വിപ്ലവ പ്രസ്ഥാനങ്ങൾ
ദേശീയപ്രസ്ഥാനങ്ങൾക്ക്
സമാന്തരമായി വളർന്നുവന്ന ആക്രമണ സ്വഭാവമുള്ള പ്രസ്ഥാനങ്ങളായിരുന്നു വിപ്ലവ പ്രസ്ഥാനങ്ങൾ.
സായുധ സമരത്തിലൂടെ ബ്രിട്ടീഷുകാരെ തുരത്താൻ വേണ്ടി പോരാടുകയും ജീവൻ വെടിയുകയും
ചെയ്ത ധീരരായ വിപ്ലവകാരികൾ ഒരുപാടുണ്ടായിരുന്നു. അക്കൂട്ടത്തിലെ പ്രധാനപ്പെട്ട ചില
വിപ്ലവ പ്രസ്ഥാനങ്ങളെ പരിചയപ്പെടാം.
സ്വദേശി
പ്രസ്ഥാനത്തെ ബ്രിട്ടീഷുകാർ അതിക്രൂരമായാണ് നേരിട്ടത്, ബാലഗംഗാധര തിലകനെയും സുരേന്ദ്രനാഥ
ബാനർജിയെയും പോലുള്ള നേതാക്കളെ മർദ്ദിക്കുകയും ജയിലിലടയ്ക്കുകയും ചെയ്ത
ബ്രിട്ടീഷുകാരുടെ നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങളുണ്ടായി. നിയമം
ലംഘിക്കുകയും പൗരാവകാശങ്ങൾ കാറ്റിൽ പറത്തുകയും ചെയ്യുന്ന ഭരണത്തെ അക്രമത്തിലൂടെ
തന്നെ പുറത്താക്കാൻ വിപ്ലവകാരികൾ തീരുമാനിച്ചു. വിദേശങ്ങളിലെ വിപ്ലവ ആശയങ്ങൾ
അവർക്ക് പ്രചോദനം നൽകി. അരബിന്ദോ ഘോഷിന്റെ വന്ദേമാതരം പോലുള്ള പത്രങ്ങളും ഈ
പ്രസ്ഥാനങ്ങൾക്ക് പിന്തുണയേകി. 1897-ൽ റാൻഡ്, ആംഹെസ്റ്റ് എന്നീ ജനദ്രോഹികളായ
ഉദ്യോഗസ്ഥരെ പൂണെയിൽ വച്ച് വധിച്ചുകൊണ്ട് ചപേത്ക്കർ സഹോദരന്മാ൪ എന്നറിയപ്പെടുന്ന
ദാമോദർ ഹരി ചപേത്ക്കർ, ബാലകൃഷ്ണ ഹരി ചപേത്ക്കർ
എന്നിവർ വിപ്ലവ പ്രസ്ഥാനത്തിലേക്ക് കടന്നുവന്നു.
മറ്റു പ്രധാനപ്പെട്ട വിപ്ലവ പ്രസ്ഥാനങ്ങളെ പരിചയപ്പെടാം.
മിത്രമേളന്‍
1899 ൽ വീരദാമോദര സവർക്കറും സഹോദരൻ
ഗണേഷ് സവർക്കറും ചില സുഹൃത്തുക്കളും ചേർന്ന് മഹാരാഷ്ട്രയിൽ ആരംഭിച്ച സംഘടനയാണിത്.
ഇവർ നാസിക്കിലെ ജില്ലാ മജിസ്ട്രേറ്റ് ആയ ജാക്സനെ വധിച്ചു.
അനുശീലൻ
സമിതി
1902-ൽ ബംഗാളിൽ സ്ഥാപിക്കപ്പെട്ട ഈ
സംഘടനയുടെ പ്രധാന നേതാക്കൾ ബരീന്ദ്ര കുമാർ ഘോഷ്, ജതീന്ദ്രനാഥ ബാനർജി, പ്രമോദ് മിത്തർ എന്നിവർ ആയിരുന്നു.
അനുശീലൻ സമിതിക്ക് ധാക്കയിൽ ഒരു ഘടകം ഉണ്ടായിരുന്നു. പിലൻ ദാസ് ആയിരുന്നു
ധാക്കയിലെ പ്രധാന നേതാവ്.
