ആൽ മരം

ആൽ മരം (Banyan Tree)

വളർന്നു പടർന്നു പന്തലിച്ചു നിൽക്കുന്ന ആൽമരങ്ങൾ ആരെയും അദ്‌ഭുതപ്പെടുത്തുന്നവയാണ്. ഇന്ത്യയിൽ വളരെയധികം കാണപ്പെടുന്ന വൃക്ഷമാണ് ആൽ. ഇതിന് ധാരാളം ശാഖകളുണ്ട്. ശാഖകളിൽ നിന്ന് തറവരെ വേരുകൾ നീണ്ടുകിടക്കും. കടുംപച്ച നിറവും തിളക്കവുമുള്ള വലിയ ഇലകൾ അണ്ഡാകൃതിയോടു കൂടിയതും പരുക്കാനുമായിരിക്കും. ഈ മരത്തിൽ ഫലങ്ങൾ ഉണ്ടാവുക പതിവാണ്. ഇതിന്റെ തൊലി, വേര്, മുകുളങ്ങൾ, കറ എന്നിവയെല്ലാം ആയുർവേദത്തിൽ ഔഷധത്തിനായി ഉപയോഗിക്കാറുണ്ട്. ലോകത്തിലെ തന്നെ വന്മരങ്ങളുടെ കൂട്ടത്തിൽപ്പെട്ടതാണ് ആൽ മരം. ഹൈന്ദവവിശ്വാസവുമായി ബന്ധപ്പെട്ടും ആൽമരങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്. പൊതുവെ കറയുള്ള വൃക്ഷമാണ് ആൽ. തണ്ടിൽ ഇലകൾ ഒന്നിടവിട്ടാണ്. മൂന്നുതരം പൂക്കളാണ് ആൽമരത്തിനുള്ളത്. ആൺപൂക്കളും, പെൺപൂക്കളും കൂടാതെ ഒരു വിഭാഗം പൂക്കൾ കൂടിയുണ്ട്. കേരളീയർക്ക് പരിചിതമായ അരയാലും പേരാലും ഉൾപ്പെടെ അറുനൂറോളം ഇനം ആലുകൾ ഉണ്ട്. കേരളത്തിൽ മാത്രം 45 തരം ആലുകളുണ്ട്‌. അവയിൽ പ്രധാനപ്പെട്ടവയാണ് അരയാൽ, പേരാൽ, കല്ലാൽ, കാരാൽ, ഇത്തിയാൽ, ചിറ്റാൽ, കൃഷ്ണനാൽ തുടങ്ങിയവ.

അരയാൽ - പുരാതനകാലം മുതലേ വളരെ പ്രാധാന്യമുള്ള വൃക്ഷമാണ് അരയാൽ. ബോധി വൃക്ഷം, തത്ത്വവൃക്ഷം, ദേവവൃക്ഷം എന്നൊക്കെ ഇതിന് പേരുകളുണ്ട്. വൃക്ഷങ്ങളുടെ രാജാവെന്നാണ് അരയാൽ അറിയപ്പെടുന്നത്. കൊടുംതണുപ്പും കൊടുംവരൾച്ചയും താങ്ങാൻ കഴിവുള്ള മരമാണെങ്കിലും ചുരുക്കമായി ഇവ ഇല പൊഴിക്കാറുണ്ട്. അതിനാൽ 'ഋതുപാതി' എന്നൊരു പേരുമുണ്ട്.

പേരാൽ - ഭാരതീയർ പുണ്യവൃക്ഷമായി കണക്കാക്കുന്ന പേരാൽ ഒരു തണൽ മരമാണ്. വലിയ ആൽ എന്നർഥം വരുന്ന 'പെരിയ ആലി'ൽ നിന്നാണത്രേ പേരാൽ എന്ന വാക്കുണ്ടായത്. പേരാലിന്റെ ഒരു പ്രത്യേകത അതിൽ നിന്നും താഴേക്കു വളർന്നിറങ്ങുന്ന താങ്ങുവേരുകളാണ്. ദീർഘവൃത്താകൃതിയിലുള്ള ഇലകൾക്ക് നല്ല കനമുണ്ട്. 20 സെന്റിമീറ്ററോളം നീളവും അതിന്റെ പകുതിയോളം വീതിയുമുണ്ട്. പേരാൽ ഏതു കാലാവസ്ഥയിലും വളരും. കാടുകളിലും നാട്ടിൻപുറങ്ങളിലുമാണ് കൂടുതലായി ഉള്ളത്. മരത്തൊലിയും കറയും താങ്ങുവേരിന്റെ അഗ്രവും ഔഷധ ഗുണമുള്ളതാണ്.

