കേരളത്തിലെ സാഹിത്യകാരന്മാർ - Part 1
എഴുത്തച്ഛൻ
ഇദ്ദേഹത്തെ ആധുനിക മലയാളഭാഷയുടെ പിതാവെന്നു വിളിക്കുന്നു. പൊന്നാനി താലൂക്കിൽ തൃക്കണ്ടിയൂർ ശിവക്ഷേത്രത്തിനു പടിഞ്ഞാറുള്ള തുഞ്ചത്ത് തറവാട്ടിലാണ് ജനിച്ചതെന്നു വിശ്വസിക്കുന്നു. സംസ്കൃതം, വേദാന്തം, തമിഴ് തുടങ്ങിയവ അഭ്യസിച്ചിരുന്നു. എ.ഡി. പതിനാറാം ശതകത്തിൽ ജീവിച്ചിരുന്നതായി കരുതുന്നു. അധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട്, ഭാഗവതം കിളിപ്പാട്ട്, ഉത്തരരാമായണം, ചിന്താരത്നം, ദേവീമാഹാത്മ്യം, കൈവല്യനവനീതം, ഹരിനാമകീർത്തനം തുടങ്ങി ഒട്ടേറെ കൃതികൾ എഴുത്തച്ഛന്റേതാണെന്ന് വിശ്വസിക്കപ്പെടുന്നു. സംസ്കൃതപദങ്ങൾ ഇടകലർന്നതെങ്കിലും ലളിതഭാഷയിലൂടെ, നാടൻവൃത്തങ്ങളിലൂടെ മലയാളസാഹിത്യത്തിനും ഭാഷയ്ക്കും ഒരു സ്ഥായിത്വം നൽകിയത് ഇദ്ദേഹമാണ്.
ചെറുശ്ശേരി
പതിനഞ്ചാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ജീവിച്ചിരുന്ന മഹാകവിയാണ് ചെറുശ്ശേരി. ഉത്തരകേരളത്തിലെ കുറുമ്പ്രനാട് താലൂക്കിൽ ചെറുശ്ശേരി ഇല്ലത്തിൽ ജനിച്ചു എന്നു കരുതുന്നു. കോലത്തുനാട്ടിലെ രാജാവായ ഉദയവർമൻ കോലത്തിരിയുടെ സദസ്യനായിരുന്നുവെന്ന് കൃഷ്ണഗാഥയിലൊരിടത്ത് കാണുന്നു. കോലത്തിരിയുടെ ആജ്ഞയനുസരിച്ചാണ് കൃഷ്ണഗാഥ രചിക്കപ്പെട്ടതെന്ന് കരുതുന്നു. അഗാധസൗന്ദര്യസങ്കല്പത്തിനുടമയായ ഇദ്ദേഹത്തിന്റേതായി കൃഷ്ണഗാഥ മാത്രമേ കിട്ടിയിട്ടുള്ളൂ. കൃഷന്റെ ജനനം മുതൽ സ്വർഗാരോഹണം വരെയുള്ള ഭാഗമാണ് കൃഷ്ണഗാഥയ്ക്ക് ഇതിവൃത്തം. മഞ്ജരീ വൃത്തത്തിന്റെ മാധുര്യം മലയാളിക്ക് നുകരുവാൻ ഇതിലപ്പുറം നല്ലൊരു കൃതി വേറെ ഇല്ല തന്നെ. എഴുത്തച്ഛന് ഏകദേശം ഒരു നൂറ്റാണ്ട് മുമ്പ് (1475) ആയിരുന്നു ജീവിതകാലം.
പൂന്താനം
പതിനാറാം ശതകത്തിൽ ജീവിച്ചിരുന്ന ഭക്തകവിയായ പൂന്താനം, എഴുത്തച്ഛന്റെ സമകാലീനനായിരുന്നു. പെരിന്തൽമണ്ണയ്ക്കടുത്തുള്ള കീഴാറ്റൂരിൽ പൂന്താനം ഇല്ലത്താണ് ജനനം. മേല്പത്തൂർ ഭട്ടതിരിപ്പാടിനോടൊപ്പം ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു വാസം. തികഞ്ഞ ശ്രീകൃഷ്ണഭക്തനായിരുന്നു പൂന്താനം. പല അപകടങ്ങളിൽ നിന്നും ഭഗവാൻ പൂന്താനത്തെ രക്ഷിച്ചിട്ടുണ്ട് എന്ന് ഐതിഹ്യം. ജ്ഞാനപ്പാന, ഭാഷാകർണാമൃതം, സന്താനഗോപാലം പാന, നാരായണീയ സ്തോത്രങ്ങൾ, ദശാവതാരസ്തോത്രം എന്നിവയാണ് പ്രധാന കൃതികൾ. തനിനാടൻ ഭാഷാപ്രയോഗമാണ് പൂന്താനത്തിന്റേത്. പാനപ്രസ്ഥാനത്തിലെ അവസാന കണ്ണിയാണ് പൂന്താനത്തിന്റെ പാനകൾ.
മേല്പത്തൂർ നാരായണഭട്ടതിരി
പതിനാറാം ശതകത്തിന്റെ ഉത്തരാർധത്തിൽ പൊന്നാനി താലൂക്കിൽ, മേല്പത്തൂർ ഇല്ലത്തു ജനിച്ചു. നാരായണീയം അദ്ദേഹത്തിന്റെ മുഖ്യകൃതിയാണ്. തികഞ്ഞ ശ്രീകൃഷ്ണഭക്തനായിരുന്ന മേല്പത്തൂർ ഗുരുവായൂരമ്പലത്തിലാണ് വസിച്ചിരുന്നത്. ഈ ക്ഷേത്രത്തിലിരുന്നാണ് നാരായണീയം രചിച്ചതെന്ന് ഐതിഹ്യമുണ്ട്. സ്തോത്രങ്ങൾ, ചമ്പുക്കൾ, മുക്തകങ്ങൾ, ശാസ്ത്രഗ്രന്ഥങ്ങൾ തുടങ്ങിയ മേഖലകളിൽ അദ്ദേഹത്തിന്റെ കാവ്യസപര്യ വ്യാപിച്ചു കിടക്കുന്നു. നാരായണീയം, ശ്രീപാദസപ്തതി, ഗുരുവായൂർപുരേശസ്തോത്രം, പ്രക്രിയാസർവസ്വം തുടങ്ങി ഇരുപതിലധികം കൃതികൾ മേല്പത്തൂർ ഭട്ടതിരിയുടേതായിട്ടുണ്ട്.
രാമപുരത്തു വാരിയർ
1703 ഫെബ്രുവരി 13-ന് ജനിച്ചു. തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമയുടെ ആശ്രിതനും സദസ്യനുമായിരുന്നു. രാജാവിന്റെ ആജ്ഞപ്രകാരം വാരിയർ രചിച്ച ആദ്യ വഞ്ചിപ്പാട്ടുകൃതിയാണ് കുചേലവൃത്തം വഞ്ചിപ്പാട്ട്. ഇത് സംവിധാനഭംഗിയിലും ഭാഷാലാളിത്യത്തിലും കല്പനാവൈഭവത്തിലും മികവുറ്റ കൃതിയാണ്. കുചേലന്റെ ഭക്തിയും കൃഷ്ണന്റെ ഭക്തവാത്സല്യവുമാണ് കവിതാ വിഷയം. കർമവിമുഖരായി ഭക്തിയിൽ മാത്രം മുഴുകിക്കഴിയുന്നവർക്കുള്ള ഉപദേശം കൂടിയാണ് കുചേലവൃത്തം വഞ്ചിപ്പാട്ട്. ജയദേവകൃതിയായ ഗീതാഗോവിന്ദത്തിന്റെ പരിഭാഷയായ ഭാഷാഷ്ടപദി ഇദ്ദേഹത്തിന്റെ കൃതിയാണ്. 1753-ൽ അന്തരിച്ചു.
ഉണ്ണായിവാരിയർ
നളചരിതം ആട്ടക്കഥയുടെ കർത്താവ്. എ.ഡി പതിനെട്ടാം ശതകത്തിൽ ഇരിങ്ങാലക്കുട അകത്തൂട്ടു വാര്യത്ത് ജനിച്ചു. കുഞ്ചൻ നമ്പ്യാരുടെ സമകാലീനനായിരുന്ന ഉണ്ണായി വാരിയർ, നമ്പ്യാരോടൊപ്പം കാർത്തികതിരുനാൾ രാമവർമ മഹാരാജാവിന്റെ സദസ്യനായിരുന്നു. നളചരിതം ആട്ടക്കഥ എന്ന ഒറ്റകൃതി കൊണ്ടുതന്നെ ആട്ടക്കഥാരംഗത്തും സാഹിത്യരംഗത്തും വാരിയർ ചിരപ്രതിഷ്ഠ നേടി. 1749-ൽ നളചരിതം ആട്ടക്കഥ കഥകളിയായി, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ അരങ്ങേറിയതായി ഗ്രന്ഥങ്ങളിൽ കാണുന്നു. ഭാഷാപരമായ നിരങ്കുശത്വമാണ് വാരിയരുടെ പ്രത്യേകത. അന്ത്യപ്രാസം വാരിയരുടെ രചനയുടെ മുഖമുദ്രയാണ്. മഹാഭാരതം വനപർവ്വത്തിലെ നളോപാഖ്യാനമാണ് നളചരിതം ആട്ടക്കഥയായി വാരിയർ രൂപപ്പെടുത്തിയത്.
