പൂന്താനം നമ്പൂതിരി

പൂന്താനം നമ്പൂതിരി ജീവചരിത്രം (Poonthanam Namboothiri)

ജനനം: 1547

മരണം: 1640

ഭാഷയിൽ സങ്കീർത്തനപ്രസ്ഥാനത്തിൽ പ്രഥമഗണനീയനാണ് പൂന്താനം നമ്പൂതിരി. ഭക്തിസാഹിത്യത്തിലെ ത്രിമൂർത്തികളിൽ ഒരാൾ. മറ്റു രണ്ടുപേർ മേല്പുത്തൂരും എഴുത്തച്ഛനുമാണ്. തെക്കേ മലബാറിൽ വള്ളുവനാട്ടു താലൂക്കിൽ നെന്മേനി അംശത്തിലുള്ള പൂന്താനം ഇല്ലത്തെ ഒരു അംഗം. പൂന്താനം നമ്പൂതിരിയുടെ ജനനകാലഘട്ടം, മാതാപിതാക്കന്മാർ, കുടുംബജീവിതം എന്നിവയെക്കുറിച്ച് ഐതിഹ്യങ്ങളല്ലാതെ ചരിത്രപരമായ ഒരു സാധുതാതെളിവുകളും ഇല്ല. മേല്പുത്തൂർ നാരായണൻ ഭട്ടതിരിയും പൂന്താനവും സമകാലികരായിരുന്നുവെന്നും രണ്ടുപേരും ഗുരുവായൂരപ്പന്റെ പരമഭക്തരായിരുന്നുവെന്നുമാണ് ഐതിഹ്യം. പൂന്താനം പാനപ്പാട്ടുകളുടെ ഉപജ്ഞാതാവാണ്. കുമാരഹരണം അഥവാ സന്താനഗോപാലം പാന, ജ്ഞാനപ്പാന, ശ്രീകൃഷ്ണകർണാമൃതം എന്നിവയാണ് കവിയുടെ പ്രധാന കൃതികള്‍.

പൂന്താനം ഐതിഹ്യം

ഭക്തി നിറഞ്ഞുതുളുമ്പുന്ന കാവ്യമാണ് പൂന്താനത്തിന്റെ ജ്ഞാനപ്പാന. പൂന്താനം നമ്പൂതിരി ജ്ഞാനപ്പാന എഴുതിയതിനെക്കുറിച്ച് ഒരു കഥയുണ്ട്. പൂന്താനത്തിന് ഒരു കുഞ്ഞ് ജനിച്ചു. കുഞ്ഞിന്റെ ചോറൂണ് കേമമായി ആഘോഷിക്കാൻ അദ്ദേഹം തീരുമാനിച്ചു. ബന്ധുക്കളെല്ലാം ചടങ്ങിനെത്തി. കുഞ്ഞിനെ ഒരു മുറിയിൽ കിടത്തിയിട്ട് അതിഥികളെല്ലാം സദ്യയൊരുക്കാൻ പോയി. ചോറൂണിന്റെ സമയത്ത് കുട്ടിയെ എടുക്കാൻ വന്ന പൂന്താനം ആ കാഴ്ചകണ്ട്‌ ഞെട്ടിപ്പോയി. കുട്ടി ശ്വാസം മുട്ടി മരിച്ചു കിടക്കുന്നു! ആ തീവ്രദുഃഖത്തിൽ അദ്ദേഹം എഴുതിയതാണ് ജ്ഞാനപ്പാന.

"ഉണ്ണികൃഷ്ണൻ മനസിൽക്കളിക്കുമ്പോൾ 

ഉണ്ണികൾ മറ്റു വേണമോ മക്കളായ്"

എന്ന് അദ്ദേഹം ആശ്വസിക്കുന്നു. ജീവിതത്തിലെ ദുഃഖങ്ങളെ ഈശ്വരചിന്ത കൊണ്ട് മറികടക്കാം - ജ്ഞാനപ്പാനയുടെ ഉള്ളടക്കം ഇതാണ്. ശ്രീകൃഷ്ണകർണാമൃതം, സന്താനഗോപാലം എന്നിവയാണ് പൂന്താനത്തിന്റെ മറ്റു കാവ്യങ്ങൾ. അതീവലളിതമായ ഭാഷയിലാണ് പൂന്താനം കവിതകൾ എഴുതിയിരുന്നത്. പൂന്താനത്തിന്റെ ഭക്തിയെക്കുറിച്ച് പല കഥകളുമുണ്ട്. അവയിൽ രണ്ടെണ്ണമിതാ.

പൂന്താനത്തിന്റെ ചെറുപ്പകാലത്ത് ഏറെ പ്രശസ്തനായ ഒരു കവിയായിരുന്നു മേല്പ്പത്തൂർ നാരായണ ഭട്ടതിരി. സംസ്കൃതത്തിൽ കവിതകളെഴുതിയിരുന്ന അദ്ദേഹത്തിന് മലയാള ഭാഷാകാവ്യങ്ങളോട് പുച്ഛമായിരുന്നത്രേ. മേല്പത്തൂരും പൂന്താനവും ഗുരുവായൂരപ്പന്റെ ഭക്തന്മാരായിരുന്നു. മേല്പത്തൂർ 'നാരായണീയം' എന്ന കാവ്യം രചിച്ചുകൊണ്ടിരുന്ന സമയം. തന്റെ കാവ്യമൊന്ന് വായിച്ച് തെറ്റുതിരുത്തണമെന്നപേക്ഷിച്ച് ഒരു ദിവസം പൂന്താനം അവിടെയെത്തി. എന്നാൽ, മേൽപ്പത്തൂർ പൂന്താനത്തിന്റെ കവിതയെയും മൊത്തം മലയാളകവിതയെയും അടച്ചാക്ഷേപിച്ചുവിട്ടു. പൂന്താനത്തിന് വലിയ സങ്കടമായി.

