നക്ഷത്രങ്ങൾ

നക്ഷത്രങ്ങൾ (STARS)

പ്രപഞ്ചം വികസിച്ചുതുടങ്ങിയപ്പോൾ ആറ്റങ്ങൾ കൂടിച്ചേർന്ന് ഉണ്ടായതാണ് നക്ഷത്രങ്ങൾ. ഗാലക്സികളുടെ അടിസ്ഥാന ഘടകങ്ങളാണ് ഇവ. ചൂടും പ്രകാശവും പുറപ്പെടുവിക്കുന്ന ഒരു വലിയ വാതകപ്പന്ത്: അതാണ് നക്ഷത്രം. ഗാലക്സികളിലുള്ള വാതകങ്ങളുടെയും പൊടികളുടെയും മേഘങ്ങളിലാണ് ഇവയുടെ ജനനം. ഓരോ ഗാലക്സിയിലും കോടാനുകോടി നക്ഷത്രങ്ങളുണ്ട്. അണുസംയോജനമാണ് നക്ഷത്രങ്ങളിൽ നടക്കുന്നത്. വെട്ടിത്തിളങ്ങുന്ന ഭീമാകാരമാർന്ന പ്ലാസ്മാ ഗോളങ്ങളാണ് നക്ഷത്രങ്ങൾ. ഹൈഡ്രജനും ഹീലിയവും ഒഴികെ ഭാരമേറിയ മറ്റ് മൂലകങ്ങളെല്ലാം സൃഷ്ടിക്കപ്പെടുന്നത് നക്ഷത്രക്കാമ്പുകളിൽ ആണ്. സാധാരണഗതിയിൽ നൂറുകോടി മുതൽ ആയിരം കോടിവർഷംവരെയാണ് നക്ഷത്രങ്ങളുടെ ആയുസ്സ്. നക്ഷത്രങ്ങളുടെ പിണ്ഡമാണ് അതിന്റെ പ്രകാശമാനം നിർണയിക്കുന്ന മുഖ്യഘടകം. ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും പ്രായമേറിയ നക്ഷത്രം 'HE 1523-0901' ആണ്. 1320 കോടി വർഷമാണിതിന്റെ പ്രായം. വലുപ്പം കൂടുന്നതിനനുസരിച്ച് നക്ഷത്രങ്ങളുടെ ആയുസ്സ് കുറയുന്നു. കാരണം വലുപ്പം കൂടിയ നക്ഷത്രങ്ങളുടെ അകക്കാമ്പിന്, കൂടിയ ഗുരുത്വാകർഷണത്താൽ അതീവസമ്മർദമാണ് അനുഭവപ്പെടുക. അതിനാൽ ഹൈഡ്രജൻ വേഗത്തിൽ എരിഞ്ഞുതീരും. എന്നാൽ, പരിമിതമായ പിണ്ഡമുള്ള നക്ഷത്രങ്ങൾ വളരെ സാവധാനത്തിലേ എരിഞ്ഞുതീരു. നക്ഷത്രങ്ങളുടെ അന്ത്യം നിർണയിക്കുന്ന ഘടകം അതിന്റെ പിണ്ഡമാണ്. ന്യൂട്രോൺതാരങ്ങൾ, തമോഗർത്തങ്ങൾ, വെള്ളകുള്ളൻ എന്നിവയൊക്കെ നക്ഷത്രങ്ങൾ അന്ത്യത്തിലെത്തുന്ന അവസ്ഥകൾ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പേരുകളാണ്. നക്ഷത്രങ്ങളെ വർഗീകരിച്ചിരിക്കുന്നത് അവയുടെ ഘടന, താപനില എന്നിവയുടെ അടിസ്ഥാനത്തിലാണ്. ഒ, ബി, എ, എഫ്, ജി, കെ, എം എന്നിങ്ങനെ താപനിലയുടെ അടിസ്ഥാനത്തിൽ തരംതിരിച്ചിരിക്കുന്നു. ഒ, ബി എന്നിവ സാധാരണമല്ല. പക്ഷേ, വളരെ തെളിച്ചമുള്ളവയാണ്. എം നക്ഷത്രങ്ങൾ സർവ്വസാധാരണവും മങ്ങിയതുമാണ്. ഏറ്റവും ചൂടേറിയ നക്ഷത്രം ഒ വിഭാഗത്തിലും ഏറ്റവും ചൂടുകുറഞ്ഞത് M ഗ്രൂപ്പിലും വരും. ഓരോ ഗ്രൂപ്പിനെയും പൂജ്യം മുതൽ 9 വരെയുള്ള ഉപവിഭാഗങ്ങളായും തിരിച്ചിട്ടുണ്ട്.

