര സംഭവനകൾക്ക് കേരള സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള വ്യക്തിഗത സാഹിത്യ പുരസ്‌കാരമാണിത്. അഞ്ചുലക്ഷം രൂപയും (2016 വരെ 1.5 ലക്ഷം രൂപയായിരുന്നു) പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ശൂരനാട് കുഞ്ഞൻപിള്ളയാണ് (1993) ആദ്യത്തെ അവാർഡ് ജേതാവ്.
വള്ളത്തോൾ പുരസ്‌കാരം
കവി, കഥകളി പരിഷ്‌കർത്താവ്, ദേശസ്നേഹി എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് വള്ളത്തോൾ നാരായണ മേനോൻ. അദ്ദേഹത്തിന്റെ സ്മരണാർഥം വള്ളത്തോൾ സാഹിത്യ സമിതി ഏർപ്പെടുത്തിയ മലയാള ഭാഷയിലെ സമഗ്ര സംഭാനകൾക്കായി നൽകുന്ന പുരസ്‌കാരമാണ് വള്ളത്തോൾ പുരസ്‌കാരം. സാഹിത്യരംഗത്തെ വ്യക്തിഗത സമഗ്ര സംഭവനകൾക്ക് നൽകുന്ന ഈ പുരസ്കാരത്തിന്റെ സമ്മാനത്തുക 1,11,111 രൂപയാണ്. കൂടതെ പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. 1991ലാണ് വള്ളത്തോൾ സാഹിത്യ സമിതി പുരസ്‌കാരം നൽകിത്തുടങ്ങിയത്. പാലാ നാരായണൻ നായരാണ് (1991) പ്രഥമ അവാർഡ് ജേതാവ്.
വയലാർ അവാർഡ്
കവി, ചലച്ചിത്ര ഗാനരചയിതാവ്, നാടക ഗാനരചയിതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് വയലാർ രാമവർമ്മ. അദ്ദേഹത്തിന്റെ സ്മരണാർഥം 1977ൽ വയലാർ രാമവർമ്മ സ്‌മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്‌കാരമാണ് വയലാർ അവാർഡ്. ഓരോ വർഷത്തെയും മലയാള ഭാഷാ സാഹിത്യത്തിലെ ഏറ്റവും നല്ല സൃഷ്ടിയ്ക്ക് നൽകുന്ന പുരസ്‌കാരമാണിത്. എഴുത്തുകാരും സാംസ്കാരിക നായകന്മാരും അടങ്ങുന്ന സമിതിയ്ക്കാണ് പുരസ്‌കാര ജേതാവിനെ നിർണക്കുന്നതിനുള്ള ചുമതല. വയലാർ അവാർഡ് 1977 മുതലാണ് നൽകിത്തുടങ്ങിയത്. എല്ലാ വർഷവും വയലാറിന്റെ ചരമദിനമായ ഒക്ടോബർ 27നാണ് അവാർഡ് നൽകുന്നത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തിൽ രൂപകല്പതന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം. അഗ്നിസാക്ഷി എന്ന കൃതിക്ക് ലളിതാംബികാ അന്തർജനത്തിന് ആദ്യത്തെ അവാർഡ് ലഭിച്ചു.
മാതൃഭൂമി സാഹിത്യ പുരസ്‌കാരം
മലയാളത്തിലെ വലിയ സാഹിത്യകാരന്മാരെ ആദരിക്കാൻ 2000ൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് ഏർപ്പെടുത്തിയ പുരസ്‌കാരമാണ് മാതൃഭൂമി സാഹിത്യ പുരസ്‌കാരം. മലയാള ഭാഷയിലെ സമഗ്ര സംഭാനകൾക്കായി നൽകുന്ന കേരളത്തിലെ ഏറ്റവും വലിയ സാഹിത്യസമ്മാനങ്ങളിലൊന്നാണ് മാതൃഭൂമി സാഹിത്യ പുരസ്‌കാരം. സാഹിത്യരംഗത്തെ വ്യക്തിഗത സമഗ്ര സംഭവനകൾക്ക് നൽകുന്ന ഈ പുരസ്കാരത്തിന്റെ സമ്മാനത്തുക മൂന്ന് ലക്ഷം രൂപയാണ്. കൂടാതെ പ്രശസ്തിപത്രവും ശിൽപവുമടങ്ങുന്നതാണ് അവാർഡ്. 2000ലാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ് പുരസ്‌കാരം നൽകിത്തുടങ്ങിയത്. തിക്കോടിയനാണ് (2000) പ്രഥമ അവാർഡ് ജേതാവ്.