കുഞ്ചൻ നമ്പ്യാർ
1700 ആം ആണ്ടിനടുത്ത് ജനിച്ച കുഞ്ചൻ നമ്പ്യാർ, തുള്ളൽകൃതികൾ എഴുതുകയും ആവതരിപ്പിക്കുകയുംചെയ്തു. കിള്ളിക്കുറിശ്ശിമംഗലം കലക്കത്ത് ഭവനത്തിൽ ജനനം. അമ്പലപ്പുഴ ദേവനാരായണരാജാവിന്റെ ആശ്രിതനായിരുന്നു. മാർത്താണ്ഡവർമ മഹാരാജാവ് ചെമ്പകശ്ശേരി രാജ്യം കീഴടക്കിയപ്പോൾ തിരുവനന്തപുരത്തേയ്ക്ക് പോന്നു. കവിസദസ്സിൽ രാമപുരത്തുവാരിയർ, ഉണ്ണായിവാരിയർ തുടങ്ങിയവരുമുണ്ടായിരുന്നു. കല്യാണസൗഗന്ധികം എന്ന കൃതിയിൽ തുടങ്ങിയതാണ് നമ്പ്യാരുടെ സാഹിത്യ-സാമൂഹ്യ പ്രവർത്തനം. സന്താനഗോപാലം, ബാണയുദ്ധം, സ്യമന്തകം, ഘോഷയാത്ര, കിരാതം, നളചരിതം, സീതാസ്വയംവരം, ത്രിപുരദഹനം, പാഞ്ചാലീസ്വയംവരം, സഭാപ്രവേശം, കീചകവധം എന്നിങ്ങനെ ധാരാളം കൃതികൾ രചിച്ചു. ഓരോ കൃതിയും സമൂഹത്തിലെ കൊള്ളരുതായ്മകൾക്കു നേരെയുള്ള ചാട്ടവാറടിയായിരുന്നു.
ഇരയിമ്മൻതമ്പി
1783-ൽ തിരുവനന്തപുരത്ത് കരമനയിൽ ജനിച്ച തമ്പി കൗമാരത്തിൽത്തന്നെ ദേവീസ്തോത്രങ്ങൾ രചിച്ച് പ്രസിദ്ധനായി. 1815-ൽ തിരുവിതാംകൂറിലെ ആസ്ഥാന കവിയായി. 'ഓമനത്തിങ്കൾക്കിടാവോ' എന്ന താരാട്ടുപാട്ടിലൂടെ ജനസാമാന്യത്തിനിടയിൽ പ്രശസ്തനായ കവി. സംസ്കൃതത്തിലും മലയാളത്തിലുമായി ധാരാളം കൃതികൾ രചിച്ചിട്ടുണ്ട്. സംസ്കൃതപണ്ഡിതനായിരുന്ന ഇരയിമ്മൻതമ്പി മൂന്ന് ആട്ടക്കഥകൾ രചിച്ചു. ഉത്തരാസ്വയംവരം, ബകവധം, കീചകവധം എന്നീ മൂന്നു കൃതികളും ആട്ടക്കഥാ സാഹിത്യത്തിന്റെ വളർച്ചയിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. സുഭദ്രാഹരണം കൈകൊട്ടിക്കളിപ്പാട്ടും മുറജപപ്പാനയും ചില ഒറ്റശ്ലോകങ്ങളും ആട്ടക്കഥകളും തമ്പിയുടേതായുണ്ട്. 1856-ൽ അന്തരിച്ചു.
ഹെർമൻ ഗുണ്ടർട്ട്
1814 ഫെബ്രുവരി 14-ന് ജർമനിയിൽ സ്റ്റുട്ട്ഗാർട്ടിൽ ജനിച്ച ഗുണ്ടർട്ട് മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വിലപ്പെട്ട സംഭാവനകൾ നൽകി. 1836-ൽ മതപ്രചാരണത്തിനായി ഇന്ത്യയിലെത്തിയ ഇദ്ദേഹം മിക്ക ഇന്ത്യൻഭാഷകളിലും പ്രാവീണ്യം നേടി. 1839 മുതൽ 1859 വരെ തലശ്ശേരിക്കടുത്ത് ഇല്ലിക്കുന്നിൽ താമസമുറപ്പിച്ചു. 1872ൽ മംഗലാപുരത്തുനിന്ന് ഗുണ്ടർട്ടിന്റെ മലയാളം-ഇംഗ്ലീഷ് നിഘണ്ടു പ്രസിദ്ധപ്പെടുത്തി. 1843-ൽ കേരളോത്പത്തിയും 1845-ൽ പഴഞ്ചൊൽമാലയും പ്രസിദ്ധീകരിച്ചു. പാഠമാല, കേരളപ്പഴമ, വാസ്കോഡഗാമയുടെ ആഗമനം തുടങ്ങി 25-ലധികം ഗ്രന്ഥങ്ങൾ ഗുണ്ടർട്ട് രചിച്ചു. 1893 ഏപ്രിൽ മാസം 25-ന് ദിവംഗതനായി.
സ്വാതി തിരുനാൾ
കലാകാരന്മാരിൽ വച്ച് രാജാവും രാജാക്കന്മാരിൽ വച്ച് കലാകാരനും എന്ന് വിഖ്യാതനായി. 1813-ൽ ജനിച്ചു. സംഗീതജ്ഞനും ഗാനരചയിതാവും ഗായകനുമായിരുന്നു, സ്വാതിതിരുനാൾ. മാതൃഗർഭത്തിലായിരിക്കെത്തന്നെ രാജ്യാവകാശിയായിരുന്നതിനാൽ 'ഗർഭശ്രീമാൻ' എന്നു വിളികൊണ്ടു. 1829 ഏപ്രിൽ 4-ന് രാജാവായി അധികാരമേറ്റു. സാഹിത്യത്തിലെന്ന പോലെ സാമൂഹ്യ പരിഷ്കരണരംഗത്തും തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ചു. ഹിന്ദുസ്ഥാനിസംഗീതത്തിനും കർണ്ണാടകസംഗീതത്തിനും വിലപ്പെട്ട സംഭാവന നൽകിയ സ്വാതിതിരുനാളിന്റെ ചില കൃതികളാണ് ഉത്സവപ്രബന്ധം, അജാമിളോപാഖ്യാനം, കുചേലോപാഖ്യാനം, മധ്യമകാലകീർത്തനങ്ങൾ എന്നിവ. 1847-ൽ അന്തരിച്ചു.
ഒ. ചന്തുമേനോൻ
വടക്കേ മലബാറിൽ 1847 ജനുവരി 9-ന് ജനിച്ചു. കോടതിഗുമസ്തൻ, മുൻഷി, ഹെഡ്മുൻഷി, മുൻസിഫ്, അഡീഷണൽ ജഡ്ജി എന്നീ ഉദ്യോഗങ്ങളിലിരുന്നു. 1897-ൽ കോഴിക്കോട് സബ്ജഡ്ജിയായി. 1878-ൽ 'റാവുബഹാദൂർ' സ്ഥാനം നേടി. ചന്തുമേനോന്റെ ആദ്യകൃതിയായ ഇന്ദുലേഖ (1887) ലക്ഷണമൊത്ത ആദ്യ മലയാളനോവലായി ഇന്നും പരിഗണിക്കപ്പെട്ടുവരുന്നു. അപൂർണ കൃതിയായ ശാരദ (1892) ചന്തുമേനോന്റെ സമകാലിക വീക്ഷണഗതിയെ പ്രകാശിപ്പിക്കുന്ന ഒന്നാണ്. തന്റെ കൃതികളിലൂടെ അന്നത്തെ നായർ-നമ്പൂതിരി സമുദായങ്ങളിലെ യാഥാസ്ഥിതികത്വത്തെയും അനാചാരങ്ങളെയും ദുഷ്പ്രവണതകളെയും നിശിതമായി വിമർശിച്ചു. 1899 സെപ്റ്റംബർ 7-ന് നിര്യാതനായി.