യുഗാന്തർ
പാർട്ടി
ഹേം
ചന്ദ്രദാസ് സ്ഥാപിച്ച ഈ സംഘടനയ്ക്ക് 'യുഗാന്തർ' എന്ന പേരിൽ ഒരു പത്രവും ഉണ്ടായിരുന്നു.
ഭൂപേന്ദ്രനാഥ് ദത്ത് ആയിരുന്നു പത്രത്തിന്റെ സ്ഥാപകൻ. ആലിപ്പൂർ ഗൂഢാലോചന കേസിൽ ഈ
സംഘടനയുടെ അംഗങ്ങൾ പ്രതികളായിരുന്നു.
ഭാരത്
മാതാ അസോസിയേഷൻ
ചിദംബരം
പിള്ളയെ പിന്തുണച്ചിരുന്നവരിൽ പ്രധാനികളായിരുന്നു വഞ്ചിനാഥ അയ്യരും സുബ്രഹ്മണ്യ
ശിവയും നീലകണ്‌ഠ ബ്രഹ്മചാരിയും. നീലകണ്‌ഠ ബ്രഹ്മചാരിയും വഞ്ചിനാഥ അയ്യരും ചേർന്ന്
ആരംഭിച്ച വിപ്ലവപ്രസ്ഥാനമാണ് ഭാരത് മാത അസോസിയേഷൻ. നീതിമാനായ ചിദംബരം പിള്ളയ്ക്കു
ശിക്ഷ വിധിച്ച തിരുനെൽവേലി കളക്ടർ ആഷിനെ തീവണ്ടിയിൽ വച്ച് വഞ്ചിനാഥ അയ്യർ
വെടിവച്ചു കൊലപ്പെടുത്തി. പൊലീസിനു പിടികൊടുക്കാതെ അതേ തോക്കുകൊണ്ട് അദ്ദേഹം
ആത്മഹത്യ ചെയ്തു.
ഭാരത്
മാതാ സൊസൈറ്റി
പഞ്ചാബിൽ
സ്ഥാപിക്കപ്പെട്ട ഈ സംഘടനയുടെ നേതാക്കൾ ജെ.എം. ചാറ്റർജി, ലാലാ ഹർദയാല്‍, അജിത് സിംഗ്, സൂനി അംബാ പ്രസാദ് എന്നിവരായിരുന്നു.
സുഹൃദ്
സമിതി
ബംഗാളിലെ
മിമൻസിംഗ് എന്ന പ്രദേശത്ത് പ്രവർത്തിച്ചിരുന്ന വിപ്ലവ പാർട്ടിയായിരുന്നു ഇത്.
മറ്റ്
പ്രധാന സംഘടനകൾ
ബരിസാലിയിലെ സ്വദേശ് ബാന്ധവ് സമിതി, ഫരീദ്പൂരിലെ ബ്രാദി സമിതി, പാരീസ് ഗ്രൂപ്പ്, ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ്, ഭഗത്സിങ് മുൻകൈ എടുത്തു രൂപം നല്കിയ പഞ്ചാബ് നൗജവാൻ ഭാരത് സഭ തുടങ്ങി ഒട്ടേറെ സംഘടനകൾ ഇക്കാലഘട്ടത്തിൽ ഭാരതത്തിന് അകത്തും പുറത്തും നിന്ന് വിപ്ലവ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി, ഖുദിറാം ബോസ്, പ്രഫുല്ല ചക്കി തുടങ്ങിയ അസംഖ്യം വിപ്ലവകാരികൾക്കൊപ്പം ഓർമ്മിക്കപ്പെടേണ്ട ചില വ്യക്തികളാണ് ശ്യാംജി കൃഷ്‌ണവർമ, മദൻലാൽ ദിന്‍ഗ്ര, എസ്. ആർ. റാണെ, വി.വി. എസ് അയ്യർ, താരകാനാഥ് തുടങ്ങിയവർ. ബംഗാള്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലായിരുന്നു ഇത്തരം വിപ്ലവപ്രസ്ഥാനങ്ങളിൽ ഏറിയ പങ്കും വളർന്നത്. അറിയപ്പെടുന്നതും അല്ലാത്തതുമായ ഒരുപാട് പേർ ഈ പ്രസ്ഥാനങ്ങൾക്കു വേണ്ടി ജീവൻ നൽകിയിട്ടുണ്ട്.