ഓടക്കുഴൽ അവാർഡ്
'ഓടക്കുഴൽ' എന്ന കവിതാസമാഹാരത്തിന് ജ്ഞാനപീഠം ലഭിച്ചതിന്റെ ഓർമയ്ക്കായി മഹാകവി ജി.ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയതാണ് ഓടക്കുഴൽ അവാർഡ്. ജ്ഞാനപീഠം ലഭിച്ചപ്പോൾ കിട്ടിയ തുകയുടെ ഒരു ഭാഗം ഉപയോഗിച്ച് രൂപവൽക്കരിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റാണ് 1968 മുതൽ അവാർഡ് നൽകിത്തുടങ്ങിയത്. ഓരോ വർഷത്തെയും മലയാള ഭാഷാ സാഹിത്യത്തിലെ ഏറ്റവും മികച്ച സൃഷ്ടിയ്ക്ക് നൽകുന്ന പുരസ്‌കാരമാണിത്. എഴുത്തുകാരും സാംസ്കാരിക നായകന്മാരും അടങ്ങുന്ന സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്. 1978ന് ശേഷം എല്ലാ വർഷവും ശങ്കരക്കുറുപ്പിന്റെ ചരമദിനമായ ഫെബ്രുവരി 2-നാണ് അവാർഡ് നൽകുന്നത്. മുപ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. 1969ൽ തുളസീദാസ രാമായണം എന്ന വിവർത്തനത്തിന് വെണ്ണിക്കുളം ഗോപാലക്കുറുപ്പിന് ആദ്യത്തെ അവാർഡ് ലഭിച്ചു.
ജെ.സി.ബി സാഹിത്യ പുരസ്കാരം
ഇന്ത്യൻ എഴുത്തുകാരെ കണ്ടെത്തുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2018 മുതലാണ് ജെ.സി.ബി പുരസ്‌കാരം ഏർപ്പെടുത്തിയത്. ഇന്ത്യക്കാർ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യൻ ഭാഷകളിൽനിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പരിഗണിക്കുന്നത്. 25 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. പുസ്തകം വിവർത്തനം ചെയ്തയാൾക്ക് 10 ലക്ഷം രൂപയും സമ്മാനത്തുകയായി ലഭിക്കും. ജെ.സി.ബി ലിറ്ററേച്ചര്‍ ഫൗണ്ടേഷനാണ് പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
സ്വാതി സംഗീത പുരസ്‌കാരം
സംഗീതരംഗത്തെ മികവിനായി കേരള സർക്കാർ ഏർപ്പെടുത്തിയ പരമോന്നത പുരസ്‌കാരമാണ് സ്വാതി സംഗീത പുരസ്‌കാരം. സ്വാതി തിരുനാൾ മഹാരാജാവിന്റെ സ്മരണാർഥം കേരള സർക്കാർ നൽകുന്നതാണിത്. സംഗീതരംഗത്ത് നൽകുന്ന മികച്ച സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണിത്. കേരള സർക്കാർ നിയമിക്കുന്ന പുരസ്‌കാര നിർണയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്. 1997 മുതലാണ് സ്വാതി പുരസ്‌കാരം നല്കിത്തുടങ്ങിയത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. 1997ൽ കർണാടക സംഗീതജ്ഞനായ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരാണ് പ്രഥമ സ്വാതി പുരസ്‌കാരം നേടിയത്.
പത്മപ്രഭാ സാഹിത്യ പുരസ്‌കാരം
സ്വാതന്ത്ര്യസമര സേനാനി, സോഷ്യലിസ്റ്റ് നേതാവ്, ആധുനിക വയനാടിന്റെ ശിൽപി എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് എം.കെ.പത്മപ്രഭാ ഗൗഡർ. അദ്ദേഹത്തിന്റെ സ്മരണാർഥം 1996ൽ പത്മപ്രഭാ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരമാണ് പത്മപ്രഭാ പുരസ്‌കാരം. മലയാള ഭാഷാ സാഹിത്യത്തിലെ സമഗ്ര സംഭാനകൾക്കായി നൽകുന്ന ഈ പുരസ്കാരത്തിന്റെ സമ്മാനത്തുക 75000 രൂപയാണ്. കൂടാതെ പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 1996 മുതൽ തുടർച്ചയായി ഈ പുരസ്‌കാരം നൽകിവരുന്നുണ്ട്. പുതൂർ ഉണ്ണികൃഷ്ണനാണ് പ്രഥമ അവാർഡ് ജേതാവ്.