കേരളവർമ വലിയ കോയിത്തമ്പുരാൻ
'കേരളകാളിദാസൻ' എന്ന പേരിൽ വിഖ്യാതനായ ഇദ്ദേഹം നവീനഗദ്യത്തിന്റെ ഉദ്ഘാടകനാണ്. 1845 ഫെബ്രുവരി 19-ന് ചങ്ങനാശ്ശേരിയിൽ ലക്ഷ്മീപുരം കൊട്ടാരത്തിൽ ജനിച്ചു. പതിനാറാമത്തെ വയസ്സിൽ പ്രബന്ധരചനയിലൂടെയും സാഹിത്യരചനയിലൂടെയും സാഹിത്യരംഗത്തു വന്നു. ദ്വിതീയാക്ഷരപ്രാസവാദത്തിൽ പ്രധാനി. മയൂരസന്ദേശം, മഹച്ചരിതസംഗ്രഹം, സന്മാർഗപ്രദീപം, വിജ്ഞാനമഞ്ജരി, അക്ബർ, മണിപ്രവാളശാകുന്തളം, അമരുകശതകം, അന്യാപദേശശതകം, പരശുരാമവിജയം, ദൈവയോഗം തുടങ്ങിയവ മലയാളത്തിലും, വിശാഖവിജയം മഹാകാവ്യം, കംസവധം ചമ്പു, ഗുരുപവനപുരേശസ്തവം, ശൃംഗാരമഞ്ജരീഭാണം, വിക്ടോറിയാചരിതം, സന്മാർഗസംഗ്രഹം, ശുകസന്ദേശവ്യാഖ്യാനം, പ്രക്രിയാസർവസ്വവ്യാഖ്യാനം തുടങ്ങിയവ സംസ്കൃതത്തിലും ഉള്ള കൃതികളാണ്. 1914-ൽ അന്തരിച്ചു.
കണ്ടത്തിൽ വറുഗീസ് മാപ്പിള
സാഹിത്യകാരനും മലയാള മനോരമ പത്രത്തിന്റെ സ്ഥാപകനും. 1857-ൽ കണ്ടത്തിൽ കുടുംബത്തിന്റെ ഭാഗമായ തിരുവല്ലയിലെ കറുത്തനല്ലൂർ വീട്ടിൽ ജനിച്ചു. 1881 ജനുവരി 1 മുതൽ ഒരു കൊല്ലത്തോളം കൊച്ചിയിലെ കേരളമിത്രത്തിന്റെ പത്രാധിപരായി. 1888 മാർച്ച് 14-ന് പത്രം തുടങ്ങുന്നതിന് ഒരു കമ്പനി രജിസ്റ്റർ ചെയ്തു. 1890 മാർച്ച് 22-ന് മലയാള മനോരമയുടെ ഒന്നാം ലക്കം പുറത്തുവന്നു. കേരളവർമ വലിയ കോയിത്തമ്പുരാന്റെ അധ്യക്ഷതയിൽ 1891-ൽ തുടങ്ങിയ കവിസമാജത്തിന്റെ കാര്യദർശിയായിരുന്നു. 1892-ൽ മനോരമ നാടകസഭ സ്ഥാപിച്ചു. 1893-ൽ ഭാഷാപോഷിണി ആരംഭിച്ചു. ദർപ്പവിച്ഛേദം, യോഷാഭൂഷണം, എബ്രായക്കുട്ടി (നാടകം), കലഹനിനീദമനകം വിസ്മയജനകം (കവിത) എന്നിവയാണ് പ്രധാന കൃതികൾ. 1904 ജൂലൈ 6-ന് ചരമം പ്രാപിച്ചു.
കൊട്ടാരത്തിൽ ശങ്കുണ്ണി
ഐതിഹ്യമാലയുടെ കർത്താവ്. കവി, വൈദ്യൻ, വൈയാകരണൻ എന്നീ നിലകളിൽ പ്രശസ്തൻ. കോട്ടയത്തിനടുത്ത് കോടിമതയിൽ 1855 ഏപ്രിൽ 4-ന് ജനിച്ചു. വാസുദേവൻ ഉണ്ണി എന്നത് ശരിയായ നാമം. 16 വയസ്സുകഴിഞ്ഞാണ് പഠനം ആരംഭിച്ചത്. കോട്ടയം എം.ഡി. ഹൈസ്കൂളിൽ മലയാളം അധ്യാപകനായിരുന്നു. മലയാള മനോരമയിൽ പ്രവർത്തിച്ചു. പച്ചമലയാളപ്രസ്ഥാനത്തെ പരിപോഷിപ്പിച്ചവരിൽ ഒരാൾ. ലളിതമായ ഭാഷ, ഗദ്യത്തിൽത്തന്നെ അലങ്കാരഭംഗി വരുത്തിയുള്ള രചന ഇവ ഇദ്ദേഹത്തിന്റെ ശൈലിയുടെ പ്രത്യേകതകളാണ്. ഐതിഹ്യമാല (8 ഭാഗം) കൂടാതെ 50-ലേറെ കൃതികൾ ഇദ്ദേഹത്തിന്റേതായുണ്ട്. വിക്രമോർവശീയം, മാലതീമാധവം എന്നീ സംസ്കൃത നാടകങ്ങൾ പരിഭാഷപ്പെടുത്തി. ധാരാളം ആട്ടക്കഥകളും രചിച്ചിട്ടുണ്ട്. 1937 ജൂലൈ 22-ന് അന്തരിച്ചു.
പുന്നശ്ശേരി നമ്പി നീലകണ്ഠശർമ
1858 ജൂൺ 17-ന് പുന്നശ്ശേരി ഇല്ലത്തിൽ ജനിച്ച ഇദ്ദേഹം ജ്യോതിഷം, വ്യാകരണം, കാവ്യം എന്നിവ അഭ്യസിച്ചു. സംസ്കൃത പണ്ഡിതനായിരുന്നു. ഇദ്ദേഹം പട്ടാമ്പിയിൽ ആരംഭിച്ച സംസ്കൃത പാഠശാലയാണ് പിന്നീട് ഗവൺമെന്റ് സംസ്കൃത കോളേജായത്. മണിപ്രവാളശൈലിയാണ് സാഹിത്യ രചനയ്ക്ക് നമ്പി കൂടുതലായും ഉപയോഗിച്ചത്. കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ അധ്യക്ഷൻ, മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് മെമ്പർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പ്രധാനകൃതികൾ: ഈഹാപുരാര്യാസ്തവം, ഘോഷപുര മഹാരാജ്ഞീ ചരിത്രം, ശൈലാബ്ധീശ്വരശതകം, ചമത്കാരചിന്താമണി, ജ്യോതിശ്ശാസ്ത്രസുബോധിനി, സാഹിത്യരത്നാവലി. 1934 സെപ്റ്റംബർ 14-ന് നിര്യാതനായി.
സി.വി. രാമൻപിള്ള
1858 മെയ് 19-ന് തിരുവനന്തപുരത്ത് ജനിച്ചു. മലയാളത്തിലെ ഗദ്യസാഹിത്യത്തിൽ മാത്രമല്ല നോവൽസാഹിത്യത്തിലും നവീനചലനങ്ങൾ സൃഷ്ടിച്ച സി.വി. ആദ്യമായി പ്രഹസനങ്ങളും ചരിത്രനോവലുകളും മലയാളത്തിൽ രചിച്ചു. 'മലയാളത്തിന്റെ സ്കോട്ട്' എന്നദ്ദേഹം അറിയപ്പെട്ടു. ചന്ദ്രമുഖീവിലാസം, കുറുപ്പില്ലാക്കളരി എന്നീ പ്രഹസനങ്ങളും, മലയാളസാഹിത്യത്തിലെ അതുല്യസൃഷ്ടികളായ മാർത്താണ്ഡവർമ (1891), ധർമരാജ (1913), രാമരാജബഹദൂർ (1918) എന്നീ ചരിത്രനോവലുകളും ഇദ്ദേഹത്തിന്റേതാണ്. അസാമാന്യവ്യക്തിത്വമുള്ള കഥാപാത്രങ്ങളുടെ അവതരണമാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത. പ്രേമാമൃതം എന്ന സാമുദായികനോവലും സി.വിയുടേതായുണ്ട്. 1922 മാർച്ച് 20-ന് ദിവംഗതനായി.
