തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ

തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ (Travancore Legislative Council)

1956 ലാണ് ഐക്യകേരളം നിലവിൽ വന്നത്. എന്നാൽ അതിനും വർഷങ്ങൾക്കു മുമ്പ് രാജഭരണകാലത്തുതന്നെ നിയമനിർമ്മാണസഭകൾ ഇവിടെ ഉണ്ടായിരുന്നു. ലോകത്തിനു തന്നെ അഭിമാനവും മാതൃകയുമായ ചുവടുവയ്പാണ് ഇക്കാര്യത്തിൽ തിരുവിതാംകൂർ നടത്തിയത്. ലോകമെമ്പാടും ജനാധിപത്യത്തിന്റെ കൊടുംകാറ്റ് വീശിത്തുടങ്ങിയ കാലം സാമ്രാജ്യത്വ ഭരണകൂടങ്ങളും രാജവാഴ്ചയും അവസാനിപ്പിക്കാൻ കച്ചകെട്ടിയ ജനങ്ങൾ തെരുവുകളിലേക്കിറങ്ങിത്തുടങ്ങി. കിരീടവും സമ്പത്തുമൊന്നും കൈവിട്ട് പോകാതിരിക്കാൻ ഇത്തരം ജനകീയ സമരങ്ങളെ ഭരണകൂടങ്ങൾ ഏതുവിധേനയും അടിച്ചമർത്താൻ ശ്രമിച്ചു. എന്നാൽ നമ്മുടെ നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറിലെ രാജാക്കന്മാർ ഇതിനെല്ലാം അപവാദമായിരുന്നു. ജനകീയ ഭരണത്തിന്റെ കടന്നുവരവിനെ തടയാൻ അവർ കോട്ടകെട്ടിയില്ല. പടയാളികളെ അണിനിരത്തിയുമില്ല. മഹത്തായ ജനാധിപത്യ മുന്നേറ്റത്തെ തുറന്ന മനസ്സോടെയാണ് തിരുവിതാംകൂർ രാജാക്കന്മാർ സ്വീകരിച്ചത്.

1888 ൽ തിരുവിതാംകൂർ ഭരിച്ചിരുന്ന ശ്രീ മൂലംതിരുനാൾ രാമവർമ രാജാവ് ലെജിസ്ലേറ്റീവ് കൗൺസിൽ എന്ന പേരിൽ ഒരു സമിതി രൂപീകരിച്ചു. 1888 മാർച്ച് 30 ന് ഇത് സംബന്ധിച്ച് നിയമം പാസ്സായി. ഓഗസ്റ്റ്‌ 23-ന്‌ സെക്രട്ടേറിയറ്റ് മന്ദിരത്തിലെ ദിവാന്റെ മുറിയില്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിന്റെ ആദ്യ യോഗം ചേര്‍ന്നു. കേരളത്തിന്റെ നിയമനിര്‍മാണസഭയുടെ ചരിത്രം തുടങ്ങുന്നത്‌ ഇവിടെ നിന്നാണ്‌. ഭരണത്തില്‍ നാട്ടുകാരെക്കൂടി പങ്കാളികളാക്കുന്നതിനായി 1861-ല്‍ ബ്രിട്ടീഷ്‌ പാര്‍ലമെന്റ്‌ ഇന്ത്യന്‍ കൗണ്‍സില്‍ ആക്ട്‌ പാസാക്കിയിരുന്നു. അതില്‍നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ടാണ്‌ തിരുവിതാംകൂറില്‍ ലെജിസ്റ്റേറ്റീവ്‌ കൗണ്‍സില്‍ രൂപംകൊണ്ടത്‌. അങ്ങനെ തിരുവിതാംകൂര്‍ ഇന്ത്യയിലെ മറ്റ്‌ നാട്ടുരാജ്യങ്ങള്‍ക്ക്‌ മാതൃകയായി. ഭരണകാര്യങ്ങളില്‍ ഇടപെടുന്ന ഒരു ഔദ്യോഗിക ഉപദേശകസമിതി എന്ന നിലയിലാണ്‌ കൗണ്‍സില്‍ രൂപീകരിച്ചത്‌. തുടക്കത്തില്‍ ആറ്‌ ഔദ്യോഗിക അംഗങ്ങളും രണ്ട്‌ അനൗദ്യോഗിക അംഗങ്ങളുമാണ്‌ കൗണ്‍സിലില്‍ ഉണ്ടായിരുന്നത്‌. മൂന്ന്‌ വര്‍ഷമായിരുന്നു ഇതിന്റെ കാലാവധി. കൗണ്‍സിലിലേക്കുള്ള അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുകയായിരുന്നു. 1898 ആയപ്പോഴേക്കും കൗണ്‍സിലിലെ അംഗസംഖ്യ 15 ആയി വര്‍ധിപ്പിച്ചു.