മുട്ടത്തുവർക്കി അവാർഡ്
മലയാള ഭാഷാ സാഹിത്യത്തിലെ ഒരു ജനപ്രിയ എഴുത്തുകാരനായിരുന്നു മുട്ടത്തുവർക്കി. അദ്ദേഹത്തിന്റെ സ്മരണാർഥം 1992ൽ മുട്ടത്തുവർക്കി സ്മാരക ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരമാണ് മുട്ടത്തുവർക്കി അവാർഡ്. മലയാള ഭാഷാ സാഹിത്യത്തിലെ സമഗ്ര സംഭാനകൾക്കായി നൽകുന്ന ഈ പുരസ്കാരത്തിന്റെ സമ്മാനത്തുക 50000 രൂപയാണ്. കൂടാതെ ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 1992 മുതൽ തുടർച്ചയായി ഈ പുരസ്‌കാരം നൽകിവരുന്നുണ്ട്. എല്ലാ വർഷവും മുട്ടത്തുവർക്കിയുടെ ജന്മദിനമായ ഏപ്രിൽ 28ന് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിക്കുകയും ചരമദിനമായ മേയ് 28ന് പുരസ്‌കാരം നൽകുകയും ചെയ്യുന്നു. ഒ.വി. വിജയനാണ് പ്രഥമ അവാർഡ് ജേതാവ്.
ശ്രീചിത്തിര തിരുനാൾ ദേശീയ പുരസ്‌കാരം
തിരുവിതാംകൂർ നാട്ടുരാജ്യത്തെ പ്രമുഖ ഭരണാധികാരിയായിരുന്നു ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ്. അദ്ദേഹത്തിന്റെ സ്മരണാർഥം 2006ൽ ശ്രീ ചിത്തിര തിരുനാൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്‌കാരമാണ് ശ്രീ ചിത്തിര തിരുനാൾ ദേശീയ പുരസ്‌കാരം. കലാ സാഹിത്യ, ശാസ്ത്ര സാങ്കേതിക രംഗത്തെ മികവിനും സാമൂഹിക സേവനങ്ങൾക്കുമായി നൽകുന്ന ഈ പുരസ്കാരത്തിന്റെ സമ്മാനത്തുക രണ്ട് ലക്ഷം രൂപയാണ്. കൂടാതെ ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 2006 മുതൽ തുടർച്ചയായി ഈ പുരസ്‌കാരം നൽകിവരുന്നുണ്ട്. മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ ജി.മാധവൻ നായരാണ് പ്രഥമ അവാർഡ് ജേതാവ്.
ആശാൻ സ്മാരക കവിത പുരസ്‌കാരം
മലയാള ഭാഷാ സാഹിത്യത്തിലെ ആധുനിക കവിത്രയങ്ങളിൽ ഒരാളായിരുന്നു മഹാകവി കുമാരനാശാൻ. അദ്ദേഹത്തിന്റെ സ്മരണാർഥം 1985ൽ ആശാൻ സ്മാരക അസോസിയേഷൻ (ചെന്നൈ) ഏർപ്പെടുത്തിയ പുരസ്‌കാരമാണ് ആശാൻ സ്മാരക കവിത പുരസ്‌കാരം. സാഹിത്യത്തിലെ മികച്ച കവികളെ ആദരിക്കുന്നതിനാണ് ഈ പുരസ്‌കാരം നൽകുന്നത്. 50000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 1985 മുതൽ തുടർച്ചയായി ഈ പുരസ്‌കാരം നൽകിവരുന്നുണ്ട്. സി.മണിയാണ് പ്രഥമ അവാർഡ് ജേതാവ്.
ഒ.എൻ.വി സാഹിത്യ പുരസ്‌കാരം
കവി, ചലച്ചിത്ര ഗാനരചയിതാവ്, നാടക ഗാനരചയിതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനായിരുന്നു ഒ.എൻ.വി കുറുപ്പ്. അദ്ദേഹത്തിന്റെ സ്മരണാർഥം 2017ൽ ഒ.എൻ.വി കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ പുരസ്‌കാരമാണ് ഒ.എൻ.വി സാഹിത്യ പുരസ്‌കാരം. ഇന്ത്യയിലുടനീളമുള്ള എഴുത്തുകാർക്ക് സാഹിത്യ മേഖലയിലെ സമഗ്ര സംഭാനകൾക്കായി നൽകുന്ന പുരസ്‌കാരമാണിത്. മൂന്ന് ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 2017 മുതൽ തുടർച്ചയായി ഈ പുരസ്‌കാരം നൽകിവരുന്നുണ്ട്. സുഗതകുമാരിയാണ് പ്രഥമ അവാർഡ് ജേതാവ്. ഒ.എൻ.വി കൾച്ചറൽ അക്കാദമി നൽകുന്ന മറ്റൊരു സാഹിത്യ പുരസ്‌കാരമാണ് ഒ.എൻ.വി യുവസാഹിത്യ പുരസ്‌കാരം. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് യുവസാഹിത്യ പുരസ്‌കാരം.
