ഗംഗയുടെ പോഷക നദികൾ

ഗംഗ നദിയുടെ പോഷകനദികൾ (Tributaries of Ganga River)

ഏറ്റവുമധികം പോഷകനദികളുള്ള ഇന്ത്യന്‍ നദിയാണ്‌ ഗംഗ. ഭാഗീരഥി, അളകനന്ദ, മന്ദാകിനി, ധൗളിഗംഗ, പിണ്ഡാര്‍, യമുന, ദാമോദർ, രാംഗംഗ, ഗോമതി, മഹാനന്ദ, രപ്തി, സോന്‍, ഘാഘ്ര, കോസി, ഗന്ധക്‌ എന്നിവയാണ്‌ ഇവയില്‍ പ്രധാനം. പോഷകനദികളെ ഇടത്‌, വലത്‌ കൈവഴികളായി തിരിച്ചിരിക്കുന്നു. അഞ്ച്‌ നദികള്‍ അളകനന്ദയുമായി ചേരുന്ന ഭാഗങ്ങളാണ്‌ പഞ്ച്‌ പ്രയാഗ്‌ എന്നറിയപ്പെടുന്നത്‌. ഇതില്‍ ദേവപ്രയാഗ്‌ എന്ന അവസാന സ്ഥലത്തുവച്ചാണ്‌ ഭാഗീരഥിയും അളകനന്ദയും ചേര്‍ന്ന്‌ ഗംഗയാകുന്നത്‌.

ഗംഗയുടെ വലത് കൈവഴികൾ 

യമുന: 

പുരാണങ്ങളിൽ കാളിന്ദി എന്ന് പറയപ്പെടുന്ന പുണ്യനദിയാണ് യമുന. ഈ നദി ഉത്തരാഖണ്ഡിലെ യമുനോത്രിയിൽനിന്നും ഉദ്ഭവിച്ച് അലഹബാദിലുള്ള ത്രിവേണി സംഗമത്തിൽ വച്ച് ഗംഗയിൽ ചേരുന്നു. യമുനയുടെ മൂന്ന് പ്രധാന കൈവഴികളാണ് ചമ്പൽ, ബെറ്റ്വ, സിന്ധ്. ഇവ മൂന്നും മധ്യപ്രദേശിൽ ഉദ്ഭവിക്കുന്നു. 1376 കിലോമീറ്ററാണ് യമുന നദിയുടെ നീളം.

സോൺ:

മധ്യപ്രദേശിലെ അമർകാന്തക് പീഠഭൂമിയിൽ നിന്നാണ് സോൺ നദിയുടെ ഉദ്ഭവം. 784 കിലോമീറ്റർ നീളമുള്ള ഈ നദി ബിഹാറിലെ പട്നയ്ക്ക് സമീപത്തുവച്ച് ഗംഗയുമായി ചേരുന്നു. അമർകാന്തക് പീഠഭൂമിക്ക് മുകളിലായി മനോഹരമായ ഒരു വെള്ളച്ചാട്ടവും ഈ നദിയിലുണ്ട്.

ദാമോദർ:

'ബംഗാളിന്റെ ദുഃഖം' എന്നറിയപ്പെടുന്ന നദിയാണ് ദാമോദർ. ഒരുപാട് വെള്ളപ്പൊക്കങ്ങൾക്ക് കാരണമായിട്ടുള്ളതു കൊണ്ടാണ് ഇങ്ങനെയൊരു വിശേഷണം. ജാർഖണ്ഡിലെ ഛോട്ടാനാഗ്പൂർ പീഠഭൂമിയിൽ നിന്നാണ് ഈ നദി ഉദ്ഭവിക്കുന്നത്. അവിടെനിന്ന് പശ്ചിമ ബംഗാളിലേക്കൊഴുകുന്ന ദാമോദർ ഹുഗ്ലി നദിയുമായി ചേരുന്നു. 592 കിലോമീറ്ററാണ് ഈ നദിയുടെ നീളം.

