വാൽ നക്ഷത്രങ്ങൾ

വാൽ നക്ഷത്രങ്ങൾ (ധൂമകേതുക്കൾ, Comets)

സൗരയൂഥത്തിൽ സൂര്യനെ ചുറ്റുന്ന ചെറു വസ്തുക്കളാണ് ധൂമകേതുക്കൾ അഥവാ വാൽ നക്ഷത്രങ്ങൾ. പേര് വാൽ നക്ഷത്രം എന്നാണെങ്കിലും കൂടുതൽ സമയവും ധൂമകേതുക്കൾക്ക് വാലില്ല എന്നതാണ് വാസ്തവം. ധൂമകേതുവിനെ സംബന്ധിച്ച് സ്ഥിരമായുള്ള പ്രത്യേകത അതിന്റെ ശിരസ്സാണ് (ന്യൂക്ലിയസ്). ചെറിയൊരു വസ്തുവാണത്. ടെലിസ്കോപ്പിലൂടെ കാണുമ്പോൾ നക്ഷത്രത്തെ അനുസ്മരിപ്പിക്കും. രണ്ട് കാര്യങ്ങളിലാണ് ക്ഷുദ്രഗ്രഹങ്ങളും ധൂമകേതുക്കളും വ്യത്യസ്തമാകുന്നത്. ഭ്രമണപഥത്തിന്റെ കാര്യത്തിലും രാസഘടനയുടെ കാര്യത്തിലും. വളരെയേറെ വർത്തുളമായ ഭ്രമണപഥമാണ് വാൽ നക്ഷത്രങ്ങളുടേത്. രാസഘടനയാണെങ്കിൽ, തണുത്തുറഞ്ഞ വെള്ളമാണ് ധൂമകേതുവിന്റെ ശിരസ്സിൽ കൂടുതലും എന്നാണ് കരുതുന്നത്. വാൽനക്ഷത്രങ്ങൾ അശുദ്ധ ഹിമപദാർത്ഥങ്ങളാണ്.

സൂര്യനോടടുക്കുമ്പോൾ കുറെ വെള്ളം ബാഷ്പമാകും അതാണ് വാലായി രൂപപ്പെടുക. ധൂമകേതുക്കളെക്കുറിച്ച് ശാസ്ത്രീയമായി മനസ്സിലാക്കാൻ ആദ്യം ശ്രമിച്ച ശാസ്ത്രജ്ഞൻ എഡ്‌മണ്ട് ഹാലി ആണ്. 24 ധൂമകേതുക്കളുടെ സഞ്ചാരപാത അദ്ദേഹം കണക്കുകൂട്ടി. ഐസക് ന്യൂട്ടൺ വികസിപ്പിച്ച മാർഗം ഉപയോഗിച്ച് തന്റെ പേരിൽ അറിയപ്പെടുന്ന വാൽനക്ഷത്രത്തിന്റെ വരവ് 76 വർഷത്തിലൊരിക്കൽ ആണെന്നും, ആ ധൂമകേതു വീണ്ടും 1758 ൽ എത്തുമെന്നും അദ്ദേഹം പ്രവചിച്ചു. അത് ശരിയാണെന്ന് തെളിഞ്ഞു. 

'ഹാലിയുടെ വാൽനക്ഷത്രം' 1758/59 ൽ പ്രത്യക്ഷപ്പെട്ടശേഷം 1835, 1910, 1986 വർഷങ്ങളിൽ വീണ്ടുമെത്തി. എന്നാൽ, പല ധൂമകേതുക്കളും സുദീർഘമായ കാലയളവിലാണ് നമ്മുടെ സമീപമെത്തുന്നത്. 1970 ൽ വളരെ പ്രകാശതീവ്രതയുള്ള 'ബെന്നെറ്റ് ധൂമകേതു' ഭൂമിക്കരികിലെത്തി. 1700 വർഷം കഴിഞ്ഞേ അത് വീണ്ടും എത്തൂ. 1976 ൽ പ്രത്യക്ഷപ്പെട്ട 'വെസ്റ്റ് ധൂമകേതു' ഇനി എത്താൻ അഞ്ചുലക്ഷം വർഷം കാക്കണം.

ഓർത്തിരിക്കേണ്ട വസ്തുതകൾ

1. സൗരയൂഥത്തിലെ ഏറ്റവും ആകർഷകങ്ങളായ അംഗമാണ് വാൽനക്ഷത്രങ്ങൾ.

