മാർത്താണ്ഡവർമ്മയും യുദ്ധങ്ങളും

മാർത്താണ്ഡവർമ്മയും യുദ്ധങ്ങളും (Marthanda Varma and Wars)

അയൽരാജ്യങ്ങളെ തിരുവിതാംകൂറിനോടുകൂട്ടിച്ചേർത്ത് രാജ്യ വിസ്തൃതി വർധിപ്പിക്കാനായി മാർത്താണ്ഡവർമ്മ നിരവധി യുദ്ധങ്ങൾ ചെയ്‌തു. 

കൊല്ലവുമായുണ്ടായ യുദ്ധം

മാർത്താണ്ഡവർമ്മ തിരുവിതാംകൂർ രാജാവായ കാലത്ത് ദേശിങ്ങനാട് (കൊല്ലം) ഭരിച്ചിരുന്നത് മാർത്താണ്ഡവർമ്മയുടെ അമ്മാവനായ ഉണ്ണി കേരളവർമ്മയായിരുന്നു. ഉണ്ണി കേരളവർമ്മ കായംകുളവുമായി സഖ്യമുണ്ടാക്കി തൃപ്പാപ്പൂർ സ്വരൂപത്തിന് അവകാശപ്പെട്ടിരുന്ന കല്ലടയുടെ ഒരു ഭാഗം കൈയടക്കി. ഉണ്ണി കേരളവർമ്മ തനിക്കൊരു വെല്ലുവിളിയാണെന്ന് മനസിലാക്കിയ മാർത്താണ്ഡവർമ്മ കൊല്ലം ആക്രമിക്കാൻ തീരുമാനിച്ചു. തിരുവിതാംകൂർ സൈന്യം അന്നത്തെ ദളവയായിരുന്ന അറുമുഖം പിള്ളയുടെ നേതൃത്വത്തിൽ കൊല്ലത്തേക്ക് നീങ്ങുകയും അവിടെവച്ചുണ്ടായ യുദ്ധത്തിൽ ഉണ്ണികേരളവർമ്മയെ തോൽപ്പിക്കുകയും ചെയ്‌തു.

കൊട്ടാരക്കരയുമായിട്ടുള്ള യുദ്ധം

1734ൽ മാർത്താണ്ഡവർമ്മ കൊട്ടാരക്കര കീഴടക്കുകയും രാജാവായിരുന്ന വീര കേരളവർമ്മയെ തടവുകാരനാക്കി തിരുവനന്തപുരത്ത് ജയിലിലടയ്ക്കുകയും ചെയ്‌തു. തിരുവന്തപുരത്ത് ഏകാന്ത തടവിലായിരുന്ന വീര കേരളവർമ്മ 1736ൽ ജയിലിൽ വച്ച് മരിച്ചപ്പോൾ അധികാരമേൽക്കാൻ കൊട്ടാരക്കര റാണിയെ മാർത്താണ്ഡവർമ്മ അനുവദിച്ചില്ല. റാണിക്ക് വേണ്ടി ഡച്ചുകാർ രംഗത്ത് വരികയും 1741ൽ റാണിയെ കൊട്ടാരക്കരയുടെ ഭരണാധികാരിയായി അവരോധിക്കുകയും ചെയ്‌തു. തുടർന്ന് തിരുവിതാംകൂർ സൈന്യം കൊട്ടാരക്കരയോട് യുദ്ധം ചെയ്യുകയും കൊട്ടാരക്കര പിടിച്ചെടുക്കുകയും ചെയ്‌തു.

കുളച്ചൽ യുദ്ധം 

മാർത്താണ്ഡവർമ്മയുടെ കീഴിൽ തിരുവിതാംകൂർ ശക്തിപ്രാപിച്ചത് ഡച്ചുകാർക്ക് ഇഷ്ടമായില്ല. 1741ൽ തിരുവിതാംകൂർ സൈന്യം കൊട്ടാരക്കര കീഴടക്കിയതിനു പിന്നാലെ സിലോണിൽനിന്ന് കുളച്ചലിൽ എത്തിയ ഡച്ചു സൈന്യം മാർത്താണ്ഡവർമ്മയുടെ തലസ്ഥാനമായ കൽക്കുളത്തേക്ക് നീങ്ങി. തുടർന്നു നടന്ന യുദ്ധത്തിൽ തിരുവിതാംകൂർ സൈന്യം ഡച്ചുകാരെ പരാജയപ്പെടുത്തി. ഏഷ്യയിൽത്തന്നെ ആദ്യമായി ഒരു യൂറോപ്യൻ രാജ്യത്തെ യുദ്ധത്തിൽ പരാജയപ്പെടുത്തി എന്ന ഖ്യാതി മാർത്താണ്ഡവർമ്മയ്ക്കാണ്. യുദ്ധത്തിൽ ഡച്ച് കപ്പിത്താനായ ഡിലനോയ് തടവിലാക്കപ്പെടുകയും ചെയ്‌തു. ഇദ്ദേഹത്തിന് പിന്നീട് തിരുവിതാംകൂർ സൈന്യത്തിന്റെ ആണിക്കല്ലാകുകയും അദ്ദേഹത്തിന് 'വലിയ കപ്പിത്താൻ' സ്ഥാനം കൽപ്പിച്ചു നൽകുകയും ചെയ്‌തു.