ഒ.എൻ.വി സ്മാരക അവാർഡ്
കവി, സാഹിത്യകാരൻ, ഗാനരചയിതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനായിരുന്നു ഒ.എൻ.വി കുറുപ്പ്. കേരള സർവകലാശാലയിലെ വിദ്യാർത്ഥിയും അദ്ധ്യാപകനുമായിരുന്ന അദ്ദേഹത്തിന്റെ സ്മരണാർഥം 2018ൽ കേരള സർവകലാശാല ഏർപ്പെടുത്തിയ പുരസ്‌കാരമാണ് ഒ.എൻ.വി സ്മാരക അവാർഡ്. മലയാള ഭാഷാ സാഹിത്യത്തിലെ മികച്ച എഴുത്തുകാരെ ആദരിക്കുന്നതിനാണ് ഈ പുരസ്‌കാരം നൽകുന്നത്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 2018 മുതൽ തുടർച്ചയായി ഈ പുരസ്‌കാരം നൽകിവരുന്നുണ്ട്. സുഗതകുമാരിയാണ് പ്രഥമ അവാർഡ് ജേതാവ്. 2019ൽ ടി.പത്മനാഭനും 2020ൽ കെ.സച്ചിദാനന്ദനും ഒ.എൻ.വി സ്മാരക പുരസ്‌കാരം ലഭിച്ചു.
ഒ.വി.വിജയൻ പുരസ്‌കാരം
കാർട്ടൂണിസ്റ്റ്, ചെറുകഥാകൃത്ത്, നോവലിസ്റ്റ്, കോളമെഴുത്തുകാരൻ, രാഷ്ട്രീയചിന്തകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ഒ.വി.വിജയൻ. മലയാള സാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സ്മരണാർഥം 2019ൽ ഒ.വി.വിജയൻ സ്മാരക സമിതി ഏർപ്പെടുത്തിയ പുരസ്‌കാരങ്ങളാണ് ഒ.വി.വിജയൻ സ്മാരക സാഹിത്യ പുരസ്‌കാരങ്ങൾ. കഥാസമാഹാരം, നോവല്‍, യുവകഥ എന്നീ മൂന്നു വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. കഥാസമാഹാരത്തിന് 25,000 രൂപ, നോവലിന് 25,000 രൂപ, യുവകഥയ്ക്ക് 10,000 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക. കൂടാതെ പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2019 മുതൽ തുടർച്ചയായി ഈ പുരസ്‌കാരം നൽകിവരുന്നുണ്ട്.
തകഴി സാഹിത്യ പുരസ്‌കാരം
ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് തകഴി ശിവശങ്കരപ്പിള്ള. കർഷകന്റെ ജീവിതവും വേദനയും വർണിക്കുന്നതിൽ മികവ് കാട്ടിയ തകഴിയെ 'കുട്ടനാടിന്റെ കഥാകാരൻ' എന്ന് വിളിക്കുന്നു. അദ്ദേഹത്തിന്റെ സ്മരണാർഥം 2014ൽ തകഴി സ്മാരക ട്രസ്റ്റും സാംസ്‌കാരിക വകുപ്പും ചേർന്ന് ഏർപ്പെടുത്തിയ പുരസ്‌കാരമാണ് തകഴി സാഹിത്യ പുരസ്‌കാരം. മലയാള ഭാഷാ സാഹിത്യത്തിലെ മികച്ച എഴുത്തുകാരെ ആദരിക്കുന്നതിനാണ് ഈ പുരസ്‌കാരം നൽകുന്നത്. 50000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2014 മുതൽ തുടർച്ചയായി ഈ പുരസ്‌കാരം നൽകിവരുന്നുണ്ട്. പ്രൊഫ. ജി. ബാലചന്ദ്രനാണ് പ്രഥമ അവാർഡ് ജേതാവ് (കൃതി: തകഴിയുടെ സർഗപദങ്ങൾ). പ്രഥമ അവാർഡിനുശേഷമുള്ള എല്ലാ അവാർഡുകളും മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്ക്കുള്ള അവാർഡായാണ് നൽകിവരുന്നത്.
കടമ്മനിട്ട രാമകൃഷ്ണൻ പുരസ്‌കാരം
കവി, രാഷ്ട്രീയ പ്രവർത്തനം, സാംസ്‌കാരിക പ്രവർത്തനം എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് കടമ്മനിട്ട രാമകൃഷ്ണൻ. അദ്ദേഹത്തിന്റെ സ്മരണാർഥം 2015ൽ കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരമാണ് കടമ്മനിട്ട രാമകൃഷ്ണൻ പുരസ്‌കാരം. ഇന്ത്യൻ ഭാഷാ സാഹിത്യത്തിലെ മികച്ച എഴുത്തുകാരെ ആദരിക്കുന്നതിനാണ് ഈ പുരസ്‌കാരം നൽകുന്നത്. 55,555 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2015 മുതൽ തുടർച്ചയായി ഈ പുരസ്‌കാരം നൽകിവരുന്നുണ്ട്. ഒ.എൻ.വി കുറുപ്പാണ് പ്രഥമ അവാർഡ് ജേതാവ്.
