ഇരയിമ്മൻ തമ്പി

ഇരയിമ്മൻ തമ്പി ജീവചരിത്രം (Irayimman Thampi Biography in Malayalam)

ജനനം: 1782 

മരണം: 1856 

“ഓമനത്തിങ്കള്‍ക്കിടാവോ - നല്ല

കോമളത്താമരപ്പൂവോ?

പൂവില്‍നിറഞ്ഞ മധുവോ - പരി

പൂര്‍ണേന്ദു തന്റെ നിലാവോ?

പുത്തന്‍ പവിഴക്കൊടിയോ - ചെറു--

തത്തകള്‍ കൊഞ്ചും മൊഴിയോ?”

എന്നു തുടങ്ങുന്ന താരാട്ടുപാട്ട്‌ മലയാളത്തിലെ സ്നേഹദുഗ്ധമാണ്‌. കേരളത്തില്‍ ഇന്നുവരെയുണ്ടായിട്ടുള്ള താരാട്ടുപാട്ടുകളില്‍ ഒന്നാമത്തേത്‌. ഇതെഴുതിയ കവി മറ്റുപലതിലും ഒന്നാമനാവാം. പക്ഷേ, കേരളം എക്കാലവും സ്മരിക്കുന്നത്‌ ഈ താരാട്ടുപാട്ടിലൂടെയായിരിക്കും. കവി, ആട്ടക്കഥാകൃത്ത്‌, മുക്തകങ്ങള്‍, ലഘുകവനങ്ങള്‍ എന്നിവയുടെ പ്രണേതാവ്‌ തുടങ്ങി, വിവിധ നിലകളില്‍ ശോഭിച്ച അനന്യ വ്യക്തിത്വത്തിനുടമയാണ്‌ ഇരയിമ്മന്‍ തമ്പി. 

ധര്‍മരാജാവ്‌ എന്ന പ്രശസ്തിയുള്ള കാര്‍ത്തികതിരുനാള്‍ രാമവര്‍മ മഹാരാജാവിന്റെ കനിഷ്‌ഠസഹോദരനായ രവിവര്‍മയുടെ പുത്രി പാര്‍വതിപ്പിള്ള തങ്കച്ചിയുടെയും, ചേര്‍ത്തല നടുവിലെ കോവിലകത്ത്‌ കേരളവര്‍മ തമ്പുരാന്റെയും പുത്രനായി തിരുവനന്തപുരത്ത്‌ 1783 ഒക്ടോബറില്‍ ഇരയിമ്മന്‍ തമ്പി ജനിച്ചു. തിരുവിതാംകൂര്‍ രാജകുടുംബവുമായി ബന്ധമുള്ള കരമന പുതുമന അമ്മവീടാണ്‌ തമ്പിയുടെ കുടുംബം. ആണ്ടിയിറക്കത്ത്‌ കണക്കുതമ്പി പദ്മനാഭന്‍ ഇരയുമന്‍ എന്നാണ്‌ രാജകൊട്ടാരത്തിലെ ഗ്രന്ഥവരിയിലും പത്മനാഭസ്വാമി ക്ഷേത്രത്തിലെ രേഖകളിലും തമ്പിയെക്കുറിച്ച്‌ പറഞ്ഞിരിക്കുന്നത്‌. രവിവര്‍മ എന്ന നാമത്തിന്റെ തദ്ഭവങ്ങളാണ്‌ “ഇരയിമ്മന്‍', “ഇരയുമന്‍' എന്നിവ.

