കീഴരിയൂർ ബോംബ് കേസ്

കീഴരിയൂർ ബോംബ് കേസ് (Keezhariyur Bomb Case)

1942ൽ ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് മലബാറിൽ നടന്ന പ്രസിദ്ധമായ ബോംബുകേസാണ് കീഴരിയൂർ ബോംബ് കേസ്. ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് മലബാറിലുടനീളം നിയമലംഘനം നടക്കുകയും സ്കൂളുകൾ, കോളേജുകൾ, നീതിന്യായ കോടതികൾ എന്നിവ പിക്കറ്റ് ചെയ്യപ്പെടുകയും ചെയ്‌തു. ഗവൺമെന്റ് അടിച്ചമർത്തൽ നയം സ്വീകരിച്ചതിനാൽ പ്രസ്ഥാനം ഒളിപ്രവർത്തനങ്ങളിൽ മുഴുകി. യുവാക്കളായ കോൺഗ്രസ് പ്രവർത്തകരിൽ ചിലർ ഡോ.കെ.ബി.മേനോന്റെ നേതൃത്വത്തിൽ ഒരു സോഷ്യലിസ്റ്റ് വിഭാഗമായി പ്രവർത്തിച്ചുകൊണ്ട് പ്രസ്ഥാനത്തിൽ പങ്കുചേർന്നു. കീഴരിയൂരിൽ ബോംബ് സ്ഫോടനം നടത്തുവാൻ അവർ തീരുമാനിച്ചു. ഡോ.കെ.ബി. മേനോനും സഹപ്രവർത്തകരും നടത്തിയ രഹസ്യയോഗത്തിൽ നവംബർ 9ന് വിധ്വംസക ദിനമായി പ്രഖ്യാപിച്ചു. എന്നാൽ നവംബർ 9ന് ബോംബ് നിർമാണം പൂർത്തീകരിക്കാത്തതിനാൽ നവംബർ 17ലേക്കു മാറ്റി. ഗവൺമെന്റ് കെട്ടിടങ്ങൾ, റെയിൽപ്പാതകൾ, പാലങ്ങൾ എന്നിവിടങ്ങളിൽ ആളപായമില്ലാതെ ബോംബു പൊട്ടിച്ച് ബ്രിട്ടിഷുകാരെ ഞെട്ടിക്കാനായിരുന്നു പദ്ധതി. 1942 നവംബർ 17ന് സ്ഫോടനങ്ങൾ നടന്നു. എല്ലായിടത്തും ബോംബു പൊട്ടിക്കാനുള്ള പദ്ധതി പരാജയപ്പെട്ടെങ്കിലും വിവിധയിടങ്ങളിൽ ഒരേസമയം ബോംബ് സ്ഫോടനമുണ്ടായി. സംഭവത്തിനുശേഷം ബ്രിട്ടീഷ് പോലീസ് ഡോ.കെ.ബി.മേനോനും കുഞ്ഞിരാമ കിടവുമുൾപ്പെടെ ഇരുപത്തേഴുപേരെ പ്രതികളാക്കി കീഴരിയൂർ ബോംബ് കേസ് രജിസ്റ്റർ ചെയ്തു. ഡോ.കെ.ബി.മേനോനും പന്ത്രണ്ടുപേരും നീണ്ട കാലയളവുകളിലേക്കുള്ള തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിലായി. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലത്ത് 'സ്വതന്ത്രഭാരതം' എന്ന പത്രം രഹസ്യമായി ഈ സംഭവം അച്ചടിച്ചു പ്രസിദ്ധപ്പെടുത്തി. സംഭവങ്ങളുടെ യാഥാർത്ഥരൂപം ജനങ്ങളെ അറിയിക്കുന്നതിനായിരുന്നു ഇത്. 

അഖിലേന്ത്യാതലത്തിൽ ചർച്ചചെയ്യപ്പെട്ട കീഴരിയൂർ ബോംബ് കേസിനെക്കുറിച്ച് അറിയുവാൻ സുബാഷ് ചന്ദ്ര ബോസ് കെ.ബി.മേനോനെഴുതിയ കത്ത് പ്രസിദ്ധമാണ്. വി.എ.കേശവൻ നായർ രചിച്ച 'ഇരുമ്പഴിക്കുള്ളിൽ' എന്ന പുസ്‌തകം കീഴരിയൂർ ബോംബ് കേസിനെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥമാണ്.

PSC ചോദ്യങ്ങൾ 

1. കൊച്ചിയിലും മലബാറിലും ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ചത് - 1942 

2. മലബാറിൽ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തോടനുബന്ധിച്ച് നടന്ന സംഭവം - കീഴരിയൂർ ബോംബ് കേസ് 

3. കീഴരിയൂർ ബോംബ് സ്ഫോടനം നടന്നത് - 1942 നവംബർ 17 

4. കീഴരിയൂർ ബോംബ് സ്ഫോടനം നടന്ന ജില്ല - കോഴിക്കോട്

5. കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട പ്രധാന വ്യക്തി - ഡോ.കെ.ബി.മേനോൻ 

6. കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യക്തികൾ - ഡോ.കെ.ബി.മേനോൻ, കുഞ്ഞിരാമ കിടാവ് 

7. കേരളത്തിൽ ക്വിറ്റ് ഇന്ത്യാ സമരാനുകൂലികൾ രഹസ്യമായി പുറത്തിറക്കിയ പത്രം - സ്വതന്ത്രഭാരതം 

8. ഫറോക്ക് പാലം തകർക്കാനുള്ള ഗൂഢാലോചന ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു - ക്വിറ്റ് ഇന്ത്യാ സമരം 

9. കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യക്തികളുടെ എണ്ണം - 27 

10. കീഴരിയൂർ ബോംബ് കേസിൽ കെ.ബി.മേനോൻ ഉൾപ്പെടെ ആജീവനാന്ത തടങ്കലിൽ ആയവർ - 13 

11. കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട് 'ഇരുമ്പഴിക്കുള്ളിൽ' എന്ന പുസ്‌തകം രചിച്ചത് - വി.എ.കേശവൻനായർ 

12. കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട് സുഭാഷ്‌ചന്ദ്ര ബോസിൽ നിന്ന് കത്ത് ലഭിച്ച നേതാവ് - കെ.ബി.മേനോൻ 

13. കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട് കലാപകാരികൾ വിധ്വംസക ദിനമായി പ്രാഖ്യാപിച്ചത് - നവംബർ 9 

14. കീഴരിയൂർ ബോംബ് കേസിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഹിന്ദി നാടകം - വന്ദേമാതരം

Post a Comment

Previous Post Next Post