തന്ത്രി വാദ്യങ്ങൾ (തത വാദ്യങ്ങൾ)
തന്ത്രികൾ ഉപയോഗിച്ച് നാദം ഉണ്ടാക്കുന്ന വാദ്യങ്ങളാണ്
തതവാദ്യങ്ങൾ. തന്ത്രികളിൽ നിന്നും പുറത്തുവരുന്ന നാദത്തിന് അനുരണനം സൃഷ്ടിക്കുവാൻ വേണ്ടിയാണ്
'കുടം' ഒരുക്കിയിരിക്കുന്നത്. തന്ത്രികൾ വലിച്ചുമുറുക്കുന്നതിന് മരദണ്ഡുകളിൽ വലിയ ആണികൾ
പോലെയുള്ള കുറ്റികളുണ്ട്. ഇവയ്ക്ക് 'ബിരഡ' അല്ലെങ്കിൽ 'പെഗ്ഗ്' എന്നു പറയുന്നു. തന്ത്രികളുടെ
എണ്ണം അനുസരിച്ചാണ് കുറ്റികൾ ഉറപ്പിക്കുന്നത്. തന്ത്രികളും മരദണ്ഡുകളും തമ്മിലുള്ള
അകലം നിലനിർത്തിയിരിയ്ക്കുന്നത് ചെറിയ തടിക്കഷണങ്ങൾ ഉപയോഗിച്ചാണ്. 'ബ്രിഡ്ജ്' എന്നാണ്
ഇവ അറിയപ്പെടുന്നത്.
തന്ത്രിവാദ്യങ്ങളുടെ പിറവി ആദിമമനുഷ്യന്റെ വില്ലിൽ
നിന്നാണെന്നു വിശ്വസിക്കപ്പെടുന്നു. വേട്ടമൃഗത്തെ ലക്ഷ്യമാക്കി അമ്പ് അയയ്ക്കുമ്പോൾ
ഉയരുന്ന 'ഞാണൊലി'യിൽ നിന്നും ആയിരിക്കാം വലിച്ചുമുറുക്കിയ തന്ത്രികളിൽ നിന്നും ഇമ്പമാർന്ന
സ്വരങ്ങൾ സൃഷ്ടിക്കാമെന്ന് അറിവ് മനുഷ്യൻ നേടിയത്. വേട്ടയാടാൻ മാത്രമല്ലാതെ മധുരനാദം
കേൾക്കാനും അവൻ വില്ലുകൾ നിർമിച്ചു തുടങ്ങി. നാടോടിക്കലകളിൽ ഇപ്പോഴും ഇത്തരം വില്ലുകൾ
ഉപയോഗിക്കാറുണ്ട്. 'വില്ലടിവാദ്യം' ഇത്തരത്തിലുള്ള ഒന്നാണ്.
ഒറ്റ തന്ത്രി വാദ്യങ്ങൾ
നാടോടിക്കലകളിൽ ഒറ്റ തന്ത്രി വാദ്യങ്ങൾ വ്യാപകമായി
ഉപയോഗിക്കുന്നു. ലളിതമായ ഘടനയാണു ഇവയ്ക്കുള്ളത്. പാട്ടിനു ശ്രുതി ചേർക്കുക എന്നതു മാത്രമാണു
ഒറ്റ തന്ത്രിവാദ്യങ്ങളുടെ ഏക ഉപയോഗം. രാഗവിസ്താരത്തിൽ ഇവയ്ക്കു സ്ഥാനമില്ല. തുംതുണെയും
ഏക്താരയുമാണ് ഭാരതത്തിലെ പ്രസിദ്ധമായ ഒറ്റ തന്ത്രിവാദ്യങ്ങൾ.
തന്ത്രി വാദ്യങ്ങൾ ഏതൊക്കെ?
കർണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, വിവിധതരം നാടോടി
സംഗീതം എന്നിവയിലെല്ലാം തന്ത്രിവാദ്യോപകരണങ്ങൾ ഉപയോഗിക്കപ്പെടുന്നു. വിവിധ വിഭാഗങ്ങളിൽ
ഉൾപ്പെടുന്ന ചില തന്ത്രി വാദ്യങ്ങൾക്ക് ഉദാഹരണം ഇവയാണ്.