എ.ആർ. രാജരാജവർമ
കവി, വൈയാകരണൻ, ഭാഷാശാസ്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ അഗ്രഗണ്യൻ. 1863 ഫെബ്രുവരി 20-ന് ചങ്ങനാശ്ശേരിയിൽ ജനിച്ചു. എ.ആറിന്റെ മലയവിലാസം എന്ന ഖണ്ഡകാവ്യമാണ് മലയാള സാഹിത്യത്തിൽ കാല്പനികവസന്തത്തിന് തുടക്കം കുറിച്ച ആദ്യകൃതി. മാതുലനായ വലിയ കോയിത്തമ്പുരാനുമായി നടന്ന ദ്വിതീയാക്ഷര പ്രാസവാദത്തിൽ നിർണായകമായ പങ്കുവഹിച്ചു. ഭാഷയ്ക്കും സാഹിത്യത്തിനും വേണ്ട നിയമങ്ങൾ ആവിഷ്കരിച്ചു. മലയവിലാസം, പ്രസാദമാല, ആംഗലസാമ്രാജ്യം തുടങ്ങിയ സാഹിത്യകൃതികളും കേരളപാണിനീയം, ഭാഷാഭൂഷണം, വൃത്തമഞ്ജരി, സാഹിത്യസാഹ്യം തുടങ്ങിയ ഭാഷാ-സാഹിത്യ നിയമഗ്രന്ഥങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്. കേരളപാണിനീയമാണ് വ്യാകരണപഠനത്തിന് ഇന്നും അടിസ്ഥാനഗ്രന്ഥം. 1918 ജൂൺ 18-ന് നിര്യാതനായി.
വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ
കേസരി എന്ന തൂലികാനാമത്തിലറിയപ്പെട്ട കുഞ്ഞിരാമൻ നായനാർ ആദ്യകാലസാഹിത്യവിമർശകനും നർമോപന്യാസകാരനുമായിരുന്നു. 1860-ൽ കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ചിറയ്ക്കലിൽ മാതമംഗലത്ത് ജനിച്ചു. മലയാളത്തിന്റെ ആദ്യത്തെ കഥയെന്ന് പൊതുവെ അംഗീകരിക്കപ്പെടുന്ന വാസനാവികൃതിയുടെ കർത്താവാണ് കേസരി. ദ്വാരക എന്ന കഥയിൽ ഇദ്ദേഹം പറഞ്ഞ വസ്തുതകൾ സമീപകാല ഗവേഷണഫലങ്ങൾ ശരിവയ്ക്കുന്നു. കേരളചന്ദ്രിക, കേരളപത്രിക, വിദ്യാവിനോദിനി, മിതവാദി, മനോരമ തുടങ്ങിയ ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതി. ദേശാഭിമാനി, വജ്രബാഹു, വജ്രസൂചി എന്നീ തൂലികാനാമങ്ങളിലും ഇദ്ദേഹം അറിയപ്പെട്ടു. കുറച്ചുകാലം കേരളസഞ്ചാരി, വിദ്യാവിനോദിനി എന്നീ പത്രങ്ങളുടെ പത്രാധിപരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1914-ൽ ദിവംഗതനായി.
കുമാരനാശാൻ
മഹാകാവ്യം എഴുതാതെ മഹാകവി സ്ഥാനത്തേയ്ക്ക് ഉയർന്ന അപൂർവ പ്രതിഭ. ആധുനിക കവിത്രയത്തിൽ പ്രഥമഗണനീയൻ. 1873 ഏപ്രിലിൽ ജനിച്ചു. ആശയഗംഭീരൻ, സ്നേഹഗായകൻ, വിപ്ലവത്തിന്റെ ശുക്രനക്ഷത്രം എന്നെല്ലാമുള്ള വിശേഷണങ്ങൾ അദ്ദേഹത്തെ തേടിയെത്തി. സാഹിത്യത്തിൽ ശബ്ദവിപ്ലവം നടത്തിയ കവി. കവിതയിൽ ആദ്യമായി 'ഫ്ളാഷ്ബാക്ക്' അവതരിപ്പിച്ചതും ആശാൻ തന്നെയാണ്. 1891-ൽ ശ്രീനാരായണഗുരുവുമായി പരിചയപ്പെട്ടു. പിന്നീട് ബാംഗ്ലൂരിലും കൊൽക്കത്തയിലും സംസ്കൃതം പഠിച്ചു. 1902-ൽ എസ്.എൻ.ഡി.പി. സ്ഥാപിതമായപ്പോൾ സെക്രട്ടറിയായി. 1922-ൽ വെയിൽസ് രാജാവ് പട്ടും വളയും നൽകി. വീണപൂവ്, ലീല, ചിന്താവിഷ്ടയായ സീത, പ്രരോദനം, ദുരവസ്ഥ ഇവ പ്രധാന കൃതികൾ. പല്ലനയാറ്റിൽ വച്ച് 1924 ജനുവരി 16-ന് ഉണ്ടായ ബോട്ടപകടത്തിൽ മരിച്ചു.
കുഞ്ഞിക്കുട്ടൻ തമ്പുരാൻ
വെൺമണി അച്ഛൻ നമ്പൂതിരിപ്പാടിന്റെ മകനായി 1864 സെപ്റ്റംബറിൽ കൊടുങ്ങല്ലൂരിൽ ജനിച്ചു. കൊടുങ്ങല്ലൂർ കോവിലകത്ത് കുഞ്ഞിപ്പിള്ളത്തമ്പുരാട്ടിയാണ് മാതാവ്. ദ്രുതകവനത്തിലായിരുന്നു തമ്പുരാന് ഭ്രമം. ആദ്യകാല സാഹിത്യമാസികകളിൽ തമ്പുരാന്റെ കൃതികൾ പ്രസിദ്ധീകൃതമായി. സുഭദ്രാഹരണം, ജരാസന്ധവധം, ശ്രീശങ്കരഗുരുചരിതം തുടങ്ങിയ സംസ്കൃതകൃതികളും ചില രൂപകങ്ങളും ഗാഥാകൃതികളും ഖണ്ഡകൃതികളും ഇദ്ദേഹത്തിന്റേതായുണ്ട്. വ്യാസവിരചിതമായ മഹാഭാരതത്തിന്റെ വിവർത്തനം 'കേരളവ്യാസൻ' എന്ന വിശേഷണം ഇദ്ദേഹത്തിന് നേടിക്കൊടുത്തു. 18 പർവങ്ങളും 2000 അധ്യായങ്ങളും 1,20,000 ശ്ലോകങ്ങളും ഉൾപ്പെട്ട മഹാഭാരതം 874 ദിവസം കൊണ്ടാണ് തമ്പുരാൻ മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത് 1913-ൽ അന്തരിച്ചു.
ഉള്ളൂർ എസ്. പരമേശ്വരയ്യർ
1877 ജൂൺ 5-ന് ജനിച്ചു. ആധുനിക കവിത്രയത്തിൽ ഒരാൾ. കവി എന്നതിലുപരി സാഹിത്യചരിത്രകാരൻ, ഗവേഷകൻ എന്നീ നിലയിലാണ് ഉള്ളൂരിന് കൂടുതൽ പ്രശസ്തി. സംസ്കൃതപണ്ഡിതനായിരുന്ന അദ്ദേഹം ഉജ്ജ്വലശബ്ദാഢ്യൻ, ഉല്ലേഖപ്രിയൻ എന്നിങ്ങനെയെല്ലാം വിളിക്കപ്പെട്ടു. സാഹിത്യപരിഷത്തിന്റെ അധ്യക്ഷൻ, ത്രൈമാസികാപത്രാധിപർ, കൊച്ചി ഭാഷാപരിഷ്കരണ കമ്മിറ്റി അംഗം എന്നിങ്ങനെ ഭാഷാ-സാഹിത്യ രംഗങ്ങളിൽ ശോഭിച്ചു. നിരൂപകൻ, ഗദ്യകാരൻ, വ്യാഖ്യാതാവ് എന്നീ നിലകളിലും സാഹിത്യസേവനം നടത്തി. കേരളസാഹിത്യചരിത്രം, പിംഗള, ഭക്തിദീപിക, ഉമാകേരളം (മഹാകാവ്യം), കർണഭൂഷണം, ചിത്രശാല ഇവയാണ് പ്രധാന കൃതികൾ. 1949 ജൂൺ 15-ന് അന്തരിച്ചു.