■ ഒ വിഭാഗം - നീലനിറം - 30000 K - 50000 K, 

■ ബി വിഭാഗം - നീല-വെള്ള - 9500 K - 30000 K, 

■ എ വിഭാഗം - വെള്ള - 7000 K - 9500 K, 

■ എഫ് വിഭാഗം - മഞ്ഞ - വെള്ള - 6000 K - 7000 K, 

■ ജി വിഭാഗം - മഞ്ഞ - 5200 K - 6000 K, 

■ കെ വിഭാഗം - ഓറഞ്ച് - 3900 K - 5200 K, 

■ എം വിഭാഗം - ഓറഞ്ച് - ചുവപ്പ് - 2000 K - 3900 K

PSC Exam Tips 

■ സൂര്യന് ഏറ്റവും സമീപത്തുള്ള നക്ഷത്രമാണ് പ്രോക്‌സിമ സെൻറൗറി. ഭൂമിയിൽ നിന്ന് 39.9 ലക്ഷം കോടി കിലോമീറ്റർ (4.2 പ്രകാശവർഷം) അകലെയാണ് ഈ നക്ഷത്രത്തിന്റെ സ്ഥാനം.

■ അറിയപ്പെടുന്നവയിൽ ഏറ്റവും വലിയ നക്ഷത്രമാണ് വി.വൈ.കാനിസ് മെജോറിസ്. സൂര്യന്റെ രണ്ടായിരം ഇരട്ടിയോളം വലുപ്പമുള്ള ഈ നക്ഷത്രം 4900 പ്രകാശവർഷം അകലെയാണ്.

■ സൂര്യൻ കഴിഞ്ഞാൽ ആകാശത്ത് കാണാനാവുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രമാണ് സിറിയസ്. 'ഡോഗ് സ്റ്റാർ' എന്നും അറിയപ്പെടുന്ന ഇത് ഭൂമിയിൽ നിന്ന് ഏതാണ്ട് 8.6 പ്രകാശവർഷം അകലെയാണ്. സൂര്യന്റെ ഇരട്ടിവലുപ്പമുള്ള നക്ഷത്രമാണിത്.

■ ഓരോ നക്ഷത്രത്തിനും 25000 കെൽ‌വിനു മേൽ താപനിലയും നീല നിറവും സൂര്യന്റെ അറുപതു മടങ്ങു ദ്രവ്യമാനവുമുണ്ടാകും. വ്യാസാർധം സൂര്യന്റെ പതിനഞ്ചു മടങ്ങ്. തെളിച്ചം സൂര്യന്റെ 14000000 മടങ്ങ്.

ഉദാ: ആൽഫാ കാമെലോപാർഡാലിസ് 

■ റെഡ് ജയന്റ് നക്ഷത്രങ്ങൾ വളരെ പഴയവയാണ്. ഓറഞ്ചുനിറത്തിലും കാണപ്പെടുന്നു. താപം കുറഞ്ഞ അവസ്ഥയിലാണിവ.

■ ബ്രൗൺ ഡ്വാർഫ് വളരെ ചെറിയ നക്ഷത്രങ്ങളാണ്. ഇവയിൽ അണുകേന്ദ്ര സംലയനം നടക്കുന്നില്ല.

■ ന്യൂട്രോണുകൾ സാന്ദ്രീകരിച്ചിരിക്കുന്ന വളരെ ചെറിയ ഒന്നാണു ന്യൂട്രോൺ നക്ഷത്രങ്ങൾ. വെറും 5 - 16 കിലോമീറ്റർ മാത്രമേ വലുപ്പം കാണപ്പെടുന്നുള്ളൂ.

■ ദ്രുതഗതിയിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഒന്നാണു പൾസറുകൾ. ഇവ സ്‌പന്ദ നക്ഷത്രങ്ങളാണ്.

Post a Comment

Previous Post Next Post