നാടോടി തന്ത്രി വാദ്യങ്ങൾക്ക് ഉദാഹരണം
1. വില്ലടിവാദ്യം - കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലെ
നാടോടിക്കലയായ വില്ലുപാട്ടിന് ഉപയോഗിക്കുന്ന മുഖ്യവാദ്യമാണ് വില്ലടിവാദ്യം. കമിഴ്ത്തിവച്ച
ഒരു മൺകലത്തിന്മേൽ ഉറപ്പിച്ച വില്ലാണ് ഇതിന്റെ മുഖ്യഭാഗം. തുകൽ ഞാണിൽ രണ്ടു കമ്പുകൾ
ശക്തിയായി അടിച്ചാണ് നാദമുണ്ടാക്കുന്നത്. കുടം ശബ്ദത്തിന് 'അനുരണനം' സൃഷ്ടിക്കുന്നു.
2. തുംതുണെ - ഉത്തരേന്ത്യൻ നാടോടി വാദ്യമാണ് തുംതുണെ.
മരം കൊണ്ടുണ്ടാക്കിയ പൊള്ളയായ ഒരു ചെറിയ സിലിണ്ടറിൽ ഉറപ്പിച്ചിരിക്കുന്ന മുള കൊണ്ടുള്ള
ദണ്ഡാണ് ഇതിന്റെ പ്രധാന ഭാഗം.
3. ഏക്താര - തുംതുണെയുടെ പരിഷ്കൃതരൂപമാണ് ഏക്താര.
സിലിണ്ടർ ആകൃതിയിലുള്ള അടിഭാഗത്തിനു പകരം അർദ്ധഗോളമാണ്. മുകളിൽ മൃഗത്തോലും വലിച്ചു
മുറുക്കിയിരിക്കും.
4. തംബൂര - കർണാടക സംഗീതത്തിലെ ശ്രുതിവാദ്യമായ 'തംബുരു'വിന്റെ
നാടോടിരൂപമാണ് തംബൂര.
5. ബുവാംഗ് - പൊള്ളയായ ഒരു മുളങ്കമ്പിന്റെ ഇരുവശങ്ങളിലും
ഉറപ്പിച്ചിരിക്കുന്ന ചെറിയ വളഞ്ഞ കമ്പുകളിലാണ് 'ബുവാംഗിന്റെ' 'ഞാൺ വലിച്ചുകെട്ടിയിരിക്കുന്നത്.
സംഘനൃത്തത്തിനിടയിൽ ബുവാംഗ് ഒരു കയ്യിൽ പിടിച്ച് ഞാൺ വലിച്ചാണ് നൃത്തകർ നാദമുണ്ടാക്കുന്നത്.
ഹിന്ദുസ്ഥാനി സംഗീതത്തിലെ ചില തന്ത്രി വാദ്യങ്ങൾക്ക്
ഉദാഹരണം
1. സിത്താർ - കർണാടകസംഗീതത്തിലെ 'സരസ്വതീവീണ'യ്ക്ക്
സമാനമായ ഉത്തരേന്ത്യൻ ഉപകരണമാണ് സിത്താർ.
2. സരോദ് - 'ശാരദവീണ' എന്ന പഴയ സംഗീതോപകരണത്തിന്റെ
പരിഷ്കൃതരൂപമാണ് സരോദ്.
3. സന്തൂർ - ഒരു തടിപ്പെട്ടിയുടെ ആകൃതിയിലുള്ള തന്ത്രിവാദ്യമാണിത്.
'ശതതന്ത്രി വീണ' എന്ന പഴയകാല സംഗീതോപകരണത്തിന്റെ പരിഷ്കൃതരൂപമാണ് സന്തൂർ.
4. സാരംഗി - പാശ്ചാത്യരുടെ വയലിനു സമാനമായ ഇന്ത്യൻ
സംഗീതോപകരണമാണ് സാരംഗി.