ഐ.സി. ചാക്കോ
സംസ്കൃതപണ്ഡിതൻ, വൈയാകരണൻ. ജനനം 1875 ഡിസംബർ 25-ന് ആലപ്പുഴയിലെ പുളിങ്കുന്നിൽ. വിദ്യാഭ്യാസാനന്തരം തിരുവിതാംകൂർ ഭൂഗർഭശാസ്ത്ര വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. ചാക്കോ രചിച്ച പാണിനീയപ്രദ്യോതം മലയാളത്തിനു ലഭിച്ചിട്ടുള്ള ഉത്കൃഷ്ട സംഭാവനയാണ്. പാണിനീയപ്രദ്യോതത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. പൗരാണികകഥകളുടെ യുക്തിഭദ്രമായ നിരൂപണമായിരുന്നു ചാക്കോയുടെ മറ്റൊരു സാഹിത്യസവിശേഷത. ഊർജതന്ത്രം, രസതന്ത്രം, ഭൂഗർഭശാസ്ത്രം, പ്രകൃതിശാസ്ത്രം, ശബ്ദശാസ്ത്രം, ജ്യോതിശാസ്ത്രം, അലങ്കാരം, ചരിത്രം എന്നീ വിജ്ഞാനശാഖകളിലും സംസ്കൃതം, ഇംഗ്ലീഷ്, മലയാളം, ലാറ്റിൻ, ഗ്രീക്ക്, സുറിയാനി, ഫ്രഞ്ച്, ജർമൻ എന്നീ ഭാഷകളിലും സ്വപ്രയത്നം കൊണ്ട് ചാക്കോ പാണ്ഡിത്യം നേടി. 1966 മേയ് 27-ന് അന്തരിച്ചു.
പി.കെ. നാരായണപിള്ള (സാഹിത്യപഞ്ചാനനൻ)
1878-ൽ ജനിച്ചു. മലയാള നിരൂപണസാഹിത്യത്തിന്റെ അടിസ്ഥാനമുറപ്പിച്ച പണ്ഡിതനും ഗദ്യകാരനും. അഭിഭാഷകൻ, ന്യായാധിപൻ എന്നീ നിലകളിലും പ്രശസ്തിയാർജ്ജിച്ചു. 1903-ൽ മഹാരാജാസ് കോളേജിൽ മലയാളാധ്യാപകനായി. പാശ്ചാത്യ മാതൃകയിൽ ഗ്രന്ഥകാരനെയും ഗ്രന്ഥത്തെയും സംബന്ധിച്ച് ഗവേഷണം നടത്തി, പഠനാത്മകവും വിമർശനപരവുമായ കൃതികൾ പ്രസിദ്ധീകരിക്കുന്ന രീതി മലയാളത്തിൽ ആരംഭിച്ചത് ഇദ്ദേഹമാണ്. പ്രസംഗങ്ങളുടെ സമാഹാരമായ പ്രസംഗതരംഗിണി (മൂന്നു ഭാഗങ്ങൾ), പ്രയോഗദീപിക, ചില കവിതാപ്രതിധ്വനികൾ, വിജ്ഞാനരഞ്ജിനി എന്നീ കൃതികളും ക്ഷേത്രപ്രവേശനവാദം, കേരളാചാര നാഡീപരീക്ഷ, ശ്രീമൂലവൃത്താവലി, കൃഷ്ണഗാഥാനിരൂപണം തുടങ്ങി ഒട്ടേറെ കൃതികളും ഇദ്ദേഹത്തിന്റേതായുണ്ട്. നിര്യാണം 1938 ഫെബ്രുവരി 10-ന്.
വള്ളത്തോൾ നാരായണമേനോൻ
1878 ഒക്ടോബർ 16-ന് ജനിച്ചു. ആധുനിക കവിത്രയത്തിൽ ഒരാൾ. 'കേരളവാല്മീകി' എന്ന വിശേഷണത്തിനർഹനായി. ദേശീയ കവിയായി വള്ളത്തോൾ വാഴ്ത്തപ്പെട്ടു. വാങ്മയചിത്രത്തിന്റെ അവാച്യമായ ഭംഗി വള്ളത്തോൾ കവിതയുടെ പ്രത്യേകതയാണ്. 1927-ൽ കേരള കലാമണ്ഡലം സ്ഥാപിച്ചു. ഗണപതി, ബന്ധനസ്ഥനായ അനിരുദ്ധൻ, ശിഷ്യനും മകനും, സാഹിത്യമഞ്ജരി (11 ഭാഗങ്ങൾ), ചിത്രയോഗം (മഹാകാവ്യം), വാല്മീകിരാമായണ പരിഭാഷ ഇവ പ്രധാന കൃതികൾ. കവിതിലകൻ, ആസ്ഥാനകവി, പത്മഭൂഷൺ തുടങ്ങിയ ബഹുമതികൾ ലഭിച്ചു. കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷൻ, കേന്ദ്ര സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 1958 മാർച്ച് 13-ന് ദിവംഗതനായി.
നാലപ്പാട്ട് നാരായണമേനോൻ
1887 ഒക്ടോബർ 7-ന് പൊന്നാനിയിൽ ജനിച്ചു. നാലപ്പാട്ട്, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ പ്രാഥമികവിദ്യാഭ്യാസം നേടി. ഇംഗ്ലീഷും വേദാന്തവും പഠിച്ചു. കാല്പനികഭാവഗീതപ്രസ്ഥാനത്തിന് പരിപോഷണം നൽകിയവരുടെയിടയിൽ മുൻപന്തിയിലാണ് ഇദ്ദേഹം. വിലാപകാവ്യപ്രസ്ഥാനത്തിൽ ഇദ്ദേഹത്തിന്റെ കണ്ണുനീർത്തുള്ളി എന്ന കൃതിക്ക് പ്രമുഖസ്ഥാനമുണ്ട്. പാശ്ചാത്യ വിലാപകാവ്യങ്ങളെ മാതൃകയാക്കിക്കൊണ്ട്, സ്വന്തം പത്നിയുടെ അകാലചരമത്തിൽ വിലപിച്ചെഴുതിയ പ്രസ്തുത കൃതി ഭാവതീക്ഷ്ണതയും തനിമയും പുലർത്തുന്നതാണ്. വികാരസാന്ദ്രമായ തത്ത്വചിന്തയാണ് ഈ കൃതിയുടെ സവിശേഷത. വിക്ടർഹ്യൂഗോവിന്റെ പാവങ്ങൾ വിവർത്തനം ചെയ്തു. രതിസാമ്രാജ്യം മറ്റൊരു കൃതിയാണ്. കവയിത്രി ബാലാമണിയമ്മ ഇദ്ദേഹത്തിന്റെ ഭാഗിനേയിയാണ്. 1984 ഒക്ടോബർ 24-ന് ദിവംഗതനായി.
കെ.പി. കേശവമേനോൻ
1886 സെപ്റ്റംബർ 1-ന് ജനിച്ചു. സ്വാതന്ത്ര്യസമരസേനാനിയും സാഹിത്യകാരനും പത്രപ്രവർത്തകനുമായിരുന്നു. ലണ്ടനിൽ ബാർ അറ്റ് ലാ പഠനം പൂർത്തിയാക്കി. 1923-ൽ മാതൃഭൂമി സ്ഥാപിച്ചു. 1927-ൽ മലയായിലേയ്ക്ക് പോയി. ഇന്ത്യൻ ഇന്റിപ്പെന്റൻസ് ലീഗിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. പ്രസിദ്ധീകരണവിഭാഗം മന്ത്രിയായിരുന്നു. ജപ്പാൻകാരുടെ തടവിൽ കഴിഞ്ഞിട്ടുണ്ട്. സിലോണിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായിരുന്ന ഇദ്ദേഹത്തിന് പത്മഭൂഷൺ, കോഴിക്കോട് സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് ബിരുദം എന്നിവ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞകാലം (ആത്മകഥ), ഭൂതവും ഭാവിയും, ജീവിതചിന്തകൾ, ബിലാത്തിവിശേഷം, നാം മുന്നോട്ട്, അസ്തമനം തുടങ്ങിയവയാണ് കൃതികൾ. 1978 നവംബർ 9-ന് അന്തരിച്ചു.
വി.ടി. ഭട്ടതിരിപ്പാട്
1896 മാർച്ച് 26-ന് ജനിച്ചു. വെള്ളിത്തിരുത്തിത്താഴത്ത് രാമൻ ഭട്ടതിരിപ്പാട് എന്നാണ് മുഴുവൻ പേര്. സാമൂഹ്യപ്രവർത്തകൻ, നാടകകൃത്ത്, കഥാകാരൻ. കേരളത്തിലെ നമ്പൂതിരിസമുദായത്തിന്റെ പരിഷ്കരണത്തിന് മുൻകൈയെടുത്തവരിൽ പ്രമുഖൻ. നമ്പൂതിരി സമുദായത്തിൽ ആദ്യമായി വിധവാവിവാഹം നടന്നതിന് കാരണഭൂതനായി. കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലുറപ്പിക്കാൻ സാധിച്ച സാഹിത്യനായകനാണ് വി.ടി. ദുരാചാരങ്ങളുടെ അധ്യായം തിരുത്തിക്കുറിച്ച അദ്ദേഹം സ്വാതന്ത്ര്യസമരസേനാനികൂടിയാണ്. പല പത്രങ്ങളുടെയും പത്രാധിപരായിരുന്നു. കണ്ണീരും കിനാവും എന്ന ആത്മകഥയും അടുക്കളയിൽനിന്ന് അരങ്ങത്തേയ്ക്ക് എന്ന നാടകവും രജനീരംഗം, വെടിവട്ടം തുടങ്ങി ധാരാളം കഥകളും ലേഖനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. നിര്യാണം 1982 ഫെബ്രുവരി 2-ന്.
