യു.എൻ സെക്രട്ടറി ജനറൽ

യു.എൻ സെക്രട്ടറി ജനറൽ (UN Secretary General)

യു.എന്നിന്റെ ദൈനംദിന ഭരണം നടത്തുക എന്നുള്ളത് യു.എൻ സെക്രട്ടേറിയറ്റിന്റെ മുഖ്യ ചുമതലയാണ്. യു.എൻ രക്ഷാസമിതിയുടെ ശുപാർശയനുസരിച്ച് പൊതുസഭ നിയമിക്കുന്ന സെക്രട്ടറി ജനറലും ലോകത്താകെ പരന്നുകിടക്കുന്ന 8900 ഓളം ഉദ്യോഗസ്ഥന്മാരുമടങ്ങുന്നതാണ് സെക്രട്ടേറിയറ്റ്. ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടേറിയറ്റിലെ ചീഫ്‌ അഡ്മിനിസ്ട്രേറ്റീവ്‌ ഓഫീസറാണ്‌ സെക്രട്ടറി ജനറല്‍. പൊതുസഭയുടെയും രക്ഷാസമിതിയുടെയും പ്രമേയങ്ങൾ പാസാക്കുക, വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുക, അന്താരാഷ്‌ട്ര പ്രാധാന്യമുള്ള കാര്യങ്ങൾ രക്ഷാസമിതിയുടെ ശ്രദ്ധയില്‍ പെടുത്തുക തുടങ്ങിയ ചുമതലകൾ സെക്രട്ടറി ജനറലിന്റേതാണ്. സെക്യൂരിറ്റി കൗണ്‍സിലിന്റെ നിര്‍ദ്ദേശമനുസരിച്ചാണ്‌ ജനറല്‍ അസംബ്ലി സെക്രട്ടറിയെയും ഉദ്യോഗസ്ഥരെയും നിയമിക്കുന്നത്‌. അഞ്ചു വർഷമാണ് സെക്രട്ടറി ജനറലിന്റെ കാലാവധി. ഒരു രാജ്യത്തോടും ഒരു ജനവിഭാഗത്തോടും പ്രത്യേക താത്പര്യം വെച്ചുപുലർത്താത്ത ആളാകണം സെക്രട്ടറി ജനറൽ. സെക്രട്ടറി ജനറലിനെ സഹായിക്കുവാൻ അണ്ടർ സെക്രട്ടറി ജനറൽമാർ, അസി. സെക്രട്ടറി ജനറൽമാർ, ഡെപ്യൂട്ടി ജനറൽ എന്നിവരുമുണ്ട്. യു.എന്‍ ഉദ്യോഗസ്ഥര്‍ സ്വന്തം രാജ്യത്തെ പൗരന്മാരായി തുടരുമെങ്കിലും സംഘടനയുടെ താല്‍പര്യങ്ങൾക്കനുസരിച്ച്‌ പ്രവര്‍ത്തിക്കുമെന്ന്‌ പ്രതിജ്ഞയെടുക്കണം. യു.എന്‍ അസിസ്‌റ്റന്‍റ്‌ സെക്രട്ടറി ജനറല്‍ ആയിരുന്ന റോബര്‍ട്ട്‌ മുള്ളറുടെ വാക്കുകൾ കേൾക്കു. “ഒരു തരത്തില്‍ മനുഷ്യത്വത്തിന്റെ കണ്ണും കാതും മനസ്സും ഹൃദയവുമാണ്‌ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍".

ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലുകൾ 

ട്രിഗ്വേ ലി (1946-1952)

രണ്ടാം ലോകമഹായുദ്ധത്തില്‍ അച്ചുതണ്ട്‌ ശക്തികൾക്കെതിരെ ഒന്നിച്ച്‌ നില്‍ക്കാനുള്ള തീരുമാനമായ “ഐക്യരാഷ്ട്ര പ്രമാണത്തിലെ വ്യവസ്ഥകൾ എഴുതിയുണ്ടാക്കിയ കമ്മിഷന്റെ ചെയര്‍മാന്‍. നോര്‍വേക്കാരനായ അദ്ദേഹം 1946-ല്‍ യു.എന്നിന്റെ ആദ്യ മേധാവിയായി. യൂറോപ്പുകാരനായ ആദ്യ സെക്രട്ടറി ജനറൽ. ഐക്യരാഷ്ട്ര സഭാ സെക്രട്ടറിസ്ഥാനം രാജിവെച്ച ആദ്യത്തെ സെക്രട്ടറി ജനറൽ.

ഡാഗ്‌ ഹാമര്‍ഷോൾഡ്‌ (1952-1961)

നിരവധി തര്‍ക്കപരിഹാരങ്ങളില്‍ യു.എന്‍ ഇടപെടലുകൾ നിര്‍ണായകമായ കാലത്താണ്‌ സ്വീഡ൯കാരനായ ഹാമര്‍ഷോൾഡ്‌ സെക്രട്ടറി ജനറലായത്‌. സൂയസ്‌ കനാല്‍ തര്‍ക്ക പരിഹാരം, ഇസ്രയേല്‍-അറബ്‌ വെടിനിര്‍ത്തൽ എന്നിവ അദ്ദേഹത്തിന്റെ നേട്ടങ്ങളില്‍ ചിലതാണ്‌. 1961 ൽ നോബൽ സമ്മാനം ലഭിച്ചു. അധികാരത്തിലിരിക്കുമ്പോൾ അന്തരിച്ച ആദ്യത്തെ സെക്രട്ടറി ജനറൽ. വിമാനാപകടത്തിൽ മരിച്ച ഡാഗ്‌ ഹാമര്‍ഷോൾഡിന്റെ പേരിലാണ് യു.എൻ ലൈബ്രറി സ്ഥിതിചെയ്യുന്നത്. ഇതിന്റെ ആസ്ഥാനം ന്യൂയോർക്കിലാണ്.

