കമ്മ്യൂണൽ അവാർഡ്

കമ്യൂണൽ അവാർഡ് (Communal Award in Malayalam)

1932 നുശേഷം അയിത്തോച്ചാടനത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ഗാന്ധിജി ശക്തിപ്പെടുത്തി. 1932 ഓഗസ്റ്റിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ രാംസേ മക്‌ഡൊണാൾഡ് കമ്യൂണൽ അവാർഡ് പ്രഖ്യാപിച്ചു. മുസ്ലിങ്ങൾക്കും സിഖുകാർക്കും ക്രിസ്ത്യാനികൾക്കും അധഃകൃത വിഭാഗക്കാർക്കും പ്രത്യേകം സംവരണ മണ്ഡലങ്ങൾ അനുവദിക്കുന്നതായിരുന്നു കമ്മ്യൂണൽ അവാർഡ്. അധഃകൃത വിഭാഗക്കാരെ ഒരു പ്രത്യേക വിഭാഗമായി കാണുന്നതിനെ ഗാന്ധിജി എതിർത്തു. 

കമ്യൂണൽ അവാർഡ് പിൻവലിക്കാനായി 1932 സെപ്റ്റംബർ 20 ന് ഗാന്ധിജി യെർവാദ ജയിലിൽ നിരാഹാരം ആരംഭിച്ചു. പൊതു ഹിന്ദുമണ്ഡലങ്ങളിൽ നിന്നുകൊണ്ട് അധഃകൃത വിഭാഗക്കാർ മത്സരിച്ചു ജയിക്കണമെന്ന് ഗാന്ധിജി ആവശ്യപ്പെട്ടു. എങ്കിൽ മാത്രമേ അവരുടെ സാമൂഹിക പുരോഗതി ഫലപ്രദമാകൂ എന്നും ഗാന്ധിജി വിശ്വസിച്ചു. തുടർന്ന് കമ്മ്യൂണൽ അവാർഡിലെ വ്യവസ്ഥകൾ മാറ്റാനായി ബി.ആർ.അംബേദ്‌കറിന്റെ നേതൃത്വത്തിൽ ചർച്ചകൾ നടന്നു. അതിന്റെ ഭാഗമായി പുണെ ഉടമ്പടിയിൽ എത്തിച്ചേർന്നു.

ബ്രിട്ടീഷ് ഗവൺമെന്റ് പുണെ ഉടമ്പടി അംഗീകരിക്കുകയും ഗാന്ധിജി നിരാഹാരം അവസാനിപ്പിക്കുകയും ചെയ്തു. ഇതുപ്രകാരം അധഃകൃതവിഭാഗക്കാർക്കുള്ള പ്രത്യേക സംവരണ മണ്ഡലങ്ങൾ ഇല്ലാതാകുകയും പൊതു ഹിന്ദു മണ്ഡലങ്ങളിലുള്ള അവരുടെ സംവരണ സീറ്റുകൾ ഇരട്ടിയാക്കുകയും ചെയ്തു. തുടർന്ന് അയിത്തോച്ചാടനത്തിനുവേണ്ടി ഒരു അഖിലേന്ത്യ യാത്രതന്നെ അദ്ദേഹം നടത്തി. അയിത്തം അനുഭവിക്കുന്നവരുടെ പുരോഗതിക്കായി 'ഹരിജൻ' എന്ന പത്രം ഗാന്ധിജി ആരംഭിച്ചു. ഹരിജന ഉദ്ധാരണത്തിനായി ഹരിജൻ സേവക് സംഘ് എന്ന ഒരു സംഘടനയ്ക്ക് ഗാന്ധിജി രൂപം നൽകി.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ഇന്ത്യയിലെ ഹരിജനങ്ങൾക്കും മറ്റു പിന്നോക്ക സമുദായക്കാർക്കും പ്രത്യേക നിയോജകമണ്ഡലങ്ങൾ അനുവദിച്ച ആദ്യ പരിഷ്കരണം? - കമ്മ്യൂണൽ അവാർഡ്

2. കമ്യൂണൽ അവാർഡ് പ്രഖ്യാപിച്ചത് ഏത് വർഷമാണ്? - 1932 ആഗസ്റ്റ് 16

3. കമ്യൂണൽ അവാർഡ് പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി? - രാംസേ മക്‌ഡൊണാൾഡ്

4. കമ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി നടത്തിയ നിരാഹാര സമരം അവസാനിപ്പിക്കാൻ കാരണമായ കരാർ? - പൂനാ കരാർ

5. കമ്മ്യൂണൽ അവാർഡിലെ വ്യവസ്ഥകൾ മാറ്റാനായി ഗാന്ധിജിയും അംബേദ്കറും തമ്മിൽ ഏർപ്പെട്ട ഉടമ്പടി - പൂനാ ഉടമ്പടി (1932)

6. ഗാന്ധിജിക്കുവേണ്ടി പൂനാ കരാറിൽ ഒപ്പുവച്ചത് - മദൻമോഹൻ മാളവ്യ

7. കമ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി മരണം വരെ നിരാഹാര സത്യാഗ്രഹപ്രഖ്യാപനം നടത്തിയ ജയിൽ - യെർവാദ ജയിൽ (പൂനാ)

Post a Comment

Previous Post Next Post