മനുഷ്യൻ ചന്ദ്രനിൽ

മനുഷ്യൻ ചന്ദ്രനിൽ (Moon Landing)

ബഹിരാകാശയുഗം പുതിയൊരു നാഴികക്കല്ല് പിന്നിട്ടത് മനുഷ്യൻ ചന്ദ്രനിലിറങ്ങിയതോടെയാണ്; 1969 ജൂലൈ 20 ന് (ഇന്ത്യൻ സമയമനുസരിച്ച് ജൂലൈ 21). അമേരിക്കയുടെ 'അപ്പോളോ 11' വാഹനത്തിൽ എത്തിയ നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തി. എഡ്വിൻ ആൾഡ്രിൻ,  മൈക്കേൽ കോളിൻസ് എന്നിവരായിരുന്നു അപ്പോളോ 11 ൽ ആംസ്‌ട്രോങിന്റെ സഹയാത്രികർ. ഭൂമിയിൽ നിന്നും ഏകദേശം 3,84,400 കിലോമീറ്റർ അകലെയുള്ള ചന്ദ്രനിലേക്ക് അപ്പോളോ 11 കുതിച്ചുയർന്നു. അപ്പോളോ 11 ലെ മുഖ്യവാഹനമായ കൊളംബിയയിലെ പൈലറ്റ് മൈക്കേൽ കോളിൻസായിരുന്നു. കോളിൻസ് മുഖ്യവാഹനം നിയന്ത്രിച്ചുകൊണ്ടിരിക്കെ 1969 ജൂലൈ 21 ന് രാവിലെ 8.26 ന് നീൽ ആംസ്‌ട്രോങും തുടർന്ന് എഡ്വിൻ ആൾഡ്രിനും ചന്ദ്രനിലിറങ്ങി. ചെറുവാഹനമായ 'ഈഗിൾ' ആണ് ഇരുവരെയും അപ്പോളോയിൽ നിന്ന് ചന്ദ്രപ്രതലത്തിലെത്തിച്ചത്. ചന്ദ്രോപരിതലത്തിലെ 'പ്രശാന്തിയുടെ സമുദ്രം' എന്ന പ്രദേശത്താണ് ഇരുവരും ഇറങ്ങിയത്. ഗുരുത്വാകർഷണബലം കുറവായതിനാൽ ചന്ദ്രനിലെ നടത്തം അവർക്ക് വളരെ വിഷമമായിരുന്നു. മടങ്ങി വരുന്നതിനു മുമ്പ് അവർ ചന്ദ്രനിൽ നിന്ന് മണ്ണും പാറയും ശേഖരിച്ചു. തിരിച്ച് മുഖ്യവാഹനത്തിൽ കയറി സുരക്ഷിതമായി ഭൂമിയിൽ മടങ്ങിയെത്തി. 

1972 നകം അഞ്ച് അപ്പോളോ ദൗത്യങ്ങൾകൂടി ചന്ദ്രനിൽ ആളെയെത്തിച്ചു. ആകെ പന്ത്രണ്ടു പേർ ചന്ദ്രപ്രതലത്തിലിറങ്ങി. ചന്ദ്രപ്രതലത്തിന് ഏതാനും കിലോമീറ്റർ മാത്രം അകലെയെത്തി. ഭ്രമണപഥത്തിൽ കറങ്ങി തിരികെ പോന്നവരുമുണ്ട്. അപ്പോളോ-8, അപ്പോളോ-10, അപ്പോളോ-13, എന്നീ വാഹനങ്ങളിലും മറ്റ് അപ്പോളോ ദൗത്യങ്ങളിലും പോയ 14 പേർ അങ്ങനെ മടങ്ങിയിട്ടുണ്ട്. അവരിൽ രണ്ടുപേർ പിന്നീട് മറ്റ് അപ്പോളോ വാഹനങ്ങളിൽ ചന്ദ്രനിലിറങ്ങി. അപ്പോളോ വിജയത്തിന് പിന്നിൽ ഏകദേശം നാല് ലക്ഷം ശാസ്ത്രജ്ഞന്മാരാണ് പ്രവർത്തിച്ചത്. ബഹിരാകാശസഞ്ചാരികൾ അമേരിക്കയുടെ ദേശീയ പതാക ചന്ദ്രനിൽ നാട്ടിയെങ്കിലും 1967 ലെ ഒരു രാജ്യാന്തര നിയമമനുസരിച്ച് ബഹിരാകാശത്തെ ഏതെങ്കിലും ഗ്രഹത്തെയോ ഉപഗ്രഹത്തെയോ നക്ഷത്രത്തെയോ ഒന്നും ഒരു രാജ്യത്തിനും സ്വന്തമാക്കാനാവില്ല.