1919-ൽ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിൽ ഗണ്യമായ മാറ്റം സംഭവിച്ചു. ജനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യവും അധികാരവും നൽകിക്കൊണ്ട് നിയമനിർമാണ സഭയിലെ അംഗസംഖ്യ 25 ആയി ഉയർത്തി. 1932 ഒക്ടോബർ 28നു ശ്രീചിത്ര തിരുനാൾ മഹാരാജാവ് പുറപ്പെടുവിച്ച റെഗുലേഷൻ അതുവരെ നിലനിന്നിരുന്ന നിയമനിർമ്മാണവ്യവസ്ഥക്ക് മാറ്റംവരുത്തി. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലും ശ്രീമൂലം പ്രജാസഭയും പരിഷ്കരിച്ച് ശ്രീമൂലം അസംബ്ലി എന്ന അധോസഭയും ശ്രീചിത്തിര സ്റ്റേറ്റ് കൗണ്‍സില്‍ എന്ന ഉപരിസഭയും ആവിഷ്ക്കരിച്ച്‌ ദ്വിമണ്ഡല സംവിധാനമാക്കി.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. തിരുവിതാംകൂറിൽ നിയമനിർമാണസഭ ആരംഭിച്ച വർഷം - 1888 

2. 1888 ൽ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ സ്ഥാപിച്ചത് - ശ്രീമൂലം തിരുനാൾ 

3. ഇന്ത്യൻ നാട്ടുരാജ്യങ്ങളിൽ ആദ്യമായി രൂപംകൊണ്ട നിയമനിർമാണ സഭ - തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ

4. തിരുവിതാംകൂറിൽ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്നത് - 1888 മാർച്ച് 30 

5. ഇന്ത്യയിൽ ഇഥംപ്രഥമമായി ഒരു വനിതയെ നാമനിർദേശം ചെയ്ത് അംഗമാക്കിയ നിയമസഭ ഏതായിരുന്നു - തിരുവിതാകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ

6. തിരുവിതാംകൂറിലെ ആദ്യ വനിത നിയമസഭാംഗം - മേരി പുന്നൻ ലൂക്കോസ് 

7. തിരുവിതാംകൂറിലെ ആദ്യ വനിതാ സർജൻ ജനറൽ - മേരി പുന്നൻ ലൂക്കോസ്

8. ഇന്ത്യയിലെ ആദ്യത്തെ വനിതാ ജനപ്രതിനിധി എന്ന വിശേഷണം സ്വന്തമാക്കിയ മേരി പുന്നൻ ലൂക്കോസിനെ തിരുവിതാംകൂറിൽ ലെജിസ്ലേറ്റീവ് കൗൺസിലേക്ക് നാമനിർദേശം ചെയ്ത വർഷം  - 1921 

9. 1947-ല്‍ ഉത്തരവാദ ഭരണം പ്രഖ്യാപിക്കുന്നത്തിനു  മുമ്പ് ശ്രീമൂലം അസംബ്ലിയുടെയും ശ്രീചിത്തിര സ്റ്റേറ്റ് കൗണ്‍സിലിന്റെയും മന്ദിരം - തിരുവനന്തപുരം സെക്രട്ടേറിയറ്റ് (പുത്തൻ കച്ചേരി)

Post a Comment

Previous Post Next Post