2. ടിൻഡൽ പ്രഭാവത്താലാണ് വാൽനക്ഷത്രങ്ങളുടെ വാൽ ദൃശ്യമാകുന്നത്.

3. സൂര്യന്റെ ആകർഷണത്തിന് വിധേയമായി സഞ്ചരിക്കുന്നവയാണ് വാൽനക്ഷത്രം അഥവാ ധൂമകേതു.

4. വാൽനക്ഷത്രങ്ങളെ വ്യത്യസ്തമാക്കുന്ന ഘടകം, സൂര്യന് വിപരീത ദിശയിൽ കാണപ്പെടുന്ന അവയുടെ വാലാണ്.

5. 2126 ഓഗസ്റ്റ് പതിനാലാം തീയതി ഭൂമിയുമായി കൂട്ടിയിടിക്കാനായി അടുത്തുകൊണ്ടിരിക്കുന്ന ധൂമകേതു ആണ് സ്വിഫ്റ്റ് ടട്ടിൽ.

6. വാൽനക്ഷത്രങ്ങളും സൂര്യനെ വലംവച്ച് ഭ്രമണം ചെയ്യുന്നവയാണ്.

7. 76 വർഷത്തിലൊരിക്കൽ സൂര്യനെ പ്രദക്ഷണം വയ്ക്കുന്ന വാൽനക്ഷത്രമാണ് ഹാലിയുടെ വാൽനക്ഷത്രം. അവസാനമായി ഈ വാൽ നക്ഷത്രം ദൃശ്യമായത് 1986 ൽ. 2062 ലായിരിക്കും ഇനി ഈ വാൽനക്ഷത്രം പ്രത്യക്ഷപ്പെടുന്നത്.

8. 1996 ൽ വ്യാഴവുമായി കൂട്ടിയിടിച്ച വാൽനക്ഷത്രമാണ് ഷൂമാക്കർ ലെവി - 9.

9. ഹേൽബോപ്പ് എന്ന വാൽനക്ഷത്രത്തെയാണ് കോമറ്റ് ഓഫ് ദി സെഞ്ച്വറി എന്ന് വിശേഷിപ്പിക്കുന്നത്. ആയിരം വർഷത്തിൽ ഒരിക്കലാണ് ഇത് ഭൂമിയിൽ ദൃശ്യമാകുന്നത്. 1997 ലാണ് അവസാനമായി പ്രത്യക്ഷപ്പെട്ടത്.

10. എൻ.കെ.യുടെ ധൂമകേതു 3.3 വർഷത്തിലൊരിക്കൽ (1205 ദിവസങ്ങൾ) ദൃശ്യമാകുന്നു.

11. കൊഹൌട്ടെക്കിന്റെ ധൂമകേതു 75000 വർഷത്തിലൊരിക്കലാണ് നമുക്ക് ദൃശ്യമാകുന്നത്.

12. ഊർദ് മേഘങ്ങൾ: സൗരയൂഥത്തിനപ്പുറത്ത് വാൽ നക്ഷത്രങ്ങൾ ഉത്ഭവിക്കുന്നു എന്ന് കരുതപ്പെടുന്ന മേഘദൃശ്യമായ ഭാഗമാണ് ഊർദ് മേഘങ്ങൾ. പ്ലൂട്ടോയ്ക്കുമപ്പുറമുള്ള മേഘസദൃശ്യമായ വിശാല പ്രദേശം.

13. വാൽനക്ഷത്രങ്ങളെക്കുറിച്ചു പഠിക്കാനായി അമേരിക്ക വിക്ഷേപിക്കപ്പെട്ട ബഹിരാകാശ ദൗത്യമാണ് സ്റ്റാർഡസ്റ്റ്. ഒരു ധൂമകേതുവിന്റെ വാലിൽ പ്രവേശിച്ചു ധൂളിപടലങ്ങൾ ശേഖരിച്ച പേടകമാണ് സ്റ്റാർഡസ്റ്റ്.