ചന്ദ്രനിൽ ഇറങ്ങിയ പ്രായം കൂടിയ വ്യക്തിയും കുറഞ്ഞ വ്യക്തിയും അലൻ ഷെപ്പേഡ് ആണ് ചന്ദ്രനിലിറങ്ങിയ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ. 1971 ഫെബ്രുവരിയിൽ അപ്പോളോ പതിന്നാലിൽ ചന്ദ്രനിലെത്തുമ്പോൾ 47 വർഷവും 2 മാസവും 18 ദിവസവുമായിരുന്നു ഇദ്ദേഹത്തിന്റെ പ്രായം. ചാൾസ് ഡ്യൂക്കാണ് ചന്ദ്രനിൽ ഇറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. 1972 ൽ അപ്പോളോ പതിനാറിൽ ചന്ദ്രനിലെത്തുമ്പോൾ ഡ്യൂക്കിന് 36 വയസ്സും 6 മാസവും 18 ദിവസവും പൂർത്തിയായിരുന്നു.

ചന്ദ്രനിൽ കാലുകുത്തിയ 12 പേർ : നീൽ ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൽ (അപ്പോളോ-11, ജൂലൈ 21, 1969), പീറ്റ് കോൺറാഡ്, അലൻ ബീൻ (അപ്പോളോ-12, നവംബർ 19-20, 1969), അലൻ ഷെപ്പേഡ് , എഡ്‌ഗാർ മിച്ചെൽ (അപ്പോളോ-14, ഫെബ്രുവരി 5 - 6, 1971), ഡേവിഡ് സ്കോട്ട്, ജെയിംസ് ഇർവിൻ (അപ്പോളോ-15, ജൂലൈ-31 - ഓഗസ്റ്റ് 2, 1971), ജോൺ ഡബ്ള്യു. യങ്, ചാൾസ് ഡ്യൂക്ക് (അപ്പോളോ-16, ഏപ്രിൽ 21 - 23, 1972), യൂജിൻ സെർനാൻ, ഹാരിസൺ ഷിമിറ്റ് (അപ്പോളോ-17, ഡിസംബർ 11-14, 1972)

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. അമേരിക്കയുടെ ചാന്ദ്രപര്യവേഷണ ദൗത്യം അറിയപ്പെടുന്നത് - അപ്പോളോ ദൗത്യങ്ങൾ 

2. ചന്ദ്രനെക്കുറിച്ച് ഗവേഷണം നടത്താനായി 1961 - 1965 കളിൽ അമേരിക്ക വിക്ഷേപിച്ച വാഹനങ്ങൾ - റേഞ്ചർ 

3. ആദ്യമായി ചന്ദ്രനിലിറങ്ങിയ അമേരിക്ക വിക്ഷേപിച്ച ബഹിരാകാശ പേടകം - റേഞ്ചർ 4 

4. ആദ്യമായി മനുഷ്യനെയും കൊണ്ട് ചന്ദ്രനെ ചുറ്റിയ ബഹിരാകാശ പേടകം - അപ്പോളോ 8 

5. നീൽ ആംസ്‌ട്രോങും സംഘവും ചന്ദ്രനിൽ എത്തിയ ബഹിരാകാശ വാഹനം ഏത്? - അപ്പോളോ 11

6. മനുഷ്യൻ ചന്ദ്രനിൽ എത്തിയ ആദ്യ ബഹിരാകാശ പേടകം - അപ്പോളോ 11 

7. അപ്പോളോയിൽ നിന്നും ചന്ദ്രപ്രതലത്തിലെത്തിച്ച ചെറുവാഹനം - ഈഗിൾ

8. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയ ദിവസം - 1969 ജൂലൈ 20

9. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ അൻപതാമത് വാർഷികം ആചരിച്ച വർഷം - 2019

10. ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ വ്യക്തികൾ - നീൽ ആംസ്ട്രോങ്, എഡ്വിൻ ആൾഡ്രിൻ 

11. നീൽ ആംസ്ട്രോങും, എഡ്വിൻ ആൾഡ്രിനും ചന്ദ്രനിൽ ഇറങ്ങിയപ്പോൾ മാതൃപേടകമായ കൊളംബിയ നിയന്ത്രിച്ചിരുന്നത് - മൈക്കിൾ കോളിൻസ് 

12. ആംസ്ട്രോങും, ആൾഡ്രിനും ചന്ദ്രനിൽ ഇറങ്ങിയ പ്രദേശം അറിയപ്പെടുന്നത് - പ്രശാന്തിയുടെ സമുദ്രം

13. "മനുഷ്യനെ സംബന്ധിച്ചിടത്തോളം, ഒരു ചെറിയ കാൽവെയ്പ്പ് മാത്രം. പക്ഷെ മനുഷ്യവർഗ്ഗത്തിനോ, ഒരു കുതിച്ചുചാട്ടം" ആരുടെ വാക്കുകളാണിത് - നീൽ ആംസ്ട്രോങ്

14. ബഹിരാകാശസഞ്ചാരികൾ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയപ്പോൾ അമേരിക്കൻ പ്രസിഡന്റ് - റിച്ചാർഡ് നിക്സൺ

15. ആദ്യമായി ചന്ദ്രനിലോട്ട് ഒരു ബഹിരാകാശ പേടകം അയച്ച രാജ്യം - സോവിയറ്റ് യൂണിയൻ 

16. സോവിയറ്റ് യൂണിയൻ ചന്ദ്രനിലോട്ട് വിക്ഷേപിച്ച ആദ്യ പേടകം - ലൂണ I (ജനുവരി, 1959)

17. ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ ആദ്യ ബഹിരാകാശ പേടകം - ലൂണ II (സെപ്റ്റംബർ, 1959)

18. എന്താണ് ലൂണ 16 - ചന്ദ്രനിൽ ഇറങ്ങിയ ആദ്യ റോബട്ടിക് പേടകം (സോവിയറ്റ് യൂണിയൻ, 1970)

19. ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ അവസാന മനുഷ്യൻ - യൂജിൻ സെർനാൻ (അപ്പോളോ-17, 1972)

20. ചന്ദ്രനിൽ ഇറങ്ങിയ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ - അലൻ ഷെപ്പേഡ് (47 വയസ്സ്)

21. ചന്ദ്രനിൽ ഇറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ മനുഷ്യൻ - ചാൾസ് ഡ്യൂക്ക് (36 വയസ്സ്)

22. ഭൂമിയ്ക്ക് അഭിമുഖമായി വരാത്ത ചന്ദ്രന്റെ അർദ്ധഗോളം - ഫാർ സൈഡ് ഓഫ് ദി മൂൺ 

23. നീൽ ആംസ്ട്രോങ് ചന്ദ്രനിൽ സ്ഥാപിച്ച ഫലകത്തിലെ സന്ദേശം - ഞങ്ങൾ ചന്ദ്രനിലെത്തിയത് മാനവരാശിക്കാകെ സമാധാനത്തിനു വേണ്ടിയാണ് 

24. ഇന്ത്യയ്ക്കുവേണ്ടി ചന്ദ്രനിൽ സ്ഥാപിച്ച ലോകഫലകത്തിലെ സന്ദേശം - 'മനുഷ്യവംശത്തിന് നന്മവരാൻ ചന്ദ്രയാത്രയ്ക്കു കഴിയട്ടെ' (ഈ സന്ദേശം നൽകിയത് വി.വി.ഗിരി (PSC യുടെ ഉത്തരം). എന്നാൽ നാസയുടെ ഔദ്യോഗിക രേഖകളിൽ പ്രസ്തുത സന്ദേശം നൽകിയത് ഇന്ദിരാഗാന്ധി എന്നാണ് പ്രതിപാദിച്ചിരിക്കുന്നത്

Post a Comment

Previous Post Next Post