വിപ്ലവ പ്രസ്ഥാനങ്ങൾ

വിപ്ലവ പ്രസ്ഥാനങ്ങൾ (Revolutionary Movement in India)

ദേശീയപ്രസ്ഥാനങ്ങൾക്ക് സമാന്തരമായി വളർന്നുവന്ന ആക്രമണ സ്വഭാവമുള്ള പ്രസ്ഥാനങ്ങളായിരുന്നു വിപ്ലവ പ്രസ്ഥാനങ്ങൾ. സായുധ സമരത്തിലൂടെ ബ്രിട്ടീഷുകാരെ തുരത്താൻ വേണ്ടി പോരാടുകയും ജീവൻ വെടിയുകയും ചെയ്ത ധീരരായ വിപ്ലവകാരികൾ ഒരുപാടുണ്ടായിരുന്നു. അക്കൂട്ടത്തിലെ പ്രധാനപ്പെട്ട ചില വിപ്ലവ പ്രസ്ഥാനങ്ങളെ പരിചയപ്പെടാം.

സ്വദേശി പ്രസ്ഥാനത്തെ ബ്രിട്ടീഷുകാര്‍ അതിക്രൂരമായാണ്‌ നേരിട്ടത്‌, ബാലഗംഗാധര തിലകനെയും സുരേന്ദ്രനാഥ ബാനർജിയെയും പോലുള്ള നേതാക്കളെ മർദ്ദിക്കുകയും ജയിലിലടയ്ക്കുകയും ചെയ്ത ബ്രിട്ടീഷുകാരുടെ നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങളുണ്ടായി. നിയമം ലംഘിക്കുകയും പൗരാവകാശങ്ങള്‍ കാറ്റില്‍ പറത്തുകയും ചെയ്യുന്ന ഭരണത്തെ അക്രമത്തിലൂടെ തന്നെ പുറത്താക്കാൻ വിപ്ലവകാരികള്‍ തീരുമാനിച്ചു. വിദേശങ്ങളിലെ വിപ്ലവ ആശയങ്ങള്‍ അവർക്ക് പ്രചോദനം നൽകി. അരബിന്ദോ ഘോഷിന്റെ വന്ദേമാതരം പോലുള്ള പത്രങ്ങളും ഈ പ്രസ്ഥാനങ്ങൾക്ക് പിന്തുണയേകി. 1897-ല്‍ റാൻഡ്, ആംഹെസ്റ്റ്‌ എന്നീ ജനദ്രോഹികളായ ഉദ്യോഗസ്ഥരെ പൂണെയില്‍ വച്ച്‌ വധിച്ചുകൊണ്ട്‌ ചപേത്ക്കര്‍ സഹോദരന്മാ൪ എന്നറിയപ്പെടുന്ന ദാമോദര്‍ ഹരി ചപേത്ക്കര്‍, ബാലകൃഷ്ണ ഹരി ചപേത്ക്കര്‍ എന്നിവര്‍ വിപ്ലവ പ്രസ്ഥാനത്തിലേക്ക്‌ കടന്നുവന്നു.  മറ്റു പ്രധാനപ്പെട്ട വിപ്ലവ പ്രസ്ഥാനങ്ങളെ പരിചയപ്പെടാം.

മിത്രമേളന്‍

1899 ൽ വീരദാമോദര സവർക്കറും സഹോദരന്‍ ഗണേഷ്‌ സവർക്കറും ചില സുഹൃത്തുക്കളും ചേർന്ന് മഹാരാഷ്ട്രയിൽ ആരംഭിച്ച സംഘടനയാണിത്‌. ഇവര്‍ നാസിക്കിലെ ജില്ലാ മജിസ്ട്രേറ്റ്‌ ആയ ജാക്സനെ വധിച്ചു.

അനുശീലൻ സമിതി

1902-ല്‍ ബംഗാളില്‍ സ്ഥാപിക്കപ്പെട്ട ഈ സംഘടനയുടെ പ്രധാന നേതാക്കൾ ബരീന്ദ്ര കുമാര്‍ ഘോഷ്‌, ജതീന്ദ്രനാഥ ബാനർജി, പ്രമോദ്‌ മിത്തര്‍ എന്നിവര്‍ ആയിരുന്നു. അനുശീലന്‍ സമിതിക്ക്‌ ധാക്കയില്‍ ഒരു ഘടകം ഉണ്ടായിരുന്നു. പിലന്‍ ദാസ് ആയിരുന്നു ധാക്കയിലെ പ്രധാന നേതാവ്‌.