കളിയച്ഛൻ പുരസ്‌കാരം
മലയാള ഭാഷാ സാഹിത്യത്തിലെ പ്രശസ്തനായ കാല്പനിക കവിയായിരുന്നു പി.കുഞ്ഞിരാമൻ നായർ. അദ്ദേഹത്തിന്റെ സ്മരണാർഥം 2015ൽ മഹാകവി പി.കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരമാണ് കളിയച്ഛൻ പുരസ്‌കാരം. സാഹിത്യരംഗത്തെ സമഗ്ര സംഭാവന നൽകിയവർക്കാണ് ഈ പുരസ്‌കാരം നൽകുന്നത്. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. 2015 മുതൽ തുടർച്ചയായി ഈ പുരസ്‌കാരം നൽകിവരുന്നുണ്ട്. സമസ്ത കേരളം നോവല്‍ പുരസ്‌കാരം, നിള കഥാ പുരസ്‌കാരം, താമരത്തോണി കവിതാ പുരസ്‌കാരം, തേജസ്വിനി ജീവചരിത്ര പുരസ്‌കാരം, പയസ്വനി വിവർത്തന പുരസ്‌കാരം എന്നിവയാണ് മഹാകവി പി. ഫൗണ്ടേഷന്‍ നൽകുന്ന മറ്റ് അവാർഡുകൾ. 10,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മറ്റ് പുരസ്‌കാരങ്ങള്‍.
ഹരിവരാസനം പുരസ്കാരം
സർവമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സർഗാത്മക പ്രവർത്തനങ്ങളെ സംഗീതത്തിലൂടെ പ്രോത്സാഹിപ്പിച്ചവരെ ആദരിക്കുക എന്ന ലക്ഷ്യത്തോടെ ഏർപ്പെടുത്തിയതാണ് ഹരിവരാസനം പുരസ്കാരം. വിവിധ ഭാഷകളിൽ പാടുന്ന അയ്യപ്പഭക്തിഗാനങ്ങൾ, മറ്റ് നാടക-ചലച്ചിത്രങ്ങളിൽ സംഗീതത്തിന് നൽകിയ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2012 മുതൽ ആണ് കേരള സർക്കാരും ദേവസ്വം ബോർഡും ചേർന്ന് ഹരിവരാസനം പുരസ്കാരം ഏർപ്പെടുത്തിയത്. ശബരിമലയിലെ മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായാണ് എല്ലാ വർഷവും ഹരിവരാസനം പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. കെ.ജെ യേശുദാസാണ് പ്രഥമ അവാർഡ് ജേതാവ്.
ചെറുകാട് പുരസ്‌കാരം
നോവലിസ്റ്റ്, നാടകകൃത്ത്, കവി, ചെറുകഥാകൃത്ത്, രാഷ്ട്രീയ പ്രവർത്തകൻ, സാംസ്‌കാരിക പ്രവർത്തകൻ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ചെറുകാട് ഗോവിന്ദ പിഷാരോടി. അദ്ദേഹത്തിന്റെ സ്മരണാർഥം 1978ൽ പെരിന്തൽമണ്ണയിലെ ചെറുകാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്‌കാരമാണ് ചെറുകാട് അവാർഡ്. ഓരോ വർഷത്തെയും മലയാള ഭാഷാ സാഹിത്യത്തിലെ വിവിധ ശാഖകളിലെ ഏറ്റവും മികച്ച കൃതിക്ക് നൽകുന്ന പുരസ്‌കാരമാണിത്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 1978 മുതൽ തുടർച്ചയായി ഈ പുരസ്‌കാരം നൽകിവരുന്നുണ്ട്. 1978ൽ പതനം എന്ന കൃതിക്ക് കെ.എസ്. നമ്പൂതിരിയ്ക്ക് ആദ്യത്തെ അവാർഡ് ലഭിച്ചു.
ബഷീർ പുരസ്‌കാരം
നോവലിസ്റ്റ്, കഥാകൃത്ത്, സ്വാതന്ത്ര്യസമര പോരാളി എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് വൈക്കം മുഹമ്മദ് ബഷീർ. അദ്ദേഹത്തിന്റെ സ്മരണാർഥം 2008ൽ തലയോലപ്പറമ്പിലെ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്‌കാരമാണ് ബഷീർ അവാർഡ്. ഓരോ വർഷത്തെയും മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിലെ ഏറ്റവും മികച്ച കൃതിക്ക് നൽകുന്ന അവാർഡാണിത്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2008 മുതൽ തുടർച്ചയായി ഈ പുരസ്‌കാരം നൽകിവരുന്നുണ്ട്. എല്ലാ വർഷവും ബഷീറിന്റെ ജന്മദിനമായ ജനുവരി 21നാണ് പുരസ്‌കാരം നൽകുന്നത്. 2008ൽ തിരഞ്ഞെടുത്ത കഥകൾ എന്ന കൃതിക്ക് എൻ. പ്രഭാകരന് ആദ്യത്തെ അവാർഡ് ലഭിച്ചു.