കേസരി എ. ബാലകൃഷ്ണപിള്ള
1889 ഏപ്രിൽ 13-ന് തിരുവനന്തപുരത്ത് ജനിച്ചു. സാഹിത്യനിരൂപകനും പത്രാധിപരും. കേസരി പത്രത്തിന്റെ സ്ഥാപകൻ. ലോകസാഹിത്യത്തിലെ പുതിയ പ്രവണതകളെ മലയാളത്തിന് പരിചയപ്പെടുത്തി. പാശ്ചാത്യ സാഹിത്യകാരന്മാരോട് മലയാള സാഹിത്യകാരന്മാരെ താരതമ്യം ചെയ്യുകയാണ് അദ്ദേഹത്തിന്റെ പതിവ്. പാശ്ചാത്യരാജ്യങ്ങളിൽ ഉദയംചെയ്ത ശാസ്ത്രീയ നിരൂപണ രീതി, സാങ്കേതിക വിമർശനസരണി, ജീവചരിത്രപരമായ വിമർശന സമ്പ്രദായം എന്നിവയാണ് ബാലകൃഷ്ണപിള്ളയ്ക്കു മാർഗദർശനം നൽകിയതെന്ന് ചുരുക്കിപ്പറയാം. ഭരണരംഗത്തെ അഴിമതിയെ തുറന്നുകാട്ടാൻ പത്രത്തിലൂടെ ശ്രമിച്ചു. ഇതരഭാഷാ കൃതികൾ പലതും വിവർത്തനം ചെയ്തു. ഐതിഹ്യദീപിക, ഹർഷവർധനൻ, വിക്രമാദിത്യൻ തുടങ്ങിയ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. 1960 ഡിസംബർ 18-ന് കോട്ടയത്തുവച്ച് അന്തരിച്ചു.
ഇ.വി. കൃഷ്ണപിള്ള
ഫലിതസാഹിത്യകാരൻ, നാടകകൃത്ത്, നടൻ, ചെറുകഥാകൃത്ത്, അഭിഭാഷകൻ എന്നീ നിലകളിൽ പ്രസിദ്ധൻ. 1899 സെപ്റ്റംബർ 14-ന് കൊല്ലത്ത് കുന്നത്തൂരിൽ ജനിച്ചു. സി.വി.യുമായുള്ള സൗഹൃദം സാഹിത്യചിന്ത വളർത്തി. സി.വി.യുടെ മകൾ മഹേശ്വരിയമ്മയെ വിവാഹം കഴിച്ചു. മലയാളി പത്രത്തിന്റെയും മനോരമ ചിത്രവാരികയുടെയും പത്രാധിപരായിരുന്നു. സാമൂഹ്യവിമർശനം കലർന്നതായിരുന്നു കൃതികൾ. പ്രധാന കൃതികൾ: സീതാലക്ഷ്മി, ഇരവിക്കുട്ടിപ്പിള്ള, രാജാകേശവദാസൻ, ബാഷ്പവർഷം, ചിരിയും ചിന്തയും, കുറുപ്പിന്റെ ഡയറി, പെണ്ണരശുനാട്, വിവാഹക്കമ്മട്ടം, ബി.എ. മായാവി, പ്രണയക്കമ്മീഷൻ, കവിതക്കേസ്, പോലീസ് രാമായണം, എം.എൽ.സി. കഥകൾ, കണ്ടക്ടർ പപ്പു. 1938 മാർച്ച് 30-ന് ചരമമടഞ്ഞു.
കാരൂർ നീലകണ്ഠപ്പിള്ള
ചെറുകഥാസാഹിത്യത്തിലെ മൂന്നാം തലമുറയിൽപ്പെട്ട എഴുത്തുകാരിൽ പ്രമുഖൻ. 1898 ഫെബ്രുവരിയിൽ ജനിച്ചു. വളരെക്കാലം അധ്യാപകനായിരുന്നു. സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ സ്ഥാപകനേതാക്കളിൽ ഒരാൾ. മുഖ്യമായും ചെറുകഥകളായിരുന്നു എഴുതിയിരുന്നത്. സംസാര ഭാഷയ്ക്ക് സാഹിത്യത്തിൽ സ്ഥാനം നൽകിയ എഴുത്തുകാരിൽ ലാളിത്യമുള്ള ഭാഷകൊണ്ട് ശ്രദ്ധേയനാണ് കാരൂർ. മരപ്പാവകൾ എന്ന കഥാസമാഹാരം അദ്ദേഹത്തിന്റെ മാസ്റ്റർപീസാണ്. തിരഞ്ഞെടുത്ത കഥകൾ രണ്ടു ഭാഗങ്ങളുൾപ്പെടെ 37 ഗ്രന്ഥങ്ങൾ കാരൂർ രചിച്ചിട്ടുണ്ട്. 1959-ൽ ആനക്കാരൻ എന്ന ബാലസാഹിത്യകൃതിക്കും 1968-ൽ മോതിരം എന്ന ചെറുകഥാസമാഹാരത്തിനും കേരള സാഹിത്യഅക്കാദമി അവാർഡ് ലഭിച്ചു. നിര്യാണം 1975 ഒക്ടോബർ 2-ന്.
കുട്ടിക്കൃഷ്ണമാരാര്
തിരൂർ തൃപ്പങ്ങോട്ട് കിഴക്കേമാരാത്ത് 1900 ജൂൺ 14-ന് ജനിച്ചു. കലാമണ്ഡലത്തിൽ സാഹിത്യാധ്യാപകൻ, മാതൃഭൂമിയിൽ പ്രൂഫ് റീഡർ എന്നീ നിലകളിൽ പ്രവർത്തിച്ചു. തികഞ്ഞ സംസ്കൃതപണ്ഡിതനായിരുന്നു മാരാര്. ഭാരതീയ സംസ്കൃത നിരൂപണ സമ്പ്രദായമനുസരിച്ച് മലയാളത്തിൽ നിരൂപണ പ്രസ്ഥാനത്തിന് പുതിയ മാനം നൽകി. കല കലയ്ക്കുവേണ്ടി, കല ജീവിതത്തിനുവേണ്ടി എന്നിങ്ങനെ കലയെക്കുറിച്ച് സാഹിത്യത്തിൽ ഉരുണ്ടുകൂടിയ വിവാദത്തെ കല ജീവിതം തന്നെ എന്ന കൃതി കൊണ്ട് മാരാര് അസന്ദിഗ്ധമായി ഖണ്ഡിച്ചു. ഈ കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഭാരതപര്യടനം, രാജാങ്കണം, സാഹിത്യസല്ലാപം, മലയാളശൈലി, ദന്തഗോപുരം തുടങ്ങിയ പഠനാത്മക കൃതികളും ശാകുന്തളം, കുമാരസംഭവം, രഘുവംശം, മേഘദൂതം തുടങ്ങിയവയുടെ വിവർത്തനങ്ങളും രചിച്ചു. 1973 ഏപ്രിൽ 6-ന് അന്തരിച്ചു.
കുറ്റിപ്പുഴ കൃഷ്ണപിള്ള
1900-ൽ പറവൂരിനടുത്ത് കുറ്റിപ്പുഴയിൽ ജനിച്ചു. ആലുവാ ക്രിസ്ത്യൻ കോളേജിൽ അധ്യാപകനായിരുന്നു. യുക്തിവാദിയും ചിന്തകനും സാഹിത്യനിരൂപകനും ഗ്രന്ഥകാരനും അധ്യാപകനുമായിരുന്ന ഇദ്ദേഹം ശ്രീനാരായണഗുരുവിന്റെ സുഹൃത്തായിരുന്നു. കേരള യുക്തിവാദിസംഘവുമായും പുരോഗമനസാഹിത്യ സംഘടനയുമായും ചേർന്ന് പ്രവർത്തിച്ചിരുന്ന കുറ്റിപ്പുഴ, 1968-ൽ മൂലധനത്തിന്റെ വിവർത്തനത്തിന് നേതൃത്വം നൽകി. പ്രധാന കൃതികൾ: സാഹിതീയം, നവദർശനം, വിചാരവിപ്ലവം, വിമർശനരശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, സാഹിതീകൗതുകം, മനമണ്ഡലം, സ്മരണമഞ്ജരി. 1969-ൽ സോവിയറ്റ്ലാന്റ് നെഹ്റു അവാർഡ് നേടി. നിര്യാണം 1971 ഫെബ്രുവരി 11-ന്.
