കുണ്ടറ വിളംബരം

കുണ്ടറ വിളംബരം (Kundara Proclamation)

ബ്രിട്ടീഷ് ദുർഭരണത്തിനെതിരെ തിരുവിതാംകൂറിൽ പ്രക്ഷോഭമുയർത്തിയ ധീര ദേശാഭിമാനിയാണ് വേലുത്തമ്പി ദളവ. 1765 മേയ് ആറിനു നാഗർകോവിലിനടുത്ത് തലക്കുളത്തു വീട്ടിലാണ് വേലുത്തമ്പിയുടെ ജനനം. 1798 - 1810 കാലത്ത് തിരുവിതാംകൂർ ഭരിച്ച ബാലരാമവർമയുടെ മന്ത്രിയായിരുന്നു അദ്ദേഹം. തിരുവിതാംകൂറിന്റെ ഭരണത്തിലും വ്യാപാരത്തിലും അനാവശ്യമായി ഇടപെട്ട ബ്രിട്ടീഷുകാരെ എതിർത്ത വേലുത്തമ്പി കൊച്ചിയിലെ പ്രധാനമന്ത്രി പാലിയത്തച്ചനുമായി രഹസ്യസഖ്യമുണ്ടാക്കി. 

'തിരുവിതാംകൂറിൽ നിന്നും കൊച്ചിയിൽ നിന്നും ബ്രിട്ടീഷുകാരെ നാടുകടത്തുക!' എന്ന ലക്ഷ്യത്തോടെ അവർ രഹസ്യ സന്ധിയുണ്ടാക്കി. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു ഇത്. ചെമ്പിൽ അരയനെപ്പോലുള്ള വിശ്വസ്തരായ സൈനികരോടൊപ്പം പാലിയത്തച്ചൻ 1808 ൽ കൊച്ചിയിലെ ബോൾഗാട്ടിയിലുള്ള ബ്രിട്ടീഷ് റസിഡൻസി ആക്രമിച്ചു. എന്നാൽ, അവിടെയുണ്ടായിരുന്ന മെക്കാളെ പ്രഭു ചാരന്മാർ വഴി ആക്രമണവിവരം മുൻകൂട്ടി അറിയുകയും കപ്പലിൽ കയറി രക്ഷപ്പെടുകയും ചെയ്തു. കൊച്ചി ആക്രമിച്ചുകൊണ്ടാണ് ഇംഗ്ലീഷുകാർ ഇതിന്റെ വൈരാഗ്യം തീർത്തത്. അവർ പാലിയത്തച്ചനെ പിടികൂടി നാടുകടത്തി.

വൈദേശിക ഭരണത്തിനെതിരെയുള്ള ആഹ്വാനമായി 1809 ജനുവരി 11 ന് വേലുത്തമ്പി കുണ്ടറ വിളംബരം പ്രസിദ്ധപ്പെടുത്തി. ബ്രിട്ടീഷുകാർക്കെതിരെ രംഗത്തിറങ്ങാനുള്ള പരസ്യമായ ആഹ്വാനമായിരുന്നു വേലുത്തമ്പി ദളവയുടെ 'കുണ്ടറ വിളംബരം'. 'തിരുവിതാംകൂറിനെ സംരക്ഷിക്കാനെന്ന വ്യാജേന നമ്മൾ തീറ്റിപോറ്റുന്ന കമ്പനി സൈന്യം രാജ്യത്തിന്റെ സമ്പത്ത് കട്ടുമുടിക്കുകയും അനീതി പ്രവർത്തിക്കുകയുമാണ് ചെയ്യുന്നത്. നാട് കൊള്ളയടിക്കുന്ന ഈ വിദേശികളെ എത്രയും വേഗം പുറത്താക്കിയില്ലെങ്കിൽ ശ്രീപത്മനാഭന്റെ അനുഗ്രഹമുള്ള ഈ നാട് നശിക്കും. ബ്രിട്ടീഷ് അതിക്രമങ്ങൾക്കെതിരെ രാജഭക്തരും ദേശസ്നേഹികളും ആയുധമെടുക്കുക-' ഇതായിരുന്നു വിളംബരത്തിന്റെ ചുരുക്കം.

കൊല്ലത്തുവെച്ച് കമ്പനി സൈന്യം വേലുത്തമ്പി ദളവയുടെ സൈന്യത്തെ പരാജയപ്പെടുത്തി. ബ്രിട്ടീഷുകാരെ പിണക്കിയതിനാൽ ബാലരാമവർമയും തമ്പിക്കെതിരായി. അദ്ദേഹം തമ്പിയെ പിടിക്കാൻ കല്പനയിറക്കി. വിശ്വസ്തരായ അനുചരന്മാർക്കൊപ്പം വേലുത്തമ്പി രക്ഷപെട്ടു. മണ്ണടി ക്ഷേത്രത്തിൽ ഒളിച്ചിരുന്ന തമ്പിയെക്കുറിച്ച് ചാരന്മാർ വഴി അറിഞ്ഞ ബ്രിട്ടീഷ് പട്ടാളം അവിടെയെത്തി. ശത്രുസൈന്യം വളഞ്ഞപ്പോൾ വേലുത്തമ്പി 1809 മാർച്ച് 28 ന് ആത്മഹത്യചെയ്തു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. കുണ്ടറ വിളംബരം നടത്തിയ ഭരണാധികാരി - വേലുത്തമ്പി ദളവ 

2. കുണ്ടറ വിളംബരം പുറപ്പെടുവിച്ച വർഷം - 1809 ജനുവരി 11 

3. കുണ്ടറ വിളംബരം പുറപ്പെടുവിച്ച മലയാള വർഷം - 984 മകരം 1

4. കുണ്ടറ വിളംബരത്തിനു സാക്ഷ്യം വഹിച്ച ക്ഷേത്രസന്നിധി - കുണ്ടറയിലെ ഇളമ്പള്ളൂർ ക്ഷേത്രം 

5. കുണ്ടറ വിളംബരം നടന്ന കാലത്തെ തിരുവിതാംകൂർ ബ്രിട്ടീഷ് റസിഡന്റ് - കേണൽ മെക്കാളെ 

6. വേലുത്തമ്പിയെ നേരിടാനായി തിരുവിതാംകൂറിലെത്തിയ ബ്രിട്ടീഷ് സൈന്യത്തെ നയിച്ചത് - കേണൽ ലീഗർ

7. കുണ്ടറ വിളംബരാനന്തരം നടന്ന യുദ്ധം - കൊല്ലം യുദ്ധം (1809 ജനുവരി 15)

8. വേലുത്തമ്പി ദളവ ജീവത്യാഗം ചെയ്തത് - 1809 

9. വേലുത്തമ്പി ആത്മഹത്യ ചെയ്ത ക്ഷേത്രം - മണ്ണടി ക്ഷേത്രം (പത്തനംതിട്ട)

Post a Comment

Previous Post Next Post