ചങ്ങമ്പുഴ കൃഷ്ണപിള്ള

ചങ്ങമ്പുഴ കൃഷ്ണപിള്ള ജീവചരിത്രം കുറിപ്പ് (Changampuzha Krishna Pillai in Malayalam)

ജനനം: 1911 ഒക്ടോബർ 11

മരണം: 1948 ജൂൺ 17

മലയാളകവിത കണ്ട ഏറ്റവും വലിയ കാല്പനിക (റൊമാന്റിക്) കവിയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള. ഒരു തലമുറയെ മുഴുവൻ ആവേശംകൊള്ളിക്കുകയും സ്വാധീനിക്കുകയും ചെയ്തു അദ്ദേഹം. സംഗീതാത്മകത നിറഞ്ഞ ചങ്ങമ്പുഴക്കവിതകൾ അക്ഷരമറിയാത്തവർ പോലും പാടിനടന്നു. 'മലയാളത്തിലെ ഗാനഗന്ധർവൻ', 'മലയാളത്തിന്റെ ഓർഫ്യൂസ്' എന്നൊക്കെയാണ് നിരൂപകർ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഇടപ്പള്ളിയിലെ ചങ്ങമ്പുഴ വിട്ടില്‍ പാറുക്കുട്ടിയമ്മയുടെയും മട്ടാഞ്ചേരിയിലെ തെക്കേടത്തുവീട്ടില്‍ നാരായണമേനോന്റെയും പുത്രനായി 1911 ഒക്ടോബര്‍ 10-ാം തീയതി ചങ്ങമ്പുഴ കൃഷ്ണപിള്ള ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം ഇടപ്പള്ളിയില്‍. ഇടപ്പളളി ശ്രീകൃഷ്ണവിലാസം മിഡില്‍ സ്‌കൂള്‍, ആലുവാ സെന്റ്‌ മേരിസ്‌ സ്കൂള്‍, എറണാകുളം ഗവണ്‍മെന്റ്‌ സ്‌കൂള്‍, സെന്റ്‌ ആല്‍ബര്‍ട്ട്‌സ്‌ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജില്‍നിന്നും ഇന്റര്‍മീഡിയറ്റും പാസ്സായി. തിരുവനന്തപുരത്തുവന്ന കൃഷ്‌ണപിളള ഗവണ്‍മെന്റ്‌ ആര്‍ട്‌സ്‌ കോളേജില്‍ നിന്ന്‌ ബി.എ. ഓണേര്‍സ്‌ ബിരുദമെടുത്തു. സാമ്പത്തികക്ലേശങ്ങളും ആരോഗ്യപ്രശനങ്ങളുമുണ്ടായിരുന്നെങ്കിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോളേജുവിദ്യാഭ്യാസകാലത്ത്‌ എസ്‌.കെ. ശ്രീദേവിയെ വിവാഹം കഴിച്ചു.

പൂനെ, കൊച്ചി എന്നിവിടങ്ങളില്‍ മിലിട്ടറി അക്കൗണ്ട്സ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലിചെയ്തു. പിന്നിട്‌ ജോലികളഞ്ഞ്‌ മദ്രാസ് ലോ കോളേജില്‍ ചേര്‍ന്നു. പഠനം പൂര്‍ത്തിയാക്കാന്‍ ആയില്ല. തിരിച്ചെത്തി മംഗളോദയം മാസികയുടെ പത്രാധിപരായി. ഒരു പുത്രനും രണ്ടു പുത്രിമാരും അടങ്ങുന്നതായിരുന്നു കുടുംബം. 1931 മുതല്‍ 1948 വരെയുള്ള 17 വര്‍ഷക്കാലം മാത്രമായിരുന്നു ചങ്ങമ്പുഴയുടെ സാഹിത്യജീവിതം. ഇക്കാലത്തിനിടയില്‍ ഗദ്യപദ്യങ്ങളിലായി അമ്പത്തിയേഴോളം കൃതികള്‍ അദ്ദേഹം മലയാളഭാഷയ്ക്ക്‌ സംഭാവന ചെയ്തു. ലഘുകവിതകള്‍, ഖണ്ഡകാവ്യങ്ങള്‍, പരിഭാഷകള്‍ തുടങ്ങി പലതും അതിലുള്‍പ്പെടുന്നു. വിശ്വസാഹിത്യവുമായി ഗാഢസമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ചങ്ങമ്പുഴ തന്റെ പരിഭാഷകളില്‍പ്പോലും സ്വന്തമായ ശൈലിയാണ്‌ പുലര്‍ത്തിയിട്ടുള്ളത്‌. തന്റേതു മാത്രമായ വശ്യത, അദ്ദേഹത്തിന്റെ നിയന്ത്രണത്തിലൊതുങ്ങാതെ, അവയില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നതായി നമുക്കനുഭവപ്പെടുന്നു. റൊമാന്റിക്‌ കവിക്ക്‌ ഒരിക്കലും തന്റെ സഹജപ്രതിഭയുടെ നിയന്ത്രണത്തില്‍നിന്ന്‌ രക്ഷനേടാനാവുകയില്ല. ആ പരിമിതി റൊമാന്റിക്‌ കവിയുടെ ബലവുമാണ്‌. ചങ്ങമ്പുഴയുടെ ഭാവഗീതങ്ങളിൽ ആ ബലം ഇന്ദ്രജാലമായി പ്രവർത്തിക്കുന്നു.