14. സ്റ്റാർഡസ്റ്റ് ഏത് ധൂമകേതുവിൽ നിന്നാണ് ധൂളിപടലങ്ങൾ ശേഖരിച്ചത് - വിൽറ്റ് 2 (2004 ജനുവരി 2 ൽ)

15. 2014 ഓടെ 'ചുറ്യുമോവ് ജെറാസിമെങ്കോ' എന്ന വാൽ നക്ഷത്രത്തിന്റെ ശിരസ്സിൽ ഇറങ്ങാനായി യാത്ര തിരിച്ച പേടകം - റോസറ്റ 

16. ടെമ്പിൾ - 1 എന്ന വാൽനക്ഷത്രത്തിൽ ഇറങ്ങാൻ 2005 ൽ നാസ വിക്ഷേപിച്ച ദൗത്യ വാഹനം - ഡീപ് ഇംപാക്ട് 

17. ധൂമകേതുവുമായി കൂട്ടിയിടിച്ച ആദ്യ ബഹിരാകാശ ദൗത്യം - ഡീപ് ഇംപാക്ട്

18. ടെമ്പിൾ - 1 എന്ന വാൽനക്ഷത്രത്തിൽ ഡീപ് ഇംപാക്ട് കൂട്ടിയിടിച്ച വർഷം - 2005 ജൂലൈ

19. വാൽനക്ഷത്രങ്ങളുടെ ശിരസ്സാണ് - ന്യൂക്ലിയസ്

20. വാൽനക്ഷത്രങ്ങളെക്കുറിച്ച് ശാസ്ത്രീയമായി മനസ്സിലാക്കാൻ ആദ്യം ശ്രമിച്ച ശാസ്ത്രജ്ഞൻ - എഡ്‌മണ്ട് ഹാലി

21. 'ഹാലിയുടെ വാൽനക്ഷത്രം' എത്രവർഷം കൊണ്ടാണ് സൂര്യനെ ചുറ്റുന്നത് - 76 വർഷങ്ങൾ 

22. ഹാലിയുടെ വാൽനക്ഷത്രത്തിന്റെ പരിക്രമണകാലം കണ്ടുപിടിച്ചത് - എഡ്‌മണ്ട് ഹാലി

23. ഹാലിയുടെ ധൂമകേതുവിനെ നിരീക്ഷിക്കാൻ ജപ്പാൻ അയച്ച ബഹിരാകാശ പേടകം - സകിഗാക്കെ 

24. 20-ാം നൂറ്റാണ്ടിന്റെ ധൂമകേതു എന്നറിയപ്പെടുന്നത് - ഹേൽബോപ്പ് (1999 ൽ ദൃശ്യമായി)

25. ഏറ്റവും കുറഞ്ഞ പരിക്രമണ കാലമുള്ള വാൽ നക്ഷത്രം - എൻ.കെ.യുടെ വാൽ നക്ഷത്രം (ഏകദേശം 3.3 വർഷത്തിലൊരിക്കൽ)

26. ഏറ്റവും കൂടിയ പരിക്രമണ കാലമുള്ള വാൽ നക്ഷത്രം - കൊഹൌട്ടെക്കിന്റെ ധൂമകേതു (75000 വർഷത്തിലൊരിക്കൽ)

27. ധൂമകേതുക്കളുടെ ഉത്ഭവമായി കരുതുന്നത് - ഊർട്ട് മേഖല 

28. ഊർട്ട് മേഘങ്ങൾ കണ്ടെത്തിയത് - ജാൻ ഊർട്ട് 

29. ആന്തര ഊർട്ട് മേഖലകളിൽ കണ്ടെത്തിയ ആദ്യത്തെ ആകാശഗോളം - സെഡ്ന 

30. 'ബാപ്പു-ബോക്-ന്യുകിർക്ക്' എന്ന ധൂമകേതു കണ്ടെത്തിയ മലയാളി - എം.കെ.വൈനുബാപ്പു 

31. ഇന്ത്യക്കാരന്റെ (തലശ്ശേരിക്കാരന്റെ) പേരിൽ അറിയപ്പെടുന്ന ഏക വാൽ നക്ഷത്രം - ബാപ്പു-ബോക്-ന്യുകിർക്ക്

32. ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയന്റെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ ജ്യോതി ശാസ്ത്രജ്ഞൻ - എം.കെ.വൈനുബാപ്പു

33. ആധുനിക ഇന്ത്യൻ ജ്യോതിശാസ്ത്രത്തിന്റെ പിതാവ് - എം.കെ.വൈനുബാപ്പു

Post a Comment

Previous Post Next Post