ഗംഗയുടെ ഇടത് കൈവഴികൾ 

രാംഗംഗ:

ഉത്തരാഖണ്ഡിലെ ഗാർവാളിൽനിന്ന് ഉദ്ഭവിക്കുന്ന നദിയാണ് രാംഗംഗ. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന ഈ നദിക്ക് 596 കിലോമീറ്റർ നീളമുണ്ട്‌. ഉത്തർപ്രദേശിലെ കനൗജ് എന്ന സ്ഥലത്തിനടുത്തുവച്ച് രാംഗംഗ ഗംഗാനദിയുമായി കൂടിച്ചേരുന്നു. ഉത്തരാഖണ്ഡിലാണ് രാംഗംഗ ഡാം സ്ഥിതി ചെയ്യുന്നത്.

ഗോമതി:

വടക്കൻ ഉത്തർപ്രദേശിൽനിന്ന് ഉദ്ഭവിക്കുന്ന ഗോമതി ഉത്തർപ്രദേശിലൂടെ മാത്രം ഒഴുകുന്ന നദിയാണ്. ലക്‌നൗ നഗരം ഈ നദിക്കരയിൽ സ്ഥിതി ചെയ്യുന്നു. 900 കിലോമീറ്റർ നീളമുള്ള ഗോമതി വാരാണാസിക്കടുത്ത് വച്ചാണ് ഗംഗയിൽ ചേരുന്നത്.

ഘാഘ്ര: 

'പുണ്യപര്‍വതത്തില്‍നിന്നുള്ള വിശുദ്ധജലം' എന്നാണ്‌ ഘാഘ്ര എന്ന പേരിനര്‍ഥം. 1080 കിലോമീറ്റര്‍ നീളമുള്ള ഘാഘ്ര ടിബറ്റില്‍ ഉദ്ഭവിച്ച്‌ നേപ്പാൾ വഴി ഉത്തര്‍പ്രദേശിലെത്തുന്നു. ഉത്തര്‍പ്രദേശിലെ ബ്രഹ്മഘട്ടില്‍വെച്ച്‌ ശാരദ നദിയുമായി ചേരുന്ന ഈ നദി ബിഹാറില്‍ വച്ചാണ്‌ ഗംഗയുമായി കൂടിച്ചേരുന്നത്‌.

മഹാനന്ദ:

പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്ങില്‍ നിന്ന്‌ തുടങ്ങുന്ന നദിയാണ്‌ മഹാനന്ദ. ബംഗ്ലാദേശിൽ വച്ച്‌ ഇത്‌ ഗംഗയുമായി കൂടിച്ചേരുന്നു.

ഗണ്‍ഡക്‌:

ഹിമാലയത്തെക്കാള്‍ പഴക്കുമുള്ള നദിയാണ്‌ ഗണ്‍ഡക്‌. 630 കിലോമീറ്റര്‍ നീളമുള്ള ഈ നദി ടിബറ്റില്‍ നേപ്പാൾ അതിര്‍ത്തിക്കു സമീപത്തുനിന്ന്‌ ഉദ്ഭവിക്കുന്നു. നാരായണി എന്നും ഗണ്‍ഡകി എന്നുമൊക്കെ ഇതിന്‌ പേരുകളുണ്ട്‌. നേപ്പാളിൽനിന്ന് ഹിമാലയത്തിലൂടെ ഇന്ത്യയിലെത്തുന്ന ഗണ്‍ഡക്‌ ബിഹാറിൽ വച്ച് ഗംഗയുമായി ചേരുന്നു.

കോസി:

'ബിഹാറിന്റെ ദുഃഖം' എന്നാണ്‌ കോസി നദി അറിയപ്പെടുന്നത്‌. ടിബറ്റില്‍നിന്ന്‌ ഉദ്ഭവിക്കുന്ന കോസി ചില സ്ഥലത്ത്‌ സപ്തകോശി എന്നും അറിയപ്പെടുന്നു. 729 കിലോമീറ്റര്‍ നീളമുള്ള ഈ നദി വടക്കന്‍ ബിഹാറിലൂടെ ഒഴുകിയാണ്‌ ഗംഗയില്‍ ചേരുന്നത്‌.

രപ്തി:

നേപ്പാളില്‍നിന്ന്‌ ഉദ്ഭവിക്കുന്ന നദിയാണ് രപ്തി. ഈ നദി ഉത്തര്‍പ്രദേശിലെ അവധ്‌, പൂർവാഞ്ചൽ മേഖലകളിലൂടെ കടന്ന് ഘാഘ്ര നദിയുമായി കൂടിച്ചേരുന്നു.

Post a Comment

Previous Post Next Post