പഞ്ചവാദ്യം
പല തരത്തിൽപ്പെട്ട
അഞ്ചു വാദ്യങ്ങൾ ചേർന്നൊരുക്കുന്ന താളലയമാണ് നമ്മുടെ പഞ്ചവാദ്യം. പാശ്ചാത്യരുടെ സിംഫണി
പോലെ. ക്രിയാംഗം, സേവാംഗം എന്നിവ പഞ്ചവാദ്യത്തിന്റെ രണ്ട് വകഭേദങ്ങളാണ്. ക്ഷേത്രങ്ങളിലെ
ആചാരങ്ങളുമായും പൂജകളുമായും ബന്ധപ്പെട്ട പഞ്ചവാദ്യമാണ് ക്രിയാംഗ പഞ്ചവാദ്യം. തിമില,
ചേങ്ങില, ശംഖ്, വീക്ക് ചെണ്ട, കൈമണി എന്നിവയാണ് ക്രിയാംഗ പഞ്ചവാദ്യത്തിൽ ഉപയോഗിക്കുന്ന
വാദ്യോപകരണങ്ങൾ. ഉത്സവങ്ങളിലും ഘോഷയാത്രകളിലും ഉപയോഗിക്കുന്ന പഞ്ചവാദ്യമാണ് സേവാംഗ
പഞ്ചവാദ്യം. സേവാംഗ പഞ്ചവാദ്യമാണ് സാധാരണ പഞ്ചവാദ്യം എന്ന പേരിൽ അറിയപ്പെടുന്നത്. തിമില,
മദ്ദളം, ഇടയ്ക്ക, ശംഖ്, ചേങ്ങില എന്നീ അഞ്ച് വാദ്യങ്ങൾ ചേർന്നതാണ് സാധാരണ പഞ്ചവാദ്യം.
കൊമ്പ്, കുഴൽ തുടങ്ങിയ ഉപവാദ്യങ്ങളും ഉപയോഗിക്കാറുണ്ട്. ചേങ്ങിലയ്ക്ക് പകരം ചിലപ്പോൾ
ഇലത്താളവും ഉപയോഗിക്കുന്നു. പഞ്ചവാദ്യത്തിന്റെ തുടക്കത്തിലും ഇടവേളകളിലുമാണ് ശംഖ് ഉപയോഗിക്കുന്നത്.
ചെണ്ട ഇതിൽ ഉൾപ്പെടുന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. വാദ്യവൃന്ദങ്ങളുടെ
ഒരു മേളമായ പഞ്ചവാദ്യത്തിൽ താള - സുഷിരവാദ്യങ്ങളാണ് അവതരിപ്പിക്കപ്പെടുന്നത്.
പഞ്ചവാദ്യത്തിലെ ഘനവാദ്യമാണ് ഇലത്താളം. തിമില, മദ്ദളം, ഇടയ്ക്ക എന്നിവ അവനദ്ധവാദ്യങ്ങളും കൊമ്പ്, ശംഖ് എന്നിവ സുഷിരവാദ്യങ്ങളുമാണ്. ശംഖ് വിളിക്കുന്നതോടെയാണ് പഞ്ചവാദ്യം ആരംഭിക്കുന്നത്. പഞ്ചവാദ്യത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം എപ്പോഴും ഒരുപോലെയായിരിക്കില്ല. പത്ത് മദ്ദളം ഉണ്ടെങ്കിൽ ഇരുപത്തൊന്നു തിമില വേണം എന്നതാണ് കണക്ക്. കൂടാതെ തിമിലയുടെ അത്ര തന്നെ എണ്ണം കൊമ്പും വേണം. ചെറിയ പഞ്ചവാദ്യത്തിന് മൂന്നു തിമില, ഒരു മദ്ദളം, ഒരു ഇടയ്ക്ക, രണ്ട് ഇലത്താളം, രണ്ട് കൊമ്പ്, ഒരു ശംഖ് എന്നിവയെങ്കിലും വേണം. പണ്ടുകാലത്ത് തൊപ്പി മദ്ദളം, ചേങ്ങില, കുറുംകുഴൽ എന്നിവയൊക്കെ പഞ്ചവാദ്യത്തിൽ ഉപയോഗിച്ചിരുന്നു. എന്നാൽ ഇപ്പോൾ അവ ഉപയോഗിക്കാറില്ല. തൊപ്പിമദ്ദളത്തിനു പകരം ശുദ്ധമദ്ദളവും ചേങ്ങിലയ്ക്കു പകരം ഇലത്താളവും കുറുംകുഴലിനു പകരം കൊമ്പും ഇപ്പോൾ ഉപയോഗിക്കുന്നു. ഈ പരിഷ്‌കാരങ്ങൾ വരുത്തിയത് തിരുവില്വാമലയിലെ വെങ്കിച്ചൻസ്വാമിയാണ്.