ചങ്ങമ്പുഴയെ അറിയാത്ത മലയാളി ഇല്ല. ജീവിച്ചിരിക്കുമ്പോഴും മരിച്ചതിനുശേഷവും മലയാളത്തിലെ കമ്രനക്ഷത്രം തന്നെയാണ്‌ ചങ്ങമ്പുഴ. ചങ്ങമ്പുഴയുടെ രണ്ടു വരിയെങ്കിലും അറിയാത്ത ഒരു തലമുറയും പണ്ടില്ല, ഇന്നില്ല, നാളെയുണ്ടാവുകയുമില്ല. പതിനേഴുവര്‍ഷം, അന്‍പത്തിയേഴു കൃതികള്‍. ഒരു മനുഷ്യനും ചെയ്തുതീര്‍ക്കാനാവാത്ത സാഹിത്യസേവനമാണിത്‌. പ്രായത്തില്‍ കവിഞ്ഞ അനുഭവങ്ങള്‍ ചങ്ങമ്പുഴയ്ക്കുണ്ടായിരുന്നു. ജീവിതം പളുങ്കുപാത്രമായി കണ്ട കവി, 1931-ല്‍ എഴുതിയ ഇരുപതു കവിതകളുടെ സമാഹരണമായ “ലീലാങ്കണം" ആദ്യകൃതിയായി ചില ജീവചരിത്രകാരന്മാര്‍ പറയുന്നുണ്ടെങ്കിലും 1934-ല്‍ എഴുതിയ 'ബാഷ്പാഞ്ജലി'യാണ്‌ ചങ്ങമ്പുഴയുടെ ആദ്യത്തെ കാവ്യസമാഹാരം. അതിലെ “ആ പൂമാല” വളരെ ഹൃദ്യമായ കവിതയാണ്‌.