സിസ്റ്റർ മേരി ബനീഞ്ജ (മേരി ജോൺ തോട്ടം)
1901 ജൂൺ 24-ന് കോട്ടയത്ത് ഇലഞ്ഞിയിൽ ജനിച്ചു. മേരി ജോൺ തോട്ടം എന്നായിരുന്നു കന്യാസ്ത്രീയാകുന്നതിനു മുമ്പുള്ള പേര്. പ്രഭാവതി, സായാഹ്നത്തിലെ ഏകാന്തയാത്ര, വേമ്പനാടൻ തുടങ്ങിയ പ്രസിദ്ധമായ കവിതകൾ വിദ്യാഭ്യാസകാലത്തുതന്നെ രചിച്ചു. സ്ത്രീകൾ അധികമായി സാഹിത്യരംഗത്തേക്ക് കടന്നുവന്നിട്ടില്ലായിരുന്ന കാലഘട്ടത്തിൽ കവിതകൾ പാടി കൈരളിയെ കോരിത്തരിപ്പിച്ച അത്ഭുതപ്രതിഭയായ മഹാകവയിത്രിയാണ് സിസ്റ്റർ മേരി ബനീഞ്ജ. ഐതിഹ്യങ്ങളും ചരിത്രസംഭവങ്ങളും ജീവചരിത്രസംഭവങ്ങളും പ്രകൃതിചിത്രങ്ങളും ദേശീയോത്സവങ്ങളും വിലാപഗീതങ്ങളും ഉപദേശങ്ങളുമൊക്കെ അടങ്ങിയ കവിതാരാമം, മാർത്തോമാ വിജയം, ആത്മാവിന്റെ സ്നേഹഗീത തുടങ്ങിയവയാണ് പ്രധാനകൃതികൾ. 1985 മെയ് 21-ന് ദിവംഗതയായി.
ജി. ശങ്കരക്കുറുപ്പ്
ആദ്യത്തെ ജ്ഞാനപീഠപുരസ്കാര ജേതാവ് (1965-ൽ ഓടക്കുഴൽ എന്ന കൃതിക്ക്). 1901 ജൂൺ 3-ന് കാലടിക്കടുത്തുള്ള നായത്തോട് എന്ന സ്ഥലത്ത് ജനിച്ചു. അധ്യാപകൻ, പ്രഭാഷകൻ, കവി, ഗദ്യകാരൻ, വിവർത്തകൻ എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. 1955-ൽ എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് വിരമിച്ചു. 1968-ൽ രാജ്യസഭാംഗമായി. യോഗാത്മകതയ്ക്ക് മലയാള കവിതയിൽ സ്ഥാനം കൊടുത്തു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, സോവിയറ്റ്ലാന്റ് നെഹ്രു അവാർഡ്, പത്മഭൂഷൺ എന്നീ പുരസ്കാരങ്ങൾ നേടി. കവിത, നാടകം, ജീവചരിത്രം, വിവർത്തനം, കല, വ്യാകരണം, നിരൂപണം തുടങ്ങിയ ഇനങ്ങളിൽ അമ്പതോളം കൃതികൾ രചിച്ചു. സാഹിത്യകൗതുകം, വെള്ളിൽപ്പറവകൾ, ചെങ്കതിരുകൾ, ഇതളുകൾ, ഓടക്കുഴൽ, സൂര്യകാന്തി, വിശ്വദർശനം, ഓർമയുടെ ഓളങ്ങളിൽ, ഗീതാഞ്ജലി (വിവർത്തനം), ഇളംചുണ്ടുകൾ, സാഹിത്യപരിചയം തുടങ്ങിയവയാണ് പ്രധാന കൃതികൾ. 1978 ഫെബ്രുവരി 2-ന് അന്തരിച്ചു.
സഞ്ജയൻ (എം.ആർ. നായർ)
1903 ജൂൺ 13-ന് തലശ്ശേരിയിൽ ജനിച്ച സഞ്ജയന്റെ ശരിയായ നാമം മാണിക്കോത്ത് രാമുണ്ണിനായർ എന്നാണ്. തിരുവനന്തപുരം ലോ കോളേജിൽ നിന്ന് നിയമബിരുദം നേടി. കേരളപത്രിക എന്ന പത്രത്തിന്റെയും സഞ്ജയൻ, വിശ്വരൂപം എന്നീ ഹാസ്യമാസികകളുടെയും പത്രാധിപരായിരുന്നു. ഹാസ്യരസോദ്ദീപകമായ ഒരു കൃത്രിമഭാഷ മെനഞ്ഞുണ്ടാക്കി പ്രയോഗിക്കുകയാണ് മിക്കപ്പോഴും സഞ്ജയന്റെ പതിവ്. കരച്ചിലിനെ ചിരിയാക്കി മാറ്റി, കരയുകയല്ല ചിരിക്കുകയാണു വേണ്ടത് എന്ന് അദ്ദേഹം ലോകരെ ഉദ്ബോധിപ്പിച്ചു. മനുഷ്യന്റെ സാർവലൗകികവും സാർവദേശീയവുമായ വൈകൃതങ്ങളും വൈകല്യങ്ങളുമാണ് തന്റെ പരിഹാസത്തിന് അദ്ദേഹം സ്വീകരിച്ചത്. സഞ്ജയൻ (ആറുഭാഗം), ആദ്യോപഹാരം, തിലോദകം, ഹാസ്യാഞ്ജലി, സാഹിത്യനികഷം തുടങ്ങിയവയാണ് പ്രധാന കൃതികൾ. നിര്യാണം 1943 സെപ്റ്റംബർ 13-ന്.
ജോസഫ് മുണ്ടശ്ശേരി
1903 ജൂലൈ 17-ന് തൃശൂർ ജില്ലയിൽ കണ്ടശ്ശാംകടവിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഫിസിക്സിൽ ബിരുദം. പിന്നീട് സംസ്കൃതം, മലയാളം എം.എ. നേടി. സെന്റ് തോമസ് കോളേജിൽ അധ്യാപകനായിരുന്നു. കൈരളി, പ്രേഷിതൻ, നവജീവൻ എന്നീ പത്രങ്ങൾ നടത്തി. പാശ്ചാത്യ-പൗരസ്ത്യ സാഹിത്യ നിരൂപണ സമ്പ്രദായങ്ങളെ മലയാളത്തിൽ അവതരിപ്പിച്ചു. പ്രൗഢമായ ഗദ്യശൈലിയാണ് മുണ്ടശ്ശേരിയുടേത്. ആധുനിക കവിത്രയത്തെക്കുറിച്ചുള്ള പഠനമാണ് മുണ്ടശ്ശേരിയെ ശ്രദ്ധേയനാക്കിയത്. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളിൽ അംഗം, നാടകാന്തം കവിത്വം, കരിന്തിരി, രാജരാജന്റെ മാറ്റൊലി, മനുഷ്യകഥാനുഗായികൾ, മാനദണ്ഡം, കാലത്തിന്റെ കണ്ണാടി, കൊഴിഞ്ഞ ഇലകൾ (ആത്മകഥ), കൊന്തയിൽ നിന്ന് കുരിശിലേക്ക്, കാവ്യപീഠിക തുടങ്ങി ഒട്ടേറെ കൃതികളുടെ കർത്താവാണ്. 1977 ഒക്ടോബർ 25-ന് അന്തരിച്ചു.
പി. കേശവദേവ്
1904 ആഗസ്റ്റിൽ ജനിച്ചു. തൊഴിലാളിവർഗത്തിന്റെ നൊമ്പരങ്ങൾ തന്റെ കൃതികളിലൂടെ പ്രതിഫലിപ്പിച്ചു. നാടകരചനയിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ആര്യസമാജപ്രവർത്തകനായി പൊതുജീവിതം ആരംഭിച്ച ദേവ് തൊഴിലാളി സംഘടനാപ്രവർത്തനങ്ങളിൽ മുഴുകി. പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ വക്താവായിരുന്ന ഇദ്ദേഹം ഒടുവിൽ കമ്യൂണിസത്തിനെതിരായി ശബ്ദം ഉയർത്തി. ദേവിന്റെ കൃതികൾ സമകാലിക സാമൂഹ്യയാഥാർത്ഥ്യങ്ങൾ ചിത്രീകരിക്കുന്നവയായിരുന്നു. യഥാർഥജീവിതത്തിൽ നിന്നടർത്തിയെടുത്ത കഥാപാത്രങ്ങളെ അകന്നു നിന്നു നോക്കുന്നതിനുപകരം ദേവ് അവരുടെ സുഖദുഃഖങ്ങളിൽ ലയിച്ച് അവരോടൊപ്പം ചിരിക്കുകയും കണ്ണീരൊഴുക്കുകയും ചെയ്യുന്നു. അയൽക്കാർ (കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്), ഓടയിൽ നിന്ന്, ഭ്രാന്താലയം, മുന്നോട്ട്, എതിർപ്പ് (ആത്മകഥ) എന്നിവ പ്രധാന കൃതികൾ. 1983-ൽ നിര്യാതനായി.
