സുഷിര വാദ്യങ്ങൾ

Arun Mohan
0

സുഷിര വാദ്യങ്ങൾ

മനുഷ്യൻ കണ്ടെത്തിയ ആദിമ വാദ്യോപകരണങ്ങളിൽ ഒന്നാണ് സുഷിര വാദ്യങ്ങൾ. ഇവയുടെ ഘടന വളരെ ലളിതമാണ്. കുഴൽ രൂപത്തിലുള്ള വസ്തുക്കളിലൂടെ കാറ്റ് കടത്തിവിട്ട് ശബ്ദമുണ്ടാക്കാൻ കഴിയുമെന്ന് കണ്ടെത്തിയതോടെയാണ് സുഷിര വാദ്യങ്ങളുടെ നിർമാണത്തിന് തുടക്കമായത്. പ്രകൃതിയിൽ നിന്നു ലഭിക്കുന്ന കുഴൽ പോലുള്ള വസ്തുക്കളാണ് ആദ്യകാല സുഷിര വാദ്യങ്ങൾ. മൃഗങ്ങളുടെ കൊമ്പുകൾ, അകം പൊള്ളയായ എല്ലുകൾ, മുള എന്നിവയെല്ലാം ഇക്കൂട്ടത്തിൽപ്പെടുന്നു. ആദ്യകാല സുഷിര വാദ്യങ്ങൾ ഉച്ചത്തിലുള്ള ശബ്ദം പുറപ്പെടുവിക്കാൻ മാത്രം കഴിവുള്ളവയായിരുന്നു. കുഴലിനുള്ളിലെ വായുവിനെ നിയന്ത്രിച്ച് പുറത്തുവിട്ടാൽ ശബ്ദം കൂടുതൽ ഇമ്പമുള്ളതാക്കാമെന്ന് പിന്നീട് കണ്ടെത്തുകയുണ്ടായി. സംഗീതത്തിന്റെ അടിസ്ഥാനമായ ഏഴു സ്വരങ്ങൾ പോലെ ഇവയിൽ ഏഴ് സുഷിരങ്ങൾ സ്ഥാനം പിടിച്ചു. ഇരുവശവും തുറന്നിരുന്നാൽ കുഴലിനുള്ളിൽ വായു നിലനിർത്താൻ പ്രയാസമായതിനാൽ അവയുടെ ഊതുന്ന ഭാഗം ഒന്നുകിൽ കൂർത്തതോ അല്ലെങ്കിൽ അടഞ്ഞതോ ആക്കി മാറ്റുകയും ചെയ്തു.

സുഷിര വാദ്യങ്ങൾ ഏതൊക്കെ?

ശംഖ്

പുരാണ പ്രസിദ്ധമായ സുഷിരവാദ്യമാണ് ശംഖ്. ഒരു കടൽ ജീവിയുടെ പുറംതോടാണിത്. ശ്വാസം അടക്കിപ്പിടിച്ച് ശബ്ദം നീണ്ടുനിൽക്കുന്നവിധത്തിൽ വേണം ഇത് ഊത്തുവാൻ. ഒരു സംഗീതോപകരണം എന്നതിലുപരി ക്ഷേത്ര ചടങ്ങുകൾക്കാണ് ശംഖ് ഉപയോഗിക്കുന്നത്. ഇതിന്റെ ശബ്ദം മംഗളസൂചകമായി കണക്കാക്കുന്നു. കഥകളിയിലും പഞ്ചവാദ്യത്തിലും ശംഖ് ഉപയോഗിക്കാറുണ്ട്. ശംഖിന്റെ ഉൾഭാഗത്ത് പിരിയാണി പോലെ പിരിഞ്ഞു പോകുന്ന ഒരു ചാലുണ്ട്. ഇതിന്റെ ദിശ അനുസരിച്ച് ഇതിനെ വലം പിരിശംഖ് എന്നും ഇടം പിരിശംഖ് എന്നും വിളിക്കുന്നു. വളരെ വിശേഷപ്പെട്ടതാണ് വലംപിരി ശംഖ്.

കൊമ്പ്

തെക്കേ ഇന്ത്യയിൽ ഉപയോഗിച്ചുവരുന്ന ഒരു സുഷിരവാദ്യമാണ് കൊമ്പ്. ഇംഗ്ലീഷ് അക്ഷരം 'സി' യുടെ ആകൃതിയാണിതിന്. പിച്ചളയോ ചെമ്പോ ഉപയോഗിച്ച് ഇത് നിർമ്മിക്കുന്നു. ഊതുന്ന ഭാഗത്തുനിന്നും മുകളിലേക്ക് വരുന്തോറും ഇതിന് വണ്ണം കൂടുന്നു. 'S' ആകൃതിയിൽ മറ്റൊരു കൊമ്പുകൂടി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. സാധാരണ കൊമ്പിനേക്കാൾ നീളമുണ്ടിതിന്.

കുഴൽ

കൊമ്പ് പോലുള്ള മറ്റൊരു സുഷിരവാദ്യമാണ് കുഴൽ. കൊമ്പ് വളഞ്ഞതാണെങ്കിൽ കുഴൽ നേർരേഖയിലാണ്.  കൊമ്പിനെ അപേക്ഷിച്ച് നീളവും കുറവാണ്. കേരളത്തിൽ പൂരങ്ങൾക്ക് കുഴൽ ഉപയോഗിക്കാറുണ്ട്.

ഓടക്കുഴൽ

ഏറ്റവും പുരാതനമായ സുഷിരവാദ്യമാണ് പുല്ലാങ്കുഴൽ. ഓടക്കുഴൽ, വേണു എന്നീ പേരുകളും പുല്ലാങ്കുഴലിന് ഉണ്ട്. ഫ്ളൂട്ട് എന്നാണ് പാശ്ചാത്യർ പുല്ലാങ്കുഴലിനെ വിളിക്കുന്നത്. പല വലിപ്പത്തിൽ പല വസ്തുക്കൾ കൊണ്ട് 'കുഴലു'കൾ ഉണ്ടാക്കാറുണ്ടെങ്കിലും ഓടൽ എന്ന മുളകൊണ്ടുണ്ടാക്കിയ കുഴലാണ് സംഗീതജ്ഞന്മാർ ഉപയോഗിച്ചുവരുന്നത്. കുഴലിന്റെ നീളം, ഉൾഭാഗത്തെ വ്യാസം, സുഷിരങ്ങൾ തമ്മിലുള്ള അകലം എന്നിവയിലുള്ള വ്യത്യാസമനുസരിച്ച് ശ്രുതിയിലും വ്യത്യാസം വരുന്നു.

നാദസ്വരം

നാഗസ്വരമെന്നും പേരുള്ള നാദസ്വരം പ്രസിദ്ധമായ സുഷിരവാദ്യമാണ്. ആദ്യകാലങ്ങളിൽ നീളം കുറഞ്ഞ നാദസ്വരമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇതിനെ കുറുങ്കുഴൽ എന്നാണ് വിളിച്ചിരുന്നത്. ചെത്തിമിനുസപ്പെടുത്തിയ ഒരു നീണ്ട കുഴലാണിത്. വായിക്കുന്ന ഭാഗം വിസ്താരം കുറഞ്ഞ് കൂർത്തിരിക്കും. ഇതിന് 'ഓരിക' എന്നാണ് പറയുന്നത്. തമിഴ്‌നാട്ടിലും കേരളത്തിലും ഈ സുഷിരവാദ്യത്തിന് വലിയ പ്രചാരമുണ്ട്.

Post a Comment

0 Comments
Post a Comment (0)