കേരള സാമൂഹിക സുരക്ഷാ മിഷൻ

കേരള സാമൂഹിക സുരക്ഷാ മിഷൻ (Kerala Social Security Mission)

നിരാലംബരായവർ, വൃദ്ധർ, ദരിദ്രർ, കുട്ടികൾ, സ്ത്രീകൾ, അർബുദം ഉൾപ്പെടെയുള്ള മാരകരോഗങ്ങൾ പിടിപെട്ടവർ, മറ്റ് ദുർബല വിഭാഗങ്ങൾ എന്നിവർക്ക് സേവനവും പിന്തുണയും നൽകുന്നതിന് രൂപം നൽകിയ സംവിധാനമാണ് കേരള സാമൂഹിക സുരക്ഷാ മിഷൻ (കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ). ഒരു ചാരിറ്റബിൾ സൊസൈറ്റിയായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്ന ഈ സ്ഥാപനം 2008 ഒക്ടോബർ 14ലെ സർക്കാർ ഉത്തരവുപ്രകാരമാണ് നിലവിൽ വന്നത്. തിരുവനന്തപുരത്താണ് ആസ്ഥാനം. 65 കോടി രൂപ അടിസ്ഥാന പ്രവർത്തന ഫണ്ടുമായാണ് മിഷന്റെ പ്രവർത്തനം ആരംഭിച്ചത്.

പദ്ധതിയുടെ ലക്ഷ്യങ്ങൾ 

◆ ദരിദ്രർ, വയോധികർ, കുട്ടികൾ, സ്ത്രീകൾ, നിത്യരോഗികൾ തുടങ്ങിയ പരിചരണവും സംരക്ഷണവും ആവശ്യമുള്ള ജനവിഭാഗങ്ങൾക്ക് സേവനവും പിന്തുണയും നൽകുന്നതിനായി സംസ്ഥാനത്തുടനീളം സാമൂഹിക സുരക്ഷാ പരിപാടികൾ സംഘടിപ്പിക്കുക. 

◆ വയോജനങ്ങളുടെ സംരക്ഷണത്തിനും അവർക്കുള്ള പിന്തുണക്കും വേണ്ടിയുള്ള പദ്ധതികൾ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക.

◆ സംസ്ഥാനത്തെ സാമൂഹ്യക്ഷേമസ്ഥാപനങ്ങളുടെ നവീകരണം.

◆ ദരിദ്രരുടെ പോഷകാഹാര നിലവാരം, ആരോഗ്യനില എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കുക.

◆ നിത്യരോഗികളായ ദരിദ്രർക്കും നിർധനരായ പൗരന്മാർക്കും ചികിത്സാ ചെലവുകൾ ഉൾപ്പെടെയുള്ള സഹായം നൽകുക 

◆ കാൻസർ ബാധിതരായ കുട്ടികൾക്ക് ചികിത്സാ സഹായം നൽകുന്നതിന് ഒരു കാൻസർ കെയർ പദ്ധതി നടപ്പിലാക്കുക.

◆ സർക്കാർ ആശുപത്രികളിൽ നിന്ന് ഡിസ്‌ചാർജ് ചെയ്യപ്പെടുന്ന നിരാലംബരായ പൗരന്മാരുടെ ക്ഷേമത്തിനായി പുനരധിവാസ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുക.

◆ സംസ്ഥാനത്തെ വിവിധ സാമൂഹ്യക്ഷേമ പരിപാടികളുടെ വിവര കേന്ദ്രമായി പ്രവർത്തിക്കുക.

കേരള സാമൂഹിക സുരക്ഷാ മിഷന്റെ വിവിധ പദ്ധതികൾ.

ക്യാൻസർ സുരക്ഷ : 18 വയസ്സിന് താഴെയുള്ള ക്യാൻസർ ബാധിതരായ കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകാനുള്ള പദ്ധതിയാണിത്. 2008 നവംബർ ഒന്നിനാണ് പദ്ധതി ആരംഭിച്ചത്.

സ്നേഹപൂർവ്വം : മാതാപിതാക്കളിൽ ഒരാൾ മരിക്കുകയും ജീവിച്ചിരിക്കുന്നയാൾക്ക് കുട്ടികളെ സംരക്ഷിക്കാൻ സ്ഥിതിയില്ലാതെയാകുകയും ചെയ്യുന്ന വീടുകളിലെ കുട്ടികൾ അനാഥാലയങ്ങളിൽ തള്ളപ്പെടാതെ അവരുടെ കുടുംബാംഗങ്ങളുടെ സംരക്ഷണത്തിൽ വളർന്ന് വിദ്യാഭ്യാസം നേടുക എന്ന ഉദ്ദേശ്യത്തോടെ പ്രതിമാസം ധനസഹായം അനുവദിക്കുന്ന പദ്ധതി. 2013 നവംബറിൽ ആരംഭിച്ചു.

താലോലം : മാരകമായ അസുഖങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ ചികിത്സാ പദ്ധതി. ഡയാലിസിസ് ഒഴികെയുള്ള കിടത്തി ചികിത്സയുള്ള രോഗികൾക്ക് ധനസഹായം. 2010 ജനുവരിയിലാണ് പദ്ധതി ആരംഭിച്ചത്.