എം.പി. പോൾ
1904 മേയ് 1-ന് എറണാകുളം ജില്ലയിലെ വരാപ്പുഴയിൽ ജനിച്ചു. എറണാകുളത്ത് പ്രാഥമിക വിദ്യാഭ്യാസമാരംഭിച്ച ഇദ്ദേഹം ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ. ബിരുദം നേടി. സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ സ്ഥാപകാംഗവും പ്രസിഡന്റുമായിരുന്നു. തനിക്കു ലഭിക്കുന്ന കാവ്യാനുഭൂതികളെ ഗാഢചിന്തയുടെയും യുക്തിബോധത്തിന്റെയും തലത്തിൽ അപഗ്രഥിച്ചാണ് പോൾ രചന നടത്തിയത്. നിഷ്പ്രയോജനമായ കാവ്യസൗന്ദര്യത്തെ പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം സന്നദ്ധനായിരുന്നില്ല. അസ്ഥാനത്തോ, അകാരണമായോ ഒരു കൃതിയേയും വാഴ്ത്തിപ്പാടാനോ, ചവിട്ടിത്താഴ്ത്താനോ അദ്ദേഹം ശ്രമിച്ചിട്ടില്ല. നോവൽസാഹിത്യം, സൗന്ദര്യലഹരി, ചെറുകഥാപ്രസ്ഥാനം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രമുഖ കൃതികളാണ്. 1952 ജൂലൈ 12-ന് അന്തരിച്ചു.
ഇടശ്ശേരി ഗോവിന്ദൻനായർ
1906 ഡിസംബർ 23-ന് കുറ്റിപ്പുറത്ത് ജനിച്ചു. കവി, നാടകകൃത്ത്, സാമൂഹികപ്രവർത്തകൻ, വക്കീൽ ഗുമസ്തൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള സാഹിത്യ അക്കാദമിയിലും സംഗീത നാടക അക്കാദമിയിലും അംഗമായിരുന്നു. ഗ്രാമീണമായ ഉള്ളുറപ്പും അനാർഭാടതയും, ജീവിതയാഥാർഥ്യങ്ങൾ വന്നേറ്റുമുട്ടുമ്പോൾ തൊട്ടാവാടിയാകാതെ പാറയെപ്പോലെ കഠിനമായി പ്രതികരിക്കാനുള്ള കരുത്തും സന്നദ്ധതയും ഇടശ്ശേരിയുടെ പ്രത്യേകതകളാണ്. അളകാവലി, കറുത്ത ചെട്ടിച്ചികൾ, കാവിലെ പാട്ട്, ഒരു പിടി നെല്ലിക്ക, തത്ത്വശാസ്ത്രമുറങ്ങുമ്പോൾ, പുത്തൻകലവും അരിവാളും തുടങ്ങിയ കവിതാ സമാഹാരങ്ങളും കൂട്ടുകൃഷി, നൂലാമാല, എണ്ണിച്ചുട്ട അപ്പം, കളിയും ചിരിയും, തൊടിയിൽ പടരാത്ത മുല്ല തുടങ്ങിയ നാടകങ്ങളും രചിച്ചിട്ടുണ്ട്. 1971-ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. 1974 ഒക്ടോബർ 16-ന് അന്തരിച്ചു.
പി. കുഞ്ഞിരാമൻനായർ
1905 ഒക്ടോബർ 4-ന് ജനിച്ചു. സ്കൂൾ അധ്യാപകനായി സേവനമനുഷ്ഠിച്ചു. കേരളീയമായ ബിംബങ്ങളെ 'കാവ്യലോകത്ത് പ്രതിഷ്ഠിച്ചു. ഓണത്തെക്കുറിച്ചും വിഷുവിനെക്കുറിച്ചും പാടിയ കവി. ഭക്തകവി എന്ന നിലയിൽ പ്രസിദ്ധൻ. കാവ്യാലങ്കാരങ്ങൾ ഗദ്യത്തിൽ ചാലിച്ചകവിയുടെ കാൽപ്പാടുകൾ എന്ന ആത്മകഥ പ്രസിദ്ധമാണ്. പാശ്ചാത്യ നാഗരികതയോട് കഠിനവിദ്വേഷം, കലർപ്പറ്റ ഭാരതീയ സംസ്കാരത്തോടും ശുദ്ധമായ കേരളീയ സംസ്കാരത്തോടും ഉദാത്തമായ ഭക്തി, ഭൗതിക ചിന്താഗതിയെക്കുറിച്ച് നിറഞ്ഞ അനാദരം, കലാമൂല്യത്തെപ്പറ്റി പുരോഗമന സാഹിത്യകാരന്മാർ പ്രകടിപ്പിച്ച ആശയങ്ങളിൽ കടുത്ത പ്രതിഷേധം ഇവയായിരുന്നു അദ്ദേഹത്തിന്റെ സ്ഥായിയായ ഭാവങ്ങൾ. ശ്രീരാമചരിതം, കളിയച്ഛൻ, (കേരള സാഹിത്യ അക്കാദമി അവാർഡ്), താമരത്തോണി (കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്) തുടങ്ങിയവയാണ് കൃതികൾ. 1978 മേയ് 27-ന് ചരമമടഞ്ഞു.
ബാലാമണിയമ്മ
1909 ജൂലൈ 10-ന് പുന്നയൂർക്കുളത്ത് നാലപ്പാട്ട് തറവാട്ടിൽ ജനിച്ചു. ടാഗൂർ കൃതികളിൽ നിന്ന് ആവേശമുൾക്കൊണ്ട് കവിത രചിച്ചു. മാതൃഭാവത്തെയും ശൈശവസൗകുമാര്യത്തെയും തന്മയീഭാവത്തോടെ ചിത്രീകരിച്ചുകൊണ്ട് കാവ്യജീവിതം ആരംഭിച്ചു. 1964-ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1995-ൽ സരസ്വതീസമ്മാനവും, എഴുത്തച്ഛൻ പുരസ്കാരവും 1996-ൽ വള്ളത്തോൾ പുരസ്കാരവും ലഭിച്ചു. ഭർത്താവ് വി.എം. നായർ. പ്രശസ്ത കഥാകാരി മാധവിക്കുട്ടി (കമലാസുരയ്യ) പുത്രിയാണ്. മുത്തശ്ശി, അമ്മ, കുടുംബിനി, ധർമമാർഗത്തിൽ, സ്ത്രീഹൃദയം, പ്രഭാങ്കുരം, ഊഞ്ഞാലിന്മേൽ, അമ്പലത്തിൽ, നഗരത്തിൽ തുടങ്ങി ധാരാളം കൃതികൾ രചിച്ചിട്ടുണ്ട്. 2004 സെപ്റ്റംബർ 29-ന് ദിവംഗതയായി.
ലളിതാംബിക അന്തർജനം
1909 മാർച്ച് 30-ന് കൊട്ടാരക്കരയിൽ ജനിച്ചു. നമ്പൂതിരി അകത്തളങ്ങളിലെ സ്ത്രീകൾ അനുഭവിച്ചിരുന്ന ദുരന്തങ്ങളായിരുന്നു കഥകളിലെ പ്രതിപാദ്യം. പ്രധാന കൃതികൾ: കുഞ്ഞോമന, ഗോസായി പറഞ്ഞ കഥ, മൂടുപടത്തിൽ, കാലത്തിന്റെ ഏടുകൾ, അഗ്നിപുഷ്പങ്ങൾ തുടങ്ങി ധാരാളം കഥകൾ, ചില കഥാസമാഹാരങ്ങൾ, സീത മുതൽ സത്യവതി വരെ എന്ന ഉപന്യാസസമാഹാരം, അഗ്നിസാക്ഷി, ഗ്രാമബാലിക തുടങ്ങിയ നോവലുകൾ, നിശ്ശബ്ദസംഗീതം, ആയിരത്തിരി, ഓണക്കാഴ്ച തുടങ്ങിയ കവിതാസമാഹാരങ്ങൾ, പുനർജ്ജന്മം, വീരസംഗീതം തുടങ്ങിയ നാടകങ്ങൾ. ഇങ്ങനെ സാഹിത്യത്തിന്റെ എല്ലാ മേഖലകളിലും സംഭാവനകൾ നൽകി. കേരള സാഹിത്യ അക്കാദമി പുരസ്കാരം, ഓടക്കുഴൽ അവാർഡ്, വയലാർ അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് എന്നീ ബഹുമതികൾ നേടി. 1987 ഫെബ്രുവരി 6-ന് നിര്യാതയായി.
0 Comments