അന്നു രാത്രി ശ്രീകൃഷ്ണൻ ഒരു സന്യാസിയുടെ രൂപത്തിൽ മേല്പത്തൂരിനടുത്തെത്തി നാരായണീയം കേൾപ്പിക്കാൻ പറഞ്ഞു. ചൊല്ലിത്തുടങ്ങിയപ്പോഴല്ലേ രസം. കാവ്യത്തിൽ നിറയെ തെറ്റുകൾ! മേൽപ്പത്തൂർ വിയർത്തുകുളിച്ചു. തന്റെ കാവ്യത്തിൽ പിഴവൊന്നുമുണ്ടാകില്ലെന്ന അഹങ്കാരവും അതോടെ മാറി. സന്യാസി പോകും മുമ്പ് ഒരു കാര്യം കൂടി പറഞ്ഞു: "മേല്പത്തൂരിന്റെ വിഭക്തിയേക്കാൾ പൂന്താനത്തിന്റെ ഭക്തിയാണ് എനിക്കിഷ്ടം."

ഒരിക്കൽ പൂന്താനം ഗുരുവായൂരമ്പലത്തിലേക്കു പോവുകയായിരുന്നു. പെട്ടെന്ന് ചില കള്ളന്മാർ അദ്ദേഹത്തെ ആക്രമിച്ചു. പൂന്താനം ഗുരുവായൂരപ്പനെ വിളിച്ചുകരഞ്ഞു. അപ്പോൾ ശ്രീകൃഷ്ണൻ സാമൂതിരിയുടെ മന്ത്രിയായ മങ്ങാട്ടച്ചന്റെ വേഷത്തിൽ പ്രത്യക്ഷപ്പെട്ട് പൂന്താനത്തെ രക്ഷപ്പെടുത്തി. മങ്ങാട്ടച്ചന് പൂന്താനം തന്റെ മോതിരം സമ്മാനിച്ചു. ഈ സമയം ഗുരുവായൂർ അമ്പലത്തിലെ പൂജാരി ഒരു കാഴ്ച കണ്ട് അത്ഭുതപ്പെട്ടു. ഗുരുവായൂരപ്പന്റെ വിഗ്രഹത്തിൽ ഒരു സ്വർണമോതിരം! ഉടൻ ഗുരുവായൂരപ്പൻ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ പറഞ്ഞത്രേ: "ഈ മോതിരം പൂന്താനത്തിന്റേതാണ്. അദ്ദേഹത്തിനിത് തിരിച്ചുകൊടുക്കുക. പൂജാരി അപ്രകാരം ചെയ്തു എന്നാണ് കഥ.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. മലയാളത്തിലെ ഭക്തകവി - പൂന്താനം 

2. ജ്ഞാനപ്പാനയുടെ കർത്താവ് - പൂന്താനം 

3. ശ്രീകൃഷ്ണകർണാമൃതം രചിച്ചതാര് - പൂന്താനം 

4. കുമാരഹരണം അഥവാ സന്താനഗോപാലം പാന ആരുടെ കൃതിയാണ് - പൂന്താനം 

5. മലയാളത്തിലെ സൂർദാസ് എന്നറിയപ്പെട്ടതാര് - പൂന്താനം 

6. സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു/ നാണംകെട്ടു നടക്കിന്നിതുചിലർ - ആരുടെ വരികൾ - പൂന്താനം (ജ്ഞാനപ്പാന)

7. 'കണ്ണനു നിവേദിച്ച പൂന്തേൻ' എന്ന് വിശേഷിപ്പിക്കപ്പെട്ട കൃതി - പൂന്താനത്തിന്റെ സ്തോത്രകൃതികൾ 

8. “അമ്പാടിതന്നിലൊരുണ്ണിയുണ്ടങ്ങനെ..'” എന്നാരംഭിക്കുന്ന ഗാനം രചിച്ചത്‌? - പൂന്താനം

9. "കൂടിയല്ല പിറക്കുന്ന നേരത്തും, കൂടിയല്ല മരിക്കുന്ന നേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്തു മത്സരിക്കുന്നതെന്തിനു നാം വൃഥാ" ആരുടെ വരികൾ - പൂന്താനം (ജ്ഞാനപ്പാന)

10. "എണ്ണിയെണ്ണികുറയുന്നിതാ‍യുസ്സും മണ്ടി മണ്ടി കരേറുന്നു മോഹവും" - ആരുടെ വരികൾ - പൂന്താനം (ജ്ഞാനപ്പാന)

11. "കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ" - ആരുടെ വരികൾ - പൂന്താനം (ജ്ഞാനപ്പാന)

12. ഗുരുവായൂരപ്പനെ അഭിസംബോധന ചെയ്തുകൊണ്ട് സംസ്കൃതത്തിൽ രചിച്ച 'നാരായണീയം' എന്ന അർച്ചനാകാവ്യത്തിന്റെ കർത്താവ് - മേൽപ്പത്തൂർ നാരായണ ഭട്ടതിരി (1560-1646)

Post a Comment

Previous Post Next Post