കല്ലാൽ - ആൽ കുടുംബത്തിലെ ഇടത്തരം മരമാണ് കല്ലാൽ. കല്ലരയാൽ, കാട്ടരയാൽ എന്നൊക്കെയും പേരുകളുണ്ട്. പാറകളുടെ ഇടയിലും കൽപ്രദേശത്തും കാണുന്നതിനാലാണ് കല്ലാൽ എന്ന പേരുണ്ടായത്. കല്ലാൽ തണൽ വൃക്ഷമായും പൂന്തോട്ടമരമായും നട്ടുവളർത്താറുണ്ട്. 

കാരാൽ - മോറേസീ കുടുംബത്തിൽ പെടുന്ന കാരാൽ വേനൽക്കാലം തുടങ്ങുമ്പോൾ ഇല പൊഴിക്കുകയും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പൂക്കുകയും ചെയ്യും. ദീർഘവൃത്താകൃതിയിലുള്ള ഇലയ്ക്ക് പച്ചനിറമാണ്. കായ്കൾ ഉരുണ്ടതും മഞ്ഞനിറമുള്ളതുമാണ്.

ഇത്തിയാൽ - വിവിധയിനം ആലുകളിൽ വേഗത്തിൽ വളരുന്നതാണ് നല്ലൊരു തണൽമരമായ ഇത്തിയാൽ. കല്ലിത്തി എന്നും പേരുണ്ട്. കട്ടിയുള്ള പരുക്കൻ ഇലയും ഉരുണ്ട പൂക്കുലയും വെള്ളനിറമുള്ള ഉരുണ്ട കായും ഇത്തിയാലിന്റെ പ്രത്യേകതയാണ്.

ചിറ്റാൽ - ഫൈക്കസ് ജഗേല എന്ന ശാസ്ത്രനാമമുള്ള ചിറ്റാൽ നമ്മുടെ നാട്ടിൽ ചുരുക്കമായേ ഉള്ളൂ. ഇലയ്ക്ക് കാരാലിന്റെ ഇലയോട് സാമ്യമുണ്ട്. ഈർപ്പമുള്ള മണ്ണിലാണ് ചിറ്റാൽ നന്നായി വളരുന്നത്. ഇതിന്റെ തടികൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല.

കൃഷ്ണനാൽ - പടർന്നുപന്തലിക്കുന്ന ഈ മരത്തിന്റെ പൂക്കൾ ചെറുതും കായ്കൾ ഉരുണ്ടതുമാണ്. വിളയുമ്പോൾ ഇവയ്ക്ക് ചുവപ്പുനിറമാകും. ഉറപ്പും ബലവുമില്ലാത്ത ഇതിന്റെ തടി കൊണ്ട് വലിയ പ്രയോജനമൊന്നുമില്ല. ഒരു ഇടത്തരം വൃക്ഷമായ കൃഷ്ണനാലിന്റെ ശാസ്ത്രനാമമാണ് ഫൈക്കസ് കൃഷ്ണ.

PSC ചോദ്യങ്ങൾ 

1. ഫൈക്കസ്‌ ബംഗാളന്‍സിസ്‌, ഫൈക്കസ്‌ റിലിജിയോസ എന്ന ശാസ്ത്രനാമങ്ങളില്‍ അറിയപ്പെടുന്ന മരമേത്‌ - ആൽ

2. സിന്ധുനദീതടനിവാസികള്‍ ആരാധിച്ചിരുന്ന മരം - ആൽ

3. ഇന്ത്യയുടെ ദേശീയ വൃക്ഷം - ആൽ

4. ഇലകള്‍ കൂടുതലുള്ളതിനാല്‍ ഏറ്റവും കൂടുതല്‍ അളവ്‌ ഓക്സിജന്‍ പുറത്തുവിടുന്ന മരം - ആൽ

5. ബോധിവൃക്ഷം എന്നറിയപ്പെടുന്നത്‌ - ആൽ

6. ഏതു മരച്ചുവട്ടില്‍വച്ചാണ്‌ ബുദ്ധന്‍ ദിവ്യജ്ഞാനം കൈവന്നത്‌ - ആൽ

7. ബന്യന്‍ മരം എന്നുമറിയപ്പെടുന്ന മരം - ആൽ

8. ഏറ്റവും കൂടുതല്‍ പടര്‍ന്ന്‌ പന്തലിക്കുന്ന മരം - ആൽ

9. ഭാരതരത്നം ബഹുമതി രൂപകല്പന ചെയ്തിരിക്കുന്നത്‌ ഏത്‌ മരത്തിന്റെ ഇലയുടെ ആകൃതിയിലാണ്‌ - ആൽ

10. ബോധിവൃക്ഷം, തത്ത്വവൃക്ഷം, ദേവവൃക്ഷം, ഋതുപാതി എന്നൊക്കെ അറിയപ്പെടുന്ന വൃക്ഷം - അരയാൽ

11. ഹൈന്ദവവിശ്വാസപ്രകാരം വൃക്ഷങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് -  ബോധിവൃക്ഷം

Post a Comment

Previous Post Next Post