മേളങ്ങൾ
ചെണ്ട, ഇലത്താളം,
കൊമ്പ്, കുഴൽ എന്നിവ ചേർന്നാണ് 'മേളം' ഒരുക്കുന്നത്. മേളം എന്നാൽ കൂടിച്ചേരൽ എന്നേ
അർത്ഥമുള്ളൂ. പാണ്ടി, പഞ്ചാരി, ധ്രുവം, അടന്ത, അഞ്ചടന്ത, ചെമ്പ, ചെമ്പട, ത്രിപുട എന്നിവ
പ്രധാന മേളങ്ങളാണ്. ഇതിൽ പഞ്ചാരിമേളം, പാണ്ടിമേളം എന്നിവയാണ് ഏറ്റവും പ്രസിദ്ധം. ചെണ്ട,
കുറുങ്കുഴൽ, ഇലത്താളം, കൊമ്പ് എന്നിവയാണ് പഞ്ചാരിമേളത്തിലെ വാദ്യങ്ങൾ. പഞ്ചാരി മേളത്തോട്
കിടപിടിക്കുന്ന ഒന്നാണ് പാണ്ടിമേളം. ചെണ്ട, കുറുങ്കുഴൽ, ഇലത്താളം, കൊമ്പ് എന്നിവയാണ്
പാണ്ടിമേളത്തിലെ വാദ്യങ്ങൾ. രണ്ടു കൈകളിലും കോലുപയോഗിച്ചാണ് ഇതിൽ ചെണ്ടകൊട്ടുന്നത്.
പഞ്ചാരിമേളം ക്ഷേത്രമതിലിനകത്തും പാണ്ടിമേളം പുറത്തുമാണ് പതിവ്. ഇവയ്ക്കു പുറമേ ശിങ്കാരി
മേളം തുടങ്ങിയ മറ്റു മേളങ്ങളുമുണ്ട്. കേരളത്തിലെ വാദ്യകലകളിൽ പഴക്കമേറിയതും വിശേഷപ്പെട്ടതുമായ
ഒന്നാണ് തായമ്പക. തായമ്പകയിൽ ഒരാളുടെ അവതരണത്തിനാണ് പ്രാധാന്യം. കൂടെയുള്ള മറ്റു കലാകാരന്മാർ
താളം പിടിക്കുക മാത്രമാണ് ചെയ്യുന്നത്. ചെണ്ടയും ഇലത്താളവുമാണ് തായമ്പകയിലെ വാദ്യങ്ങൾ.
ഇതിൽത്തന്നെ ചെണ്ടയാണ് പ്രധാന വാദ്യം. മേളത്തിന് കൊഴുപ്പു കൂട്ടാനും താളം പകരാനുമാണ്
ഇലത്താളം ഉപയോഗിക്കുന്നത്.