യുഗാന്തര്‍ പാർട്ടി

ഹേം ചന്ദ്രദാസ്‌ സ്ഥാപിച്ച ഈ സംഘടനയ്ക്ക് 'യുഗാന്തർ' എന്ന പേരില്‍ ഒരു പത്രവും ഉണ്ടായിരുന്നു. ഭൂപേന്ദ്രനാഥ് ദത്ത് ആയിരുന്നു പത്രത്തിന്റെ സ്ഥാപകൻ. ആലിപ്പൂർ ഗൂഢാലോചന കേസിൽ ഈ സംഘടനയുടെ അംഗങ്ങൾ പ്രതികളായിരുന്നു.

ഭാരത് മാതാ അസോസിയേഷൻ 

ചിദംബരം പിള്ളയെ പിന്തുണച്ചിരുന്നവരിൽ പ്രധാനികളായിരുന്നു വഞ്ചിനാഥ അയ്യരും സുബ്രഹ്മണ്യ ശിവയും നീലകണ്‌ഠ ബ്രഹ്മചാരിയും. നീലകണ്‌ഠ ബ്രഹ്മചാരിയും വഞ്ചിനാഥ അയ്യരും ചേർന്ന് ആരംഭിച്ച വിപ്ലവപ്രസ്ഥാനമാണ് ഭാരത് മാത അസോസിയേഷൻ. നീതിമാനായ ചിദംബരം പിള്ളയ്ക്കു ശിക്ഷ വിധിച്ച തിരുനെൽവേലി കളക്ടർ ആഷിനെ തീവണ്ടിയിൽ വച്ച് വഞ്ചിനാഥ അയ്യർ വെടിവച്ചു കൊലപ്പെടുത്തി. പൊലീസിനു പിടികൊടുക്കാതെ അതേ തോക്കുകൊണ്ട് അദ്ദേഹം ആത്മഹത്യ ചെയ്തു.

ഭാരത്‌ മാതാ സൊസൈറ്റി

പഞ്ചാബില്‍ സ്ഥാപിക്കപ്പെട്ട ഈ സംഘടനയുടെ നേതാക്കള്‍ ജെ.എം. ചാറ്റർജി, ലാലാ ഹർദയാല്‍, അജിത്‌ സിംഗ്‌, സൂനി അംബാ പ്രസാദ്‌ എന്നിവരായിരുന്നു.

സുഹൃദ് സമിതി

ബംഗാളിലെ മിമൻസിംഗ് എന്ന പ്രദേശത്ത്‌ പ്രവർത്തിച്ചിരുന്ന വിപ്ലവ പാർട്ടിയായിരുന്നു ഇത്‌.

മറ്റ്‌ പ്രധാന സംഘടനകള്‍

ബരിസാലിയിലെ സ്വദേശ്‌ ബാന്ധവ്‌ സമിതി, ഫരീദ്പൂരിലെ ബ്രാദി സമിതി, പാരീസ്‌ ഗ്രൂപ്പ്, ഇന്ത്യന്‍ ഇൻഡിപെൻഡൻസ് ലീഗ്‌, ഭഗത്സിങ്‌ മുൻകൈ എടുത്തു രൂപം നല്കിയ പഞ്ചാബ്‌ നൗജവാന്‍ ഭാരത് സഭ തുടങ്ങി ഒട്ടേറെ സംഘടനകള്‍ ഇക്കാലഘട്ടത്തില്‍ ഭാരതത്തിന്‌ അകത്തും പുറത്തും നിന്ന്‌ വിപ്ലവ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി, ഖുദിറാം ബോസ്‌, പ്രഫുല്ല ചക്കി തുടങ്ങിയ അസംഖ്യം വിപ്ലവകാരികൾക്കൊപ്പം ഓർമ്മിക്കപ്പെടേണ്ട ചില വ്യക്തികളാണ്‌ ശ്യാംജി കൃഷ്‌ണവർമ, മദൻലാൽ ദിന്‍ഗ്ര, എസ്‌. ആര്‍. റാണെ, വി.വി. എസ്‌ അയ്യര്‍, താരകാനാഥ്‌ തുടങ്ങിയവര്‍. ബംഗാള്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലായിരുന്നു ഇത്തരം വിപ്ലവപ്രസ്ഥാനങ്ങളില്‍ ഏറിയ പങ്കും വളർന്നത്. അറിയപ്പെടുന്നതും അല്ലാത്തതുമായ ഒരുപാട് പേര്‍ ഈ പ്രസ്ഥാനങ്ങൾക്കു വേണ്ടി ജീവന്‍ നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post