ഊ താന്‍റ്‌ (1962-1971)

ഐക്യരാഷ്ട്ര സംഘടനയുടെ തലപ്പത്തെത്തിയ ആദ്യ ഏഷ്യക്കാരനാണ്‌ മ്യാന്‍മറില്‍ നിന്നുള്ള ഊ താന്‍റ്‌. അധ്യാപകനും പത്രപ്രവര്‍ത്തകനുമായ അദ്ദേഹം മുന്നുതവണ (1962, 1967, 1971) യു.എന്നിന്റെ സെക്രട്ടറി ജനറലായി.

കൂര്‍ട്ട്‌ വാല്‍ഡ്‌ ഹൈം (1972-1982)

ഓസ്ട്രിയയുടെ സ്ഥിരം പ്രതിനിധിയായിരുന്ന ഡോ.കൂര്‍ട്ട്‌ വാൽഡ്‌ ഹൈം ആണ്‌ പിന്നീട്‌ സെക്രട്ടറി ജനറൽ പദവിയില്‍ എത്തിയത്‌. പത്തുവര്‍ഷം അദ്ദേഹം ഐക്യരാഷ്ട്രസംഘടനയെ നയിച്ചു. സെക്രട്ടറി ജനറൽ ആയ ശേഷം ഒരു രാഷ്ട്രത്തിലെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

ജാവിയസ്‌ പെരസ്‌ ഡിക്വയര്‍ (1982-1991)

അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നുള്ള ആദ്യത്തെ സെക്രട്ടറി ജനറലാണ്‌ ജാവിയസ്‌ പെരസ്‌ ഡിക്വയര്‍. പെറുവില്‍ നിന്നാണ്‌ അദ്ദേഹം ഐക്യരാഷ്ട്ര സംഘടനയിലെത്തിയത്‌. രണ്ടാം ഊഴത്തില്‍ എതിരില്ലാതെയായിരുന്നു അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.

ബുത്റോസ് ബുത്റോസ് ഖാലി (1992-1996)

ഈജിപ്തുകാരനായ ബുത്റോസ്‌ ഖാലി സെക്രട്ടറി ജനറലായിരിക്കെ ഒട്ടേറെ പ്രതിസന്ധികള്‍ യു.എന്നിന്‌ നേരിടേണ്ടിവന്നു. റുവാണ്ടയിലെ വംശഹത്യ, യൂഗോസ്ലാവ്യയിലെയും അംഗോളയിലെയും യുദ്ധങ്ങള്‍ തുടങ്ങിയവയിലൊന്നും ഫലപ്രദമായി ഇടപെടാന്‍ ഖാലിക്കു കീഴില്‍ യു.എന്നിന്‌ കഴിഞ്ഞില്ല. ആഫ്രിക്കക്കാരനായ ആദ്യ സെക്രട്ടറി ജനറൽകൂടിയാണ് അദ്ദേഹം.

കോഫി അന്നൻ (1997-2006)

“സുസംഘടിതവും സമാധാനപൂര്‍ണവുമായ പുതുലോകം” - പ്രത്യാശയുടെ ഈ മുദ്രാവാകൃവുമായാണ്‌ ഘാനക്കാരനായ കോഫി അന്നന്‍ യു.എന്നിന്റെ തലവനായത്‌. അമേരിക്കയുടെ ഇറാഖ്‌ യുദ്ധത്തെ തള്ളിപ്പറഞ്ഞ അന്നന്‍ നടത്തിയ ഫലപ്രദമായ ഇടപെടലുകള്‍ അദ്ദേഹത്തിന്‌ സമാധാനത്തിനുള്ള നൊബേല്‍ നേടിക്കൊടുത്തു.

ബാൻ കി മൂൺ (2007-2016)

ആഗോളതാപനം പോലുള്ള പരിസ്ഥിതി പ്രശ്നങ്ങൾ ഉയര്‍ത്തുന്ന ഭീഷണിയെ നേരിടാന്‍ ആഗോളകുട്ടായ്മയെ സജ്ജമാക്കിയത്‌ ബാന്‍ കി മൂണിന്റെ വരവോടെയാണ്‌. കൊറിയക്കാരനായ അദ്ദേഹം ഇന്ത്യന്‍ പ്രതിനിധി ആയ ശശി തരൂരിനെ പരാജയപ്പെടുത്തിയാണ്‌ 2007 ജനുവരി ഒന്നിന്‌ യുഎന്‍ സെക്രട്ടറി ജനറലായത്‌.

അന്റോണിയോ ഗുട്ടറസ്സ് (2017-തുടരുന്നു)

ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറലായ അന്റോണിയോ ഗുട്ടറസ്സ് 2017 ജനുവരി 1-ന് ബാൻ കി മൂണിൻറെ പിൻ‌ഗാമിയാണ് ചുമതലയേറ്റത്. പോര്‍ച്ചുഗലിന്റെ മുന്‍ പ്രധാനമന്ത്രികൂടിയാണ് അദ്ദേഹം. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ആയതിനുശേഷം ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലാകുന്ന ആദ്യത്തെ വ്യക്തികൂടിയാണ്.

Post a Comment

Previous Post Next Post