ആശ്വാസകിരണം : പ്രായാധിക്യംകൊണ്ടും പലവിധ രോഗങ്ങളാലും കിടപ്പിലായവരെ പരിചരിക്കുന്നവർക്ക് സഹായധനമനുവദിക്കുന്ന പദ്ധതി.

വയോമിത്രം : കേരളത്തിലെ കോർപ്പറേഷൻ, മുനിസിപ്പൽ പ്രദേശങ്ങളിൽ താമസിക്കുന്ന 65 വയസ്സിനു മുകളിലുള്ള വയോജനങ്ങക്ക് ആരോഗ്യ പരിരക്ഷയും പിന്തുണയും നൽകുന്നതിനായി നിലവിൽ വന്ന പദ്ധതി.

ഹംഗർ ഫ്രീ സിറ്റി : നഗരങ്ങളിലുള്ള നിരാലംബര്‍ക്കും സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യമായി ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതി.

കാരുണ്യ ഡെപ്പോസിറ്റ് സ്‌കീം : ഒരു ലക്ഷം രൂപയോ അതിന്റെ ഗുണിതങ്ങളോ നിക്ഷേപിക്കുന്ന വ്യക്തിക്ക് ഒരു വർഷത്തിനുശേഷം നിക്ഷേപിച്ച തുക തിരികെ നൽകുകയും ആകെ തുകയിൽനിന്നുള്ള പലിശയും സാമൂഹ്യ സുരക്ഷാ മിഷന്റെ ഫണ്ടിൽ നിന്നുള്ള തത്തുല്യതുകയും ചേർത്ത് മാനസിക വെല്ലുവിളി നേരിടുന്ന ഒരു കുട്ടിക്ക് നൽകുകയും ചെയ്യുന്ന പദ്ധതിയാണ് കാരുണ്യ ഡെപ്പോസിറ്റ് സ്‌കീം. ഗുണഭോക്താവിനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിക്ഷേപകർക്കു നൽകുന്നു.

പ്രത്യാശ : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹത്തിന് സഹായധനം നൽകാനുള്ള പദ്ധതിയാണിത്. കേരള സാമൂഹ്യ സുരക്ഷ മിഷൻ കോർപ്പറേറ്റ് ഗ്രൂപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്.

സ്നേഹസാന്ത്വനം : കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ബാധിതർക്ക് പ്രതിമാസ പെൻഷൻ നൽകുന്ന പദ്ധതിയാണിത്. എൻഡോസൾഫാൻ മൂലം കിടപ്പുരോഗികളായവർക്ക് 2200 രൂപ വീതമാണ് നൽകുന്നത്.

സമാശ്വാസം : നാലുവിഭാഗങ്ങളിലായാണ് സമാശ്വാസം പദ്ധതി നടപ്പാക്കുന്നത്. സമാശ്വാസം - 1, സമാശ്വാസം - 2, സമാശ്വാസം - 3, സമാശ്വാസം - 4. വൃക്ക, കരൾ, ഹീമോഫീലിയ, അരിവാൾരോഗം തുടങ്ങിയവ ബാധിച്ചവർക്ക് നാലുവിഭാഗങ്ങളിലായി പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതി.

PSC ചോദ്യങ്ങൾ 

1. കേരള സാമൂഹിക സുരക്ഷ മിഷൻ നിലവിൽ വന്നത് - 2008 

2. കെ.എസ്.എസ്.എം എന്നതിന്റെ മുഴുവൻ രൂപമെന്ത് - കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ

3. കേരളത്തിലെ ഏത് വകുപ്പിന് കീഴിലാണ് സാമൂഹിക സുരക്ഷാ മിഷൻ പ്രവർത്തിക്കുന്നത് - സാമൂഹിക നീതി വകുപ്പ് 

4. കേരള സാമൂഹിക സുരക്ഷാ മിഷന്റെ ആസ്ഥാനമെവിടെ - തിരുവനന്തപുരം 

5. കേരള സർക്കാരിന്റെ സാമൂഹിക നീതി വകുപ്പ് സ്പോൺസർ ചെയ്യുന്ന ചാരിറ്റബിൾ സൊസൈറ്റി ഏത് - കെ.എസ്.എസ്.എം

6. ഒരു നഗരത്തിലെ നിയുക്ത കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്ക് ദിവസത്തിൽ ഒരിക്കൽ ഉയർന്ന സബ്‌സിഡി നൽകുന്ന ഭക്ഷണം നൽകാൻ ലക്ഷ്യമിടുന്ന പദ്ധതിയേത് - ഹംഗർ ഫ്രീ സിറ്റി

7. ഹംഗർ ഫ്രീ സിറ്റി പരിപാടിക്കായി തിരഞ്ഞെടുത്ത ആദ്യത്തെ നഗരമേത് - കോഴിക്കോട് 

8. നഗരത്തിലെ ഒരു വ്യക്തിയും ഒരു ദിവസം ഭക്ഷണമൊന്നുമില്ലാതിരിക്കില്ലെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയേത് - ഹംഗർ ഫ്രീ സിറ്റി

Post a Comment

Previous Post Next Post