ചങ്ങമ്പുഴയുടെ പ്രിയസുഹൃത്തായിരുന്നു ഇടപ്പള്ളി രാഘവന്‍പിള്ള. അദ്ദേഹത്തിന്റെ ആത്മഹത്യ ചങ്ങമ്പുഴയെ വല്ലാതുലച്ചു. 1936-ലായിരുന്നു അത്‌. ചങ്ങമ്പുഴയുടെ കാവ്യജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു ഇടപള്ളിയുടെ മരണം. ഒരു മാസത്തിനകം ചങ്ങമ്പുഴ തന്റെ പ്രിയസുഹൃത്തിനെ അനുസ്മരിച്ചുകൊണ്ട്‌ “രമണന്‍” എന്ന ആരണ്യവിലാപകാവ്യം രചിച്ചു. ചങ്ങമ്പുഴക്കവിതകളുടെ എല്ലാ ശ്രേഷ്ഠതകളും ഒത്തുചേര്‍ന്ന കൃതിയാണ്‌ രമണന്‍. നാടകീയമുഹൂര്‍ത്തങ്ങള്‍ അനാവരണംചെയുന്ന രമണന്‍ അറിയാത്ത മലയാളി ഇല്ലെന്നതാണ്‌ വാസ്തവം. മലയാളികള്‍ക്ക്‌ കവിതയോട്‌ പ്രിയം തോന്നിയത്‌ രമണന്റെ വായനമുതലാണ്‌. സാമൂഹികമായ വിമര്‍ശനവും ആക്രോശവും ചങ്ങമ്പുഴക്കവിതയില്‍ ഉയര്‍ന്നുകേള്‍ക്കുന്നതും രമണന്‍ മുതലാണ്‌. ആത്മസുഹൃത്തിന്റെ ദൗര്‍ഭാഗ്യകരമായ ദുരന്തം കവിയില്‍ ഏൽപിച്ച കഠിനവ്യഥയാണ്‌ രമണന്‍ ആയി രൂപാന്തരപ്പെട്ടത്‌. അക്ഷരജ്ഞാനമില്ലാത്തവര്‍ക്കുംകൂടി മനസ്സിലാകുന്ന കാവ്യബിംബങ്ങളാണ്‌ ചങ്ങമ്പുഴ രമണനില്‍ പ്രയോഗിച്ചത്‌. അതാണ്‌ രമണന്‍ ഏവര്‍ക്കും തിരിയുന്ന കൃതിയായത്‌. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പതിപ്പുകളുണ്ടായ കൃതിയാണ്‌ രമണന്‍. രമണനില്‍ ഒരു സാമൂഹ്യവിമര്‍ശകനെ കണ്ടുമുട്ടിയെന്നു പറഞ്ഞല്ലോ. രമണില്‍ തുടങ്ങിയ സാമൂഹികവിപ്ലവാസക്തി മറ്റു കൃതികളില്‍ മറനീക്കിവരുന്നു. “രക്തപുഷ്പങ്ങള്‍' എന്ന കൃതിയിലെ “വാഴക്കുല' ഉദാഹരണം. “ഉന്മാദത്തിന്റെ ഓടക്കുഴല്‍", “ആ കൊടുങ്കാറ്റ്‌" എന്നീ കവിതകളില്‍ തൊഴിലാളി - മുതലാളി സംഘട്ടനങ്ങള്‍ വിശദീകരിക്കുന്നുണ്ട്‌. 1948 ജൂൺ 17 ന് തൃശ്ശിവപേരൂർ മംഗളോദയം നേഴ്‌സിംഗ് ഹോമിൽവച്ച് ചങ്ങമ്പുഴ കൃഷ്ണപിള്ള നിര്യാതനായി.

ചങ്ങമ്പുഴ കൃഷ്ണപിള്ള കവിതകൾ 

അപരാധികള്‍, അമൃതവീചി, അസ്ഥിയുടെ പുക്കള്‍, ആകാശഗംഗ, ആരാധകര്‍, ഉദ്യാനലക്ഷ്മി, ഓണപ്പൂക്കള്‍, കലാകേളി, കല്ലോലമാല, ചുഡാമണി, തളിര്‍ത്തൊത്തുകള്‍, തിലോത്തമ, ദിവ്യഗീതം, ദേവഗീത, ദേവയാനി, ദേവത, നര്‍ത്തകി, നിര്‍വൃതി, നിഴലുകള്‍, നിര്‍വാണമണ്ഡലം, നീറുന്ന തീച്ചൂള, പാടുന്ന പിശാച്‌, ബാഷ്പാഞ്ജലി, മഗ്ദലനമോഹിനി, മഞ്ഞക്കിളികള്‍, മണിവീണ, മദിരോത്സവം, മയുഖമാല, മാനസേശ്വരി, മാനഗാനം, മോഹിനി, യവനിക, രമണന്‍, രക്തപുഷ്പങ്ങള്‍, രാഗപരാഗം, വസന്തോത്സവം, വത്സല, ശ്മശാനത്തിലെ തുളസി, ശ്രീതിലകം, സങ്കല്പകാന്തി, സുധാംഗദ, സ്വരരാഗസുധ, സ്പന്ദിക്കുന്ന അസ്ഥിമാടം, ഹേമന്തചന്ദ്രിക എന്നിവയാണ്‌ 

