പുറക്കാട് യുദ്ധം

പുറക്കാട് യുദ്ധം (Purakkad War)

1741ലെ കുളച്ചൽ യുദ്ധത്തിന്റെ പരാജയത്തോടെ ഡച്ചുകാർ കൊല്ലം രാജാവിന്റെ സഹായത്തോടെ വാമനപുരം പിടിച്ചെടുത്തു. ഇതേതുടർന്ന് തിരുവിതാംകൂർ സൈന്യം രാമയ്യൻ ദളവയുടെ നേതൃത്വത്തിൽ ഡച്ചുകാരുടെ കൊല്ലം കോട്ട വളഞ്ഞു. എന്നാൽ ഈ കോട്ടയുടെ പ്രതിരോധത്തിനായി ഡച്ചു സൈന്യത്തെ കായംകുളം സൈന്യം സഹായിച്ചു. കായംകുളം രാജാവിന്റെ മന്ത്രിയായിരുന്ന അച്യുതവാര്യരാണ് കായംകുളം സൈന്യത്തിന് നേതൃത്വം നൽകിയത്. ഇതേതുടർന്ന് തിരുവിതാംകൂർ സൈന്യം പിൻവാങ്ങി. 1742ൽ ഡച്ചുകാരുടെയും കായംകുളത്തിന്റെയും സംയുക്ത സൈന്യങ്ങൾ കിളിമാനൂർ പിടിച്ചെടുത്തു. ഇക്കാരണത്താൽ മാർത്താണ്ഡവർമ്മ തിരുനെൽവേലിയിൽ നിന്ന് കുതിരപ്പട്ടാളത്തെ വരുത്തുകയും കിളിമാനൂരിലേക്ക് സൈന്യത്തെ നയിക്കുകയും ചെയ്തു. തിരുവിതാംകൂർ സൈന്യം കിളിമാനൂർ പിടിച്ചെടുത്തു. തുടർന്ന് മാർത്താണ്ഡവർമ്മയുടെ സൈന്യം കായംകുളത്തേക്ക് നീങ്ങി. കായംകുളം രാജാവ് ആദ്യം ചെറുത്തുനിന്നെങ്കിലും അവസാനം സമാധാനത്തിന് അപേക്ഷിച്ചു. ഇതേതുടർന്ന് മാർത്താണ്ഡവർമ്മയും കായംകുളം രാജാവും മാന്നാർ ഉടമ്പടിയിൽ ഒപ്പുവച്ചു. എന്നാൽ കായംകുളം രാജാവ് ഈ സന്ധി വ്യവസ്ഥകൾ ലംഘിക്കുകയാണുണ്ടായത്. തുടർന്ന് തിരുവിതാംകൂർ സൈന്യം വീണ്ടും കായംകുളത്തേക്ക് നീങ്ങുകയും 1746ൽ കായംകുളം കീഴടക്കുകയും ചെയ്‌തു. ഈ യുദ്ധം പുറക്കാട് യുദ്ധം എന്നറിയപ്പെട്ടു. ചെമ്പകശ്ശേരി രാജ്യമാണ് പുറക്കാട് എന്നറിയപ്പെട്ടിരുന്നത്. തിരുവിതാംകൂറുമായുള്ള യുദ്ധത്തിൽ കായംകുളത്തെ സഹായിച്ചതിന്റെ പേരിൽ മാർത്താണ്ഡവർമ്മ ഈ രാജ്യം പിടിച്ചടക്കി തിരുവിതാംകൂറിനോട് ചേർത്തു. ഇന്നത്തെ അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകൾ ഇതിലുൾപ്പെട്ടിരുന്നു.

PSC ചോദ്യങ്ങൾ 

1. കുളച്ചൽ യുദ്ധത്തിന്റെ പരാജയത്തോടെ ഡച്ചുകാർ, കൊല്ലം രാജാവിന്റെ സഹായത്തോടെ പിടിച്ചെടുത്ത പ്രദേശം - വാമനപുരം 

2. ഡച്ചുകാരുടെയും കായംകുളത്തിന്റെയും സംയുക്ത സൈന്യങ്ങൾ കിളിമാനൂർ പിടിച്ചെടുത്തത് - 1742

3. മാർത്താണ്ഡവർമ കിളിമാനൂർ പിടിച്ചെടുത്ത വർഷം - 1742

4. മാർത്താണ്ഡവർമ്മയുടെ പ്രശസ്തനായ മന്ത്രി - രാമയ്യൻ ദളവ

5. തിരുവിതാംകൂറുമായുള്ള യുദ്ധത്തിൽ കായംകുളം രാജാവിന്റെ സേനയ്ക്ക് നേതൃത്വം നൽകിയത് - എരുവയിൽ അച്യുതവാര്യർ

6. 1742 ൽ മാർത്താണ്ഡവർമ കായംകുളം രാജാവുമായി ഒപ്പുവെച്ച കരാർ - മാന്നാർ ഉടമ്പടി 

7. മാർത്താണ്ഡവർമ്മ കായംകുളം (ഓടനാട്) പിടിച്ചടക്കിയത് ഏത് യുദ്ധത്തിലാണ് - പുറക്കാട് യുദ്ധം

8. പുറക്കാട് യുദ്ധം നടന്ന വർഷം - 1746 

9. പുറക്കാട് യുദ്ധം ആരെല്ലാം തമ്മിലായിരുന്നു - മാർത്താണ്ഡവർമ്മയും കായംകുളം രാജാവും

10. 1746-ല്‍ കായംകുളത്തെ തിരുവിതാംകൂറില്‍ ലയിപ്പിച്ച രാജാവ്‌ - മാർത്താണ്ഡ വർമ

11. അമ്പലപ്പുഴ തിരുവിതാംകൂറിന്റെ ഭാഗമാക്കിയ രാജാവ്‌ - മാർത്താണ്ഡ വർമ

12. ചെമ്പകശ്ശേരി രാജ്യം എന്നറിയപ്പെട്ടിരുന്നത് - പുറക്കാട്

Post a Comment

Previous Post Next Post