ഇടശ്ശേരി പുരസ്‌കാരം
കവി, നാടകകൃത്ത്, സാമൂഹികപ്രവർത്തകൻ, വക്കീൽ ഗുമസ്തൻ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച വ്യക്തിയായിരുന്നു ഇടശ്ശേരി ഗോവിന്ദൻ നായർ. അദ്ദേഹത്തിന്റെ സ്മരണാർഥം 1982ൽ ഇടശ്ശേരി സ്മാരക സമിതി ഏർപ്പെടുത്തിയ പുരസ്‌കാരമാണ് ഇടശ്ശേരി അവാർഡ്. ഓരോ വർഷത്തെയും മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിൽ നിന്നും ഏറ്റവും മികച്ച കൃതിക്ക് നൽകുന്ന പുരസ്‌കാരമാണിത്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒന്നിൽ കൂടുതൽ വ്യക്തികൾ പുരസ്‌കാരത്തിന് അർഹരായാൽ പുരസ്‌കാരത്തുകയായ 50,000 രൂപ തുല്യമായി പങ്കുവെയ്ക്കും. 1982 മുതൽ തുടർച്ചയായി ഈ പുരസ്‌കാരം നൽകിവരുന്നുണ്ട്. 1982ൽ ഉല്ലേഖം എന്ന കൃതിക്ക് എൻ.കെ. ദേശത്തിന് ആദ്യത്തെ അവാർഡ് ലഭിച്ചു.
മലയാറ്റൂർ പുരസ്‌കാരം
സാഹിത്യകാരൻ, ഭരണതന്ത്രജ്ഞൻ, കാർട്ടൂണിസ്റ്റ്, ചലച്ചിത്രകാരൻ എന്നീ നിലകളിലെല്ലാം ഖ്യാതിനേടിയ വ്യക്തിയായിരുന്നു മലയാറ്റൂർ രാമകൃഷ്ണൻ. അദ്ദേഹത്തിന്റെ സ്മരണാർഥം 2006ൽ മലയാറ്റൂർ സ്മാരക സമിതി ഏർപ്പെടുത്തിയ പുരസ്‌കാരമാണ് മലയാറ്റൂർ അവാർഡ്. ഓരോ വർഷത്തെയും മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിൽ നിന്നും ഏറ്റവും മികച്ച കൃതിക്ക് നൽകുന്ന പുരസ്‌കാരമാണിത്. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. കൂടാതെ ശ്രദ്ധേയരായ യുവ എഴുത്തുക്കാർക്കായി സമിതി ഏർപ്പെടുത്തിയ പുരസ്‌കാരമാണ് മലയാറ്റൂർ പ്രൈസ്. 5001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. 2006 മുതൽ തുടർച്ചയായി മലയാറ്റൂർ അവാർഡ് നൽകിവരുന്നുണ്ട്. 2006ൽ നാരായണം എന്ന കൃതിക്ക് പെരുമ്പടവം ശ്രീധരന് ആദ്യത്തെ അവാർഡ് ലഭിച്ചു.
പി.കേശവദേവ് പുരസ്കാരം
നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത്, സ്വാതന്ത്ര്യസമര സേനാനി, സാമൂഹിക പരിഷ്‌കർത്താവ്, തൊഴിലാളി പ്രസ്ഥാന പ്രവർത്തകൻ എന്നീ നിലകളിലെല്ലാം ഖ്യാതിനേടിയ വ്യക്തിയായിരുന്നു പി.കേശവദേവ്. അദ്ദേഹത്തിന്റെ സ്മരണാർഥം 2005ൽ കേശവദേവ് ട്രസ്റ്റ് ഏർപ്പെടുത്തിയ രണ്ട് പുരസ്‌കാരങ്ങളാണ് പി.കേശവദേവ് സാഹിത്യ പുരസ്കാരവും പി.കേശവദേവ് ഡയാബ് സ്ക്രീൻ കേരള പുരസ്കാരവും. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്നതാണ് പി.കേശവദേവ് സാഹിത്യ പുരസ്‌കാരം. ആരോഗ്യ മേഖലയിലെ പ്രവർത്തകർക്ക് നൽകുന്നതാണ് പി.കേശവദേവ് ഡയാബ് സ്ക്രീൻ കേരള പുരസ്‌കാരം. 50,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങൾ. 2005 മുതൽ തുടർച്ചയായി അവാർഡ് നൽകിവരുന്നുണ്ട്. 2005ൽ ഡോ.ഇന്ദ്രബാബുവിന് ആദ്യത്തെ പി.കേശവദേവ് സാഹിത്യ പുരസ്കാരം ലഭിച്ചു.
