തൃപ്പടിദാനം

തൃപ്പടിദാനം (Thrippadidanam in Malayalam)

കൊല്ലം, കായംകുളം, ചെമ്പകശ്ശേരി, തെക്കുംകൂർ, വടക്കുംകൂർ എന്നീ രാജ്യങ്ങൾ പിടിച്ചടക്കി തിരുവിതാംകൂറിനെ വിപുലപ്പെടുത്തിയശേഷം രാജ്യത്തിൻറെ ക്ഷേമത്തിനും നിലനില്പിനും ആവശ്യമായ പ്രവർത്തനങ്ങളിൽ മഹാരാജാവ് ഏർപ്പെട്ടു. ആഭ്യന്തരകാര്യങ്ങൾ ശരിയായി പരിപാലിക്കുന്നതിന് അദ്ദേഹം പ്രത്യേകം നിഷ്കർഷിച്ചു. ആദ്യമായി രാജാവ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം പുതുക്കി പണികഴിപ്പിച്ചു. ഇന്നു കാണുന്ന ഒറ്റക്കൽമണ്ഡപം, ശീവേലിപ്പുര, ഗോപുരം ഇതെല്ലാം മാർത്താണ്ഡവർമ്മ മഹാരാജാവായിരുന്നു ഉണ്ടാക്കിച്ചത്. പന്തിരായിരം സാളഗ്രാമം വരുത്തി ശ്രീപത്മനാഭസ്വാമിയുടെ വിഗ്രഹം വാർപ്പിച്ചു. ക്ഷേത്രത്തിലെ പതിവുകൾ പുതുക്കി. യുദ്ധങ്ങളിൽ താൻ അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങൾക്കു പ്രതിവിധിയായി ഭദ്രദീപം, മുറജപം ഇവ ആരംഭിച്ചു. രാജ്യത്തിൻറെ ഐശ്വര്യത്തിനായി ആറു വർഷത്തിലൊരിക്കൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നടത്തിവന്നിരുന്ന ഉത്സവമാണ് മുറജപം. ഇതിന്റെ ചെറുചടങ്ങായിരുന്നു ഭദ്രദീപം. വർഷത്തിൽ രണ്ടു തവണ വീതം ഭദ്രദീപം നടത്തപ്പെട്ടിരുന്നു. ഇന്നും ആചാരമായി ഇതു രണ്ടും നടന്നുവരുന്നു. അതിനു പുറമേ തന്റെ സകല വിജയത്തിനും സഹായമായ ഉടവാൾ ശ്രീപത്മനാഭന്റെ പാദകമലങ്ങളിൽ അടിയറവച്ച് രാജ്യം തൃപ്പടിയിൽ ദാനം ചെയ്തു. അതിനുശേഷം ശ്രീപത്മനാഭദാസൻ എന്ന പേരിൽ ഉടവാൾ തിരികെ വാങ്ങി. അതിപ്രധാനമായ ഈ കർമ്മത്തിന് തൃപ്പടിദാനം എന്നു പറയുന്നു. തിരുവിതാംകൂർ മഹാരാജാക്കന്മാർ ശ്രീപത്മനാഭന്റെ പ്രതിനിധികളായിട്ടാണ് രാജ്യം ഭരിച്ചത്. ഇങ്ങനെയാണ് നമ്മുടെ മഹാരാജാക്കന്മാർക്ക് ശ്രീപത്മനാഭദാസൻ എന്ന സ്ഥാനം ഉണ്ടായത്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. പദ്‌മനാഭസ്വാമി ക്ഷേത്രം പുതുക്കി പണിതത് - മാർത്താണ്ഡവർമ്മ 

2. പദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ ഒറ്റക്കൽമണ്ഡപം, ശീവേലിപ്പുര, ഗോപുരം ഇതെല്ലാം പണികഴിപ്പിച്ച ഭരണാധികാരി - മാർത്താണ്ഡവർമ്മ

3. തൃപ്പടിദാനം നടത്തിയ തിരുവിതാംകൂർ ഭരണാധികാരി - അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ 

4. മാർത്താണ്ഡവർമ്മ തൃപ്പടി ദാനം നടത്തിയത് - 1750 ജനുവരി 3 

5. ഭദ്രദീപം, മുറജപം തുടങ്ങിയവ ഏത്‌ ക്ഷേത്രത്തിലെ ആചാരങ്ങളാണ്‌ - ശ്രീപത്മനാഭസ്വാമി ക്ഷേത്രം

6. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപവും, ഭദ്രദീപവും മുടങ്ങാതെ ഏർപ്പെടുത്തിയ തിരുവിതാംകൂർ രാജാവ് - മാർത്താണ്ഡവർമ 

7. ഏത്‌ ക്ഷേത്രത്തിലെ ഉത്സവമാണ്‌ ആറാട്ട്‌ - ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രം

8. പദ്‌മനാഭസ്വാമി ക്ഷേത്രത്തിൽ മ്യൂറൽ പെയിന്റിംഗ് വരപ്പിച്ചത് -  മാർത്താണ്ഡവർമ്മ

9. മ്യൂറൽ പഗോഡ എന്നറിയപ്പെടുന്നത് - ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രം

10. ശ്രീപത്മനാഭദാസൻ എന്ന സ്ഥാനപ്പേരോടെ ഭരിച്ച ആദ്യ തിരുവിതാംകൂർ രാജാവ് - മാർത്താണ്ഡ വർമ്മ

11. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ കുലദേവതാ ക്ഷേത്രം - ശ്രീ പദ്‌മനാഭസ്വാമി ക്ഷേത്രം

12. ഏത്‌ ക്ഷേത്രത്തില്‍വച്ചാണ്‌ മാര്‍ത്താണ്ഡവര്‍മ 1750-ല്‍ തൃപ്പടിദാനം നടത്തിയത്‌ - ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രം

13. രണ്ടാമത്തെ തൃപ്പടിദാനം നടന്നത് ആരുടെ കാലത്താണ് - കാർത്തിക തിരുനാൾ രാമവർമ്മ (ധർമ്മരാജ)

14. ധർമ്മരാജവിന്റെ ശ്രമഫലമായി തിരുവിതാംകൂറിൽ കൂട്ടിച്ചേർത്ത സ്ഥലങ്ങൾ തൃപ്പടിദാനം ചെയ്ത വർഷം - 1766

15. മതിലകം രേഖകൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു - ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രം

16. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രം - ശ്രീ പത്മനാഭസ്വാമി ക്ഷേത്രം

17. 1937-ലെ കേരള സന്ദര്‍ശന വേളയില്‍ ഗാന്ധിജി സന്ദര്‍ശിച്ച ക്ഷേത്രം - ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രം

18. 'തൃപ്പടിദാനം' എന്ന കൃതി രചിച്ചത് - ഉമാ മഹേശ്വരി

Post a Comment

Previous Post Next Post