അജന്ത ഗുഹകൾ (Ajanta Caves)
200 ബി.സി.ക്കും 650 എ.ഡി.ക്കും ഇടയിൽ നിർമിക്കപ്പെട്ടിട്ടുള്ള അജന്താ ഗുഹകൾ ബുദ്ധസന്ന്യാസിമാരുടെ പ്രധാന കേന്ദ്രമായിരുന്നു. ഗുപ്ത രാജാക്കന്മാർ ഈ ഗുഹ മോടിപിടിപ്പിക്കുകയും കൂടുതൽ ചിത്രങ്ങളും ശില്പങ്ങളും ചേർക്കുകയും ചെയ്തു. പാറതുരന്ന് നിർമിച്ച പുരാതന ബുദ്ധവിഹാരങ്ങളും ചൈത്യ എന്നറിയപ്പെടുന്ന ആരാധനാ ഹാളും കൊത്തുപണികളുമൊക്കെ ഇവിടെ കാണാം. ബുദ്ധന്റെ ജീവിതവും ജാതകകഥകളുമാണ് പ്രധാനമായും കൊത്തിവെച്ചിട്ടുള്ളത്. 29 ഗുഹകളാണ് ഇവിടെയുള്ളത്. 1819ൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന ക്യാപ്റ്റൻ ജോൺ സ്മിത്ത് ആകസ്മികമായി ഇവിടെ എത്തിപ്പെട്ടതോടെയാണ് നൂറ്റാണ്ടുകളോളം കാടുമൂടിക്കിടന്ന അജന്ത ഗുഹകൾ വീണ്ടും ജനശ്രദ്ധയിലെത്തുന്നത്. മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിൽ സഹ്യാദ്രിനിരയിലെ വാഗർ നദിയുടെ സമീപമുള്ള ചരിഞ്ഞ പാറക്കെട്ടിലാണ് അദ്‌ഭുതപ്പെടുത്തുന്ന ശില്പങ്ങളും ചിത്രങ്ങളും നിറഞ്ഞ ഈ ഗുഹ സ്ഥിതിചെയ്യുന്നത്. തൊട്ടടുത്തുള്ള അജന്ത ഗ്രാമത്തിന്റെ പേരിൽനിന്നാണു ഗുഹകൾക്കും ഈ പേരു ലഭിച്ചത്. ഈ ഗുഹകളിലെ ചിത്ര-ശില്പങ്ങളിലെ പ്രധാന വിഷയം ബുദ്ധനും ബോധിസത്വനുമാണ്. ബി.സി രണ്ടാം നൂറ്റാണ്ടിനും എ.ഡി ആറാം നൂറ്റാണ്ടിനുമിടയ്ക്കാണ് ഈ ഗുഹകൾ ബുദ്ധമതപ്രചരണാർഥം നവീകരിച്ചത്. ഇന്ത്യയിൽ നിന്നും ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ അജന്ത ഗുഹകൾ ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.
PSC ചോദ്യങ്ങൾ
1. അജന്താ ഗുഹകള്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനം - മഹാരാഷ്ട്ര
2. അജന്താ ഗുഹകള്‍ സ്ഥിതി ചെയ്യുന്ന ജില്ല - ഔറംഗാബാദ്
3. അജന്താ ഗുഹകള്‍ കണ്ടെത്തിയ വർഷം - 1819
4. അജന്താ ഗുഹകള്‍ കണ്ടെത്തിയത് - ക്യാപ്റ്റൻ ജോൺ സ്മിത്ത്
5. അജന്ത ഗുഹകൾ യുനെസ്‌കോ ലോകപൈതൃകപ്പട്ടികയിൽ ഇടംനേടിയ വർഷം - 1983