ഉള്ളൂര്‍ സ്മാരക സാഹിത്യ പുരസ്‌കാരം
കവി, സാഹിത്യചരിത്രകാരൻ, ഗവേഷകൻ എന്നീ നിലകളിലെല്ലാം ഖ്യാതിനേടിയ വ്യക്തിയായിരുന്നു മഹാകവി ഉള്ളൂര്‍ എസ് പരമേശ്വരയ്യർ. തിരുവനന്തപുരത്തുള്ള ഉള്ളൂര്‍ സർവീസ് സഹകരണ ബാങ്കിന്റെ നവതിസ്മരണ നിലനിർത്താൻ 2017ൽ ഏർപ്പെടുത്തിയ പുരസ്‌കാരമാണ് മഹാകവി ഉള്ളൂര്‍ സ്മാരക സാഹിത്യ പുരസ്‌കാരം. ഓരോ വർഷത്തെയും മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിൽ നിന്നും ഏറ്റവും മികച്ച കൃതിക്ക് നൽകുന്ന പുരസ്‌കാരമാണിത്. കഴിഞ്ഞ മൂന്നുവർഷത്തിനകം പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളാണ് പുരസ്‌കാരം നിർണ്ണയിക്കുന്നതിന് പരിഗണിക്കുക. 15,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. 2017 മുതൽ തുടർച്ചയായി ഉള്ളൂര്‍ സ്മാരക സാഹിത്യ അവാർഡ് നൽകിവരുന്നുണ്ട്. 2017ൽ അപരിഗ്രഹം എന്ന കൃതിക്ക് പ്രഭാ വർമ്മയ്ക്ക് ആദ്യത്തെ അവാർഡ് ലഭിച്ചു.
ജ്ഞാനപ്പാന പുരസ്കാരം
കേരളത്തിൽ ജീവിച്ചിരുന്ന ഭക്തകവികളിൽ പ്രമുഖനായിരുന്നു പൂന്താനം. അദ്ദേഹം രചിച്ച ജ്ഞാനപ്പാന എന്ന കൃതിയുടെ സ്മരണാർഥം ഗുരുവായൂർ ദേവസ്വം ബോർഡ് നൽകുന്ന അവാർഡാണ് ജ്ഞാനപ്പാന പുരസ്കാരം. സാഹിത്യത്തിന് സമഗ്ര സംഭവന നൽകിയ മികച്ച സാഹിത്യകാരന്മാർക്കോ സാംസ്‌കാരിക നായകന്മാർക്കോ നൽകുന്ന പുരസ്‌കാരമാണിത്. 50,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. എല്ലാ വർഷവും പൂന്താനം ദിനാഘോഷത്തിന്റെ ഭാഗമായി തുടർച്ചയായി അവാർഡ് നൽകിവരുന്നുണ്ട്. 2022ൽ കെ. ജയകുമാറിന് സാഹിത്യ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് ലഭിച്ചു.
പത്മരാജൻ പുരസ്കാരം
നോവലിസ്റ്റ്, കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ എന്നീ നിലകളിലെല്ലാം ഖ്യാതിനേടിയ വ്യക്തിയായിരുന്നു പി.പത്മരാജൻ. അദ്ദേഹത്തിന്റെ സ്മരണാർഥം 1992ൽ പത്മരാജൻ മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്‌കാരമാണ് പത്മരാജൻ അവാർഡ്. സാഹിത്യ മേഖലയിലും ചലച്ചിത്ര മേഖലയിലുമാണ് അവാർഡ് നൽകുന്നത്. സാഹിത്യ മേഖലയിൽ മലയാള ഭാഷയിലെ മികച്ച ചെറുകഥയ്ക്കും നോവലിനുമാണ് അവാർഡ്. സാഹിത്യപുരസ്‌കാരങ്ങളില്‍ മികച്ച നോവലിന് 20000 രൂപയും മികച്ച ചെറുകഥയ്ക്ക് 15000 രൂപയുമാണ് സമ്മാനത്തുക. കൂടാതെ പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങൾ. ചലച്ചിത്ര മേഖലയിൽ മികച്ച ചിത്രം, സംവിധാനം, തിരക്കഥ എന്നിവയ്ക്കാണ് അവാർഡ് നൽകുന്നത്. 1992 മുതൽ തുടർച്ചയായി അവാർഡ് നൽകിവരുന്നുണ്ട്. 1992ൽ പിതൃതർപ്പണം എന്ന ചെറുകഥയ്ക്ക് എം.സുകുമാരന് ആദ്യത്തെ സാഹിത്യ അവാർഡ് ലഭിച്ചു. 1992ൽ ദൈവത്തിന്റെ വികൃതികൾ എന്ന ചിത്രത്തിന് ആദ്യത്തെ ഫീച്ചർ ചിത്രത്തിനുള്ള അവാർഡ് ലഭിച്ചു.
