പുനം നമ്പൂതിരി

പുനം നമ്പൂതിരി (Punam Namboothiri in Malayalam)

ജനനം: 1425 

മരണം: 1505 

എ.ഡി പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നതായി വിശ്വസിക്കുന്ന മലയാളത്തിലെ പ്രശസ്ത മണിപ്രവാളകവിയാണ് പുനം. പുനം നമ്പൂതിരിയുടെ യഥാർഥ പേര്, ദേശം, കുടുംബം തുടങ്ങി ഒന്നിനെക്കുറിച്ചും വ്യക്തമായ ധാരണയില്ല. ഏതാനും ഐതിഹ്യങ്ങൾമാത്രമേയുള്ളൂ. മലയാളത്തിലുണ്ടായ പ്രധാനപ്പെട്ട ചമ്പുക്കളിൽ ഒന്നാണ് രാമായണം ചമ്പു. പുനം നമ്പൂതിരിയാണ് രാമായണം ചമ്പു എഴുതിയത്. കോഴിക്കോട്ടെ മാനവിക്രമൻ രാജാവിന്റെ വിദ്വൽ സദസിലെ അംഗമായിരുന്നു അദ്ദേഹം. പ്രമുഖരായ പതിനെട്ടുകവികൾ ആ സദസിലുണ്ടായിരുന്നു. അവരെല്ലാം സംസ്കൃതകവികളായിരുന്നു. എന്നാൽ, പുനമാകട്ടെ മലയാള (മണിപ്രവാള) കവിയും. അതുകൊണ്ട് അദ്ദേഹത്തെ മുഴുവൻ കവിയായി ആ പണ്ഡിതന്മാർ അംഗീകരിച്ചില്ല. അവർ അദ്ദേഹത്തെ 'അരക്കവി'യെന്ന് വിശേഷിപ്പിച്ചു. രാജസദസിലെ കവികളെല്ലാം ചേർത്ത് പതിനെട്ടരക്കവികൾ എന്നും പറഞ്ഞുവന്നു. പയ്യൂർ പട്ടേരിമാർ ജേഷ്ഠാനുജന്മാരായ എട്ടുപേരും ഒരുമഹനും, തിരുവേഗപ്പുറക്കാരായ നമ്പൂതിരിമാർ അഞ്ചുപേർ, മുല്ലപ്പിള്ളി ഭട്ടതിരി, ചേന്നാസ് നാരായണ ഭട്ടതിരി, കാക്കശ്ശേരി ഭട്ടതിരി, ഉദ്ദണ്ഡ ശാസ്ത്രികൾ, പുനം നമ്പൂതിരി എന്നിവരാണ് പതിനെട്ടരക്കവികൾ. പതിനെട്ടരക്കവികൾ എന്നതിന് പതിനെട്ട് അരച (രാജ) കവികൾ എന്ന് ചില പണ്ഡിതന്മാർ പിൽകാലത്ത് അർഥം കല്പിച്ചു. അതോടെ പുനം നമ്പൂതിരി അരക്കവിയാണെന്ന സങ്കല്പത്തിന് മാറ്റം വന്നിട്ടുണ്ട്. രാമായണം ചമ്പുകൂടാതെ ഭാരതം ചമ്പുവും പുനം നമ്പൂതിരി എഴുതിയതാണെന്ന് പറയപ്പെടുന്നു. മാനവിക്രമൻ സാമൂതിരിയുടെ സദസ്സിലെ അംഗവും കൃഷ്ണഗാഥയുടെ കർത്താവുമായ ചെറുശ്ശേരി തന്നെയാണ് പുനം നമ്പൂതിരിയെന്നും ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്. ഭാഷാകവിയെന്ന നിലയിലാണ് ഈ രണ്ടു വ്യക്തികളും പ്രശസ്തരായിരിക്കുന്നത് എന്നതായിരിക്കാം കാരണം.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. 'അരക്കവി' എന്നറിയപ്പെടുന്നത് - പുനം നമ്പൂതിരി 

2. പുനം നമ്പൂതിരിയുടെ പ്രസിദ്ധ കാവ്യം - രാമായണം ചമ്പു 

3. 'പതിനെട്ടരക്കവികൾ' ആരുടെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത് - കോഴിക്കോട് സാമൂതിരിയായിരുന്ന മാനവിക്രമന്റെ 

4. 'അന്ത ഹന്തയ്ക്ക് ഇന്തപ്പട്ട്' എന്ന് പറഞ്ഞുകൊണ്ട് ഉദ്ദണ്ഡ ശാസ്ത്രികൾ അനുമോദിച്ചത് ആരെ? - പുനം നമ്പൂതിരിയെ 

5. താരിൽത്തന്വി കടാക്ഷാഞ്ചല...... എന്ന് തുടങ്ങുന്ന മുക്തം എഴുതിയത് ആര് - പുനം നമ്പൂതിരി 

Post a Comment

Previous Post Next Post