അഴകത്ത് പത്മനാഭക്കുറുപ്പ്

അഴകത്ത് പത്മനാഭക്കുറുപ്പ് ജീവചരിത്രം

ജനനം: 1869 ഫെബ്രുവരി 15

മരണം: 1931 നവംബർ 6

അഴകത്ത് പത്മനാഭക്കുറുപ്പ് 1869 ഫെബ്രുവരി 15 ന് കൊല്ലം ജില്ലയിലെ ചവറ തെക്കും ഭാഗത്തെ അഴകത്ത് കുടുംബത്തിൽ ജനിച്ചു. പിതാവ് നാരായണൻ എമ്പ്രാന്തിരി, മാതാവ് കൊച്ചുകുഞ്ഞുകുഞ്ഞമ്മ. ബാല്യകാലത്തുതന്നെ സംസ്കൃതഭാഷയിൽ ആഴത്തിൽ ജ്ഞാനം നേടി. സംസ്കൃതഭാഷയോടൊപ്പം ഇംഗ്ലീഷും പഠിച്ചു. ആ ഭാഷയിൽ വൈദഗ്ധ്യം നേടുകതന്നെ ചെയ്തു. വ്യാകരണം, ജ്യോതിഷം, തർക്കം, വൈദ്യം, മന്ത്രം എന്നീ ശാഖകളിൽ വിജ്ഞാനം നേടി. പുതുക്കോട്ടുമഠത്തിൽ കൃഷ്ണനാശാൻ, ഇലത്തൂർ രാമസ്വാമിശാസ്ത്രികൾ എന്നിവരായിരുന്നു ഗുരുക്കന്മാർ. 1918 ൽ ചവറ ഇംഗ്ലീഷ് ഹൈസ്കൂളിൽ മലയാളം അധ്യാപകനായി ചേർന്നു. 

മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ 'മഹാകാവ്യ'മായി കണക്കാക്കുന്ന 'രാമചന്ദ്രവിലാസ'ത്തിന്റെ രചയിതാവെന്ന നിലയിലാണ് അഴകത്ത് പത്മനാഭക്കുറുപ്പ് പ്രശസ്തനാകുന്നത്. കൊല്ലത്തുനിന്ന് ഇറങ്ങിയിരുന്ന 'മലയാളി' മാസികയിൽ 1899 ലാണ് ഈ കാവ്യം പ്രസിദ്ധീകരിച്ചുതുടങ്ങിയത്. അതുവരെ സംസ്കൃത ഭാഷയിൽ മാത്രമേ മഹാകാവ്യങ്ങൾ ഇറങ്ങിയിരുന്നുള്ളു. ശ്രേഷ്ഠ്മായൊരു ജീവിതമോ മഹത്തായൊരു വംശത്തിന്റെ ചരിത്രമോ ആയിരിക്കും മഹാകാവ്യത്തിന്റെ ഉള്ളടക്കം. ചുരുങ്ങിയത് ഏഴു സർഗ്ഗങ്ങളും വൃത്തം, അലങ്കാരം തുടങ്ങിയ ഭാഷാഗുണങ്ങളും അതിനുണ്ടായിരിക്കണം. ഇത്തരം ഗുണങ്ങളെല്ലാം ഒത്തിണങ്ങിയതിനാലാണ് രാമചന്ദ്രവിലാസത്തെ മലയാളത്തിലെ ആദ്യത്തെ മഹാകാവ്യമായി കണക്കാക്കുന്നത്.

രാമാവതാരം മുതൽ പട്ടാഭിഷേകം വരെ 21 സർഗ്ഗങ്ങളും 1833 ശ്ലോകങ്ങളും ഉൾപ്പെടുന്നതാണ് ഈ മഹാകാവ്യം. 1907 ൽ ഇത് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. 'മലയാളി'യിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കെ തന്റെ സൃഷ്ടിയുടെ സ്വീകാര്യതയെക്കുറിച്ച് സംശയമുണ്ടായിരുന്നതിനാൽ പത്മനാഭക്കുറുപ്പ് അതിൽ പേരുവച്ചിരുന്നില്ല. പിന്നീട് സാക്ഷാൽ കേരളവർമ വലിയ കോയിത്തമ്പുരാനാണ് പേരുവയ്ക്കാൻ അദ്ദേഹത്തിന് ധൈര്യം നൽകിയത്. പുസ്തകമാക്കിയപ്പോൾ അതിന് അവതാരിക എഴുതിയതാകട്ടെ, എ ആർ രാജരാജവർമയും. കാവ്യം, നാടകം, വിവർത്തനം എന്നിങ്ങനെ വ്യത്യസ്ത സാഹിത്യശാഖകളിലായി ഒരുപിടി കൃതികൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. 1931 ൽ അഴകത്ത് പത്മനാഭക്കുറുപ്പ് അന്തരിച്ചു.

പ്രധാന കൃതികൾ 

■ രാമചന്ദ്രവിലാസം (മഹാകാവ്യം)

■ പ്രതാപരുദ്രകല്യാണം (നാടകം)

■ മീനകേതചരിത്രം (നാടകം)

■ ശ്രീഗണേശപുരാണം (കിളിപ്പാട്ട്)

■ മാർക്കണ്ഡേയപുരാണം (കിളിപ്പാട്ട്)

■ കുംഭനാസവധം (ആട്ടക്കഥ)

■ ഗന്ധർവ്വവിജയം (ആട്ടക്കഥ)

■ പ്രഭുശക്തി (ഖണ്ഡകാവ്യം)

■ ചാണക്യശതകം

■ വ്യാഘ്രയേശസ്തവം 

■ തുലാഭാരശതകം

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ 'മഹാകാവ്യം' - രാമചന്ദ്രവിലാസം 

2. രാമചന്ദ്രവിലാസത്തിന്റെ കർത്താവ് - അഴകത്ത് പത്മനാഭക്കുറുപ്പ്

3. രാമചന്ദ്രവിലാസം പുസ്തകമാക്കിയപ്പോൾ അവതാരിക എഴുതിയത് - എ.ആർ രാജരാജവർമ്മ 

4. രാമചന്ദ്രവിലാസം കാവ്യം പ്രസിദ്ധീകരിച്ച മാസിക - മലയാളി

Post a Comment

Previous Post Next Post