വില്ലുവണ്ടി സമരം

അയ്യങ്കാളിയുടെ വില്ലുവണ്ടി സമരം (Bullock Cart Strike)

താഴ്ന്ന ജാതിക്കാർക്ക് വഴിനടക്കാൻപോലും അവകാശമില്ലാതിരുന്ന വഴികളിലൂടെ രണ്ടു വെള്ളക്കാളകളെ കെട്ടിയ ആ വില്ലുവണ്ടി മണിമുഴക്കികൊണ്ട് കുതിച്ചുപാഞ്ഞു. വണ്ടിയിൽ പതിവുപോലെ തമ്പ്രാക്കന്മാരല്ലായിരുന്നു. മറിച്ച്, തമ്പ്രാക്കന്മാരെ നെഞ്ചൂക്കോടെ നേരിട്ട മഹാനായ ഒരു വിപ്ലവകാരിയായിരുന്നു. തലയിൽ വട്ടക്കെട്ട്, അരക്കയ്യൻ ബനിയൻ, മേൽമുണ്ട്, കാൽവിരൽ വരെ നീണ്ടുകിടക്കുന്ന വെള്ളമുണ്ട്‌.... വേഷം സവർണരുടേതുപോലെ. മേൽമുണ്ട് മാറ്റാൻ പറഞ്ഞ് വില്ലുവണ്ടി വളഞ്ഞവരെ എതിരിടാൻ മടിക്കുത്തിൽ കഠാര കരുതിയിരുന്നു അദ്ദേഹം. വില്ലുവണ്ടി കണ്ട ഉയർന്ന ജാതിക്കാർ ആ മഹാനെ തല്ലാനായി ചെന്നു. എന്നാൽ ഊരിപ്പിടിച്ച കഠാരയുമായി വണ്ടിയിൽ നിന്നുമിറങ്ങിയ അദ്ദേഹത്തെ കണ്ട് അവർ ഭയന്ന് തിരിച്ചുപോയി. അദ്ദേഹം കാളവണ്ടിയിൽ വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ നഗരപ്രദക്ഷിണം നടത്തി ജന്മിമാരെ വെല്ലുവിളിച്ചു. യുവജനങ്ങളെ സംഘടിപ്പിച്ച് വഴിനടപ്പു വ്യാപകമാക്കി. സവർണജാതിക്കാരുടെ എതിർപ്പുകളെ നേരിട്ട് മുന്നോട്ടുപോയ ആ യാത്ര തിരുവിതാംകൂർ രാജാവ് താഴ്ന്ന ജാതിക്കാർക്ക് പൊതുനിരത്തിലൂടെ സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ച് ഉത്തരവിറക്കുംവരെ തുടർന്നു. ഉയർന്ന ജാതിക്കാർ താഴ്ന്നവരോട് കാണിക്കുന്ന അനീതിക്കെതിരായ ശക്തമായ പ്രതികരണമായിരുന്നു വില്ലുവണ്ടി സമരം. അയിത്തജാതിക്കാർക്കുവേണ്ടി അതിശക്തമായി പൊരുതിയ ആ സാമൂഹ്യപരിഷ്കർത്താവാണ് അയ്യൻ‌കാളി. വില്ലുവണ്ടിയിൽ യാത്രചെയ്യാൻ അക്കാലത്ത് പിന്നാക്കവിഭാഗക്കാർക്ക് അനുവാദമില്ലായിരുന്നു. ആ വിലക്കിനെ നിഷേധിച്ചുകൊണ്ടാണ് അയ്യങ്കാളി വെങ്ങാനൂരിൽ നിന്ന് തിരുവനന്തപുരം വരെ വില്ലുവണ്ടിയിൽ യാത്ര ചെയ്തത്. സവർണാധിപത്യത്തിനേറ്റ കനത്ത പ്രഹരമായിരുന്നു 1893 ൽ അദ്ദേഹം നടത്തിയ 'വില്ലുവണ്ടി യാത്ര'. 

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. വിവാദമായ വില്ലുവണ്ടിയാത്ര നടത്തിയ നവോത്ഥാന നായകൻ - അയ്യങ്കാളി

2. വില്ലുവണ്ടി സമരം നടന്ന വർഷം - 1893 

3. താഴ്ന്ന ജാതിക്കാർക്ക് സഞ്ചാര സ്വാതന്ത്ര്യം ലഭിക്കുന്നതിനായി 1893-ൽ അയ്യൻ‌കാളി നടത്തിയ സമരം - വില്ലുവണ്ടി സമരം

4. വില്ലുവണ്ടി (പുലയ വണ്ടി) യാത്ര നടത്തിയത് എവിടെ മുതൽ എവിടെ വരെ - വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ

Post a Comment

Previous Post Next Post