കേരളത്തിലെ സാമൂഹിക കലകൾ

Arun Mohan
0

കേരളത്തിലെ സാമൂഹിക കലാരൂപങ്ങൾ

മാർഗംകളി, ചവിട്ടുനാടകം, ഒപ്പന, അറബനമുട്ട്, ദഫ് മുട്ട് തുടങ്ങിയവയാണ് കേരളത്തിലെ പ്രധാന സാമൂഹിക കലകൾ.

മാർഗംകളി - സുറിയാനി, ക്‌നാനായ ക്രിസ്ത്യാനികളുടെ ഇടയിൽ പ്രചാരമുള്ള കലാരൂപമാണ് മാർഗംകളി. ക്രിസ്തുവർഷം 1600 നും 1700 നും ഇടയിലാണ് മാർഗംകളി രൂപംകൊണ്ടതെന്ന് വിശ്വസിക്കുന്നു. 'മാർഗം' എന്ന വാക്കുകൊണ്ട് ക്രിസ്തുമാർഗം എന്നാണ് അർത്ഥമാക്കുന്നത്. വാദ്യങ്ങൾ മാർഗംകളിയിൽ ഉപയോഗിക്കാറില്ല. സുറിയാനി പണ്ഡിതർ എഴുതിയ മാർത്തോമായെ പ്രകീർത്തിക്കുന്ന ഗ്രന്ഥത്തിന്റെ ചുവടുപിടിച്ചുകൊണ്ട് ഉണ്ടാക്കിയ പാട്ടുകളാണ് ആദ്യകാലത്ത് മാർഗംകളിയായി ഉപയോഗിച്ചിരുന്നത്. ബൈബിൾ കഥകളും സെന്റ് തോമസ് ചരിതങ്ങളുമാണ് തുടർന്നുള്ള കാലങ്ങളിലെ മാർഗംകളിയുടെ മുഖ്യപ്രമേയം.

ചവിട്ടുനാടകം - തിരുവിതാംകൂറിലെയും കൊച്ചിയിലെയും റോമൻ കത്തോലിക്കകാർക്കിടയിലാണ് ചവിട്ടുനാടകം എന്ന കലാരൂപമുള്ളത്. പാട്ടിനൊത്ത് ചുവടുവച്ചുള്ള ആട്ടവും പാട്ടുമാണ് ചവിട്ടുനാടകത്തിന്റെ പ്രധാന ഭാഗം. നാടകം മുഴുവൻ ഗാന രൂപത്തിലായിരിക്കും. യൂറോപ്യൻ നാടകസമ്പ്രദായമായ ഓപ്പറയോടു സാദൃശ്യമുള്ള കേരളീയ കലാരൂപമാണ് ചവിട്ടുനാടകം. നാനൂറു വർഷത്തെ പഴക്കമുള്ള ഈ നൃത്തസംഗീത കലാരൂപം ലത്തീൻ കത്തോലിക്കർ പൈതൃകകലയായി കാത്തുസൂക്ഷിക്കുന്നു. എട്ടുമണിക്കൂറാണ് ദൈർഘ്യം.

ഒപ്പന - ഉത്തരകേരളത്തിലെ മുസ്ലിം വനിതകൾ അവതരിപ്പിച്ചിരുന്ന ഈ കലാരൂപം ഇന്ന് കേരളത്തിലുടനീളം പ്രചാരം നേടിയിട്ടുണ്ട്. വിവാഹ സംബന്ധമായ നൃത്തരൂപമാണിത്.

ദഫ് മുട്ട് - മുസ്ലിങ്ങൾക്കിടയിലുള്ള മറ്റൊരു അനുഷ്ഠാന രൂപമാണ് ദഫ് മുട്ട്. ദഫ് മുട്ടിക്കൊണ്ട് പാട്ടുപാടിയാണ് കളിക്കുന്നത്. പ്രാർത്ഥനയോടെ ആരംഭിക്കുകയും സംഘത്തലവൻ പാടുന്ന പാട്ട് മറ്റ് കളിക്കാർ ചുവടുവെച്ചുകൊണ്ട് ഏറ്റുപാടുകയും ചെയ്യുന്നു.

അറബനമുട്ട് - മുസ്ലിങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള ഒരു അനുഷ്ഠാനരൂപമാണ് അറബനമുട്ട്. അറബന ഒരു വാദ്യോപകരണമാണ്. ഈ വാദ്യോപകരണം കൈകൊണ്ട് മുട്ടി പാട്ടുകൾക്ക് (ബൈത്ത്) അനുസൃതമായി താളാത്മകമായി ചലിക്കുന്നതാണ് ഈ അനുഷ്ഠാനം.

Post a Comment

0 Comments
Post a Comment (0)