പിതാവില്‍നിന്ന്‌ സാഹിത്യത്തിലും സംഗീതത്തിലും ശിക്ഷണം ലഭിച്ചു. പതിനാലാമത്തെ വയസ്സില്‍ ഇരയിമ്മന്‍ തമ്പി കവിത എഴുതിത്തുടങ്ങി. 32-മത്തെ വയസ്സില്‍ രാജകൊട്ടാരത്തിലെ ആസ്ഥാനകവികളില്‍ ഒന്നാമനായി. “മഹാകവി” ബിരുദം നല്‍കി ആദരിച്ചു, ജനം. അതിമനോഹരമായ ഗാനങ്ങള്‍ തമ്പി രചിക്കുമായിരുന്നു. ആട്ടക്കഥാരചനയില്‍ അദ്വൈതഭാവം പ്രകടിപ്പിച്ച മഹാനുഭാവനാണ്‌ അദ്ദേഹം. കീചകവധം, ഉത്തരാസ്വയംവരം, ദക്ഷയാഗം എന്നീ മൂന്ന് ആട്ടക്കഥകള്‍ കഥകളിരംഗത്ത്‌ ഏറ്റവും പ്രചാരമുള്ളവയാണ്‌. സുഭ്രാഹരണം കൈകൊട്ടിക്കളിപ്പാട്ട്, മുറജപപ്പാന, നവരാത്രിപ്രബന്ധം, ഓമനത്തിങ്കൾകിടാവോ എന്ന താരാട്ടുപാട്ട്‌, വാസിഷ്ഠം കിളിപ്പാട്ട്, രാസക്രീഡ, രാജസേവാക്രമം മണിപ്രവാളം എന്നിവയാണ്‌ ഇരയിമ്മൻ തമ്പിയുടെ കവിതകൾ.

തമ്പിയുടെ ആട്ടക്കഥകള്‍ നളചരിതത്തിനൊപ്പം കീര്‍ത്തിനേടി. ആടാനും പാടാനും കൊള്ളാവുന്ന ഏതാനും ചില ആട്ടക്കഥകളില്‍ ഇത്‌ ഗണനീയമായി. 'ദക്ഷയാഗം' ഏറെ പ്രശസ്തി പിടിച്ചുപറ്റി. “പ്രാണനാഥനെനിക്കു നല്‍കിയ പരമാനന്ദരസത്തെ' എന്നുതുടങ്ങുന്ന ഗാനവും “ഒരുനാള്‍ നിശി ചെയ്ത ലീലകള്‍ ഒരിക്കലും ഹൃദി മറക്കുമോ സഖി" എന്നാരംഭിക്കുന്ന ഗാനവും അനശ്വരമായ രതിഗീതങ്ങളാണ്‌. ഭാഷാകവികളുടെ കൂട്ടത്തില്‍ ഉദാത്തവും സമുന്നതവുമായ ഒരു സ്ഥാനമാണ്‌ തമ്പിക്കുള്ളത്‌. സംഗീതകൃതികള്‍ രചിച്ചിട്ടുളള അപൂര്‍വം കേരളീയകവികളില്‍ ഒന്നാമനാണ്‌ തമ്പി. 29 സംസ്കൃതകീര്‍ത്തനങ്ങളും 27 മണിപ്രവാളകീർത്തനങ്ങളും രചിച്ചിട്ടുണ്ട്. 1856 ൽ അദ്ദേഹം അന്തരിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. സ്വാതിതിരുനാളിന്റെ സദസ്യനായിരുന്ന ഒരു പ്രമുഖ ആട്ടക്കഥാകൃത്ത് ആര്? - ഇരയിമ്മൻ തമ്പി 

2. ഇരയിമ്മൻ തമ്പിയുടെ പ്രസിദ്ധമായ ആട്ടക്കഥകൾ ഏവ? - കീചകവധം, ഉത്തരാസ്വയംവരം. ദക്ഷയാഗം 

3. “ഓമനത്തിങ്കൾ കിടാവോ' എന്നാരംഭിക്കുന്ന താരാട്ടുപാട്ടിന്റെ രചയിതാവ്‌ - ഇരയിമ്മന്‍ തമ്പി

4. ഇരയിമ്മന്‍ തമ്പിയുടെ ശരിയായ പേര്‌ - രവിവര്‍മ്മന്‍ തമ്പി

Post a Comment

Previous Post Next Post