തോപ്പിൽ ഭാസി പുരസ്കാരം
നാടക-സിനിമാ സംവിധായകൻ, നാടകകൃത്ത്, തിരക്കഥാകൃത്ത്, നടൻ, പൊതുപ്രവർത്തകൻ എന്നീ നിലകളിലെല്ലാം ഖ്യാതിനേടിയ വ്യക്തിയായിരുന്നു തോപ്പിൽ ഭാസി. അദ്ദേഹത്തിന്റെ സ്മരണാർഥം 2011ൽ തോപ്പിൽ ഭാസി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരമാണ് തോപ്പിൽ ഭാസി അവാർഡ്. സാഹിത്യ മേഖലയിലെയും ചലച്ചിത്ര-നാടക മേഖലയിലെയും സമഗ്ര സംഭവനകൾക്കാണ് അവാർഡ് നൽകുന്നത്. 33,333 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. 2011ൽ ഒ.എൻ.വി കുറുപ്പാണ് പ്രഥമ അവാർഡ് ജേതാവ്.
ബാലാമണിയമ്മ പുരസ്കാരം
മലയാളത്തിലെ പ്രശസ്തയായ കവയിത്രിയായിരുന്നു ബാലാമണിയമ്മ. മാതൃത്വത്തിന്റെ കവയിത്രി എന്നറിയപ്പെട്ടിരുന്ന ബാലാമണിയമ്മയുടെ സ്മരണാർഥം 2008ൽ അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏർപ്പെടുത്തിയ പുരസ്‌കാരമാണ് ബാലാമണിയമ്മ പുരസ്കാരം. മലയാള ഭാഷാ സാഹിത്യത്തിലെ മികച്ച എഴുത്തുകാരെ ആദരിക്കുന്നതിനാണ് ഈ പുരസ്‌കാരം നൽകുന്നത്. 50,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. 2008 മുതൽ തുടർച്ചയായി ഈ പുരസ്‌കാരം നൽകിവരുന്നുണ്ട്. കാക്കനാടനാണ് പ്രഥമ അവാർഡ് ജേതാവ്.
കേരള സാഹിത്യ അക്കാദമി അവാർഡ്
മലയാള ഭാഷയെയും സാഹിത്യത്തെയും പോഷിപ്പിക്കുന്നതിനായി 1956 ഓഗസ്റ്റ് 15ന് തിരു-കൊച്ചി ഗവൺമെന്റാണ് കേരള സാഹിത്യ അക്കാദമി രൂപവത്കരിച്ചത്. 1958ൽ ആസ്ഥാനം തിരുവനന്തപുരത്തുനിന്ന് തൃശ്ശൂരിലേക്കു മാറ്റി. മികച്ച മലയാള ഗ്രന്ഥങ്ങൾക്ക് പുരസ്‌കാരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടുകൂടി കേരള സാഹിത്യ അക്കാദമി ഏർപ്പെടുത്തിയതാണ് കേരള സാഹിത്യ അക്കാദമി അവാർഡുകൾ. ഓരോ വർഷത്തെയും മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിലെ ഏറ്റവും മികച്ച കൃതിക്കാണ് പുരസ്‌കാരം നൽകുന്നത്. 1958ലാണ് കേരള സാഹിത്യ അക്കാദമി അവാർഡുകൾ ആദ്യമായി നൽകിയത്. കവിത, നോവല്‍, ചെറുകഥ, നാടകം, നിരൂപണം/പഠനം, ജീവചരിത്രം/ആത്മകഥ, വൈജ്ഞാനിക സാഹിത്യം, ഹാസ്യ സാഹിത്യം, വിവർത്തനം, യാത്രാവിവരണം, ബാലസാഹിത്യം, സമഗ്ര സംഭാവന, വിശിഷ്ടാംഗത്വം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ നൽകുക. 25,000 രൂപയും ഫലകവും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങൾ. സമഗ്ര സംഭാവനയ്ക്ക് 30,000 രൂപയും സാക്ഷ്യപത്രവും ഫലകവും പൊന്നാടയുമാണ് പുരസ്‌കാരം. വിശിഷ്ടാംഗത്വത്തിന് 50,000 രൂപയും രണ്ട് പവൻ തൂക്കം വരുന്ന സ്വർണ പതക്കവുമാണ് നൽകുക. പ്രധാന അവാർഡുകളോടൊപ്പം എന്ഡോവ്‌മെന്റ് അവാർഡുകളും കേരള സാഹിത്യ അക്കാദമി നൽകുന്നുണ്ട്.
0 Comments