ചങ്ങമ്പുഴയുടെ ഗദ്യരചനകൾ

അനശ്വരഗാനം, കഥാരത്നമാലിക, കളിത്തോഴി, കരടി, തുടിക്കുന്ന താളുകള്‍, പൂനിലാവില്‍, പ്രകാരദുര്‍ഗ, മാനസാന്തരം, വിവാഹാലോചന, ശിഥിലഹൃദയം, സാഹിത്യചിന്തകള്‍

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. 'മലയാളത്തിലെ ഓര്‍ഫ്യൂസ്‌ ' എന്നു വിശേഷിപ്പക്കപ്പെട്ട കവി - ചങ്ങമ്പുഴ കൃഷ്ണപിള്ള

2. പ്രൊഫ. എം.കെ സാനുവിന്‌ വയലാര്‍ അവാര്‍ഡ്‌ നേടിക്കൊടുത്ത കൃതി - ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം

3. ചങ്ങമ്പുഴ സ്മാരകം എവിടെ - ഇടപ്പള്ളി

4. ചങ്ങമ്പുഴയുടെ “രമണന്‍” പുറത്തുവന്നത്‌ ഏതു വര്‍ഷം - 1936

5. ചങ്ങമ്പുഴ ഗീതാഗോവിന്ദം വിവര്‍ത്തനം ചെയ്തത്‌ ഏതു പേരില്‍ - ദേവഗീത

6. മലയാള കവിതയിലെ 'പാടുന്ന ഗന്ധർവ്വൻ' എന്ന് വിശേഷിപ്പിക്കുന്നതാരെ - ചങ്ങമ്പുഴ കൃഷ്ണപിള്ള 

7. 'കപടലോകത്തിലാത്‌മാർത്ഥമായൊരു / ഹൃദയമുണ്ടായതാണെൻ പരാജയം' - ചങ്ങമ്പുഴയുടെ ഈ വരികൾ ഏത് കവിതയിൽ നിന്നാണ് എടുത്തിട്ടുള്ളത്? - ഇരുളിൽ 

8. 'പോർഫീറിയയുടെ കാമുകൻ' എന്ന പാശ്ചാത്യ കവിതയെ ആസ്പദമാക്കി ചങ്ങമ്പുഴ രചിച്ച മനഃശാസ്ത്രകവിത ഏത്? - മോഹിനി 

9. 'രമണൻ' എന്ന കവിത ചങ്ങമ്പുഴ രചിച്ചത് ആരുടെ മരണത്തെ തുടർന്നാണ് - ഇടപ്പള്ളി രാഘവൻ പിള്ള 

10. ടെന്നിസൻ രചിച്ച 'ഈനോൺ' എന്ന വിശ്വവിഖ്യാതമായ കവിതയ്ക്ക് ചങ്ങമ്പുഴ രചിച്ച പരിഭാഷ ഏത്? - സുധാംഗദ 

11. 'അങ്കുശമില്ലാത്ത ചാപല്യമേ മന്നി / ലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാൻ' - ഈ വരികൾ ചങ്ങമ്പുഴയുടെ ഏത് കവിതയിലുള്ളതാണ്? - വേതാളകേളി 

12. വിത്തനാഥന്റെ ബേബിക്കു പാലും / നിർദ്ധന ചെറുക്കന്നുമിനീരും - സുപ്രസിദ്ധമായ ഈ വരികൾ ചങ്ങമ്പുഴയുടെ ഏത് കവിതയിലാണുള്ളത്? - ഭാവത്രയം 

13. ജയദേവ കവിയുടെ ഗീതാഗോവിന്ദത്തിന് ചങ്ങമ്പുഴ രചിച്ച പരിഭാഷ - ദേവഗീത 

14. ചങ്ങമ്പുഴയുടെ മരണത്തെ പ്രമേയമാക്കി പാലാ നാരായണൻ നായർ രചിച്ച കവിത? - ഗന്ധർവ്വൻ

15. 'വേദന വേദന ലഹരി പിടിക്കും വേദന ഞാനതിൽ മുഴുകട്ടെ' എന്ന് പാടിയതാര് - ചങ്ങമ്പുഴ കൃഷ്ണപിള്ള 

Post a Comment

Previous Post Next Post