5. സ്വർമണ്ഡൽ - പാശ്ചാത്യരുടെ ഹാർപ്പിന് സമാനമായ
ഇന്ത്യൻ സംഗീതോപകരണമാണ് സ്വർമണ്ഡൽ. തടികൊണ്ടുണ്ടാക്കിയ ഒരു പെട്ടിയിൽ തന്ത്രികൾ ഉറപ്പിച്ചാണ്
ഇവ നിർമ്മിക്കുന്നത്.
കർണാടക സംഗീതത്തിലെ ചില തന്ത്രി വാദ്യങ്ങൾക്ക് ഉദാഹരണം
1. തംബുരു – കച്ചേരികൾക്ക് ശ്രുതി ചേർക്കാനാണ് തംബുരു
ഉപയോഗിക്കുന്നത്. കർണാടക സംഗീതത്തിലെ ഒഴിച്ചുകൂടാനാവാത്ത തന്ത്രി വാദ്യമാണ് തംബുരു.
2. വീണ – ഭാരതീയ സംഗീതോപകരണങ്ങളുടെ കൂട്ടത്തിൽ പ്രധാനപ്പെട്ട
സ്ഥാനമാണ് വീണയ്ക്കുള്ളത്. രാഗങ്ങളുടെ സ്വരസ്ഥാനങ്ങൾ കണ്ടുപിടിക്കാനും ആരോഹണാവരോഹണക്രമങ്ങൾ
നിശ്ചയിക്കാനുമെല്ലാം വീണ സഹായകമാണ്.
3. ഗോട്ടുവാദ്യം – അഞ്ചു തന്ത്രികളാണ് ഗോട്ടുവാദ്യത്തിനുള്ളത്.
ഇത് കൂടാതെ 'സിംപതറ്റിക് സ്ട്രിങ്ങുകൾ' എന്നു വിളിക്കുന്ന പന്ത്രണ്ട് കമ്പികൾ വേറെയുമുണ്ട്.
ഭാരതീയ തതവാദ്യങ്ങളുടെ കൂട്ടത്തിൽ പ്രധാനസ്ഥാനമാണ് ഗോട്ടുവാദ്യത്തിനുള്ളത്.
4. വയലിൻ – കർണാടക സംഗീതലോകത്ത് ഒഴിവാക്കാനാവാത്ത
ഒരു തന്ത്രിവാദ്യമാണ് വയലിൻ. വില്ലുകൊണ്ടു വായിക്കുന്ന തന്ത്രിവാദ്യമാണ് വയലിൻ. നാലു
കമ്പികളാണുള്ളത്. തടിയിൽ നിർമ്മിക്കപ്പെടുന്നു.
പാശ്ചാത്യ സംഗീതത്തിലെ ചില തന്ത്രി വാദ്യങ്ങൾക്ക്
ഉദാഹരണം
1. ഗിറ്റാർ – പാശ്ചാത്യ സംഗീതത്തിന്റെ മുഖ്യഭാഗമാണ്
ഗിറ്റാർ. ആറു തന്ത്രികളാണ് ഗിറ്റാറിനുള്ളത്. കൂടാതെ വിരൽ മീട്ടാനുള്ള ഭാഗവും സൗണ്ട്
ബോക്സുമുണ്ട്.
2. വയലിൻ – നാടോടി സംഗീതോപകരണമായ ഫിഡിലിൽ നിന്നുമാണ്
ആദ്യമായി വയലിൻ നിർമിച്ചതെന്നു കരുതപ്പെടുന്നു. വയലിൻ, വയോള, ചെല്ലോ, ഡബിൾ ബാസ് എന്നിങ്ങനെ
വയലിൻ കുടുംബത്തിൽ നിരവധി അംഗങ്ങളുണ്ട്.
3. മാൻഡൊലിൻ – ക്ലാസിക്കൽ, നാടൻ സംഗീതം തുടങ്ങി വിവിധതരം
സംഗീതശാഖകളിൽ മാൻഡൊലിൻ ഉപയോഗിക്കാറുണ്ട്.
4. പിയാനോ – കീബോഡ് ഉപയോഗിച്ചു വായിക്കുന്ന ഒരു സംഗീതോപകരണമാണ് പിയാനോ.
