ഘനവാദ്യങ്ങൾ
മണ്ണ്, തടി, ലോഹങ്ങൾ
തുടങ്ങിയവകൊണ്ടാണ് ഘന വാദ്യങ്ങൾ നിർമിക്കുന്നത്. മിക്ക ഘനവാദ്യങ്ങളും താളം പകരുവാനാണ്
ഏറെയും ഉപയോഗിക്കുന്നത്. കർണാടക സംഗീതത്തിൽ ഇവയെ ഉപതാളവാദ്യങ്ങളായാണ് കണക്കാക്കുന്നത്.
മനുഷ്യർ പണ്ടുമുതലേ ഘനവാദ്യങ്ങൾ ഉപയോഗിച്ചിരുന്നു. ശ്രുതി സൗകര്യം കുറവായതിനാൽ ശാസ്ത്രീയസംഗീതത്തിൽ
ഘനവാദ്യങ്ങൾ അധികം ഉപയോഗിക്കാറില്ല. എന്നാൽ കർണാടക സംഗീതത്തിൽ ഉപതാളവാദ്യമായി ഉപയോഗിക്കുന്ന
രണ്ട് ഘനവാദ്യങ്ങളാണ് ഘടം, മുഖർശംഖ് എന്നിവ. ചേങ്ങില, ഇലത്താളം, കോൽ, ഓണവില്ല് എന്നിവ
ചില കേരളീയ ഘനവാദ്യങ്ങളാണ്. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ ഉപയോഗിച്ചു വരുന്ന ചില ഘനവാദ്യങ്ങളാണ്
ജലതരംഗം, ഡഹര, ചുടിയാൻ, ചിംത, ശ്രീ മണ്ഡൽ, മഞ്ജീര എന്നിവ.
ഘനവാദ്യങ്ങൾ ഏതെല്ലാം?
ചേങ്ങില
വൃത്താകൃതിയിൽ
വെങ്കലത്തിലോ പിച്ചളയിലോ നിർമിക്കുന്നു. ഒറ്റനോട്ടത്തിൽ ദോശക്കല്ലുപോലെ. മുകൾഭാഗത്ത്
ഒന്നോ രണ്ടോ ദ്വാരങ്ങൾ കാണും. ഇതിൽ ചരട് കോർത്താണ് ചേങ്ങില പിടിക്കുന്നത്. ചെറിയ മരക്കോലു
കൊണ്ട് അടിച്ചാണ് നാദം ഉണ്ടാക്കുന്നത്. ക്ഷേത്രച്ചടങ്ങുകൾക്കും കഥകളിയിലും ഇത് ഉപയോഗിക്കുന്നു.
ഇലത്താളം
വെങ്കലത്തിൽ വൃത്താകൃതിയിൽ
തീർത്ത രണ്ട് ലോഹത്തട്ടുകൾ ചേരുന്നതാണ് ഇലത്താളം. തട്ടുകൾക്ക് ചേങ്ങിലയേക്കാൾ വലിപ്പം
കുറവാണ്. നാടോടിക്കലകളിലും മറ്റും ഘനവാദ്യങ്ങളുടെ ലളിതരൂപങ്ങൾ കാണാം. കോൽകളിക്ക് ഉപയോഗിക്കുന്ന
കോൽ, ഓണവില്ല് എന്നിവ ഉദാഹരണം.
കോൽ
ഏറ്റവും ലളിതമായ
ഘനവാദ്യങ്ങളിൽ ഒന്നാണിത്. മുളംകമ്പിന്റേയോ ഉണങ്ങിയ മരക്കഷണത്തിന്റേയോ ഒരു ജോടി ചേർന്നാൽ
കോൽ ആയി. കേരളത്തിലേയും തമിഴ്‌നാട്ടിലെയും നാടോടിക്കലയായ കോൽകളിക്ക് താളം പകരാനാണ്
ഈ കോൽവാദ്യം ഉപയോഗിക്കുന്നത്. 30 സെന്റിമീറ്ററാണ് ഇതിന്റെ നീളം. കോൽകളിക്കാൻ ഇത് പരസ്പരം
അടിച്ച് ആകർഷകമായ ശബ്ദമുണ്ടാക്കുന്നു.
ഓണവില്ല്
ഓണവുമായി ബന്ധപ്പെട്ട
കേരളീയ വാദ്യോപകരണം. തെങ്ങിന്റേയോ മറ്റോ കനം കുറഞ്ഞ വാരി വില്ലുപോലെ വളച്ചാണിതുണ്ടാക്കുന്നത്.
ഞാണിന് പകരം മുളംകമ്പ് ഘടിപ്പിക്കും. ഇതിൽ മറ്റൊരു മുളങ്കമ്പ് അടിച്ചാണ് ശബ്ദമുണ്ടാകുന്നത്.
ഘടം
ഘടം മൺകുടമാണ്.
വീടുകളിൽ ഉപയോഗിക്കുന്ന കുടത്തേക്കാൾ വായ്‌വട്ടം കൂടിയ മൺകുടം. താളവാദ്യമാണ് ഇത്. ബലവും
നാദവും കൂട്ടാൻ കളിമണ്ണിനൊപ്പം ഇരുമ്പ് പൊടികൂടി ചേർത്താണ് ഘടം നിർമിക്കുന്നത്. കൈപ്പടം,
വിരലുകൾ, മണിബന്ധം, നഖം എന്നിവ ഉപയോഗിച്ചാണ് ഇത് കൊട്ടുന്നത്. ഘടത്തിന്റെ ശ്രുതി വളരെയേറെ
കൂട്ടാനോ കുറയ്ക്കാനോ കഴിയില്ല. ഉള്ളിൽ മെഴുക് ഒട്ടിച്ച് ശ്രുതി ക്രമീകരിക്കാം.
മുഖർശംഖ്
ലളിതമായ ഒരു ചെറിയ
വാദ്യമാണ് മുഖർശംഖ്. മുഖർശംഖ് കമ്പന സ്വരമാണ് ഉണ്ടാക്കുന്നത്. സംഗീതക്കച്ചേരികൾക്ക്
അകമ്പടിയായി മുഖർശംഖ് ഉപയോഗിച്ചുവരുന്നു. വലിച്ചു മുറുക്കിയ ഒരു കമ്പിയിൽ അടിക്കുമ്പോഴുണ്ടാകുന്ന
ശബ്ദമാണിതിന്. ത്രിശൂലാകൃതിയിലുള്ള ഒരു ചെറിയ ലോഹദണ്ഡാണിത്. വശങ്ങൾ നീണ്ടുകൂർത്ത് ചവണ
പോലിരിക്കും.
ജലതരംഗം
മറ്റു ഘനവാദ്യങ്ങളെപ്പോലെ താളവാദ്യമല്ല ജലതരംഗം. സ്വരസംബന്ധിയായ കീർത്തനങ്ങൾ വായിച്ച് കച്ചേരി നടത്തുവാൻ കഴിയും എന്ന് തെളിയിച്ച ഘനവാദ്യമാണ് ജലതരംഗം. ജലത്തിൽക്കൂടി ശ്രുതിമധുരമായ തരംഗങ്ങൾ സൃഷ്ടിച്ച് സംഗീതാനുഭൂതി പകരുവാൻ കഴിയും എന്നതാണ് ഈ സംഗീതോപകരണത്തിന്റെ അടിസ്ഥാനം.
