അരുവിപ്പുറം പ്രതിഷ്ഠ

അരുവിപ്പുറം പ്രതിഷ്ഠ (Aruvippuram Consecration/Movement)

ഒരു ദിവസം ശ്രീനാരായണഗുരു ശിഷ്യരോടൊത്ത് നെയ്യാറ്റിൻകരയിലെ അരുവിപ്പുറം സന്ദർശിച്ചു. പ്രകൃതിരമണീയമായ നെയ്യാറിന്റെ തീരത്ത് ഒരു ക്ഷേത്രം പണിതലെന്താ എന്ന് ഗുരുവിനു തോന്നി. തന്റെ ആശയം ഗുരു ശിഷ്യന്മാരുമായി പങ്കുവച്ചപ്പോൾ അവർക്കും സന്തോഷം. നെയ്യാറിന്റെ തെക്കേക്കരയിൽ കാട് വെട്ടിത്തെളിച്ച് ചെറിയൊരു പന്തൽ പണിയുകയാണ് ആദ്യം ചെയ്തത്. കുരുത്തോലയും മാവിലയും കൊണ്ട് പന്തൽ അലങ്കരിച്ചു. ഒരു പാറയെ പീഠമായി സങ്കല്പിച്ച് പ്രതിഷ്ഠ നടത്താനുള്ള ഒരുക്കങ്ങളാരംഭിച്ചു. ഗുരു ധ്യാനപൂർവം നദിയിലേക്കിറങ്ങി നദിയിലെ ആഴമുള്ള ഭാഗത്തേക്കു നീങ്ങി. ഒരു ശില നെഞ്ചോടു ചേർത്തുവച്ച് നദിയിൽ മുങ്ങി. ഈറനണിഞ്ഞ് ശിലയുമായി കരയിലെത്തിയ ഗുരു ഏറെ നേരം ധ്യാനനിരതനായി നിന്നു. ശേഷം ശിലയെ പാറമേൽ പ്രതിഷ്ഠിച്ചു. ഈഴവൻ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ വാർത്ത നാടാകെ പരന്നു. സവർണർ അരുവിപ്പുറത്തെത്തി ഗുരുവിനെയും ശിഷ്യന്മാരെയും ചോദ്യം ചെയ്തു. പുഞ്ചിരിയോടെ സവർണരുടെ ചോദ്യങ്ങളെ നേരിട്ട ഗുരു "നാം നിങ്ങളുടെ ശിവനെ പ്രതിഷ്ഠിച്ചിട്ടില്ല. ഈഴവശിവനെയാണ് പ്രതിഷ്ഠിച്ചത്". (നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്ന ശക്തമായ വാദവും നിലനിൽക്കുന്നുണ്ട്). എന്നുപറഞ്ഞു. കോപിച്ചു വന്നവർക്ക് തല കുമ്പിട്ട് തിരിച്ചുപോവുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു. അരുവിപ്പുറം വിപ്ലവമെന്നും ഈ സംഭവം വിശേഷിപ്പിക്കപ്പെട്ടു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ശ്രീ നാരായണ ഗുരു പ്രതിഷ്ഠിച്ച ആദ്യ ക്ഷേത്രം - അരുവിപ്പുറം (നെയ്യാറ്റിൻകര)

2. ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് ശിവക്ഷേത്രം പണികഴിപ്പിച്ച വർഷം - 1887

3. ശ്രീ നാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം - 1888 ഫെബ്രുവരി (ശിവരാത്രി ദിനത്തിൽ)

4. നെയ്യാറിലെ ശങ്കരൻകുഴി എന്ന കയത്തിൽ നിന്നും സ്വയം മുങ്ങിയെടുത്ത ഒരു കല്ലാണ് ഗുരു അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് ഉപയോഗിച്ചത്.

5. "ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവ്വരും/സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്" എന്നിങ്ങനെ ഏത് ശ്രീകോവിലിന്റെ ചുവരിലാണ് സ്വന്തം കൈയക്ഷരത്തിൽ ഗുരു എഴുതിയിരിക്കുന്നത് - അരുവിപ്പുറം ക്ഷേത്രഭിത്തിയിൽ 

6. അരുവിപ്പുറം വിപ്ലവം എന്നറിയപ്പെട്ടത് - ശ്രീനാരായണഗുരുവിന്റെ ശിവലിംഗപ്രതിഷ്ഠ

Post a Comment

Previous Post Next Post