കായംകുളവുമായുള്ള യുദ്ധം (പുറക്കാട് യുദ്ധം)

കുളച്ചൽ യുദ്ധത്തിന്റെ പരാജയത്തോടെ ഡച്ചുകാർ, കൊല്ലം രാജാവിന്റെ സഹായത്തോടെ വാമനപുരം പിടിച്ചെടുത്തു. ഇതേത്തുടർന്ന് തിരുവിതാംകൂർ സൈന്യം രാമയ്യൻ ദളവയുടെ നേതൃത്വത്തിൽ ഡച്ചുകാരുടെ കൊല്ലം കോട്ട വളഞ്ഞു. കൊല്ലം കായംകുളം സൈന്യത്തിന്റെ സഹായം തേടി. ഇതേത്തുടർന്ന് തിരുവിതാംകൂർ സൈന്യം പിൻവാങ്ങി. തുടർന്ന് ഡച്ചുകാരും കായംകുളത്തെ സൈന്യവും സംയുക്തമായി കിളിമാനൂർ പിടിച്ചെടുത്തു. തിരുവിതാംകൂർ സൈന്യം തിരുനെൽവേലിയിൽ നിന്നുള്ള കുതിരപ്പട്ടാളത്തിന്റെ സഹായത്തോടെ കിളിമാനൂർ പിടിച്ചെടുത്തു. തുടർന്ന് മാർത്താണ്ഡവർമ്മയുടെ സൈന്യം കായംകുളത്തേക്ക് നീങ്ങുകയും കായംകുളം സൈന്യത്തെ അടിയറവ് പറയിക്കുകയും ചെയ്തു. പിന്നാലെ 1742ൽ മാന്നാർ ഉടമ്പടിയിൽ ഒപ്പുവച്ചു. എന്നാൽ 1746ൽ കായംകുളം രാജാവ് ഈ ഉടമ്പടി ലംഘിക്കുകയും തുടർന്ന് നടന്ന യുദ്ധത്തിൽ മാർത്താണ്ഡവർമ കായംകുളം കീഴടക്കുകയും ചെയ്തു. ഈ യുദ്ധം പുറക്കാട് യുദ്ധം എന്നറിയപ്പെട്ടു.

തിരുവിതാംകൂർ കൊച്ചി യുദ്ധം (ആനന്ദേശ്വര യുദ്ധം)

1754ൽ ആനന്ദേശ്വരത്ത് വച്ച് തിരുവിതാംകൂറും കൊച്ചിയും തമ്മിൽ ഏറ്റുമുട്ടി. രാമവർമ്മ, രാമയ്യൻ, ഡിലനോയി എന്നിവർ ചേർന്നാണ് തിരുവിതാംകൂർ സൈന്യത്തിന് നേതൃത്വം നൽകിയത്. ആർക്കും വിജയം കൈവരാത്ത ഒരു യുദ്ധത്തിന് ശേഷം കൊച്ചി സൈന്യം അമ്പലപ്പുഴയ്ക്ക് പിൻവാങ്ങുകയും പിന്നീട് നടന്ന നിർണ്ണായക യുദ്ധത്തിൽ തിരുവിതാംകൂർ കൊച്ചി സൈന്യത്തെ തോൽപ്പിക്കുകയും ചെയ്‌തു.

തിരുവിതാംകൂർ കൊച്ചി സഖ്യം 

തിരുവിതാംകൂറിനെ ആക്രമിക്കാൻ തയ്യാറെടുത്തുകൊണ്ടിരുന്ന സാമൂതിരിക്കെതിരെ തിരുവിതാംകൂറും കൊച്ചിയും ചേർന്ന് 1757ൽ ഒരു സഖ്യസന്ധിയുണ്ടാക്കി. പാലിയത്ത് കോമി അച്ഛനായിരുന്നു ഈ സന്ധിക്ക് മുൻകൈയെടുത്തത്.

Post a Comment

Previous Post Next Post